എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം.
ഇന്നലെ കുംഭപൂര്‍ണ്ണിമയുടെ ഉത്സവമായിരുന്നു. കുംഭമാസം പ്രത്യേകിച്ചും നദികളും സരോവരങ്ങളും ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ടു കിടക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. നമ്മുടെ ശാസ്ത്രങ്ങളില്‍ ഇങ്ങനെ പറയുന്നുണ്ട്,
''മാഘേ നിമഗ്നാ: സലിലേ സുശീതേ
വിമുക്ത പാപാ: ത്രിദിവം പ്രയാന്തി'' - അതായത് ഏതെങ്കിലും ജലാശയത്തില്‍ മാഘമാസത്തില്‍ കുളിക്കുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഓരോ സമൂഹത്തിലും നദിയുമായി ബന്ധപ്പെട്ട ഏതെങ്കിലും പാരമ്പര്യം കാണാറുണ്ട്. അനേകം സംസ്‌കാരങ്ങള്‍ നദീതീരങ്ങളിലാണ് വികാസം പ്രാപിച്ചിട്ടുള്ളത്. നമ്മുടെ സംസ്‌കാരം ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ളതാകയാല്‍ ഇവിടെ ഈ കാര്യം കൂടുതലായി കാണപ്പെടുന്നു. നമ്മുടെ രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ജലവുമായി ബന്ധപ്പെട്ട ഉത്സവം ഇല്ലാത്ത ഒരുദിവസം പോലും കാണുകയില്ല. കുംഭമാസ ദിനങ്ങളില്‍ ആളുകള്‍ സ്വന്തം വീടും കുടുംബവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് മാസം മുഴുവന്‍ നദീതീരത്ത് കല്പവാസത്തിനും പോകുന്നു. ഇത്തവണ ഹരിദ്വാറില്‍ കുംഭമേളയും നടത്തുന്നുണ്ട്. ജലം നമുക്ക് ജീവിതമാണ്, താല്പര്യമാണ്, വികാസധാരയുമാണ്. ജലം ഒരുതരത്തില്‍ സ്പര്‍ശമണിയേക്കാളും മഹത്തരമാണ്. സ്പര്‍ശമണിയുടെ സ്പര്‍ശം കൊണ്ട് ലോഹം സ്വര്‍ണ്ണമായിത്തീരുമെന്ന് പറയപ്പെടുന്നു. അതുപോലെ ജലത്തിന്റെ സ്പര്‍ശം ജീവിതത്തിന് ആവശ്യമാണ്. വികാസത്തിനും ആവശ്യമാണ്.
സുഹൃത്തുക്കളേ, കുംഭമാസത്തെ, ജലവുമായി ബന്ധപ്പെടുത്തുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഇതിനുശേഷം തണുപ്പുകാലം കഴിയുന്നു. ചൂടുകാലം വാതില്‍ മുട്ടിവിളിക്കുന്നു. അതുകൊണ്ട് ജലസംരക്ഷണത്തിനുവേണ്ടി നമുക്ക് ഇപ്പോള്‍ തന്നെ പരിശ്രമം തുടങ്ങേണ്ടതുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കുശേഷം വരുന്ന മാര്‍ച്ചുമാസം 22-ാം തീയതി ലോക ജലദിനം കൂടിയാണ്.
യു പിയിലെ ശ്രീമതി ആരാധ്യ എനിക്ക് എഴുതിയിരിക്കുന്നത് എന്തെന്നാല്‍ ലോകത്തിലെ കോടിക്കണക്കിന് ആളുകള്‍ അവരുടെ ജീവിതത്തിന്റെ ഒരു വലിയ ഭാഗം ജലനഷ്ടം നികത്തുന്നതിനാണ് ചെലവാക്കുന്നത്. ''ബിന്‍ പാനി സബ് സൂന്‍'' എന്നത് വെറും വാക്കല്ല. ജലത്തിന്റെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള ഒരു നല്ല സന്ദേശം പശ്ചിമബംഗാളിലെ ഉത്തര ദിനാജ്പുരിലെ ശ്രീ സുജിത് എനിക്ക് അയച്ചു തന്നിട്ടുണ്ട്. ശ്രീ സുജിത്ത് എഴുതിയിരിക്കുന്നു, പ്രകൃതി ജലത്തിന്റെ രൂപത്തില്‍ നമുക്ക് ഒരു സാമൂഹികമായ സമ്മാനമാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ജലസംരക്ഷണത്തിന്റെ ഉത്തരവാദിത്വവും സാമൂഹികമാണ്. സാമൂഹിക സമ്മാനം പോലെയാണ് സാമൂഹിക ഉത്തരവാദിത്തവും എന്ന കാര്യം വളരെ ശരിയാണ്. ശ്രീ സുജിത് പറഞ്ഞത് വളരെ പ്രസക്തമാണ്. നദി, കായല്‍, മഴ അല്ലെങ്കില്‍ ഭൂമിയിലെ ജലം ഇതെല്ലാം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്.
സുഹൃത്തുക്കളേ, ഗ്രാമങ്ങളില്‍ കിണറുകളേയും ചെറിയ കുളങ്ങളേയും എല്ലാവരും ചേര്‍ന്ന് സംരക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ അതുപോലെയുള്ള ഒരു പരിശ്രമം തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ നടന്നുവരുന്നു. അവിടത്തെ നാട്ടുകാര്‍ സ്വന്തം കിണറുകളുടെ സംരക്ഷണത്തിനായി ഒരു യജ്ഞം തന്നെ നടത്തിവരുന്നു. ഈ ആളുകള്‍ അവരുടെ പ്രദേശത്ത് വര്‍ഷങ്ങളായി മൂടിക്കിടക്കുന്ന പൊതുകിണറുകള്‍ക്ക് ജീവന്‍ കൊടുത്തു കൊണ്ടിരിക്കുകയാണ്.
മദ്ധ്യപ്രദേശിലെ അഗരോധാ ഗ്രാമത്തിലെ ശ്രീമതി ബബിതാ രാജപുത് ചെയ്യുന്ന കാര്യം നമുക്കെല്ലാം പ്രേരണയാണ്. ശ്രീമതി ബബിതയുടെ ഗ്രാമം ബുന്ദേല്‍ഖണ്ഡ് ആണ്. അവരുടെ ഗ്രാമത്തിനു സമീപം ഒരു വലിയ തടാകം ഉണ്ടായിരുന്നത് വറ്റിവരണ്ടിരിക്കുകയായിരുന്നു. അവര്‍ ഗ്രാമത്തിലെ മറ്റു സ്ത്രീകളെയും കൂടെ കൂട്ടി തടാകത്തിലേക്ക് വെള്ളം എത്തിക്കുന്നതിനായി ഒരു തോടുണ്ടാക്കി. ഈ തോടു വഴി മഴവെള്ളം നേരെ തടാകത്തില്‍ വന്നുചേരും. ഇപ്പോള്‍ ഈ തടാകം ജലം നിറഞ്ഞതായി തീര്‍ന്നിരിക്കുന്നു.
സുഹൃത്തുക്കളേ, ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ താമസിക്കുന്ന ശ്രീ ജഗദീശ് കുനിയാല്‍ ചെയ്യുന്ന പ്രവൃത്തി നമ്മെ പലതും പഠിപ്പിക്കുന്നതാണ്. ശ്രീ ജഗദീശിന്റെ ഗ്രാമവും അടുത്തുള്ള പ്രദേശങ്ങളും ജലത്തിന്റെ ആവശ്യങ്ങള്‍ക്കായി ഒരു പ്രകൃതി സ്രോതസ്സിനെയാണ് ആശ്രയിച്ചിരുന്നത്. പക്ഷേ, വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ സ്രോതസ്സ് ഉണങ്ങിപ്പോയി. അതിനാല്‍ ആ പ്രദേശം മുഴുവന്‍ ജലക്ഷാമം രൂക്ഷമായിത്തീര്‍ന്നു. ഈ ജലക്ഷാമം ഇല്ലാതാക്കുന്നതിന് വൃക്ഷം നട്ടുപിടിപ്പിക്കാന്‍ ശ്രീ ജഗദീശ് നിശ്ചയിച്ചു. അദ്ദേഹം ഗ്രാമവാസികളുമായി ചേര്‍ന്ന് ആ പ്രദേശം മുഴുവന്‍ ആയിരക്കണക്കിന് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ പ്രദേശത്തെ ഉണങ്ങിവരണ്ട ജലസ്രോതസ്സ് ജലം നിറഞ്ഞതായിത്തീര്‍ന്നു.
സുഹൃത്തുക്കളേ, അങ്ങനെ ജലവുമായി ബന്ധപ്പെട്ട നമ്മുടെ സാമൂഹികമായ ഉത്തരവാദിത്തം നാം മനസ്സിലാക്കേണ്ടതുണ്ട്. ഭാരതത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും മെയ്-ജൂണ്‍ മാസങ്ങളില്‍ മഴക്കാലം ആരംഭിക്കുന്നു. നമ്മുടെ ചുറ്റുവട്ടത്തുള്ള ജലസ്രോതസ്സുകള്‍ വൃത്തിയാക്കുന്നതിനു വേണ്ടിയും മഴവെള്ളം സംഭരിക്കുന്നതിനു വേണ്ടിയും നൂറു ദിവസത്തെ ഒരു യജ്ഞം ആരംഭിച്ചുകൂടേ? ഈ ചിന്തയോടും കൂടി ജലശക്തി മന്ത്രാലയം കുറച്ചു ദിവസങ്ങള്‍ക്കകം ജലശക്തിയജ്ഞം 'ക്യാച്ച് ദ റെയിന്‍' ആരംഭിക്കാന്‍ തുടങ്ങുകയാണ്. ഈ യജ്ഞത്തിന്റെ മൂലമന്ത്രമാണ് - 'ക്യാച്ച് ദ റെയിന്‍, വേര്‍ ഇറ്റ് ഫാള്‍സ്, വെന്‍ ഇറ്റ് ഫാള്‍സ്'. നമുക്ക് ഇപ്പോള്‍ തന്നെ ഒരുമിച്ചു പ്രവര്‍ത്തിക്കാം. നേരത്തെയുള്ള മഴവെള്ള സംഭരണ സംവിധാനത്തെ ശക്തിപ്പെടുത്താം. ഗ്രാമങ്ങളെയും കുളങ്ങളെയും മറ്റു ജലസ്രോതസ്സുകളെയും വൃത്തിയാക്കാം. ജലസ്രോതസ്സുവരെ എത്തുന്ന വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനെയെല്ലാം ഇല്ലാതാക്കാം. എന്നാല്‍ കൂടുതല്‍ കൂടുതല്‍ മഴവെള്ളം സംഭരിക്കാന്‍ നമുക്കു കഴിയും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, എപ്പോഴൊക്കെ കുംഭമാസത്തെ പറ്റിയും അതിന്റെ ആദ്ധ്യാത്മികമായ സാമൂഹിക മഹത്വത്തെ പറ്റിയും ചര്‍ച്ച ചെയ്യുന്നുവോ അപ്പോഴൊക്കെ ഒരു പേര് പരാമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല. ആ പേരാണ് സന്ത് രവിദാസ്. കുംഭപൂര്‍ണ്ണിമയുടെ ദിവസം തന്നെയാണ് സന്ത് രവിദാസിന്റെ ജയന്തിയും. ഇന്നും സന്ത് രവിദാസിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ ജ്ഞാനം നമുക്ക് വഴികാട്ടിയായി വര്‍ത്തിക്കുന്നു. അദ്ദേഹം പറഞ്ഞിട്ടുണ്ട്,
''ഏകൈ മാതീ കേ സബ് ഭാംഡേ,
സബ് കാ ഏകൈൗ സിര്‍ ജന്‍ഹാര്‍
രവിദാസ് വ്യാപൈ ഏകൈ ഘട് ബീതര്‍
സബ് കൗ ഏകൈ ഘടൈ കുംമ്ഹാര്‍'' - അതായത്, നമ്മളെല്ലാവരും ഒരു മണ്ണില്‍ നിന്നുണ്ടാക്കിയ പാത്രങ്ങളാണ്. നമ്മെയെല്ലാം ഒരാള്‍ തന്നെയാണ് സൃഷ്ടിച്ചത്. സമൂഹത്തില്‍ വ്യാപിച്ചിരിക്കുന്ന പ്രശ്‌നങ്ങളെ സന്ത് രവിദാസ് തുറന്നുപറഞ്ഞിരുന്നു. അദ്ദേഹം ഈ പ്രശ്‌നങ്ങളെയെല്ലാം സമൂഹത്തിന്റെ മുന്‍പില്‍ വെച്ചു. അതിനെ ഇല്ലാതാക്കാനുള്ള വഴി കാണിച്ചു കൊടുത്തു. അതുകൊണ്ടുതന്നെയാണ് മീരബായി പറഞ്ഞത്,
''ഗുരു മിലിയാ രൈദാസ് ദിന്‍ഹീം ജ്ഞാന്‍ കീ ഗുട്ടകി'' - അതായത്, ഗുരുരൂപത്തില്‍ വന്ന് രൈദാസ് എനിക്ക് ജ്ഞാനത്തിന്റെ സാരം പകര്‍ന്നുതന്നു.
സന്ത് രവിദാസിന്റെ ജന്മസ്ഥലം വാരാണസിയുമായി ബന്ധപ്പെട്ടിരിക്കുന്ന എന്നത് എന്റെ മഹാഭാഗ്യമാണ്. സന്ത് രവിദാസിന്റെ ജീവിതത്തിന്റെ ആദ്ധ്യാത്മികമായ ഔന്നത്യത്തെ, അദ്ദേഹത്തിന്റെ ഊര്‍ജ്ജത്തെ എനിക്ക് ആ തീര്‍ത്ഥ സ്ഥാനത്ത് അനുഭവിക്കാന്‍ കഴിഞ്ഞു.
