റിപ്പബ്ലിക് ഓഫ് ക്രൊയേഷ്യയുടെ പ്രസിഡന്റ് സോറൻ മിലനോവിച്ചുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സാഗ്രെബിൽ കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തി. ജനാധിപത്യം, നിയമവാഴ്ച, അന്താരാഷ്ട്ര സമാധാനത്തിന്റെയും സ്ഥിരതയുടെയും പൊതുവായ ലക്ഷ്യം എന്നിവയെ അടിസ്ഥാനമാക്കി ഇരു രാജ്യങ്ങളും തമ്മിലുള്ള അടുപ്പമുള്ളതും സൗഹൃദപരവുമായ ബന്ധത്തിനുള്ള പ്രതിബദ്ധത അവർ ആവർത്തിച്ചു. പ്രതിരോധം, സ്റ്റാർട്ടപ്പ്, കായികം, നവീകരണം തുടങ്ങിയ പുതിയ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിന്റെ വൈവിധ്യവൽക്കരണത്തിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ക്രൊയേഷ്യ നൽകിയ ശക്തമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും പ്രധാനമന്ത്രി പ്രസിഡന്റ് മിലനോവിച്ചിന് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള അടുത്ത സാംസ്കാരിക ബന്ധങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ നയതന്ത്ര പങ്കാളിത്തം സമീപകാലത്ത് കൂടുതൽ ആഴത്തിലായിട്ടുണ്ടെന്നും ഇത് ഇന്ത്യ-ക്രൊയേഷ്യ ബന്ധങ്ങൾക്ക് പല തരത്തിൽ മൂല്യം കൂട്ടുമെന്നും അവർ അഭിപ്രായപ്പെട്ടു.
ഇന്ത്യ-ക്രൊയേഷ്യ ബന്ധങ്ങളുടെ പൂർണ്ണ ശേഷി പുറത്തെടുത്ത് ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു നേതാക്കളും സമ്മതിച്ചു.


