നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ, വ്യവസായ പ്രമുഖർ, നൂതനാശയക്കാർ, സ്റ്റാർട്ടപ്പ് മേഖലയുമായി ബന്ധപ്പെട്ട ആളുകൾ എന്നിവർ ഭാരത് മണ്ഡപത്തിൽ AI ഇംപാക്ട് ഉച്ചകോടിയിൽ ഒത്തുകൂടി: പ്രധാനമന്ത്രി മോദി
AI ഇംപാക്ട് ഉച്ചകോടിയിൽ, AI മേഖലയിലെ ഇന്ത്യയുടെ അത്ഭുതകരമായ കഴിവുകൾ ലോകം കണ്ടു: പ്രധാനമന്ത്രി മോദി
ഇന്ത്യക്കാർ എവിടെ പോയാലും, അവർ അവരുടെ മാതൃരാജ്യത്തിന്റെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുന്നു, അവർ താമസിക്കുന്നതും, ജോലി ചെയ്യുന്നതുമായ രാജ്യമായ അവരുടെ കർമ്മഭൂമിയുടെ വികസനത്തിന് സംഭാവന നൽകുന്നു: പ്രധാനമന്ത്രി മോദി
ഇന്ത്യയിൽ അവയവദാനത്തെക്കുറിച്ചുള്ള അവബോധം ഇക്കാലത്ത് ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആവശ്യമുള്ളവർക്ക് സഹായകമാകുന്നു: പ്രധാനമന്ത്രി മോദി
ഇന്ന്, രാജ്യം അടിമത്തത്തിന്റെ പ്രതീകങ്ങൾ ഉപേക്ഷിക്കുകയും ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളെ വിലമതിക്കാൻ തുടങ്ങുകയും ചെയ്തു: പ്രധാനമന്ത്രി മോദി
'രാജാജി ഉത്സവ്' (ഫെബ്രുവരി 23) വേളയിൽ, രാഷ്ട്രപതി ഭവന്റെ സെൻട്രൽ അങ്കണത്തിൽ സി. രാജഗോപാലാചാരി ജിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും: പ്രധാനമന്ത്രി മോദി
ഇക്കാലത്ത് പെൻഷൻ, സബ്സിഡി, ഇൻഷുറൻസ്, യുപിഐ തുടങ്ങി എല്ലാം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നു: പ്രധാനമന്ത്രി മോദി
ഒടിപി, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ആരുമായും പങ്കിടരുത്. ഏറ്റവും പ്രധാനമായി, നിങ്ങളുടെ പാസ്‌വേഡ് ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുക: പ്രധാനമന്ത്രി മോദി
നമ്മുടെ കർഷകർ ഇപ്പോൾ ഉൽപാദനത്തിൽ മാത്രമല്ല, ഗുണനിലവാരത്തിലും മൂല്യവർദ്ധനവിലും പുതിയ വിപണികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്: പ്രധാനമന്ത്രി മോദി
മഹാകുംഭമേളയായാലും കേരള കുംഭമേളയായാലും, അത് സ്നാനം ചെയ്യുന്നതിന്റെ ഒരു ഉത്സവം മാത്രമല്ല. ഇത് ഓർമ്മകളുടെ ഒരു ഉണർവ്വാണ്: പ്രധാനമന്ത്രി മോദി
വടക്ക് മുതൽ തെക്ക് വരെ നദികൾ വ്യത്യസ്തമായിരിക്കാം, തീരങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ വിശ്വാസത്തിന്റെ പ്രവാഹം ഒന്നുതന്നെയാണ് - ഇതാണ് ഭാരതം: പ്രധാനമന്ത്രി മോദി
അമ്മ ജയലളിതയെക്കുറിച്ചുള്ള പരാമർശം തമിഴ്‌നാട്ടിലെ ജനങ്ങളുടെ മുഖത്ത് തിളക്കം കൊണ്ടുവരുന്നു. അവരുമായുള്ള നമ്മുടെ 'നാരി ശക്തികളുടെ' ബന്ധം കൂടുതൽ സവിശേഷമാണ്: പ്രധാനമന്ത്രി മോദി

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്'ലേക്ക് ഏവർക്കും സ്വാഗതം. ഏവർക്കും അഭിനന്ദനങ്ങൾ. 'മൻ കി ബാത്' എന്നത് രാജ്യത്തിന്റെയും പൗരന്മാരുടെയും നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള പ്രബലമായ ഒരു വേദിയാണ്. അടുത്തിടെ ഡൽഹിയിൽ നടന്ന ഗ്ലോബൽ AI ഇമ്പാക്ട് ഉച്ചകോടിയിലും രാജ്യം സമാനമായ നേട്ടത്തിന് സാക്ഷ്യം വഹിച്ചു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ, വ്യവസായ പ്രമുഖർ, ഇന്നോവേറ്റർമാർ, സ്റ്റാർട്ടപ്പ് മേഖലയുമായി ബന്ധപ്പെട്ട ആളുകൾ എന്നിവർ AI ഇമ്പാക്ട് ഉച്ചകോടിക്കായി ഭാരത് മണ്ഡപത്തിൽ ഒത്തുകൂടി. ഭാവിയിൽ ലോകം AIയുടെ ശക്തി എങ്ങനെ ഉപയോഗിക്കുമെന്നതിന്റെ ഒരു വഴിത്തിരിവായിരുന്നു ഈ ഉച്ചകോടി.

സുഹൃത്തുക്കളേ, ഉച്ചകോടിയിൽ, ലോക നേതാക്കൾ, ടെക്ക് CEOമാർ എന്നിവരെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. AI ഇമ്പാക്ട് ഉച്ചകോടിയുടെ ഭാഗമായി നടന്ന പ്രദർശനത്തിൽ, ഞാൻ ലോക നേതാക്കളെ ഇതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ കാണിച്ചു. രണ്ട് കാര്യങ്ങൾ പ്രത്യേകം പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഉച്ചകോടിയിലെ രണ്ട് ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള നേതാക്കളെ വളരെയധികം ആകർഷിച്ചു. ആദ്യ ഉൽപ്പന്നം അമുലിന്റെ ബൂത്തിലായിരുന്നു. മൃഗങ്ങളുടെ ചികിത്സയ്ക്ക് AI നമ്മെ എങ്ങനെ സഹായിക്കുന്നുവെന്നും, 24x7 AI സഹായത്തോടെ കർഷകർ അവരുടെ പാലുൽപ്പന്നങ്ങളുടെയും കന്നുകാലികളുടെയും കണക്കെടുക്കുന്നതെങ്ങനെയെന്നും  വിശദീകരിച്ചു.

സുഹൃത്തുക്കളേ, രണ്ടാമത്തെ ഉൽപ്പന്നം നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ടതായിരുന്നു. AI യുടെ സഹായത്തോടെ, നമ്മുടെ പുരാതന ഗ്രന്ഥങ്ങൾ, പുരാതന അറിവുകൾ, കൈയെഴുത്തുപ്രതികൾ എന്നിവ എങ്ങനെ സംരക്ഷിക്കുന്നുവെന്നും ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യമായ രീതിയിൽ അവ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും കണ്ട് ലോക നേതാക്കൾ അത്ഭുതപ്പെട്ടു.
സുഹൃത്തുക്കളേ, പ്രദർശന വേളയിൽ ‘ശുശ്രുത സംഹിത’ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ഘട്ടത്തിൽ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ, കൈയെഴുത്തുപ്രതികളുടെ ഇമേജ് ഗുണനിലവാരം മെച്ചപ്പെടുത്തുകയും അവ വായിക്കാൻ കഴിയുന്നതാക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് കാണിച്ചുതന്നു. രണ്ടാം ഘട്ടത്തിൽ, ഈ ഇമേജ്, മെഷീനിന് വായിക്കാവുന്ന വാചകമാക്കി മാറ്റി. അടുത്ത ഘട്ടത്തിൽ, മെഷീനിനു വായിക്കാവുന്ന വാചകങ്ങൾ ഒരു AI അവതാർ വായിച്ചു. തുടർന്ന്, അടുത്ത ഘട്ടത്തിൽ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ഈ അമൂല്യമായ ഭാരതീയ അറിവ് ഇന്ത്യൻ ഭാഷകളിലേക്കും, വിദേശ ഭാഷകളിലേക്കും എങ്ങനെ വിവർത്തനം ചെയ്യാമെന്ന് ഞങ്ങൾ പ്രദർശിപ്പിച്ചു. ഭാരതീയരുടെ പുരാതന അറിവിനെക്കുറിച്ച് അതിന്റെ ആധുനിക അവതാരത്തിലൂടെ പഠിക്കുന്നതിൽ ലോക നേതാക്കൾ വലിയ താല്പര്യം കാണിച്ചു.

