ഇന്ത്യയുടെ സമുദ്രമേഖല ഊർജ്ജസ്വലതയോടെ അതിവേഗത്തിൽ മുന്നേറുകയാണ്: പ്രധാനമന്ത്രി
നൂറ്റാണ്ടിലേറെ പഴക്കമുള്ള കൊളോണിയൽ ഷിപ്പിംഗ് നിയമങ്ങൾക്ക് പകരം 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ആധുനികവും ഭാവിയുക്തവുമായ നിയമങ്ങൾ ഞങ്ങൾ കൊണ്ടുവന്നു: പ്രധാനമന്ത്രി
ഇന്ത്യയിലെ തുറമുഖങ്ങൾ, ഇന്ന് വികസ്വര രാജ്യങ്ങളിലെ ഏറ്റവും കാര്യക്ഷമമായ തുറമുഖങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു; പല സന്ദർഭങ്ങളിലും അവ വികസിത രാജ്യങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നു: പ്രധാനമന്ത്രി
കപ്പൽ നിർമ്മാണത്തിൽ പുതിയ ഉയരങ്ങളിൽ എത്താനുള്ള ശ്രമങ്ങൾ ഇന്ത്യ ഊർജ്ജിതപ്പെടുത്തുകയാണ്, വലിയ കപ്പലുകൾക്ക് ഞങ്ങൾ ഇപ്പോൾ അടിസ്ഥാന സൗകര്യ ആസ്തി പദവി നൽകിയിരിക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യയുടെ ഷിപ്പിംഗ് മേഖല വിപുലീകരിക്കാനുമുള്ള അനുയോജ്യമായ സമയമാണിത്: പ്രധാനമന്ത്രി
സമുദ്രമേഖല ആഗോള തലത്തിൽ പ്രക്ഷുബ്ധമാകുകയും ലോകം സുസ്ഥിരമായ ഒരു വിളക്കുമാടം തേടുകയും ചെയ്യുമ്പോൾ, ശക്തിയോടും സ്ഥിരതയോടും കൂടി ആ പങ്ക് വഹിക്കാൻ ഇന്ത്യ സജ്ജമാണ്: പ്രധാനമന്ത്രി
മഹാരാഷ്ട്രയിലെ മുംബൈയിൽ ഇന്ത്യ മാരിടൈം വീക്ക് 2025-ലെ മാരിടൈം ലീഡേഴ്‌സ് കോൺക്ലേവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുകയും ഗ്ലോബൽ മാരിടൈം സിഇഒ ഫോറത്തിന് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ മുംബൈയിൽ ഇന്ത്യ മാരിടൈം വീക്ക് 2025-ലെ മാരിടൈം ലീഡേഴ്‌സ് കോൺക്ലേവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുകയും ഗ്ലോബൽ മാരിടൈം സിഇഒ ഫോറത്തിന് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.

ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, 2016-ൽ മുംബൈയിലാണ് ഈ പരിപാടി ആരംഭിച്ചതെന്നും, അത് ഇപ്പോൾ  ആഗോള ഉച്ചകോടിയായി വളർന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. സമ്മേളനത്തിലെ, 85-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. പ്രധാന ഷിപ്പിംഗ് കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, നയരൂപീകരണവിദഗ്ധർ, നവീനാശ സംരംഭങ്ങൾ തുടങ്ങിയവയുടെ സിഇഒമാർ ചടങ്ങിൽ സന്നിഹിതരാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ചെറുകിട ദ്വീപ് രാഷ്ട്രങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യം അംഗീകരിച്ച അദ്ദേഹം അവരുടെ കൂട്ടായ കാഴ്ചപ്പാട് ഉച്ചകോടിയുടെ സഹവർത്തിത്വവും ഊർജ്ജ്വസ്വലതയും ഗണ്യമായി വർദ്ധിപ്പിച്ചതായും  അഭിപ്രായപ്പെട്ടു. 

