xരാഷ്ട്രനിർമാണത്തിനായി ഇന്ത്യയിലെ യുവാക്കളെ എൻ‌സി‌സി നിരന്തരം പ്രചോദിപ്പിച്ചു: പ്രധാനമന്ത്രി
ആഗോള നന്മയ്ക്കുള്ള ശക്തിയാണ് ഇന്ത്യയിലെ യുവാക്കൾ: പ്രധാനമന്ത്രി
കഴിഞ്ഞ 10 വർഷത്തിനിടെ, ഇന്ത്യയിലെ യുവാക്കൾ നേരിടുന്ന നിരവധി പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിച്ചു; ഇത് ഇന്ത്യയുടെ യുവാക്കളുടെ സാധ്യതകൾ വർധിപ്പിച്ചു: പ്രധാനമന്ത്രി
ഈ അമൃതകാലത്ത്, നാം മനസ്സിൽ സൂക്ഷിക്കേണ്ട ഏകലക്ഷ്യം ‘വികസിതഭാരതം’ എന്നതാണ്; നമ്മുടെ ഓരോ തീരുമാനത്തിന്റെയും ഓരോ പ്രവൃത്തിയുടെയും മാനദണ്ഡം വികസിത ഭാരതത്തിനു വേണ്ടിയാകണം: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ കരിയപ്പ പരേഡ് മൈതാനത്തു നടന്ന നാഷണൽ കേഡറ്റ് കോർപ്‌സ് (എൻ‌സി‌സി) വാർഷിക പിഎം റാലിയെ അഭിസംബോധന ചെയ്തു. ശ്രീ മോദി സാംസ്കാരിക പരിപാടിക്കു സാക്ഷ്യം വഹിക്കുകയും മികച്ച കേഡറ്റുകൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. എൻ‌സി‌സി ദിനത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, 18 സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം കേഡറ്റുകൾ പങ്കെടുക്കുന്നുണ്ടെന്നും അവരെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു. മേരാ യുവ ഭാരത് (MY ഭാരത്) പോർട്ടൽ വഴി വെർച്വലായി പരിപാടിയുടെ ഭാഗമായ ഇന്ത്യയിലുടനീളമുള്ള യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു.

 

“റിപ്പബ്ലിക് ദിന പരേഡിലേക്കു തെരഞ്ഞെടുക്കപ്പെട്ടതു തന്നെ നേട്ടമാണ്” - കേഡറ്റുകളെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ റിപ്പബ്ലിക്കായി 75 വർഷം പൂർത്തിയാക്കിയതിനാൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനം സവിശേഷമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഓർമകൾ ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്നും ഈ സുപ്രധാന അവസരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ കേഡറ്റുകൾക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാരങ്ങൾ നേടിയ കേഡറ്റുകളെ അദ്ദേഹം അഭിനന്ദിച്ചു. എൻ‌സി‌സിയുടെ നിരവധി യജ്ഞങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യാൻ ഇന്നു തനിക്ക് അവസരം ലഭിച്ചതായി പരാമർശിച്ച പ്രധാനമന്ത്രി, അത്തരം യജ്ഞങ്ങൾ ഇന്ത്യയുടെ പൈതൃകത്തെ യുവാക്കളുടെ വികസനമോഹങ്ങളുമായി കൂട്ടിയിണക്കുന്നുവെന്ന് പറഞ്ഞു. യജ്ഞത്തിന്റെ ഭാഗമായ എല്ലാ കേഡറ്റുകൾക്കും അദ്ദേഹം ആശംസകൾ നേർന്നു.

