‘സോമനാഥ്’ എന്ന വാക്കുതന്നെ നമ്മുടെ ഹൃദയങ്ങളിലും മനസ്സുകളിലും അഭിമാനത്തിന്റെ വികാരം ഉണർത്തുന്ന ഒന്നാണ്. ഇന്ത്യയുടെ ആത്മാവിന്റെ ശാശ്വതമായ പ്രഖ്യാപനമാണിത്. ഗുജറാത്തിലെ പ്രഭാസ് പാടൺ എന്ന സ്ഥലത്ത്, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്താണു മഹത്തായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലുടനീളമുള്ള 12 ജ്യോതിർലിംഗങ്ങളെക്കുറിച്ചു ദ്വാദശ ജ്യോതിർലിംഗ സ്തോത്രം പരാമർശിക്കുന്നുണ്ട്. “സൗരാഷ്ട്രേ സോമനാഥം ച” എന്നു തുടങ്ങുന്ന സ്തോത്രം, പ്രഥമ ജ്യോതിർലിംഗമെന്ന നിലയിൽ സോമനാഥിന്റെ സാംസ്കാരിക-ആത്മീയ പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു.

सोमलिङ्गं नरो दृष्ट्वा सर्वपापैः प्रमुच्यते।
लभते फलं मनोवाञ्छितं मृतः स्वर्गं समाश्रयेत्॥
ഇങ്ങനെയും പറയാറുണ്ട്.

സോമനാഥ ശിവലിംഗം ദർശിക്കുന്നതിലൂടെ മാത്രം ഒരു വ്യക്തി പാപമുക്തി നേടുകയും, തന്റെ നീതിയുക്തമായ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുകയും, മരണശേഷം സ്വർഗം പ്രാപിക്കുകയും ചെയ്യുന്നു എന്നാണ് ഇതിനർഥം.

ദുഃഖകരമെന്നു പറയട്ടെ, ദശലക്ഷക്കണക്കിനുപേരുടെ ഭക്തിക്കും പ്രാർഥനയ്ക്കും പാത്രമായ ഈ സോമനാഥ ക്ഷേത്രം, വൈദേശിക അധിനിവേശത്താൽ ആക്രമിക്കപ്പെട്ടു. ഭക്തിയല്ല; മറിച്ച്, തകർക്കലായിരുന്നു അവരുടെ ലക്ഷ്യം.

2026 എന്ന വർഷം സോമനാഥക്ഷേത്രത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതാണ്. ഈ മഹാക്ഷേത്രത്തിനു നേർക്കു നടന്ന ആദ്യ ആക്രമണത്തിന് 1000 വർഷം തികയുകയാണ്. 1026 ജനുവരിയിലാണു ഗസ്നിയിലെ മഹ്മൂദ് ഈ ക്ഷേത്രം ആക്രമിച്ചത്. അക്രമാസക്തവും കിരാതവുമായ അധിനിവേശത്തിലൂടെ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും മഹത്തായ പ്രതീകം തകർക്കുക എന്നതായിരുന്നു മഹ്മൂദിന്റെ ലക്ഷ്യം.

എങ്കിലും, സോമനാഥിന്റെ പ്രതാപം വീണ്ടെടുക്കാനായി നടന്ന നിരവധി ശ്രമങ്ങളുടെ ഫലമായി, ആയിരം വർഷങ്ങൾക്കിപ്പുറവും ക്ഷേത്രം മുമ്പത്തെപ്പോലെ പ്രതാപത്തോടെ നിലകൊള്ളുന്നു. അത്തരത്തിലൊരു നാഴികക്കല്ല് 2026-ൽ 75 വർഷം പൂർത്തിയാക്കുകയാണ്. 1951 മെയ് 11-ന് അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ്, പുനർനിർമിച്ച ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകിയത്.

ആയിരം വർഷങ്ങൾക്കുമുമ്പ് 1026-ൽ സോമനാഥിൽ നടന്ന ആദ്യ ആക്രമണവും, അവിടത്തെ ജനങ്ങൾക്കു നേർക്കുണ്ടായ ക്രൂരതകളും, ക്ഷേത്രത്തിനു വരുത്തിയ നാശനഷ്ടങ്ങളും വിവിധ ചരിത്രരേഖകളിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവ വായിക്കുമ്പോൾ നമ്മുടെ ഹൃദയം നുറുങ്ങും. അതിലെ ഓരോ വരിയും ദുഃഖത്തിന്റെയും ക്രൂരതയുടെയും, കാലം മായ്ക്കാത്ത സങ്കടത്തിന്റെയും ഭാരം പേറുന്നവയാണ്.

