ഒക്ടോബർ 30, 31 തീയതികളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കും. ഒക്ടോബർ 30-ന് പ്രധാനമന്ത്രി ഏകതാ നഗറിലെ കെവാഡിയയിലേക്ക് പോകുകയും വൈകീട്ട് 5:15-ന് അവിടെ ഇ-ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. വൈകീട്ട് 6:30-ന് ഏകതാ നഗറിൽ 1,140 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ-വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
ഒക്ടോബർ 31-ന് രാവിലെ 8 മണിക്ക് ഏകതാ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തും. തുടർന്ന് സർദാർ വല്ലഭായി പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങൾ നടക്കും. അതിനുശേഷം, രാവിലെ 10:45-ന്, ആരംഭ് 7.0-ലെ 100-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്സിലെ ഓഫീസർ ട്രെയിനികളുമായി അദ്ദേഹം സംവദിക്കും.
ഒന്നാം ദിവസം - ഒക്ടോബർ 30
ഏകതാ നഗറിൽ 1,140 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ-വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഈ പദ്ധതികൾ പ്രദേശത്തെ വിനോദസഞ്ചാരികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരതാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിടുന്നു. 1,140 കോടിയിലധികം രൂപയുടെ മൊത്തം നിക്ഷേപം വരുന്ന ഈ പദ്ധതികൾ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയ്ക്ക് ചുറ്റുമുള്ള മേഖലയിൽ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം, ഹരിത മൊബിലിറ്റി, സ്മാർട്ട് അടിസ്ഥാന സൗകര്യങ്ങൾ, ഗോത്ര വികസനം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള ഗവൺമെന്റ് കാഴ്ചപ്പാട് പ്രതിഫലിക്കുന്നു.
ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളിൽ രാജ്‍പിപ്‍ലയിലെ ബിർസ മുണ്ട ട്രൈബൽ യൂണിവേഴ്സിറ്റി, ഗരുഡേശ്വറിലെ ഹോസ്പിറ്റാലിറ്റി ഡിസ്ട്രിക്റ്റ് (ഒന്നാം ഘട്ടം), വാമൻ വൃക്ഷ വാടിക, സത്പുര സംരക്ഷണ ഭിത്തി, ഇ-ബസ് ചാർജിംഗ് ഡിപ്പോയും 25 ഇലക്ട്രിക് ബസുകളും, നർമ്മദ ഘട്ട് വിപുലീകരണം, കൗശല്യ പഥ്, ഏകതാ ദ്വാറിൽ നിന്ന് ശ്രേഷ്ഠ ഭാരത് ഭവനിലേക്കുള്ള നടപ്പാത (രണ്ടാം ഘട്ടം), സ്മാർട്ട് ബസ് സ്റ്റോപ്പുകൾ (രണ്ടാം ഘട്ടം), ഡാം റെപ്ലിക്ക ഫൗണ്ടൻ, GSEC ക്വാർട്ടേഴ്സ് തുടങ്ങിയവ ഉൾപ്പെടുന്നു.
തറക്കല്ലിടുന്ന പദ്ധതികളിൽ മ്യൂസിയം ഓഫ് റോയൽ കിങ്ഡംസ് ഓഫ് ഇന്ത്യ, വീർ ബാലക് ഉദ്യാനം, സ്പോർട്സ് കോംപ്ലക്സ്, റെയിൻ ഫോറസ്റ്റ് പ്രോജക്റ്റ്, ശൂൽപനേശ്വർ ഘട്ടിന് സമീപമുള്ള ജെട്ടി വികസനം, ഏകതാ പ്രതിമയിലെ ട്രാവലേറ്ററുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
ഈ പരിപാടിയിൽ, സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 150 രൂപയുടെ പ്രത്യേക നാണയവും സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.
രണ്ടാം ദിവസം - ഒക്ടോബർ 31
പ്രധാനമന്ത്രി രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കുകയും സർദാർ വല്ലഭായി പട്ടേലിന് പുഷ്പാർച്ചന നടത്തുകയും ചെയ്യും. അദ്ദേഹം ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഏകതാ ദിവസ് പരേഡിന് സാക്ഷ്യം വഹിക്കുകയും ചെയ്യും.
