ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രൊഫസര്‍ എം എസ് സ്വാമിനാഥനെ നമുക്ക് നഷ്ടപ്പെട്ടു. കാര്‍ഷിക ശാസ്ത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച ദീര്‍ഘദര്‍ശിയായ അദ്ദേഹം ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകള്‍ എക്കാലവും സുവര്‍ണ ലിപികളില്‍ കൊത്തിവയ്ക്കപ്പെടും. രാജ്യത്തെ ഏറെ സ്നേഹിച്ച പ്രൊഫ. എം.എസ്. സ്വാമിനാഥന്‍ രാഷ്ട്രത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും നമ്മുടെ കര്‍ഷകര്‍ക്ക് ഏറ്റവും മികച്ച ജീവിതം ലഭിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പഠനകാലത്ത് അക്കാദമികമായി ഏറെ മികവ് തെളിയിച്ച അദ്ദേഹത്തിന് ഏത് പഠന മേഖലയും തിരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ 1943ലെ ബംഗാള്‍ ക്ഷാമം അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിച്ചു. താന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് കാര്‍ഷിക രംഗത്തെക്കുറിച്ച് പഠിക്കുക എന്നതായിരിക്കണമെന്ന് അന്ന് അദ്ദേഹം നിശ്ചയിക്കുകയാണുണ്ടായത്.

താരതമ്യേന ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം ഡോ. നോര്‍മന്‍ ബോര്‍ലോഗുമായി ബന്ധം പുലര്‍ത്തുകയും അദ്ദേഹത്തിന്റെ കൃതികളെ വളരെ വിശദമായി ഉള്‍ക്കൊള്ളുകയും ചെയ്തു. 1950കളില്‍ യുഎസില്‍ ഫാക്കല്‍റ്റി സ്ഥാനമെന്ന വാഗ്ദാനം ലഭിച്ചിരുന്നെങ്കിലും സ്വന്തം രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിച്ച അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്.
സ്വയംപര്യാപ്തതയുടെയും ആത്മവിശ്വാസത്തിന്റെയും പാതയിലേക്ക് നമ്മുടെ രാജ്യത്തെ നയിച്ച അദ്ദേഹം അതികായനായി തലയെടുപ്പോടെ നിലകൊണ്ട വെല്ലുവിളി നിറഞ്ഞ

സാഹചര്യങ്ങളെക്കുറിച്ച് നിങ്ങള്‍ എല്ലാവരും ചിന്തിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യ രണ്ടു ദശകങ്ങളില്‍ നാം വലിയ തോതിലുള്ള വെല്ലുവിളികളാണു നേരിട്ടത്. അതിലൊന്ന് ഭക്ഷ്യക്ഷാമമായിരുന്നു. 1960 കളുടെ തുടക്കത്തില്‍, ഇന്ത്യ ക്ഷാമത്തോട് കഠിനമായ പോരാട്ടം നടത്തുകയായിരുന്നു. അപ്പോഴാണ് പ്രൊഫസര്‍ സ്വാമിനാഥന്റെ കഴിവും പ്രതിബദ്ധതയും ദീര്‍ഘവീക്ഷണവും കാര്‍ഷിക സമൃദ്ധിയുടെ പുതിയ യുഗത്തിലേക്ക് രാജ്യത്തെ നയിച്ചത്. കൃഷിയിലും ഗോതമ്പ് ഉല്‍പാദനം പോലുള്ള പ്രത്യേക മേഖലകളിലും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഗോതമ്പ് ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനയ്ക്കു കാരണമായി. അങ്ങനെ ഇന്ത്യയെ ഭക്ഷ്യക്ഷാമമുള്ള രാജ്യത്ത് നിന്ന് സ്വയംപര്യാപ്ത രാഷ്ട്രമാക്കി മാറ്റി.