 

ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച അതേ സമയത്താണ് എൻ‌സിസി സ്ഥാപിതമായതെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭരണഘടനയ്ക്കു മുമ്പുതന്നെ എൻ‌സിസിയുടെ യാത്ര തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കിന്റെ 75 വർഷത്തിനപ്പുറം, ഭരണഘടന ജനാധിപത്യത്തിനു പ്രചോദനമേകുകയും പൗരന്മാരുടെ കടമകളുടെ പ്രാധാന്യത്തിന് ഊന്നൽ നൽകുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. അതുപോലെ, എൻ‌സിസി ഇന്ത്യയിലെ യുവാക്കളെ രാഷ്ട്രനിർമാണത്തിനായി പ്രചോദിപ്പിക്കുകയും അച്ചടക്കത്തിന്റെ പ്രാധാന്യം അവരെ പഠിപ്പിക്കുകയും ചെയ്തു. സമീപ വർഷങ്ങളിൽ എൻ‌സിസിയുടെ വ്യാപ്തിയും ഉത്തരവാദിത്വങ്ങളും വികസിപ്പിക്കുന്നതിനായി ഗവണ്മെന്റ് വിപുലമായ തോതിൽ പ്രവർത്തിച്ചതിൽ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. അതിർത്തിപ്രദേശങ്ങളിലേക്കും തീരദേശ ജില്ലകളിലേക്കും എൻ‌സിസി വ്യാപിപ്പിച്ചിട്ടുണ്ടെന്നും 170-ലധികം അതിർത്തിതാലൂക്കുകളും നൂറോളം തീരദേശ താലൂക്കുകളും ഇപ്പോൾ എൻ‌സിസി സാന്നിധ്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഈ ജില്ലകളിലെ യുവ എൻ‌സിസി കേഡറ്റുകൾക്കു പ്രത്യേക പരിശീലനം നൽകാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തതിനു മൂന്നു സായുധ സേനകളെയും ശ്രീ മോദി അഭിനന്ദിച്ചു. അതിർത്തിപ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിനു യുവാക്കൾക്ക് ഈ സംരംഭം പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. എൻ‌സിസിയിലെ പരിഷ്കാരങ്ങൾ കേഡറ്റുകളുടെ എണ്ണം വർധിക്കുന്നതിൽ പ്രകടമാണെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, 2014-ൽ ഏകദേശം 14 ലക്ഷം എൻ‌സിസി കേഡറ്റുകൾ ഉണ്ടായിരുന്നുവെന്നും ഇന്ന് ഈ എണ്ണം 20 ലക്ഷത്തിലെത്തിയെന്നും അതിൽ എട്ടുലക്ഷത്തിലധികം പെൺകുട്ടികളുണ്ടെന്നും പറഞ്ഞു. ദുരന്തനിവാരണത്തിൽ എൻസിസി കേഡറ്റുകൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും കായിക ലോകത്ത് അവർ മികവു പുലർത്തുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ലോകത്തിലെ യൂണിഫോം ധരിച്ച ഏറ്റവും വലിയ യുവജന സംഘടനയാണ് എൻസിസി എന്നതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.

 

21-ാം നൂറ്റാണ്ടിൽ ഇന്ത്യയുടെയും ലോകത്തിന്റെയും വികസനം നിർണയിക്കുന്നത് ഇന്ത്യയിലെ യുവാക്കളായിരിക്കുമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “ഇന്ത്യൻ യുവാക്കൾ ഇന്ത്യയുടെ വികസനത്തിനു സംഭാവന നൽകുന്നവർ മാത്രമല്ല, ആഗോള നന്മയ്ക്കുള്ള കരുത്തുകൂടിയാണ്” എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ യുവാക്കൾ ഒന്നരലക്ഷം സ്റ്റാർട്ടപ്പുകളും നൂറിലധികം യൂണികോണുകളും സൃഷ്ടിച്ചതായി പത്രങ്ങളിൽ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉദ്ധരിച്ച്, ഇരുനൂറിലധികം പ്രധാന ആഗോള കമ്പനികൾ ഇന്ത്യൻ വംശജരുടെ നേതൃത്വത്തിലാണെന്നും അവർ ആഗോള ജിഡിപിയിലേക്കു ട്രില്യൺ കണക്കിനു രൂപ സംഭാവന ചെയ്തതായും ദശലക്ഷക്കണക്കിനുപേരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ശാസ്ത്രജ്ഞരും ഗവേഷകരും അധ്യാപകരും ആഗോള പുരോഗതിക്കു വേഗം വർധിപ്പിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏതൊരു മേഖലയിലും, ഇന്ത്യയിലെ യുവാക്കളുടെ കഴിവും ശക്തിയും ഇല്ലാതെ ലോകത്തിന്റെ ഭാവി സങ്കൽപ്പിക്കുന്നതു ബുദ്ധിമുട്ടാണെന്നും അതുകൊണ്ടാണ് അവരെ ‘ആഗോള നന്മയ്ക്കുള്ള കരുത്ത്’ എന്നു വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

