ക്വാലാലംപൂരിലെ ഇന്ത്യന്‍ പ്രവാസികളുടെ സ്നേഹത്തിന് നന്ദി; ഇന്ത്യക്കും മലേഷ്യക്കും ഇടയിലുള്ള കരുത്തുറ്റ പാലമായി നമ്മുടെ പ്രവാസിസമൂഹം തുടരുന്നു: പ്രധാനമന്ത്രി
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന പൊതുപരിപാടിയെ അഭി‌സംബോധന ചെയ്തു
ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്ത്യന്‍ വംശജരുടെ സമൂഹമാണ് മലേഷ്യയിലുള്ളത്; ഇന്ത്യക്കാരുടെയും മലേഷ്യക്കാരുടെയും ഹൃദയങ്ങള്‍ കൂട്ടിയിണക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്: പ്രധാനമന്ത്രി
നൂറ്റാണ്ടുകളായി നിങ്ങള്‍ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന രീതി ശ്രദ്ധേയമാണ്; അടുത്തിടെ, എന്റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മന്‍ കീ ബാത്തി’ല്‍ ഞാന്‍ നിങ്ങളെക്കുറിച്ചു സംസാരിച്ചു; അതില്‍ മലേഷ്യയിലെ 500-ലധികം സ്കൂളുകള്‍ കുട്ടികളെ ഇന്ത്യന്‍ ഭാഷകളില്‍ പഠിപ്പിക്കുന്നത് എങ്ങനെയെന്ന് 1.4 ശതകോടി ഇന്ത്യക്കാരുമായി ഞാന്‍ പങ്കുവച്ചു: പ്രധാനമന്ത്രി
മലേഷ്യയിലെ തമിഴ് പ്രവാസിസമൂഹത്തിലെ അംഗങ്ങള്‍ വിവിധ മേഖലകളില്‍ സമൂഹത്തെ സേവിക്കുന്നു; തമിഴ് പ്രവാസികള്‍ നിരവധി നൂറ്റാണ്ടുകളായി ഇവിടെയുണ്ട്; ഈ ചരിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, മലയ സര്‍വകലാശാലയില്‍ ‘തിരുവള്ളുവര്‍ ചെയര്‍’ സ്ഥാപിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു; നമ്മുടെ പൊതുപൈതൃകം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇപ്പോള്‍ തിരുവള്ളുവര്‍ കേന്ദ്രംകൂടി സ്ഥാപിക്കും: പ്രധാനമന്ത്രി
ഇന്ത്യയുടെ വിജയം മലേഷ്യയുടെ വിജയമാണ്; ഏഷ്യയുടെ വിജയമാണ്; അതുകൊണ്ടാണ് നമ്മുടെ ബന്ധത്തിന്റെ വഴികാട്ടിയായി ‘ഇംപാക്ട്’ എന്ന വാക്കിനെ ഞാൻ വിശേഷിപ്പിക്കുന്നത്; അതായത് കൂട്ടായ പരിവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യ-മലേഷ്യ പങ്കാളിത്തം: പ്രധാനമന്ത്രി
കൂടുതല്‍ പേർ യാത്ര ചെയ്യാനും ‘അതിശയകരമായ ഇന്ത്യ’ അനുഭവിക്കാനും ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു; നിങ്ങളുടെ മലായ് സുഹൃത്തുക്കളെയും ഒപ്പം കൂട്ടണം; കാരണം ജനങ്ങൾ തമ്മിലുള്ള സമ്പർക്കമാണ് നമ്മുടെ സൗഹൃദത്തിന്റെ അടിസ്ഥാനം: പ്രധാനമന്ത്രി
UK, UAE, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഒമാന്‍, യൂറോപ്യന്‍ യൂണിയന്‍ അല്ലെങ്കില്‍ അമേരിക്ക എന്നിങ്ങനെ ഏതു രാജ്യവുമാകട്ടെ, അവയെല്ലാം ഇന്ത്യയെ വളർച്ചയുടെ വിശ്വസ്ത പങ്കാളിയായി കാണുന്നു. രാജ്യങ്ങൾ ഇന്ത്യയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടുന്നു; 'വിശ്വാസം' ഇന്ത്യയുടെ ഏറ്റവും ശക്തമായ കറന്‍സിയായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മലേഷ്യയിലെ ക്വാലാലംപൂരില്‍ ഇന്ന് നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്തു. പൊതുവായ സംസ്‌കാരത്തിന്റെ മനോഹരമായ വൈവിധ്യമാണ് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിൽ പ്രതിഫലിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ ആഘോഷത്തില്‍ പങ്കുചേര്‍ന്നതിന് പ്രിയ സുഹൃത്ത് പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനോട് അദ്ദേഹം നന്ദി പറഞ്ഞു. പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വിമാനത്താവളത്തിലെത്തി തന്നെ സ്വാഗതം ചെയ്തതും തന്റെ കാറിൽ ചടങ്ങിലേക്ക് കൂട്ടിക്കൊണ്ടുവന്നതും അദ്ദേഹം എടുത്തുപറഞ്ഞു. “ഈ പ്രത്യേക പ്രവൃത്തികള്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന് ഇന്ത്യയോടും അവിടെയുള്ള ജനങ്ങളോടും ഉള്ള സ്‌നേഹവും ആദരവും പ്രതിഫലിപ്പിക്കുന്നു”- ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