ഈ മഹത്തായ നേട്ടം അദ്ദേഹത്തിന് 'ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ്' എന്ന മഹത്തായ പദവി നേടിക്കൊടുത്തു.
ഏത് പ്രതിസന്ധിയിലും തളരാത്ത മൂന്നേറാന്‍ രാജ്യത്തിന് സാധിക്കുമെന്ന് ഹരിതവിപ്ലവം തെളിയിച്ചു. നമുക്ക് ദശകോടിക്കണക്കിന് വെല്ലുവിളികള്‍ ഉണ്ടെങ്കില്‍ ആ വെല്ലുവിളികളെ അതിജീവിക്കാന്‍ നൂതനാശയങ്ങളുമായി ദശകോടിക്കണക്കിന് ജനങ്ങളുമുണ്ട്. ഹരിതവിപ്ലവം ആരംഭിച്ച് അഞ്ചു ദശാബ്ദം പിന്നിടുമ്പോള്‍ ഇന്ത്യന്‍ കാര്‍ഷികരംഗം കൂടുതല്‍ ആധുനികവും പുരോഗമനപരവുമായി മാറിയിരിക്കുന്നു. എന്നാല്‍ ഇവയെല്ലാം, പ്രൊഫസര്‍ സ്വാമിനാഥന്‍ സ്ഥാപിച്ച അടിത്തറയുടെ കരുത്തിലാണ് ആര്‍ജ്ജിച്ചത്.

വര്‍ഷങ്ങളോളം ഉരുളക്കിഴങ്ങ് വിളകളെ ബാധിച്ചിരുന്ന പരാന്നഭോജികളെ നേരിടുന്നതില്‍ അദ്ദേഹം അത്യാധുനിക ഗവേഷണം നടത്തി. അദ്ദേഹത്തിന്റെ ഗവേഷണം ഉരുളക്കിഴങ്ങ് വിളകളെ തണുത്ത കാലാവസ്ഥയെ പ്രതിരോധിക്കാന്‍ പ്രാപ്തമാക്കി. ഇന്ന്, ലോകം ചോളത്തെയും ശ്രീ അന്നയെയും 'സൂപ്പര്‍ ഫുഡു'കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ പ്രൊഫസര്‍ സ്വാമിനാഥന്‍ 1990കള്‍ മുതല്‍ ചെറുധാന്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിച്ചിരുന്നു.

പ്രൊഫസര്‍ സ്വാമിനാഥനുമായുള്ള എന്റെ വ്യക്തിപരമായ ബന്ധവും ഇടപെടലുകളും വിപുലമായിരുന്നു. 2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമാണ് ഈ ബന്ധം ആരംഭിച്ചത്. അക്കാലത്ത് ഗുജറാത്ത് കാര്‍ഷിക മേഖലയിലെ മികവിനും വൈദഗ്ധ്യത്തിനും പേരുകേട്ട സംസ്ഥാനമായിരുന്നില്ല. തുടര്‍ച്ചയായ വരള്‍ച്ചയും വന്‍ ചുഴലിക്കാറ്റുകളും ഭൂകമ്പവും സംസ്ഥാനത്തിന്റെ വളര്‍ച്ചാവേഗതയെ പിന്നോട്ടടിക്കുന്ന കാലമായിരുന്നു അത്. അന്ന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച നിരവധി സംരംഭങ്ങളില്‍ ഒന്നാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ്. ഇത് മണ്ണിനെ നന്നായി മനസ്സിലാക്കാനും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അവ പരിഹരിക്കാനും ഞങ്ങളെ പ്രാപ്തരാക്കി. ഈ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് ഞാന്‍ പ്രൊഫസര്‍ സ്വാമിനാഥനെ കണ്ടുമുട്ടിയത്. പദ്ധതിയെ അഭിനന്ദിച്ച അദ്ദേഹം അതിനായി തന്റെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ ഞങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. ഗുജറാത്തിന്റെ കാര്‍ഷിക വിജയത്തിന് കളമൊരുക്കുന്ന പദ്ധതിയെക്കുറിച്ച് സംശയമുള്ളവരെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന്റെ അംഗീകാരം സഹായകരമായിരുന്നു.

ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തും പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോഴും ഞങ്ങളുടെ ബന്ധവും ആശയവിനിമയവും തുടര്‍ന്നു. അന്താരാഷ്ട്ര കാര്‍ഷിക-ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ ഞാന്‍ അദ്ദേഹത്തെ കാണുകയുണ്ടായി. അടുത്ത വര്‍ഷം 2017ല്‍ അദ്ദേഹം എഴുതിയ രണ്ട് ഭാഗങ്ങളുള്ള പുസ്തക പരമ്പര പ്രകാശനം ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു.