ഇന്ത്യയിലും ജനങ്ങളുടെ ആത്മവീര്യത്തിലും ആ സംഭവം എത്രത്തോളം ആഘാതമേൽപ്പിച്ചിട്ടുണ്ടാകുമെന്നു ചിന്തിച്ചുനോക്കൂ. സോമനാഥിന് അത്രമേൽ വലിയ ആത്മീയ പ്രാധാന്യമുണ്ടായിരുന്നു. തീരദേശത്തു സ്ഥിതിചെയ്തിരുന്ന ഈ ക്ഷേത്രം വലിയ സാമ്പത്തികശക്തിയുള്ള സമൂഹത്തിനു കരുത്തുപകർന്നിരുന്നു. കടൽ കടന്നു വ്യാപാരം നടത്തിയിരുന്നവരും നാവികരും ഈ ക്ഷേത്രത്തിന്റെ പ്രതാപത്തെക്കുറിച്ചുള്ള കഥകൾ ദൂരദേശങ്ങളിൽ എത്തിച്ചിരുന്നു.

എന്നിരുന്നാലും, ആദ്യത്തെ ആക്രമണത്തിന് ആയിരം വർഷങ്ങൾക്കിപ്പുറവും, സോമനാഥിന്റെ ഗാഥ നാശത്തിന്റെ കഥയല്ലെന്ന് അസന്ദിഗ്ദ്ധമായി പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഭാരതമാതാവിന്റെ കോടിക്കണക്കിനു മക്കളുടെ അചഞ്ചലമായ ധീരതയാലാണ് ആ ചരിത്രം നിർവചിക്കപ്പെടുന്നത്.

ആയിരം വർഷങ്ങൾക്കുമുമ്പ് 1026-ൽ ആരംഭിച്ച ആ മധ്യകാല കിരാതത്വം, സോമനാഥിനെ ആവർത്തിച്ച് ആക്രമിക്കാൻ മറ്റുള്ളവർക്കും ‘പ്രേരണ’യേകി. നമ്മുടെ ജനതയെയും സംസ്കാരത്തെയും അടിമപ്പെടുത്താനുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നു അത്. എന്നാൽ, ഓരോ തവണ ക്ഷേത്രം ആക്രമിക്കപ്പെട്ടപ്പോഴും, അതിനെ സംരക്ഷിക്കാൻ ധീരരായ സ്ത്രീപുരുഷന്മാർ മുന്നോട്ടുവരികയും ആത്യന്തിക ത്യാഗം പോലും വരിക്കുകയും ചെയ്തു. ഓരോ തലമുറയിലും, നമ്മുടെ മഹത്തായ സംസ്കാരത്തിലെ ജനങ്ങൾ തളരാതെ നിലകൊള്ളുകയും ക്ഷേത്രം പുനർനിർമിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഭക്തർക്കു സോമനാഥിൽ പ്രാർഥിക്കുന്നതിനു സൗകര്യമൊരുക്കാൻ ഉദാത്ത പരിശ്രമം നടത്തിയ അഹില്യബായ് ഹോൾക്കറെപ്പോലുള്ള മഹദ്‌വ്യക്തികളെ വളർത്തിയെടുത്ത അതേ മണ്ണിൽ ജനിക്കാൻ കഴിഞ്ഞതു നമ്മുടെ ഭാഗ്യമാണ്.

സ്വാമി വിവേകാനന്ദൻ 1890-കളിൽ സോമനാഥ് സന്ദർശിക്കുകയുണ്ടായി. ആ അനുഭവം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. 1897-ൽ ചെന്നൈയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചത് ഇങ്ങനെയാണ്: “ദക്ഷിണേന്ത്യയിലെ ചില പഴയ ക്ഷേത്രങ്ങളും ഗുജറാത്തിലെ സോമനാഥും നിങ്ങളെ അറിവിന്റെ വലിയ പാഠങ്ങൾ പഠിപ്പിക്കും. നമ്മുടെ വംശത്തിന്റെ ചരിത്രത്തെക്കുറിച്ച് ഏതൊരു പുസ്തകത്തേക്കാളും ആഴത്തിലുള്ള ഉൾക്കാഴ്ച നൽകും. നൂറുകണക്കിന് ആക്രമണങ്ങളുടെയും നൂറുകണക്കിനു പുനർജന്മങ്ങളുടെയും അടയാളങ്ങൾ ഈ ക്ഷേത്രങ്ങൾ എങ്ങനെ വഹിക്കുന്നു എന്നു നോക്കൂ; നിരന്തരം നശിപ്പിക്കപ്പെട്ടിട്ടും അവശിഷ്ടങ്ങളിൽനിന്നു നിരന്തരം ഉയിർത്തെഴുന്നേൽക്കുകയാണത്; മുമ്പത്തേക്കാളും കരുത്തോടെ! അതാണു ദേശീയ വികാരം, അതാണു ദേശീയ ജീവപ്രവാഹം. അതിനെ പിന്തുടരുക, അതു നിങ്ങളെ മഹത്വത്തിലേക്കു നയിക്കും. അതിനെ ഉപേക്ഷിച്ചാൽ നിങ്ങൾ മരിക്കും; ആ ജീവപ്രവാഹത്തിനു പുറത്തേക്കു കടക്കുന്ന നിമിഷം മരണം മാത്രമായിരിക്കും ഫലം; വിനാശം മാത്രമായിരിക്കും അനന്തരഫലം.”