 

ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ കോൺക്ലേവിൽ ഉദ്ഘാടനം ചെയ്തിട്ടുള്ളതായി ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ മേഖലയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് കോടി രൂപയുടെ ധാരണാപത്രങ്ങളും ഒപ്പുവെച്ചതായി എടുത്തുപറഞ്ഞു. ഇത് ഇന്ത്യയുടെ സമുദ്ര ശേഷിയിലുള്ള ആഗോള വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും, പങ്കാളികളുടെ സാന്നിധ്യം അവരുടെ പൊതുവായ പ്രതിബദ്ധതയുടെ പ്രതീകമായി നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

"21-ാം നൂറ്റാണ്ടിൽ, ഇന്ത്യയുടെ സമുദ്രമേഖല അതിവേഗത്തിലും ഊർജ്ജസ്വലയോടെയും മുന്നേറുകയാണ്," പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 2025 ഈ മേഖലയ്ക്ക് വളരെ പ്രധാനപ്പെട്ട വർഷമാണെന്ന് എടുത്തുപറഞ്ഞ അദ്ദേഹം, മേഖല കൈവരിച്ച പ്രധാന നേട്ടങ്ങൾ പങ്കുവെച്ചു. ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര ആഴക്കടൽ ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബായ വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമായി. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ അടുത്തിടെ ഈ തുറമുഖത്ത് എത്തിയത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 2024-25-ൽ, ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾ എക്കാലത്തെയും ഏറ്റവും ഉയർന്ന തോതിൽ ചരക്ക് കൈകാര്യം ചെയ്തുകൊണ്ട് പുതിയ റെക്കോർഡ് സ്ഥാപിച്ചു. ചരിത്രത്തിലാദ്യമായി, ഒരു ഇന്ത്യൻ തുറമുഖം മെഗാവാട്ട് തോതിലുള്ള ഹരിത ഹൈഡ്രജൻ പ്ലാന്റ് തദ്ദേശീയമായി  സ്ഥാപിച്ചതായി അറിയിച്ച അദ്ദേഹം ഈ നേട്ടം കാണ്ഡ്ല തുറമുഖത്തിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി. ഭാരത് മുംബൈ കണ്ടെയ്‌നർ ടെർമിനലിൻ്റെ രണ്ടാം ഘട്ടം ജെഎൻപിടിയിൽ ആരംഭിച്ചുകൊണ്ട് മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇത് ടെർമിനലിന്റെ ചരക്ക് കൈകാര്യം ചെയ്യൽ ശേഷി ഇരട്ടിയാക്കുകയും, ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നർ തുറമുഖമാക്കി അതിനെ മാറ്റുകയും ചെയ്തു," പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ തുറമുഖ അടിസ്ഥാന സൗകര്യങ്ങളിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപം മൂലമാണ് ഇത് സാധ്യമായതെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി അതിനായി നൽകിയ സംഭാവനകൾക്ക് സിംഗപ്പൂരിൽ നിന്നുള്ള പങ്കാളികൾക്ക് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.

 

സമുദ്രമേഖലയിൽ അടുത്ത തലമുറ പരിഷ്കാരങ്ങൾക്കായി ഈ വർഷം ഇന്ത്യ വലിയ ചുവടുവെപ്പുകൾ എടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. "നൂറ്റാണ്ടിലേറെ പഴക്കമുള്ള കൊളോണിയൽ ഷിപ്പിംഗ് നിയമങ്ങൾക്ക് പകരം, 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ആധുനികവും ഭാവി ലക്ഷ്യമാക്കിയുള്ളതുമായ നിയമങ്ങൾ കൊണ്ടുവന്നു," പ്രധാനമന്ത്രി പറഞ്ഞു. ഈ പുതിയ നിയമങ്ങൾ സംസ്ഥാന മാരിടൈം ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്നുവെന്നും, സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നുവെന്നും, തുറമുഖ നടത്തിപ്പിലെ ഡിജിറ്റൈസേഷൻ വിപുലീകരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടാതെ, മെർച്ചന്റ് ഷിപ്പിംഗ് ആക്ട് പ്രകാരം ഇന്ത്യൻ നിയമങ്ങൾ ആഗോള തലത്തിൽ അന്താരാഷ്ട്ര കൺവെൻഷനുകളുമായി സംയോജിപ്പിച്ചിട്ടുള്ളതായി ശ്രീ മോദി പറഞ്ഞു. ഈ പൊരുത്തപ്പെടുത്തൽ സുരക്ഷാ നിലവാരത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കുകയും, ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം മെച്ചപ്പെടുത്തുകയും, ഗവണ്മെന്റ് ഇടപെടൽ കുറയ്ക്കുകയും ചെയ്തു. ഇത്തരം ശ്രമങ്ങൾ ഓഹരി ഉടമകളുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസം കൂടുതൽ വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