സുഹൃത്തുക്കളേ, സന്ത് രവിദാസ് പറഞ്ഞിട്ടുണ്ട്,
''കരം ബംന്ധന്‍ മേം ബന്ധ് രഹിയേ
കര്‍മ് മാനുഷ് കാ ധര്‍മ്മ ഹെ
സത് ഭാവൈ രവിദാസ്'' - അതായത് നാം എപ്പോഴും സ്വന്തം കര്‍മ്മം ചെയ്തുകൊണ്ടിരിക്കണം. ഫലം തീര്‍ച്ചയായും ലഭിക്കും. അതായത്, കര്‍മ്മത്തില്‍ നിന്ന് സിദ്ധി ഉറപ്പായും ലഭിക്കുന്നതാണ്. നമ്മുടെ യുവാക്കള്‍ ഒരുകാര്യം സന്ത് രവിദാസില്‍ നിന്ന് പഠിക്കേണ്ടതായിട്ടുണ്ട്, യുവാക്കള്‍ എന്തെങ്കിലും കാര്യം ചെയ്യുന്നതിനു വേണ്ടി തങ്ങളെ പഴയ രീതികളില്‍ തളച്ചിടാന്‍ ശ്രമിക്കരുത്. നിങ്ങള്‍ സ്വന്തം ജീവിതം എങ്ങനെയാകണമെന്ന് സ്വയം നിര്‍ണ്ണയിക്കുക. നിങ്ങളുടെ മാര്‍ഗ്ഗം നിങ്ങള്‍ സ്വയം നിര്‍ണ്ണയിക്കുക. സ്വന്തം ലക്ഷ്യവും സ്വയം നിര്‍ണ്ണയിക്കുക. നിങ്ങളുടെ വിവേകവും ആത്മവിശ്വാസവും ദൃഢമാണെങ്കില്‍ നിങ്ങള്‍ക്ക് ഈ ലോകത്തില്‍ ഒന്നിനേയും ഭയപ്പെടേണ്ടി വരില്ല. ഞാനിങ്ങനെ പറയുന്നതിന് ഒരു കാരണമുണ്ട്. എന്തെന്നാല്‍ പലപ്പോഴും നമ്മുടെ ചെറുപ്പക്കാര്‍ക്ക് നിലവിലുള്ള ചിന്താഗതികളുടെ സമ്മര്‍ദ്ദം കാരണം തങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല. അതുകൊണ്ട് പുതിയതായി ചിന്തിക്കാനും പുതിയതായി പ്രവര്‍ത്തിക്കാനും നിങ്ങള്‍ മടിക്കരുത്. ഇതുപോലെ സന്ത് രവിദാസ് മഹത്തായ ഒരു സന്ദേശം നല്‍കിയിട്ടുണ്ട്. സ്വന്തം കാലില്‍ നില്‍ക്കുക എന്നുള്ളതാണ് ആ സന്ദേശം. നമ്മുടെ സ്വപ്നങ്ങള്‍ക്കായി മാറ്റാരെയെങ്കിലും ആശ്രയിക്കുന്നത് ശരിയല്ല. ഒരാള്‍ എങ്ങനെയോ, അങ്ങനെ തന്നെയായിരിക്കട്ടെ. സന്ത് രവിദാസ് ഒരിക്കലും ആ ചിന്താഗതിക്കാരനായിരുന്നില്ല. ഇന്ന് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ ചിന്താഗതിയും അതല്ല. ഇന്നു നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ ക്രിയാത്മക സമീപനം കാണുമ്പോള്‍ എനിക്ക് തോന്നാറുണ്ട്, നമ്മുടെ ചെറുപ്പക്കാരില്‍ സന്ത് രവിദാസ് തീര്‍ച്ചയായും അഭിമാനം കൊള്ളും എന്ന്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് ദേശീയ ശാസ്ത്ര ദിനമാണ്. ഇന്നത്തെ ദിവസം ഭാരതത്തിലെ ഏറ്റവും മഹാനായ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ സി വി രാമന്റെ കണ്ടുപിടുത്തമായ രാമന്‍ ഇഫക്ടിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. രാമന്‍ ഇഫക്ടിന്റെ കണ്ടുപിടുത്തം ശാസ്ത്രത്തിന്റെ ഗതിയാകെ മാറ്റിയെന്നാണ് കേരളത്തിലെ യോഗേശ്വരന്‍ നമോ ആപ്പില്‍ കുറിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു നല്ല സന്ദേശം നാസിക്കിലെ ശ്രീ സ്‌നേഹിലും എനിക്ക് അയച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ അസംഖ്യം ശാസ്ത്രജ്ഞന്മാരുടെ സംഭാവന ഇല്ലായിരുന്നെങ്കില്‍ ഇത്രയും ശാസ്ത്ര പുരോഗതി സാദ്ധ്യമാവില്ല എന്നാണ് ശ്രീ സ്‌നേഹില്‍ എഴുതിയിട്ടുള്ളത്. നാം ലോകമെമ്പാടുമുള്ള മറ്റു ശാസ്ത്രജ്ഞരെ അറിയുന്നതു പോലെ നമ്മുടെ ഭാരതത്തിലെ ശാസ്ത്രജ്ഞന്മാരെ കുറിച്ചും അറിയേണ്ടതാണ്. ഞാനും മന്‍ കീ ബാത്തിന്റെ ശ്രോതാക്കളുടെ വിചാരത്തോട് യോജിക്കുന്നു. നമ്മുടെ ചെറുപ്പക്കാര്‍ ഭാരതത്തിന്റെ ശാസ്ത്ര-ചരിത്രത്തെയും ശാസ്ത്രജ്ഞന്മാരെയും അറിയുകയും മനസ്സിലാക്കുകയും ധാരാളം പഠിക്കുകയും ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
സുഹൃത്തുക്കളേ, സയന്‍സിനെ പറ്റി പറയുമ്പോള്‍ പലപ്പോഴും ആളുകള്‍ ഫിസിക്‌സ്, കെമിസ്ട്രി അല്ലെങ്കില്‍ ലാബ് ഇവയില്‍ ഒതുങ്ങിയാണ് ചിന്താക്കാറ്. പക്ഷേ, സയന്‍സിന്റെ വിസ്തൃതി ഇതിലേറെയാണ്. 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാനി'ല്‍ സയന്‍സിന്റെ സംഭാവന വളരെ വലുതാണ്. സയന്‍സിനെ നമുക്ക് ലാബ് ടു ലാന്‍ഡ് എന്ന മന്ത്രത്തോടൊപ്പം മുന്നോട്ടു നയിക്കണം. ഉദാഹരണമായി, ഹൈദരാബാദിലെ ശ്രീ ചിന്തലാ വെങ്കിട്ട റെഡ്ഡിയുടെ കാര്യമെടുക്കാം. റെഡ്ഡിയുടെ ഒരു ഡോക്ടര്‍ സുഹൃത്ത് വിറ്റാമിന്‍-ഡി യുടെ കുറവു മൂലം ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചും അതിന്റെ അപകട സാധ്യതകളെ കുറിച്ചും അദ്ദേഹത്തോടു പറഞ്ഞു. റെഡ്ഡി ഒരു കര്‍ഷകനാണ്. ഈ പ്രശ്‌നത്തിന് എന്താണ് പരിഹാരമാര്‍ഗ്ഗമെന്ന് അദ്ദേഹം ചിന്തിച്ചു. അതിനുശേഷം അദ്ദേഹം വളരെ പ്രയത്‌നിച്ച് വിറ്റാമിന്‍-ഡി യുടെ പ്രത്യേക ചേരുവയുള്ള ഗോതമ്പിന്റെയും നെല്ലിന്റെയും ഇനങ്ങളെ വികസിപ്പിച്ചെടുത്തു. ഈ മാസത്തില്‍ അദ്ദേഹത്തിന് ജനീവയിലുള്ള വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ പേറ്റന്റും ലഭിച്ചു. വെങ്കട്ട റെഡ്ഡിയെ കഴിഞ്ഞവര്‍ഷം പത്മശ്രീ നല്‍കി ആദരിക്കാന്‍ കഴിഞ്ഞു എന്നുള്ളത് നമ്മുടെ സര്‍ക്കാരിന്റെ ഭാഗ്യം തന്നെയാണ്.
അതുപോലെ തന്നെ ലഡാക്കിലെ ശ്രീ ഉര്‍ഗേന്‍ ഫുത് സൗഖും ഇന്നവേറ്റീവ് ആയ രീതിയിലുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ശ്രീ ഉര്‍ഗേന്‍ ഇത്രയും ഉയര്‍ന്ന സ്ഥലത്ത് ജൈവ കൃഷിചെയ്ത് ഇരുപതോളം വിളകള്‍ ഉല്പാദിപ്പിക്കുന്നു. അതും സൈക്ലിക് രീതിയില്‍. അതായത്, ഒരു വിളയുടെ വേസ്റ്റിനെ മറ്റൊരു വിളയുടെ വളമായി പ്രയോജനപ്പെടുത്തുന്നു. ഇതൊരു അത്ഭുതകരമായ കാര്യം തന്നെയല്ലേ!
