ഇന്ത്യയിലെ യുവാക്കൾ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: പ്രധാനമന്ത്രി
വെറും 10 വർഷത്തിനുള്ളിൽ സ്റ്റാർട്ടപ്പ് ഇന്ത്യാ മിഷൻ ഒരു വിപ്ലവമായി മാറി; ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ്: പ്രധാനമന്ത്രി
ഇന്ന് റിസ്ക് ഏറ്റെടുക്കൽ മുഖ്യധാരയായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി സ്റ്റാർട്ടപ്പ് ഇന്ത്യ എന്നത് വെറുമൊരു പദ്ധതിയല്ല, മറിച്ച് വൈവിധ്യമാർന്ന മേഖലകളെ പുതിയ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു മഴവിൽ ദർശനമാണ്: പ്രധാനമന്ത്രി
നമ്മുടെ സ്റ്റാർട്ടപ്പുകൾ ഉത്പാദന മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്: പ്രധാനമന്ത്രി
സ്റ്റാർട്ടപ്പുകളുടെ ധൈര്യവും ആത്മവിശ്വാസവും നൂതനാശയങ്ങളും ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നു: പ്രധാനമന്ത്രി
ഇന്ന് റിസ്ക് ഏറ്റെടുക്കൽ മുഖ്യധാരയായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി

എന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകൻ ശ്രീ പീയൂഷ് ഗോയൽ ജി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേർന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലെ  സുഹൃത്തുക്കളെ, മറ്റ് വിശിഷ്ട അതിഥികളെ, മാന്യ വ്യക്തിത്വങ്ങളെ!

ഇന്ന് നമ്മളെല്ലാവരും ഇവിടെ ഒത്തുകൂടിയിരിക്കുന്നത് സവിശേഷമായ ഒരു സന്ദർഭത്തിലാണ്. ഈ ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ, സ്റ്റാർട്ടപ്പ് സ്ഥാപകരുടെയും നവീന ചിന്തകരുടെയും (innovators) ഈ കൂട്ടായ്മയിൽ, പുതിയതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഭാരതത്തിന്റെ ഭാവിയാണ് എന്റെ മുന്നിൽ ഞാൻ കാണുന്നത്.

ഇപ്പോൾ അല്പം മുൻപ്, സ്റ്റാർട്ടപ്പ് ലോകത്തെ ചിലരുമായി കൂടിക്കാഴ്ച നടത്താനും അവരുടെ നേട്ടങ്ങളും പരീക്ഷണങ്ങളും നേരിൽ കാണാനും ചിലരോട് സംസാരിക്കാനും എനിക്ക് അവസരം ലഭിച്ചു. കാർഷികം, ഫിൻടെക്, മൊബിലിറ്റി, ആരോഗ്യം, സുസ്ഥിരത എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ—അവരുടെ ആശയങ്ങൾ എന്നെ മാത്രമല്ല, എല്ലാവരെയും ഒരുപോലെ ആകർഷിക്കുന്നവയാണ്. എന്നിരുന്നാലും, എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് നിങ്ങളുടെ ആത്മവിശ്വാസവും നിങ്ങളുടെ വലിയ ലക്ഷ്യങ്ങളുമാണ്.

 

പത്തു വർഷം മുമ്പ് വിജ്ഞാൻ ഭവനിൽ 500-700 യുവാക്കൾക്കിടയിലാണ് ഈ പരിപാടി ആരംഭിച്ചത്. റിതേഷ് ഇന്ന് ഇവിടെ ഇരിക്കുന്നുണ്ട്—അദ്ദേഹത്തിന്റെ യാത്ര അന്ന് തുടങ്ങിയതാണ്. അക്കാലത്ത് സ്റ്റാർട്ടപ്പ് ലോകത്തേക്ക് കാലെടുത്തുവെച്ചവരുടെ അനുഭവങ്ങൾ ഞാൻ കേൾക്കുകയായിരുന്നു. കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്റ്റാർട്ടപ്പ് രംഗത്തേക്ക് ഇറങ്ങിയ ഒരു യുവതിയെ ഞാൻ ഓർക്കുന്നു. കൊൽക്കത്തയിലുള്ള തന്റെ അമ്മയെ കാണാൻ പോയപ്പോൾ അവർ  പറഞ്ഞു, "അമ്മേ, ഞാൻ ജോലി രാജിവെച്ചു." അമ്മ ചോദിച്ചു, "എന്തിന്?" അന്ന് വിജ്ഞാൻ ഭവനിൽ വെച്ച് അവർ ഈ കഥ വിവരിച്ചു. അവർ  പറഞ്ഞു, "എനിക്ക് ഇനി ഒരു സ്റ്റാർട്ടപ്പ് തുടങ്ങണം." അപ്പോൾ അമ്മ മറുപടി പറഞ്ഞു, "ഇത്  അപകടമാണ് —നീ എന്തിനാണ് നാശത്തിന്റെ വഴിയിലേക്ക് പോകുന്നത്?"

അന്ന് സ്റ്റാർട്ടപ്പുകളെക്കുറിച്ച് നമ്മുടെ രാജ്യത്തുണ്ടായിരുന്ന മനോഭാവം ഇതായിരുന്നു. എന്നാൽ ഇന്ന് നോക്കൂ, നമ്മൾ എത്ര ദൂരം മുന്നോട്ട് വന്നിരിക്കുന്നു—വിജ്ഞാൻ ഭവനിൽ നിന്ന് ഭാരത് മണ്ഡപത്തിലേക്ക്, ഇവിടെയാകട്ടെ ഒരല്പം പോലും ഇടമില്ലാത്ത വിധം ജനങ്ങൾ നിറഞ്ഞിരിക്കുന്നു! ഒരാഴ്ചയ്ക്കുള്ളിൽ തന്നെ രാജ്യത്തെ യുവാക്കളെ രണ്ടുതവണ കാണാൻ എനിക്ക് അവസരം ലഭിച്ചു എന്നത് എന്റെ ഭാഗ്യമാണ്. ജനുവരി 12-ന് ദേശീയ യുവജനദിനത്തിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 3,000 യുവാക്കൾക്കൊപ്പം രണ്ടര മണിക്കൂറോളം ചെലവഴിക്കാനും അവരുടെ വാക്കുകൾ കേൾക്കാനും എനിക്ക് സാധിച്ചു. ഇന്ന്, നിങ്ങളെ എല്ലാവരെയും കേൾക്കാനും എന്റെ രാജ്യത്തെ യുവതയുടെ കരുത്തിന് സാക്ഷ്യം വഹിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു.

സുഹൃത്തുക്കളെ,

ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇന്ത്യയിലെ യുവാക്കളുടെ ശ്രദ്ധ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലാണ് എന്നതാണ്. പുതിയ സ്വപ്നങ്ങൾ കാണാൻ ധൈര്യം കാണിച്ച നമ്മുടെ യുവ നവീന ചിന്തകരെ (innovators) - നിങ്ങളിൽ ഓരോരുത്തരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,

ഇന്ന് നമ്മൾ സ്റ്റാർട്ടപ്പ് ഇന്ത്യയുടെ പത്താം വാർഷികം ആഘോഷിക്കുകയാണ്. ഈ പത്ത് വർഷത്തെ യാത്ര എന്നത് വെറുമൊരു സർക്കാർ പദ്ധതിയുടെ വിജയഗാഥ മാത്രമല്ല. മറിച്ച്, നിങ്ങളുടേത് പോലുള്ള കോടിക്കണക്കിന് സ്വപ്നങ്ങളുടെ പ്രയാണമാണ്. എണ്ണമറ്റ ഭാവനകൾ യാഥാർത്ഥ്യമായി മാറിയതിന്റെ കഥയാണിത്. പത്ത് വർഷം മുമ്പുള്ള സാഹചര്യം ഒന്ന് ഓർത്തുനോക്കൂ—വ്യക്തിഗത പരിശ്രമങ്ങൾക്കും പുതുമകൾക്കും അവിടെ വലിയ സ്ഥാനമൊന്നും ഉണ്ടായിരുന്നില്ല. ആ സാഹചര്യങ്ങളെ നമ്മൾ വെല്ലുവിളിച്ചു, നമ്മൾ 'സ്റ്റാർട്ടപ്പ് ഇന്ത്യ' പദ്ധതിക്ക് തുടക്കം കുറിച്ചു. നമ്മൾ നമ്മുടെ യുവാക്കൾക്ക് മുന്നിൽ ആകാശം തുറന്നു കൊടുത്തു, അതിന്റെ ഫലങ്ങൾ ഇന്ന് നമ്മുടെ മുന്നിലുണ്ട്. വെറും പത്ത് വർഷത്തിനുള്ളിൽ സ്റ്റാർട്ടപ്പ് ഇന്ത്യ മിഷൻ ഒരു വിപ്ലവമായി മാറി. ഇന്ത്യ ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ്. പത്ത് വർഷം മുമ്പ് രാജ്യത്ത് 500-ൽ താഴെ സ്റ്റാർട്ടപ്പുകൾ മാത്രമാണുണ്ടായിരുന്നത്; ഇന്ന് ഈ എണ്ണം 2,00,000-ത്തിന് മുകളിലായി വർധിച്ചു. 2014-ൽ ഇന്ത്യയിൽ വെറും നാല് യൂണികോണുകൾ (unicorns) മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഇന്ന് ഇന്ത്യയിൽ ഏകദേശം 125 സജീവമായ യൂണികോണുകളുണ്ട്. ലോകം അത്ഭുതത്തോടെയാണ് ഈ വിജയഗാഥയെ നോക്കിക്കാണുന്നത്. വരുംകാലങ്ങളിൽ, ഇന്ത്യയുടെ സ്റ്റാർട്ടപ്പ് യാത്രയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, ഈ ഹാളിലിരിക്കുന്ന പല യുവാക്കളും സ്വയം തിളങ്ങുന്ന മാതൃകകളായി മാറും.