വ്യാപാരം ലളിതമാക്കാനും വിതരണ ശൃംഖലയുടെ സുരക്ഷ ശക്തിപ്പെടുത്താനുമാണ് കോസ്റ്റൽ ഷിപ്പിംഗ് ആക്ട് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ വിശാലമായ തീരദേശത്ത് ഉടനീളം സന്തുലിത വികസനം ഈ നിയമം ഉറപ്പാക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. തുറമുഖങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏകീകരിക്കുകയും, ഡോക്യുമെന്റേഷൻ ആവശ്യകതകൾ ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്ന "ഒരു രാജ്യം, ഒരു പോർട്ട് പ്രോസസ്" സംവിധാനം എടുത്തുപറഞ്ഞുകൊണ്ട്, ഷിപ്പിംഗ് മേഖലയിലെ ഈ പരിഷ്കാരങ്ങൾ ഇന്ത്യയുടെ പതിറ്റാണ്ട് നീണ്ട പരിഷ്കരണ യാത്രയുടെ തുടർച്ചയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത്-പതിനൊന്ന് വർഷക്കാലത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ഇന്ത്യയുടെ സമുദ്രമേഖലയിലെ പരിവർത്തനം ചരിത്രപരമായിരുന്നു എന്ന് വ്യക്തമാക്കി. മാരിടൈം ഇന്ത്യ വിഷൻ പ്രകാരം 150-ലധികം പുതിയ സംരംഭങ്ങൾ ആരംഭിച്ചു, ഇത് പ്രധാന തുറമുഖങ്ങളുടെ ശേഷി ഇരട്ടിയോളമാക്കി, ചരക്ക് കൈമാറ്റം ചെയ്യുന്നതിനുള്ള സമയം (ടേൺറൗണ്ട് സമയം) ഗണ്യമായി കുറച്ചു, ക്രൂയിസ് ടൂറിസത്തിന് ഒരു പുതിയ ഉണർവ് നൽകി. ഉൾനാടൻ ജലപാതകളിലൂടെയുള്ള ചരക്ക് നീക്കം 700 ശതമാനത്തിലധികം വർദ്ധിച്ചു, പ്രവർത്തനക്ഷമമായ ജലപാതകളുടെ എണ്ണം മൂന്നിൽ നിന്ന് മുപ്പത്തിരണ്ടായി ഉയർന്നു. ഇന്ത്യൻ തുറമുഖങ്ങളുടെ അറ്റ വാർഷിക മിച്ചം കഴിഞ്ഞ ദശകത്തിൽ ഒൻപത് മടങ്ങ് വർദ്ധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇന്ത്യയുടെ തുറമുഖങ്ങൾ ഇപ്പോൾ വികസ്വര രാജ്യങ്ങളിലെ ഏറ്റവും കാര്യക്ഷമമായവയിൽ ഒന്നായി കണക്കാക്കപ്പെടുന്നു, പല സന്ദർഭങ്ങളിലും, വികസിത രാജ്യങ്ങളിലെ തുറമുഖങ്ങളേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്," പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ പ്രധാന സ്ഥിതിവിവരക്കണക്കുകളും അദ്ദേഹം പങ്കുവെച്ചു. ഇന്ത്യയിലെ ഒരു കണ്ടെയ്‌നർ, തുറമുഖത്ത് ചെലവഴിക്കുന്ന ശരാശരി സമയം മൂന്ന് ദിവസത്തിൽ താഴെയായി കുറഞ്ഞു, ഇത് നിരവധി വികസിത രാജ്യങ്ങളേക്കാൾ മികച്ചതാണ്. കപ്പലുകൾ ചരക്ക് കയറ്റാനും ഇറക്കാനും എടുക്കുന്ന ശരാശരി സമയം (Vessel Turnaround Time) 96 മണിക്കൂറിൽ നിന്ന് വെറും 48 മണിക്കൂറായി കുറഞ്ഞു. ഇത് ഇന്ത്യൻ തുറമുഖങ്ങളെ ആഗോള ഷിപ്പിംഗ് ലൈനുകൾക്ക് കൂടുതൽ മത്സരാധിഷ്ഠിതവും ആകർഷകവുമാക്കുന്നു. ലോക ബാങ്കിന്റെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യ ഗണ്യമായ പുരോഗതി കാണിച്ചതായും ശ്രീ മോദി കൂട്ടിച്ചേർത്തു. കൂടാതെ, സമുദ്രമേഖലയിലെ മനുഷ്യവിഭവശേഷിയിലെ ഇന്ത്യയുടെ വളരുന്ന ശക്തി അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ നാവികരുടെ എണ്ണം 1.25 ലക്ഷത്തിൽ നിന്ന് 3 ലക്ഷത്തിലധികം ആയി വർദ്ധിച്ചു. നിലവിൽ, നാവികരുടെ എണ്ണത്തിൽ ലോകത്ത് ആദ്യത്തെ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

21-ാം നൂറ്റാണ്ടിന്റെ നാലിലൊന്ന് പിന്നിട്ടെന്നും, അടുത്ത 25 വർഷം ഇതിലും നിർണായകമാണെന്നും അഭിപ്രായപ്പെട്ട ശ്രീ മോദി, സമുദ്ര സമ്പദ്‌വ്യവസ്ഥയിലും (Blue Economy) സുസ്ഥിര തീരദേശ വികസനത്തിലുമാണ് ഇന്ത്യയുടെ ശ്രദ്ധയെന്ന് ഊന്നിപ്പറഞ്ഞു. ഹരിത ലോജിസ്റ്റിക്സ്, തുറമുഖ കണക്റ്റിവിറ്റി, തീരദേശ വ്യാവസായിക ക്ലസ്റ്ററുകൾ എന്നിവയ്ക്ക് ഗവണ്മെന്റ് ശക്തമായ ഊന്നൽ നൽകുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു.

 

"കപ്പൽ നിർമ്മാണം ഇന്ന് ഇന്ത്യയുടെ മുൻഗണനകളിൽ ഒന്നാണ്," പ്രധാനമന്ത്രി അടിവരയിട്ടു. കപ്പൽ നിർമ്മാണത്തിലെ ഇന്ത്യയുടെ ചരിത്രപരമായ പ്രാധാന്യം അനുസ്മരിച്ച അദ്ദേഹം, ഈ മേഖലയിൽ രാജ്യം ഒരുകാലത്ത് പ്രധാന ആഗോള കേന്ദ്രമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി. ഈ പരിപാടി നടക്കുന്ന വേദിയിൽ നിന്ന് വളരെ അകലെയല്ല അജന്താ ഗുഹകൾ സ്ഥിതി ചെയ്യുന്നതെന്നും, അവിടെയുള്ള ആറാം നൂറ്റാണ്ടിലെ ഒരു ചിത്രത്തിൽ മൂന്ന്-പായ്മരക്കപ്പലിന്റെ രൂപകൽപ്പന ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാചീന ഇന്ത്യൻ കലകളിൽ കാണുന്ന ഈ രൂപകൽപ്പന നൂറ്റാണ്ടുകൾക്ക് ശേഷം മറ്റ് രാജ്യങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ നിർമ്മിച്ച കപ്പലുകൾ ഒരുകാലത്ത് ആഗോള വ്യാപാരത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു എന്ന് അടിവരയിട്ട ശ്രീ മോദി, പിന്നീട് കപ്പൽ പൊളിക്കൽ മേഖലയിൽ ഇന്ത്യ മുന്നേറിയെന്നും, ഇപ്പോൾ കപ്പൽ നിർമ്മാണത്തിൽ പുതിയ ഉയരങ്ങളിൽ എത്താൻ ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയാണെന്നും അഭിപ്രായപ്പെട്ടു. വലിയ കപ്പലുകൾക്ക് ഇന്ത്യ അടിസ്ഥാന സൗകര്യ ആസ്തി പദവി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. നയപരമായ ഈ തീരുമാനം ചടങ്ങിൽ സന്നിഹിതരായ എല്ലാ കപ്പൽ നിർമ്മാതാക്കൾക്കും പുതിയ വഴികൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പുതിയ ധനസഹായ തെരെഞ്ഞെടുക്കലുകൾ നൽകുമെന്നും, പലിശച്ചെലവ് കുറയ്ക്കുമെന്നും, വായ്പ ലഭ്യമാക്കുന്നത് എളുപ്പമാക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ പരിഷ്കാരം മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ഗവണ്മെന്റ് 70,000 കോടിയോളം രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ നിക്ഷേപം ആഭ്യന്തര ശേഷി വർദ്ധിപ്പിക്കുകയും, ദീർഘകാല ധനസഹായം പ്രോത്സാഹിപ്പിക്കുകയും, പുതിയതും നിലവിലുള്ളതുമായ കപ്പൽശാലകളുടെ (greenfield and brownfield shipyards) വികസനത്തെ പിന്തുണയ്ക്കുകയും, നൂതനമായ സമുദ്ര വൈദഗ്ധ്യം വളർത്തുകയും, ദശലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ സംരംഭം എല്ലാ പങ്കാളികൾക്കും പുതിയ നിക്ഷേപ അവസരങ്ങൾ തുറന്നു കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ഈ മണ്ണ് ഛത്രപതി ശിവജി മഹാരാജന്റെ നാടാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അദ്ദേഹം സമുദ്ര സുരക്ഷയുടെ അടിത്തറയിടുക മാത്രമല്ല, അറേബ്യൻ കടലിലെ വ്യാപാര പാതകളിൽ ഇന്ത്യൻ ശക്തി ഉറപ്പിക്കുകയും ചെയ്തു. കടലുകൾ അതിരുകളല്ല, മറിച്ച് അവസരങ്ങളിലേക്കുള്ള കവാടങ്ങളാണ് എന്നതായിരുന്നു ശിവജി മഹാരാജന്റെ കാഴ്ചപ്പാട്. അതേ ചിന്താഗതിയോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള വിതരണ ശൃംഖലയുടെ ശേഷി ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട്, ലോകോത്തര നിലവാരമുള്ള വൻകിട തുറമുഖങ്ങൾ രാജ്യം സജീവമായി നിർമ്മിക്കുകയാണെന്ന് ശ്രീ മോദി അറിയിച്ചു. മഹാരാഷ്ട്രയിലെ വധവനിൽ 76,000 കോടിയോളം രൂപ ചെലവിൽ ഒരു പുതിയ തുറമുഖം നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പ്രധാന തുറമുഖങ്ങളുടെ ശേഷി നാലിരട്ടിയാക്കാനും കണ്ടെയ്‌നർ ചരക്കുകളിലെ വിഹിതം വർദ്ധിപ്പിക്കാനും ഇന്ത്യ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സന്നിഹിതരായ എല്ലാ പ്രതിനിധികളും ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രധാന പങ്കാളികളാണെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറയുകയും, അവരുടെ ആശയങ്ങളെയും, നവപ്രവർത്തനങ്ങളെയും, നിക്ഷേപങ്ങളെയും സ്വാഗതം ചെയ്യുകയും ചെയ്തു. തുറമുഖങ്ങളിലും ഷിപ്പിംഗിലും 100% നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യ അനുവദിക്കുന്നുണ്ടെന്നും, പൊതു-സ്വകാര്യ പങ്കാളിത്തങ്ങൾ അതിവേഗം വികസിക്കുകയാണെന്നും അദ്ദേഹം ആവർത്തിച്ചു. "മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ ദി വേൾഡ്" എന്ന കാഴ്ചപ്പാടിൽ, പ്രോത്സാഹനങ്ങൾ നൽകുന്നുണ്ടെന്നും, നിക്ഷേപം ആകർഷിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഷിപ്പിംഗ് മേഖലയിൽ ഏർപ്പെടാനും വിപുലീകരിക്കാനുമുള്ള ശരിയായ സമയമാണിതെന്നും ഈ അവസരം  പ്രയോജനപ്പെടുത്തണമെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരോട് അദ്ദേഹം അഭ്യർത്ഥിച്ചു,

