ഇന്ന് രാവിലെ മഹാരാഷ്ട്രയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ സംസ്ഥാന ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാർ ജിയെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും നമുക്ക് നഷ്ടമായിരിക്കുന്നു: പ്രധാനമന്ത്രി
മഹാരാഷ്ട്രയുടെയും രാജ്യത്തിന്റെയും വികസനത്തിന് അജിത് ദാദാ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം നേതൃത്വം നൽകി. അജിത് പവാർ ജിയുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു: പ്രധാനമന്ത്രി
ഈ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സഹപ്രവർത്തകർ എന്നും ഓർമ്മിക്കപ്പെടും; ദുഃഖത്തിന്റെ ഈ നിമിഷത്തിൽ രാജ്യം അവരുടെ കുടുംബങ്ങളോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യയുടെ യുവശക്തിയെ ശാക്തീകരിക്കുന്ന പ്രസ്ഥാനമാണ് എൻ.സി.സി : പ്രധാനമന്ത്രി
ഇന്ന് ലോകം ഇന്ത്യയുടെ യുവാക്കളെ വലിയ ആത്മവിശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്: പ്രധാനമന്ത്രി
യൂറോപ്യൻ യൂണിയനുമായി ഒപ്പിട്ട കരാർ ആഗോളതലത്തിൽ ശ്രദ്ധ നേടുകയാണ്. പലരും ഇതിനെ 'എല്ലാ കരാറുകളുടെയും മാതാവ്' എന്നും ലോകത്തിന്റെ ഗതി മാറ്റുന്ന ഒന്നായും വിശേഷിപ്പിക്കുന്നു: പ്രധാനമന്ത്രി
ഇക്കാലത്ത് യുദ്ധങ്ങൾ പല തലങ്ങളിലായാണ് നടക്കുന്നത്; കോഡുകളിലും ക്ലൗഡുകളിലും പോരാടുന്നു. സാങ്കേതികവിദ്യയിൽ പിന്നാക്കം പോകുന്ന രാജ്യങ്ങൾ സാമ്പത്തികമായി മാത്രമല്ല, സുരക്ഷാ കാര്യങ്ങളിലും ദുർബലരായിരിക്കും: പ്രധാനമന്ത്രി.
പൗരന്മാർ എന്ന നിലയിൽ നമ്മൾ എങ്ങനെ പെരുമാറുന്നു എന്നത് വികസിത ഭാരതത്തിന്റെ സുപ്രധാനമായ ഘടകമാണ്. പൗരന്മാർ എന്ന നിലയിൽ നാം നമ്മുടെ കടമകൾക്ക് പരമാവധി മുൻഗണന നൽകണം: പ്രധാനമന്ത്രി
യുവ ഫിറ്റ് തോ ദേശ് ഹിത്! (യുവാക്കൾ കായികക്ഷമതയുള്ളവരായാൽ രാജ്യം കരുത്തുറ്റതാകും!): പ്രധാനമന്ത്രി

ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന വാർഷിക എൻ.സി.സി പി എം റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. എൻസിസി ദിനാശംസകൾ നേർന്നുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്ത അദ്ദേഹം എൻസിസി കേഡറ്റുകൾ, എൻഎസ്എസ് അംഗങ്ങൾ, ടാബ്ലോ കലാകാരന്മാർ, ദേശീയ രംഗശാലയിലെ പ്രവർത്തകർ, രാജ്യത്തുടനീളമുള്ള യുവ പങ്കാളികൾ എന്നിവരുടെ ഏകോപിത പ്രകടനങ്ങളിൽ അവരുടെ പരിശ്രമം വ്യക്തമായി കാണാനാകുമെന്ന് പറഞ്ഞു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാർ ജിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും അന്തരിച്ച വാർത്ത അങ്ങേയറ്റം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. മഹാരാഷ്ട്രയുടെയും രാജ്യത്തിന്റെയും വികസനത്തിന് അജിത് ദാദ നൽകിയ സംഭാവനകൾ വലുതാണെന്നും, പ്രത്യേകിച്ച് ഗ്രാമീണ ജീവിതം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം മുൻകൈ എടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അജിത് പവാർ ജിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഈ വേദനയുടെ നിമിഷത്തിൽ രാജ്യം അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ദുഃഖത്തിന്റെയും അനുശോചനത്തിന്റെയും ഈ നിമിഷങ്ങൾക്കിടയിലും, അവിടെ സന്നിഹിതരായിരുന്ന സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള എല്ലാ കേഡറ്റുകൾക്കും പ്രധാനമന്ത്രി ആശംസകൾ നേരുകയും ഈ വർഷം പെൺകുട്ടികളായ കേഡറ്റുകളുടെ വലിയ പങ്കാളിത്തത്തെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

 

"ഇന്ത്യയിലെ യുവാക്കളെ ആത്മവിശ്വാസമുള്ളവരും അച്ചടക്കമുള്ളവരും സംവേദനക്ഷമതയുള്ളവരും രാജ്യത്തിന് വേണ്ടി സമർപ്പിതരായ പൗരന്മാരുമാക്കി മാറ്റുന്ന ഒരു പ്രസ്ഥാനമാണ് എൻ.സി.സി." ശ്രീ മോദി എടുത്തുപറഞ്ഞു. ഓരോ വർഷവും കേഡറ്റുകൾ അവരുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുന്നു. അടുത്തകാലത്തായി എൻ.സി.സി കേഡറ്റുകളുടെ എണ്ണം 14 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർന്നുവെന്നും അതിർത്തി, തീരദേശ മേഖലകളിൽ ഇതിന് വലിയ വളർച്ചയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തുടനീളം വലിയ ആവേശത്തോടെ ആഘോഷിച്ച വന്ദേമാതരത്തിന്റെ 150-ാം വാർഷികം ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട്, യുവാക്കൾക്ക് തങ്ങളുടെ പൈതൃകത്തെ അഭിമാനത്തോടെ നെഞ്ചേറ്റാനുള്ള വേദിയാണ് എൻ.സി.സി എന്ന് പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ 21 ദ്വീപുകൾക്ക് പരംവീർ ചക്ര ജേതാക്കളുടെ പേര് നൽകിയത് അനുസ്മരിച്ചുകൊണ്ട്, 'പരംവീർ സാഗർ യാത്ര' ഇതിനൊരു മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ നായകരെ ആദരിക്കുന്ന ആ മനോഭാവത്തെ കേഡറ്റുകൾ തങ്ങളുടെ കപ്പൽ യാത്രാ പര്യവേഷണത്തിലൂടെ മുന്നോട്ടുകൊണ്ടുപോയെന്നും അദ്ദേഹം അനുസ്മരിച്ചു. ലക്ഷദ്വീപിലെ ഐലൻഡ് ഫെസ്റ്റിവലിലൂടെ കേഡറ്റുകൾ കടലിനെയും സംസ്‌കാരത്തെയും പ്രകൃതിയെയും ഒന്നിച്ച് ആഘോഷിച്ചതായും അദ്ദേഹം പറഞ്ഞു. 

 

സ്മാരകങ്ങളിൽ ഒതുങ്ങിനിന്ന ചരിത്രത്തെ തെരുവുകളിലേക്ക് എത്തിച്ച് എൻ.സി.സി ജീവസുറ്റതാക്കിയെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. സൈക്കിൾ റാലിയിലൂടെ ബാജിറാവു പേഷ്വയുടെ വീര്യവും മഹാനായ പോരാളി ലചിത് ബോർഫുകന്റെ നൈപുണ്യവും ഭഗവാൻ ബിർസ മുണ്ടയുടെ നേതൃപാടവവും ഉയർത്തിക്കാട്ടിക്കൊണ്ട് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ എൻ.സി.സിക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കേഡറ്റുകളുടെയും പരിശ്രമങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ഇന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയവർക്ക് ആശംസകൾ നേർന്നു.