 

സുഹൃത്തുക്കളെ,

സ്റ്റാർട്ടപ്പ് ഇന്ത്യയുടെ വേഗത നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്നത് കാണുമ്പോൾ എനിക്ക് ഏറെ സന്തോഷമുണ്ട്. ഇന്നത്തെ സ്റ്റാർട്ടപ്പുകൾ യൂണികോണുകളായി മാറുന്നു, യൂണികോണുകൾ ഐപിഒ (IPO,Initial Public Offering) ആരംഭിക്കുന്നു, കൂടാതെ കൂടുതൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം മാത്രം, അതായത് 2025-ൽ, ഏകദേശം 44,000 പുതിയ സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. സ്റ്റാർട്ടപ്പ് ഇന്ത്യ ആരംഭിച്ചതിന് ശേഷം ഒരു വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ കുതിച്ചുചാട്ടമാണിത്.നമ്മുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ നവീനതയ്ക്കും വളർച്ചയ്ക്കും എത്രത്തോളം കരുത്തുപകരുന്നു എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ.

സുഹൃത്തുക്കളെ,

സ്റ്റാർട്ടപ്പ് ഇന്ത്യ രാജ്യത്ത് ഒരു പുതിയ സംസ്‌കാരത്തിന് ജന്മം നൽകിയതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. മുൻകാലങ്ങളിൽ, വൻകിട വ്യവസായ കുടുംബങ്ങളിലെ കുട്ടികളായിരുന്നു മിക്കവാറും പുതിയ ബിസിനസ്സുകളും സംരംഭങ്ങളും തുടങ്ങിയിരുന്നത്; കാരണം അവർക്ക് മാത്രമേ ഫണ്ടിംഗും പിന്തുണയും എളുപ്പത്തിൽ ലഭ്യമായിരുന്നുള്ളൂ. ഇടത്തരക്കാരും ദരിദ്രരുമായ കുടുംബങ്ങളിലെ മിക്ക കുട്ടികൾക്കും ജോലിയെക്കുറിച്ച് സ്വപ്നം കാണാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. എന്നാൽ സ്റ്റാർട്ടപ്പ് ഇന്ത്യ പ്രോഗ്രാം ഈ മനോഭാവത്തെ മാറ്റിമറിച്ചു. ഇപ്പോൾ ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നുള്ളവരും ഗ്രാമങ്ങളിൽ നിന്നുള്ളവരുമായ യുവാക്കൾ പോലും സ്വന്തമായി സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നു. ഈ യുവാക്കളാണ് താഴേത്തട്ടിലുള്ള ഏറ്റവും വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരിശ്രമിക്കുന്നത്. സമൂഹത്തിനും രാജ്യത്തിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഈ മനോഭാവം എനിക്ക് വളരെയധികം പ്രാധാന്യമുള്ളതാണ്.

സുഹൃത്തുക്കളെ,

ഈ മാറ്റത്തിൽ രാജ്യത്തെ പെൺമക്കൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് അംഗീകൃത സ്റ്റാർട്ടപ്പുകളിൽ 45 ശതമാനത്തിലധികത്തിലും കുറഞ്ഞത് ഒരു വനിതാ ഡയറക്ടറോ പങ്കാളിയോ ഉണ്ടെന്നത് ശ്രദ്ധേയമാണ്. വനിതകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പ് ഫണ്ടിംഗിന്റെ കാര്യത്തിൽ ഇന്ത്യ ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ ