പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 25-ന് വൈകുന്നേരം 6:15-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്യും.
വേൾഡ് ഫുഡ് ഇന്ത്യ 2025 പതിപ്പ്, സെപ്റ്റംബർ 25 മുതൽ 28 വരെ നടക്കും. ഭക്ഷ്യ സംസ്കരണ മേഖല, ഭക്ഷ്യ സുസ്ഥിരത, പോഷകഗുണമുള്ളതും ജൈവവുമായ ഭക്ഷണ പദാർത്ഥങ്ങളുടെ ഉത്പാദനം എന്നിവയിലെ ഇന്ത്യയുടെ ശക്തി പ്രകടമാക്കുന്ന പരിപാടിയാണിത്.
ഭക്ഷ്യ സംസ്കരണ മേഖലയിലെ 2,510 കോടി രൂപയിലധികം മൂല്യമുള്ള സൂക്ഷ്മ സംരംഭങ്ങളിലെ ഏകദേശം 26,000 ഗുണഭോക്താക്കൾക്ക് 770 കോടിയിലധികം രൂപയുടെ വായ്പാ ബന്ധിത സഹായം ലഭ്യമാക്കും.
സിഇഒ വട്ടമേശ സമ്മേളനങ്ങൾ, സാങ്കേതിക സെഷനുകൾ, പ്രദർശനങ്ങൾ, ബിസിനസ്-ടു-ബിസിനസ് (B2B), ബിസിനസ്-ടു-ഗവൺമെന്റ് (B2G), ഗവൺമെന്റ്-ടു-ഗവൺമെന്റ് (G2G) യോഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി ബിസിനസ് ഇടപെടലുകളും വേൾഡ് ഫുഡ് ഇന്ത്യ 2025-ൽ ഉൾപ്പെടുന്നു. ഫ്രാൻസ്, ജർമ്മനി, ഇറാൻ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ഡെൻമാർക്ക്, ഇറ്റലി, തായ്‌ലൻഡ്, ഇന്തോനേഷ്യ, തായ്‌വാൻ, ബെൽജിയം, ടാൻസാനിയ, എറിത്രിയ, സൈപ്രസ്, അഫ്ഗാനിസ്ഥാൻ, ചൈന, യുഎസ്എ എന്നിവയുൾപ്പെടെ 21 രാജ്യങ്ങളും 150 അന്താരാഷ്ട്ര പങ്കാളികളും പരിപാടിയുടെ ഭാഗമാകും.
ഇന്ത്യ ഒരു ആഗോള ഭക്ഷ്യ സംസ്കരണ കേന്ദ്രം എന്ന നിലയിൽ ഭക്ഷ്യ സംസ്കരണത്തിലെ സുസ്ഥിരതയും നെറ്റ് സീറോയും, ഭക്ഷ്യ സംസ്കരണത്തിലെ അതിർവരമ്പുകൾ, വളർത്തു മൃഗങ്ങൾക്കുള്ള ഭക്ഷണ വ്യവസായം, പോഷകാഹാരത്തിനും ആരോഗ്യത്തിനുമുള്ള സംസ്കരിച്ച ഭക്ഷണ സാധനങ്ങൾ, സസ്യാധിഷ്ഠിത ഭക്ഷ്യവസ്തുക്കൾ, പോഷകഗുണമുള്ള ഭക്ഷണങ്ങൾ, പ്രത്യേക ആഹാര സാധനങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിവിധ സെഷനുകളും വേൾഡ് ഫുഡ് ഇന്ത്യയുടെ ഭാഗമാണ്. ഓരോ വിഭാഗത്തിൻ്റെയും പ്രദർശനങ്ങൾ 14 പ്രത്യേക പവലിയനുകളിലായി സജ്ജീകരിച്ചിട്ടുള്ള പരിപാടി 100,000 ഓളം സന്ദർശകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