​അനാവശ്യമായ പ്രതിബന്ധങ്ങൾ മറികടക്കുമ്പോൾ ഒരു വ്യക്തിയുടെയോ രാജ്യത്തിന്റെയോ കരുത്തു വർധിക്കുമെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യയിലെ യുവാക്കൾ നേരിടുന്ന നിരവധി പ്രതിബന്ധങ്ങൾ നീക്കാൻ കഴിഞ്ഞതിൽ സംതൃപ്തി പ്രകടിപ്പിച്ചു. ഇതു യുവാക്കളുടെയും രാജ്യത്തിന്റെയും സാധ്യതകൾ വർധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2014-ൽ, ഈ യുവാക്കളിൽ പലരും പത്തോ പന്ത്രണ്ടോ വയസുമാത്രം പ്രായമുള്ളവരായിരുന്നെന്നും അന്നത്തെ അവസ്ഥയെക്കുറിച്ച് അവരുടെ കുടുംബങ്ങളോടു ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പ്, പ്രവേശനം, പരീക്ഷകൾ, നിയമനങ്ങൾ എന്നിവയ്ക്കായി ഗസറ്റഡ് ഓഫീസർ രേഖകൾ സാക്ഷ്യപ്പെടുത്തേണ്ടിയിരുന്ന രേഖസാക്ഷ്യപ്പെടുത്തലിന്റെ ഉദാഹരണം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതു വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ഇപ്പോൾ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തൽ അനുവദിച്ച് ഗവണ്മെന്റ് ഈ പ്രശ്നം പരിഹരിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. സ്കോളർഷിപ്പ് തുകകളുടെ വിതരണത്തിലെ നിരവധി പ്രശ്നങ്ങൾക്കൊപ്പം, സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിലും സ്വീകരിക്കുന്നതിലും യുവാക്കൾ നേരിട്ടിരുന്ന ബുദ്ധിമുട്ടുകളും അദ്ദേഹം പരാമർശിച്ചു. ഏകജാലക സംവിധാനം നിലവിൽ വന്നതോടെ ഈ പഴയ പ്രശ്നങ്ങൾ ഇല്ലാതായതായി അദ്ദേഹം എടുത്തുപറഞ്ഞു. വിഷയം തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പ്രശ്നം ചൂണ്ടിക്കാട്ടിയ ശ്രീ മോദി, മുമ്പ്, ബോർഡ് പരീക്ഷകൾക്കു ശേഷം ഒരു വിഷയം തെരഞ്ഞെടുത്താൽ, അതു മാറ്റുന്നതു ബുദ്ധിമുട്ടായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ പുതിയ ദേശീയ വിദ്യാഭ്യാസ നയം ഏതൊരാളുടെയും ഇഷ്ടത്തിനനുസരിച്ച് വിഷയങ്ങൾ മാറ്റാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

 