സ്വാതന്ത്ര്യാനന്തരം സോമനാഥക്ഷേത്രം പുനർനിർമിക്കുക എന്ന പവിത്രമായ ദൗത്യം സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ കരുത്തുറ്റ കൈകളിലെത്തി. 1947-ലെ ദീപാവലിവേളയിലെ സന്ദർശനം അദ്ദേഹത്തെ അത്രത്തോളം സ്വാധീനിച്ചതിനാൽ, ക്ഷേത്രം അവിടെത്തന്നെ പുനർനിർമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഒടുവിൽ, 1951 മെയ് 11-നു സോമനാഥിലെ ഗംഭീരമായ ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തു, ഡോ. രാജേന്ദ്ര പ്രസാദ് ആ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഈ ചരിത്രദിനം കാണാൻ മഹാനായ സർദാർ സാഹിബ് ജീവിച്ചിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരം രാജ്യത്തിനു മുന്നിൽ തലയുയർത്തി നിന്നു. അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു ഈ സംഭവവികാസങ്ങളിൽ വലിയ താൽപ്പര്യം കാട്ടിയിരുന്നില്ല. രാഷ്ട്രപതിയോ മന്ത്രിമാരോ ഈ സവിശേഷാവസരത്തിൽ സഹകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചില്ല. ഈ സംഭവം ഇന്ത്യയെക്കുറിച്ചു മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഡോ. രാജേന്ദ്ര പ്രസാദ് തന്റെ നിലപാടിൽ ഉറച്ചുനിന്നു. ബാക്കിയെല്ലാം ചരിത്രമാണ്. സർദാർ പട്ടേലിനെ വളരെ ശക്തമായി പിന്തുണച്ച കെ എം മുൻഷിയുടെ ശ്രമങ്ങൾ അനുസ്മരിക്കാതെ സോമനാഥിനെക്കുറിച്ചുള്ള ആഖ്യാനമേതും പൂർണമാകില്ല. ‘Somanatha: The Shrine Eternal’ എന്ന പുസ്തകം ഉൾപ്പെടെ സോമനാഥിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികൾ അങ്ങേയറ്റം വിവരദായകവും വിജ്ഞാനപ്രദവുമാണ്.

മുൻഷിജിയുടെ പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ, തീർച്ചയായും, ആശയങ്ങളുടെയും ആത്മചൈതന്യത്തിന്റെയും അനശ്വരതയിൽ ഉറച്ചുവിശ്വസിക്കുന്ന സംസ്കാരമാണു നമ്മുടേത്. ഗീതയിലെ പ്രസിദ്ധ ശ്ലോകമായ “नैनं छिन्दन्ति शस्त्राणि…” എന്ന വരികളിൽ വിവരിക്കുന്നതുപോലെ, ശാശ്വതമായ ഒന്നിനെ നശിപ്പിക്കാൻ കഴിയില്ലെന്നു നാം ഉറച്ചു വിശ്വസിക്കുന്നു. പ്രതിസന്ധികളെയും പോരാട്ടങ്ങളെയും അതിജീവിച്ച് പ്രതാപത്തോടെ നിലകൊള്ളുന്ന സോമനാഥിനേക്കാൾ മികച്ച മറ്റൊരുദാഹരണം നമ്മുടെ സംസ്കാരത്തിന്റെ അജയ്യമായ കരുത്തിന് നൽകാനില്ല.

നൂറ്റാണ്ടുകൾ നീണ്ട അധിനിവേശങ്ങളെയും കോളനിവാഴ്ചയുടെ കൊള്ളകളെയും അതിജീവിച്ച്, ഇന്ന് ആഗോള വളർച്ചയുടെ ഏറ്റവും തിളക്കമുള്ള ഇടങ്ങളിലൊന്നായി മാറിയ നമ്മുടെ രാജ്യത്തും ഇതേ ആവേശമാണു ദൃശ്യമാകുന്നത്. നമ്മുടെ മൂല്യബോധവും ജനങ്ങളുടെ നിശ്ചയദാർഢ്യവുമാണ് ഇന്ന് ഇന്ത്യയെ ആഗോള ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്. ലോകം ഇന്നു പ്രത്യാശയോടെയും ശുഭാപ്തിവിശ്വാസത്തോടെയുമാണു നമ്മുടെ നാടിനെ കാണുന്നത്. നൂതനാശയ ഉപജ്ഞാതാക്കളായ നമ്മുടെ യുവാക്കളിൽ നിക്ഷേപം നടത്താൻ ലോകം ആഗ്രഹിക്കുന്നു. നമ്മുടെ കലയും സംസ്കാരവും സംഗീതവും വിവിധ ഉത്സവങ്ങളും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു. യോഗയും ആയുർവേദവും ലോകമെമ്പാടും സ്വാധീനം ചെലുത്തുകയും ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ലോകം നേരിടുന്ന ഏറ്റവും സങ്കീർണമായ വെല്ലുവിളികൾക്കുള്ള പ്രതിവിധികൾ ഇന്ന് ഇന്ത്യയിൽനിന്നാണ് ഉയിർകൊള്ളുന്നത്.