അതുപോലെ, ഗുജറാത്തിലെ പാട്ടന്‍ ജില്ലയിലെ ശ്രീ കാമരാജ് ഭായ് ചൗധരി വീട്ടില്‍ തന്നെ മുരിങ്ങയുടെ നല്ലയിനം വിത്തുകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. മുരിങ്ങയെ ചിലര്‍ 'സഹജന്‍' എന്നും 'സര്‍ഗവാ' എന്നും പറയുന്നു. ഇതിനെ മുരിങ്ങയെന്നും ഡ്രം സ്റ്റിക് എന്നും വിളിക്കുന്നു. നല്ല വിത്തുകളില്‍ നിന്നുണ്ടാകുന്ന മുരിങ്ങയുടെ ക്വാളിറ്റി അതായത് ഗുണം കൂടുതലാണ്. തന്റെ വിളയെ തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും കയറ്റി അയച്ച് അദ്ദേഹം സ്വയം വരുമാനവും വര്‍ദ്ധിപ്പിക്കുന്നു.
സുഹൃത്തുക്കളേ, ഈയിടെയായി ചിയാ സീഡ്‌സിന്റെ പേര് നിങ്ങളെല്ലാം കേള്‍ക്കുന്നുണ്ടാകും. ആരോഗ്യരക്ഷയുമായി ബന്ധമുള്ള ആള്‍ക്കാര്‍ ഇതിനെ ഏറെ മാനിക്കുന്നു. ലോകമാകെ ഇതിന് നല്ല ഡിമാന്റാണ്. ഭാരതത്തില്‍ ഇത് കൂടുതലും വെളിയില്‍ നിന്നു വാങ്ങുകയാണ്. എന്നാല്‍ ഇന്ന് ചിയാ സീഡ്‌സിന്റെ കാര്യത്തിലും നാം ആത്മനിര്‍ഭരത നേടാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. യു പിയിലെ ബാരാബങ്കിയിലെ ശ്രീ ഹരിശ്ചന്ദ്ര ചിയാ സീഡ്‌സിന്റെ കൃഷി തുടങ്ങിക്കഴിഞ്ഞു. ഈ കൃഷി അദ്ദേഹത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കും. ഒപ്പം അത് ആത്മനിര്‍ഭര്‍ ഭാരത് അഭിയാനെ സഹായിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ, അഗ്രിക്കള്‍ച്ചര്‍ വേസ്റ്റില്‍ നിന്ന് സമ്പത്തുണ്ടാക്കുന്നതിനുള്ള പല പരീക്ഷണങ്ങളും ഇന്ന് രാജ്യത്താകമാനം വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു. മധുരയിലെ ശ്രീ മുരുകേശന്‍ വാഴയുടെ വേസ്റ്റില്‍ നിന്ന് കയര്‍ ഉല്പാദിപ്പിക്കാനുള്ള ഒരു മെഷീന്‍ നിര്‍മ്മിച്ചു. മുരുകേശന്റെ ഈ കണ്ടുപിടുത്തത്തില്‍ നിന്ന് പരിസ്ഥിതി മാലിന്യത്തിന് പരിഹാരമുണ്ടാകും. കൃഷിക്കാര്‍ക്ക് അധികവരുമാനവും സാധ്യമാകും.
സുഹൃത്തുക്കളേ, മന്‍ കീ ബാത്തിന്റെ ശ്രോതാക്കളോട് ഇത്രയുമധികം ആളുകളെ കുറിച്ച് പറയുന്നതിന് ഒരു ഉദ്ദേശ്യമുണ്ട്. നാമെല്ലാവരും ഇവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണം എന്നതാണത്. രാജ്യത്തെ ഓരോ പൗരനും സ്വന്തം ജീവിതത്തില്‍ ഓരോ മേഖലയിലും ശാസ്ത്രത്തെ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ പുരോഗതിയുടെ മാര്‍ഗ്ഗങ്ങള്‍ തുറക്കപ്പെടും. രാജ്യം ആത്മനിര്‍ഭരമാകുകയും ചെയ്യും. നമ്മുടെ നാട്ടിലെ ഓരോ പൗരനും ഇതു ചെയ്യാനാകും എന്നാണ് എന്റെ വിശ്വാസം.
എന്റെ പ്രിയ സുഹൃത്തുക്കളേ, കൊല്‍ക്കത്തയിലെ ശ്രീ രഞ്ജന്‍ തന്റെ കത്തില്‍ വളരെ രസകരവും അടിസ്ഥാനപരവുമായ ഒരു ചോദ്യം ചോദിക്കുകയും ഒപ്പം തന്നെ അതിന് വളരെ നല്ല ഉത്തരം തരികയും ചെയ്തിട്ടുണ്ട്. അദ്ദേഹം എഴുതുന്നു, നാം ആത്മനിര്‍ഭരരാകുന്നതിനെ പറ്റി പറയുന്നു, എന്താണ് അതിന്റെ അര്‍ത്ഥം. ഈ ചോദ്യത്തിന് ഉത്തരവും സ്വയം നല്‍കുന്നു. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ കേവലം ഒരു ഗവണ്‍മെന്റ് പോളിസി അല്ല. അതൊരു ദേശീയ വികാരമാണ്. ആത്മനിര്‍ഭര്‍ ആകുക എന്നതിനര്‍ത്ഥം തന്റെ ഭാഗ്യം സ്വയം നിര്‍ണ്ണയിക്കുക എന്നതാണ്. അതായത്, സ്വയം ഭാഗ്യനിയന്താവായിരിക്കുക.
രഞ്ജന്‍ ബാബു പറഞ്ഞത് നൂറുശതമാനം ശരിയാണ്. അദ്ദേഹം പറഞ്ഞതിനോടു കൂട്ടിച്ചേര്‍ത്ത് ഞാന്‍ ഇപ്രകാരം പറയാന്‍ ആഗ്രഹിക്കുന്നു. ആത്മനിര്‍ഭാരതിന്റെ ആദ്യത്തെ നിബന്ധന - നമ്മുടെ രാജ്യത്തെ വസ്തുക്കളില്‍ നാം അഭിമാനം കൊള്ളുക, നമ്മുടെ രാജ്യത്തെ ആളുകള്‍ ഉണ്ടാക്കുന്ന വസ്തുക്കളില്‍ അഭിമാനം കൊള്ളുക എന്നതാണ്. നമ്മുടെ രാജ്യത്തിലെ ഓരോ വ്യക്തിയും അഭിമാനം കൊള്ളുമ്പോള്‍, ഓരോ വ്യക്തിയും ഒത്തുചേരുമ്പോള്‍, ആത്മനിര്‍ഭര്‍ ഭാരത് കേവലം ഒരു സാമ്പത്തിക അഭിയാന്‍ ആയി മാറാതെ ഒരു ദേശീയ വികാരം ആയിത്തിരുന്നു. നമ്മുടെ രാജ്യത്ത് നിര്‍മ്മിച്ച യുദ്ധവിമാനം 'തേജസ്' ആകാശത്തില്‍ നടത്തുന്ന അത്ഭുത കലാപ്രകടനങ്ങള്‍ കാണുമ്പോള്‍, ഭാരതത്തില്‍ നിര്‍മ്മിച്ച ടാങ്കുകളും മിസൈലുകളും നമ്മുടെ അഭിമാനത്തെ വര്‍ദ്ധിപ്പിക്കുമ്പോള്‍, സമ്പന്ന രാഷ്ട്രങ്ങളിലെ മെട്രോ ട്രെയിനുകളില്‍ ഇന്ത്യന്‍ നിര്‍മ്മിത കോച്ചുകള്‍ കാണുമ്പോള്‍, ഡസന്‍ കണക്കിനു രാഷ്ട്രങ്ങളില്‍ ഇന്ത്യന്‍ നിര്‍മ്മിത കൊറോണ വാക്‌സിന്‍ എത്തുന്നതു കാണുമ്പോള്‍, നമ്മുടെ ശിരസ്സ് ഉയരുന്നു. നമുക്ക് അഭിമാനം തോന്നുന്നു. വലിയ വലിയ വസ്തുക്കളുടെ നിര്‍മ്മാണങ്ങളേ ഭാരതത്തെ ആത്മനിര്‍ഭരമാക്കുകയുള്ളൂ എന്നില്ല. ഭാരതത്തില്‍ നിര്‍മ്മിച്ച വസ്ത്രം, ഭാരതത്തിലെ പ്രതിഭാശാലികളായ ശില്പികള്‍ നിര്‍മ്മിക്കുന്ന കരകൗശല വസ്തുക്കള്‍, ഭാരതത്തിലെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഭാരതത്തിലെ മൊബൈല്‍ അങ്ങനെ ഓരോ മേഖലയിലും നമുക്ക് ഈ അഭിമാനം ഉയര്‍ത്താന്‍ കഴിയണം. ഈ ചിന്തയോടെ മുന്നോട്ട് പോകുമ്പോള്‍ മാത്രമേ, യഥാര്‍ത്ഥത്തില്‍ നാം ആത്മനിര്‍ഭര്‍ ആകുകയുള്ളൂ.