ഊർജ്ജസ്വലമായ ജനാധിപത്യവും വിശ്വാസ്യതയുമാണ് ഇന്ത്യയെ നിർവചിക്കുന്ന ശക്തിയെന്ന് അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, "ആഗോള സമുദ്ര മേഖല പ്രക്ഷുബ്ധമാകുമ്പോൾ, ലോകം സ്ഥിരതയുള്ള ഒരു വിളക്കുമാടം തേടുന്നു, ശക്തിയോടും സ്ഥിരതയോടും കൂടി ആ പങ്ക് വഹിക്കാൻ ഇന്ത്യയ്ക്ക് നല്ല ശേഷിയുണ്ട് " എന്ന് അഭിപ്രായപ്പെട്ടു. ആഗോള പിരിമുറുക്കങ്ങൾ, വ്യാപാര തടസ്സങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന വിതരണ ശൃംഖലകൾ എന്നിവക്കിടയിൽ, തന്ത്രപരമായ സ്വയംഭരണം, സമാധാനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയുടെ പ്രതീകമായി ഇന്ത്യ നിലകൊള്ളുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു. ഇന്ത്യയുടെ സമുദ്ര, വ്യാപാര സംരംഭങ്ങൾ ഈ വിശാലമായ കാഴ്ചപ്പാടിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇതിനൊരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വ്യാപാര മാർഗങ്ങളെ പുനർനിർവചിക്കുകയും, ശുദ്ധമായ ഊർജ്ജത്തെയും ശക്തമായ ചരക്കുനീക്കത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

 

എല്ലാവരെയും ഉൾക്കൊള്ളുന്ന സമുദ്ര വികസനത്തിലുള്ള ഇന്ത്യയുടെ ശ്രദ്ധ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, സാങ്കേതികവിദ്യ, പരിശീലനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ ചെറിയ ദ്വീപ് വികസ്വര രാജ്യങ്ങളെയും അവികസിത രാജ്യങ്ങളെയും ശാക്തീകരിച്ചാൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ എന്ന് അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, സാമ്പത്തിക അനിശ്ചിതത്വം, സമുദ്ര സുരക്ഷ എന്നിവ പരിഹരിക്കാൻ കൂട്ടായ നടപടി ആവശ്യമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയിലേക്ക് ഒരുമിച്ച് മുന്നോട്ട് പോകാനും, സുസ്ഥിര ഭാവി കെട്ടിപ്പടുക്കാനും ശ്രീ മോദി എല്ലാ പങ്കാളികളോടും ആഹ്വാനം ചെയ്തു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ഉച്ചകോടിയുടെ ഭാഗമായതിന് പങ്കെടുത്ത എല്ലാവരോടും പ്രധാനമന്ത്രി ഊഷ്മളമായ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.

മഹാരാഷ്ട്ര ഗവർണർ ശ്രീ ആചാര്യ ദേവവ്രത്, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര മന്ത്രിമാരായ ശ്രീ സർബാനന്ദ സോനോവാൾ, ശ്രീ ശാന്തനു താക്കൂർ, ശ്രീ കീർത്തി വർദ്ധൻ സിംഗ് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

പശ്ചാത്തലം

ഇന്ത്യ മാരിടൈം വീക്ക് 2025-ന്റെ പ്രധാന പരിപാടിയായ ഗ്ലോബൽ മാരിടൈം സിഇഒ ഫോറം, ആഗോള സമുദ്രമേഖലാ കമ്പനികളുടെ സിഇഒമാരെയും, പ്രധാന നിക്ഷേപകരെയും, നയരൂപീകരണ വിദഗ്ധരെയും, നവീനാശയ വിദഗ്ധരെയും, അന്താരാഷ്ട്ര പങ്കാളികളെയും ഒരു വേദിയിൽ ഒരുമിപ്പിക്കുന്നു. ആഗോള സമുദ്ര ആവാസവ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുകയാണ് ഫോറത്തിന്റെ ലക്ഷ്യം. സമുദ്ര മേഖലയുടെ സുസ്ഥിരമായ വളർച്ച, ശക്തമായ വിതരണ ശൃംഖലകൾ, ഹരിത ഷിപ്പിംഗ്, എല്ലാവരെയും ഉൾക്കൊള്ളുന്ന സമുദ്ര സമ്പദ്‌വ്യവസ്ഥാ തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ ഫോറം ഒരു പ്രധാന വേദിയാകും.

