മലേഷ്യൻ പ്രധാനമന്ത്രി ദത്തോ സെറി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 7-നും 8-നും മലേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നാഗരിക ബന്ധങ്ങളിൽ അധിഷ്ഠിതമായ ആഴത്തിലുള്ള സൗഹൃദത്തെയും നിലനിൽക്കുന്ന ജനങ്ങൾ തമ്മിലുള്ള ബന്ധത്തെയുമാണ് ഈ സന്ദർശനം പ്രതിഫലിപ്പിച്ചത്. ഇന്ത്യ-മലേഷ്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ഏകീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഇരുനേതാക്കളുടെയും പങ്കിട്ട പ്രതിജ്ഞാബദ്ധത ഈ സന്ദർശനം ആവർത്തിച്ചുറപ്പിച്ചു.

1957-ൽ നയതന്ത്രബന്ധം സ്ഥാപിച്ചതുമുതൽ, പരസ്പരബഹുമാനത്തിലും പൊതുവായ മൂല്യങ്ങളിലും അധിഷ്ഠിതമായ പങ്കാളിത്തം മലേഷ്യയും ഇന്ത്യയും കെട്ടിപ്പടുത്തിട്ടുണ്ട്; ഇത് 2024 ഓഗസ്റ്റിൽ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്തപ്പെട്ടു.

സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിക്ക് പുത്രജയയിലെ പെർദാന പുത്ര സമുച്ചയത്തിൽ ഔദ്യോഗിക സ്വീകരണം നൽകി. തുടർന്ന് 2026 ഫെബ്രുവരി 8-ന് ഇരുനേതാക്കളും ഔദ്യോഗിക ഉഭയകക്ഷികൂടിക്കാഴ്ചകൾ നടത്തുകയും സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം ആവർത്തിച്ചുറപ്പിക്കുകയും ചെയ്തു. ഊഷ്മളവും സൗഹൃദപരവുമായ അന്തരീക്ഷത്തിൽ പ്രധാനമന്ത്രിമാർ വിപുലവും ഫലപ്രദവുമായ ചർച്ചകൾ നടത്തി. രാഷ്ട്രീയ ഇടപെടലുകൾ, പ്രതിരോധ-സുരക്ഷാ സഹകരണം, സമുദ്ര സഹകരണം, വ്യാപാരം-നിക്ഷേപം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ശാസ്ത്ര-സാങ്കേതികവിദ്യ, ഊർജം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സംസ്കാരം, വിനോദസഞ്ചാരം, യുവജന വിനിമയം, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷിബന്ധങ്ങളുടെ എല്ലാ മേഖലകളും, ഒപ്പം പരസ്പരതാൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളും ചർച്ചയിൽ വിഷയമായി. പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പ്രധാനമന്ത്രി മോദിയുടെ ബഹുമാനാർഥം ഔദ്യോഗിക ഉച്ചഭക്ഷണവും വിരുന്നും നൽകി. സ്ഥാപനപരമായ സഹകരണം കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി ഉഭയകക്ഷിരേഖകളുടെ കൈമാറ്റത്തിനും അവർ സാക്ഷ്യം വഹിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങൾ, സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സമ്പർക്കങ്ങൾ, പങ്കിടുന്ന സാംസ്കാരിക പൈതൃകം, ജനാധിപത്യ മൂല്യങ്ങൾ എന്നിവയും മലേഷ്യയിലെ ഊർജസ്വലരായ ഇന്ത്യൻ സമൂഹത്തിന്റെ സാന്നിധ്യവും ഉഭയകക്ഷിബന്ധത്തിന് സവിശേഷവും കരുത്തുറ്റതും ശാശ്വതവുമായ അടിത്തറയാണെന്നും അത് അതിന്റെ ബഹുതല സ്വഭാവത്തെ കൂടുതൽ സമ്പന്നമാക്കുന്നുവെന്നും ഇരുനേതാക്കളും ആവർത്തിച്ചുറപ്പിച്ചു.

രാഷ്ട്രീയ സഹകരണം

ഉന്നതതലസന്ദർശനങ്ങൾ ഉൾപ്പെടെയുള്ള പതിവായ ചർച്ചകളും ആശയവിനിമയങ്ങളും ഉഭയകക്ഷിസഹകരണത്തിന്റെ വിവിധ മേഖലകളിൽ പരസ്പരധാരണയും ഏകോപനവും കരുത്തുറ്റതാക്കിയെന്ന് ഇരുനേതാക്കളും സമ്മതിച്ചു. പരസ്പരതാൽപ്പര്യമുള്ള ഉഭയകക്ഷി-ബഹുതല വിഷയങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നിലനിർത്തുന്നതിന്റെ പ്രാധാന്യം അവർ ആവർത്തിച്ചുറപ്പിച്ചു. ഇക്കാര്യത്തിൽ, മലേഷ്യ-ഇന്ത്യ ബന്ധത്തിന്റെ ആധാരശിലകളായി വിദേശകാര്യ ഓഫീസ് കൂടിയാലോചനകളും (FOC) സംയുക്ത കമ്മീഷൻ യോഗങ്ങളും (JCM) പ്രധാന വേദികളായി തുടരുന്നു.