ഒരു ദശാബ്ദം മുമ്പ്, വായ്പ നൽകുന്നതിനുമുമ്പ് ബാങ്കുകൾ ഈട് ആവശ്യപ്പെട്ടിരുന്നതിനാൽ യുവാക്കൾക്ക് ബാങ്ക് വായ്പകൾ എളുപ്പത്തിൽ ലഭിക്കുന്നതു ബുദ്ധിമുട്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, 2014ൽ പ്രധാനമന്ത്രിയായപ്പോൾ, രാജ്യത്തെ യുവാക്കൾക്കുവേണ്ടി ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ഉറപ്പുനൽകിയതായി പറഞ്ഞു. ബാങ്ക് ഈടില്ലാതെ വായ്പകൾ നൽകുന്ന മുദ്ര യോജന ഗവണ്മെന്റ് അവതരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പരിശോധിക്കുമ്പോൾ, തുടക്കത്തിൽ, ₹10 ലക്ഷം വരെയുള്ള വായ്പകൾ ഈടില്ലാതെ നൽകിയിരുന്നുവെന്നും ഗവണ്മെന്റിന്റെ മൂന്നാം ഊഴത്തിൽ, ഈ പരിധി ₹20 ലക്ഷമായി ഉയർത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷത്തിനിടെ, മുദ്ര യോജനയ്ക്ക് കീഴിൽ ₹40 ലക്ഷം കോടിയിലധികം വിതരണം ചെയ്തിട്ടുണ്ടെന്നും, ഇത് ദശലക്ഷക്കണക്കിനു യുവാക്കൾക്ക് അവരുടെ വ്യവസായം ആരംഭിക്കാൻ സഹായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുവാക്കളുടെ ഭാവിയിൽ തെരഞ്ഞെടുപ്പു സമ്പ്രദായത്തിന്റെ പ്രാധാന്യം എടുത്തുകാട്ടിയ ശ്രീ ​മോദി, രണ്ടു ദിവസം മുമ്പ് ദേശീയ സമ്മതിദായകദിനം ആഘോഷിച്ചതായും നിരവധി യുവാക്കൾ ആദ്യമായി വോട്ടർമാരായി മാറിയതായും ശ്രീ മോദി ചൂണ്ടിക്കാട്ടി. പരമാവധി സമ്മതിദായകരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതാണു സമ്മതിദായകദിനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പുകൾ ഇന്ത്യ നടത്തുമ്പോൾ, ഏതാനും മാസങ്ങൾ കൂടുമ്പോൾ ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. തുടക്കത്തിൽ, ലോക്‌സഭ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തിയിരുന്നു. എന്നാൽ ഈ രീതി മാറി; അതു രാജ്യത്തിനു വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾക്കു വോട്ടർ പട്ടിക പുതുക്കേണ്ടതുണ്ടെന്നും അതു നിരവധി ഘട്ടങ്ങളുള്ള പ്രവൃത്തിയാണെന്നും അത് അധ്യാപകരുടെ കടമകളെയും പഠനത്തെയും പരീക്ഷാ തയ്യാറെടുപ്പുകളെയും ബാധിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു. ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പുകൾ ഭരണപരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നും അതിനാൽ, രാജ്യം നിലവിൽ “ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്” എന്ന ആശയം ചർച്ചചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയെ നേരിട്ടു ബാധിക്കുന്നതിനാൽ ഇന്ത്യയിലെ യുവാക്കൾ ഈ ചർച്ചയിൽ സജീവമായി പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി മോദി അഭ്യർഥിച്ചു. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ, ഒരു പുതിയ ഗവണ്മെന്റ് രൂപീകരിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ടെന്നും, ഓരോ നാലു വർഷത്തിലും തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. അതുപോലെ, കോളേജുകളിലും സ്കൂളുകളിലും, വിദ്യാർഥിസമിതി തെരഞ്ഞെടുപ്പുകൾ ഒറ്റയടിക്കു പൂർത്തിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാസവും തെരഞ്ഞെടുപ്പു നടത്തുന്നത് അവരുടെ പഠനത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചു ചിന്തിക്കാനും “ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ചർച്ചയിൽ വ്യാപൃതരാകാനും അദ്ദേഹം യുവാക്കളെ പ്രോത്സാഹിപ്പിച്ചു.