സുഹൃത്തുക്കളേ, ഈ ഉച്ചകോടിയിൽ, AI മേഖലയിൽ ഭാരതത്തിന്റെ അത്ഭുതകരമായ കഴിവുകൾ ലോകം കണ്ടു. ഇക്കാലയളവിൽ, ഭാരതം മൂന്ന് മെയ്ഡ് ഇൻ ഇന്ത്യ AI മോഡലുകൾ അവതരിപ്പിച്ചു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ AI ഉച്ചകോടിയാണിത്. ഈ ഉച്ചകോടിയോട് യുവാക്കളുടെ ഉത്സാഹവും ആവേശവും പ്രകടമായിരുന്നു. ഈ ഉച്ചകോടിയുടെ വിജയത്തിൽ എന്റെ എല്ലാ നാട്ടുകാരെയും ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ, ഞാൻ പലപ്പോഴും പറയാറുണ്ട്, "കളിക്കുന്നവർ തിളങ്ങും." കളികൾ നമ്മെ ഒന്നിപ്പിക്കുന്നു. ഇപ്പോൾ നിങ്ങൾ ടി20 ലോകകപ്പ് മത്സരങ്ങൾ കാണുന്നുണ്ടാകും. മത്സരങ്ങൾ കാണുമ്പോൾ, നിങ്ങളുടെ കണ്ണുകൾ പലപ്പോഴും ഒരു പ്രത്യേക കളിക്കാരനിലേക്ക് ആകർഷിക്കപ്പെട്ടിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജേഴ്‌സി മറ്റൊരു രാജ്യത്തുനിന്നുള്ളതാകാം, പക്ഷേ പേര് കേൾക്കുമ്പോൾ, നിങ്ങൾക്ക് തോന്നും, ഹേയ്, ഈ കളിക്കാരൻ നമ്മുടെ സ്വന്തം രാജ്യത്തുനിന്നുള്ളയാളാണെന്ന്. അപ്പോൾ ഒരു ചെറിയ സന്തോഷം ഹൃദയത്തിന്റെ കോണിൽ നിറയുന്നു, കാരണം ആ കളിക്കാരൻ ഭാരത വംശജനാണ്, അദ്ദേഹത്തിന്റെ കുടുംബം സ്ഥിരതാമസമാക്കിയ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. അവരോരോരുത്തരും അവരവരുടെ രാജ്യങ്ങളുടെ ജേഴ്‌സി ധരിച്ച് കളിക്കളത്തിൽ ഇറങ്ങുന്നു, ആ രാജ്യത്തെ പൂർണ്ണഹൃദയത്തോടെ പ്രതിനിധീകരിക്കുന്നു. കനേഡിയൻ ടീമിൽ ഭാരത വംശജരായ കളിക്കാർ ഏറെയുണ്ട്. ടീം ക്യാപ്റ്റൻ ദിൽപ്രീത് ബാജ്‌വ പഞ്ചാബിലെ ഗുർദാസ്പൂരിലാണ് ജനിച്ചത്. നവനീത് ഥാലിവാൽ ചണ്ഡീഗഡിൽ നിന്നുള്ളയാളാണ്. കാനഡയ്ക്ക് മാത്രമല്ല, ഭാരതത്തിനും അഭിമാനം പകരുന്ന ഹർഷ് ഢാക്കർ, ശ്രേയസ് മോവ തുടങ്ങിയ നിരവധി പേരുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. അമേരിക്കൻ ടീമിലെ നിരവധി മുഖങ്ങൾ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്നാണ് ഉയർന്നുവന്നത്. അമേരിക്കൻ ടീം ക്യാപ്റ്റൻ മോനാങ്ക് പട്ടേൽ ഗുജറാത്തിന്റെ അണ്ടർ 16, അണ്ടർ 18 ടീമുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. മുംബൈയിൽ നിന്നുള്ള സൗരഭ്, ഹർമീത് സിംഗ്, ഡൽഹിയിൽ നിന്നുള്ള മിലിന്ദ് കുമാർ, ഇവരെല്ലാം അമേരിക്കൻ ടീമിന്റെ അഭിമാനമാണ്. ഇന്ന്, ഒമാൻ ടീമിൽ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ മുമ്പ് കളിച്ച നിരവധി മുഖങ്ങളുണ്ട്. ജതീന്ദർ സിംഗ്, വിനായക് ശുക്ല, കരൺ, ജയ്, ആശിഷ് തുടങ്ങിയ കളിക്കാർ ഒമാൻ ക്രിക്കറ്റിന്റെ ശക്തമായ കണ്ണികളാണ്. ന്യൂസിലാൻഡ്, യുഎഇ, ഇറ്റലി എന്നീ ടീമുകളിലും ഭാരത വംശജരായ കളിക്കാർ ഇടം നേടുന്നുണ്ട്. തങ്ങളുടെ രാജ്യത്തിന്റെ അഭിമാനം വർദ്ധിപ്പിക്കുന്ന നിരവധി ഭാരത വംശജരായ കളിക്കാരുണ്ട്. അവർ അവിടത്തെ യുവാക്കൾക്ക് പ്രചോദനമായി മാറുകയാണ്. ഇതാണ് ഭാരതീയതയുടെ പ്രത്യേകത. ഭാരതീയർ എവിടെ പോയാലും അവർ അവരുടെ മാതൃരാജ്യത്തിന്റെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ അവർ തങ്ങളുടെ ജോലിസ്ഥലത്തിന്റെ, അതായത് അവർ താമസിക്കുന്ന രാജ്യത്തിന്റെ വികസനത്തിനും സംഭാവന നൽകുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുഞ്ഞിനെ നഷ്ടപ്പെടുന്നതിനേക്കാൾ വലിയ ദുഃഖം ഒരു മാതാപിതാക്കൾക്കും ഇല്ല. ഒരു കൊച്ചുകുട്ടിയെ നഷ്ടപ്പെടുന്നതിന്റെ വേദന അതിലും ആഴമേറിയതാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കേരളത്തിൽ നിന്നുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന പെൺകുട്ടിയെ നമുക്ക് നഷ്ടപ്പെട്ടു. വെറും 10 മാസം പ്രായമുള്ളപ്പോൾ അവൾ ഈ ലോകത്തോട് വിടപറഞ്ഞു. സങ്കൽപ്പിച്ച് നോക്കൂ, അവൾക്ക് മുന്നിൽ ഒരു ജീവിതകാലം മുഴുവൻ ബാക്കിയുണ്ടായിരുന്നു. അത് പെട്ടെന്ന് അവസാനിച്ചു. എത്രയെത്ര സ്വപ്നങ്ങളും സന്തോഷങ്ങളും പൂർത്തീകരിക്കപ്പെടാതെ അവശേഷിച്ചു. അവളുടെ മാതാപിതാക്കൾ അനുഭവിച്ചിരിക്കാവുന്ന വേദന വാക്കുകൾക്ക് അതീതമാണ്. എന്നാൽ ഇത്രയും ആഴത്തിലുള്ള വേദനയ്ക്കിടയിലും, ആലിന്റെ പിതാവ് അരുൺ എബ്രഹാമും അമ്മ ഷെറിനും എടുത്ത തീരുമാനം ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ അവരോടുള്ള ബഹുമാനം നിറച്ചു. ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അവർ തീരുമാനിച്ചു. ഈ ഒരൊറ്റ തീരുമാനം, അവരുടെ ചിന്ത എത്ര ഉന്നതമാണെന്നും വ്യക്തിത്വം എത്ര വിശാലമാണെന്നും വെളിപ്പെടുത്തുന്നു. മകളുടെ നഷ്ടത്തിൽ ദുഃഖിക്കുമ്പോൾ തന്നെ, മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹവും അവരുടെ മനസ്സിൽ നിറഞ്ഞു നിന്നു. ഒരു കുടുംബത്തിനും ഇത്തരമൊരു വിധി നേരിടേണ്ടിവരരുതെന്ന് അവർ ആഗ്രഹിച്ചു. ആലിൻ ഷെറിൻ എബ്രഹാം ഇന്ന് നമ്മോടൊപ്പമില്ല, പക്ഷേ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാക്കളുടെ പട്ടികയിൽ അവളുടെ പേരും ചേർക്കപ്പെട്ടു. സുഹൃത്തുക്കളേ, അവയവ ദാനത്തെക്കുറിച്ചുള്ള അവബോധം ഇന്ന് ഭാരതത്തിൽ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രോഗികളെ സഹായിക്കുന്നു, ഒപ്പം രാജ്യത്ത് ആരോഗ്യ മേഖലയിലെ ഗവേഷണങ്ങളെയും ശക്തിപ്പെടുത്തുന്നു. നിരവധി സംഘടനകളും വ്യക്തികളും ഈ ദിശയിൽ അസാധാരണമായ പ്രവർത്തനങ്ങൾ ചെയ്യുന്നു.

സുഹൃത്തുക്കളേ, കേരളത്തിൽ നിന്നുള്ള ആലിനെപ്പോലെ, അവയവ ദാനത്തിലൂടെ പുതുജീവൻ പകർന്നു നൽകിയ നിരവധി പേരുണ്ട്. ഡൽഹിയിൽ നിന്നുള്ള ലക്ഷ്മി ദേവി. അവർ കഴിഞ്ഞ വർഷം കേദാർനാഥിലേക്ക് യാത്ര ചെയ്തു, ഇതിനായി 14 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു  ശേഷമാണ് അവർ ഈ യാത്ര നടത്തിയതെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. അവരുടെ ഹൃദയം 15 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുണ്ടായിരുന്നുള്ളൂ. അത്തരമൊരു സാഹചര്യത്തിൽ, മരണപ്പെട്ട ഒരു ദാതാവിന്റെ ഹൃദയം അവർക്ക് ലഭിച്ചു. ഇതിനുശേഷം, അവരുടെ ജീവിതം പൂർണ്ണമായും മാറി. പശ്ചിമ ബംഗാളിൽ നിന്നുള്ള ഗൗരാംഗ് ബാനർജി രണ്ടുതവണ നാഥുലയിൽ പോയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷമാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത് എന്നതാണ് പ്രത്യേകത. രാജസ്ഥാനിലെ സീക്കറിൽ നിന്നുള്ള രാംദേവ് സിംഗ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി. ഇന്ന്, അദ്ദേഹം കായികയിനങ്ങളിൽ മികവ് പുലർത്തുന്നു.

സുഹൃത്തുക്കളേ, ഇത്തരം നിരവധി പ്രചോദനാത്മക ഉദാഹരണങ്ങൾ നിങ്ങൾക്ക് കാണാം. ഒരു വ്യക്തിയുടെ ഉദാത്തമായ പ്രവൃത്തിക്ക് എണ്ണമറ്റ ആളുകളുടെ ജീവിതം മാറ്റാൻ കഴിയുമെന്ന് ഇത് വീണ്ടും തെളിയിക്കുന്നു. ഇത്തരം മഹത്തായ പ്രവൃത്തികൾ ചെയ്ത എല്ലാവരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ വേളയിൽ, ചെങ്കോട്ടയിൽ നിന്ന് ഞാൻ പഞ്ചപ്രതിജ്ഞകളെക്കുറിച്ച് സംസാരിച്ചു. അതിലൊന്നാണ് അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്നുള്ള മുക്തി. ഇന്ന്, രാജ്യം അടിമത്തത്തിന്റെ പ്രതീകങ്ങളെ പിന്നിലാക്കി ഭാരത സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളെ വിലമതിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ രാഷ്ട്രപതി ഭവനും ഈ ദിശയിൽ ഒരു സുപ്രധാന ചുവടുവയ്പ്പ് നടത്തിയിട്ടുണ്ട്. നാളെ, ഫെബ്രുവരി 23 ന്, രാഷ്ട്രപതി ഭവനിൽ 'രാജാജി ഉത്സവ്' ആഘോഷിക്കും. ഈ അവസരത്തിൽ, രാഷ്ട്രപതിഭവന്റെ മധ്യഭാഗത്തുള്ള മുറ്റത്ത് സി. രാജഗോപാലാചാരിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ ഭാരതീയ ഗവർണർ ജനറലായിരുന്നു അദ്ദേഹം. അധികാരത്തെ ഒരു സ്ഥാനമായിട്ടല്ല, സേവനമായി കണ്ടവരിൽ ഒരാളായിരുന്നു അദ്ദേഹം. പൊതുജീവിതത്തിലെ അദ്ദേഹത്തിന്റെ പെരുമാറ്റം, ആത്മസംയമനം, സ്വതന്ത്ര ചിന്ത എന്നിവ ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു. നിർഭാഗ്യവശാൽ, സ്വാതന്ത്ര്യത്തിനുശേഷവും, ബ്രിട്ടീഷ് ഭരണാധികാരികളുടെ പ്രതിമകൾ രാഷ്ട്രപതി ഭവനിൽ തുടരാൻ അനുവദിച്ചു, പക്ഷേ രാജ്യത്തിന്റെ മഹത് സന്തതികൾക്ക് ഒരു സ്ഥാനവും നൽകിയില്ല. രാഷ്ട്രപതി ഭവനിൽ ബ്രിട്ടീഷ് ആർക്കിടെക്റ്റായ എഡ്വിൻ ലുട്യൻസിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോൾ, ഈ പ്രതിമയ്ക്ക് പകരം രാജാജിയുടെ പ്രതിമ സ്ഥാപിക്കും. രാജാജി ഉത്സവ വേളയിൽ രാജഗോപാലാചാരിയെക്കുറിച്ചുള്ള ഒരു പ്രദർശനവും നടക്കും. ഫെബ്രുവരി 24 മുതൽ മാർച്ച് 1 വരെയായിരിക്കും ഈ പ്രദർശനം. ദയവായി സൗകര്യപൂർവം നിങ്ങളും പ്രദർശനം കാണുക. 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്ത്' പരിപാടിയിൽ, ഡിജിറ്റൽ അറസ്റ്റിനെക്കുറിച്ച് ഞാൻ നിങ്ങളോട് വിശദമായി സംസാരിച്ചു. ഇതിനുശേഷം, ഡിജിറ്റൽ അറസ്റ്റിനെക്കുറിച്ചും ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ചും നമ്മുടെ സമൂഹത്തിൽ കാര്യമായ അവബോധം ഉണ്ടായിട്ടുണ്ട്, പക്ഷേ ഇപ്പോഴും നമ്മുടെ ചുറ്റും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്, അത് ക്ഷമിക്കാനാവാത്തതാണ്. നിരപരാധികളായ ആളുകൾ ഡിജിറ്റൽ അറസ്റ്റിന്റെയും സാമ്പത്തിക തട്ടിപ്പുകളുടെയും ഇരകളായി മാറുന്നുണ്ട്. മുതിർന്ന പൗരന്മാരുടെ മുഴുവൻ സമ്പാദ്യവും കബളിപ്പിച്ചെടുക്കുന്നതായി പലപ്പോഴും നാം കേൾക്കുന്നുണ്ട്. ചിലപ്പോൾ കുട്ടികളുടെ ഫീസ് അടയ്ക്കാൻ കരുതിയിരുന്ന പണവും ഇങ്ങനെ തട്ടിയെടുത്തിട്ടുണ്ട്. വ്യവസായികൾ തട്ടിപ്പിനിരയാകുന്ന വാർത്തകളും നമ്മൾ കേൾക്കുന്നു. ആരോ വിളിച്ച് പറയുന്നു, ഞാൻ ഒരു വലിയ ഉദ്യോഗസ്ഥനാണ്, നിങ്ങൾ ചില വിവരങ്ങൾ പങ്കുവയ്ക്കണം. ഇത് കേട്ട് നിഷ്ക്കളങ്കരായ ആളുകൾ അതുപോലെ ചെയ്യുന്നു. അതുകൊണ്ട്, നിങ്ങൾ ജാഗ്രത പാലിക്കുകയും അവബോധം പുലർത്തുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. 

സുഹൃത്തുക്കളേ, നിങ്ങൾ എല്ലാവരും KYC-Know Your Customer പ്രക്രിയയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. അതായത്, ഉപഭോക്താവിനെ അറിയുക. ചിലപ്പോൾ, നിങ്ങളുടെ ബാങ്കിൽ നിന്ന് KYC അപ്‌ഡേറ്റ് ചെയ്യാനോ re-KYC ചെയ്യാനോ ആവശ്യപ്പെട്ട് സന്ദേശങ്ങൾ ലഭിക്കുമ്പോൾ, നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയരും - ഞാൻ ഇതിനകംതന്നെ KYC ചെയ്തിട്ടുണ്ടല്ലോ പിന്നെ എന്തുകൊണ്ടാണ് ഇത്? എന്റെ അഭ്യർത്ഥനയാണ്, നിങ്ങൾ അസ്വസ്ഥരാകരുത് ഇത് നിങ്ങളുടെ പണത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാണ്. പെൻഷൻ, സബ്‌സിഡി, ഇൻഷുറൻസ്, യുപിഐ തുടങ്ങിയവ എല്ലാം ഇന്ന് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. അതുകൊണ്ടാണ് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമായി തുടരുന്നതിന് ബാങ്കുകൾ ഇടയ്ക്കിടെ re-KYC ചെയ്യുന്നത്. അതെ, ഇവിടെ നിങ്ങൾ ഒരു കാര്യം ഓർമ്മിക്കേണ്ടതുണ്ട്. തട്ടിപ്പുകാർ വ്യാജ കോളുകൾ ചെയ്യുന്നു, എസ്.എം.എസും. ലിങ്കുകളും അയയ്ക്കുന്നു. അതിനാൽ, നമ്മൾ ജാഗ്രത പാലിക്കുകയും അത്തരം തട്ടിപ്പുകാർക്ക് ഇരയാകാതിരിക്കുകയും വേണം. നിങ്ങളുടെ ബാങ്ക് ശാഖയിലൂടെയോ ഔദ്യോഗിക ആപ്പിലൂടെയോ അംഗീകൃത മാർഗങ്ങളിലൂടെയോ മാത്രമേ KYC അല്ലെങ്കിൽ re-KYC ചെയ്യാവൂ. ഒടിപി, ആധാർ നമ്പർ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരുമായും പങ്കിടരുത്. ഏറ്റവും പ്രധാനമായി, നിങ്ങളുടെ പാസ്‌വേഡ് ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുക. ഭക്ഷണവും വസ്ത്രവും മാറുന്നതുപോലെ ഓരോ സീസണിലും കുറച്ച് ദിവസത്തിലൊരിക്കൽ നിങ്ങളുടെ പാസ്‌വേഡ് മാറ്റുന്നത് ശീലമാക്കുക.

സുഹൃത്തുക്കളേ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ ഈ വിഷയങ്ങളിൽ ഒരു സാമ്പത്തിക സാക്ഷരതാ വാരം സംഘടിപ്പിച്ചു. ഈ സാമ്പത്തിക സാക്ഷരതാ കാമ്പയിൻ വർഷം മുഴുവനും തുടരും. അതിനാൽ, റിസർവ് ബാങ്കിന്റെ സന്ദേശം ശ്രദ്ധിക്കുകയും നിങ്ങളുടെ KYC, അപ്‌ഡേറ്റ് ആക്കുകയും ചെയ്യുക.

ഓർമ്മിക്കുക:
നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാൻ ശരിയായ KYC, സമയബന്ധിതമായ re-KYC ചെയ്യൂ. അക്കൌണ്ട് സുരക്ഷിതമായിരിക്കും. അങ്ങനെ സമർത്ഥനായ ഒരു പൗരനാകൂ. കാരണം സമർത്ഥരായ പൗരന്മാർക്ക് മാത്രമേ ശക്തവും സ്വാശ്രയവുമായ ഒരു ഭാരതം കെട്ടിപ്പടുക്കാൻ കഴിയൂ.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ കർഷകർ വെറും ഭക്ഷ്യ ദാതാക്കൾ മാത്രമല്ല. അവർ ഭൂമിയുടെ യഥാർത്ഥ പരിപാലകരാണ്. മണ്ണിനെ സ്വർണ്ണമാക്കി മാറ്റുന്നതിന്റെ അർത്ഥം നമ്മുടെ കർഷകരിൽ നിന്ന് പഠിക്കേണ്ടതാണ്. ഇന്ന് നമ്മുടെ കർഷകർ പാരമ്പര്യവും സാങ്കേതിക വിദ്യയും സമന്വയിപ്പിക്കുന്നു, നമ്മുടെ കർഷകർ ഇപ്പോൾ ഉൽപാദനത്തിൽ മാത്രമല്ല, ഗുണനിലവാരത്തിലും മൂല്യ വർദ്ധനവിലും പുതിയ വിപണികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഒഡീഷയിലെ ഹിരോദ് പട്ടേൽ എന്ന യുവകർഷകനെക്കുറിച്ചുള്ള വിവരങ്ങൾ ശരിക്കും പ്രചോദനാത്മകമാണ്. ഏകദേശം എട്ട് വർഷം മുമ്പ് വരെ, അദ്ദേഹം തന്റെ പിതാവ് ശിവശങ്കർ പട്ടേലിനൊപ്പം പരമ്പരാഗത രീതിയിൽ നെൽകൃഷി ചെയ്തിരുന്നു, പിന്നീട് അദ്ദേഹം കൃഷിയെ നവീന രീതിയിൽ കാണാൻ തുടങ്ങി. അദ്ദേഹം തന്റെ കൃഷിയിടത്തിലെ കുളത്തിന് മുകളിൽ ശക്തമായ ഒരു വല നിർമ്മിച്ചു. അതിൽ, പടരുന്ന പച്ചക്കറികൾ വളർത്തി, കുളത്തിന് ചുറ്റും വാഴ, പേര, തെങ്ങ് എന്നിവ നട്ടുപിടിപ്പിച്ചു, കുളത്തിൽ മത്സ്യകൃഷിയും ആരംഭിച്ചു. അതായത് - പരമ്പരാഗത കൃഷി, പച്ചക്കറികൾ - പഴങ്ങൾ - മത്സ്യകൃഷി എന്നിവ ഒരിടത്തുതന്നെ നടക്കുന്നു. ഇത് ഭൂമിയുടെ മെച്ചപ്പെട്ട ഉപയോഗത്തിനും വെള്ളം ലാഭിക്കുന്നതിനും അധിക വരുമാനം നേടുന്നതിനും കാരണമായി. ഇന്ന്, ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കർഷകർ അദ്ദേഹം അവലംബിച്ച ഈ മാതൃക കാണാൻ വരുന്നു.

