രാഷ്ട്രപതിയുടെ പ്രസംഗം 140 കോടി ഇന്ത്യക്കാരുടെ ആത്മവിശ്വാസത്തിന്റെയും അഭിലാഷങ്ങളുടെയും പ്രതിഫലനമാണ്: പ്രധാനമന്ത്രി
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യുവാക്കൾക്കും കർഷകർക്കും ഉൽപ്പാദകർക്കും വിശാലമായ അവസരങ്ങൾ തുറന്നുനൽകുന്നു: പ്രധാനമന്ത്രി
നമ്മുടെ സർക്കാർ 'പരിഷ്കരണം, പ്രകടനം, പരിവർത്തനം' എന്ന നയത്തിൽ വിശ്വസിക്കുന്നു; രാജ്യം 'പരിഷ്കരണ എക്സ്പ്രസ്സിൽ' അതിവേഗം മുന്നേറുകയാണ്: പ്രധാനമന്ത്രി
ഇന്ത്യയുടെ ജനാധിപത്യവും ജനസംഖ്യാ ഘടനയും ലോകത്തിന് തന്നെ പ്രതീക്ഷയുടെ വെളിച്ചമാണ്: പ്രധാനമന്ത്രി
ഇത് പരിഹാരങ്ങളുടെയും, ശാക്തീകരണ തീരുമാനങ്ങളുടെയും, പരിഷ്കാരങ്ങൾ വേഗത്തിലാക്കുന്നതിന്റേയും സമയമാണ്: പ്രധാനമന്ത്രി

പാർലമെൻ്റിൻ്റെ 2026-ലെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റ് പരിസരത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. രാഷ്ട്രപതിയുടെ പ്രസംഗം 140 കോടി പൗരന്മാരുടെ ആത്മവിശ്വാസത്തിന്റെ പ്രകടനമാണെന്നും, അവരുടെ കഠിനാധ്വാനത്തിന്റെ നേർസാക്ഷ്യമാണെന്നും, യുവാക്കളുടെ അഭിലാഷങ്ങളുടെ കൃത്യമായ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്റെ തുടക്കത്തിലും 2026 എന്ന വർഷത്തിന്റെ തുടക്കത്തിലും രാഷ്ട്രപതി എല്ലാ പാർലമെന്റ് അംഗങ്ങൾക്കും മുന്നിൽ നിരവധി മാർഗനിർദ്ദേശങ്ങൾ വെച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രത്തലവൻ എന്ന നിലയിൽ ലളിതമായ വാക്കുകളിൽ രാഷ്ട്രപതി പ്രകടിപ്പിച്ച പ്രതീക്ഷകൾ എല്ലാ എം.പിമാരും തീർച്ചയായും ഗൗരവമായി എടുത്തിട്ടുണ്ടാകുമെന്നും, ഇത് ഈ സമ്മേളനത്തെ വളരെ പ്രധാനപ്പെട്ട ഒന്നാക്കി മാറ്റുന്നുവെന്നും ശ്രീ മോദി പ്രസ്താവിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഒന്നാം പാദം പൂർത്തിയാക്കി രണ്ടാം പാദത്തിലേക്ക് കടക്കുന്ന ബജറ്റ് സമ്മേളനമാണിതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടുത്ത 25 വർഷം നിർണ്ണായകമാണെന്നും, നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലെ ആദ്യ ബജറ്റാണിതെന്നും അദ്ദേഹം അടിവരയിട്ടു. രാജ്യത്തെ ആദ്യത്തെ വനിതാ ധനമന്ത്രിയായ നിർമല സീതാരാമൻ തുടർച്ചയായ ഒൻപതാം തവണയാണ് പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നതെന്നും, ഇത് ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിലെ അഭിമാനകരമായ നിമിഷമാണെന്നും പ്രധാനമന്ത്രി കുറിച്ചു.