എല്ലാവരെയും നിലനിര്‍ത്തുന്നത് കര്‍ഷകരായതിനാല്‍ ലോകത്തെ ഒരുമിച്ച് നിര്‍ത്തുന്ന ശക്തി എന്നാണ് തിരുക്കുറല്‍ കര്‍ഷകരെ വിശേഷിപ്പിക്കുന്നത്. ഈ തത്വം നന്നായി മനസ്സിലാക്കി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു പ്രൊഫസര്‍ സ്വാമിനാഥന്‍. ധാരാളം പേര്‍ അദ്ദേഹത്തെ കൃഷി ശാസ്ത്രജ്ഞന്‍ എന്നു വിളിക്കുന്നു. പക്ഷേ, അദ്ദേഹം അതിലും വലുതാണെന്ന് ഞാന്‍ എല്ലായ്പ്പോഴും വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഒരു കൃഷിക്കാരന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃതികളുടെ വിജയം അദ്ദേഹത്തിന്റെ അക്കാദമിക മികവില്‍ മാത്രം പരിമിതപ്പെടുത്തി വിലയിരുത്തേണ്ടതല്ല; മറിച്ച്, പരീക്ഷണശാലകള്‍ക്ക് പുറത്തും കൃഷിയിടങ്ങളിലും വയലുകളിലും അദ്ദേഹം ചെലുത്തിയ സ്വാധീനത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അദ്ദേഹത്തിന്റെ കൃതികള്‍ ശാസ്ത്രീയ അറിവും അതിന്റെ പ്രായോഗിക പ്രവര്‍ത്തനവും തമ്മിലുള്ള വിടവ് കുറച്ചു.

 

മനുഷ്യന്റെ പുരോഗതിയും പാരിസ്ഥിതിക സുസ്ഥിരതയും തമ്മിലുള്ള അതിലോലമായ സന്തുലിതാവസ്ഥയ്ക്ക് ഊന്നല്‍ നല്‍കി, സുസ്ഥിര കൃഷിക്കായി അദ്ദേഹം നിരന്തരം വാദിച്ചു. ചെറുകിട കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നൂതനാശയങ്ങളുടെ ഫലങ്ങള്‍ അവര്‍ ആസ്വദിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും പ്രൊഫസര്‍ സ്വാമിനാഥന്‍ നല്‍കിയ പ്രത്യേക ഊന്നലും കാണാതെ പോകരുത്. വനിതാ കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

ഭപ്രൊഫസര്‍ എം എസ് സ്വാമിനാഥനെക്കുറിച്ച് ശ്രദ്ധേയമായ മറ്റൊരു വശമുണ്ട് - അദ്ദേഹം പുതുമയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെയും അഭിമാനസ്തംഭമായി ഉയര്‍ന്നുനില്‍ക്കുന്നു. 1987ല്‍ ലോക ഭക്ഷ്യ പുരസ്‌കാരം നേടിയപ്പോള്‍, അഭിമാനകരമായ ആ ബഹുമതിയുടെ ആദ്യ സ്വീകര്‍ത്താവായ അദ്ദേഹം സമ്മാനത്തുക ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഗവേഷണ ഫൗണ്ടേഷന്‍ സ്ഥാപിക്കാന്‍ ഉപയോഗിച്ചു. ഇന്നുവരെ, വിവിധ മേഖലകളില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആ സംഘടന ഏറ്റെടുത്തു നടത്തുന്നു. അദ്ദേഹം ലക്ഷക്കണക്കിനാളുകളെ പ്രചോദിപ്പിക്കുകയും അവരില്‍ പഠനത്തോടും പുതുമയോടുമുള്ള അഭിനിവേശം വളര്‍ത്തുകയും ചെയ്തു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍, അദ്ദേഹത്തിന്റെ ജീവിതം നമ്മെ അറിവ്, മാര്‍ഗ്ഗനിര്‍ദ്ദേശം, നവീകരണം എന്നിവയുടെ ശാശ്വതശക്തിയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. മനിലയിലെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം. ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണേഷ്യന്‍ റീജിയണല്‍ സെന്റര്‍ 2018 ല്‍ വാരണാസിയില്‍ ആരംഭിച്ചു.