അനാദികാലം മുതലേ, ജീവിതത്തിന്റെ നാനാതുറകളിലുള്ള ജനങ്ങളെ സോമനാഥ് ഒന്നിപ്പിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പ്, ആദരണീയനായ ജൈനസന്ന്യാസി കലികാൽ സർവജ്ഞ ഹേമചന്ദ്രാചാര്യ സോമനാഥിൽ വന്നിരുന്നു. അവിടെ പ്രാർഥിച്ചശേഷം അദ്ദേഹം ഇപ്രകാരം ശ്ലോകം ചൊല്ലിയതായി പറയപ്പെടുന്നു: “भवबीजाङ्कुरजनना रागाद्याः क्षयमुपगता यस्य।”. “ഭൗതികമായ ജനനത്തിന്റെ വിത്തുകൾ നശിപ്പിക്കപ്പെട്ടവനും, ആസക്തികളും സകല ക്ലേശങ്ങളും ഇല്ലാതായവനുമായ ആ പരമപുരുഷനു പ്രണാമം” എന്നാണ് ഇതിനർഥം. മനസ്സിനും ആത്മാവിനും ഉള്ളിൽ അഗാധമായ ഏതോ ചൈതന്യം ഉണർത്താനുള്ള അതേ കഴിവ്, സോമനാഥ് ഇന്നും നിലനിർത്തുന്നു.

1026-ലെ ആദ്യ ആക്രമണത്തിന് ആയിരം വർഷങ്ങൾക്കുശേഷവും, സോമനാഥിലെ കടൽ അന്നത്തെ അതേ തീവ്രതയോടെ ഇന്നും ഗർജിക്കുന്നു. സോമനാഥിന്റെ തീരങ്ങളെ തഴുകുന്ന ആ തിരമാലകൾ ഒരു കഥ പറയുന്നുണ്ട്. എന്തു സംഭവിച്ചാലും, ആ തിരമാലകളെപ്പോലെ അതു വീണ്ടും വീണ്ടും ഉയിർത്തെഴുന്നേറ്റുകൊണ്ടേയിരുന്നു.

പഴയകാലത്തെ ആക്രമണകാരികൾ ഇന്നു മണ്ണടിഞ്ഞു പോയി. അവരുടെ പേരുകൾ വിനാശത്തിന്റെ പര്യായങ്ങളായി മാറി. ചരിത്രത്താളുകളിൽ അവർ വെറും അടിക്കുറിപ്പുകൾ മാത്രമാണ്. എന്നാൽ സോമനാഥ്, 1026-ലെ ആക്രമണത്തിൽ മങ്ങാതെ നിലനിന്ന ശാശ്വതചൈതന്യത്തെ ഓർമിപ്പിച്ച്, ചക്രവാളങ്ങൾക്കുമപ്പുറം പ്രഭ ചൊരിഞ്ഞ് ഉജ്വലമായി നിലകൊള്ളുന്നു. വെറുപ്പിനും മതഭ്രാന്തിനും ഒരു നിമിഷത്തേക്കു നശിപ്പിക്കാനുള്ള ശക്തിയുണ്ടായേക്കാം. എന്നാൽ, നന്മയുടെ കരുത്തിലുള്ള വിശ്വാസത്തിനും ദൃഢനിശ്ചയത്തിനും നിത്യതയ്ക്കായി സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെന്നു സോമനാഥ് എന്ന പ്രത്യാശയുടെ ഗീതം നമ്മോടു പറയുന്നു.

ആയിരം വർഷങ്ങൾക്കുമുമ്പ് ആക്രമിക്കപ്പെടുകയും അതിനുശേഷം നിരന്തരമായ ആക്രമണങ്ങൾ നേരിടുകയും ചെയ്ത സോമനാഥക്ഷേത്രത്തിനു വീണ്ടും വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ കഴിഞ്ഞുവെങ്കിൽ, അധിനിവേശങ്ങൾക്കുമുമ്പ് ആയിരം വർഷം മുമ്പുണ്ടായിരുന്ന അതേ പ്രതാപത്തിലേക്കു നമ്മുടെ മഹത്തായ രാഷ്ട്രത്തെ വീണ്ടെടുക്കാൻ തീർച്ചയായും നമുക്കു സാധിക്കും. ശ്രീ സോമനാഥ മഹാദേവന്റെ അനുഗ്രഹത്തോടെ, വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പുതുക്കിയ ദൃഢനിശ്ചയവുമായി നാം മുന്നോട്ടു നീങ്ങുകയാണ്. അവിടെ, ലോകനന്മയ്ക്കായി പ്രവർത്തിക്കുന്നതിനായി നമ്മെ നയിക്കാൻ നമ്മുടെ നാഗരിക വിജ്ഞാനവും ഒപ്പമുണ്ട്.

ജയ് സോമനാഥ്!

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Smartphone PLI plan exceeds targets, value addition quadruples': Industry informs govt

Media Coverage

'Smartphone PLI plan exceeds targets, value addition quadruples': Industry informs govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ഇന്ത്യയുടെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി സമർപ്പിച്ച ഒരു ജീവിതം
July 06, 2026

ദേശീയതയുടെയും നിസ്വാർഥ സേവനത്തിന്റെയും ആദർശങ്ങൾ നെഞ്ചേറ്റുന്ന ദശലക്ഷക്കണക്കിനു വ്യക്തികൾക്ക് ഇന്ന്, ജൂലൈ 6, സവിശേഷ ദിനമാണ്. ധീരതയുടെയും മാതൃഭൂമിയോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെയും എക്കാലത്തെയും മികച്ച മാതൃകയായ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികം നാം ആചരിക്കുകയാണ്. ബൗദ്ധികത, പൊതുസേവനം, ധാർമിക ബോധം എന്നിവയുടെ സന്തുലിതമായ സങ്കലനം ഡോ. ശ്യാമപ്രസാദ് മുഖർജിയെപ്പോലെ ഇത്രയധികം ആഴത്തിൽ പ്രതിഫലിപ്പിച്ച നേതാക്കൾ ആധുനിക ഇന്ത്യയിൽ വളരെ ചുരുക്കമാണ്.

വളരെ എളുപ്പത്തിൽ സുരക്ഷിതവും സുഖപ്രദവുമായ ജീവിതം ഉറപ്പാക്കാമായിരുന്ന സാഹചര്യങ്ങളിലാണ് ശ്യാമപ്രസാദ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സർ അശുതോഷ് മുഖർജി ആ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖരായ വിദ്യാഭ്യാസവിദഗ്ദ്ധരിലും ബുദ്ധിജീവികളിലുമൊരാളായിരുന്നു. വിധി അദ്ദേഹത്തിന് മുന്നിൽ സമ്പദ്സമൃദ്ധിയുടെ പാത തുറന്നിട്ടെങ്കിലും, അദ്ദേഹത്തിന്റെ മനസ്സാക്ഷി അദ്ദേഹത്തെ നയിച്ചത് ത്യാഗത്തിന്റെയും ദേശീയ സേവനത്തിന്റെയും വഴിയിലേക്കാണ്. കൊളോണിയലിസം, വർഗീയത, മാനുഷിക വെല്ലുവിളികൾ എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളേതുമാകട്ടെ, തന്റെ കാലഘട്ടത്തിലെ അ‌ത്തരം വെല്ലുവിളികൾക്കു മുന്നിൽ നിശബ്ദ സാക്ഷിയായി തുടരാൻ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ഈ യാത്രയിലുടനീളം, തൻ്റെ പിഞ്ചുകുഞ്ഞിന്റെയും ഭാര്യയുടെയും വിയോഗം ഉൾപ്പെടെയുള്ള ആഴത്തിലുള്ള വ്യക്തിപരമായ ദുരന്തങ്ങൾ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നു. എന്നിരുന്നാലും, ഈ ദുരന്തങ്ങൾ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ കൂടുതൽ ആഴത്തിലാക്കുകയും സേവനത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയ്ക്ക് കൂടുതൽ കരുത്ത് പകരുകയുമാണുണ്ടായത്.