ഇതാണ് ഇന്ത്യയുടെ സമയമെന്നും ഏറ്റവും മികച്ച സമയമെന്നും ചെങ്കോട്ടയിലെ തന്റെ വാക്കുകൾ ആവർത്തിച്ചുകൊണ്ട്, ഇന്നത്തെ കാലം ഇന്ത്യയിലെ യുവാക്കൾക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ ഇതിന് തെളിവാണ്. ഇതിന് മുമ്പ് ഒമാൻ, ന്യൂസിലാൻഡ്, ബ്രിട്ടൻ, യു.എ.ഇ, ഓസ്‌ട്രേലിയ, മൗറീഷ്യസ് എന്നീ രാജ്യങ്ങളുമായി ഒപ്പിട്ട കരാറുകൾ ദശലക്ഷക്കണക്കിന് യുവാക്കൾക്ക് അവസരങ്ങൾ ഒരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകം മുഴുവൻ ഇന്ത്യയിലെ യുവാക്കളെ വലിയ വിശ്വാസത്തോടെയാണ് നോക്കിക്കാണുന്നതെന്ന് അടിവരയിട്ടുപറഞ്ഞ ശ്രീ മോദി, ഈ വിശ്വാസത്തിന് കാരണം അവരുടെ നൈപുണ്യവും മൂല്യങ്ങളുമാണെന്ന് കൂട്ടിച്ചേർത്തു. ജനാധിപത്യ മൂല്യങ്ങളും വൈവിധ്യത്തോടുള്ള ആദരവും ലോകം ഒരു കുടുംബമാണെന്ന വിശ്വാസവും ഇന്ത്യൻ യുവാക്കൾ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും പോകുന്നിടത്തെല്ലാം ജനങ്ങളുമായി എളുപ്പത്തിൽ ഇടപഴകാനും ആ രാജ്യങ്ങളുടെ വികസനത്തിൽ പങ്കാളികളാകാനും ഇത് അവരെ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ മൂല്യങ്ങൾ ഇന്ത്യയുടെ സംസ്‌കാരവും പ്രകൃതവുമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

 

ആഗോള നേതാക്കളുമായി നടത്തിയ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ യുവാക്കൾ കഠിനാധ്വാനികൾ മാത്രമല്ല, മികച്ച പ്രൊഫഷണലുകൾ കൂടിയാണെന്നും അതുകൊണ്ടാണ് അവർക്ക് ലോകമെമ്പാടും ആവശ്യക്കാരേറെയുള്ളതെന്നും ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ വർഷങ്ങളായി ജോലി ചെയ്യുന്നുണ്ടെന്നും ഇന്ത്യൻ ഡോക്ടർമാരും എഞ്ചിനീയർമാരും പല രാജ്യങ്ങളിലും മികച്ച ആരോഗ്യ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ വിദേശത്ത് പോയ ഇന്ത്യൻ അധ്യാപകർ ലോകമെമ്പാടുമുള്ള സമൂഹങ്ങൾക്ക് പുതിയ മൂല്യങ്ങൾ പകർന്നുനൽകിയ കാര്യവും അദ്ദേഹം അനുസ്മരിച്ചു.

ഇന്ത്യൻ യുവാക്കൾ ലോകത്തിന് നൽകുന്ന സംഭാവനകൾക്കൊപ്പം രാജ്യത്തിനുള്ളിലെ അവരുടെ നേട്ടങ്ങളും ആഗോളതലത്തിൽ വ്യാപകമായി പ്രശംസിക്കപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ യുവാക്കൾ കാരണമാണ് ലോകമെമ്പാടുമുള്ള വിവര സാങ്കേതികവിദ്യയുടെ നട്ടെല്ലായി ഇന്ത്യ മാറിയതെന്നും ഇപ്പോൾ അവരുടെ കരുത്ത് സ്റ്റാർട്ടപ്പുകളിലും ബഹിരാകാശത്തും ഡിജിറ്റൽ സാങ്കേതികവിദ്യയിലും മറ്റ് ഓരോ മേഖലയിലും വിപ്ലവങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

