ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് കോണ്‍ക്ലേവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നാളെ (2020 ജനുവരി 28) അഭിസംബോധന ചെയ്യും.
ഉരുളക്കിഴങ്ങ് ഗവേഷണം, വ്യാപാരം, വ്യവസായം, മൂല്യവര്‍ദ്ധിത ശൃംഖല പരിപാലനം തുടങ്ങിയ മേഖലകളിലെ സമഗ്ര നേട്ടങ്ങളും അവസരങ്ങളും വിലയിരുത്തുന്ന പ്രധാനമന്ത്രി ഈ പതിറ്റാണ്ടിലേക്കുള്ള ഒരു മാര്‍ഗ്ഗരേഖ നിശ്ചയിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ശൃംഖലയിലെ മൂന്നാമത്തെ കോണ്‍ക്ലേവാണ് ഇപ്പോഴത്തേത്. ഓരോ പത്തുവര്‍ഷത്തിലൊരിക്കലും ഉരുളക്കിഴങ്ങ് മേഖലയിലെ നേട്ടങ്ങള്‍ കണ്ടെത്തേണ്ടതും വരുന്ന പതിറ്റാണ്ടിലേക്ക് ഒരു മാര്‍ഗ്ഗരേഖയ്ക്ക് രൂപം നല്‍കേണ്ടതും അനിവാര്യമാണ്. ഈ ദിശയിലായി കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളില്‍ 1999ലും 2008ലും രണ്ട് ഉരുളക്കിഴങ്ങ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ഉരുളക്കിഴങ്ങുമായി ബന്ധപ്പെട്ട മേഖലയിലെ എല്ലാ ഓഹരിപങ്കാളികളെയും ഒരു വേദിയില്‍ കൊണ്ടുവരാനും അതിലൂടെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാനും ഈ മേഖലയില്‍പ്പെട്ട എല്ലാവരെയും ഉള്‍പ്പെടുത്തികൊണ്ട് ഭാവി പരിപാടിക്ക് രൂപം നല്‍കാനും കോണ്‍ക്ലേവിലൂടെ അവസരം ലഭ്യമാകും. ഈ സവിശേഷ പരിപാടിയിലൂടെ ഉരുളക്കിഴങ്ങ് ഗവേഷണത്തിലെ അറിവുകളും നവീനാശങ്ങളും വിവിധ ഗുണഭോക്താക്കള്‍ക്ക് അനുഭവവേദ്യമാക്കാനാകും.
രാജ്യത്ത് ഉരുളക്കിഴങ്ങ് ഉല്‍പ്പാദനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ മാത്രം ഇന്ത്യയില്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്ന പ്രദേശത്തില്‍ 19% വര്‍ദ്ധനവുണ്ടായപ്പോള്‍ ഗുജറാത്തില്‍ ഇതില്‍ 170%ന്റെ വര്‍ദ്ധനയാണുണ്ടായത് (2006-07ലെ 49.7 ആയിരം ഹെക്ടറില്‍ നിന്നും 2017-18 ല്‍ അത് 133 ആയിരം ഹെക്ടറായി വര്‍ദ്ധിച്ചു). ഒരു ഹെക്ടറില്‍ നിന്ന് 30 ടണ്‍ ഉല്‍പ്പാദനക്ഷമതയോടെ, കഴിഞ്ഞ ഒരുപതിറ്റാണ്ടായി ഗുജറാത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്. സ്പ്രിംഗ്‌ളര്‍, തുള്ളി നന പോലുള്ള ആധുനിക കാര്‍ഷികരീതികള്‍ കൃഷിക്കായി സംസ്ഥാനം ഉപയോഗിക്കുന്നുണ്ട്.
ഏറ്റവും മികച്ച ശീതീകരണ സൗകര്യങ്ങളും പരസ്പരം മികച്ച ബന്ധിപ്പിക്കലും സംസ്ഥാനത്തിനുണ്ട്. മാത്രമല്ല, രാജ്യത്തെ മികച്ച ഉരുളക്കിഴങ്ങ് സംസ്‌ക്കരണ വ്യവസായങ്ങളും ഇവിടെയാണുള്ളത്.
ഇതിനെല്ലാമുപരിയായി ഭൂരിപക്ഷം ഉരുളക്കിഴങ്ങ് കയറ്റുമതിക്കാരും ഗുജറാത്ത് ആസ്ഥാനമായുള്ളവരാണ്. ഇതെല്ലാം സംസ്ഥാനത്തെ, രാജ്യത്തിലെ പ്രധാനപ്പെട്ട ഉരുളക്കിഴങ്ങ് ഹബ്ബ് ആയി വളരുന്നതിലേക്ക് നയിച്ചു.