സുഹൃത്തുക്കളേ, കേരളത്തിലെ തൃശൂർ ജില്ലയിൽ, ഒരു വയലിൽ 570 ഇനം നെൽ കൃഷി ചെയ്യുന്ന ഒരു ഗ്രാമമുണ്ട്. ഇതിൽ പ്രാദേശിക ഇനങ്ങൾ, ഔഷധ ഇനങ്ങൾ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇത് കൃഷി മാത്രമല്ല, വിത്തുകളുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള ഒരു വലിയ പ്രചാരണം കൂടിയാണ്. നമ്മുടെ കർഷകരുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങൾ സ്ഥിതിവിവരക്കണക്കുകളിൽ വ്യക്തമാണ്. ഇന്ന്, ഭാരതം ലോകത്തിലെ ഏറ്റവും വലിയ അരി ഉൽപ്പാദക രാജ്യമായി മാറിയിരിക്കുന്നു. 15 കോടി ടണ്ണിലധികം അരി ഉത്പാദിപ്പിക്കുന്നത് ചെറിയ നേട്ടമല്ല. നമ്മൾ നമ്മുടെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുകയും ലോകത്തിന്റെ ഭക്ഷ്യ മേഖലയിലേക്ക് സംഭാവന നൽകുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ, കാർഷിക ഉൽപ്പന്നങ്ങൾ ഇപ്പോൾ വിമാനമാർഗത്തിലൂടെയും എളുപ്പത്തിൽ വിദേശ രാജ്യങ്ങളിൽ എത്തുന്നു. കർണ്ണാടകയിലെ നഞ്ചൻഗുഡ് വാഴപ്പഴം, മൈസൂരു വെറ്റില, ഇൻഡി നാരങ്ങ എന്നിവ മാലിദ്വീപിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങൾ അവയുടെ രുചിക്കും ഗുണനിലവാരത്തിനും പേരുകേട്ടതാണ്, കൂടാതെ ജി.ഐ.ടാഗും ലഭിച്ചിട്ടുണ്ട്. ഇന്നത്തെ കർഷകൻ ഗുണനിലവാരം ആഗ്രഹിക്കുന്നു, അളവ് വർദ്ധിപ്പിക്കുന്നു, തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നു.


എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കഴിഞ്ഞ വർഷം ഇതേ സമയത്ത് നടന്ന മഹാകുംഭമേളയുടെ അത്ഭുതകരമായ ചിത്രങ്ങൾ നിങ്ങൾക്ക് ഓർമ്മയുണ്ടാകാം. സംഗമത്തിന്റെ തീരത്ത് ഒഴുകിയെത്തുന്ന ജനസാഗരം, വിശ്വാസത്തിന്റെ അഗാധമായ പ്രവാഹം, സ്നാനത്തിന്റെ പുണ്യ നിമിഷം- ഭാരതം അതിന്റെ സനാതന ചേതനയുമായി വീണ്ടും ഒന്നിക്കുന്നതായി തോന്നി. സുഹൃത്തുക്കളേ, മഹാകുംഭത്തിന്റെ അതേ പ്രവാഹം, മാഘമാസത്തിന്റെ അതേ ഭക്തി സ്വരം, വടക്ക് നിന്ന് തെക്കോട്ട് നീങ്ങുമ്പോൾ, ഒരു പുതിയ സ്വത്വം കൈവരുന്നു.

സുഹൃത്തുക്കളേ, കേരളത്തിന്റെ മണ്ണിൽ, ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാരമ്പര്യമുണ്ട് - മാമാങ്കം. പലരും ഇതിനെ മഹാ മാഘ മഹോത്സവം അല്ലെങ്കിൽ കേരള കുംഭം എന്നും വിളിക്കുന്നു. മാഘമാസത്തിൽ പുണ്യനദിയിൽ കുളിച്ച് ആ നിമിഷത്തെ ജീവിതത്തിന്റെ മായാത്ത ഓർമ്മയാക്കുന്നത് ഇതിന്റെ ആത്മാവാണ്. കാലക്രമേണ, ഈ പാരമ്പര്യം മങ്ങിയതായി തോന്നി. ഏകദേശം ഇരുനൂറ്റമ്പത് വർഷമായി, ഈ പരിപാടി മുമ്പത്തെപ്പോലെ ഗംഭീരമായി ആഘോഷിച്ചിരുന്നില്ല. എന്നാൽ ഇന്ന്, അതിന്റെ പൈതൃകം വീണ്ടും തിരിച്ചറിയുന്ന നമ്മുടെ രാജ്യത്ത്, ചരിത്രം ഒരു വഴിത്തിരിവായി. ഇത്തവണ, പ്രധാന പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണ് കേരള കുംഭമേള വിജയകരമായി സംഘടിപ്പിച്ചത്. ആളുകൾ പരസ്പരം ഇതേക്കുറിച്ച് പറഞ്ഞു, വാമൊഴിയായി പരന്നു, താമസിയാതെ ഭക്തർ തിരുനാവായയിൽ എത്തിത്തുടങ്ങി.