യൂറോപ്യൻ യൂണിയനുമായി അടുത്തിടെ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിനെ "എല്ലാ കരാറുകളുടെയും മാതാവ്" എന്നും ലോകത്തിന്റെ ഗതി മാറ്റുന്ന ഒന്നായും വിശേഷിപ്പിക്കപ്പെടുന്നതായും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ കരാർ ലോക ജി.ഡി.പിയുടെ നാലിലൊന്നിനെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും പ്രതിനിധീകരിക്കുന്നുവെന്നും ഇത് ഇന്ത്യയിലെ യുവാക്കൾക്ക് യഥാർത്ഥത്തിൽ "അഭിലാഷങ്ങൾക്കുള്ള സ്വാതന്ത്ര്യ"മാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

 27 രാജ്യങ്ങളുമായുള്ള ഈ കരാർ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തികസഹായവയും നൂതനനാശയ ആവാസവ്യവസ്ഥകളും എളുപ്പമാക്കുമെന്നും സിനിമ, ഗെയിമിംഗ്, ഫാഷൻ, ഡിജിറ്റൽ ഉള്ളടക്കം, സംഗീതം, ഡിസൈൻ എന്നീ മേഖലകളിലെ ഇന്ത്യയുടെ സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഗവേഷണം, വിദ്യാഭ്യാസം, ഐ.ടി, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയിൽ ഇന്ത്യൻ യുവാക്കൾക്ക് ഈ കരാർ പുതിയ അവസരങ്ങൾ നൽകും.

 

ഈ കരാറിന്റെ വിപുലമായ പ്രയോജനങ്ങൾ കാരണമാണ് ഇതിനെ "എല്ലാ കരാറുകളുടെയും മാതാവ്" എന്ന് വിളിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇത് ആത്മനിർഭർ ഭാരത് പ്രചാരണത്തെ ത്വരിതപ്പെടുത്തുമെന്നും "മേയ്ക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്"എന്ന ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കി. ഈ കരാർ പ്രകാരം ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനത്തിലധികവും തീരുവ പൂജ്യമോ വളരെ കുറവോ ആയിരിക്കുമെന്നും ഇത് തുണിത്തരങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, എം.എസ്.എം.ഇകൾ  തുടങ്ങിയ വ്യവസായങ്ങൾക്ക് ഗുണകരമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കും ചെറുകിട സംരംഭകർക്കും 27 യൂറോപ്യൻ രാജ്യങ്ങളിലെ വിശാലമായ വിപണികളിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

ഈ കരാർ ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്നും അത് പുതിയ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, കെമിക്കൽ, ഫാർമ തുടങ്ങിയ ഉൽപ്പാദന പ്ലാന്റുകൾക്ക് വഴിതുറക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൃഷി, ഭക്ഷ്യസംസ്കരണം, മത്സ്യബന്ധനം എന്നിവയ്ക്കായി ഉറപ്പായ വിപണികൾ സൃഷ്ടിക്കപ്പെടുന്നത് കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഗ്രാമീണ യുവാക്കൾക്കും വലിയ അവസരമായിരിക്കും. ഇന്ത്യയിലെ യുവാക്കളെ യൂറോപ്പിന്റെ തൊഴിൽ വിപണിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ എഫ്‌ടി‌എ, പ്രത്യേകിച്ച് എഞ്ചിനീയറിംഗ്, ഹരിത സാങ്കേതികവിദ്യ, ഡിസൈൻ, ലോജിസ്റ്റിക്സ്, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് എന്നിവയിൽ 27 രാജ്യങ്ങളിലായി പുതിയ വഴികൾ തുറക്കുന്നു.

സമഗ്രമായ പരിഷ്കാരങ്ങളിലൂടെ ഗവണ്മെന്റ് ആഗോള അവസരങ്ങൾ വിപുലീകരിക്കുകയാണെന്നും രാജ്യം സഞ്ചരിക്കുന്ന പരിഷ്കരണ എക്സ്പ്രസ് യുവാക്കളുടെ മുന്നിലെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുകയാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. രാജ്യത്തിന് മുന്നിലുള്ള വർദ്ധിച്ചുവരുന്ന അവസരങ്ങളും എൻ.സി.സി കേഡറ്റുകളിൽ വളർത്തിയെടുക്കുന്ന അച്ചടക്കവും മൂല്യങ്ങളും അവർക്ക് ഒരു അധിക നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഓപ്പറേഷൻ സിന്ദൂർ' എന്ന ശ്രദ്ധേയമായ നിശ്ചലദൃശ്യത്തെ പ്രശംസിച്ച ശ്രീ മോദി, ദേശീയ സുരക്ഷയുടെ നിർണ്ണായക നിമിഷത്തിൽ എൻ.സി.സി കേഡറ്റുകൾ നടത്തിയ പരിശ്രമങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. സായുധ സേനയെ പിന്തുണയ്ക്കുന്നതിലും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും പ്രഥമശുശ്രൂഷാ സേവനങ്ങൾ നൽകുന്നതിലും അവരുടെ സംഭാവനകൾ അദ്ദേഹം പരാമർശിച്ചു. എൻ.സി.സി പരിശീലനം പരേഡ് ഗ്രൗണ്ടിൽ മാത്രം ഒതുങ്ങുന്നില്ലെന്നും അത് "രാഷ്ട്രം ആദ്യം" എന്ന മനോഭാവം വളർത്തുന്നുവെന്നും ഇത് ദുർഘട സമയങ്ങളിൽ രാജ്യത്തിനായി പൂർണ്ണ കരുത്തോടെ പ്രവർത്തിക്കാൻ കേഡറ്റുകളെ പ്രചോദിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻ.സി.സിയിൽ ആയിരുന്ന കാലത്താണ് തന്റെ "രാഷ്ട്രം ആദ്യം" എന്ന ബോധം ശക്തമായതെന്ന് അദ്ദേഹം അനുസ്മരിക്കുകയും അതേ മൂല്യങ്ങൾ ഇന്നത്തെ കേഡറ്റുകൾ പഠിക്കുന്നത് കാണുന്നതിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

 

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ കരുത്തും സായുധ സേനയുടെ വീര്യവും വീണ്ടും ഉറപ്പിച്ചുവെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഇത് തദ്ദേശീയ ആയുധങ്ങളുടെ പുരോഗതിയും പ്രകടമാക്കിയെന്ന് പറഞ്ഞു. ആധുനിക യുദ്ധമുറകളിൽ യുവാക്കളുടെ നൈപുണ്യത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ഇപ്പോൾ യുദ്ധങ്ങൾ ടാങ്കുകളും തോക്കുകളും കൊണ്ട് മാത്രമല്ല, കോഡുകളിലും ക്ലൗഡുകളിലും കൂടിയാണ് നടക്കുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. സാങ്കേതികവിദ്യയിൽ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾ സാമ്പത്തികമായി മാത്രമല്ല സുരക്ഷാ കാര്യങ്ങളിലും ദുർബലരാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യുവാക്കളുടെ നവീന ആശയങ്ങൾ രാജ്യസ്‌നേഹത്തെ ശക്തിപ്പെടുത്തുകയും ദേശീയ സുരക്ഷയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നു. സാങ്കേതിക പരിജ്ഞാനമുള്ള യുവാക്കൾക്ക് സായുധ സേനയിൽ പുതിയ അവസരങ്ങൾ തുറക്കുന്നുണ്ടെന്നും പ്രതിരോധ സ്റ്റാർട്ടപ്പുകൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും മെയ്ഡ് ഇൻ ഇന്ത്യ ഡ്രോണുകളും നിർമ്മിതബുദ്ധിയും  സൈന്യത്തെ ആധുനികവൽക്കരിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം യുവാക്കളോട് ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ആവശ്യപ്പെട്ടു.