സുഹൃത്തുക്കളേ, ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഈ മന്ത്രം രാജ്യത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ചെന്നെത്തുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ബീഹാറിലെ ബേതിയായില്‍ ഇതാണ് സംഭവിച്ചത്. ഞാനിത് വായിച്ചറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ബേതിയായില്‍ നിന്നുള്ള ശ്രീ പ്രമോദ് ഡല്‍ഹിയിലെ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ ഒരു ടെക്‌നീഷ്യന്റെ ജോലിയാണ് ചെയ്തിരുന്നത്. അദ്ദേഹം ഈ ഫാക്ടറിയില്‍ ജോലി ചെയ്യുന്നതിനൊപ്പം ഇതിന്റെ എല്ലാ പ്രക്രിയകളെയും സൂക്ഷ്മമായി മനസ്സിലാക്കി. എന്നാല്‍ കൊറോണ വ്യാപനം കാരണം അദ്ദേഹത്തിന് സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. നിങ്ങള്‍ക്കറിയാമോ, മടങ്ങി എത്തിയതിനുശേഷം ശ്രീ പ്രമോദ് എന്തു ചെയ്തു എന്ന്? അദ്ദേഹം എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മിക്കുന്ന ഒരു ചെറിയ യൂണിറ്റ് ആരംഭിച്ചു. അദ്ദേഹം സ്വന്തം നാട്ടിലെ കുറച്ചു ചെറുപ്പക്കാരെ കൂടെ കൂട്ടി കുറച്ചു മാസങ്ങള്‍ക്കകം തന്നെ ഒരു ഫാക്ടറി തൊഴിലാളിയില്‍ നിന്ന് ഫാക്ടറി ഉടമയിലേക്കുള്ള യാത്ര പൂര്‍ണ്ണമാക്കി. അതും സ്വന്തം വീട്ടില്‍ വസിച്ചുകൊണ്ടു തന്നെ.
മറ്റൊരു ഉദാഹരണമാണ് യു പിയിലെ ഗഢമുക്തേശ്വറിലേത്. ഗഢമുക്തേശ്വറില്‍ നിന്നും ശ്രീമാന്‍ സന്തോഷ് എഴുതുന്നു, എങ്ങനെയാണ് അദ്ദേഹം കൊറോണക്കാല ആപത്തിനെ അവസരമാക്കി മാറ്റിയതെന്ന്. ശ്രീ സന്തോഷിന്റെ പൂര്‍വ്വികര്‍ പായ നെയ്യുന്നതില്‍ മിടുക്കരായിരുന്നു. കൊറോണക്കാലത്ത് മറ്റു ജോലികളെല്ലാം നിന്നുപോയപ്പോള്‍ ഇവര്‍ വളരെ ഊര്‍ജ്ജത്തോടും ഉത്സാഹത്തോടും പായ് ഉണ്ടാക്കുന്ന ജോലി ആരംഭിച്ചു. വളരെ പെട്ടെന്നു തന്നെ അവര്‍ക്ക് ഉത്തര്‍പ്രദേശില്‍ നിന്നു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പായയ്ക്ക് ഓര്‍ഡര്‍ കിട്ടാന്‍ തുടങ്ങി. ഇതോടൊപ്പം ഈ പ്രദേശത്തെ നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള സുന്ദരമായ കലകള്‍ക്കും ഒരു പുത്തനുണര്‍വ്വ് കിട്ടുകയുണ്ടായി എന്ന് ശ്രീ സന്തോഷ് പറഞ്ഞു.
സുഹൃത്തുക്കളേ, ആത്മനിര്‍ഭര്‍ ഭാരത് അഭിയാനു വേണ്ടി സംഭാവന നല്‍കിയിരിക്കുന്ന ഇങ്ങനെയുള്ള പല ഉദാഹരണങ്ങളും രാഷ്ട്രം മുഴുവന്‍ നമുക്ക് കാണാന്‍ കഴിയുന്നതാണ്. സാധാരണ ജനങ്ങളുടെ ഹൃദയത്തില്‍ പ്രവഹിക്കുന്ന ഒരൊറ്റ ഭാവനയായി ഇത് മാറിയിരിക്കുന്നു.
എന്റെ പ്രിയമുള്ള ദേശവാസികളേ, ഗുഡ്ഗാവ് നിവാസിയായ ശ്രീ മയൂറിന്റെ ഒരു രസകരമായ പോസ്റ്റ് ഞാന്‍ നമോ ആപ്പില്‍ കണ്ടു. അദ്ദേഹം പക്ഷിനിരീക്ഷണത്തില്‍ അഭിനിവേശമുള്ളയാളും ഒരു പ്രകൃതി സ്‌നേഹിയുമാണ്. ശ്രീ മയൂര്‍ എഴുതിയിരിക്കുന്നു, ഞാന്‍ ഹരിയാനയിലാണ് വസിക്കുന്നത്. പക്ഷേ, ഞാന്‍ അസമിലെ ആളുകളെ, പ്രത്യേകിച്ചും കാസിരംഗയിലെ ആളുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ കരുതി ശ്രീ മയൂര്‍ അവിടത്തെ അഭിമാനമായ കാണ്ടാമൃഗങ്ങളെ കുറിച്ചായിരിക്കും പറയുന്നതെന്ന്. പക്ഷേ, മയൂര്‍ കാസിരംഗയിലെ വാട്ടര്‍ഫൗള്‍(waterfowls)സിന്റെ സംഖ്യയിലുണ്ടായ വര്‍ദ്ധനവു മൂലം അസമിലെ ആളുകളെ പ്രകീര്‍ത്തിക്കാനാണ് ആവശ്യപ്പെട്ടത്. വാട്ടര്‍ഫൗള്‍സിന് സാധാരണ വാക്കുകളില്‍ എന്തുപറയാം എന്ന് ഞാന്‍ അന്വേഷിക്കുകയായിരുന്നു. അപ്പോള്‍ കിട്ടിയ വാക്കാണ് ''ജലപക്ഷി''. അതിന്റെ താമസം വൃക്ഷത്തിലല്ല, ജലത്തിലാണെന്നു മാത്രം. താറാവ് തുടങ്ങിയ പക്ഷികളെ പോലെ കാസിരംഗ നാഷണല്‍ പാര്‍ക്ക് ആന്‍ഡ് ടൈഗര്‍ റിസര്‍വ് അതോറിറ്റി കുറച്ചു കാലങ്ങളായി വാട്ടര്‍ഫൗള്‍സിന്റെ വാര്‍ഷിക സെന്‍സസ് എടുത്തുകൊണ്ടിരിക്കുന്നുണ്ട്. ഈ സെന്‍സസില്‍ നിന്ന് ജലപക്ഷികളുടെ എണ്ണം മനസ്സിലാക്കാം, ഒപ്പം തന്നെ അവരുടെ ഇഷ്ടപ്പെട്ട ആവാസവ്യവസ്ഥയെ കുറിച്ച് അറിവും ലഭിക്കുന്നു. രണ്ടുമൂന്ന് ആഴ്ചകള്‍ക്കു മുന്‍പ് ഈ സര്‍വ്വേ അവര്‍ വീണ്ടും നടത്തുകയുണ്ടായി. നിങ്ങള്‍ക്ക് ഇതറിയുമ്പോള്‍ തീര്‍ച്ചയായും സന്തോഷം ഉണ്ടാകും. എന്തെന്നാല്‍ ഇത്തവണ ജലപക്ഷികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാളും ഏകദേശം 175 ശതമാനം കൂടുതലായിരുന്നു. ഈ സെന്‍സസ് പ്രകാരം കാസിരംഗ ദേശീയ ഉദ്യാനത്തില്‍ പക്ഷികളുടെ മൊത്തം 112 ഇനങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞു. ഇവയില്‍ 58 ഇനങ്ങള്‍ യൂറോപ്പ്, മദ്ധ്യ ഏഷ്യ, കിഴക്കന്‍ ഏഷ്യ ഉള്‍പ്പെടെ ലോകത്തിലെ വിഭിന്ന പ്രദേശങ്ങളില്‍ നിന്ന് വന്ന ശരത്കാല ദേശാടനപക്ഷികളാണ്. ഇതിന്റെ പ്രധാന കാരണം ഇവിടെയുള്ള ഉയര്‍ന്ന ജലസംരക്ഷണവും കുറഞ്ഞ മാനുഷിക ഇടപെടലുമാണ്. മാത്രമല്ല, ചില കാര്യങ്ങളില്‍ ക്രിയാത്മകമായ മാനുഷിക ഇടപെടലുകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