ഡോ. സ്വാമിനാഥന് ആദരാഞ്ജലി അര്‍പ്പിക്കുന്ന ഈ വേളയില്‍ ഞാന്‍ വീണ്ടും തിരുക്കുറല്‍ ഉദ്ധരിക്കുകയാണ്. അതില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: 'ആസൂത്രണം ചെയ്തവര്‍ ദൃഢനിശ്ചയമുള്ളവരാണെങ്കില്‍, അവര്‍ ആഗ്രഹിച്ചതു അവര്‍ ആഗ്രഹിച്ചതുപോലെ നേടും'. കൃഷിയെ ശക്തിപ്പെടുത്താനും കര്‍ഷകരെ സേവിക്കാനും ആഗ്രഹിക്കുന്നുവെന്ന് ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ തീരുമാനിച്ച ഒരു മഹത് വ്യക്തി ഇവിടെയുണ്ടായിരുന്നു. അസാധാരണമാംവിധം നൂതനമായും വികാരഭരിതനായും അദ്ദേഹം അത് നിര്‍വഹിച്ചു. കാര്‍ഷിക നവീകരണത്തിന്റെയും സുസ്ഥിരതയുടെയും പാതയിലൂടെ രാജ്യം സഞ്ചരിക്കുമ്പോള്‍ ഡോ. സ്വാമിനാഥന്റെ സംഭാവനകള്‍ നമ്മെ പ്രചോദിപ്പിക്കുകയും മുമ്പോട്ട് നയിക്കുകയും ചെയ്യുന്നു. അദ്ദേഹം കൃഷിക്കാര്‍ക്കും കാര്‍ഷിക മേഖലയ്ക്കുമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെയും തത്വങ്ങളുടെയും പതാകവാഹകരായി, വരാനിരിക്കുന്ന തലമുറകളിലേക്ക് അവയുടെ നേട്ടം എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള കടമ നമുക്കോരോരുത്തര്‍ക്കുമുണ്ട്.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
New Zealand PM Christopher Luxon Backs India FTA, Praises Modi in Exclusive With Rahul Shivshankar

Media Coverage

New Zealand PM Christopher Luxon Backs India FTA, Praises Modi in Exclusive With Rahul Shivshankar
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ഇന്ത്യയുടെ ഐക്യത്തിനും പുരോഗതിക്കുമായി സമർപ്പിച്ച ജീവിതം
July 06, 2026

ദേശീയതയുടെയും നിസ്വാർഥ സേവനത്തിന്റെയും ആദർശങ്ങൾ നെഞ്ചേറ്റുന്ന ദശലക്ഷക്കണക്കിനു വ്യക്തികൾക്ക് ഇന്ന്, ജൂലൈ 6, സവിശേഷ ദിനമാണ്. ധീരതയുടെയും മാതൃഭൂമിയോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെയും എക്കാലത്തെയും മികച്ച മാതൃകയായ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികം നാം ആചരിക്കുകയാണ്. ബൗദ്ധികത, പൊതുസേവനം, ധാർമിക ബോധം എന്നിവയുടെ സന്തുലിതമായ സങ്കലനം ഡോ. ശ്യാമപ്രസാദ് മുഖർജിയെപ്പോലെ ഇത്രയധികം ആഴത്തിൽ പ്രതിഫലിപ്പിച്ച നേതാക്കൾ ആധുനിക ഇന്ത്യയിൽ വളരെ ചുരുക്കമാണ്.