 

21-ാം നൂറ്റാണ്ടിലെ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ഈ മാറ്റത്തിനൊപ്പം നീങ്ങേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ പരിവർത്തനത്തിൽ യുവാക്കളുടെ സുപ്രധാന പങ്കിന് ഊന്നൽ നൽകി. കല, ഗവേഷണം, നവീകരണം എന്നിങ്ങനെ എല്ലാ മേഖലകളിലും യുവാക്കൾ തങ്ങളുടെ നൂതന ആശയങ്ങളിലൂടെയും സർഗാത്മകതയിലൂടെയും പുതിയ ഊർജം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റൊരു നിർണായക മേഖലയെന്ന നിലയിൽ രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, പുതിയ നിർദേശങ്ങളും നൂതനാശയങ്ങളുമായി രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിച്ചു. ഇതാണു കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം യുവാക്കൾ രാഷ്ട്രീയത്തിന്റെ ഭാഗമാകണമെന്നു ചുവപ്പുകോട്ടയിൽനിന്നുള്ള തന്റെ ആഹ്വാനവും അദ്ദേഹം ആവർത്തിച്ചു. “വികസിത ഭാരതം: യുവ നേതൃ സംവാദം” പരിപാടിയിൽ കണ്ടതുപോലെ, യുവാക്കളുടെ കരുത്ത് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനു രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിനു യുവാക്കൾ വിലമതിക്കാനാകാത്ത നിർദേശങ്ങൾ നൽക‌ിയതായും അവരുടെ ആശയങ്ങൾ പ്രകടിപ്പിച്ചതായും അദ്ദേഹം പരാമർശിച്ചു.

 

​സ്വാതന്ത്ര്യസമരകാലത്ത് എല്ലാ തൊഴിലിലുമുള്ളവർക്കും ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ഒറ്റ ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതുപോലെ, ഈ അമൃതകാലത്ത് നമ്മുടെ ഏക ലക്ഷ്യം വികസിത ഇന്ത്യയായിരിക്കണം എന്നദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ തീരുമാനവും പ്രവർത്തനവും ഈ ലക്ഷ്യത്തിന് അനുസൃതമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യ കെട്ടിപ്പടുക്കൽ, അടിമത്ത മനോഭവത്തിൽനിന്ന് നമ്മെത്തന്നെ മോചിപ്പിക്കൽ, നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കൽ, ഇന്ത്യയുടെ ഐക്യത്തിനായി പ്രവർത്തിക്കൽ, സത്യസന്ധതയോടെ നമ്മുടെ കടമകൾ നിറവേറ്റൽ എന്നീ ‘പഞ്ച്പ്രാണു’കളെ ഓർമിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി വ്യക്തമാക്കി. ഈ ‘പഞ്ച്പ്രാണു’കൾ ഓരോ ഇന്ത്യക്കാരനെയും നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ നേരത്തെ കണ്ട സാംസ്കാരിക പ്രകടനത്തെ ശ്രീ മോദി പ്രശംസിച്ചു, രാജ്യത്തിന്റെ പ്രധാന ശക്തിയായ “ഏകഭാരതം, ശ്രേഷ്ഠഭാരതം” എന്ന മനോഭാവത്തെ ഇതു പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രയാഗിൽ നടക്കുന്ന മഹാ കുംഭമേള രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നു പറഞ്ഞ ശ്രീ മോദി, അതിനെ “ഐക്യത്തിന്റെ കുംഭമേള” എന്നും വിശേഷിപ്പിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് ഈ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

സ്വന്തം കടമകളെ എപ്പോഴും ഓർമിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, മഹത്തായതും പവിത്രമായതുമായ വികസിത ഇന്ത്യയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതു കടമകളുടെ അടിസ്ഥാനത്തിലാണെന്നും അഭിപ്രായപ്പെട്ടു. പ്രസംഗം ഉപസംഹരിക്കവേ, രാജ്യത്തെ കേഡറ്റുകളെയും യുവാക്കളെയും പ്രചോദിപ്പിക്കുന്നതിനായി താൻ എഴുതിയ ചില വരികൾ പ്രധാനമന്ത്രി ഓർമിക്കുകയും ഏവർക്കും ശോഭനമായ ഭാവി ആശംസിക്കുകയും ചെയ്തു. 