പാർലമെന്ററി ജനാധിപത്യത്തോടുള്ള തങ്ങളുടെ പൊതുവായ പ്രതിജ്ഞാബദ്ധത മുൻനിർത്തി, പാർലമെന്ററി സഹകരണവും വിനിമയങ്ങളും വർധിപ്പിക്കാൻ ഇരുനേതാക്കളും പ്രോത്സാഹിപ്പിച്ചു. ഇത്തരം ഇടപെടലുകൾ സ്ഥാപനപരമായ ബന്ധങ്ങളെ കരുത്തുറ്റതാക്കിയെന്നും പരസ്പരധാരണ വർധിപ്പിച്ചുവെന്നും അവർ വിലയിരുത്തി. 2026 ജനുവരി 13 മുതൽ 16 വരെ നടന്ന കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിങ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനത്തിനായി (CSPOC) മലേഷ്യൻ പ്രതിനിധിസഭയുടെ സ്പീക്കർ താൻ ശ്രീ ദത്തോ ഡോ. ജോഹരി അബ്ദുൾ ഇന്ത്യ സന്ദർശിച്ചതിലും; 2025 സെപ്റ്റംബറിൽ നടന്ന ആസിയാൻ ഇന്റർ പാർലമെന്ററി അസംബ്ലിയുടെ (AIPA) 46-ാം ജനറൽ അസംബ്ലിക്കായി ഇന്ത്യൻ പാർലമെന്ററി സംഘം മലേഷ്യ സന്ദർശിച്ചതിലും; കൂടാതെ 2025 മെയ് 31 മുതൽ ജൂൺ 3 വരെ മലേഷ്യയിൽ നടന്ന സർവകക്ഷി പാർലമെന്ററി പ്രതിനിധിസംഘത്തിന്റെ സന്ദർശനത്തിലും അവർ സംതൃപ്തി രേഖപ്പെടുത്തി.

​വ്യാപാര-നിക്ഷേപ സഹകരണം

ഇന്ത്യയെ സുപ്രധാന ആഗോള സാമ്പത്തിക പങ്കാളിയായി അംഗീകരിച്ച്, ഉഭയകക്ഷിവ്യാപാരത്തിലുണ്ടായ വർധനയെ മലേഷ്യ അഭിനന്ദിച്ചു. ഈ പങ്കാളിത്തം പരസ്പരമൂല്യമുള്ളതും തന്ത്രപരമായ ഏകോപനവുമാണെന്ന് ഇരുനേതാക്കളും അടിവരയിട്ടു പറഞ്ഞു. സമതുലിതമായ സഹകരണത്തിന്റെ ഭാഗമായി, വ്യാപാരസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും സെമികണ്ടക്ടറുകൾ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, വ്യവസായസഹകരണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ വിപുലമായ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനും ഇരുനേതാക്കളും ധാരണയായി.

മലേഷ്യ-ഇന്ത്യ സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെയും (MICECA), ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാറിന്റെയും (AITIGA) പ്രാധാന്യത്തിന് നേതാക്കൾ ഊന്നൽ നൽകി. നിലവിലെ ആഗോള വ്യാപാരരീതികൾക്ക് അനുയോജ്യവും, വ്യാപാരം സുഗമമാക്കുന്നതും, പരസ്പര പ്രയോജനകരവുമാക്കുന്നതിനായി AITIGA-യിൽ നടന്നുകൊണ്ടിരിക്കുന്ന അവലോകനത്തെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. സാമ്പത്തിക ബന്ധങ്ങൾ ആഴത്തിലാക്കുന്നതിനുള്ള MICECA-യുടെ സാധ്യതകളെയും നേതാക്കൾ അഭിനന്ദിക്കുകയും അതിന്റെ പരമാവധി പ്രയോജനം ഉറപ്പാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അടിസ്ഥാനസൗകര്യങ്ങൾ, ഊർജം (പുനരുൽപ്പാദക ഊർജം ഉൾപ്പെടെ), അത്യാധുനിക നിർമാണം, സെമികണ്ടക്ടറുകൾ, ആരോഗ്യസംരക്ഷണം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഫിൻടെക്, സ്റ്റാർട്ടപ്പുകൾ, നിർമിതബുദ്ധി, അതിഥിസൽക്കാരം, ഹരിത സാങ്കേതികവിദ്യകൾ, ഉയർന്ന മൂല്യമുള്ള മറ്റ് മേഖലകൾ എന്നിവയുൾപ്പെടെയുള്ള മുൻഗണനാ മേഖലകളിൽ വർധിച്ചുവരുന്ന ഉഭയകക്ഷിനിക്ഷേപങ്ങളെ ഇരുപ്രധാനമന്ത്രിമാരും സ്വാഗതംചെയ്യുകയും കൂടുതൽ സഹകരണത്തിനും നിക്ഷേപങ്ങൾക്കും പ്രോത്സാഹനം നൽകുകയും ചെയ്തു. മലേഷ്യൻ കമ്പനികൾക്ക് നിക്ഷേപം നടത്താൻ അനുയോജ്യമായ പ്രധാന കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. അതേസമയം, മലേഷ്യയിൽ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സഹായകമായ ഇന്ത്യൻ നിർമാണ-സാങ്കേതിക സ്ഥാപനങ്ങളുടെ വലിയ സാന്നിധ്യത്തെ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സ്വാഗതം ചെയ്തു.

2026 ഫെബ്രുവരി 7-ന് ക്വാലാലംപൂരിൽ നടന്ന ഇന്ത്യ-മലേഷ്യ CEO ഫോറത്തിന്റെ പത്താം യോഗത്തെ ഇരുപ്രധാനമന്ത്രിമാരും സ്വാഗതംചെയ്തു. CEO ഫോറത്തിന്റെ ഫലരേഖ നേതാക്കൾ വിലയിരുത്തുകയും, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങൾക്ക് ഈ ഫോറം തുടർച്ചയായി പിന്തുണ നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

ഉഭയകക്ഷിവ്യാപാരത്തിലും നിക്ഷേപങ്ങളിലും പ്രാദേശിക കറൻസി വഴിയുള്ള വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് നെഗാര മലേഷ്യയും തുടരുന്ന സഹകരണത്തെ ഇരുപ്രധാനമന്ത്രിമാരും അഭിനന്ദിച്ചു. വ്യാപാരത്തിന്റെ ഇൻവോയ്സിങ്ങും സെറ്റിൽമെന്റും പ്രാദേശിക കറൻസികളിൽ (അതായത് ഇന്ത്യൻ രൂപയിലും മലേഷ്യൻ റിംഗിറ്റിലും) സുഗമമാക്കാൻ ഇരുവശത്തുമുള്ള വ്യവസായങ്ങളെ അവർ പ്രോത്സാഹിപ്പിച്ചു.

സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിൽ കണക്റ്റിവിറ്റി പ്രധാന ഘടകമാണെന്ന് ഇരുനേതാക്കളും അംഗീകരിച്ചു. ഇക്കാര്യത്തിൽ, ഇരുരാജ്യങ്ങൾക്കുമിടയിൽ വർധിച്ചുവരുന്ന വ്യോമ-സമുദ്ര ഗതാഗത ബന്ധങ്ങളെ അവർ അഭിനന്ദിക്കുകയും അത് കൂടുതൽ കരുത്തുറ്റതാക്കാൻ സമ്മതിക്കുകയും ചെയ്തു.

​ഭക്ഷ്യസുരക്ഷയും കാർഷികോൽപ്പന്ന സഹകരണവും

ഓരോ രാജ്യത്തിന്റെയും ആഭ്യന്തര നയങ്ങളെ മാനിച്ചുകൊണ്ട്, ഭക്ഷ്യസുരക്ഷയിലും പോഷകാഹാര രംഗത്തും, പ്രത്യേകിച്ച് അവശ്യ സാധനങ്ങളുടെ വ്യാപാരത്തിൽ, സഹകരണം ആഴത്തിലാക്കാൻ ഇരുനേതാക്കളും സമ്മതിച്ചു. തങ്ങളുടെ ജനതയുടെ ഭക്ഷ്യസുരക്ഷയും പോഷകാഹാര ആവശ്യങ്ങളും സംരക്ഷിക്കുന്നതിന് സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ വിതരണശൃംഖലകൾ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തിന് അവർ ഊന്നൽ നൽകി. കാർഷിക ഉൽപ്പാദനത്തിലും വ്യാപാരത്തിലുമുണ്ടാകാൻ സാധ്യതയുള്ള തടസ്സങ്ങൾ മുൻകൂട്ടി കാണുന്നതിനും അവ ലഘൂകരിക്കുന്നതിനുമായി പതിവായ ചർച്ചകൾക്കും വിവരങ്ങൾ കൈമാറുന്നതിനും സംയുക്തനടപടികൾക്കും നേതാക്കൾ പ്രോത്സാഹനം നൽകി.

സുസ്ഥിര പാം ഓയിലിന്റെ വിശ്വസനീയമായ വിതരണക്കാരായി മലേഷ്യ തുടരുമെന്ന പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ആവർത്തിച്ചുറപ്പിച്ചു. ഇക്കാര്യത്തിൽ, എണ്ണപ്പന കൃഷിയിൽ ആഴത്തിലുള്ള സഹകരണത്തിന് നേതാക്കൾ പ്രോത്സാഹനം നൽകി. കൂടാതെ, പാം ഓയിൽ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ മൂല്യവർധിത നിർമാണം ഉൾപ്പെടെയുള്ള മൂല്യശൃംഖല വികസനത്തിൽ സഹകരിക്കാനും ഇരുപക്ഷവും സമ്മതിച്ചു. വിപണി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യസമയത്ത് പരിഹാരം കാണുന്നതിനായി സംഘടിതമായ ഇടപെടലുകൾ നടത്താനും ഇരുപക്ഷവും തീരുമാനിച്ചു.

ഡിജിറ്റൽ-സാമ്പത്തിക സഹകരണം

ഡിജിറ്റൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും നവീന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഫിൻടെക്, ഇ-ഗവേണൻസ്, സൈബർ സുരക്ഷ, നിർമിതബുദ്ധി, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ (DPI), വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ സംയുക്തപദ്ധതികൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള പ്രധാന വേദിയായി മലേഷ്യ-ഇന്ത്യ ഡിജിറ്റൽ കൗൺസിലിന്റെ (MIDC) രൂപീകരണത്തെ ഇരുനേതാക്കളും അഭിനന്ദിച്ചു. ഉഭയകക്ഷി ഡിജിറ്റൽ ഇടപെടലുകൾ കരുത്തുറ്റതാക്കുന്നതിനും ഇരുരാജ്യങ്ങളുടെയും ഡിജിറ്റൽ പരിവർത്തന പരിപാടികളെ പിന്തുണയ്ക്കുന്നതിനുമുള്ള തന്ത്രപരമായ സംവിധാനമായി MIDC പ്രവർത്തിക്കുമെന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.

ഉഭയകക്ഷി പണമിടപാടു ബന്ധം സ്ഥാപിക്കുന്നതിനായി NPCI ഇന്റർനാഷണൽ ലിമിറ്റഡും PayNet മലേഷ്യയും തമ്മിലുള്ള സഹകരണത്തെ നേതാക്കൾ സ്വാഗതം ചെയ്തു. ഈ സംയോജനം വ്യവസായനടത്തിപ്പു കൂടുതൽ എളുപ്പമാക്കുമെന്നും വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കും ചെറുകിട വ്യവസായങ്ങൾക്കും തടസ്സമില്ലാത്തതും കുറഞ്ഞ ചെലവിലുള്ളതുമായ പണമടയ്ക്കൽ സൗകര്യങ്ങൾ നൽകുമെന്നും അവർ വിലയിരുത്തി. ഇത് മലേഷ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തികവും ജനങ്ങൾ തമ്മിലുള്ളതുമായ ബന്ധത്തെ കൂടുതൽ അടുപ്പമുള്ളതാക്കും.

ഊർജ-സെമികണ്ടക്ടർ സഹകരണം

ഊർജമേഖലയിൽ, ഇന്ത്യയുടെ പുനരുൽപ്പാദക ഊർജ- ഹരിത ഹൈഡ്രജൻ രംഗങ്ങളിൽ പെട്രോണാസും (PETRONAS) ജെന്റാരിയും (Gentari) കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങൾ നേതാക്കൾ വിലയിരുത്തി. സംശുദ്ധ ഊർജ പ്രതിവിധികൾ പ്രോത്സാഹിപ്പിക്കുന്നതിനും ‘നെറ്റ്-സീറോ’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും മലേഷ്യയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി വൻകിട സൗരോർജപദ്ധതികളിൽ കൂടുതൽ സഹകരിക്കാനുള്ള വിപുലമായ സാധ്യതകൾക്ക് ഇരുനേതാക്കളും ഊന്നൽ നൽകി. അന്താരാഷ്ട്ര സൗരസഖ്യം (ISA) രൂപീകരിക്കുന്നതിൽ ഇന്ത്യ സ്വീകരിച്ച മുൻകൈയെ മലേഷ്യ അഭിനന്ദിച്ചു.

ആഗോള സാങ്കേതികരംഗത്ത് സെമികണ്ടക്ടർ വ്യവസായത്തിനുള്ള തന്ത്രപ്രധാനമായ പ്രാധാന്യം അംഗീകരിച്ച നേതാക്കൾ, ഈ മേഖലയിലെ ഉഭയകക്ഷി ഏകോപനം കരുത്തുറ്റതാക്കുന്നതിലൂടെയുള്ള പരസ്പരനേട്ടത്തിന് അടിവരയിട്ടു. സാങ്കേതിക നവീകരണം, തൊഴിൽ വൈദഗ്ധ്യവികസനം, വിതരണശൃംഖലയുടെ സ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, കരുത്തുറ്റതും മത്സരാധിഷ്ഠിതവുമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ സെമികണ്ടക്ടർ മൂല്യശൃംഖലയിലെ സഹകരണം ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യത്തിന് അവർ ഊന്നൽ നൽകി. IIT-മദ്രാസ് ഗ്ലോബലും അഡ്വാൻസ്ഡ് സെമികണ്ടക്ടർ അക്കാദമി ഓഫ് മലേഷ്യയും തമ്മിലുള്ള സഹകരണവും, ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് സെമികണ്ടക്ടർ അസോസിയേഷനും (IESA) മലേഷ്യ സെമികണ്ടക്ടർ ഇൻഡസ്ട്രി അസോസിയേഷനും (MSIA) തമ്മിലുള്ള സഹകരണവും ഉൾപ്പെടെ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളെ പ്രധാനമന്ത്രിമാർ പ്രശംസിച്ചു.

​പ്രതിരോധ-സുരക്ഷ സഹകരണം

പതിവായ ആശയവിനിമയങ്ങൾ, സന്ദർശനങ്ങൾ, ഉദ്യോഗസ്ഥ ചർച്ചകൾ, അഭ്യാസപ്രകടനങ്ങൾ, പരിശീലന കോഴ്സുകൾ, പ്രതിരോധ വ്യവസായ സഹകരണം എന്നിവയിലൂടെ മലേഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധം കരുത്തുറ്റതായതിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. മലേഷ്യ-ഇന്ത്യ പ്രതിരോധ സഹകരണ സമിതിയുടെയും (MIDCOM) അതിന്റെ ഉപസമിതികളുടെയും വിജയകരമായ ഫലങ്ങളെ അവർ സ്വാഗതം ചെയ്തു; സ്ട്രാറ്റജിക് അഫയേഴ്സ് വർക്കിങ് ഗ്രൂപ്പിന്റെയും (SAWG) സുഖോയ്-30 (Su-30) ഫോറത്തിന്റെയും രൂപീകരണത്തിനുള്ള മാർഗനിർദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ആസിയാൻ പ്രതിരോധമന്ത്രിമാരുടെ മീറ്റിങ് പ്ലസ് (ADMM-Plus) ചട്ടക്കൂടിൽ ഇന്ത്യ നടത്തുന്ന നിരന്തരമായ ഇടപെടലുകളെ ഇരുനേതാക്കളും അഭിനന്ദിച്ചു. 2024-2027 കാലയളവിലേക്കുള്ള ഭീകരവാദവിരുദ്ധ കർമസമിതിയിൽ മലേഷ്യയ്‌ക്കൊപ്പം സംയുക്ത-അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെ അവർ സ്വാഗതം ചെയ്തു. 2026-ൽ മലേഷ്യ ആതിഥേയത്വം വഹിക്കുന്ന, ഇന്ത്യയും മലേഷ്യയും ചേർന്ന് നയിക്കുന്ന ഭീകരവാദവിരുദ്ധ ടേബിൾ-ടോപ്പ് അഭ്യാസത്തിൽ (EWG CT TTX) പങ്കുചേരാൻ എല്ലാ ADMM-Plus അംഗങ്ങളെയും നേതാക്കൾ ക്ഷണിച്ചു.

എയ്‌റോ ഇന്ത്യ 2025, ലങ്കാവി ഇന്റർനാഷണൽ മാരിടൈം ആൻഡ് എയ്‌റോസ്‌പേസ് എക്സിബിഷൻ (LIMA 2025) എന്നിവയുൾപ്പെടെയുള്ള പ്രതിരോധ പ്രദർശനങ്ങളിൽ ഇരുരാജ്യങ്ങളിലെയും പ്രതിരോധ പ്രതിനിധിസംഘങ്ങളും കമ്പനികളും പതിവായി പങ്കെടുക്കുന്നത് നേതാക്കൾ വിലയിരുത്തി.

2025 ഡിസംബർ 05 മുതൽ 18 വരെ ഇന്ത്യയിലെ രാജസ്ഥാനിൽ ഇന്ത്യൻ സൈന്യവും റോയൽ മലേഷ്യൻ ആർമിയും ചേർന്ന് നടത്തിയ ഇന്ത്യ-മലേഷ്യ സംയുക്തസൈനികാഭ്യാസമായ 'ഹരിമാവ് ശക്തി'യുടെ അഞ്ചാം പതിപ്പിന്റെ നടത്തിപ്പിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി.