 

എണ്ണൂറിലധികം നര്‍ത്തകര്‍ തികഞ്ഞ ഐക്യത്തോടെ അവതരിപ്പിച്ച റെക്കോര്‍ഡ് സൃഷ്ടിച്ച സാംസ്‌കാരിക പ്രകടനം വരുംവര്‍ഷങ്ങളില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാ കലാകാരന്മാരെയും അഭിനന്ദിച്ചു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ താനും പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും സുഹൃത്തുക്കളായിരുന്നുവെന്ന് പറഞ്ഞ ശ്രീ മോദി പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ പരിഷ്‌കാരങ്ങളിലുള്ള ശ്രദ്ധ, അദ്ദേഹത്തിന്റെ മികച്ച ബുദ്ധിശക്തി, 2025-ല്‍ ആസിയാന്‍ അധ്യക്ഷപദവി മികച്ച രീതിയിൽ കൈകാര്യം ചെയ്തത് എന്നിവ പ്രശംസിച്ചു.

കഴിഞ്ഞ വർഷം ആസിയാൻ ഉച്ചകോടിക്കായി മലേഷ്യ സന്ദർശിക്കാൻ കഴിഞ്ഞില്ലെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി, മലേഷ്യ ഉടൻ സന്ദർശിക്കുമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നതായും ആ വാഗ്ദാനം നിറവേറ്റിയതായും പറഞ്ഞു. 2026 ലെ തന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഉത്സവകാലത്ത് ഈ സമൂഹത്തോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. എല്ലാവരും സംക്രാന്തി, പൊങ്കല്‍, തൈപ്പൂയം എന്നിവ വളരെ സന്തോഷത്തോടെ ആഘോഷിച്ചുവെന്ന് കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ശിവരാത്രി അടുത്തുവരികയാണെന്നും തുടര്‍ന്ന് റമളാൻ ആരംഭവും ഹരിരായ ആഘോഷവും വരുന്നെന്നു പറഞ്ഞ അദ്ദേഹം എല്ലാവര്‍ക്കും സന്തോഷവും ആരോഗ്യവും ആശംസിച്ചു.

മലേഷ്യയിൽ ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്ത്യൻ വംശജരുടെ സമൂഹമാണുള്ളതെന്നും ഇന്ത്യക്കാരുടെയും മലേഷ്യക്കാരുടെയും ഹൃദയങ്ങളെ കൂട്ടിയിണക്കുന്ന നിരവധി കാര്യങ്ങളുണ്ടെന്നും ശ്രീ മോദി പറഞ്ഞു. അല്പംമുമ്പ് താൻ കണ്ട പ്രദർശനത്തെ പരാമർശിച്ച്, ഈ ബന്ധങ്ങളെ അത് മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യന്‍ വംശജരായ സമൂഹം രണ്ട് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന സജീവമായ പാലമാണ്. സാംസ്‌കാരിക ബന്ധങ്ങള്‍ പൊതുവായ പാരമ്പര്യങ്ങളിലും രുചികളിലും കാണാന്‍ കഴിയും. ക്വാലാലംപൂരിലും കൊച്ചിയിലും ഒരുപോലെ സുപരിചിതമായ ‘റൊട്ടി ചനായി’യും ‘മലബാർ പൊറോട്ട’യും, തേങ്ങയും സുഗന്ധവ്യഞ്ജനങ്ങളും ‘തെഹ് താരിക്കു’മെല്ലാം നമ്മുടെ പൊതുവായ പാരമ്പര്യങ്ങളിലും രുചികളിലുമുള്ള സാംസ്കാരിക ബന്ധങ്ങളെ വിളിച്ചോതുന്നു” - ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ പരസ്പരം നന്നായി മനസ്സിലാക്കുന്നുണ്ടെന്നും, അവരുടെ ഭാഷകള്‍ക്കും മലായ് ഭാഷയ്ക്കുമിടയില്‍ പൊതുവായുള്ള പദങ്ങളുടെ എണ്ണം കൂടുതലായതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനിമകളും സംഗീതവും മലേഷ്യയില്‍ ജനപ്രിയമാണെന്ന് കേട്ടിട്ടുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം വളരെ നന്നായി പാടുന്നുണ്ടെന്നും, ഇതിഹാസ താരം  എം ജി ആറിന്റെ തമിഴ് ഗാനങ്ങള്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനും ഇഷ്ടമാണെന്നത് അതിശയകരമാണെന്നും അദ്ദേഹം പറഞ്ഞു.