അസമിലെ ശ്രീ ജാദവ് പായന്‍ഗിനെ തന്നെ നോക്കൂ. നിങ്ങളില്‍ പലരും അദ്ദേഹത്തെ തീര്‍ച്ചയായും അറിയുമായിരിക്കും. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ക്ക് അദ്ദേഹത്തിന് പത്മ പുരസ്‌കാരം ലഭിക്കുകയുണ്ടായി. അസമിലെ മജൂലി ദ്വീപില്‍ ഏകദേശം 300 ഹെക്ടര്‍ പ്ലാന്റേഷനില്‍ സാരമായ സംഭാവന നല്‍കിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. വനസംരക്ഷണത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല, പ്ലാന്റേഷന്റെയും ജൈവവൈവിദ്ധ്യത്തിന്റെയും സംരക്ഷണത്തിനായി ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടുമിരിക്കുന്നു.
സുഹൃത്തുക്കളേ, അസമിലെ നമ്മുടെ ക്ഷേത്രവും പ്രകൃതിസംരക്ഷണത്തില്‍ ഒരു മഹത്തായ പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ ക്ഷേത്രങ്ങളെ ശ്രദ്ധിക്കുകയാണെങ്കില്‍ എല്ലാ ക്ഷേത്രത്തിന്റെയും സമീപം ഒരു കുളം നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഹജോവിലുള്ള ഹയഗ്രീവ് മധേബ ക്ഷേത്രം, സോനിത്പുരിലുള്ള നാഗശങ്കര്‍ മന്ദിര്‍, ഗുവാഹട്ടിയിലുള്ള ഉഗ്രതാരാ ടെമ്പിള്‍ തുടങ്ങിയവയുടെ സമീപം ഇതുപോലെ വളരെയധികം കുളങ്ങളുണ്ട്. അസമിലെ അന്യംനിന്നു പോകേണ്ടിയിരുന്ന ആമകളുടെ വംശത്തെ സംരക്ഷിക്കുന്നതിനായി ഇവ ഉപയോഗിക്കപ്പെടുന്നു. ക്ഷേത്രങ്ങളുടെ ഈ കുളങ്ങള്‍ ആമകളുടെ സംരക്ഷണത്തിനും പ്രജനനത്തിനും അതിനെക്കുറിച്ചു പഠിക്കുന്നതിനുമായി ഉപയുക്തമായ ഒരു സ്ഥലമായി മാറ്റാവുന്നതുമാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കുറച്ചാളുകള്‍ വിചാരിക്കുന്നത് കണ്ടുപിടുത്തം നടത്തുന്നതിനായി ശാസ്ത്രജ്ഞര്‍ ആകേണ്ടത് ആവശ്യമാണ് എന്നാണ്. മറ്റു ചിലര്‍ ചിന്തിക്കുന്നത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിനായി അദ്ധ്യാപകന്‍ ആവേണ്ടതുണ്ട് എന്നാണ്. ഈ ചിന്തകളെ വെല്ലുവിളിക്കുന്ന, വ്യക്തി പ്രശംസ അര്‍ഹിക്കുന്നവനാണ്. അതുപോലെ ആരെയെങ്കിലും പട്ടാളക്കാരനാകാന്‍ പഠിപ്പിക്കണമെങ്കില്‍ ആ ആള്‍ സൈനികനാകേണ്ട ആവശ്യമുണ്ടോ? നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും അത് ആവശ്യമാണെന്ന്. എന്നാല്‍ ഇവിടെ വ്യത്യസ്തമായ ഒന്നുണ്ട്. My gov യില്‍ ശ്രീ കമല്‍കാന്ത് ഒരു മാധ്യമറിപ്പോര്‍ട്ട് ഷെയര്‍ ചെയ്തുകൊണ്ട് വ്യത്യസ്തമായ ഒരു കാര്യം പറഞ്ഞിരിക്കുന്നു. ഒഡീഷയില്‍ അരാഖുഡായില്‍ ഒരു മഹദ് വ്യക്തിയുണ്ട്- നായക് സര്‍. വാസ്തവത്തില്‍ അദ്ദേഹത്തിന്റെ പേര് സിലു നായക് എന്നാണ്. പക്ഷേ, എല്ലാവരും അദ്ദേഹത്തെ നായക് സര്‍ എന്നാണ് വിളിക്കുന്നത്. വാസ്തവത്തില്‍ അദ്ദേഹം 'മാന്‍ ഓണ്‍ എ മിഷന്‍' ആണ്. സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരെ അദ്ദേഹം സൗജന്യമായി പരിശീലിപ്പിക്കുന്നു. നായക് സാറിന്റെ ഓര്‍ഗനൈസേഷന്റെ പേര് മഹാഗുരു ബറ്റാലിയന്‍ എന്നാണ്. ഇതില്‍ ശാരീരികക്ഷമത മുതല്‍ അഭിമുഖം വരെയും റൈറ്റിംഗ് മുതല്‍ ട്രെയിനിംഗ് വരെയും ഇതുപോലെയുള്ള ബന്ധപ്പെട്ട മറ്റു കാര്യങ്ങളും പറഞ്ഞുകൊടുക്കുന്നു. അദ്ദേഹം പരിശീലിപ്പിച്ച ആളുകള്‍ കരസേന, നാവികസേന, വായുസേന, സി ആര്‍ പി എഫ്, ബി എസ് എഫ് തുടങ്ങിയ സേനാ വിഭാഗങ്ങളില്‍ അവരവരുടെ സ്ഥാനം ഉറപ്പാക്കി എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നാം. നിങ്ങള്‍ക്ക് ഇതു കേള്‍ക്കുമ്പോഴും അത്ഭുതം തോന്നാം, എന്തെന്നാല്‍ ശ്രീ സിലു നായക് സ്വയം ഒഡീഷാ പോലീസില്‍ ചേരാനായി ശ്രമിച്ചിരുന്നു. പക്ഷേ, ഫലിച്ചില്ല. പകരം അദ്ദേഹം അനേകം ചെറുപ്പക്കാരെ പരിശീലിപ്പിച്ച് രാഷ്ട്രസേവനത്തിനു പ്രാപ്തരാക്കി. വരൂ, നമുക്കെല്ലാവര്‍ക്കും നായക് സാറിന് ശുഭാശംസകള്‍ നേരാം. അദ്ദേഹം കൂടുതല്‍ കൂടുതല്‍ നായകരെ ഈ രാജ്യത്തിനു വേണ്ടി തയ്യാറാക്കട്ടെ.
