പഹൽഗാം ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഇന്ത്യ ദുഃഖിക്കുന്നു. ബീഹാറിലെ മധുബാനിയിൽ നടന്ന ദേശീയ പഞ്ചായത്തിരാജ് ദിന പരിപാടിയിൽ, ആക്രമണത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കായി 2 മിനിറ്റ് മൗനം ആചരിക്കാനും പ്രാർത്ഥിക്കാനും പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. മുഴുവൻ രാഷ്ട്രവും ദുരിതബാധിതരുടെ കുടുംബങ്ങളോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുവെന്ന് പറഞ്ഞു.
ബീഹാറിലെ മധുബാനിയിൽ നടത്തിയ ശക്തമായ പ്രസംഗത്തിൽ, നീതി, ഐക്യം, പ്രതിരോധശേഷി, ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ അചഞ്ചലമായ മനോഭാവം എന്നിവയ്ക്കായി പ്രധാനമന്ത്രി മോദി വ്യക്തമായ ആഹ്വാനം നൽകി. ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ അദ്ദേഹം അപലപിച്ചു, ഇന്ത്യയുടെ പരമാധികാരത്തിനും ആത്മാവിനും ഭീഷണിയാകുന്നവർക്കെതിരെ ദൃഢനിശ്ചയത്തോടെ പ്രതികരിക്കുമെന്ന് പറഞ്ഞു.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ദാരുണമായ ആക്രമണത്തെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി, "നിരപരാധികളായ പൗരന്മാരെ ക്രൂരമായി കൊലപ്പെടുത്തിയത് മുഴുവൻ രാജ്യത്തെയും വേദനയിലും ദുഃഖത്തിലും ആഴ്ത്തിയിരിക്കുകയാണ്. കാർഗിൽ മുതൽ കന്യാകുമാരി വരെ, നമ്മുടെ ദുഃഖവും രോഷവും ഒന്നാണ്." അദ്ദേഹം ദുരിതബാധിത കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു, പരിക്കേറ്റവരെയും ചികിത്സയിലുള്ളവരെയും പിന്തുണയ്ക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അവർക്ക് ഉറപ്പ് നൽകി. ഭീകരതയ്‌ക്കെതിരായ 140 കോടി ഇന്ത്യക്കാരുടെ ഏകീകൃത ദൃഢനിശ്ചയത്തെ പ്രധാനമന്ത്രി അടിവരയിട്ടു. "ഇത് നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെയുള്ള ആക്രമണം മാത്രമല്ല, ഇന്ത്യയുടെ ആത്മാവിനു നേരെയുള്ള ആക്രമണമായിരുന്നു," അദ്ദേഹം പ്രഖ്യാപിച്ചു.
"ഈ ആക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും സങ്കൽപ്പിക്കാൻ കഴിയുന്നതിലും വലിയ ശിക്ഷ നേരിടേണ്ടിവരും. തീവ്രവാദത്തിന്റെ അവശിഷ്ടങ്ങൾ തുടച്ചുനീക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയുടെ ഇച്ഛാശക്തി തീവ്രവാദത്തിന്റെ യജമാനന്മാരുടെ നട്ടെല്ല് തകർക്കും" എന്ന് പറഞ്ഞുകൊണ്ട്, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അചഞ്ചലമായ ദൃഢനിശ്ചയത്തോടെ പ്രധാനമന്ത്രി മോദി പ്രതിജ്ഞയെടുത്തു. "ഇന്ത്യ എല്ലാ തീവ്രവാദികളെയും, അവരുടെ സംരക്ഷകരെയും, അവരുടെ പിന്തുണക്കാരെയും ഏതറ്റം വരെയും അവരെ പിന്തുടരുകയും, കണ്ടെത്തി, ശിക്ഷിക്കുകയും ചെയ്യും. തീവ്രവാദത്തെ ശിക്ഷിക്കും, മുഴുവൻ രാജ്യവും ഈ ദൃഢനിശ്ചയത്തിൽ ഉറച്ചുനിൽക്കുന്നു" എന്ന് ബീഹാറിന്റെ മണ്ണിൽ നിന്ന് പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യയുടെ ആഗോള നിലപാട് കൂടുതൽ ശക്തിപ്പെടുത്തി.”
ഈ ദുഃഖവേളയിൽ ഇന്ത്യയ്‌ക്കൊപ്പം നിന്ന വിവിധ രാജ്യങ്ങൾക്കും അവരുടെ നേതാക്കൾക്കും ജനങ്ങൾക്കും പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു, "മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമുണ്ട്" എന്ന് ഊന്നിപ്പറഞ്ഞു.”


