അരുണാചൽ പ്രദേശിലെ ഷി യോമി ജില്ലയിൽ ടാറ്റോ-II ജലവൈദ്യുത പദ്ധതിയുടെ (HEP) നിർമ്മാണത്തിനായി 8146.21 കോടി രൂപയുടെ നിക്ഷേപത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിഅംഗീകാരം നൽകി. 72 മാസമാണ് പദ്ധതിയുടെ പൂർത്തീകരണ കാലാവധി.
700 മെഗാവാട്ട് (4 x 175 മെഗാവാട്ട്) സ്ഥാപിത ശേഷിയുള്ള നിർദിഷ്ട പദ്ധതിയിലൂടെ 2738.06 മില്യൺ യൂണിറ്റ് (MU) വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി അരുണാചൽ പ്രദേശിലെ വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനും ദേശീയ ഗ്രിഡിന്റെ സന്തുലിതാവസ്ഥയ്ക്കും സഹായിക്കും.
നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷൻ ലിമിറ്റഡ് (NEEPCO) ഉം അരുണാചൽ പ്രദേശ് ഗവണ്മെന്റും തമ്മിലുള്ള സംയുക്ത സംരംഭത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പ്രാപ്തമാക്കുന്നതിന് റോഡുകൾ, പാലങ്ങൾ, അനുബന്ധ ട്രാൻസ്മിഷൻ ലൈനുകൾ എന്നിവയുടെ നിർമ്മാണത്തിനായി കേന്ദ്ര ഗവണ്മെന്റ് 458.79 കോടി രൂപ ബജറ്റ് പിന്തുണയായി നൽകും. കൂടാതെ, സംസ്ഥാനത്തിന്റെ ഓഹരി വിഹിതമായി 436.13 കോടി രൂപയുടെ കേന്ദ്ര സഹായവും ലഭിക്കും.
ഈ പദ്ധതി വഴി സംസ്ഥാനത്തിന് 12% സൗജന്യ വൈദ്യുതിയും പ്രാദേശിക വികസന ഫണ്ടിനായി (LADF) 1% വൈദ്യുതിയും ലഭിക്കും. കൂടാതെ, മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുകയും സാമൂഹിക-സാമ്പത്തിക വികസനം സാധ്യമാവുകയും ചെയ്യും.
'ആത്മനിർഭർ ഭാരത് അഭിയാൻ' ലക്ഷ്യങ്ങൾക്കും തത്വങ്ങൾക്കും അനുസൃതമായ ഈ പദ്ധതി പ്രാദേശിക വിതരണക്കാർക്കും സംരംഭങ്ങൾക്കും, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കും (MSMEs), നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ ഉൾപ്പെടെ വിവിധ നേട്ടങ്ങൾ ലഭ്യമാക്കും.
പദ്ധതിയുടെ ഭാഗമായി ഏകദേശം 32.88 കിലോമീറ്റർ റോഡുകളും പാലങ്ങളും നിർമ്മിക്കും. ഇത് പ്രാദേശിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകും. ആശുപത്രികൾ, സ്കൂളുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിനായി 20 കോടി രൂപയുടെ പ്രത്യേക ഫണ്ടും വകയിരുത്തിയിട്ടുണ്ട്. നഷ്ടപരിഹാരങ്ങൾ, തൊഴിൽ, സിഎസ്ആർ പ്രവർത്തനങ്ങൾ എന്നിവയിലൂടെയും പ്രദേശവാസികൾക്ക് പ്രയോജനം ലഭിക്കും.
Congratulations to my sisters and brothers of Arunachal Pradesh on the Cabinet approval for funding the Tato-II Hydro Electric Project (HEP) in Shi Yomi District. This is a vital project and will benefit the state's growth trajectory. https://t.co/4YIJJjQqjt
— Narendra Modi (@narendramodi) August 12, 2025