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പൊതുജീവിതത്തെ നിർവചിച്ച ഏതെങ്കിലും ആദർശം ഉണ്ടെങ്കിൽ, അത് ഇന്ത്യയുടെ അവിഭാജ്യതയായിരുന്നു. പശ്ചിമ ബംഗാൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ വിഭജനത്തിന്റെ അശാന്തി നിറഞ്ഞ നാളുകളിൽ അദ്ദേഹം ഉറച്ചുനിന്നു. ഏതാനും വർഷങ്ങൾക്കുശേഷം, ഇതേ ദൃഢവിശ്വാസമാണ് അദ്ദേഹത്തെ ജമ്മു കശ്മീരിലേക്ക് ആകർഷിച്ചതും. തടവുശിക്ഷ അദ്ദേഹത്തെ തളർത്തിയില്ല; ഒറ്റപ്പെടുത്തൽ അദ്ദേഹത്തെ ദുർബലനാക്കിയതുമില്ല. താൻ ആർക്കുവേണ്ടിയാണോ നിലകൊണ്ടത്, ആ ദശലക്ഷക്കണക്കിന് ജനങ്ങളിൽ നിന്നും അകലെ, തടവിലിരിക്കെയാണ് അദ്ദേഹത്തിന്റെ ജീവിതം പെട്ടെന്ന് അവസാനിച്ചത്. ചരിത്രത്തിൽ ചില നിമിഷങ്ങളുണ്ട്, അവിടെ ഒരു വ്യക്തിയുടെ അന്തിമ ത്യാഗം രാഷ്ട്രീയത്തിന് അതീതമായി ദേശീയ സ്മൃതിയുടെ ഭാഗമായി മാറുന്നു. ഡോ. മുഖർജിയുടെ അവസാന യാത്ര അങ്ങനെയൊരു നിമിഷമായി അവശേഷിക്കുന്നു. താൻ വിശ്വസിച്ച ലക്ഷ്യത്തിനുവേണ്ടിയാണ് ഡോ. മുഖർജി സ്വയം ബലിനൽകിയതെന്ന് ആചാര്യ വിനോബ ഭാവെ പറയുകയുണ്ടായി. വർഷങ്ങൾക്കുശേഷം, 2019-ൽ 370, 35(എ) വകുപ്പുകൾ റദ്ദാക്കിയത് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് നൽകിയ ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലിയായിരുന്നു.

ഡോ. മുഖർജി ഇന്ത്യക്കും ഇന്ത്യൻ മൂല്യങ്ങൾക്കുമാണ് പ്രഥമ പരിഗണന നൽകിയത്. അക്കാലത്തെ പരമ്പരാഗത ചിന്താഗതികളെ വെല്ലുവിളിച്ച്, സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുകയും സംവിധാനങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്താണ് അദ്ദേഹം ഇത് സാധ്യമാക്കിയത്. കൽക്കട്ട സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായി അദ്ദേഹം മാറി. തനതായ ശൈലിയിലൂടെ, ദേശസ്‌നേഹപരവും ഭാവിയിലേക്കുള്ളതുമായ മികച്ച മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നു. ഒരു വിദ്യാഭ്യാസ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഡോ. മുഖർജി പറഞ്ഞതിങ്ങനെയാണ്: “വിദ്യാഭ്യാസ സ്ഥാപനങ്ങളെ ക്ലർക്കുമാരെയും കുറഞ്ഞ ശമ്പളമുള്ള ജീവനക്കാരെയും ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളായി കാണുന്നത് തെറ്റാണ്. മുൻസിപ്പൽ കോർപ്പറേഷനുകൾ, പ്രൊവിൻഷ്യൽ-സെൻട്രൽ നിയമനിർമാണസഭകൾ തുടങ്ങിയ നമ്മുടെ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകാൻ പ്രാപ്തരായതും അതുപോലെ സാമ്പത്തിക, വാണിജ്യ, വ്യവസായ മേഖലകൾ ഉൾപ്പെടെയുള്ള ജീവിതത്തിന്റെ വിവിധ മേഖലകളിലെ കാര്യങ്ങൾ നിയന്ത്രിക്കാൻ ശേഷിയുള്ളതുമായ വിദ്യാർഥികളെയാണ് നാം വാർത്തെടുക്കേണ്ടത്.”

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൽക്കട്ട സർവകലാശാല ലൈബ്രറി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ശാസ്ത്ര ഗവേഷണങ്ങൾക്ക് ഊർജം പകരൽ, പുരാവസ്തു പഠനത്തെ പ്രോത്സാഹിപ്പിക്കൽ, കൃഷി ശാസ്ത്രത്തിൽ കോഴ്സുകൾ ആരംഭിക്കൽ തുടങ്ങി സവിശേഷമായ നിരവധി ശ്രമങ്ങൾക്കു തുടക്കം കുറിച്ചു. കായികം, അധ്യാപക പരിശീലനം, വിദ്യാർഥിക്ഷേമം തുടങ്ങിയ മേഖലകളിലേക്കും അദ്ദേഹം ശ്രദ്ധ ആകർഷിച്ചു. വിദ്യാർഥികളിലും പൂർവവിദ്യാർഥികളിലും അഭിമാനബോധം വളർത്തുന്നതിനായി, ജനുവരി 24 സർവകലാശാലയുടെ സ്ഥാപക ദിനമായി ആചരിക്കുന്ന രീതിക്ക് അദ്ദേഹം തുടക്കമിട്ടു. സർവകലാശാലയ്ക്കായി ഗാനം രചിക്കാൻ മറ്റാരെയുമല്ല, ഗുരുദേവ് ടാഗോറിനെയാണ് അ‌ദ്ദേഹം ചുമതലപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ ഈ മനോഭാവത്തിന്റെ മറ്റൊരുദാഹരണം ജീവിതത്തിന്റെ പിൽക്കാലത്ത് ഭാരതീയ ജനസംഘം രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ കാണാൻ കഴിയും. കോൺഗ്രസ് പാർട്ടി സർവവ്യാപിയായിരുന്ന കാലഘട്ടത്തിൽ, നമ്മുടെ സാംസ്കാരിക വേരുകളോട് ചേർന്നുനിൽക്കുന്നതോടൊപ്പം ഇന്ത്യയുടെ പുരോഗതിക്കായി സംസാരിക്കാൻ ബദൽ ശബ്ദം ഉയരേണ്ടത് ഏറെ അനിവാര്യമാണെന്ന് അദ്ദേഹത്തിന് തോന്നി. പാർട്ടിയുടെ ചിഹ്നം മൺവിളക്കായ 'ദിയ' ആയത് ഒരുപക്ഷേ തികച്ചും അനുയോജ്യമായിരുന്നു. ഒരൊറ്റ വിളക്ക് ചെറുതാണെന്ന് തോന്നാമെങ്കിലും, അതിന് ചുറ്റുമുള്ള ഇരുളിനെ അകറ്റാനുള്ള വലിയ ശേഷി അ‌തിനുണ്ട്. ജനസംഘം സജീവമായിരുന്ന കാലത്തും അതിനുശേഷവും ചെയ്തത് കൃത്യമായി ഇതുതന്നെയായിരുന്നു.