പതിവായ സൗഹൃദസന്ദർശനങ്ങളിലൂടെയും പ്രവർത്തനപരമായ വിന്യാസങ്ങളിലൂടെയും ഇന്ത്യയും മലേഷ്യയും തമ്മിൽ വർധിച്ചുവരുന്ന സമുദ്ര സഹകരണത്തെ പ്രധാനമന്ത്രിമാർ പ്രോത്സാഹിപ്പിച്ചു. ഇക്കാര്യത്തിൽ, 2025 ഒക്ടോബറിൽ INS സഹ്യാദ്രി മലേഷ്യയിലെ കെമാമൻ സന്ദർശിച്ചതിനെയും, 2025 ജൂലൈയിൽ ഹൈഡ്രോഗ്രാഫിക് കപ്പലായ INS സന്ധായക് മലേഷ്യയിലെ പോർട്ട് ക്ലാങ് സന്ദർശിച്ചതിനെയും അവർ അഭിനന്ദിച്ചു. 'സമുദ്ര ലക്ഷ്മണ', 'മിലാൻ' (MILAN), ആസിയാൻ-ഇന്ത്യ മാരിടൈം എക്സർസൈസ് (AIME) തുടങ്ങിയ ഉഭയകക്ഷി-ബഹുതല നാവികാഭ്യാസങ്ങൾ ഉൾപ്പെടെ, നാവികസേനകൾ തമ്മിലുള്ള പതിവായ ആശയവിനിമയങ്ങളെയും നേതാക്കൾ സ്വാഗതം ചെയ്തു.

മലേഷ്യൻ ഗവണ്മെന്റും ഇന്ത്യൻ ഗവണ്മെന്റും സുരക്ഷാകാര്യങ്ങളിൽ സഹകരണവും പരസ്പരസഹായവും ചർച്ച ചെയ്യുന്നതിനുള്ള വേദിയായി പ്രഥമ മലേഷ്യ-ഇന്ത്യ സുരക്ഷാ സംഭാഷണം മാറിയതിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി.

അതിർത്തികടന്നുള്ള ഭീകരവാദം ഉൾപ്പെടെ എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെയും ഇരുപ്രധാനമന്ത്രിമാരും ശക്തമായി അപലപിച്ചു. ഭീകരവാദത്തോടുള്ള ഒത്തുതീർപ്പില്ലാത്ത നിലപാടിനും, ഭീകരവാദത്തെ സമഗ്രവും സുസ്ഥിരവുമായ രീതിയിൽ നേരിടുന്നതിന് ഏകോപിതമായ അന്താരാഷ്ട്ര ശ്രമങ്ങൾക്കും അവർ ആഹ്വാനം ചെയ്തു. തീവ്രവാദത്തെയും അക്രമാസക്തമായ തീവ്രവാദത്തെയും പ്രതിരോധിക്കുന്നതിനും, ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നത് തടയുന്നതിനും, വിവരങ്ങളും അറിവുകളും കൈമാറുന്നതിലൂടെയും ശേഷി വികസനത്തിലൂടെയും ഭീകരപ്രവർത്തനങ്ങൾക്കായി പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് തടയുന്നതിനും അവർ ധാരണയായി. ഭീകരവാദവും അതിർത്തികടന്നുള്ള സംഘടിത കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞ ഇരുനേതാക്കളും വിവരങ്ങളും മികച്ച രീതികളും പങ്കുവയ്ക്കുന്നതുൾപ്പെടെയുള്ള മേഖലകളിൽ സഹകരിക്കാൻ തീരുമാനിച്ചു. ഐക്യരാഷ്ട്രസഭയിലും FATF-ലും ഉൾപ്പെടെ ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങളിൽ ഉഭയകക്ഷി-ബഹുതല സഹകരണം കരുത്തുറ്റതാക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചുറപ്പിച്ചു.

വിദ്യാഭ്യാസവും നൈപുണ്യവികസനവും

ഇരുരാജ്യങ്ങളിലും ധാരാളം വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്ന കാര്യവും, മലേഷ്യൻ ടെക്നിക്കൽ കോപ്പറേഷൻ പ്രോഗ്രാമിനും (MTCP) ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോപ്പറേഷൻ പ്രോഗ്രാമിനും (ITEC) കീഴിൽ നടന്നുവരുന്ന പദ്ധതികളും ഇരുനേതാക്കളും വിലയിരുത്തി. വിദ്യാർഥികളുടെയും അധ്യാപകരുടെയും വിനിമയം വർധിപ്പിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും അവർ ഇരുപക്ഷത്തെയും പ്രോത്സാഹിപ്പിച്ചു. 'സ്റ്റഡി ഇൻ ഇന്ത്യ' പദ്ധതിയിലൂടെ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രധാനമന്ത്രി മോദി മലേഷ്യൻ വിദ്യാർഥികളെ ക്ഷണിച്ചു.

ഇരുരാജ്യങ്ങളുടെയും മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്ക് അനുസൃതമായി വിദഗ്ധരായ തൊഴിലാളികളെ വാർത്തെടുക്കുന്നതിന് സാങ്കേതിക- തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന (TVET) മേഖലയിലെ സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും നേതാക്കൾ എടുത്തുപറഞ്ഞു. തൊഴിലധിഷ്ഠിത പരിശീലനം കരുത്തുറ്റതാക്കുന്നതിനും, തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനും, നൈപുണ്യവികസനത്തിലൂടെ സുസ്ഥിരമായ സാമ്പത്തിക വളർച്ച പിന്തുണയ്ക്കുന്നതിനുമായി സംയുക്തസംരംഭങ്ങൾക്കും അറിവ് പങ്കുവയ്ക്കലിനും വിനിമയ പരിപാടികൾക്കും അവർ പ്രോത്സാഹനം നൽകി.

​സാംസ്കാരികം, വിനോദസഞ്ചാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം

ജനങ്ങൾ തമ്മിലുള്ള കരുത്തുറ്റ ബന്ധം കണക്കിലെടുത്ത്, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും സഞ്ചാരം കൂടുതൽ സുഗമമാക്കാൻ ഇരു പ്രധാനമന്ത്രിമാരും ധാരണയായി.

ഉഭയകക്ഷിസഹകരണത്തിന്റെ പ്രധാന സ്തംഭമായും മലേഷ്യയും ഇന്ത്യയും തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ചാലകശക്തിയായും വിനോദസഞ്ചാരത്തെ നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു. ഇക്കാര്യത്തിൽ, 'വിസിറ്റ് മലേഷ്യ 2026' യജ്ഞത്തെ ഇന്ത്യ സ്വാഗതം ചെയ്തപ്പോൾ, 'ഇൻക്രെഡിബിൾ ഇന്ത്യ' വിനോദസഞ്ചാരപരിപാടിയെ മലേഷ്യ അഭിനന്ദിച്ചു. സാമ്പത്തിക വളർച്ചയെയും പരസ്പരധാരണയെയും പിന്തുണയ്ക്കുന്നതിൽ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തിന് ഇരുപക്ഷവും അടിവരയിട്ടു. വിനോദസഞ്ചാര സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സന്ദർശകരുടെ ഒഴുക്ക് വർധിപ്പിക്കുന്നതിനുമുള്ള തങ്ങളുടെ പൊതുവായ പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും പ്രകടിപ്പിച്ചു.

ജനതകൾ തമ്മിലുള്ള ഊർജസ്വലമായ ബന്ധം അംഗീകരിച്ച്, വിനോദസഞ്ചാരികളുടെ വരവും ബിസിനസ് യാത്രകളും വർധിപ്പിക്കാൻ സഹായിച്ച നിലവിലെ വിസ ഉദാരവൽക്കരണത്തെ നേതാക്കൾ സ്വാഗതം ചെയ്തു.

പരസ്പര വിശ്വാസം, പരസ്പര നേട്ടം, ഇരുരാജ്യങ്ങൾക്കും പ്രയോജനപ്രദമായ സഹകരണം എന്നിവയുടെ അടിസ്ഥാനത്തിൽ മലേഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യോമബന്ധം കരുത്തുറ്റതാക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചുറപ്പിച്ചു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന തുടർച്ചയായ വർധനയും, വിനോദസഞ്ചാരം, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള വിനിമയം എന്നിവയ്ക്ക് മികച്ച കണക്റ്റിവിറ്റിക്കുള്ള പ്രാധാന്യവും തിരിച്ചറിഞ്ഞ്, വ്യോമയാന രംഗത്തെ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ഇരുഗവണ്മെന്റുകളും സമ്മതിച്ചു.

ഈ സാഹചര്യത്തിൽ, നിലവിലുള്ള വ്യോമഗതാഗത അവകാശങ്ങൾ കൂടുതൽ വർധിപ്പിക്കണമെന്ന് മലേഷ്യൻ പക്ഷം നിർദേശിച്ചു. ഇന്ത്യൻ പക്ഷം ഈ ആവശ്യം പരിഗണിച്ചു.

ക്വാലാലംപൂരിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി മലയയിൽ (UM) ഇന്ത്യൻ സ്റ്റഡീസിനായുള്ള ‘തിരുവള്ളുവർ ചെയർ’ പ്രവർത്തനക്ഷമമായതിനെ ഇരുനേതാക്കളും അഭിനന്ദിച്ചു. യൂണിവേഴ്സിറ്റി മലയയിൽ തിരുവള്ളുവർ സെന്റർ സ്ഥാപിച്ചതിനെ സ്വാഗതംചെയ്തു. മലേഷ്യൻ പൗരന്മാർക്കായി തിരുവള്ളുവർ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചതിനെ പ്രധാനമന്ത്രി അൻവർ സ്വാഗതം ചെയ്തു.

ആരോഗ്യസംരക്ഷണ സഹകരണം

ആരോഗ്യ സംരക്ഷണരംഗത്തെയും പരമ്പരാഗത വൈദ്യശാസ്ത്രരംഗത്തെയും പങ്കാളിത്തം ഇരുനേതാക്കളും ആവർത്തിച്ചുറപ്പിച്ചു. മേഖലയിലെ നിർണായകമായ ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി വിവിധ ആരോഗ്യ പദ്ധതികൾ പര്യവേക്ഷണം ചെയ്യുന്നതിൽ ഇരു നേതാക്കളും പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.

ഇന്ത്യൻ സാങ്കേതിക, സാമ്പത്തിക സഹകരണ (ITEC) പരിപാടിക്കു കീഴിൽ പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്ര (TIM) വിദഗ്ധരെ മലേഷ്യയിലേക്ക് അയക്കുന്നതിനുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ മലേഷ്യ തുടർന്നും പ്രതിജ്ഞാബദ്ധത പുലർത്തും; ഇതിനായി ഇന്ത്യയുമായി സജീവമായ കൂടിയാലോചനകൾ നടത്തിവരികയാണ്. സംയോജിതവും സമഗ്രവുമായ ചികിത്സാരീതിയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി, ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ അലോപ്പതി മരുന്നുകൾക്ക് അനുബന്ധമായി പരമ്പരാഗത ഇന്ത്യൻ ചികിത്സാ സേവനങ്ങൾ പുനരാരംഭിക്കാൻ ഇത് സഹായിക്കും.

കുറഞ്ഞ ചെലവിലുള്ള ആരോഗ്യ സംരക്ഷണത്തിലും ഔഷധ മേഖലയിലും നിലനിൽക്കുന്ന ഉഭയകക്ഷിസഹകരണം നേതാക്കൾ വിലയിരുത്തി. മരുന്ന് നിയന്ത്രണം, ഫാർമക്കോപ്പിയയുടെ അംഗീകാരം, നഴ്സിങ് സേവനങ്ങളുടെ അംഗീകാരം എന്നീ മേഖലകളിൽ ഇരുപക്ഷവും തമ്മിൽ നടക്കുന്ന ചർച്ചകളെ അവർ സ്വാഗതം ചെയ്തു.

ഹോമിയോപ്പതി രംഗത്ത് ഗവേഷണ സഹകരണം, പരിശീലനം, അക്കാദമിക് വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിയും (CCRH) മലേഷ്യയിലെ യൂണിവേഴ്സിറ്റി ഓഫ് സൈബർജയയും (UoC) തമ്മിൽ 2025 ഒക്ടോബറിൽ ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.

സുസ്ഥിര വികസന സഹകരണം

ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പൊതുവായ അർപ്പണബോധത്തെ നേതാക്കൾ അടിവരയിട്ടു. അന്താരാഷ്ട്ര ബൃഹദ് മാർജാര സഖ്യത്തിന്റെ (IBCA) സ്ഥാപക അംഗമെന്ന നിലയിലുള്ള മലേഷ്യയുടെ പങ്ക് അവർ എടുത്തുപറഞ്ഞു. ഗവേഷണവും വികസനവും, ശേഷി വികസനം, സാങ്കേതികവിദ്യയുടെ കൈമാറ്റം, മികച്ച രീതികൾ പങ്കുവയ്ക്കൽ എന്നീ മേഖലകളിൽ ഉഭയകക്ഷിസഹകരണം വർധിപ്പിക്കുന്നതിലൂടെ മലേഷ്യയിലെയും ഇന്ത്യയിലെയും ഉൾപ്പെടെ ലോകത്തിലെ ബൃഹദ് മാർജാര വർഗങ്ങളെ സംരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചുറപ്പിച്ചു.

പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ ദുരന്തങ്ങൾ ഇരുരാജ്യങ്ങളെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ സഹകരണം കരുത്തുറ്റതാക്കേണ്ടതിന്റെ ആവശ്യകതയ്ക്കു നേതാക്കൾ ഊന്നൽ നൽകി. വൈദഗ്ധ്യം പങ്കുവയ്ക്കൽ, ദുരന്ത നിവാരണത്തിലും സെർച്ച് ആൻഡ് റെസ്ക്യൂ സാങ്കേതിക വിദ്യകളിലും ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകൽ, സംയുക്താഭ്യാസങ്ങൾ നടത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇരുരാജ്യങ്ങളിലെയും ദേശീയ ദുരന്തനിവാരണ അതോറിറ്റികൾ തമ്മിലുള്ള ദുരന്ത നിവാരണ സഹകരണത്തിനായുള്ള ധാരണാപത്രത്തിന് കീഴിലായിരിക്കും ഈ ശ്രമങ്ങൾ തുടരുക. ദുരന്തസാധ്യത കുറയ്ക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിൽ ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യം (CDRI) ഉൾപ്പെടെയുള്ള പ്രസക്തമായ പ്രാദേശിക-അന്തർദേശീയ സംരംഭങ്ങളുടെ പ്രാധാന്യം നേതാക്കൾ അംഗീകരിച്ചു.

​പ്രാദേശിക-ബഹുതല സഹകരണം

അടിയന്തര പ്രാധാന്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ നേതാക്കൾ കാഴ്ചപ്പാടുകൾ പങ്കുവച്ചു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അവർ ഊന്നൽ നൽകി.

ഇന്ത്യയുടെ 2026-ലെ BRICS അധ്യക്ഷപദവിയെ മലേഷ്യ സ്വാഗതം ചെയ്തു. അതേസമയം, ബ്രിക്സ് പങ്കാളി രാജ്യം എന്ന നിലയിൽ മലേഷ്യയുടെ പങ്കിനെ പിന്തുണയ്ക്കാനുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യ ആവർത്തിച്ചുറപ്പിക്കുകയും ബ്രിക്സിൽ അംഗമാകാനുള്ള മലേഷ്യയുടെ ആഗ്രഹം കണക്കിലെടുക്കുകയും ചെയ്തു. കൂടുതൽ സമതുലിതവും പ്രാതിനിധ്യ സ്വഭാവമുള്ളതുമായ അന്താരാഷ്ട്ര ക്രമം കെട്ടിപ്പടുക്കുന്നതിലെ തന്ത്രപരമായ നാഴികക്കല്ലാണ് ഈ സഹകരണമെന്ന് ഇരുനേതാക്കളും അംഗീകരിച്ചു. തുല്യമായ ആഗോള ഭരണക്രമത്തിനും സുസ്ഥിര വികസനത്തിനും ക്രിയാത്മകമായി സംഭാവന നൽകാൻ സാമ്പത്തിക വ്യവസ്ഥകൾക്ക് ഇത്തരം ഇടപെടലുകൾ സുപ്രധാന വേദികൾ ഒരുക്കുന്നുവെന്ന കാഴ്ചപ്പാടും ഇരുനേതാക്കളും പങ്കുവച്ചു.

ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ബഹുതല വേദികളിൽ സഹകരണം കരുത്തുറ്റതാക്കാനും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്കരണത്തെ പിന്തുണയ്ക്കാനും ഇരുപ്രധാനമന്ത്രിമാരും സമ്മതിച്ചു. ഐക്യരാഷ്ട്ര സുരക്ഷാസമിതി (UNSC) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളെ കൂടുതൽ പ്രാതിനിധ്യമുള്ളതാക്കുന്നതിനും, സമകാലിക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ബഹുരാഷ്ട്രവാദത്തെ മെച്ചപ്പെടുത്തുന്നതിനും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് അവർ വാഗ്ദാനം ചെയ്തു. വിവിധ അന്താരാഷ്ട്ര സ്ഥാനാർത്ഥിത്വങ്ങൾക്കുള്ള പരസ്പര പിന്തുണയെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. പരിഷ്കരിച്ച ഐക്യരാഷ്ട്ര സുരക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് മലേഷ്യ നൽകുന്ന പിന്തുണയെ ഇന്ത്യ അങ്ങേയറ്റം അഭിനന്ദിച്ചു.

