“ലോകമെമ്പാടും യോഗ പരിശീലിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്”
“യോഗയിൽനിന്നുള്ള അന്തരീക്ഷവും ഊർജവും അനുഭവവും ഇന്നു ജമ്മു കശ്മീരിൽ ഉൾക്കൊള്ളാൻ കഴിയും”
“ലോകമിന്നു പുതിയ യോഗാ സമ്പദ്‌വ്യവസ്ഥ ഉയർന്നുവരുന്നതു കാണുന്നു”
“ആഗോളനന്മയുടെ കരുത്തുറ്റ ഘടകമായി ലോകം യോഗയെ കാണുന്നു”
“ഭൂതകാലത്തിന്റെ ഭാരങ്ങളില്ലാതെ വർത്തമാനകാലനിമിഷത്തിൽ ജീവിക്കാൻ യോഗ നമ്മെ സഹായിക്കുന്നു”
“സമൂഹത്തിൽ ഗുണപരമായ മാറ്റത്തിന്റെ പുതിയ പാതകൾ രചിക്കുകയാണു യോഗ”
“നമ്മുടെ ക്ഷേമം നമുക്കു ചുറ്റുമുള്ള ലോകത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നെന്നു മനസ്സിലാക്കാൻ യോഗ സഹായിക്കുന്നു”
“യോഗ അച്ചടക്കം മാത്രമല്ല; ശാസ്ത്രം കൂടിയാണ്”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ജമ്മു കശ്മീരിലെ ശ്രീനഗറിൽ പത്താമത് അന്താരാഷ്ട്ര യോഗാ ദിന (IYD) പരിപാടിയെ അഭിസംബോധന ചെയ്തു. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിനു പ്രധാനമന്ത്രി നേതൃത്വം നൽകുകയും യോഗാ സെഷനിൽ പങ്കെടുക്കുകയും ചെയ്തു.

അന്താരാഷ്ട്ര യോഗാ ദിനത്തിൽ യോഗയുടെയും സാധനയുടെയും നാടായ ജമ്മു കശ്മീരിൽ സന്നിഹിതനാകാൻ കഴിഞ്ഞതിൽ കൃതാർഥനാണെന്നു പ്രധാനമന്ത്രി പറഞ്ഞു. യോഗയിൽനിന്നുള്ള അന്തരീക്ഷവും ഊർജവും അനുഭവവും ഇന്നു ജമ്മു കശ്മീരിൽനിന്ന് ഉൾക്കൊള്ളാൻ കഴിയും- ശ്രീ മോദി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ പൗരന്മാർക്കും യോഗ പരിശീലിക്കുന്നവർക്കും അന്താരാഷ്ട്ര യോഗാ ദിനത്തിൽ അദ്ദേഹം ആശംസകൾ നേർന്നു.

അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പത്താം വാർഷികത്തിൽ 177 രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ നിർദേശം അംഗീകരിച്ചതായി പ്രധാനമന്ത്രി അനുസ്മരിച്ചു. 2015-ൽ 35,000 പേർ കർത്തവ്യപഥത്തിൽ യോഗ ചെയ്തതും കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗ പരിപാടിയിൽ 130-ലധികം രാജ്യങ്ങൾ പങ്കെടുത്തതും ഐവൈഡിയുടെ പശ്ചാത്തലത്തിൽ തുടർന്നുണ്ടാക്കിയ റെക്കോർഡുകളും അദ്ദേഹം പരാമർശിച്ചു. ആയുഷ് മന്ത്രാലയം രൂപീകരിച്ച യോഗാ സർട്ടിഫിക്കേഷൻ ബോർഡ് ഇന്ത്യയിലെ നൂറിലധികം സ്ഥാപനങ്ങളും 10 പ്രമുഖ വിദേശ സ്ഥാപനങ്ങളും അംഗീകരിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

 