ഇന്ത്യയുടെ ആദ്യത്തെ വ്യവസായ-വിതരണ മന്ത്രിയെന്ന നിലയിലുള്ള ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ കാലാവധി, വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എത്രത്തോളം സമഗ്രവും മാനുഷികവുമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതായിരുന്നു. പുതുതായി സ്വാതന്ത്ര്യം നേടിയ ഒരു രാഷ്ട്രത്തിന് അന്തസ്സും അവസരങ്ങളും ആത്മവിശ്വാസവും തിരികെ നൽകാനുള്ള മാർഗമായാണ് അദ്ദേഹം വ്യവസായത്തെ വീക്ഷിച്ചത്. സമ്പത്ത് സൃഷ്ടിക്കുന്നതിനെയും മൂല്യവർധനയെയും അദ്ദേഹം ബഹുമാനിച്ചു. ദാമോദർ വാലി കോർപ്പറേഷൻ, സിന്ദ്രി രാസവള പ്ലാന്റ്, ശക്തമായ വ്യവസായ നയം തുടങ്ങിയ വഴികാട്ടിയായ ഉദ്യമങ്ങളിലൂടെ ആധുനിക വ്യവസായ ഇന്ത്യയുടെ അടിത്തറയിടുമ്പോൾ തന്നെ, ഇന്ത്യയുടെ പരമ്പരാഗതശേഷികൾ അവഗണിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കി. കൈത്തറി, കുടിൽ വ്യവസായങ്ങൾ, കരകൗശല വിദഗ്ദ്ധർ, വസ്ത്രവ്യാപാര തൊഴിലാളികൾ എന്നിവർക്കെല്ലാം ഒരുപോലെ പ്രതിജ്ഞാബദ്ധനായ സംരക്ഷകനെയാണ് അദ്ദേഹത്തിലൂടെ ലഭിച്ചത്.

ഇവിടെ, എന്റെ വ്യക്തിപരമായ അനുഭവം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വയംപര്യാപ്തതയെക്കുറിച്ചുള്ള വ്യക്തമായ ദർശനത്തോടെ ഡോ. മുഖർജി സ്ഥാപിക്കാൻ പ്രയത്നിച്ച സിന്ദ്രി പ്ലാന്റ്, പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചവർ അവഗണിക്കുകയാണുണ്ടായത്. അതിന്റെ പുനരുജ്ജീവനത്തിൽ സംഭാവന നൽകാൻ ഞങ്ങളുടെ ഗവണ്മെന്റിന് അവസരം ലഭിച്ചതിൽ എനിക്ക് ഏറെ സന്തോഷം തോന്നുന്നു. ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് തീർച്ചയായും ഏറ്റവും സവിശേഷമായ നിമിഷങ്ങളിൽ ഒന്നായിരുന്നു.

ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം സംവാദങ്ങളെയും ചർച്ചകളെയും പണ്ടുമുതലേ ആഘോഷമാക്കിയിട്ടുള്ളതാണ്. ഡോ. മുഖർജി ഈ ജനാധിപത്യ മനോഭാവം ഉൾക്കൊണ്ട വ്യക്തിയായിരുന്നു. ആദ്യകാലങ്ങളിലെ രാഷ്ട്രനിർമാണ ദൗത്യം രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്ക് അതീതമാണെന്ന് വിശ്വസിച്ച അ‌ദ്ദേഹം പണ്ഡിറ്റ് നെഹ്റുവിന്റെ മന്ത്രിസഭയിൽ ചേർന്നു. ആത്മാർഥതയോടും ക്രിയാത്മകമായ ചിന്താഗതിയോടും കൂടി അദ്ദേഹം സേവനമനുഷ്ഠിച്ചു. എന്നാൽ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ വ്യത്യസ്തമായ പാത ആവശ്യമാണെന്ന് തോന്നിയപ്പോൾ, അദ്ദേഹം അന്തസ്സോടെ പദവി ഒഴിഞ്ഞു; രാജ്യം ആവശ്യപ്പെടുന്നു എന്ന് അദ്ദേഹം വിശ്വസിച്ച രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി പൂർണഹൃദയത്തോടെ സ്വയം സമർപ്പിച്ചു.