 

മലേഷ്യയിലെ ഇന്ത്യന്‍ വംശജരായ സമൂഹത്തിന്റെ ഹൃദയങ്ങളില്‍ ഇന്ത്യക്കു പ്രത്യേക സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2001ലെ ഒരു സംഭവം അനുസ്മരിച്ച്, തന്റെ ജന്മനാടായ ഗുജറാത്തില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍, ഈ സമൂഹത്തിലെ നിരവധി അംഗങ്ങള്‍ സഹായം നല്‍കാന്‍ ഒത്തുകൂടിയതായും അവരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. “മലേഷ്യയിലെ ആയിരക്കണക്കിന് പൂർവികര്‍ ഇന്ത്യയെ സ്വതന്ത്ര രാജ്യമാക്കാന്‍ വലിയ ത്യാഗങ്ങള്‍ ചെയ്തു. അവരില്‍ പലരും ഇന്ത്യയെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ‘ഇന്ത്യന്‍ നാഷണല്‍ ആര്‍മി’യില്‍ ചേര്‍ന്ന ആദ്യ വ്യക്തികള്‍ അവരായിരുന്നു” - ശ്രീ മോദി ചൂണ്ടിക്കാട്ടി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബഹുമാനാര്‍ത്ഥം മലേഷ്യയിലെ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതായി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മലേഷ്യയിലെ നേതാജി സേവന കേന്ദ്രത്തിന്റെയും നേതാജി വെൽഫെയർ ഫൗണ്ടേഷന്റെയും പ്രവർത്തനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു.

മലേഷ്യയിലെ ഇന്ത്യന്‍ വംശജർ നൂറ്റാണ്ടുകളായി അവരുടെ പാരമ്പര്യങ്ങള്‍ സംരക്ഷിച്ചുപോന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മലേഷ്യയിലെ 500-ലധികം സ്കൂളുകളിൽ കുട്ടികളെ ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കുന്നുണ്ടെന്ന് തന്റെ ‘മൻ കീ ബാത്’ പരിപാടിയിൽ പങ്കുവച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. “തിരുവള്ളുവര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ മഹത്തുക്കളുടെ സ്വാധീനം മലേഷ്യയില്‍ ദൃശ്യമാണ്, കൂടാതെ ബാതു ഗുഹകളിലെ അടുത്തിടെ നടന്ന തൈപ്പൂയം ആഘോഷങ്ങള്‍ ദിവ്യവും പളനിയിലെ ആഘോഷങ്ങള്‍ക്ക് സമാനവുമാണ്” - ശ്രീ മോദി പറഞ്ഞു. മലേഷ്യയില്‍ ഗര്‍ബ ജനപ്രിയമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ശ്രീ ഗുരുനാനാക് ദേവ് ജിയുടെ വചനങ്ങൾ പ്രചരിപ്പിക്കുന്ന സിഖ് സമൂഹവുമായുള്ള സാംസ്‌കാരിക ബന്ധത്തെ ഇന്ത്യ വളരെയധികം വിലമതിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ലോകത്തിന് ഇന്ത്യ നല്‍കിയ സമ്മാനമാണ് തമിഴ് എന്ന് ശ്രീ മോദി പ്രസ്താവിച്ചു. തമിഴ് സാഹിത്യം ശാശ്വതമാണെന്നും തമിഴ് സംസ്‌കാരം ആഗോളമാണെന്നും തമിഴ് ജനത തങ്ങളുടെ കഴിവുകളിലൂടെ മനുഷ്യരാശിയെ സേവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരു സി പി രാധാകൃഷ്ണന്‍, വിദേശകാര്യമന്ത്രി ഡോ. എസ് ജയ്‌ശങ്കര്‍, ധനമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍, വാര്‍ത്താവിതരണ-പ്രക്ഷേപണ സഹമന്ത്രി ഡോ. മുരുകന്‍ എന്നിവരെല്ലാം തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്” - ശ്രീ മോദി പറഞ്ഞു.