വളരെ എളുപ്പത്തിൽ സുരക്ഷിതവും സുഖപ്രദവുമായ ജീവിതം ഉറപ്പാക്കാമായിരുന്ന സാഹചര്യങ്ങളിലാണ് ശ്യാമപ്രസാദ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സർ അശുതോഷ് മുഖർജി ആ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖരായ വിദ്യാഭ്യാസവിദഗ്ദ്ധരിലും ബുദ്ധിജീവികളിലുമൊരാളായിരുന്നു. വിധി അദ്ദേഹത്തിന് മുന്നിൽ സമ്പദ്സമൃദ്ധിയുടെ പാത തുറന്നിട്ടെങ്കിലും, അദ്ദേഹത്തിന്റെ മനസ്സാക്ഷി അദ്ദേഹത്തെ നയിച്ചത് ത്യാഗത്തിന്റെയും ദേശീയ സേവനത്തിന്റെയും വഴിയിലേക്കാണ്. കൊളോണിയലിസം, വർഗീയത, മാനുഷിക വെല്ലുവിളികൾ എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളേതുമാകട്ടെ, തന്റെ കാലഘട്ടത്തിലെ അ‌ത്തരം വെല്ലുവിളികൾക്കു മുന്നിൽ നിശബ്ദ സാക്ഷിയായി തുടരാൻ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ഈ യാത്രയിലുടനീളം, തൻ്റെ പിഞ്ചുകുഞ്ഞിന്റെയും ഭാര്യയുടെയും വിയോഗം ഉൾപ്പെടെയുള്ള ആഴത്തിലുള്ള വ്യക്തിപരമായ ദുരന്തങ്ങൾ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നു. എന്നിരുന്നാലും, ഈ ദുരന്തങ്ങൾ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ കൂടുതൽ ആഴത്തിലാക്കുകയും സേവനത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയ്ക്ക് കൂടുതൽ കരുത്ത് പകരുകയുമാണുണ്ടായത്.

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പൊതുജീവിതത്തെ നിർവചിച്ച ഏതെങ്കിലും ആദർശം ഉണ്ടെങ്കിൽ, അത് ഇന്ത്യയുടെ അവിഭാജ്യതയായിരുന്നു. പശ്ചിമ ബംഗാൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ വിഭജനത്തിന്റെ അശാന്തി നിറഞ്ഞ നാളുകളിൽ അദ്ദേഹം ഉറച്ചുനിന്നു. ഏതാനും വർഷങ്ങൾക്കുശേഷം, ഇതേ ദൃഢവിശ്വാസമാണ് അദ്ദേഹത്തെ ജമ്മു കശ്മീരിലേക്ക് ആകർഷിച്ചതും. തടവുശിക്ഷ അദ്ദേഹത്തെ തളർത്തിയില്ല; ഒറ്റപ്പെടുത്തൽ അദ്ദേഹത്തെ ദുർബലനാക്കിയതുമില്ല. താൻ ആർക്കുവേണ്ടിയാണോ നിലകൊണ്ടത്, ആ ദശലക്ഷക്കണക്കിന് ജനങ്ങളിൽ നിന്നും അകലെ, തടവിലിരിക്കെയാണ് അദ്ദേഹത്തിന്റെ ജീവിതം പെട്ടെന്ന് അവസാനിച്ചത്. ചരിത്രത്തിൽ ചില നിമിഷങ്ങളുണ്ട്, അവിടെ ഒരു വ്യക്തിയുടെ അന്തിമ ത്യാഗം രാഷ്ട്രീയത്തിന് അതീതമായി ദേശീയ സ്മൃതിയുടെ ഭാഗമായി മാറുന്നു. ഡോ. മുഖർജിയുടെ അവസാന യാത്ര അങ്ങനെയൊരു നിമിഷമായി അവശേഷിക്കുന്നു. താൻ വിശ്വസിച്ച ലക്ഷ്യത്തിനുവേണ്ടിയാണ് ഡോ. മുഖർജി സ്വയം ബലിനൽകിയതെന്ന് ആചാര്യ വിനോബ ഭാവെ പറയുകയുണ്ടായി. വർഷങ്ങൾക്കുശേഷം, 2019-ൽ 370, 35(എ) വകുപ്പുകൾ റദ്ദാക്കിയത് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് നൽകിയ ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലിയായിരുന്നു.

