“2019ല്‍ മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിനു നല്‍കാവുന്ന ഏറ്റവും നല്ല സ്‌നേഹോപഹാരം ശുചിത്വമാര്‍ന്ന ഇന്ത്യയായിരിക്കും” എന്ന് ന്യൂ ഡെൽഹിയിലെ രാജ്പഥിൽ സ്വച്ഛഭാരത പദ്ധതി ഉദ്ഘാടനം ചെയ്യവേ ശ്രീ നരേന്ദ്രമോദി പറഞ്ഞിരുന്നു. ’2014 ഒക്ടോബര്‍ രണ്ടിനാണ് ഒരു ദേശീയപ്രസ്ഥാനം എന്ന രീതിയിൽ രാജ്യവ്യാപകമായി സ്വച്ഛ് ഭാരത് പദ്ധതിക്ക് തുടക്കമിട്ടത്.
ശുചിത്വത്തിനുള്ള ജനമുന്നേറ്റത്തെ നയിക്കുന്നതിനൊപ്പം, സംശുദ്ധമായ ഇന്ത്യ എന്ന മഹാത്മാഗാന്ധിയുടെ സ്വപ്നം പൂവണിയിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. ശ്രീ നരേന്ദ്രമോദി നേരിട്ട് ശുചിത്വപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. മാലിന്യം വൃത്തിയാക്കാന്‍ ചൂലെടുത്തു രംഗത്തെത്തിയ പ്രധാനമന്ത്രി സ്വച്ഛ് ഭാരത് ഒരു ബഹുജനമുന്നേറ്റമാക്കിത്തീര്‍ക്കുകയും മാലിന്യം അലക്ഷ്യമായി തള്ളുകയോ തള്ളാന്‍ അുവദിക്കുകയോ ചെയ്യരുതെന്ന് ആഹ്വാനം ചെയ്തു. അദ്ദേഹം കൂടുതല്‍ പേരെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമാകാന്‍ ക്ഷണിച്ചു.

രാജ്യം ശുചിയാക്കാനായി ജനങ്ങളോട് ആഹ്വാനം ചെയ്തതിലൂടെ സ്വച്ഛഭാരത പദ്ധതി ഒരു ദേശീയപ്രസ്ഥാനമായി മാറി. ഇക്കാര്യത്തില്‍ പൗരന്‍മാരുടെ ക്ലീൻ ഇന്ത്യ പ്രസ്ഥാനത്തിലൂടെ ജനങ്ങൾക്കിടയിൽ ഒരു ഉത്തരവാദിത്തബോധം ഉയർന്നുവന്നു. സജീവമായ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ സാധിച്ചതോടെ ഗാന്ധിജിയുടെ സ്വപ്‌നത്തിലേക്കു രാജ്യം നടന്നടുക്കുകയാണ്.
ജനങ്ങളെ തന്റെ വാക്കുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പ്രോത്സാഹനമേകിക്കൊണ്ട് പ്രധാനമന്ത്രി, സ്വച്ഛഭാരതത്തിന്റെ സന്ദേശം പ്രചാരണത്തെ സഹായിച്ചു. വാരാണസിയിൽ ഗംഗാശുചീകരണത്തിലും അദ്ദേഹം നേരിട്ട് പങ്കെടുത്തു. ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ കുടുംബങ്ങളിൽ ശരിയായ കക്കൂസുകളുടെ അഭാവം മൂലം നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങളെയും അഭിസംബോധന ചെയ്തിരുന്നു.

സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ശുചിത്വപ്രസ്ഥാനത്തിന്റെ ഭാഗമായി. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ഭടന്മാരും ബോളിവുഡ് നടന്‍മാരും കായികതാരങ്ങളും വ്യവസായികളും ആത്മീയനേതാക്കളും ഉള്‍പ്പെടെ എല്ലാവരും ഈ മഹാദൗത്യത്തിനായി ഒന്നിച്ചു. ഗവണ്‍മെന്റ് വകുപ്പുകളും എന്‍.ജി.ഒകളും പ്രാദേശിക ജനസമൂഹവും സംഘടിപ്പിച്ച ശുചീകരണ ദൗത്യങ്ങളില്‍ ദശലക്ഷക്കണക്കിനു പേര്‍ പങ്കാളികളായി. ശുചിത്വബോധവല്‍ക്കരണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാടകങ്ങളും സംഗീതാവിഷ്‌കാരങ്ങളും അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്


സ്വച്ഛ് ഭാരത് മിഷനിൽ പങ്കു ചേർന്നതിനും ശുദ്ധമായ ഇന്ത്യക്കായി സംഭാവന നൽകുന്നതിനും, ജനങ്ങളും വിവിധ വകുപ്പുകളും സംഘടനകളും നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. സോഷ്യൽ മീഡിയയിലൂടെ ജനങ്ങളുടെ പങ്കാളിത്തത്തെ പ്രധാനമന്ത്രി ആവര്‍ത്തിച്ചു പ്രശംസിക്കാറുണ്ട്. രാജ്യത്താകമാനമുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി '#MyCleanIndia' ക്കും തുടക്കമിട്ടു.
ജനങ്ങളിൽ നിന്നുള്ള വലിയ പിന്തുണയിലൂടെ സ്വച്ഛ് ഭാരത് അഭിയാൻ ഒരു 'ജനമുന്നേറ്റം' ആയി മാറിയിരിക്കുന്നു. പൗരൻമാർ വൻ തോതിൽ ഒത്തുചേർന്ന്, വൃത്തിയുള്ളതും ശുദ്ധവുമായ ഇന്ത്യക്കായി പ്രതിജ്ഞ ചെയ്തു. സ്വച്ഛ ഭാരത് പദ്ധതിയുടെ ആരംഭത്തിന് ശേഷം തെരുവുകളും , ചപ്പുചവറുകളും വൃത്തിയാക്കൽ , ശുചീകരണത്തിനായുള്ള ഊന്നൽ, പരിസ്ഥിതിയെ ശുചിത്വത്തോടെ സംരക്ഷിക്കുക തുടങ്ങിയവ ജനങ്ങളുടെ ശീലമായിമാറി. ആളുകൾ ശുചിത്വ പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങിയിരിക്കുന്നു, ഒപ്പം 'ശുചിത്വം ദൈവത്തിനു തുല്ല്യമാണെന്ന് ' സന്ദേശം പ്രചരിപ്പിക്കാൻ സഹായിക്കുകയുമാണ്.




