ഇന്ത്യയിൽ, പാരമ്പര്യം നൂതനത്വവുമായും, ആത്മീയത ശാസ്ത്രവുമായും, ജിജ്ഞാസ സർഗാത്മകതയുമായും ഒന്നുചേരുന്നു; നൂറ്റാണ്ടുകളായി, ഇന്ത്യക്കാർ ആകാശം നിരീക്ഷിക്കുകയും വലിയ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തുവരുന്നു: പ്രധാനമന്ത്രി
സമുദ്രനിരപ്പിൽനിന്ന് 4500 മീറ്റർ ഉയരത്തിൽ, നക്ഷ​ത്രങ്ങളുമായി കൈകോർക്കാൻ കഴിയുന്നത്ര അടുത്താണ്, ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങളിലൊന്നിനു നാം ആതിഥേയത്വം വഹിക്കുന്നത്: പ്രധാനമന്ത്രി
ശാസ്ത്രകൗതുകം വളർത്തുന്നതിനും യുവ മനസ്സുകളെ ശാക്തീകരിക്കുന്നതിനും ഇന്ത്യ വളരെയധികം പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി
പ്രപഞ്ചാന്വേഷണം നടത്തുമ്പോൾ, ബഹിരാകാശശാസ്ത്രത്തിനു ഭൂമിയിലെ ജനങ്ങളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താൻ കഴിയുമെന്നും നാം ചോദിക്കണം: പ്രധാനമന്ത്രി
അന്താരാഷ്ട്ര സഹകരണത്തിന്റെ ശക്തിയിൽ ഇന്ത്യ വിശ്വസിക്കുന്നു. ഈ ഒളിമ്പ്യാഡ് ആ മനോഭാവം പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ 18-ാമത് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര-ജ്യോതിർഭൗതിക ഒളിമ്പ്യാഡിനെ അഭിസംബോധന ചെയ്തു. ഈ അവസരത്തിൽ, ഒളിമ്പ്യാഡിൽ പങ്കെടുക്കാനായി 64 രാജ്യങ്ങളിൽനിന്നെത്തിയ 300-ലധികംപേരുമായി സംവദിക്കാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. അവരെ അന്താരാഷ്ട്ര ഒളിമ്പ്യാഡിനായി ഇന്ത്യയിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു. “ഇന്ത്യയിൽ, പാരമ്പര്യം നൂതനത്വവുമായും, ആത്മീയത ശാസ്ത്രവുമായും, ജിജ്ഞാസ സർഗാത്മകതയുമായും ഒന്നുചേരുന്നു. നൂറ്റാണ്ടുകളായി, ഇന്ത്യക്കാർ ആകാശം നിരീക്ഷിക്കുകയും വലിയ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തുവരുന്നു”- ശ്രീ മോദി പറഞ്ഞു. അഞ്ചാം നൂറ്റാണ്ടിൽ പൂജ്യം കണ്ടുപിടിച്ചതും ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നുവെന്ന് ആദ്യമായി പ്രസ്താവിച്ചതുമായ ആര്യഭട്ടന്റെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. “അക്ഷരാർത്ഥത്തിൽ, അദ്ദേഹം പൂജ്യത്തിൽനിന്നാരംഭിച്ചു ചരിത്രം സൃഷ്ടിച്ചു!” - പ്രധാനമന്ത്രി പറഞ്ഞു.

“ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങളിലൊന്ന് ഇന്ത്യയിലെ ലഡാക്കിലാണു സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 4500 മീറ്റർ ഉയരത്തിലാണ് ഇതുള്ളത്; നക്ഷത്രങ്ങളുമായി കൈകോർക്കാൻ കഴിയുന്നത്ര അടുത്ത്!” -  ശ്രീ മോദി അഭിപ്രായപ്പെട്ടു. പുണെയിലെ ബൃഹത്തായ മീറ്റർവേവ് റേഡിയോ ദൂരദർശിനിയെക്കുറിച്ചും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. പൾസാർ, ക്വാസാർ, താരാപഥങ്ങൾ എന്നിവയുടെ നിഗൂഢതകൾ മനസ്സിലാക്കാൻ സഹായിക്കുന്ന ലോകത്തിലെ ഏറ്റവും സെൻസിറ്റീവ് റേഡിയോ ദൂരദർശിനികളിലൊന്നായി അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു. സ്ക്വയർ കിലോമീറ്റർ അറേ, LIGO-ഇന്ത്യ തുടങ്ങിയ ബൃഹത്തായ ആഗോള ശാസ്ത്രപദ്ധതികൾക്ക് ഇന്ത്യ അഭിമാനത്തോടെ സംഭാവന നൽകുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. രണ്ടുവർഷംമുമ്പ്, ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തു വിജയകരമായി ഇറങ്ങുന്ന ആദ്യ ദൗത്യമായി ചരിത്രം സൃഷ്ടിച്ചുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സൗരജ്വാലകൾ, കൊടുങ്കാറ്റുകൾ, സൂര്യന്റെ ഉപരിതലത്തിലെ മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കുന്ന ആദിത്യ-എൽ1 സൗരനിരീക്ഷണാലയത്തിലൂടെ ഇന്ത്യ സൂര്യനെയും ലക്ഷ്യം വച്ചിട്ടുണ്ടെന്നു ശ്രീ മോദി കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ചരിത്ര ദൗത്യം പൂർത്തിയാക്കിയതായും ഇത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമായ നിമിഷമാണെന്നും യുവാക്കൾക്കു പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രകൗതുകം വളർത്താനും യുവമനസ്സുകളെ ശാക്തീകരിക്കുന്നതിനും ഇന്ത്യ വളരെയധികം പ്രതിജ്ഞാബദ്ധമാണെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, അടൽ ടിങ്കറിങ് ലാബുകളിലെ പരീക്ഷണങ്ങളിലൂടെ 10 ദശലക്ഷത്തിലധികം വിദ്യാർഥികൾ STEM ആശയങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും അതുവഴി പഠനത്തിന്റെയും നവീകരണത്തിന്റെയും സംസ്കാരം സൃഷ്ടിക്കുന്നുണ്ടെന്നും എടുത്തുപറഞ്ഞു. അറിവിലേക്കുള്ള പ്രവേശനം കൂടുതൽ ജനാധിപത്യപരമാക്കുന്നതിനായി, ‘ഒരു രാഷ്ട്രം ഒരു സബ്‌സ്‌ക്രിപ്‌ഷൻ’ പദ്ധതി ആരംഭിച്ചതായി ശ്രീ മോദി അറിയിച്ചു. ദശലക്ഷക്കണക്കിനു വിദ്യാർഥികൾക്കും ഗവേഷകർക്കും സൗജന്യമായി പ്രശസ്തമായ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങൾ പ്രാപ്തമാക്കാൻ ഇതു സഹായിക്കുന്നു. STEM മേഖലകളിലെ സ്ത്രീപങ്കാളിത്തത്തിൽ ലോകത്തെ മുൻനിര രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ സംരംഭങ്ങൾപ്രകാരം, ഗവേഷണ ആവാസവ്യവസ്ഥയിൽ കോടിക്കണക്കിനു ഡോളർ നിക്ഷേപിക്കപ്പെടുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ പഠിക്കാനും ഗവേഷണം നടത്താനും സഹകരിക്കാനും ലോകമെമ്പാടുമുള്ള യുവമനസ്സുകളെ അദ്ദേഹം ക്ഷണിച്ചു. “അത്തരം പങ്കാളിത്തങ്ങളിൽനിന്നാണ് അടുത്ത വലിയ ശാസ്ത്രമുന്നേറ്റം പിറക്കുന്നത്!” - അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യകുലത്തിനു പ്രയോജനകരമാകുന്ന ലക്ഷ്യങ്ങളുമായി സ്വന്തം ശ്രമങ്ങൾ പൊരുത്തപ്പെടുത്തണമെന്നു ഒളിമ്പ്യാഡിൽ പങ്കെടുക്കുന്നവരോടു ശ്രീ മോദി ആഹ്വാനം ചെയ്തു. ബഹിരാകാശശാസ്ത്രത്തിനു ഭൂമിയിലെ ജീവിതത്തെ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നു ചിന്തിക്കാൻ ശ്രീ മോദി യുവപര്യവേക്ഷകരോട് ആവശ്യപ്പെട്ടു. അദ്ദേഹം നിർണായകമായ ചില ചോദ്യങ്ങളും മുന്നോട്ടുവച്ചു: കർഷകർക്ക് ഇതിലും മികച്ച കാലാവസ്ഥാപ്രവചനങ്ങൾ എങ്ങനെ നൽകാനാകും? പ്രകൃതിദുരന്തങ്ങൾ പ്രവചിക്കാൻ നമുക്കു കഴിയുമോ? കാട്ടുതീയും ഉരുകുന്ന ഹിമാനികളും നിരീക്ഷിക്കാൻ നമുക്കു കഴിയുമോ? ഒറ്റപ്പെട്ട വിദൂരമേഖലകൾക്കു മികച്ച ആശയവിനിമയം സാധ്യമാക്കാൻ നമുക്കു കഴിയുമോ? ശാസ്ത്രത്തിന്റെ ഭാവി യുവമനസ്സുകളിലാണെന്നും, ഭാവനയും അനുകമ്പയും ചേർത്തു യാഥാർഥ്യ​ബോധത്തോടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “എന്താണ് അവിടെയുള്ളത്?” എന്നു ചോദിക്കാനും ഭൂമിയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അത് എങ്ങനെ സഹായിക്കുമെന്നു ചിന്തിക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

“ഇന്ത്യ വിശ്വസിക്കുന്നത് അന്താരാഷ്ട്ര സഹകരണത്തിന്റെ ശക്തിയിലാണ്. ഈ ഒളിമ്പ്യാഡ് ആ മനോഭാവം പ്രതിഫലിപ്പിക്കുന്നു” -  ഒളിമ്പ്യാഡിന്റെ ഈ പതിപ്പ് ഇതുവരെയുള്ളതിൽവച്ച് ഏറ്റവും വലുതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പരിപാടി സാധ്യമാക്കിയതിനു ഹോമി ഭാഭ ശാസ്ത്ര വിദ്യാഭ്യാസ കേന്ദ്രത്തിനും റ്റാറ്റ അടിസ്ഥാന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിനും അദ്ദേഹം നന്ദി പറഞ്ഞു. ഉയർന്ന ലക്ഷ്യങ്ങൾ നേടാനും വലിയ സ്വപ്നങ്ങൾ കാണാനും ശ്രീ മോദി പരിപാടിയിൽ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിച്ചു. “ഓർക്കുക, ഇന്ത്യയിൽ, ആകാശം പരിധിയല്ല. അതു തുടക്കം മാത്രമാണെന്നാണു ഞങ്ങൾ വിശ്വസിക്കുന്നത്!” -പ്രധാനമന്ത്രി ഉപസംഹരിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions