പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2019 ജനുവരി 30ന് ഗുജറാത്തിലെ ദണ്ഡിയിലും സൂററ്റിലും സന്ദര്‍ശനം നടത്തും. സൂററ്റ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മന്ദിരത്തിന്റെ വികസനത്തിന് സന്ദര്‍ശന വേളയില്‍ പ്രധാന മന്ത്രി തറക്കല്ലിടും. മൊത്തം 25,500 ചതുരശ്ര മീറ്റര്‍ വിസ്തൃതി വരുന്ന ടെര്‍മിനല്‍ മന്ദിരത്തിന് 354 കോടിയാണ് നിര്‍മ്മാണ ചെലവു പ്രതീക്ഷിക്കുന്നത്. സുസ്ഥിര പരിസ്ഥിതി സൗഹൃദ ശൈലിയില്‍ നിര്‍മ്മിക്കുന്ന മന്ദിരത്തില്‍ പ്രകാശത്തിനായി എല്‍ ഇ ഡി ബള്‍ബുകളും, പൂര്‍ണമായും സൗരോര്‍ജ്ജവുമാണ് ഉപയോഗിക്കുക. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരേ സമയം 1800 യാത്രക്കാരെ വരെ സ്വീകരിക്കാന്‍ ഇതിനു ശേഷിയുണ്ടാകും. യാത്രക്കാരുടെയും വിമാനങ്ങളുടെയും തിരക്കു പരിഗണിച്ചാല്‍ അഹമ്മദാബാദും വഡോദ്രയും കഴിഞ്ഞാല്‍ ഗുജറാത്തിലെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളമാണ് സൂററ്റ്.
വികസനത്തിനായി അടിസ്ഥാന സൗകര്യം വിപുലീകരിക്കുക ഈ ഗവണ്‍മെന്റിന്റെ മുന്‍ഗണനകളില്‍ ഒന്നാണ്. അതിനായി വിവിധ മേഖലകളില്‍ പല സംരംഭങ്ങള്‍ക്കും തുടക്കമിട്ട്ക്കഴിഞ്ഞു. വ്യോമയാന മേഖല അതില്‍ ഒന്നാണ്. ഗുജറാത്തില്‍ വ്യോമയാന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക മാത്രമല്ല വ്യോമ ഗതാഗത ബന്ധം വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. കണ്ട്‌ലയില്‍ നിന്നും മുംബെയിലേയ്ക്കും, പോര്‍ബന്ദറില്‍ നിന്നും അഹമ്മദാബാദിലേയ്ക്കും, മുംബെയിലേയ്ക്കും ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിമാന സര്‍വീസുകള്‍ ഉണ്ട്. രാജ്‌ക്കോട്ടിലെ ഹിരാസാറിലുള്ള ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ വികസനം, അഹമ്മദാബാദ് വഡോദര വിമാനത്താവളങ്ങളിലെ പുതിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുകളുടെയും ടെക്‌നിക്കല്‍ ബ്ലോക്കുകളുടെയും നിര്‍മ്മാണം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
സൂററ്റില്‍ ന്യൂ ഇന്ത്യ യൂത്ത് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കും. അവിടെ അദ്ദേഹം ശ്രീമതി റസിലാ ബെന്‍ സെവന്തിലാല്‍ ഷാ വീനസ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും അവിടെയുള്ള സൗകര്യങ്ങള്‍ വീക്ഷിക്കുകയും ചെയ്യും.
പ്രധാനമന്ത്രിയുടെ അടുത്ത ദിവസത്തെ പരിപാടി ഗുജറാത്തിലെ നവ്‌സരി ജില്ലിയിലുള്ള ദണ്ഡിയിലാണ്. അവിടെ ബാപ്പുജിയുടെ ചരമ വാര്‍ഷികത്തില്‍ ദേശീയ ഉപ്പു സത്യഗ്രഹ സ്മാരകം അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിക്കും. സ്മാരകത്തില്‍ ബാപ്പുജിയുടെയും, അദ്ദേഹത്തോടൊപ്പം ചരിത്രപ്രസിദ്ധമായ ദണ്ഡി ഉപ്പു യാത്രയില്‍ പങ്കെടുത്ത 80 സത്യഗ്രഹികളുടെയും പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചരിത്ര പ്രസിദ്ധമായ 1930 ലെ ഉപ്പു യാത്രയുടെ വിവിധ സംഭവങ്ങള്‍ ആവിഷ്‌കരിച്ചുട്ടുള്ള 24 ചുവര്‍ ചിത്രങ്ങളും ഈ സ്മാരകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി സ്മാരകം നടന്നു കാണുകയും പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുകയും ചെയ്യും.
ദണ്ഡി മാര്‍ച്ച് എന്നറിയപ്പെടുന്ന 1930 ലെ ഉപ്പു സത്യഗ്രഹ യാത്ര ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിര്‍ണായക സംഭവമാണ്. ഈ ദിവസത്തിലാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മ ഗാന്ധിയും അദ്ദേഹത്തോടൊപ്പം 80 സത്യഗ്രഹികളും അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ നിന്ന് 241 മൈല്‍ നടന്ന് ദണ്ഡിയിലെ കടലോര ഗ്രാമത്തില്‍ എത്തി കടല്‍ വെള്ളം കുറുക്കി ഉപ്പുണ്ടാക്കി വെള്ളക്കാരായ ഭരണാധികാരികള്‍ അടിച്ചേല്‍പ്പിച്ച ഉപ്പു നിയമം ലംഘിച്ചത്.
ഇതു രണ്ടാം പ്രാവശ്യമാണ് പ്രധാനമന്ത്രി ഈ മാസം ഗുജറാത്തില്‍ എത്തുന്നത്. 2019 ജനുവരി 19 ന് പ്രധാനമന്ത്രി ശ്രീ. മോദി ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു. അന്ന് അദ്ദേഹം ഹസീറയിലെ പ്രതിരോധ സേനയുടെ സായുധ സമുച്ചയം രാഷ്ട്രത്തിനു സമര്‍പ്പിക്കുകയുണ്ടായി. അതിനു തൊട്ടു മുമ്പ് 17, 18 തിയതികളില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന വൈബ്രന്റ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തു.