യോഗ അഭ്യസിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും വർധിക്കുകയാണെന്നും യോഗയുടെ ആകർഷകത്വം നിരന്തരം വർധിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗയുടെ പ്രയോജനവും ജനങ്ങൾ അംഗീകരിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, തന്റെ ആശയവിനിമയവേളയിൽ യോഗയെക്കുറിച്ചു ചർച്ച ചെയ്യാത്ത ഒരു ലോകനേതാവും ഉണ്ടാകില്ലെന്നും പറഞ്ഞു. “എല്ലാ ലോക നേതാക്കളും എന്നോട് ആശയവിനിമയം നടത്തുമ്പോൾ യോഗയിൽ അതീവ താൽപ്പര്യം കാണിക്കുന്നു” - അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ലോകമെമ്പാടും യോഗയുടെ സ്വീകാര്യത വർധിച്ചുവരുന്നതിലേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, 2015-ൽ തുർക്ക്മെനിസ്ഥാൻ സന്ദർശനവേളയിൽ യോഗാകേന്ദ്രം ഉദ്ഘാടനംചെയ്ത കാര്യം അനുസ്മരിച്ചു. യോഗ ഇന്ന് ആ രാജ്യത്തു വളരെ പ്രചാരത്തിലായിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. തുർക്ക്മെനിസ്ഥാനിലെ വൈദ്യശാസ്ത്ര സർവകലാശാലകളിൽ യോഗാ ചികിത്സ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സൗദി അറേബ്യ ഇത് അവരുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും മംഗോളിയൻ യോഗാ ഫൗണ്ടേഷൻ നിരവധി യോഗാ വിദ്യാലയങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. യൂറോപ്പിൽ യോഗയ്ക്കു ലഭിച്ച സ്വീകാര്യതയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇതുവരെ 1.5 കോടി ജർമൻ പൗരന്മാർ യോഗാ പരിശീലകരായി മാറിയെന്നു വ്യക്തമാക്കി. ഒരിക്കൽപോലും ഇന്ത്യ സന്ദർശിച്ചിട്ടില്ലെങ്കിലും യോഗയ്ക്കു നൽകിയ സംഭാവനകൾ മാനിച്ച് 101 വയസ്സുള്ള ഫ്രഞ്ച് യോഗാധ്യാപികയ്ക്ക് ഇന്ത്യ ഈ വർഷം പത്മശ്രീ നൽകി ആദരിച്ചതും അദ്ദേഹം അനുസ്മരിച്ചു. യോഗ ഇന്നു ഗവേഷണവിഷയമായി മാറിയെന്നും നിരവധി ഗവേഷണപ്രബന്ധങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്തുവർഷത്തിനിടയിൽ യോഗയുടെ വികാസത്തിലൂടെ യോഗയെക്കുറിച്ചുള്ള ധാരണകൾ മാറിയതു പരാമർശിച്ച പ്രധാനമന്ത്രി, പുതിയ യോഗാ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും സംസാരിച്ചു. യോഗാ വിനോദസഞ്ചാരത്തോടുള്ള ആകർഷകത്വം വർധിക്കുന്നതും ആധികാരികമായി യോഗ പഠിക്കാൻ ഇന്ത്യ സന്ദർശിക്കാനുള്ള ജനങ്ങളുടെ ആഗ്രഹവും അദ്ദേഹം പരാമർശിച്ചു. യോഗാ ധ്യാനകേന്ദ്രങ്ങൾ, സുഖവാസകേന്ദ്രങ്ങൾ, വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും യോഗയ്ക്കുള്ള പ്രത്യേക സൗകര്യങ്ങൾ, യോഗാ വസ്ത്രങ്ങളും ഉപകരണങ്ങളും, വ്യക്തിഗത യോഗാ പരിശീലകർ, യോഗാ-ഏകാഗ്രത-സൗഖ്യ സംരംഭങ്ങൾ നടത്തുന്ന കമ്പനികൾ എന്നിവയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇവയെല്ലാം യുവാക്കൾക്കു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

‘യോഗ – വ്യക്തിക്കും സമൂഹത്തിനും’ എന്ന ഈ വർഷത്തെ അന്താരാഷ്ട്ര യോഗാദിനത്തിന്റെ പ്രമേയത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി മോദി, യോഗയെ ആഗോള നന്മയുടെ കരുത്തുറ്റ ഘടകമായാണു ലോകം കാണുന്നതെന്നും ഭൂതകാലത്തിന്റെ ഭാരങ്ങളില്ലാതെ വർത്തമാനകാലത്തു ജീവിക്കാൻ ഇതു നമ്മെ പ്രാപ്തരാക്കുന്നുവെന്നും പറഞ്ഞു. “നമ്മുടെ ക്ഷേമം നമുക്കു ചുറ്റുമുള്ള ലോകത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു തിരിച്ചറിയാൻ യോഗ സഹായിക്കുന്നു. നമ്മുടെയുള്ള‌ിൽ സമാധാനം ഉണ്ടായിരിക്കുമ്പോൾ, നമുക്കു ലോകത്തിൽ ഗുണപരമായ സ്വാധീനം ചെലുത്താൻ കഴിയും” - പ്രധാനമന്ത്രി മോദി പറഞ്ഞു,