ജനുവരി 25-ന് രാജ്യം ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ദേശീയ സമ്മതിദായക ദിനം ഭരണഘടന നൽകുന്ന ഉത്തരവാദിത്തത്തിന്റെയും അവകാശങ്ങളുടെയും ആഘോഷമാണെന്നും ലോകത്ത് ഏറ്റവും കൂടുതൽ യുവ വോട്ടർമാരുള്ളത് ഇന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാർക്ക് 18 വയസ്സ് തികയുകയും വോട്ട് ചെയ്യാൻ അർഹത നേടുകയും ചെയ്യുമ്പോൾ രാജ്യത്തിന്റെ വിധി നിർണ്ണയിക്കാനുള്ള അധികാരം അവർക്ക് ലഭിക്കുന്നു.. എല്ലാ ജനുവരി 25-നും എൻ.സി.സി, എൻ.എസ്.എസ്, മൈ യങ് ഇന്ത്യ സംഘടനകൾ ചേർന്ന് ആദ്യമായി വോട്ട് ചെയ്യുന്നവരെ ആദരിക്കാൻ വലിയ പരിപാടി നടത്തിക്കൊണ്ട് ഇന്ത്യയിൽ ഒരു പുതിയ പാരമ്പര്യം തുടങ്ങണമെന്ന് ശ്രീ മോദി ആഹ്വാനം ചെയ്തു.

"വികസിത ഭാരതം എന്നത് സാമ്പത്തിക അഭിവൃദ്ധിയിൽ മാത്രം ഒതുങ്ങുന്നതല്ല, അത് പൗരന്മാരുടെ പെരുമാറ്റത്തെയും കടമകൾക്ക് മുൻഗണന നൽകുന്നതിനെയും കൂടി ആശ്രയിച്ചിരിക്കുന്നു" ശ്രീ മോദി എടുത്തുപറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാൻ ഒരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവൺമെന്റ് തുടക്കമിട്ടതാണെങ്കിലും പൗരന്മാരും യുവാക്കളും കുട്ടികളുമാണ് അത് മുന്നോട്ട് കൊണ്ടുപോയത്. ശുചിത്വം എന്നത് ഒരു ശീലവും ജീവിതരീതിയും മൂല്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. പൗരധർമ്മം ദൈനംദിന ജീവിതത്തിന്റെ ഭാഗമാകണം. യുവജനങ്ങൾ ഓരോരുത്തരും ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

 

"ഏക് പേഡ് മാ കേ നാം" (അമ്മയുടെ പേരിൽ ഒരു മരം) പ്രചാരണത്തിന് കീഴിൽ എൻ.സി.സി ഏകദേശം 8 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചുവെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഈ മരങ്ങൾ നന്നായി വളരുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

വരുംകാലങ്ങളിൽ നമ്മൾ എത്രത്തോളം ആരോഗ്യവാന്മാരായിരിക്കും എന്നതാണ് യുവശക്തിയുടെ ഏറ്റവും വലിയ പരീക്ഷണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യായാമം എന്നത് ദിവസവും കുറച്ചു സമയത്തേക്ക് മാത്രമുള്ള ഒന്നായിരിക്കരുത്, അത് നമ്മുടെ പ്രകൃതമായി മാറണം. എൻ.സി.സി കേഡറ്റുകൾ ഫിറ്റ് ഇന്ത്യ ക്യാമ്പയ്നുമായി മുന്നോട്ട് പോകുന്നതിലും കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

യുവാക്കൾക്കിടയിലെ പൊണ്ണത്തടി എന്ന പ്രശ്നത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ഭാവിയിൽ ഇന്ത്യയിലെ മൂന്നിൽ ഒരാൾ അമിതവണ്ണം മൂലം ബുദ്ധിമുട്ടാൻ സാധ്യതയുണ്ടെന്നും ഇത് പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിൽ എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കണമെന്ന തന്റെ മുൻപത്തെ അഭ്യർത്ഥന അദ്ദേഹം ആവർത്തിച്ചു.