 

പ്രധാനമന്ത്രിയുടെ പങ്കാളിത്തം, മാരിടൈം അമൃത്കാൽ വിഷൻ 2047-മായി യോജിച്ചുകൊണ്ടുള്ള, അഭിലഷണീയവും ഭാവിയെ ലക്ഷ്യമാക്കിയുള്ളതുമായ സമുദ്ര പരിവർത്തനത്തോടുള്ള അദ്ദേഹത്തിന്റെ അഗാധമായ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്. തുറമുഖങ്ങളെ കേന്ദ്രീകരിച്ചുള്ള വികസനം, ഷിപ്പിംഗും കപ്പൽ നിർമ്മാണവും, തടസ്സമില്ലാത്ത ലോജിസ്റ്റിക്സ്, സമുദ്ര വൈദഗ്ധ്യം വളർത്തൽ എന്നിങ്ങനെയുള്ള നാല് തന്ത്രപരമായ അടിസ്ഥാന സ്തംഭങ്ങളിലാണ് ഈ ദീർഘകാല കാഴ്ചപ്പാട് രൂപപ്പെടുത്തിയിട്ടുള്ളത്. ഈ കാഴ്ചപ്പാട്, ലോകത്തിലെ മുൻനിര സമുദ്ര ശക്തികളിൽ ഒന്നായി ഇന്ത്യയെ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. ഈ ലക്ഷ്യം പ്രാവർത്തികമാക്കുന്നതിനായി, ഷിപ്പിംഗ്, തുറമുഖങ്ങൾ, കപ്പൽ നിർമ്മാണം, ക്രൂയിസ് ടൂറിസം, സമുദ്ര സമ്പദ്‌വ്യവസ്ഥാ ധനകാര്യം എന്നീ മേഖലകളിലെ പ്രമുഖ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന, ഇന്ത്യാ ഗവൺമെന്റിന്റെ പ്രധാന ആഗോള വേദിയാണ് ഇന്ത്യ മാരിടൈം വീക്ക് 2025.

"സമുദ്രങ്ങളെ ഒന്നിപ്പിക്കുക, ഒരൊറ്റ സമുദ്ര ദർശനം" ("Uniting Oceans, One Maritime Vision") എന്ന പ്രമേയത്തിൽ 2025 ഒക്ടോബർ 27 മുതൽ 31 വരെയാണ് IMW 2025 സംഘടിപ്പിക്കുന്നത്. ഒരു ആഗോള സമുദ്ര ഹബ്ബായും സമുദ്ര സമ്പദ്‌വ്യവസ്ഥയിൽ നേതൃസ്ഥാനത്തേയ്‌ക്ക്‌ ഇന്ത്യ  ഉയർന്നുവരുന്നതിനുള്ള തന്ത്രപരമായ രൂപരേഖ ഈ പരിപാടിയിലൂടെ ദൃശ്യമാകും. 85-ലധികം രാജ്യങ്ങളിൽ നിന്നായി 1,00,000-ലധികം പ്രതിനിധികളും, 500-ലധികം പ്രദർശകരും, 350-ലധികം അന്താരാഷ്ട്ര പ്രഭാഷകരും IMW 2025- പരിപാടിയുടെ ഭാഗമാകും.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's electronics exports cross $47 billion in 2025 on iPhone push

Media Coverage

India's electronics exports cross $47 billion in 2025 on iPhone push
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM receives H.H. Sheikh Mohamed bin Zayed Al Nahyan, President of the UAE
January 19, 2026

Prime Minister Shri Narendra Modi received His Highness Sheikh Mohamed bin Zayed Al Nahyan, President of the UAE at the airport today in New Delhi.

In a post on X, Shri Modi wrote:

“Went to the airport to welcome my brother, His Highness Sheikh Mohamed bin Zayed Al Nahyan, President of the UAE. His visit illustrates the importance he attaches to a strong India-UAE friendship. Looking forward to our discussions.

@MohamedBinZayed”

“‏توجهتُ إلى المطار لاستقبال أخي، صاحب السمو الشيخ محمد بن زايد آل نهيان، رئيس دولة الإمارات العربية المتحدة. تُجسّد زيارته الأهمية التي يوليها لعلاقات الصداقة المتينة بين الهند والإمارات. أتطلع إلى مباحثاتنا.

‏⁦‪@MohamedBinZayed