പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാവിലെ ലോക് കല്യാൺ മാർഗിലെ വസതിയിൽ ദാവൂദി ബൊഹ്റ സമുദായാംഗങ്ങളുടെ പ്രതിനിധിസംഘവുമായി ആശയവിനിമയം നടത്തി.

പ്രതിനിധിസംഘത്തിൽ വ്യവസായപ്രമുഖർ, പ്രൊഫഷണലുകൾ, ഡോക്ടർമാർ, അധ്യാപകർ, ദാവൂദി ബൊഹ്റ സമുദായത്തിലെ മറ്റു പ്രമുഖർ എന്നിവർ ഉൾപ്പെടുന്നു. സമുദായത്തിന്റെ പോരാട്ടങ്ങൾ വിവരിച്ച അംഗങ്ങൾ, സമുദായത്തിലെ അംഗങ്ങളുടെ സ്വത്തുക്കൾ വഖഫ് എങ്ങനെ തെറ്റായി അവകാശപ്പെടുത്തി എന്നതിന്റെ കഥകൾ പങ്കുവച്ചു. വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നതിനു പ്രധാനമന്ത്രിയോടു നന്ദി പറഞ്ഞ പ്രതിനിധിസംഘം, വളരെക്കാലമായി നിലനിന്നിരുന്ന ആവശ്യമായിരുന്നു ഇതെന്നും പറഞ്ഞു.

ദാവൂദി ബൊഹ്റ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക ദീർഘകാല ബന്ധത്തെക്കുറിച്ചും അദ്ദേഹം ചെയ്ത മികച്ച പ്രവർത്തനങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. നിയമത്തിന്റെ നേട്ടത്തെക്കുറിച്ചു സംസാരിക്കവേ, പ്രധാനമന്ത്രി ഈ നിയമം കൊണ്ടുവന്നതു ന്യൂനപക്ഷങ്ങൾക്കുവേണ്ടി മാത്രമല്ല, ന്യൂനപക്ഷങ്ങൾക്കുള്ളിലെ ന്യൂനപക്ഷങ്ങൾക്കുവേണ്ടിയാണെന്നും അവർ പറഞ്ഞു. ഇന്ത്യ എല്ലായ്പോഴും അവരുടെ സ്വത്വം അഭിവൃദ്ധി പ്രാപിക്കാൻ അനുവദിച്ചിട്ടുണ്ടെന്നു പറഞ്ഞ അവർ, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ, ഉൾപ്പെടുത്തലിന്റെ ചൈതന്യം അനുഭവിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെക്കുറിച്ചു ചർച്ചചെയ്ത അവർ, അതിനായുള്ള യാത്രയിൽ പ്രതിജ്ഞാബദ്ധതയും സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. യഥാർഥ വികസനം ജനകേന്ദ്രീകൃതമായിരിക്കണമെന്ന വശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തെയും അവർ പ്രകീർത്തിച്ചു. സ്വയംപര്യാപ്ത ഇന്ത്യ, എംഎസ്എംഇകൾക്കുള്ള പിന്തുണ തുടങ്ങിയ നിരവധി പ്രധാന സംരംഭങ്ങളെ അവർ പ്രശംസിച്ചു. ചെറുകിട വ്യവസായങ്ങൾക്ക് അവ വളരെ സഹായകരമാണെന്ന് അവർ പറഞ്ഞു. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പോലുള്ള നടപടികളെയും നാരീശക്തിക്കു കരുത്തേകുന്നതിനുള്ള മറ്റു നടപടികളെയും അവർ അഭിനന്ദിച്ചു.

വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നതിനു പിന്നിലെ വർഷങ്ങൾ നീണ്ട പ്രവർത്തനത്തെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. വഖഫിനാൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നിയമം കൊണ്ടുവന്നതിനു പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന്, നിലവിലുള്ള വ്യവസ്ഥയുടെ ദുരിതമനുഭവിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു, പ്രത്യേകിച്ച് വിധവകളായിരുന്നു, എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ദാവൂദി ബൊഹ്റ സമുദായാംഗങ്ങളുമായുള്ള തന്റെ ദൃഢമായ ബന്ധം പ്രധാനമന്ത്രി അനുസ്മരിച്ചു. വർഷങ്ങളായി സാമൂഹ്യക്ഷേമത്തിനായി പ്രവർത്തിക്കുന്ന സമുദായത്തിന്റെ പാരമ്പര്യത്തെ അദ്ദേഹം പ്രശംസിച്ചു. നിയമം കൊണ്ടുവരുന്നതിൽ സമുദായത്തിന്റെ പ്രത്യേക സംഭാവനയും അദ്ദേഹം എടുത്തുപറഞ്ഞു. വഖഫ് ഭേദഗതി നിയമം കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ, താൻ ആദ്യം ഇക്കാര്യം ചർച്ച ചെയ്ത വ്യക്തികളിൽ ഒരാളാണു സയിദ്ന മുഫദ്ദൽ സൈഫുദ്ദീൻ എന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദമായ അഭിപ്രായങ്ങൾ നൽകുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Had a wonderful meeting with members of the Dawoodi Bohra community! We talked about a wide range of issues during the interaction.@Dawoodi_Bohras pic.twitter.com/OC09EgcJPG
— Narendra Modi (@narendramodi) April 17, 2025