അഴിമതി തടയുന്നതിനും നേരിടുന്നതിനുമുള്ള സഹകരണത്തിനായുള്ള ധാരണാപത്രം, ദുരന്ത നിവാരണത്തിനായുള്ള ധാരണാപത്രം, മലേഷ്യയിൽ ഇൻഷുറൻസ് പരിരക്ഷയുള്ള വ്യക്തികളായ ഇന്ത്യൻ പൗരന്മാർക്കായി സാമൂഹ്യസുരക്ഷാ പരിപാടികളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണ കരാർ, ഓഡിയോ-വിഷ്വൽ സംയുക്തനിർമാണ കരാർ എന്നിവ ഒപ്പിട്ടതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. സെമികണ്ടക്ടറുകൾ, ആരോഗ്യസംരക്ഷണം, ദേശീയ സുരക്ഷ, സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനം (TVET) എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച കുറിപ്പുകളുടെ കൈമാറ്റത്തിനും നേതാക്കൾ സാക്ഷ്യം വഹിച്ചു. കൂടാതെ, ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന സഹകരണത്തിനായുള്ള ധാരണാപത്രം പുതുക്കുന്നതു സംബന്ധിച്ച കത്തുകളുടെ കൈമാറ്റവും (EoL), അന്താരാഷ്ട്ര ബൃഹദ് മാർജാര സഖ്യം (IBCA) ചട്ടക്കൂട് കരാർ മലേഷ്യ അംഗീകരിച്ചതും നേതാക്കൾ വിലയിരുത്തി.

1982-ലെ ഐക്യരാഷ്ട്ര സമുദ്രനിയമ കരാറിൽ (UNCLOS) പ്രതിഫലിക്കുന്നത് പോലെ, അന്താരാഷ്ട്ര നിയമങ്ങളുടെ തത്വങ്ങളെ അടിസ്ഥാനമാക്കി കപ്പൽ ഗതാഗതത്തിനുള്ള സ്വാതന്ത്ര്യത്തെയും വിമാനസഞ്ചാരസ്വാതന്ത്ര്യത്തെയും തടസ്സമില്ലാത്ത നിയമപരമായ വ്യാപാരത്തെയും ബഹുമാനിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു. UNCLOS 1982 ഉൾപ്പെടെ സാർവത്രികമായി അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര നിയമതത്വങ്ങൾക്കനുസൃതമായി സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ എല്ലാ കക്ഷികളോടും നേതാക്കൾ അഭ്യർത്ഥിച്ചു.

ASEAN ഐക്യത്തിനും ആസിയാൻ കേന്ദ്രീകൃതതയ്ക്കും ഇന്ത്യ നൽകുന്ന പൂർണ്ണവും സുസ്ഥിരവുമായ പിന്തുണയെ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സ്വാഗതം ചെയ്തു. 2025-ൽ മലേഷ്യ ആസിയാൻ അധ്യക്ഷപദവി വിജയകരമായി വഹിച്ചതിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം സംയുക്തമായി കരുത്തുറ്റതാക്കാൻ നൽകിയ പിന്തുണയ്ക്ക് മലേഷ്യയ്ക്കും മറ്റ് ആസിയാൻ അംഗരാജ്യങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

സ്വതന്ത്രവും തുറന്നതും നിയമാധിഷ്ഠിതവും സമാധാനപരവും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചുറപ്പിച്ചു. 'മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായുള്ള ഇൻഡോ-പസഫിക് സംബന്ധിച്ച ആസിയാൻ വീക്ഷണത്തിൽ (AOIP) സഹകരിക്കുന്നതിനായുള്ള ആസിയാൻ-ഇന്ത്യ സംയുക്തപ്രസ്താവന' നടപ്പാക്കാനുള്ള ശ്രമങ്ങൾ ആഴത്തിലാക്കുന്നതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു. ഇതിനായി AOIP-യുടെ സഹകരണ മേഖലകൾ നടപ്പാക്കുന്നതിനുള്ള കൃത്യമായ നടപടികൾ ഉൾപ്പെടെ, AOIP-യും ഇന്ത്യയുടെ ഇൻഡോ-പസഫിക് ഓഷ്യൻ ഇനിഷ്യേറ്റീവും (IPOI) തമ്മിലുള്ള സഹകരണം വർധിപ്പിക്കും.

സന്ദർശനവേളയിൽ തനിക്കും പ്രതിനിധിസംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനോടും മലേഷ്യൻ ജനതയോടും ആഴത്തിലുള്ള നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ സമീപഭാവിയിൽ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി ഹൃദയപൂർവം ക്ഷണിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From 17,000 Violent Incidents To Bastar Olympics: How PM Modi Got The Maoists To Turn In

Media Coverage

From 17,000 Violent Incidents To Bastar Olympics: How PM Modi Got The Maoists To Turn In
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Shri Narendra Modi receives a telephone call from the Amir of Qatar
June 23, 2026
Qatar Amir expresses condolences over the loss of lives of Indian nationals in an accident in Qatar.
PM thanks him and conveys appreciation for prompt medical help to the injured.
The two leaders reaffirm their commitment to ensure the wellbeing and safety of their citizens.
PM conveys appreciation for Qatar’s positive contribution in the peace efforts in West Asia.
The two leaders reaffirm their commitment to expand bilateral cooperation.

Prime Minister Shri Narendra Modi received a telephone call today from the Amir of the State of Qatar, H.H. Sheikh Tamim Bin Hamad Al-Thani.

Qatar Amir expressed condolences over the loss of lives of Indian nationals in an accident at Ras Laffan Industrial City in Qatar on June 21 and conveyed wishes for speedy recovery of those injured.

PM thanked him for his words of sympathy towards affected families and conveyed appreciation for providing prompt medical help to the injured.

The two leaders reaffirmed their commitment to ensure the wellbeing and safety of their citizens and reiterated their support and solidarity with each other.

While discussing the situation in West Asia, PM conveyed appreciation for Qatar’s positive contribution in the peace efforts and expressed hope that they would lead to lasting peace and stability in the region.

The two leaders also reaffirmed their commitment to expand bilateral cooperation in all areas.

They agreed to remain in close touch.