BSF, CRPF, CISF, ITBP, SSB എന്നിവയുടെയും വിവിധ സംസ്ഥാന പോലീസ് സേനകളുടെയും അംഗങ്ങൾ പരേഡിൽ അണിനിരക്കും. ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിൽ റാംപൂർ ഹൗണ്ട്സ്, മുധോൾ ഹൗണ്ട്സ് തുടങ്ങിയ തദ്ദേശീയ ഇനം നായ്ക്കൾ മാത്രം ഉൾപ്പെടുന്ന BSF മാർച്ചിംഗ് സംഘം, ഗുജറാത്ത് പോലീസിൻ്റെ കുതിരപ്പട, അസം പോലീസിൻ്റെ മോട്ടോർസൈക്കിൾ ഡെയർഡെവിൾ ഷോ, BSFൻ്റെ ഒട്ടക സംഘവും കാമൽ മൗണ്ടഡ് ബാൻഡും എന്നിവ ഉൾപ്പെടുന്നു.
ഝാർഖണ്ഡിലെ നക്സൽ വിരുദ്ധ ഓപ്പറേഷനുകളിലും ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ ഓപ്പറേഷനുകളിലും അസാമാന്യ ധീരത കാണിച്ച CRPFൽ നിന്നുള്ള അഞ്ച് ശൗര്യ ചക്ര പുരസ്കാര ജേതാക്കളെയും BSFൽ നിന്നുള്ള 16 ധീരതാ മെഡൽ ജേതാക്കളെയും പരേഡിൽ ആദരിക്കും. 'ഓപ്പറേഷൻ സിന്ദൂർ' സമയത്തെ ധീരതയ്ക്ക് BSF ഉദ്യോഗസ്ഥരെയും ആദരിക്കും.
ഈ വർഷത്തെ രാഷ്ട്രീയ ഏകതാ ദിവസ് പരേഡിൽ 'നാനാത്വത്തിൽ ഏകത്വം' എന്ന പ്രമേയത്തിൽ അവതരിപ്പിക്കുന്ന NSG, NDRF, ഗുജറാത്ത്, ജമ്മു കശ്മീർ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മണിപ്പൂർ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള പത്ത് ടാബ്ലോകൾ ഉണ്ടാകും. 900 കലാകാരന്മാർ അണിനിരക്കുന്ന സാംസ്കാരിക പരിപാടിയിൽ ഇന്ത്യൻ സംസ്കാരത്തിൻ്റെ സമ്പന്നതയും വൈവിധ്യവും പ്രതിനിധീകരിക്കുന്ന ക്ലാസിക്കൽ നൃത്തങ്ങൾ പ്രദർശിപ്പിക്കും. സർദാർ വല്ലഭായി പട്ടേലിൻ്റെ 150-ാം ജന്മവാർഷികം രാജ്യം ആഘോഷിക്കുന്നതിനാൽ ഈ വർഷത്തെ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
ആരംഭ് 7.0-യുടെ സമാപനത്തിൽ 100-ാമത് ഫൗണ്ടേഷൻ കോഴ്സിലെ ഓഫീസർ ട്രെയിനികളുമായി പ്രധാനമന്ത്രി സംവദിക്കും. "ഭരണത്തെ പുനരാവിഷ്കരിക്കുക" എന്ന പ്രമേയത്തിലാണ് ആരംഭിന്റെ ഏഴാം പതിപ്പ് നടക്കുന്നത്. ഇന്ത്യയിലെ 16 സിവിൽ സർവീസുകളിൽ നിന്നും ഭൂട്ടാനിലെ 3 സിവിൽ സർവീസുകളിൽ നിന്നുമുള്ള 660 ഓഫീസർ ട്രെയിനികൾ 100-ാമത് ഫൗണ്ടേഷൻ കോഴ്സിൽ ഉൾപ്പെടുന്നു.


