പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം, തൊഴിൽബന്ധിത പ്രോത്സാഹന (ELI) പദ്ധതിക്ക് അംഗീകാരം നൽകി. എല്ലാ മേഖലകളിലുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും തൊഴിലവസരക്ഷമതയും സാമൂഹ്യസുരക്ഷയും വർധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണു പദ്ധതി. ഉൽപ്പാദനമേഖലയിൽ ഈ പദ്ധതി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരുമാസത്തെ വേതനം (15,000 രൂപ വരെ) ലഭിക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ തൊഴിലുടമകൾക്ക് ഒരുവർഷംമുതൽ രണ്ടുവർഷംവരെ പ്രോത്സാഹനങ്ങൾ നൽകും. കൂടാതെ, നിർമാണമേഖലയ്ക്കു രണ്ടുവർഷത്തേക്കുകൂടി വലിയ തോതിൽ ആനുകൂല്യങ്ങൾ നൽകും. 4.1 കോടി യുവാക്കൾക്കു തൊഴിലും വൈദഗ്ധ്യവും മറ്റവസരങ്ങളും സുഗമമാക്കുന്നതിനുള്ള അഞ്ചു പദ്ധതികളുടെ പാക്കേജിന്റെ ഭാഗമായി 2024-25ലെ കേന്ദ്ര ബജറ്റിലാണ് ELI പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ മൊത്തം ബജറ്റ് വിഹിതം 2 ലക്ഷം കോടി രൂപയാണ്.
99,446 കോടി രൂപ അടങ്കലുള്ള ELI പദ്ധതി, രണ്ടു വർഷത്തിനുള്ളിൽ രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ഇതിൽ 1.92 കോടി ഗുണഭോക്താക്കൾ ആദ്യമായി തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നവരായിരിക്കും. 2025 ഓഗസ്റ്റ് ഒന്നിനും 2027 ജൂലൈ 31നും ഇടയിൽ സൃഷ്ടിക്കപ്പെടുന്ന ജോലികൾക്കു പദ്ധതിയുടെ ആനുകൂല്യങ്ങൾ ബാധകമാകും.
പദ്ധതിയിൽ രണ്ടു ഭാഗങ്ങൾ ഉൾപ്പെടുന്നു. ഭാഗം എ ആദ്യമായി ജോലി ചെയ്യുന്നവരെ കേന്ദ്രീകരിച്ചുള്ളതാണ്; ഭാഗം ബി തൊഴിലുടമകളെ കേന്ദ്രീകരിച്ചും.
ഭാഗം എ: ആദ്യമായി ജോലി ചെയ്യുന്നവർക്കുള്ള പ്രോത്സാഹനം:
EPFO-യിൽ ഇതാദ്യമായി രജിസ്റ്റർ ചെയ്ത ജീവനക്കാരെ ലക്ഷ്യംവച്ച്, ഈ ഭാഗം രണ്ടു ഗഡുക്കളായി 15,000 രൂപവരെ ഒരുമാസത്തെ EPF വേതനം വാഗ്ദാനം ചെയ്യും. ഒരുലക്ഷം രൂപവരെ ശമ്പളമുള്ള ജീവനക്കാർക്ക് ഇതിനർഹതയുണ്ടായിരിക്കും. ആദ്യഗഡു 6 മാസത്തെ സേവനത്തിനു ശേഷം നൽകും. രണ്ടാം ഗഡു 12 മാസത്തെ സേവനത്തിനുശേഷവും സാമ്പത്തിക സാക്ഷരത പരിപാടിയിൽ പങ്കെടുത്തശേഷവും നൽകും. സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി, പ്രോത്സാഹനത്തിന്റെ ഒരു ഭാഗം നിശ്ചിത കാലയളവിലേക്ക്, നിക്ഷേപിക്കുന്ന അക്കൗണ്ടിലെ നീക്കിയിരിപ്പു സംവിധാനത്തിൽ സൂക്ഷിക്കും. ജീവനക്കാരന് അതു പിന്നീടു പിൻവലിക്കാനാകും.
ഭാഗം എ പ്രകാരം ആദ്യമായി ജോലി ചെയ്യുന്ന ഏകദേശം 1.92 കോടി പേർക്കു പ്രയോജനം ലഭിക്കും.