 

ലോകത്തിന് മുന്നിൽ ഒരു പ്രതീക്ഷാകിരണമായും ആകർഷണ കേന്ദ്രമായും ആത്മവിശ്വാസവുമുള്ള ഒരു  രാജ്യമായി ഇന്ത്യ ഉയർന്നുവന്ന ഈ വർഷം, വളരെ പോസിറ്റീവായ രീതിയിലാണ് ആരംഭിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ പാദത്തിന്റെ തുടക്കത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുണ്ടായ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയിലെ യുവാക്കളുടെ ശോഭനമായ ഭാവിയിലേക്കും വരാനിരിക്കുന്ന വാഗ്ദാനങ്ങൾ നിറഞ്ഞ വഴികളിലേക്കുമാണ് വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുകൊണ്ട് ലക്ഷ്യബോധമുള്ള ഇന്ത്യയ്ക്കും, അഭിലാഷങ്ങളുള്ള യുവാക്കൾക്കും, ആത്മനിർഭർ ഭാരതത്തിനും വേണ്ടിയുള്ള സ്വതന്ത്ര വ്യാപാരമാണ് ഈ കരാറെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ നിർമ്മാതാക്കൾ തങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള "മദർ ഓഫ് ഓൾ ഡീൽസ്" എന്ന് വിളിക്കപ്പെടുന്ന ഈ കരാറിലൂടെ വിശാലമായ ഒരു വിപണി ഇപ്പോൾ തുറന്നിരിക്കുകയാണെന്നും ഇന്ത്യൻ ഉൽപ്പന്നങ്ങൾ കുറഞ്ഞ ചിലവിൽ അവിടെ എത്തുമെന്നും അദ്ദേഹം എല്ലാ ഉൽപ്പാദകരോടും പറഞ്ഞു. എന്നാൽ  വ്യവസായ പ്രമുഖരും നിർമ്മാതാക്കളും  ഇതുകൊണ്ടുമാത്രം സംതൃപ്തരായി ഇരിക്കാതെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുമായി ഈ തുറന്ന വിപണിയിലേക്ക് പ്രവേശിക്കുന്നത് 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ഉപഭോക്താക്കളിൽ നിന്ന് ലാഭം നേടാൻ മാത്രമല്ല, അവരുടെ ഹൃദയം കീഴടക്കാനും സഹായിക്കും. ഇത് പതിറ്റാണ്ടുകളോളം നിലനിൽക്കുന്ന സ്വാധീനം സൃഷ്ടിക്കും.രാജ്യത്തിന്റെ ബ്രാൻഡിനൊപ്പം കമ്പനികളുടെ ബ്രാൻഡുകളും പുതിയ അന്തസ്സ് സ്ഥാപിക്കുമെന്ന് അദ്ദേഹം കുറിച്ചു. ഈ 27 രാജ്യങ്ങളുമായുള്ള കരാർ ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും യുവാക്കൾക്കും ആഗോള അവസരങ്ങൾ തേടാൻ ആഗ്രഹിക്കുന്ന സേവന മേഖലയിലുള്ളവർക്കും വലിയ അവസരങ്ങൾ നൽകുന്നുവെന്ന് ശ്രീ മോദി അടിവരയിട്ടു. ആത്മവിശ്വാസമുള്ളതും മത്സരക്ഷമതയുള്ളതും ഉൽപ്പാദനക്ഷമതയുള്ളതുമായ ഇന്ത്യയ്‌ക്കായുള്ള  സുപ്രധാന ചുവടുവെപ്പാണിതെന്ന് അദ്ദേഹം ആത്മവിശ്വാസം കൊണ്ടു.