 

മലേഷ്യയിലെ തമിഴ് പ്രവാസി സമൂഹത്തിലെ അംഗങ്ങള്‍ വിവിധ മേഖലകളില്‍ സമൂഹത്തെ സേവിക്കുന്നുണ്ടെന്നും തമിഴ് പ്രവാസികള്‍ നിരവധി നൂറ്റാണ്ടുകളായി മലേഷ്യയില്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ചരിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, മലയ സര്‍വകലാശാലയില്‍ ഇന്ത്യ ‘തിരുവള്ളുവര്‍ ചെയര്‍’ സ്ഥാപിച്ചുവെന്നും പൊതുപൈതൃകം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇപ്പോള്‍ തിരുവള്ളുവര്‍ കേന്ദ്രംകൂടി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-മലേഷ്യ ബന്ധം ഓരോ വര്‍ഷവും പുതിയ ഉയരങ്ങളിലെത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2024-ല്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ ന്യൂഡല്‍ഹി സന്ദര്‍ശനം അനുസ്മരിച്ച്, ഉഭയകക്ഷി ബന്ധങ്ങള്‍ സമഗ്ര-തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയര്‍ന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും ഇപ്പോള്‍ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും പങ്കാളികളായി കൈകോര്‍ത്ത് നടക്കുന്നുവെന്നും പരസ്പരം വിജയങ്ങള്‍ സ്വന്തം വിജയങ്ങളായി ആഘോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാന്‍-3-ന്റെ ചരിത്രപരമായ വിജയത്തിന് പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ ആശംസകള്‍ തന്നെ സ്പര്‍ശിച്ചുവെന്ന് ശ്രീ മോദി അനുസ്മരിച്ചു, ഇന്ത്യയുടെ വിജയം മലേഷ്യയുടെയും ഏഷ്യയുടെയും വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ബന്ധത്തിന്റെ വഴികാട്ടിയായ വാക്ക് IMPACT (കൂട്ടായ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യ-മലേഷ്യ പങ്കാളിത്തം) എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബന്ധങ്ങളുടെ വേഗത, അഭിലാഷങ്ങളുടെ വ്യാപ്തി, ജനങ്ങള്‍ക്കുള്ള നേട്ടങ്ങള്‍ എന്നിവയില്‍ ഇതിന്റെ സ്വാധീനം അദ്ദേഹം എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും മനുഷ്യരാശിക്കാകെ പ്രയോജനം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഇന്ത്യൻ കമ്പനികൾ എപ്പോഴും മലേഷ്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ താല്പര്യപ്പെടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മലേഷ്യയിലെ ആദ്യത്തെയും ഏഷ്യയിലെ ഏറ്റവും വലുതുമായ ഇൻസുലിൻ നിർമ്മാണ ശാല സ്ഥാപിക്കുന്നതിൽ ഇന്ത്യ വഹിച്ച പങ്കിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. “നൂറിലധികം ഇന്ത്യന്‍ ഐടി കമ്പനികള്‍ മലേഷ്യയില്‍ പ്രവര്‍ത്തിക്കുന്നു. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. മലേഷ്യ-ഇന്ത്യ ഡിജിറ്റല്‍ കൗണ്‍സില്‍ ഡിജിറ്റല്‍ സഹകരണത്തിന് പുതിയ വഴികള്‍ തുറക്കുന്നു” - അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ യുപിഐ സംവിധാനം ഉടന്‍ മലേഷ്യയിലേക്ക് വരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇന്ത്യയും മലേഷ്യയും ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരേ നീലജലം പങ്കിടുന്നുവെന്ന് പ്രസ്താവിച്ച ശ്രീ മോദി, ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാൻ എല്ലാവരെയും ക്ഷണിച്ചു. “കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കിയും, റെക്കോർഡ് വേഗതയിൽ ഹൈവേകൾ നിർമ്മിച്ചും, വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകളിലൂടെ അന്താരാഷ്ട്ര പ്രശംസ നേടിയും അടിസ്ഥാനസൗകര്യമേഖലയിൽ ഇന്ത്യ അഭൂതപൂർവമായ വളർച്ച കൈവരിച്ചു” - ശ്രീ മോദി പറഞ്ഞു. ജനങ്ങൾ തമ്മിലുള്ള സമ്പർക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനമായതിനാൽ, മലായ് സുഹൃത്തുക്കളെയും കൂട്ടി കൂടുതൽ പേർ ഇന്ത്യ സന്ദർശിക്കണമെന്ന് അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

 