സുഹൃത്തുക്കളേ, മഹാകുംഭമേളയായാലും കേരള കുംഭമേളയായാലും, ഇത് കേവലം സ്നാനം ചെയ്യുന്നതിന്റെ ഉത്സവമല്ല. ഇത് ഓർമ്മയുടെ ഉണർവാണ്. ഇത് സംസ്കാരത്തിന്റെ ഒരു പുനസ്മരണമാണ്. വടക്ക് മുതൽ തെക്ക് വരെ, നദികൾ വ്യത്യസ്തമായിരിക്കാം, തീരങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ വിശ്വാസത്തിന്റെ പ്രവാഹം ഒന്നുതന്നെയാണ്. ഇതാണ് ഭാരതം.

സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്ത്, സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിച്ചവർ, അവരുടെ മഹത്തായ പ്രവൃത്തികളിൽ പൊതുജനങ്ങൾക്ക് മുൻഗണന നൽകിയവർ, എപ്പോഴും ജനങ്ങളുടെ ഹൃദയങ്ങളിൽ നിലനിൽക്കുന്നു. അത്തരമൊരു ജനപ്രിയ നേതാവായിരുന്നു ജയലളിത. ഫെബ്രുവരി 24 അവരുടെ ജന്മദിനമാണ്. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് അവരോട് ഉണ്ടായിരുന്ന ആഴമേറിയ അടുപ്പം ഞാൻ ഇപ്പോഴും കാണുന്നു, ഇന്നും, സംസ്ഥാന സന്ദർശന വേളകളിൽ, ജയലളിതയെ പരാമർശിക്കുമ്പോൾ തമിഴ്‌നാട്ടിലെ ജനങ്ങളുടെ മുഖം തിളങ്ങുന്നത് ഞാൻ കാണുന്നു. അവരുടെ കാര്യം പറയുമ്പോൾ നമ്മുടെ സ്ത്രീശക്തിയുടെ ബന്ധം കൂടുതൽ സവിശേഷമാണ്. ഭരണത്തിലായിരിക്കുമ്പോൾ, അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും വേണ്ടി അവർ നിരവധി പ്രശംസനീയമായ ശ്രമങ്ങൾ നടത്തിയതിനാലാണിത്. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ അവർ കൃത്യമായ നടപടികൾ സ്വീകരിച്ചു. അവർ തികഞ്ഞ ദേശസ്‌നേഹിയായിരുന്നു. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിലും അവർ അഗാധമായി അഭിമാനിച്ചിരുന്നു. ജയലളിതയുമായി ഞാൻ നടത്തിയ ഓരോ കൂടിക്കാഴ്ചയും സംഭാഷണവും ഇപ്പോഴും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. 2002ലും 2012ലും ഗുജറാത്തിൽ നടന്ന എന്റെ രണ്ട് സത്യപ്രതിജ്ഞാ ചടങ്ങുകളിലും അവർ പങ്കെടുത്തു. ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോൾ, മികച്ച ഭരണനിർവഹണം പോലുള്ള വിഷയങ്ങൾ ഞങ്ങൾ പലപ്പോഴും ചർച്ച ചെയ്തിരുന്നു. അവരുടെ ചിന്തകൾ വളരെ വ്യക്തമായിരുന്നു, ആശയങ്ങൾ വളരെ സ്പഷ്ഠവും. ഇത് അവരുടെ ഒരു മികച്ച ഗുണമായിരുന്നു. വർഷങ്ങൾക്ക് മുമ്പ്, പൊങ്കലിന്റെ ശുഭവേളയിൽ ഉച്ചഭക്ഷണത്തിനായി അവർ എന്നെ ചെന്നൈയിലേക്ക് ക്ഷണിച്ചു. ആ സ്നേഹനിർഭരമായ പ്രവൃത്തി എനിക്ക് മറക്കാനാവാത്തതായി തുടരും. ഒരിക്കൽ കൂടി, ഞാൻ അവർക്ക് എന്റെ എളിയ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

ജയലളിത അവർഗൾക്ക്,
യെൻ നിനൈവാഞ്ജലികൾ,
സമുദായത്തിർക്ക്,
അവർ ആട്രിയ സേവൈ യെൻഡ്രം നിനൈവിൽ ഇരിക്കും |
(ജയലളിതയ്ക്ക് എന്റെ ശ്രദ്ധാഞ്ജലികൾ,
ജനങ്ങൾക്ക് അവർ നൽകിയ സേവനങ്ങൾ എപ്പോഴും ഓർമ്മിക്കപ്പെടും.)

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോൾ ഞാൻ എന്റെ പ്രിയപ്പെട്ട, മിടുക്കരായ കുട്ടികളോട്, നിലവിൽ പരീക്ഷ എഴുതുന്നവരോട് സംസാരിക്കാം. ഈ മാസം ആദ്യം നിങ്ങൾ 'പരീക്ഷ പേ ചർച്ച' കണ്ടുവെന്നും അതിൽ നിന്ന് എന്തെങ്കിലും പഠിച്ചുവെന്നും ഞാൻ പ്രതീക്ഷിക്കുന്നു. എന്നാലും ഞാൻ ഒരു കാര്യം ചോദിക്കാം, പഠനത്തെക്കുറിച്ച്  ആലോചിച്ച് നിങ്ങൾക്ക് ടെൻഷൻ ഉണ്ടോ?

എന്റെ പ്രിയപ്പെട്ട കുട്ടികളേ, നിങ്ങൾ exam warriors ആണ്. നിങ്ങളെല്ലാം പൂർണ്ണമനസ്സോടെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അതെ, ഇത്തരം സമയങ്ങളിൽ നിങ്ങളുടെ മനസ്സിൽ ചില സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിലപ്പോൾ നിങ്ങൾക്ക് എല്ലാം ഓർമ്മയുണ്ടാകുമോ എന്ന ചിന്തയുണ്ടാകാം. ചിലപ്പോൾ നിങ്ങൾക്ക് സമയം തികയാതെ പോകുമോ എന്ന ചിന്തയും! എല്ലാ തലമുറയിലെയും കുട്ടികൾ ഈ വികാരങ്ങൾ അനുഭവിച്ചിട്ടുണ്ട്; നിങ്ങൾ ഒറ്റയ്ക്കല്ല. ഓർമ്മിക്കുക, നിങ്ങളുടെ മൂല്യം നിങ്ങളുടെ മാർക്ക് ഷീറ്റിലൂടെ നിർണ്ണയിക്കപ്പെടുന്നില്ല. അതിനാൽ, നിങ്ങൾ സ്വയം വിശ്വസിക്കുക. പഠിച്ച കാര്യങ്ങൾ പൂർണ്ണമനസ്സോടെ എഴുതൂ. എന്നാൽ അറിഞ്ഞുകൂടാത്ത ചോദ്യം അത് നിങ്ങളെ കീഴ്പെടുത്താൻ അനുവദിക്കരുത്. ഒരു കാര്യം കൂടി, നിങ്ങളുടെ മാതാപിതാക്കളോടും അധ്യാപകരോടും സംസാരിച്ചുകൊണ്ടിരിക്കുക. അവർ നിങ്ങളെ വിലയിരുത്തുന്നത് നിങ്ങളുടെ മാർക്കിലൂടെയല്ല, മറിച്ച് നിങ്ങളുടെ പരിശ്രമത്തിലൂടെയാണ്; നിങ്ങളുടെ കഠിനാധ്വാനത്തിൽ അവർ സന്തുഷ്ടരാണ്. നിങ്ങൾ നിങ്ങളുടെ പരീക്ഷകളിൽ വിജയിക്കുകയും നിങ്ങളുടെ ജീവിതത്തിൽ പുതിയ ഉയരങ്ങൾ കൈവരിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ, ഇത് റമദാൻ മാസമാണ്. ഈ പുണ്യമാസത്തിൽ ഞാൻ എല്ലാവർക്കും ആശംസകൾ നേരുന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഹോളിയും വരുന്നു. ഇതിനർത്ഥം നിറങ്ങളും വർണ്ണപ്പൊലിമയും സന്തോഷവും നിറഞ്ഞ ഒരു സമയം വരാൻ പോകുന്നു എന്നാണ്. നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം എല്ലാ ഉത്സവങ്ങളും സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയട്ടെ. അതെ, vocal for local പോലുള്ള ചില മന്ത്രങ്ങൾ എപ്പോഴും ഓർമ്മിക്കുക. നിരവധി വിദേശ വസ്തുക്കൾ നമ്മുടെ ഹോളി ആഘോഷങ്ങളിലോ മറ്റ് ഉത്സവങ്ങളിലോ ഒക്കെ കയറിപ്പറ്റാറുണ്ട്. ഉത്സവങ്ങളിൽ നിന്ന് അവയെ അകറ്റി നിർത്തുക, ഹോളിയിൽ നിന്ന് അവയെ അകറ്റി നിർത്തുക, സ്വദേശി സ്വീകരിക്കുക. നിങ്ങൾ സ്വദേശി വാങ്ങുമ്പോൾ, രാജ്യത്തെ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമങ്ങളിലും നിങ്ങൾ ഭാഗഭാക്കാകുന്നു.

സുഹൃത്തുക്കളേ, 'മൻ കി ബാതി'നായി എല്ലാ മാസവും നിങ്ങളിൽ നിന്ന് എനിക്ക് നിരവധി നിർദ്ദേശങ്ങൾ ലഭിക്കുന്നു. രാജ്യത്തിന്റെ ഓരോ കോണിലും ഒളിഞ്ഞിരിക്കുന്ന അത്ഭുതകരമായ കഴിവുകളെക്കുറിച്ച് അറിയാൻ നിങ്ങളുടെ സന്ദേശങ്ങൾ ഞങ്ങളെ സഹായിക്കുന്നു. വ്യക്തിപരമായ താൽപ്പര്യങ്ങൾക്കപ്പുറം ഉയർന്നുവന്ന് സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നതിന്റെ പ്രചോദനാത്മകമായ നിരവധി കഥകൾ നിങ്ങളിലൂടെ രാജ്യമെമ്പാടുമുള്ള ആളുകളിലേക്ക് എത്തിയിട്ടുണ്ട്. നിങ്ങളുടെ ശ്രമങ്ങൾ തുടരട്ടെ. നിങ്ങളുടെ സന്ദേശങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വരാനിരിക്കുന്ന ഉത്സവങ്ങളുടെ ആശംസകൾ നേരുന്നു. വളരെ നന്ദി. നമസ്കാരം.

 

 

 

 

 

 

 

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Standing for medical science, together with AIIMS

Media Coverage

Standing for medical science, together with AIIMS
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Cabinet approves construction of 1200 MW Kalai-II Hydro Electric Project in Arunachal Pradesh - Use this title for the last one
April 08, 2026

The Cabinet Committee on Economic Affairs, chaired by the Prime Minister Shri Narendra Modi has approved investment of Rs.14,105.83 crore for construction of Kalai-II Hydro Electric Project (HEP) on Lohit river in Anjaw District of Arunachal Pradesh. The estimated completion period for the project is 78 months.

The project with an installed capacity of 1200 MW (6 x 190 MW & 1 x 60 MW) is expected to generate 4852.95 MU of energy annually. As the first hydro project in the Lohit Basin, it will strengthen power supply in the State, support in peak demand management, and contribute to balancing the national grid.

The Project will be implemented through a Joint Venture Company between THDC India Limited and the Govt. of Arunachal Pradesh. Government of India shall extend ₹599.88 crore as budgetary support for construction of roads, bridges and associated transmission line under enabling infrastructure besides Central Financial Assistance of ₹750 crore towards equity share of the State.

The State will receive 12% free power and an additional 1% earmarked for the Local Area Development Fund (LADF), along with significant infrastructure development and socio-economic benefits for the region.

There will be significant improvement in infrastructure in Namsai and Anjaw District of Arunachal Pradesh, including the development of around 29 kilometres of roads and bridges, for the project which shall be mostly available for local use. Local populace shall also be benefitted from many sorts of compensations, employment and CSR activities.