 

കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്, കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ സഞ്ജയ് സേഠ്, സംയുക്ത സൈന‌ിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിങ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി, എൻ‌സി‌സി ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഗുർബിർപാൽ സിങ്, പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.​

പശ്ചാത്തലം

ഈ വർഷത്തെ റിപ്പബ്ലിക് ദിന ക്യാമ്പിൽ 917 പെൺകുട്ടികൾ ഉൾപ്പെടെ ആകെ 2361 എൻസിസി കേഡറ്റുകൾ പങ്കെടുത്തു. ഇതുവരെയുള്ളതിൽ വനിതാ കേഡറ്റുകളുടെ ഏറ്റവും ഉയർന്ന പങ്കാളിത്തമായിരുന്നു ഇത്തവണത്തേത്. പിഎം റാലിയിൽ ഈ കേഡറ്റുകളുടെ പങ്കാളിത്തം ന്യൂഡൽഹിയിൽ ഒരു മാസം നീണ്ടുനിന്ന എൻസിസി റിപ്പബ്ലിക് ദിന ക്യാമ്പ് 2025ന്റെ വിജയകരമായ പരിസമാപ്തി അടയാളപ്പെടുത്തും. ‘യുവശക്തി, വികസിത് ഭാരത്’ എന്നതാണ് ഈ വർഷത്തെ എൻസിസി പിഎം റാലിയുടെ പ്രമേയം.

 

രാഷ്ട്രനിർമാണത്തോടുള്ള എൻ‌സി‌സിയുടെ പ്രതിബദ്ധത പ്രദർശിപ്പിച്ച, എണ്ണൂറിലധികം കേഡറ്റുകൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടിയും ചടങ്ങിൽ അരങ്ങേറി. 18 സുഹൃദ്‌രാജ്യങ്ങളിൽ നിന്നുള്ള 144 യുവ കേഡറ്റുകളുടെ പങ്കാളിത്തം  ഈ വർഷത്തെ റാലിക്ക് ആവേശം പകർന്നു.

മേരാ യുവ (MY) ഭാരത്, വിദ്യാഭ്യാസ മന്ത്രാലയം, ഗോത്രകാര്യ മന്ത്രാലയം എന്നിവയിലെ രാജ്യത്തുടനീളമുള്ള 650ൽ അധികം സന്നദ്ധപ്രവർത്തകരും എൻ‌സി‌സി പി‌എം റാലിയിൽ പ്രത്യേക അതിഥികളായി പങ്കെടുത്തു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi becomes first world leader to cross 100 million Instagram followers

Media Coverage

PM Modi becomes first world leader to cross 100 million Instagram followers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to address Post Budget Webinar on “Technology, Reforms and Finance for Viksit Bharat” on 27th February
February 26, 2026
It is the first in a series of Post Budget Webinars being organised on key themes emerging from the Union Budget

Prime Minister Shri Narendra Modi will address the Post Budget Webinar on “Technology, Reforms and Finance for Viksit Bharat” on 27th February at around 11:30 AM via video conferencing. The webinar will entail discussions on public capex, infrastructure, banking sector reforms, financial sector architecture, deepening capital markets, and ease of living through tax reforms.

The webinar is the first in a series of Post Budget Webinars being organised on key themes emerging from the Union Budget 2026–27. These webinars aim to draw lessons from past experiences and obtain structured feedback from participants to strengthen and ensure outcome-oriented implementation of the Budget announcements for FY 2026-27, drawing upon the practical experience and insights of diverse stakeholders. They will bring together stakeholders from industry, financial institutions, market participants, Government, industry regulators and academia to deliberate on effective implementation pathways for key Budget announcements.