കഴിഞ്ഞ ദശകത്തിൽ ഇന്ത്യ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “പതിനൊന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ നിന്ന് ഇന്ത്യ ഇപ്പോൾ ലോകത്തെ ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് അടുക്കുകയാണ്; മാത്രമല്ല ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയുമാണ് ഇന്ത്യ”-  ശ്രീ മോദി എടുത്തുപറഞ്ഞു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി ഇന്ത്യയെ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാതാക്കളാക്കി മാറ്റിയെന്നും, 2014-ന് ശേഷം പ്രതിരോധ കയറ്റുമതിയിൽ ഏകദേശം 30 മടങ്ങ് വർധന ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഹബ്ബായി മാറിയിരിക്കുന്നു, ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യവും ഫിന്‍ടെക് ആവാസവ്യവസ്ഥയും ഇന്ത്യ കെട്ടിപ്പടുത്തു. ലോകത്തിലെ ഏകദേശം പകുതിയോളം തത്സമയ ഡിജിറ്റല്‍ ഇടപാടുകളും യുപിഐ വഴിയാണ് നടക്കുന്നത്. ഇന്ത്യയുടെ സൗരോർജശേഷി പത്ത് വർഷത്തിനുള്ളിൽ 40 മടങ്ങ് വർധിച്ചത് സംശുദ്ധവും ഹരിതവുമായ വളർച്ചയുടെ തെളിവാണ്” - ശ്രീ മോദി പറഞ്ഞു.

ഇന്ത്യയെ ഇപ്പോൾ വലിയ വിപണിയായി മാത്രമല്ല, മറിച്ച് നിക്ഷേപത്തിന്റെയും വ്യാപാരത്തിന്റെയും കേന്ദ്രമായും വളർച്ചയുടെ വിശ്വസ്ത പങ്കാളിയായുമാണ് കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. UK, UAE, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഒമാന്‍, യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക എന്നിവയുമായി ഇന്ത്യക്കു വ്യാപാര കരാറുകളുണ്ടെന്നും, ഇന്ത്യയുടെ ഏറ്റവും ശക്തമായ കറന്‍സിയായി ‘വിശ്വാസം’ മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഇന്ത്യ തങ്ങളുടെ പ്രവാസികളെ എപ്പോഴും ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ വംശജരായ മലേഷ്യന്‍ പൗരന്മാര്‍ക്ക് ആറാം തലമുറ വരെ OCI കാര്‍ഡിനു യോഗ്യത നല്‍കാനുള്ള ചരിത്രപരമായ തീരുമാനം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സ്‌കോളര്‍ഷിപ്പ് ട്രസ്റ്റ് ഫണ്ട് വഴിയുള്ള ഇന്ത്യയുടെ പിന്തുണ ആവര്‍ത്തിച്ച ശ്രീ മോദി, ഇന്ത്യയില്‍ പഠിക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് തിരുവള്ളുവര്‍ സ്‌കോളര്‍ഷിപ്പുകള്‍ വരുമെന്നും പ്രഖ്യാപിച്ചു. ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ‘ഇന്ത്യയെ അറിയൂ’ പദ്ധതിയെക്കുറിച്ചും മലേഷ്യയില്‍ ഉടന്‍ തുറക്കാനിരിക്കുന്ന പുതിയ കോണ്‍സുലേറ്റിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

 

2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുക എന്നതാണ് 140 കോടി ഇന്ത്യക്കാരുടെ ലക്ഷ്യമെന്നും ഈ യാത്രയിൽ പ്രവാസി ഇന്ത്യൻ സമൂഹം വിലപ്പെട്ട പങ്കാളികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “ക്വാലാലംപൂരിലായാലും കൊൽക്കത്തയിലായാലും, പ്രവാസികളുടെ ഹൃദയത്തിൽ ഇന്ത്യ ജീവിക്കുന്നു. മലേഷ്യയുടെയും ഇന്ത്യയുടെയും പുരോഗതിയുടെ സജീവ ഭാഗമായ നിങ്ങൾ ഐശ്വര്യപൂർണ്ണമായ മലേഷ്യയും വികസിത ഭാരതം എന്ന കാഴ്ചപ്പാടും യാഥാർത്ഥ്യമാക്കാൻ സഹായിക്കും” - ശ്രീ മോദി ഉപസംഹരിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Womaniya' initiative of GeM, sees 27.6% growth, Rs 28,000 crore contracts awarded to women MSEs

Media Coverage

Womaniya' initiative of GeM, sees 27.6% growth, Rs 28,000 crore contracts awarded to women MSEs
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 11
April 11, 2026

PM Modi’s Vision in Overdrive: From Electric Buses to Gaganyaan — India’s Multi-Speed March to Viksit Bharat