ഇതിന്റെ വെളിച്ചത്തിലാണ് മൂന്നാമത് ആഗോള കോണ്‍ക്ലേവ് ഗുജറാത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, , ഷിംലയിലെ ഐ.സി.എ.ആര്‍-കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്, പെറുവിലെ ലീമയിലുള്ള അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് കേന്ദ്രം എന്നിവയുടെ സഹായത്തോടെ ഇന്ത്യന്‍ പൊട്ടറ്റോ അസോസിയേഷന്‍ (ഐ.പി.എ)ആണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
1) ഉരുളക്കിഴങ്ങ് കോണ്‍ഫറന്‍സ് 2) കാര്‍ഷികപ്രദര്‍ശനം 2) പൊട്ടറ്റോ ഫീല്‍ഡ് ഡയറി എന്നിങ്ങളെ മൂന്ന് ഘടകങ്ങളാണ് ഈ പരിപാടിക്കുള്ളത്.
നാളെ (2020 ജനുവരി 28) മുതല്‍ ഈ മാസം 30 വരെ മൂന്നുദിവസമാണ് പൊട്ടറ്റോ കോണ്‍ഫറന്‍സ് നടക്കുന്നത്. ഇതിന് പത്തു പ്രമേയങ്ങളാണുള്ളത്. അതില്‍ എട്ടെണ്ണം അടിസ്ഥാനപരവും പ്രായോഗികപരവുമായ ഗവേഷണത്തിലധിഷ്ഠിതമാണ്. മറ്റു രണ്ടു പ്രമേയങ്ങള്‍ ഉരുളക്കിഴങ്ങ് വ്യാപാരം, മൂല്യവര്‍ദ്ധിത ശൃംഖല പരിപാലനവും നയപരമായ പ്രശ്‌നങ്ങളും എന്നിവയ്ക്ക് ഊന്നല്‍ നല്‍കും.
ഉരുളക്കിഴങ്ങ് അധിഷ്ഠിത വ്യവസായങ്ങള്‍, വ്യാപാരം, സംസ്‌ക്കരണം, ഉരുളക്കിഴങ്ങ് വിത്ത് ഉല്‍പ്പാദനം, ബയോടെക്‌നോളജി, സാങ്കേതിക വിദ്യാ കൈമാറ്റത്തിലെ പൊതു- സ്വകാര്യ പങ്കാളിത്തം, കര്‍ഷകരുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനത്തിനായി 2020 ജനുവരി 28 മുതല്‍ 30 വരെ കാര്‍ഷികപ്രദര്‍ശനം സംഘടിപ്പിക്കും.
ഉരുളക്കിഴങ്ങ് ഫീല്‍ഡ് ദിവസം 2020 ജനുവരി 31നാണ് സംഘടിപ്പിക്കുന്നത്. ഉരുളക്കിഴങ്ങ് മേഖലയിലെ യന്ത്രവല്‍ക്കരണം, വിവിധതരത്തിലുള്ള ഉരുളക്കിഴങ്ങുകള്‍, ആധുനിക സാങ്കേതികവിദ്യ എന്നിവയിലുണ്ടായിട്ടുള്ള പുരോഗതികള്‍ പ്രദര്‍ശിപ്പിക്കും.
നടീല്‍ വസ്തുക്കളുടെ ലഭ്യതകുറവ്, വിതരണശൃംഖലകളുടെ അപര്യാപ്ത, വിളവെടുപ്പിന് ശേഷമുള്ള നഷ്ടങ്ങള്‍, സംസ്‌ക്കരണം ഉയര്‍ത്തുന്നതിന്റെ ആവശ്യകത, കയറ്റുമതിയും ഉപയോഗത്തിലെ വൈവിദ്ധ്യവല്‍ക്കരണവും, ആവശ്യമായ നയപരമായ പിന്തുണ, സര്‍ട്ടിഫൈ ചെയ്ത വിത്തുകളുടെ ഉല്‍പ്പാദനവും ഉപയോഗവും, ദീര്‍ഘദൂരത്തേയ്ക്ക് കൊണ്ടുപോകല്‍, കയറ്റുമതിപ്രോത്സാഹനം എന്നിവയെല്ലാം കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും.