ഡോ. മുഖർജി ഇന്ത്യക്കും ഇന്ത്യൻ മൂല്യങ്ങൾക്കുമാണ് പ്രഥമ പരിഗണന നൽകിയത്. അക്കാലത്തെ പരമ്പരാഗത ചിന്താഗതികളെ വെല്ലുവിളിച്ച്, സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുകയും സംവിധാനങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്താണ് അദ്ദേഹം ഇത് സാധ്യമാക്കിയത്. കൽക്കട്ട സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായി അദ്ദേഹം മാറി. തനതായ ശൈലിയിലൂടെ, ദേശസ്‌നേഹപരവും ഭാവിയിലേക്കുള്ളതുമായ മികച്ച മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നു. ഒരു വിദ്യാഭ്യാസ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഡോ. മുഖർജി പറഞ്ഞതിങ്ങനെയാണ്: “വിദ്യാഭ്യാസ സ്ഥാപനങ്ങളെ ക്ലർക്കുമാരെയും കുറഞ്ഞ ശമ്പളമുള്ള ജീവനക്കാരെയും ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളായി കാണുന്നത് തെറ്റാണ്. മുൻസിപ്പൽ കോർപ്പറേഷനുകൾ, പ്രൊവിൻഷ്യൽ-സെൻട്രൽ നിയമനിർമാണസഭകൾ തുടങ്ങിയ നമ്മുടെ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകാൻ പ്രാപ്തരായതും അതുപോലെ സാമ്പത്തിക, വാണിജ്യ, വ്യവസായ മേഖലകൾ ഉൾപ്പെടെയുള്ള ജീവിതത്തിന്റെ വിവിധ മേഖലകളിലെ കാര്യങ്ങൾ നിയന്ത്രിക്കാൻ ശേഷിയുള്ളതുമായ വിദ്യാർഥികളെയാണ് നാം വാർത്തെടുക്കേണ്ടത്.”

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൽക്കട്ട സർവകലാശാല ലൈബ്രറി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ശാസ്ത്ര ഗവേഷണങ്ങൾക്ക് ഊർജം പകരൽ, പുരാവസ്തു പഠനത്തെ പ്രോത്സാഹിപ്പിക്കൽ, കൃഷി ശാസ്ത്രത്തിൽ കോഴ്സുകൾ ആരംഭിക്കൽ തുടങ്ങി സവിശേഷമായ നിരവധി ശ്രമങ്ങൾക്കു തുടക്കം കുറിച്ചു. കായികം, അധ്യാപക പരിശീലനം, വിദ്യാർഥിക്ഷേമം തുടങ്ങിയ മേഖലകളിലേക്കും അദ്ദേഹം ശ്രദ്ധ ആകർഷിച്ചു. വിദ്യാർഥികളിലും പൂർവവിദ്യാർഥികളിലും അഭിമാനബോധം വളർത്തുന്നതിനായി, ജനുവരി 24 സർവകലാശാലയുടെ സ്ഥാപക ദിനമായി ആചരിക്കുന്ന രീതിക്ക് അദ്ദേഹം തുടക്കമിട്ടു. സർവകലാശാലയ്ക്കായി ഗാനം രചിക്കാൻ മറ്റാരെയുമല്ല, ഗുരുദേവ് ടാഗോറിനെയാണ് അ‌ദ്ദേഹം ചുമതലപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ ഈ മനോഭാവത്തിന്റെ മറ്റൊരുദാഹരണം ജീവിതത്തിന്റെ പിൽക്കാലത്ത് ഭാരതീയ ജനസംഘം രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ കാണാൻ കഴിയും. കോൺഗ്രസ് പാർട്ടി സർവവ്യാപിയായിരുന്ന കാലഘട്ടത്തിൽ, നമ്മുടെ സാംസ്കാരിക വേരുകളോട് ചേർന്നുനിൽക്കുന്നതോടൊപ്പം ഇന്ത്യയുടെ പുരോഗതിക്കായി സംസാരിക്കാൻ ബദൽ ശബ്ദം ഉയരേണ്ടത് ഏറെ അനിവാര്യമാണെന്ന് അദ്ദേഹത്തിന് തോന്നി. പാർട്ടിയുടെ ചിഹ്നം മൺവിളക്കായ 'ദിയ' ആയത് ഒരുപക്ഷേ തികച്ചും അനുയോജ്യമായിരുന്നു. ഒരൊറ്റ വിളക്ക് ചെറുതാണെന്ന് തോന്നാമെങ്കിലും, അതിന് ചുറ്റുമുള്ള ഇരുളിനെ അകറ്റാനുള്ള വലിയ ശേഷി അ‌തിനുണ്ട്. ജനസംഘം സജീവമായിരുന്ന കാലത്തും അതിനുശേഷവും ചെയ്തത് കൃത്യമായി ഇതുതന്നെയായിരുന്നു.

