പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ മുംബൈയിൽ ‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025’-നെ അഭിസംബോധന ചെയ്തു. മുംബൈയിൽ എത്തിച്ചേർന്ന എല്ലാ പ്രതിനിധികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ച ശ്രീ മോദി, മുംബൈയെ ഊർജനഗരമെന്നും സംരംഭനഗരമെന്നും അനന്തമായ സാധ്യതകളുടെ നഗരമെന്നും വിശേഷിപ്പിച്ചു. തന്റെ സുഹൃത്തായ ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറെ അദ്ദേഹം പ്രത്യേകം സ്വാഗതംചെയ്തു. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സമയം ചെലവഴിച്ചതിനു പ്രധാനമന്ത്രി അദ്ദേഹത്തിനു നന്ദി അറിയിച്ചു.
അഞ്ചുവർഷംമുമ്പ്, ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവൽ ആരംഭിച്ചപ്പോൾ, ലോകം ആഗോള മഹാമാരിയോടു പോരാടുകയായിരുന്നുവെന്ന് ഓർമിപ്പിച്ച പ്രധാനമന്ത്രി, ഇന്നു സാമ്പത്തിക നവീകരണത്തിനും സഹകരണത്തിനുമുള്ള ആഗോള വേദിയായി ഫെസ്റ്റിവൽ പരിണമിച്ചിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. ഈ വർഷം ബ്രിട്ടൻ പങ്കാളിരാജ്യമായി പങ്കെടുക്കുന്നുണ്ടെന്നും രണ്ടു പ്രധാന ജനാധിപത്യരാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം ആഗോള സാമ്പത്തിക മേഖലയ്ക്കു കൂടുതൽ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. വേദിയിലെ ഊർജസ്വലമായ അന്തരീക്ഷം, ഊർജം, ചൈതന്യം എന്നിവ ശ്രദ്ധേയമാണെന്നു ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലും വളർച്ചയിലും ലോകത്തിലുള്ള വിശ്വാസത്തെ ഇതു പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു ശ്രീ ക്രിസ് ഗോപാലകൃഷ്ണനെയും സംഘാടകരെയും പങ്കാളികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

“ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഇന്ത്യയിലെ ജനാധിപത്യം തെരഞ്ഞെടുപ്പുകളിലോ നയരൂപീകരണത്തിലോ മാത്രമായി ഒതുങ്ങുന്നില്ല. മറിച്ച്, ഭരണത്തിന്റെ കരുത്തുറ്റ സ്തംഭമായി അതു സ്ഥാപിക്കപ്പെട്ടിരിക്കുന്നു” - ശ്രീ മോദി പറഞ്ഞു. ഈ ജനാധിപത്യമനോഭാവത്തിന്റെ പ്രധാന ഉദാഹരണമായി സാങ്കേതികവിദ്യയെ അദ്ദേഹം ഉയർത്തിക്കാട്ടി. ലോകം സാങ്കേതിക അന്തരത്തെക്കുറിച്ചു വളരെക്കാലമായി ചർച്ച ചെയ്യുന്നുണ്ട്. ഇന്ത്യയെയും ഒരുകാലത്ത് അതു ബാധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദശകത്തിൽ ഇന്ത്യ സാങ്കേതികവിദ്യയെ വിജയകരമായി ജനാധിപത്യവൽക്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്നത്തെ ഇന്ത്യ ലോകത്ത് ഏറ്റവും സാങ്കേതികമായി ഏവരെയും ഉൾക്കൊള്ളുന്ന സമൂഹങ്ങളിൽ ഒന്നാണ്” - ശ്രീ മോദി പറഞ്ഞു.
ഇന്ത്യ ഡിജിറ്റൽ സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിച്ചെന്നും അതു രാജ്യത്തെ ഓരോ പൗരനും എല്ലാ പ്രദേശങ്ങൾക്കും ലഭ്യമാക്കിയെന്നും എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇതിപ്പോൾ ഇന്ത്യയുടെ സദ്ഭരണത്തിന്റെ മാതൃകയായി മാറിയിരിക്കുന്നുവെന്നും വ്യക്തമാക്കി. ഈ മാതൃകയിൽ, പൊതുതാൽപ്പര്യത്തിനായി ഗവണ്മെന്റ് ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നുവെന്നും, ആ സംവിധാനത്തിൽ സ്വകാര്യമേഖല നൂതന ഉൽപ്പന്നങ്ങൾ നിർമിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. സാങ്കേതികവിദ്യ സൗകര്യത്തിനുള്ള ഉപാധി എന്നതിലുപരി, സമത്വത്തിനുള്ള മാർഗമായും എങ്ങനെ പ്രവർത്തിക്കുമെന്ന് ഇന്ത്യ തെളിയിച്ചുവെന്നു ശ്രീ മോദി പറഞ്ഞു.
“ഏവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ സമീപനം ബാങ്കിങ് ആവാസവ്യവസ്ഥയെ മാറ്റിമറിച്ചു” - പ്രധാനമന്ത്രി പറഞ്ഞു. ഒരുകാലത്ത് ബാങ്കിങ് എന്നതു പ്രത്യേകാവകാശമായിരുന്നു. എന്നാൽ, ഡിജിറ്റൽ സാങ്കേതികവിദ്യ അതിനെ ശാക്തീകരണത്തിനുള്ള മാധ്യമമാക്കി മാറ്റി. ഡിജിറ്റൽ പണമിടപാടുകൾ ഇന്ത്യയിൽ പതിവായി മാറി. ജൻ ധൻ, ആധാർ, മൊബൈൽ എന്നിവ ഉൾപ്പെട്ട JAM സംവിധാനമാണ് ഈ വിജയത്തിനു കാരണം – പ്രധാനമന്ത്രി പറഞ്ഞു. UPI മാത്രം എല്ലാ മാസവും 25 ശതകോടി ഇടപാടുകൾ സാധ്യമാക്കുന്നുവെന്നും അതിന്റെ ഇടപാടുമൂല്യം 25 ലക്ഷംകോടി രൂപയിൽ കൂടുതലാണെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ ഓരോ നൂറു തത്സമയ ഡിജിറ്റൽ ഇടപാടുകളിൽ അൻപതെണ്ണവും നടക്കുന്നത് ഇന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ പ്രമേയം ഇന്ത്യയുടെ ജനാധിപത്യമനോഭാവത്തിനു കരുത്തേകുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇന്ത്യയുടെ ഡിജിറ്റൽ സ്റ്റാക്ക് ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് എടുത്തുപറഞ്ഞു. അതിന്റെ പ്രധാന ഘടകങ്ങളായ ഏകീകൃത പണമിടപാടു സംവിധാനം (UPI), ആധാർ അധിഷ്ഠിത പണമിടപാടു സംവിധാനം, ഭാരത് ബിൽ പണമടയ്ക്കൽ സംവിധാനം, ഭാരത്-ക്യുആർ, ഡിജിലോക്കർ, ഡിജിയാത്ര, ഗവണ്മെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് (GeM) എന്നിവയാണ് ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സ്റ്റാക്ക് ഇപ്പോൾ പുതിയ തുറന്ന ആവാസവ്യവസ്ഥകൾക്കു വഴിയൊരുക്കുന്നുണ്ടെന്നതിൽ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ONDC (ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്) ചെറുകിട വ്യാപാരികൾക്കും MSME-കൾക്കും രാജ്യത്തെ വിപണികളിൽ പ്രവേശനം നൽകുന്നതിലൂടെ അനുഗ്രഹമായി മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. OCEN (ഓപ്പൺ ക്രെഡിറ്റ് എനേബിൾമെന്റ് നെറ്റ്‌വർക്ക്) ചെറുകിട സംരംഭകർക്കുള്ള വായ്പാലഭ്യത ലളിതമാക്കുകയും MSME-കൾക്കുള്ള വായ്പാക്ഷാമം പരിഹരിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റിസർവ് ബാങ്ക് പിന്തുടരുന്ന ഡിജിറ്റൽ കറൻസി സംരംഭം ഫലങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഈ ശ്രമങ്ങളെല്ലാം ഇന്ത്യയുടെ ഉപയോഗിക്കപ്പെടാത്ത സാധ്യതകളെ രാജ്യത്തിന്റെ വളർച്ചാഗാഥയിലെ പ്രേരകശക്തിയാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ത്യ സ്റ്റാക്ക് ഇന്ത്യയുടെ വിജയത്തിന്റെ കഥ മാത്രമല്ല; ലോകത്തിന്, പ്രത്യേകിച്ചു ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക്, പ്രത്യാശയുടെ വഴിവിളക്കുകൂടിയാണ്” - ഡിജിറ്റൽ നവീകരണങ്ങളിലൂടെ ആഗോളതലത്തിൽ ഡിജിറ്റൽ സഹകരണവും ഡിജിറ്റൽ പങ്കാളിത്തവും വളർത്തിയെടുക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നുവെന്നു വ്യക്തമാക്കി പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ അനുഭവവും ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമുകളും ഇന്ത്യ ആഗോള പൊതുസ്വത്തായി പങ്കുവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത മോഡുലാർ ഓപ്പൺ സോഴ്‌സ് ഐഡന്റിറ്റി പ്ലാറ്റ്‌ഫോം (MOSIP) പ്രധാന ഉദാഹരണമായി ശ്രീ മോദി ഉദ്ധരിച്ചു. ഇരുപത്തിയഞ്ചിലധികം രാജ്യങ്ങൾ അവരുടെ പരമാധികാര ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനങ്ങൾ നിർമിക്കാൻ ഇതു സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ സാങ്കേതികവിദ്യ പങ്കിടുക മാത്രമല്ല, അതു വികസിപ്പിക്കുന്നതിനു മറ്റു രാജ്യങ്ങളെ സഹായിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതു ഡിജിറ്റൽ സഹായമല്ലെന്നും ഡിജിറ്റൽ ശാക്തീകരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഫിൻടെക് സമൂഹത്തിന്റെ ശ്രമങ്ങൾ തദ്ദേശീയമായ പരിഹാരങ്ങൾക്ക് ആഗോള പ്രസക്തി നൽകിയിട്ടുണ്ടെന്ന് എടുത്തു പറഞ്ഞ ശ്രീ മോദി പരസ്പരം പ്രവർത്തിപ്പിക്കാവുന്ന ക്യൂ.ആർ. നെറ്റ്‌വർക്കുകൾ, ഓപ്പൺ കൊമേഴ്‌സ്, ഓപ്പൺ ഫിനാൻസ് ചട്ടക്കൂടുകൾ എന്നിവ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ വളർച്ച ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന പ്രധാന മേഖലകളാണെന്ന് അഭിപ്രായപ്പെട്ടു. ഈ വർഷം ആദ്യത്തെ ആറ് മാസങ്ങൾക്കുള്ളിൽ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഫണ്ട് ലഭിക്കുന്ന ആദ്യത്തെ മൂന്ന് ഫിൻടെക് ആവാസവ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ ഉയർന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി

ഇന്ത്യയുടെ ശക്തി കേവലം വലുപ്പത്തിലല്ല, മറിച്ച് ഉൾക്കൊള്ളൽ, പ്രതിരോധശേഷി, സുസ്ഥിരത എന്നിവയുമായി ആ വ്യാപ്തിയെ സമന്വയിപ്പിക്കുന്നതിലാണ് എന്ന ഊന്നൽ നൽകിക്കൊണ്ട്, അണ്ടർറൈറ്റിംഗിലെ പക്ഷപാതം കുറയ്ക്കുന്നതിലും, തത്സമയം തട്ടിപ്പുകൾ കണ്ടെത്തൽ, വിവിധ സേവനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയിലെല്ലാം നിർമിത ബുദ്ധിയ്ക്കുള്ള (എ.ഐ.) പങ്ക് ശ്രീ മോദി എടുത്തുപറഞ്ഞു. ഈ സാധ്യതകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നതിനായി, ഡാറ്റ, നൈപുണ്യം, ഭരണനിർവഹണം എന്നിവയിൽ സംയുക്ത നിക്ഷേപം നടത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