യോഗയുടെ ശാസ്ത്രീയ വശങ്ങൾക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, വിവരങ്ങളുടെ അമിതഭാരം നേരിടുന്നതിനും ശ്രദ്ധ നിലനിർത്തുന്നതിനുമുള്ള അതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ഏകാഗ്രതയാണ് ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണു സൈന്യംമുതൽ കായികരംഗംവരെയുള്ള മേഖലകളിൽ യോഗ ഉൾപ്പെടുത്തുന്നതെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. യോഗ, ധ്യാനം എന്നിവയിലും ബഹിരാകാശ സഞ്ചാരികൾക്കു പരിശീലനം നൽകുന്നുണ്ട്. തടവുകാരിൽ ഗുണപരമായ ചിന്തകൾ കൊണ്ടുവരുന്നതിനു ജയിലുകളിലും യോഗ ഉപയോഗിക്കുന്നു. “സമൂഹത്തിൽ ഗുണപരമായ മാറ്റത്തിന്റെ പുതിയ വഴികൾ സൃഷ്ടിക്കുകയാണ് യോഗ” - പ്രധാനമന്ത്രി മോദി പറഞ്ഞു.

 

യോഗയിൽനിന്നുള്ള പ്രചോദനം നമ്മുടെ പ്രയത്നങ്ങൾക്കു ശുഭകരമായ ഊർജം പ്രദാനം ചെയ്യുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ജമ്മു കശ്മീരിലെ, പ്രത്യേകിച്ചു ശ്രീനഗറിലെ, ജനങ്ങളുടെ യോഗയോടുള്ള ആവേശത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി, കേന്ദ്രഭരണപ്രദേശത്തിന്റെ വിനോദസഞ്ചാരസാധ്യതകൾ വർധിപ്പിക്കുന്നതിന് ഇതു വേദിയൊരുക്കുന്നുവെന്നും പറഞ്ഞു. മഴക്കാലം വകവയ്ക്കാതെ മുന്നിട്ടിറങ്ങി പിന്തുണ പ്രകടിപ്പിച്ച ജനങ്ങളുടെ മനോഭാവത്തെയും അദ്ദേഹം പ്രശംസിച്ചു. “ജമ്മു കശ്മീരിൽ 50,000 മുതൽ 60,000 വരെ ജനങ്ങൾ യോഗാ പരിപാടിയുമായി സഹകരിക്കുന്നത് വലിയ കാര്യമാണ്” - അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിലെ ജനങ്ങളുടെ പിന്തുണയ്ക്കും പങ്കാളിത്തത്തിനും നന്ദി പറഞ്ഞു പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി, ലോകമെമ്പാടുമുള്ള യോഗാ പ്രേമികൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.

പശ്ചാത്തലം

2024 ജൂൺ 21നു പത്താമത് അന്താരാഷ്ട്ര യോഗാദിനത്തിൽ (IDY) പ്രധാനമന്ത്രി ശ്രീനഗറിലെ SKICC-യിൽ നടന്ന അന്താരാഷ്ട്ര യോഗാ ദിനാചരണങ്ങൾക്കു നേതൃത്വം നൽകി. ഈ വർഷത്തെ പരിപാടി യുവമനസ്സുകളിലും ശരീരത്തിലും യോഗയുടെ ആഴത്തിലുള്ള സ്വാധീനം അടിവരയിടുന്നതാണ്. ആഗോളതലത്തിൽ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന യോഗാ പരിശീലനത്തിൽ ആയിരങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ആഘോഷത്തിന്റെ ലക്ഷ്യം.

 

2015 മുതൽ, ഡൽഹിയിലെ കർത്തവ്യപഥം, ചണ്ഡീഗഢ്, ഡെറാഡൂൺ, റാഞ്ചി, ലഖ്‌നൗ, മൈസൂരു, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനം എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ അന്താരാഷ്ട്ര യോഗാ ദിന (ഐഡിവൈ) ആഘോഷങ്ങൾക്കു പ്രധാനമന്ത്രി നേതൃത്വം നൽകിയിട്ടുണ്ട്.

“യോഗ വ്യക്തിക്കും സമൂഹത്തിനും” എന്ന പ്രമേയം വ്യക്തിപരവും സാമൂഹ്യവുമായ ക്ഷേമം പരിപോഷിപ്പിക്കുന്നതിലെ ദ്വന്ദ്വഭാവം ഉയർത്തിക്കാട്ടുന്നു. ഗ്രാമീണ മേഖലകളിൽ യോഗയുടെ വ്യാപനത്തിനും താഴേത്തട്ടിലുള്ള പങ്കാളിത്തത്തിനും ഈ പരിപാടി പ്രോത്സാഹനമേകും.

 

Click here to read full text speech

 

 

 

 

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
Around 8 million jobs created under the PMEGP, says MSME ministry

Media Coverage

Around 8 million jobs created under the PMEGP, says MSME ministry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ജൂലൈ 23
July 23, 2024

Budget 2024-25 sets the tone for an all-inclusive, high growth era under Modi 3.0