എൻ.സി.സി മാർച്ച് ചെയ്യുന്നത് പഠിപ്പിക്കുക മാത്രമല്ല, മറിച്ച് ഉത്തരവാദിത്തമുള്ള പൗരന്മാരാകാനുള്ള മൂല്യങ്ങളും നൈപുണ്യവും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ അവരുടെ വ്യക്തിത്വത്തെ കൂടുതൽ പരിഷ്കരിക്കുന്നു. ജീവിതത്തിലെ എല്ലാ പരീക്ഷകളിലും അവർ വിജയിക്കുമെന്നും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ തുടർന്നും സംഭാവന നൽകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചു.

കേന്ദ്രമന്ത്രിമാരായ ശ്രീ രാജ്‌നാഥ് സിംഗ്, ഡോ.മൻസുഖ് മാണ്ഡവ്യ, ശ്രീ സഞ്ജയ് സേത്ത് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ഇന്ത്യയിലെ യുവാക്കൾക്കിടയിലുള്ള കടമ, അച്ചടക്കം, രാഷ്ട്രത്തോടുള്ള പ്രതിബദ്ധത എന്നിവയുടെ പ്രതിഫലനമായ ‘രാഷ്ട്ര പ്രഥം - കർത്തവ്യ നിഷ്ഠ യുവ’ (രാഷ്ട്രം ആദ്യം - കർത്തവ്യനിഷ്ഠയുള്ള യുവാക്കൾ) എന്നതായിരുന്നു ഈ വർഷത്തെ വാർഷിക എൻ.സി.സി പി എം റാലിയുടെ പ്രമേയം.

 

ഒരു മാസം നീണ്ടുനിന്ന 2026-ലെ എൻ.സി.സി റിപ്പബ്ലിക് ദിന ക്യാമ്പിന്റെ ഗംഭീരമായ സമാപനമാണ് എൻ.സി.സി. പി എം  റാലി. 898 പെൺകുട്ടികൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2,406 എൻ.സി.സി കേഡറ്റുകൾ ഈ ക്യാമ്പിൽ പങ്കെടുത്തു. 21 വിദേശ രാജ്യങ്ങളിൽ നിന്നുള്ള 207 യുവാക്കളും ഉദ്യോഗസ്ഥരും റാലിയുടെ ഭാഗമായി.

തദവസരത്തിൽ എൻ.സി.സി കേഡറ്റുകൾ, രാഷ്ട്രീയ രംഗശാലയിലെ അംഗങ്ങൾ, നാഷണൽ സർവീസ് സ്കീം (NSS) പ്രവർത്തകർ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഊർജ്ജസ്വലമായ സാംസ്കാരിക പരിപാടികൾ അരങ്ങേറി. രാഷ്ട്രനിർമ്മാണം, സാമൂഹിക സേവനം, സ്വഭാവ രൂപീകരണം എന്നിവയിൽ ഈ സംഘടനകൾ വഹിക്കുന്ന പങ്ക് വിളിച്ചോതുന്നതായിരുന്നു ഈ പരിപാടികൾ.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
A year after PM Modi inaugurated Bairabi-Sairang railway line, Mizoram celebrates the logistics identity

Media Coverage

A year after PM Modi inaugurated Bairabi-Sairang railway line, Mizoram celebrates the logistics identity
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates Indian Women’s Cricket Team on winning Asia Cup
September 14, 2026

The Prime Minister, Shri Narendra Modi, has congratulated the Indian Women’s Cricket Team on winning the Asia Cup.

The Prime Minister said that the team’s confidence, consistency and remarkable spirit were on full display throughout the tournament.

Shri Modi expressed hope that this triumph would inspire millions of youngsters across the country to play more and shine.

In a post on X, Shri Modi said;

“A proud moment for Indian cricket!

Congratulations to the Women’s team on winning the Asia Cup. Their confidence, consistency and remarkable spirit were on full display throughout the tournament.

May this triumph inspire millions of youngsters across the country to play more and shine.”