പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക സുസ്ഥിര വികസന ഉച്ചകോടി ഈ മാസം 10 ന് (2021 ഫെബ്രുവരി 10) വൈകുന്നേരം 6: 30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. ‘നമ്മുടെ പൊതു ഭാവി പുനർനിർവചിക്കുക: എല്ലാവർക്കും സുരക്ഷിതവും ഭദ്രവുമായ അന്തരീക്ഷം’ എന്നതാണ് ഉച്ചകോടിയുടെ വിഷയം. ഗയാനയിലെ പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി, പപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ, മാലദ്വീപ് പീപ്പിൾസ് മജ്സില്സ് സ്പീക്കർ ശ്രീ മുഹമ്മദ് നഷീദ്, ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ മുഹമ്മദ്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരിക്കും.
ഉച്ചകോടിയെക്കുറിച്ച്
എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ടെറി) പ്രധാന പരിപാടിയായ, ലോക സുസ്ഥിര വികസന ഉച്ചകോടി 2021 ഫെബ്രുവരി 10 മുതൽ 12 വരെ ഓൺലൈനിൽ നടക്കും. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ നിരവധി ഗവൺമെന്റുകൾ, ബിസിനസ്സ് നേതാക്കൾ, അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, യുവാക്കൾ, തുടങ്ങിയവയെ ഉച്ചകോടി ഒരുമിച്ച് കൊണ്ടുവരും. ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, പുതിയതും പുനരുൽപ്പാദിപ്പിക്കാവുന്നതുമായ ഊർജ്ജ മന്ത്രാലയം, ഭൗമശാസ്ത്ര മന്ത്രാലയം എന്നിവ ഉച്ചകോടിയുടെ പ്രധാന പങ്കാളികളാണ്. ഊർജ്ജവും വ്യവസായ പരിവർത്തനവും, പൊരുത്തപ്പെടുത്തലും പുനഃസ്ഥാപനവും, പ്രകൃതി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ, കാലാവസ്ഥാ ധനകാര്യം, വൃത്താകൃതിയിലുള്ള സമ്പദ്‌വ്യവസ്ഥ, ശുദ്ധമായ സമുദ്രങ്ങൾ, വായു മലിനീകരണം എന്നിവ ഉച്ചകോടിയിൽ ചർച്ചയ്ക്ക് വരുന്ന വിഷയങ്ങളിൽ ഉൾപ്പെടുന്നു.


