ഇസ്രയേല്‍ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിന്‍ നെതന്യാഹുവും ശ്രീമതി സാറ നെതന്യാഹുവും നാളെ ഗുജറാത്ത് സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്കൊപ്പം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ചേരും.
ശ്രീ. നെതന്യാഹുവും ഭാര്യയും അഹമ്മദാബാദില്‍ വിമാനമിറങ്ങിയശേഷം സബര്‍മതി ആശ്രമത്തിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലിയര്‍പ്പിക്കും.
വിമാനത്താവളത്തില്‍ ഇവര്‍ക്കു സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അഹമ്മാദാബാദിലെ ദിയോ ധോലെറ ഗ്രാമത്തില്‍ ഐക്രിയേറ്റ് സെന്ററിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി നെതന്യാഹുവും ചേര്‍ന്നു നിര്‍വഹിക്കും. സ്റ്റാര്‍ട്ടപ്പ് പ്രദര്‍ശനം സന്ദര്‍ശിക്കാനെത്തുന്ന ഇരുവരും സ്റ്റാര്‍ട്ടപ്പ് സി.ഇ.ഒമാരുമായും പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നവരുമായും സംവദിക്കും.
ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് വീഡിയോ ലിങ്കിലൂടെ, ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകാവുന്ന ജല ലവണ നിര്‍മാര്‍ജന വാന്‍, സുയിഗം താലൂക്കയ്ക്കു സമര്‍പ്പിക്കും. ചടങ്ങിനെ ഇരു നേതാക്കളും അഭിസംബോധന ചെയ്യും.
ബാനസ്‌കന്ഥ ജില്ലയിലെ വദ്രദിലുള്ള പച്ചക്കറിക്കായുള്ള മികവിന്റെ കേന്ദ്രം ഇരു പ്രധാനമന്ത്രിമാരും സന്ദര്‍ശിക്കും. കേന്ദ്രത്തിന്റെ പ്രവര്‍ത്തനരീതി അവര്‍ക്കു മുന്നില്‍ വിശദീകരിക്കപ്പെടും. ഭൂജ് ജില്ലയിലെ കുകാമയില്‍ ഈന്തപ്പനയ്ക്കായുള്ള മികവിന്റെ കേന്ദ്രം ഇരുവരും ചേര്‍ന്നു വീഡിയോ ലിങ്കിലൂടെ ഉദ്ഘാടനം ചെയ്യും. ഇരു പ്രധാനമന്ത്രിമാരും കര്‍ഷകരുമായി ഇടപഴകുകയും ചെയ്യും.
തുടര്‍ന്നു പ്രധാനമന്ത്രി നെതന്യാഹു മുംബൈക്കു തിരിക്കും.