ഇന്ത്യയുടെ ആദ്യത്തെ വ്യവസായ-വിതരണ മന്ത്രിയെന്ന നിലയിലുള്ള ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ കാലാവധി, വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എത്രത്തോളം സമഗ്രവും മാനുഷികവുമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതായിരുന്നു. പുതുതായി സ്വാതന്ത്ര്യം നേടിയ ഒരു രാഷ്ട്രത്തിന് അന്തസ്സും അവസരങ്ങളും ആത്മവിശ്വാസവും തിരികെ നൽകാനുള്ള മാർഗമായാണ് അദ്ദേഹം വ്യവസായത്തെ വീക്ഷിച്ചത്. സമ്പത്ത് സൃഷ്ടിക്കുന്നതിനെയും മൂല്യവർധനയെയും അദ്ദേഹം ബഹുമാനിച്ചു. ദാമോദർ വാലി കോർപ്പറേഷൻ, സിന്ദ്രി രാസവള പ്ലാന്റ്, ശക്തമായ വ്യവസായ നയം തുടങ്ങിയ വഴികാട്ടിയായ ഉദ്യമങ്ങളിലൂടെ ആധുനിക വ്യവസായ ഇന്ത്യയുടെ അടിത്തറയിടുമ്പോൾ തന്നെ, ഇന്ത്യയുടെ പരമ്പരാഗതശേഷികൾ അവഗണിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കി. കൈത്തറി, കുടിൽ വ്യവസായങ്ങൾ, കരകൗശല വിദഗ്ദ്ധർ, വസ്ത്രവ്യാപാര തൊഴിലാളികൾ എന്നിവർക്കെല്ലാം ഒരുപോലെ പ്രതിജ്ഞാബദ്ധനായ സംരക്ഷകനെയാണ് അദ്ദേഹത്തിലൂടെ ലഭിച്ചത്.

ഇവിടെ, എന്റെ വ്യക്തിപരമായ അനുഭവം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വയംപര്യാപ്തതയെക്കുറിച്ചുള്ള വ്യക്തമായ ദർശനത്തോടെ ഡോ. മുഖർജി സ്ഥാപിക്കാൻ പ്രയത്നിച്ച സിന്ദ്രി പ്ലാന്റ്, പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചവർ അവഗണിക്കുകയാണുണ്ടായത്. അതിന്റെ പുനരുജ്ജീവനത്തിൽ സംഭാവന നൽകാൻ ഞങ്ങളുടെ ഗവണ്മെന്റിന് അവസരം ലഭിച്ചതിൽ എനിക്ക് ഏറെ സന്തോഷം തോന്നുന്നു. ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് തീർച്ചയായും ഏറ്റവും സവിശേഷമായ നിമിഷങ്ങളിൽ ഒന്നായിരുന്നു.

ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം സംവാദങ്ങളെയും ചർച്ചകളെയും പണ്ടുമുതലേ ആഘോഷമാക്കിയിട്ടുള്ളതാണ്. ഡോ. മുഖർജി ഈ ജനാധിപത്യ മനോഭാവം ഉൾക്കൊണ്ട വ്യക്തിയായിരുന്നു. ആദ്യകാലങ്ങളിലെ രാഷ്ട്രനിർമാണ ദൗത്യം രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്ക് അതീതമാണെന്ന് വിശ്വസിച്ച അ‌ദ്ദേഹം പണ്ഡിറ്റ് നെഹ്റുവിന്റെ മന്ത്രിസഭയിൽ ചേർന്നു. ആത്മാർഥതയോടും ക്രിയാത്മകമായ ചിന്താഗതിയോടും കൂടി അദ്ദേഹം സേവനമനുഷ്ഠിച്ചു. എന്നാൽ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ വ്യത്യസ്തമായ പാത ആവശ്യമാണെന്ന് തോന്നിയപ്പോൾ, അദ്ദേഹം അന്തസ്സോടെ പദവി ഒഴിഞ്ഞു; രാജ്യം ആവശ്യപ്പെടുന്നു എന്ന് അദ്ദേഹം വിശ്വസിച്ച രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി പൂർണഹൃദയത്തോടെ സ്വയം സമർപ്പിച്ചു.