"തുല്യമായ പ്രവേശനം, ജനസംഖ്യാനുപാതിക നൈപുണ്യ വികസനം, ഉത്തരവാദിത്ത വിന്യാസം എന്നീ മൂന്ന് പ്രധാന തത്വങ്ങളിൽ അധിഷ്ഠിതമാ മാണ് ഇന്ത്യയുടെ AI സമീപനം. പ്രധാനമന്ത്രി വിശദമാക്കി. ഇന്ത്യ-എ.ഐ. മിഷൻ വഴി, ഓരോ നൂതനാശയ സംരംഭകർക്കും സ്റ്റാർട്ടപ്പിനും താങ്ങാനാവുന്നതും പ്രാപ്യവുമായ വിഭവങ്ങൾ ഉറപ്പാക്കുന്നതിന് ഗവണ്മെന്റ് ഉയർന്ന പ്രപ്രകടന ശേഷിയുള്ള കമ്പ്യൂട്ടിംഗ് ശക്തി വികസിപ്പിക്കുകയാണ്. എ.ഐ.യുടെ ഗുണങ്ങൾ എല്ലാ ജില്ലകളിലും എല്ലാ ഭാഷകളിലും എത്തിക്കാൻ ശ്രമങ്ങൾ നടന്നുവരികയാണെന്ന് ശ്രീ മോദി വ്യക്തമാക്കി. ഇന്ത്യയുടെ മികവിന്റെ കേന്ദ്രങ്ങൾ, നൈപുണ്യ കേന്ദ്രങ്ങൾ, തദ്ദേശീയ എ.ഐ. മാതൃകകൾ എന്നിവ ഈ മുന്നേറ്റം സജീവമായി ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ധാർമിക എ.ഐ.ക്കായി (ethical AI) ആഗോള ചട്ടക്കൂട് രൂപീകരിക്കുന്നതിനെ ഇന്ത്യ സ്ഥിരമായി പിന്തുണച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ശ്രീ മോദി ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിലെ ഇന്ത്യയുടെ അനുഭവവും അറിവിന്റെ ശേഖരണവും ലോകത്തിന് വിലപ്പെട്ടതാകുമെന്ന് പ്രസ്താവിച്ചു. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ പിന്തുടർന്ന അതേ സമീപനമാണ് എ.ഐ.യിലും അവലംബിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. "ഇന്ത്യയെ സംബന്ധിച്ചിടത്തോളം, എ.ഐ. എന്നാൽ എല്ലാവരെയും ഉൾക്കൊള്ളുന്നത് എന്നതാണ്," ശ്രീ മോദി പറഞ്ഞു.
എ.ഐ.യുടെ വിശ്വാസ്യതയെയും സുരക്ഷാ നിയമങ്ങളെയും കുറിച്ച് ആഗോളതലത്തിൽ ചർച്ചകൾ തുടരുമ്പോൾ തന്നെ, ഇന്ത്യ ഒരു വിശ്വാസ്യതയുടെ പടലം ഇതിനകം തന്നെ സൃഷ്ടിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഡാറ്റാ, സ്വകാര്യത ആശങ്കകൾ എന്നിവ കൈകാര്യം ചെയ്യാൻ ഇന്ത്യയുടെ എ.ഐ. മിഷൻ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന അപ്ലിക്കേഷനുകൾ നിർമ്മിക്കാൻ ഇന്നൊവേറ്റർമാരെ സഹായിക്കുന്ന പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യവും അദ്ദേഹം വ്യക്തമാക്കി.

പണമിടപാടുകളിൽ ഇന്ത്യ വേഗതയ്ക്കും ഉറപ്പിനും മുൻഗണന നൽകുന്നു; വായ്പയിൽ, അംഗീകാരത്തിലും താങ്ങാനാവുന്നതിലുമാണ് ശ്രദ്ധ; ഇൻഷുറൻസിൽ, ഫലപ്രദമായ പോളിസികളും സമയബന്ധിതമായ ക്ലെയിമുകളുമാണ് ലക്ഷ്യം; നിക്ഷേപങ്ങളിൽ, പ്രവേശനത്തിലെ വിജയവും സുതാര്യതയുമാണ് ലക്ഷ്യം. ഈ പരിവർത്തനത്തിന്റെ പ്രേരകശക്തി എ.ഐ.ക്ക് ആയിരിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു . ഇതിനായി, എ.ഐ. ആപ്ലിക്കേഷനുകൾ ജനങ്ങളെ കേന്ദ്രീകരിച്ചായിരിക്കണം രൂപകൽപ്പന ചെയ്യേണ്ടത്. ആദ്യമായി ഡിജിറ്റൽ ഫിനാൻസ് ഉപയോഗിക്കുന്ന ഒരാൾക്ക്, പിശകുകൾ വേഗത്തിൽ പരിഹരിക്കപ്പെടുമെന്ന് ആത്മവിശ്വാസം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ആത്മവിശ്വാസം ഡിജിറ്റൽ ഉൾച്ചേർക്കലിനെയും സാമ്പത്തിക സേവനങ്ങളിലുള്ള വിശ്വാസ്യതയെയും കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ. സുരക്ഷാ ഉച്ചകോടി ഏതാനും വർഷം മുമ്പ് യു.