ദുരന്ത പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള 5 പ്രധാന ആഗോള മുൻഗണനകൾ പ്രധാനമന്ത്രി വിശദീകരിച്ചു.
ഇന്ത്യ 29 രാജ്യങ്ങൾക്ക് പ്രയോജനപ്പെടുന്ന സുനാമി മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചു: പ്രധാനമന്ത്രി
ചെറിയ ദ്വീപ് വികസ്വര രാഷ്ട്രങ്ങളെ മഹാസമുദ്ര രാജ്യങ്ങളായും അവയുടെ ദുർബലതകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നതും ഇന്ത്യ അംഗീകരിക്കുന്നു: പ്രധാനമന്ത്രി
കാലേകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും ഏകോപനവും ശക്തിപ്പെടുത്തേണ്ടത് നിർണായകമാണ്: പ്രധാനമന്ത്രി
ദുരന്തങ്ങളിൽ നിന്ന് കരകയറുന്നതിനുള്ള പഠനങ്ങളുടെയും മികച്ച രീതികളുടെയും ആഗോള ഡിജിറ്റൽ ശേഖരം ലോകമെമ്പാടുമുള്ളവർക്ക് ഗുണം ചെയ്യും: പ്രധാനമന്ത്രി

ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം 2025  (International Conference on Disaster Resilient Infrastructure 2025)-നെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. യൂറോപ്പിൽ ആദ്യമായി നടക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരെ അദ്ദേഹം സ്വാഗതം ചെയ്തു. 

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, യൂറോപ്പിൽ ഇതാദ്യമായി നടക്കുന്ന അന്താരാഷ്ട്ര ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരെ അദ്ദേഹം സ്വാഗതം ചെയ്യുകയും പരിപാടി സംഘടിപ്പിക്കുന്നതിന് പിന്തുണ നൽകിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും ഫ്രാൻസ് ഗവണ്മെന്റിനും നന്ദി അറിയിക്കുകയും ചെയ്തു. വരാനിരിക്കുന്ന, ഐക്യരാഷ്ട്രസഭ സമുദ്ര സമ്മേളനത്തിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു.

 

സമ്മേളനത്തിന്റെ പ്രമേയമായ 'തീരപ്രദേശങ്ങൾക്കായി ഒരു സുസ്ഥിര ഭാവി രൂപപ്പെടുത്തുക' എന്നതിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, തീരദേശ പ്രദേശങ്ങളും ദ്വീപുകളും പ്രകൃതിദുരന്തങ്ങൾക്കും കാലാവസ്ഥാ വ്യതിയാനത്തിനും ഇരയാകാനുള്ള സാധ്യത ശ്രീ മോദി അടിവരയിട്ടു. ഇന്ത്യയിലും ബംഗ്ലാദേശിലുമുണ്ടായ റെമാൽ ചുഴലിക്കാറ്റ്, കരീബിയനിലെ ബെറിൽ ചുഴലിക്കാറ്റ്, തെക്കുകിഴക്കൻ ഏഷ്യയിലെ യാഗി ചുഴലിക്കാറ്റ്, അമേരിക്കയിലെ ഹെലൻ ചുഴലിക്കാറ്റ്, ഫിലിപ്പീൻസിലെ ഉസാഗി ചുഴലിക്കാറ്റ്, ആഫ്രിക്കയുടെ ചില ഭാഗങ്ങളിലുണ്ടായ ചിഡോ ചുഴലിക്കാറ്റ് എന്നിവയുൾപ്പെടെയുള്ള സമീപകാല ദുരന്തങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ദുരന്തങ്ങൾ ജീവനും സ്വത്തിനും കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെന്നും, പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും സജീവ ദുരന്തനിവാരണത്തിന്റെയും ആവശ്യകത ഇത് ശക്തിപ്പെടുത്തുന്നുവെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു.

1999 ലെ സൂപ്പർ സൈക്ലോൺ, 2004 ലെ സുനാമി എന്നിവയുൾപ്പെടെയുള്ള വിനാശകരമായ ഇന്ത്യയുടെ മുൻകാല ദുരന്ത അനുഭവങ്ങൾ അനുസ്മരിച്ചുകൊണ്ട്, ഇന്ത്യ എങ്ങനെയാണ് ഇവയ്‌ക്കെതിരെ പ്രതിരോധശേഷി കൈവരിക്കുകയും പുനർനിർമ്മിക്കുകയും ചെയ്തതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ദുർബല പ്രദേശങ്ങളിൽ സൈക്ലോൺ ഷെൽട്ടറുകൾ നിർമ്മിച്ചതും 29 രാജ്യങ്ങൾക്ക് പ്രയോജനപ്പെടുന്ന സുനാമി മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതിലുള്ള ഇന്ത്യയുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു.

