രാജ്യത്ത്, നിലവിലുള്ള സംസ്ഥാന/കേന്ദ്ര ഗവണ്മെന്റ് മെഡിക്കൽ കോളേജുകൾ, പി.ജി. സ്ഥാപനങ്ങൾ, ഗവണ്മെന്റ് ആശുപത്രികൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ (CSS) മൂന്നാം ഘട്ടത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ, അംഗീകാരം നൽകി. ഇതിലൂടെ 5,000 പി.ജി. സീറ്റുകൾ വർദ്ധിപ്പിക്കാനും, നിലവിലുള്ള ഗവണ്മെന്റ് മെഡിക്കൽ കോളേജുകൾ നവീകരിച്ച് 5,023 എം.ബി.ബി.എസ്. സീറ്റുകൾ കൂടി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിനായി ഒരു സീറ്റിന് 1.50 കോടി രൂപയുടെ വർദ്ധിപ്പിച്ച ചെലവ് പരിധി നിശ്ചയിച്ചിട്ടുണ്ട്.

ഈ പദ്ധതികൾ ഇനി പറയുന്നവയ്ക്ക് സഹായകമാകും:

ബിരുദ തലത്തിലെ മെഡിക്കൽ വിദ്യാഭ്യാസ ശേഷി ഗണ്യമായി വർദ്ധിപ്പിക്കും.

കൂടുതൽ പി.ജി. സീറ്റുകൾ സൃഷ്ടിക്കുന്നതിലൂടെ വിദഗ്ധ ഡോക്ടർമാരുടെ ലഭ്യത ഉറപ്പാക്കും.

ഗവണ്മെന്റ് മെഡിക്കൽ സ്ഥാപനങ്ങളിൽ പുതിയ സ്പെഷ്യാലിറ്റികൾ തുടങ്ങാൻ ഇത് വഴിയൊരുക്കും.

രാജ്യത്ത് ഡോക്ടർമാരുടെ മൊത്തത്തിലുള്ള ലഭ്യത വർദ്ധിപ്പിക്കും.

ഈ രണ്ട് പദ്ധതികൾക്കുമായി 2025-26 മുതൽ 2028-29 വരെയുള്ള കാലയളവിൽ 15,034.50 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതം 10,303.20 കോടി രൂപയും സംസ്ഥാനങ്ങളുടെ വിഹിതം 4,731.30 കോടി രൂപയുമായിരിക്കും.

പ്രയോജനങ്ങൾ:

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനുള്ള ഈ പദ്ധതികൾ, രാജ്യത്ത് ഡോക്ടർമാരുടെയും വിദഗ്ധരുടെയും ലഭ്യത കൂട്ടാൻ സഹായിക്കും. ഇത് ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ, പ്രത്യേകിച്ച് പിന്നാക്ക പ്രദേശങ്ങളിൽ, ലഭ്യമാക്കാൻ ഉപകരിക്കും. പി.ജി. സീറ്റുകൾ വർദ്ധിപ്പിക്കുന്നതിലൂടെ നിർണായക വിഷയങ്ങളിൽ വിദഗ്ധരുടെ ലഭ്യത ഉറപ്പാക്കാൻ സാധിക്കും. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും കുറഞ്ഞ ചെലവിൽ തൃതീയ തലത്തിലുള്ള ആരോഗ്യപരിരക്ഷാ സൗകര്യങ്ങൾ വികസിപ്പിക്കാനും ഇത് സഹായിക്കും. നിലവിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിൽ ആരോഗ്യ വിഭവങ്ങളുടെ പ്രാദേശിക വിതരണം സന്തുലിതമാക്കാനും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് രാജ്യത്തിന്റെ ആരോഗ്യ സംവിധാനങ്ങളെ നിലവിലെയും ഭാവിയിലെയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തമാക്കും.

പദ്ധതികളുടെ സ്വാധീനം, തൊഴിൽ സൃഷ്ടി എന്നിവ:

ഈ പദ്ധതികളിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രധാന നേട്ടങ്ങൾ/ഫലങ്ങൾ ഇനിപ്പറയുന്നവയാണ്:

i. ഇന്ത്യയിൽ മെഡിക്കൽ വിദ്യാഭ്യാസം നേടുന്നതിന് വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.

ii. ലോകോത്തര നിലവാരത്തിനനുസരിച്ച് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും നിലവാരം ഉയർത്തും.

iii. ഡോക്ടർമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും ലഭ്യത ഉറപ്പാക്കുന്നതിലൂടെ, ഇന്ത്യയെ മിതമായ നിരക്കിൽ ആരോഗ്യപരിരക്ഷ ഒരുക്കുന്ന ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റാനും, അതുവഴി വിദേശനാണ്യം വർദ്ധിപ്പിക്കാനും കഴിയും.
 
iv. ആരോഗ്യസേവന ലഭ്യതയിലുള്ള വിടവ് നികത്താൻ സഹായിക്കും, പ്രത്യേകിച്ച് വിദൂര, ഗ്രാമീണ മേഖലകളിൽ. 

v. ഡോക്ടർമാർ, അധ്യാപകർ, പാരാമെഡിക്കൽ ജീവനക്കാർ, ഗവേഷകർ, ഭരണകർത്താക്കൾ, മറ്റ് സഹായ ജീവനക്കാർ എന്നിങ്ങനെ നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

vi. ആരോഗ്യസംവിധാനത്തിന്റെ കാര്യശേഷി ശക്തിപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്നതിനും ഇത് സഹായിക്കും.

 vii. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ തുല്യമായ വിതരണം പ്രോത്സാഹിപ്പിക്കും.

നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:

2028-2029 ഓടെ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ 5,000 പി.ജി. സീറ്റുകളും 5,023 യു.ജി. സീറ്റുകളും വർദ്ധിപ്പിക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. ഇത് നടപ്പിലാക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം (MoH&FW) പുറത്തിറക്കും.

പശ്ചാത്തലം

140 കോടി ജനങ്ങൾക്ക് സാർവത്രിക ആരോഗ്യ പരിരക്ഷ (Universal Health Coverage - UHC) യാഥാർത്ഥ്യമാക്കുന്നത്, എല്ലാ തലങ്ങളിലും, പ്രത്യേകിച്ച് ഗ്രാമീണ, ഗോത്ര, എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ സമയബന്ധിതവും ഉയർന്ന നിലവാരമുള്ളതുമായ സേവനങ്ങൾ നൽകാൻ കഴിവുള്ള ശക്തമായൊരു ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ശക്തമായ ആരോഗ്യ സംവിധാനത്തിന് വൈദഗ്ദ്ധ്യവും മതിയായ എണ്ണത്തിലുമുള്ള ആരോഗ്യപ്രവർത്തക രെ ആവശ്യമാണ്‌.

ഇന്ത്യയുടെ ആരോഗ്യ വിദ്യാഭ്യാസവും തൊഴിൽ ശക്തിയുടെ അടിസ്ഥാന സൗകര്യങ്ങളും സമീപ വർഷങ്ങളിൽ ഗണ്യമായ വളർച്ച കൈവരിച്ചു. ഇത് ആരോഗ്യസേവന ലഭ്യത വർദ്ധിപ്പിക്കുന്നതിലും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. നിലവിൽ, ലോകത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകളുള്ളത് ഇന്ത്യയിലാണ്. 808 മെഡിക്കൽ കോളേജുകളിലായി 1,23,700 എം.ബി.ബി.എസ്. സീറ്റുകളുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, 69,352 പുതിയ എം.ബി.ബി.എസ്. സീറ്റുകൾ വർദ്ധിച്ചു, ഇത് 127% വളർച്ചയാണ്. ഇതേ കാലയളവിൽ 43,041 പി.ജി. സീറ്റുകൾ വർദ്ധിച്ചു, 143% വളർച്ചയാണ് ഇതിലുണ്ടായത്. മെഡിക്കൽ സീറ്റുകളുടെ എണ്ണത്തിലുണ്ടായ ഈ വളർച്ച ശ്രദ്ധേയമാണെങ്കിലും, ചില മേഖലകളിൽ ആരോഗ്യപരിരക്ഷയുടെ ആവശ്യകത, ലഭ്യത, താങ്ങാനാവുന്ന ചെലവ് എന്നിവ ഉറപ്പാക്കാൻ ശേഷി ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ട്.

ഇതിനുപുറമെ, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) പ്രകാരം അംഗീകാരം ലഭിച്ച 22 പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) തൃതീയ തലത്തിലുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിനോടൊപ്പം, ഏറ്റവും ഉയർന്ന വൈദ്യശാസ്ത്ര നിലവാരമുള്ള ആരോഗ്യ വിദഗ്ധരെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

യോഗ്യതയുള്ള അധ്യാപകരുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി, പുതിയ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ (ഫാക്കൽറ്റി യോഗ്യത) ചട്ടങ്ങൾ 2025  പുറത്തിറക്കി. അധ്യാപകരുടെ യോഗ്യതയും നിയമനവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും വൈദഗ്ദ്ധ്യാധിഷ്ഠിതവുമാക്കിയാണ് ഇത് നടപ്പാക്കുന്നത്. ഈ മാറ്റങ്ങൾ അധ്യാപകരുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും അക്കാദമിക, പ്രൊഫഷണൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ലക്ഷ്യമിടുന്നു.

ആരോഗ്യ മേഖലയിലെ യോഗ്യതയുള്ള മനുഷ്യ വിഭവശേഷി വർദ്ധിപ്പിക്കുന്നതിനായി, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഈ പദ്ധതികൾ നടപ്പാക്കി വരുന്നു. പദ്ധതികളുടെ തുടർന്നുള്ള വിപുലീകരണം കൂടുതൽ ആരോഗ്യ വിദഗ്ധരെ സൃഷ്ടിക്കുന്നതിനും, ആരോഗ്യ മേഖലയിലെ മാനവ വിഭവശേഷി ശക്തിപ്പെടുത്തുന്നതിനും, ഇന്ത്യയിലെ ജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ  പ്രതിബദ്ധത അടിവരയിടുന്നു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Republic Day sales see fastest growth in five years on GST cuts, wedding demand

Media Coverage

Republic Day sales see fastest growth in five years on GST cuts, wedding demand
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 27
January 27, 2026

India Rising: Historic EU Ties, Modern Infrastructure, and Empowered Citizens Mark PM Modi's Vision