കെ.യിൽ ആരംഭിച്ചുവെന്നും, അടുത്ത വർഷം എ.ഐ. ഇംപാക്ട് സമ്മിറ്റ് ഇന്ത്യയിൽ നടക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ യു.കെ.യിൽ ആരംഭിച്ചപ്പോൾ, സ്വാധീനത്തെക്കുറിച്ചുള്ള സംഭാഷണം ഇനി ഇന്ത്യയിലായിരിക്കും നടക്കുക എന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള വ്യാപാരത്തിൽ ഒരു വിൻ-വിൻ പങ്കാളിത്ത മാതൃക ഇന്ത്യയും യു.കെ.യും ലോകത്തിന് കാട്ടികൊടുത്തിട്ടുണ്ടെന്നും, എ.ഐ- ഫിൻടെക് മേഖലകളിലെ സഹകരണം ഈ മനോഭാവത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.കെ.യുടെ ഗവേഷണ-ആഗോള ധനകാര്യ വൈദഗ്ദ്ധ്യവും, ഇന്ത്യയുടെ വ്യാപ്തിയും കഴിവും സംയോജിപ്പിച്ചാൽ ലോകത്തിന് പുതിയ അവസരങ്ങളുടെ വാതിലുകൾ തുറക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, സ്ഥാപനങ്ങൾ, ഇന്നൊവേഷൻ ഹബ്ബുകൾ എന്നിവ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധത അദ്ദേഹം പ്രഖ്യാപിച്ചു. യു.കെ -ഇന്ത്യ ഫിൻടെക് ഇടനാഴി പുതിയ സ്റ്റാർട്ടപ്പുകൾ പരീക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവസരങ്ങൾ സൃഷ്ടിക്കുമെന്നും, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചും ഗിഫ്റ്റ് സിറ്റിയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ സാമ്പത്തിക സംയോജനം കമ്പനികൾക്ക് സ്വതന്ത്ര വ്യാപാര കരാറിന്റെ പരമാവധി പ്രയോജനം നേടാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ പങ്കാളികളുടെയും വലിയ ഉത്തരവാദിത്തം അടിവരയിട്ടുകൊണ്ട്, യു കെ ഉൾപ്പെടെയുള്ള എല്ലാ ആഗോള പങ്കാളികളെയും ഇന്ത്യയുമായി സഹകരിക്കുന്നതിന് അദ്ദേഹം ക്ഷണിച്ചു. ഇന്ത്യയുടെ വളർച്ചയ്‌ക്കൊപ്പം വളരാൻ എല്ലാ നിക്ഷേപകരെയും അദ്ദേഹം സ്വാഗതം ചെയ്തു. വളർച്ചയ്ക്ക് മാത്രമല്ല, നന്മയ്ക്കും ലക്ഷ്യമിടുന്ന, സാമ്പത്തികം കേവലം അക്കങ്ങൾ മാത്രമല്ല, മനുഷ്യ പുരോഗതിയെ സൂചിപ്പിക്കുന്ന അതായത് സാങ്കേതികവിദ്യയെയും, ജനങ്ങളെയും, ഭൂമിയെയും സമ്പന്നമാക്കുന്ന ഒരു ഫിൻടെക് ലോകം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടും എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ടും പ്രധാനമന്ത്രി ഉപസംഹരിച്ചു.
പരിപാടിയിൽ യു കെ പ്രധാനമന്ത്രി ബഹുമാന്യ കെയർ സ്റ്റാർമർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശ്രീ സഞ്ജയ് മൽഹോത്ര എന്നിവരുൾപ്പെടെ മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു.