സുഹൃത്തുക്കളേ, ചിലപ്പോഴൊക്കെ വളരെ ചെറിയ, സാധാരണ ചോദ്യം പോലും മനസ്സിനെ പിടിച്ചുലയ്ക്കുന്നു. ആ ചോദ്യങ്ങള്‍ വളരെ നീളമുള്ളതായിരിക്കില്ല. വളരെ ലളിതമായിരിക്കും. പക്ഷേ, അവ നമ്മളെ ചിന്തിക്കാന്‍ ബാധ്യസ്ഥരാക്കുന്നു. കുറച്ചുദിവസം മുന്‍പ് ഹൈദരാബാദിലെ ശ്രീമതി അപര്‍ണ്ണാ റെഡ്ഡി എന്നോട് ചോദിച്ച ചോദ്യം അതുപോലുള്ളതായിരുന്നു. അവര്‍ ചോദിച്ചു, താങ്കള്‍ ഇത്രയും കാലം പ്രധാനമന്ത്രി ആയിരുന്നു, ഇത്രയും കാലം മുഖ്യമന്ത്രി ആയിരുന്നു. താങ്കള്‍ക്ക് എന്നെങ്കിലും തോന്നിയിട്ടുണ്ടോ എന്തോ കുറവ് ഉണ്ടായിട്ടുണ്ടെന്ന്? ശ്രീമതി അപര്‍ണ്ണയുടെ ചോദ്യം വളരെ സഹജമായിരുന്നു. അത്രതന്നെ കഠിനതരവും. ഞാന്‍ ഈ ചോദ്യത്തെപ്പറ്റി ചിന്തിച്ചു. ഞാന്‍ എന്നോടു തന്നെ പറഞ്ഞു, എനിക്ക് ഒരു കുറവുണ്ടായിട്ടുണ്ട്. എന്തെന്നാല്‍ ഞാന്‍ ലോകത്തിലെ ഏറ്റവും പ്രാചീന ഭാഷയായ തമിഴ് പഠിക്കാനുള്ള ശ്രമം നടത്തിയിട്ടില്ല. ഞാന്‍ തമിഴ് പഠിച്ചിട്ടില്ല. അത് ലോകത്തിനു മുഴുവന്‍ പ്രിയമായതും സുന്ദരവുമായ ഒരു ഭാഷയാണ്.

അനേകം ആളുകള്‍ എന്നോട് തമിഴ് സാഹിത്യത്തിന്റെ ഗുണത്തെ കുറിച്ചും അതില്‍ രചിച്ചിട്ടുള്ള കവിതകളുടെ ഗഹനതയെ കുറിച്ചും ധാരാളം പറഞ്ഞിട്ടുണ്ട്. ഭാരതം അനേകം ഭാഷകളുടെ ദേശമാണ്. ആ ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകങ്ങളാണ്. ഭാഷയുടെ കാര്യം പറയുമ്പോള്‍ ഞാന്‍ ഒരു ചെറിയ, രസകരമായ ശബ്ദശകലം നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു.
(സൗണ്ട് ക്ലിപ്പ്)
ഇപ്പോള്‍ നിങ്ങള്‍ കേട്ടത്, സ്റ്റാച്യൂ ഓഫ് യൂണിറ്റിയില്‍ ഒരു ഗൈഡ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയെ കുറിച്ച് സംസ്‌കൃതത്തില്‍ ഗൈഡ് ചെയ്യുന്നതാണ്. കേവഡിയയില്‍ പതിനഞ്ചിലധികം ഗൈഡുകള്‍ ഇട മുറിയാതെയുള്ള സംസ്‌കൃത ഭാഷയില്‍ ഗൈഡ് ചെയ്യുന്നു എന്ന കാര്യം അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം അനുഭവപ്പെടും.
(സൗണ്ട് ക്ലിപ്പ്)
ഇതു കേട്ടിട്ട് നിങ്ങള്‍ക്ക് ആശ്ചര്യം തോന്നിയിട്ടുണ്ടാകും. വാസ്തവത്തില്‍ ഇത് സംസ്‌കൃതത്തിലുള്ള ക്രിക്കറ്റ് കമന്ററിയാണ്. വാരാണസിയില്‍ സംസ്‌കൃത കലാലയങ്ങള്‍ തമ്മില്‍ ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉണ്ട്. ശാസ്ത്രാര്‍ത്ഥ കലാലയം, സ്വാമി വേദാന്തി വേദ വിദ്യാപീഠം, ശ്രീ ബ്രഹ്മവേദ വിദ്യാലയം, ഇന്റര്‍നാഷണല്‍ ചന്ദ്രമൗലി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയാണ് ആ കലാലയങ്ങള്‍. ഈ ടൂര്‍ണമെന്റിലെ മാച്ചുകളുടെ ദൃക്‌സാക്ഷി വിവരണം സംസ്‌കൃതത്തിലാണ് നടത്തുന്നത്. ആ ദൃക്‌സാക്ഷി വിവരണത്തിലെ വളരെ ചെറിയ ഒരു അംശമാണ് ഞാനിവിടെ നിങ്ങളെ കേള്‍പ്പിച്ചത്. മാത്രമല്ല, ഈ ടൂര്‍ണമെന്റില്‍ കളിക്കാരും കമന്‍ഡേറ്ററും പാരമ്പര്യ വേഷത്തിലാണ് എത്തുന്നത്. നിങ്ങള്‍ക്ക് എനര്‍ജിയും എക്‌സൈറ്റ്‌മെന്റും സസ്‌പെന്‍സും എല്ലാം ഒരുമിച്ച് അനുഭവിച്ചറിയണം എന്നുണ്ടെങ്കില്‍ നിങ്ങള്‍ കളികളുടെ ദൃക്‌സാക്ഷി വിവരണം കേള്‍ക്കണം. ടെലിവിഷന്‍ വരുന്നതിന് വളരെ മുന്‍പ് ക്രിക്കറ്റും ഹോക്കിയും പോലുള്ള കളികളുടെ രോമാഞ്ചം രാജ്യത്താകമാനമുള്ള ജനം അനുഭവിച്ചറിഞ്ഞിരുന്നത് കായിക ദൃക്‌സാക്ഷി വിവരണ മാധ്യമത്തിലൂടെ ആയിരുന്നു.
ടെന്നീസ്, ഫുട്‌ബോള്‍ മാച്ചുകളുടെ ദൃക്‌സാക്ഷി വിവരണം ഭംഗിയായി അവതരിപ്പിച്ചിരുന്നു. ഏതൊക്കെ കളികളുടെയാണോ ദൃക്‌സാക്ഷി വിവരണം സമൃദ്ധമായുണ്ടാകുന്നത് അവയുടെ പ്രചാരം വളരെ ദ്രുതഗതിയില്‍ നടക്കുന്നു. നമ്മുടെ നാട്ടില്‍ അനേകം ഭാരതീയമായ കളികളുണ്ട്. പക്ഷേ, അവയിലൊന്നും കമന്ററി കള്‍ച്ചര്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അവ ലുപ്തമായിക്കൊണ്ടിരിക്കുന്നു. എന്റെ മനസ്സില്‍ ഒരു ചിന്തയുണ്ട്. എന്തുകൊണ്ട് ഓരോ തരം സ്‌പോര്‍ട്‌സ്; പ്രത്യേകിച്ചും ഭാരതീയമായ കളികളുടെ നല്ല ദൃക്‌സാക്ഷി വിവരണം അനേകമനേകം ഭാഷകളില്‍ ഉണ്ടായിക്കൂടാ? ഇതിനെക്കുറിച്ച് നാം തീര്‍ച്ചയായും ചിന്തിക്കണം. സ്‌പോര്‍ട്‌സ് മന്ത്രാലയത്തിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും പ്രവര്‍ത്തകരോട് ഇതിനെ കുറിച്ച് ചിന്തിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ, വരാന്‍ പോകുന്ന കുറച്ചു മാസങ്ങള്‍ നിങ്ങളുടെയെല്ലാം ജീവിതത്തില്‍ പ്രത്യേകം മഹത്തായവയാണ്. ഒട്ടുമിക്ക യുവ സുഹൃത്തുക്കളുടെയും പരീക്ഷകളുടെ സമയമാണ്. നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകുമല്ലോ, നിങ്ങള്‍ വാരിയര്‍ (Warrior)ആകണം, (Worrier) വറീയര്‍ അല്ല. ചിരിച്ചുകൊണ്ട് പരീക്ഷ എഴുതാന്‍ പോകണം. പുഞ്ചിരിച്ചു കൊണ്ട് മടങ്ങുകയും വേണം. മറ്റാരോടുമല്ല, അവനവനോടായിരിക്കണം മത്സരം. നല്ലതുപോലെ ഉറങ്ങുകയും വേണം. ടൈം മാനേജ്‌മെന്റ് ഉണ്ടാകണം. കളികളും ഉപേക്ഷിക്കരുത്. കാരണം, കളിക്കുന്നവനേ പ്രസരിപ്പുണ്ടാകൂ. റിവിഷനും ഓര്‍മ്മിക്കാനുമായുള്ള സ്മാര്‍ട്ട് ഉപായങ്ങള്‍ സ്വീകരിക്കണം. അതായത്, ഈ പരീക്ഷകളില്‍ തങ്ങളുടെ മികച്ചതിനെ പുറത്തു കൊണ്ടുവരണം. ഇതൊക്കെ എങ്ങനെ സാധിക്കുമെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. നാമെല്ലാം ഒരുമിച്ചു ചേര്‍ന്നാണ് ഇത് ചെയ്യുക. മുന്‍ കൊല്ലങ്ങളിലെ പോലെ ഇക്കൊല്ലവും നാം പരീക്ഷയെ കുറിച്ച് ചര്‍ച്ച ചെയ്യും. മാര്‍ച്ചില്‍ നടക്കാന്‍ പോകുന്ന 'പരീക്ഷാ പേ ചര്‍ച്ച'യ്ക്കു മുന്‍പായി എന്റെ എല്ലാ പരീക്ഷാ പോരാളികളോടും രക്ഷിതാക്കളോടും അദ്ധ്യാപകരോടും എനിക്കൊരു അപേക്ഷയുണ്ട്. നിങ്ങള്‍ സ്വന്തം അനുഭവങ്ങളും മറ്റും തീര്‍ച്ചയായും ഷെയര്‍ ചെയ്യണം. My gov യില്‍ നിങ്ങള്‍ക്കത് ഷെയര്‍ ചെയ്യാം. നരേന്ദ്രമോദി ആപ്പിലും ഷെയര്‍ ചെയ്യാം. ഇപ്രാവശ്യത്തെ പരീക്ഷാ പേ ചര്‍ച്ചയില്‍ യുവാക്കളോടൊപ്പം രക്ഷിതാക്കളെയും അദ്ധ്യാപകരെയും ക്ഷണിക്കുന്നു. എങ്ങനെ പങ്കെടുക്കണം, എങ്ങനെ സമ്മാനം നേടണം, എന്നോടൊപ്പമുള്ള ഡിസ്‌കഷനുള്ള അവസരം എങ്ങനെ നേടാന്‍ കഴിയും ഇവയെ കുറിച്ചുള്ള വിവരണങ്ങളെല്ലാം നിങ്ങള്‍ക്ക് My gov യില്‍ ലഭിക്കും. ഇതിനകം ഒരുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും നാല്പ്പതിനായിരത്തോളം രക്ഷിതാക്കളും ഏകദേശം പതിനായിരത്തോളം അദ്ധ്യാപകരും ഇതില്‍ പങ്കെടുത്തു കഴിഞ്ഞു. നിങ്ങളും ഇന്നുതന്നെ പങ്കെടുക്കുക. ഈ കൊറോണക്കാലത്ത് കുറെ സമയമെടുത്ത് എക്‌സാം വാരിയര്‍ ബുക്കിലും ഞാന്‍ അനേകം പുത്തന്‍ മന്ത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ അതില്‍ രക്ഷിതാക്കള്‍ക്കു വേണ്ടിയും കുറെ മന്ത്രങ്ങള്‍ ചേര്‍ത്തു. ഈ മന്ത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ രസകരമായ പ്രവര്‍ത്തനങ്ങളും നരേന്ദ്രമോദി ആപ്പില്‍ കൊടുത്തിട്ടുണ്ട്. അവ നിങ്ങളുടെ ഉള്ളിലെ പരീക്ഷാ പോരാളിയെ പ്രചോദിപ്പിക്കാന്‍ സഹായിക്കും. നിങ്ങള്‍ അവയെ തീര്‍ച്ചയായും ശ്രമിച്ചു നോക്കണം. എല്ലാ യുവ സുഹൃത്തുക്കള്‍ക്കും വരാന്‍ പോകുന്ന പരീക്ഷകള്‍ക്കായി ശുഭാശംസകള്‍ നേരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മാര്‍ച്ച് മാസം നമ്മുടെ സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസമാണ്. അതുകൊണ്ടു തന്നെ നിങ്ങളില്‍ അധികം പേരും നല്ല തിരക്കിലായിരിക്കും രാജ്യത്തെ സാമ്പത്തിക സ്ഥിതിഗതികള്‍ ദ്രുതഗതിയിലായിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ നമ്മുടെ വ്യാപാരികളുടെയും കര്‍മ്മോത്സുകരായ സുഹൃത്തുക്കളുടെയും തിരക്കുകളും വളരെ വര്‍ദ്ധിച്ചിരിക്കുന്നു. ഇക്കാര്യങ്ങള്‍ക്കിടയില്‍ കൊറോണയോടുള്ള നമ്മുടെ ജാഗ്രത കുറയാന്‍ പാടില്ല. നിങ്ങളെല്ലാം ആരോഗ്യത്തോടെയും സന്തോഷത്തോടെയും കര്‍ത്തവ്യപഥത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ നമ്മുടെ രാജ്യം ദ്രുതഗതിയില്‍ മുന്നോട്ടു പോകും.
നിങ്ങള്‍ക്കെല്ലാം ഉത്സവാഘോഷങ്ങളുടെ മുന്‍കൂര്‍ മംഗളാംശംസകള്‍. അതോടൊപ്പം കൊറോണയോടനുബന്ധിച്ച് പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കുക, അവയില്‍ ഒരയവും വരുത്താതിരിക്കുക.
വളരെ വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rabi acreage tops normal levels for most crops till January 9, shows data

Media Coverage

Rabi acreage tops normal levels for most crops till January 9, shows data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Diplomatic Advisor to President of France meets the Prime Minister
January 13, 2026

Diplomatic Advisor to President of France, Mr. Emmanuel Bonne met the Prime Minister, Shri Narendra Modi today in New Delhi.

In a post on X, Shri Modi wrote:

“Delighted to meet Emmanuel Bonne, Diplomatic Advisor to President Macron.

Reaffirmed the strong and trusted India–France Strategic Partnership, marked by close cooperation across multiple domains. Encouraging to see our collaboration expanding into innovation, technology and education, especially as we mark the India–France Year of Innovation. Also exchanged perspectives on key regional and global issues. Look forward to welcoming President Macron to India soon.

@EmmanuelMacron”