 

ദേശീയ ശ്രദ്ധ സ്വാഭാവികമായും ബജറ്റിലേക്ക് തിരിയുമ്പോൾ തന്നെ, 'പരിഷ്കരണം, പ്രകടനം, പരിവർത്തനം' (Reform, Perform, Transform) എന്നതാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യം ഇപ്പോൾ ഒരു 'പരിഷ്കരണ എക്സ്പ്രസ്സിൽ' (Reform Express) അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും, ഈ പരിഷ്കരണ യാത്രയ്ക്ക് വേഗം കൂട്ടാൻ തങ്ങളുടെ ക്രിയാത്മകമായ ഊർജ്ജം നൽകിയ എല്ലാ പാർലമെന്റ് അംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.ദീർഘകാലമായി കെട്ടിക്കിടക്കുന്ന പ്രശ്നങ്ങളിൽ നിന്ന് രാജ്യം ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും, ഇത് സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം ആഗോളതലത്തിൽ വിശ്വാസം കെട്ടിപ്പടുക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. രാജ്യപുരോഗതി ലക്ഷ്യമിട്ടുള്ള ഓരോ തീരുമാനവും മാനുഷിക കേന്ദ്രീകൃതമായി (Human-centric) തുടരുമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. സാങ്കേതികവിദ്യയോട് ഇന്ത്യ മത്സരിക്കുകയും അത് സ്വാംശീകരിക്കുകയും ചെയ്യുമെങ്കിലും, മാനുഷികമായ മുൻഗണനകളിൽ സർക്കാർ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം അടിവരയിട്ടു. സാങ്കേതികവിദ്യയെ സംവേദനക്ഷമതയുമായി സന്തുലിതമാക്കുന്ന കാഴ്ചപ്പാടോടെയാകും രാജ്യം മുന്നോട്ട് പോകുക.സർക്കാർ പദ്ധതികൾ കേവലം ഫയലുകളിൽ ഒതുങ്ങാതെ ജനങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്ന 'അവസാന മൈൽ  സേവന വിതരണത്തിൽ' (Last-mile delivery) സർക്കാർ പുലർത്തുന്ന ശ്രദ്ധയെ വിമർശകർ പോലും അംഗീകരിക്കുന്നുണ്ടെന്ന് അദ്ദേഹം കുറിച്ചു. പരിഷ്കരണ എക്സ്പ്രസ്സിലെ അടുത്ത തലമുറ പരിഷ്കാരങ്ങളിലൂടെ ഈ പാരമ്പര്യം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ജനാധിപത്യവും ജനസംഖ്യാ ഘടനയും (Demography) ഇന്ന് ലോകത്തിന് വലിയൊരു പ്രതീക്ഷയാണെന്നും, ഈ ജനാധിപത്യ ദേവാലയത്തിൽ നിന്ന് കരുത്തിന്റെയും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയുടെയും സന്ദേശം ലോകത്തിന് നൽകാൻ ഇന്ത്യയ്ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സമയം തടസ്സങ്ങൾ സൃഷ്ടിക്കാനുള്ളതല്ല, മറിച്ച് പരിഹാരങ്ങൾ കണ്ടെത്താനുള്ളതാണെന്ന് ശ്രീ മോദി ഓർമ്മിപ്പിച്ചു. പരിഹാരങ്ങളുടെ കാലഘട്ടത്തിന് വേഗം കൂട്ടാനും, ശാക്തീകരണ തീരുമാനങ്ങൾ എടുക്കാനും, സേവനങ്ങൾ ഏറ്റവും താഴെത്തട്ടിൽ എത്തിക്കാനും എല്ലാ എം.പിമാരോടും അദ്ദേഹം ആഹ്വാനം ചെയ്തു. ഏവർക്കും ഹൃദയംഗമമായ നന്ദിയും ആശംസകളും നേർന്നുകൊണ്ട് അദ്ദേഹം വാക്കുകൾ ഉപസംഹരിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
IIT Delhi tops India in QS Rankings 2027; 52 Indian institutions feature

Media Coverage

IIT Delhi tops India in QS Rankings 2027; 52 Indian institutions feature
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 18
June 18, 2026

PM Modi’s Leadership Delivers: Electronic Interlocking, Semiconductor Push & Tariff-Free UK Access