75 വർഷം മുമ്പ്, പണ്ഡിറ്റ് നെഹ്റു കൊണ്ടുവന്ന ഒന്നാം ഭേദഗതി ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമായിരുന്നു. ഡോ. മുഖർജി അതിന്റെ ഏറ്റവും ശക്തരായ വിമർശകരിൽ ഒരാളായിരുന്നു. കോൺഗ്രസിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പൂർണമായി മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആ ധാരണ ശരിയാണെന്ന് തെളിയുകയും ചെയ്തു. 75 വർഷം മുമ്പ് ഒന്നാം ഭേദഗതി കൊണ്ടുവന്നവർ തന്നെയാണ് 1975-ൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതും 50 വർഷങ്ങൾക്ക് മുമ്പ് ഉദാര ജനാധിപത്യ മൂല്യങ്ങളുടെ അന്തസ്സത്തയെ വീണ്ടും തകിടം മറിച്ച 42-ാം ഭേദഗതി നിയമം കൊണ്ടുവന്നതും.

ഡോ. മുഖർജി അദ്ദേഹത്തിന്റെ മാനുഷിക പരിഗണനകളാലുള്ള പ്രവർത്തനങ്ങളിലും ഏറെ ശ്രദ്ധേയനായിരുന്നു. 1943-ൽ ബംഗാളിൽ ഏറ്റവും ദാരുണമായ ക്ഷാമമുണ്ടായപ്പോൾ ദുരിതബാധിതരെ സേവിക്കുന്നതിനായി ഡോ. മുഖർജി പൂർണമായും മുഴുകി. ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി നിരവധി ഭക്ഷണവിതരണകേന്ദ്രങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കി. ഒരു വശത്ത്, സ്വന്തം ജനങ്ങളുടെ ദുരവസ്ഥ അദ്ദേഹത്തെ ആഴത്തിൽ ഉലച്ചപ്പോൾ, മറുവശത്ത് കൊളോണിയൽ ഭരണാധികാരികളുടെ അനാസ്ഥയോട് അദ്ദേഹത്തിന് കടുത്ത വിമുഖത തോന്നി. തന്റെ ആത്മസംഘർഷങ്ങൾ പ്രകടിപ്പിച്ച്, 'പഞ്ചാഷേർ മന്വന്തർ' എന്നൊരു പുസ്തകം പോലും അദ്ദേഹം എഴുതുകയുണ്ടായി. 1942-ൽ മേദിനിപുരിൽ അതിശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ, ജനജീവിതം സാധാരണ നിലയിലാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ വ്യാപകമായി പ്രശംസിക്കപ്പെട്ടു.

കൊൽക്കത്തയിലെ ഒരു കോളേജിൽ സംസാരിക്കവെ ഡോ. മുഖർജി യുവാക്കളോട് ആഹ്വാനം ചെയ്തത് ഇങ്ങനെയാണ്: “നിങ്ങൾ ഏത് ജോലി ഏറ്റെടുത്താലും അത് ഗൗരവത്തോടെയും പൂർണതയോടെയും ഭംഗിയായും ചെയ്യുക; അത് ഒരിക്കലും പകുതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്യരുത്. നിങ്ങളുടെ ഏറ്റവും മികച്ച സംഭാവന നൽകിയെന്ന് ഉറപ്പാകുന്നതുവരെ നിങ്ങൾക്ക് ഒരിക്കലും സംതൃപ്തി തോന്നരുത്.” വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ, അദ്ദേഹം അത്രമേൽ ആഴത്തിൽ വിശ്വസിച്ചിരുന്ന കരുത്തുറ്റതും അവിഭാജ്യവും ആത്മവിശ്വാസമുള്ളതും കാരുണ്യമുള്ളതുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ ഓരോ ദിവസവും പരിശ്രമിക്കുക എന്നതാണ് നാം അദ്ദേഹത്തിന് നൽകുന്ന ഏറ്റവും മികച്ച ശ്രദ്ധാഞ്ജലി. ഇന്നത്തെ യുവാക്കളെ എനിക്കറിയാം, അവർ ഈ അവസരത്തിനൊത്തുയർന്ന് കൃത്യമായി അതു ചെയ്യുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്.