75 വർഷം മുമ്പ്, പണ്ഡിറ്റ് നെഹ്റു കൊണ്ടുവന്ന ഒന്നാം ഭേദഗതി ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമായിരുന്നു. ഡോ. മുഖർജി അതിന്റെ ഏറ്റവും ശക്തരായ വിമർശകരിൽ ഒരാളായിരുന്നു. കോൺഗ്രസിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പൂർണമായി മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആ ധാരണ ശരിയാണെന്ന് തെളിയുകയും ചെയ്തു. 75 വർഷം മുമ്പ് ഒന്നാം ഭേദഗതി കൊണ്ടുവന്നവർ തന്നെയാണ് 1975-ൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതും 50 വർഷങ്ങൾക്ക് മുമ്പ് ഉദാര ജനാധിപത്യ മൂല്യങ്ങളുടെ അന്തസ്സത്തയെ വീണ്ടും തകിടം മറിച്ച 42-ാം ഭേദഗതി നിയമം കൊണ്ടുവന്നതും.

ഡോ. മുഖർജി അദ്ദേഹത്തിന്റെ മാനുഷിക പരിഗണനകളാലുള്ള പ്രവർത്തനങ്ങളിലും ഏറെ ശ്രദ്ധേയനായിരുന്നു. 1943-ൽ ബംഗാളിൽ ഏറ്റവും ദാരുണമായ ക്ഷാമമുണ്ടായപ്പോൾ ദുരിതബാധിതരെ സേവിക്കുന്നതിനായി ഡോ. മുഖർജി പൂർണമായും മുഴുകി. ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി നിരവധി ഭക്ഷണവിതരണകേന്ദ്രങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കി. ഒരു വശത്ത്, സ്വന്തം ജനങ്ങളുടെ ദുരവസ്ഥ അദ്ദേഹത്തെ ആഴത്തിൽ ഉലച്ചപ്പോൾ, മറുവശത്ത് കൊളോണിയൽ ഭരണാധികാരികളുടെ അനാസ്ഥയോട് അദ്ദേഹത്തിന് കടുത്ത വിമുഖത തോന്നി. തന്റെ ആത്മസംഘർഷങ്ങൾ പ്രകടിപ്പിച്ച്, 'പഞ്ചാഷേർ മന്വന്തർ' എന്നൊരു പുസ്തകം പോലും അദ്ദേഹം എഴുതുകയുണ്ടായി. 1942-ൽ മേദിനിപുരിൽ അതിശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ, ജനജീവിതം സാധാരണ നിലയിലാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ വ്യാപകമായി പ്രശംസിക്കപ്പെട്ടു.

കൊൽക്കത്തയിലെ ഒരു കോളേജിൽ സംസാരിക്കവെ ഡോ. മുഖർജി യുവാക്കളോട് ആഹ്വാനം ചെയ്തത് ഇങ്ങനെയാണ്: “നിങ്ങൾ ഏത് ജോലി ഏറ്റെടുത്താലും അത് ഗൗരവത്തോടെയും പൂർണതയോടെയും ഭംഗിയായും ചെയ്യുക; അത് ഒരിക്കലും പകുതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്യരുത്. നിങ്ങളുടെ ഏറ്റവും മികച്ച സംഭാവന നൽകിയെന്ന് ഉറപ്പാകുന്നതുവരെ നിങ്ങൾക്ക് ഒരിക്കലും സംതൃപ്തി തോന്നരുത്.” വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ, അദ്ദേഹം അത്രമേൽ ആഴത്തിൽ വിശ്വസിച്ചിരുന്ന കരുത്തുറ്റതും അവിഭാജ്യവും ആത്മവിശ്വാസമുള്ളതും കാരുണ്യമുള്ളതുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ ഓരോ ദിവസവും പരിശ്രമിക്കുക എന്നതാണ് നാം അദ്ദേഹത്തിന് നൽകുന്ന ഏറ്റവും മികച്ച ശ്രദ്ധാഞ്ജലി. ഇന്നത്തെ യുവാക്കളെ എനിക്കറിയാം, അവർ ഈ അവസരത്തിനൊത്തുയർന്ന് കൃത്യമായി അതു ചെയ്യുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്.