ഭാഗം ബി: തൊഴിലുടമകൾക്കുള്ള പിന്തുണ:
എല്ലാ മേഖലകളിലും അധിക തൊഴിൽ സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് ഈ ഭാഗം ചർച്ച ചെയ്യുന്നത്. നിർമാണ മേഖലയിൽ ഇതു പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ഒരുലക്ഷം രൂപവരെ ശമ്പളമുള്ള ജീവനക്കാരുടെ കാര്യത്തിൽ തൊഴിലുടമകൾക്കു പ്രോത്സാഹനം ലഭിക്കും. കുറഞ്ഞത് ആറുമാസത്തേക്കു സ്ഥിരമായ തൊഴിൽ ലഭിക്കുന്ന ഓരോ അധിക ജീവനക്കാരനും രണ്ടുവർഷത്തേക്കു പ്രതിമാസം 3000 രൂപ വരെ ഗവണ്മെന്റ് പ്രോത്സാഹനം നൽകും. നിർമാണമേഖലയ്ക്ക്, മൂന്നാമത്തെയും നാലാമത്തെയും വർഷങ്ങളിലേക്കും പ്രോത്സാഹനം വ്യാപിപ്പിക്കും.
EPFO-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ കുറഞ്ഞത് ആറുമാസത്തേക്കു സ്ഥിര അടിസ്ഥാനത്തിൽ കുറഞ്ഞതു രണ്ട് അധിക ജീവനക്കാരെയോ (50-ൽ താഴെ ജീവനക്കാരുള്ള തൊഴിലുടമകൾക്ക്) അഞ്ച് അധിക ജീവനക്കാരെയോ (50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള തൊഴിലുടമകൾക്ക്) നിയമിക്കേണ്ടതുണ്ട്.
പ്രോത്സാഹന ഘടന:
|
അധിക ജീവനക്കാരുടെ ഇപിഎഫ് വേതന നിരക്കുകൾ |
തൊഴിലുടമയ്ക്കുള്ള ആനുകൂല്യം (പ്രതിമാസ അധിക ജോലിക്ക്) |
|
10,000 രൂപവരെ* |
1000 രൂപവരെ |
|
10,000 രൂപയ്ക്കു മുകളിൽ 20,000 രൂപവരെ |
2000 രൂപ |
|
20,000 രൂപയ്ക്കു മുകളിൽ (ശമ്പളം പ്രതിമാസം ഒരുലക്ഷം രൂപവരെ) |
3000 രൂപ |
* 10,000 രൂപവരെ ഇപിഎഫ് വേതനമുള്ള ജീവനക്കാർക്ക് ആനുപാതിക പ്രോത്സാഹനം ലഭിക്കും.
അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഏകദേശം 2.60 കോടി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനു തൊഴിലുടമകൾക്കു പ്രോത്സാഹനം നൽകാൻ ഈ ഭാഗം സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.
പ്രോത്സാഹനത്തുക വിതരണം ചെയ്യുന്നതിനുള്ള സംവിധാനം:
പദ്ധതിയുടെ ഭാഗം എ പ്രകാരം ആദ്യമായി ജോലി ചെയ്യുന്നവർക്കുള്ള തുക വിതരണം ആധാർബന്ധിത പണംവിതരണ സംവിധാനം (ABPS) ഉപയോഗിച്ച് DBT (നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം) രൂപത്തിലാകും നടത്തുക. ഭാഗം ബി പ്രകാരം തൊഴിലുടമകൾക്കുള്ള തുക വിതരണം പാനുമായി ബന്ധിപ്പിച്ച അവരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടു നൽകും.
ELI പദ്ധതി ഉപയോഗിച്ച്, എല്ലാ മേഖലകളിലും, പ്രത്യേകിച്ച് നിർമാണ മേഖലയിൽ, തൊഴിൽസൃഷ്ടി ഉത്തേജിപ്പിക്കാനും, ആദ്യമായി തൊഴിൽശക്തിയുടെ ഭാഗമാകുന്ന യുവാക്കളെ പ്രോത്സാഹിപ്പിക്കാനും ഗവണ്മെന്റ് ഉദ്ദേശിക്കുന്നു. കോടിക്കണക്കിനു യുവാക്കൾക്കും സ്ത്രീകൾക്കും സാമൂഹ്യസുരക്ഷ പരിരക്ഷ വ്യാപിപ്പിച്ച്, രാജ്യത്തെ തൊഴിൽശക്തി ഔപചാരികമാക്കാനാകും എന്നതാണു പദ്ധതിയുടെ പ്രധാന ഫലം.
The Employment Linked Incentive (ELI) Scheme cleared by Cabinet will boost job creation. The focus on manufacturing and incentives for first-time employees will greatly benefit our youth. https://t.co/Pt560ZD3VL
— Narendra Modi (@narendramodi) July 1, 2025