പശ്ചാത്തലം
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025 ലോകമെമ്പാടുമുള്ള ഇന്നൊവേറ്റർമാർ, നയരൂപകർത്താക്കൾ, സെൻട്രൽ ബാങ്കർമാർ, റെഗുലേറ്റർമാർ, നിക്ഷേപകർ, അക്കാദമിക വിദഗ്ധർ, വ്യവസായ പ്രമുഖർ എന്നിവരെ ഒരുമിപ്പിക്കും. "മെച്ചപ്പെട്ട ലോകത്തിനായി സാമ്പത്തിക ശാക്തീകരണം" എന്ന സമ്മേളനത്തിന്റെ കേന്ദ്ര പ്രമേയം – എ.ഐ., ഓഗ്മെന്റഡ് ഇൻ്റലിജൻസ്, നൂതനാശയം, ഉൾച്ചേർക്കൽ എന്നിവയാൽ ശക്തിപ്പെടുത്തുന്നത് – ഒരു ധാർമ്മികവും സുസ്ഥിരവുമായ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെയും മനുഷ്യന്റെ ഉൾക്കാഴ്ചയുടെയും സംയോജനത്തെ പ്രതിഫലിപ്പിക്കുന്നു.

ഈ വർഷത്തെ പതിപ്പിൽ 75-ലധികം രാജ്യങ്ങളിൽ നിന്നായി 100,000-ത്തിലധികം അഭ്യദയകാംഷികളുടെ പങ്കാളിത്തം ഈ മേളയെ ലോകത്തിലെ ഏറ്റവും വലിയ ഫിൻടെക് സമ്മേളനങ്ങളിലൊന്നാക്കി മാറ്റുന്നു. 7,500 ഓളം കമ്പനികൾ, 800 പ്രഭാഷകർ, 400 എക്സിബിറ്റർമാർ, ഇന്ത്യൻ, അന്താരാഷ്ട്ര അധികാരപരിധിയിലുള്ള 70 റെഗുലേറ്റർമാർ എന്നിവരുടെ പങ്കാളിത്തം ഈ പരിപാടിയിൽ ഉണ്ടാകും.
സിംഗപ്പൂരിലെ മോണിറ്ററി അതോറിറ്റി, ജർമ്മനിയിലെ ഡോയിഷെ ബുണ്ടസ്ബാങ്ക്, ബാങ്ക് ഡി ഫ്രാൻസ്, സ്വിസ് ഫിനാൻഷ്യൽ മാർക്കറ്റ് സൂപ്പർവൈസറി അതോറിറ്റി (FINMA) തുടങ്ങിയ പ്രശസ്ത റെഗുലേറ്ററി സ്ഥാപനങ്ങൾ എന്നിവ, ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. അവരുടെ പങ്കാളിത്തം സാമ്പത്തിക നയ ചർച്ചകൾക്കും സഹകരണത്തിനുമുള്ള ഒരു ആഗോള വേദിയെന്ന നിലയിൽ GFF-ന്റെ വർദ്ധിച്ചുവരുന്ന പ്രസക്തിയെ അടിവരയിടുന്നു.
പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
India has made the democratic spirit a strong pillar of its governance. pic.twitter.com/BrG41f8MCr
— PMO India (@PMOIndia) October 9, 2025
In the past decade, India has achieved the democratisation of technology.
— PMO India (@PMOIndia) October 9, 2025
Today's India is among the most technologically inclusive societies in the world. pic.twitter.com/p8KhlLVwxe
We have democratised digital technology, making it accessible to every citizen and every region of the country. pic.twitter.com/i3bYd4y1JM
— PMO India (@PMOIndia) October 9, 2025
India has shown that technology is not just a tool of convenience, but also a means to ensure equality. pic.twitter.com/D4DhdONfFJ
— PMO India (@PMOIndia) October 9, 2025
India Stack is a beacon of hope for the world, especially for the nations of the Global South. pic.twitter.com/kwOmdENh5S
— PMO India (@PMOIndia) October 9, 2025
We are not only sharing technology with other countries but also helping them develop it.
— PMO India (@PMOIndia) October 9, 2025
And this is not digital aid, it is digital empowerment. pic.twitter.com/b0gxgBvxOS
Thanks to the efforts of India's fintech community, our Swadeshi solutions are gaining global relevance. pic.twitter.com/bdJuzjXMK7
— PMO India (@PMOIndia) October 9, 2025
In the field of AI, India's approach is based on three key principles:
— PMO India (@PMOIndia) October 9, 2025
Equitable access.
Population-scale skilling.
Responsible deployment. pic.twitter.com/Ox0SNJiKBs
India has always supported a global framework for ethical AI. pic.twitter.com/rz0lO4VFUE
— PMO India (@PMOIndia) October 9, 2025