25 ചെറു ദ്വീപ് വികസ്വര രാഷ്ട്രങ്ങളുമായി സഹകരിച്ച്, ദുരന്ത പ്രതിരോധശേഷിയുള്ള വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ, ഊർജ്ജ സംവിധാനങ്ങൾ, ജല സുരക്ഷാ നടപടികൾ, കാലേകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ നിർമ്മിക്കുന്നതിനായി ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളുടെ കൂട്ടായ്മ (Coalition for Disaster Resilient Infrastructure’s CDRI) നടത്തുന്ന പ്രവർത്തനങ്ങൾ മോദി എടുത്തുപറഞ്ഞു. പസഫിക്, ഇന്ത്യൻ മഹാസമുദ്രം, കരീബിയൻ മേഖലകൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും, കൂട്ടായ്മയിലെ ആഫ്രിക്കൻ യൂണിയന്റെ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. ആഗോള മുൻഗണനകളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, പ്രധാനമന്ത്രി 5 പ്രധാന വിഷയങ്ങൾ വിശദീകരിച്ചു. ഒന്നാമതായി, ഭാവി വെല്ലുവിളികളെ നേരിടാൻ സജ്ജരായ വൈദഗ്ധ്യമുള്ള ഒരു തൊഴിൽ ശക്തിയെ കെട്ടിപ്പടുക്കുന്നതിനായി ദുരന്ത പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കോഴ്സുകൾ, മൊഡ്യൂളുകൾ, നൈപുണ്യ വികസന പരിപാടികൾ എന്നിവ ഉന്നത വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം. രണ്ടാമതായി, ദുരന്തങ്ങളെ നേരിടുകയും പ്രതിരോധശേഷിയോടെ പുനർനിർമ്മിക്കുകയും ചെയ്ത രാജ്യങ്ങളിൽ നിന്നുള്ള മികച്ച പ്രവർത്തനങ്ങളും പഠനങ്ങളും രേഖപ്പെടുത്തുന്നതിന് ഒരു ആഗോള ഡിജിറ്റൽ ശേഖരം ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മൂന്നാമതായി, ദുരന്ത പ്രതിരോധശേഷിക്ക് പുതുതായി ധനസഹായം ആവശ്യമാണെന്ന് അടിവരയിട്ട അദ്ദേഹം, വികസ്വര രാജ്യങ്ങൾക്ക് ആവശ്യമായ ഫണ്ടുകൾ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പ്രായോഗിക പരിപാടികൾ രൂപീകരിക്കാൻ ആഹ്വാനം ചെയ്തു. നാലാമതായി ചെറിയ ദ്വീപ് വികസ്വര രാജ്യങ്ങളെ വലിയ സമുദ്ര രാജ്യങ്ങളായി ഇന്ത്യ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി ആവർത്തിക്കുകയും, അവയുടെ ദുർബലതകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് ഊന്നിപ്പറയുകയും ചെയ്തു. അഞ്ചാമത്തെ മുൻഗണനയെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, സമയബന്ധിതമായി തീരുമാനമെടുക്കാനും ഫലപ്രദമായ അവസാനഘട്ട ആശയവിനിമയത്തിനും നിർണായക പങ്ക് വഹിക്കുന്ന, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളും ഏകോപനവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രീ മോദി എടുത്തുപറഞ്ഞു. സമ്മേളനത്തിലെ ചർച്ചകൾ ഈ അവശ്യ കാര്യങ്ങളെല്ലാം അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

വികസനത്തിൽ ദുരന്ത പ്രതിരോധശേഷിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, കാലത്തെയും വേലിയേറ്റങ്ങളെയും അതിജീവിച്ച് നിലനിൽക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ശക്തമായതും ദുരന്തങ്ങളെ അതിജീവിക്കുന്നതുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് ആഗോള തലത്തിലുള്ള ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
e-Jagriti: Reimagining consumer justice for a Digital India

Media Coverage

e-Jagriti: Reimagining consumer justice for a Digital India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 4
July 04, 2026

PM Modi’s Viksit Bharat Vision in Action: Modern Infrastructure, Strategic Strength & Economic Progress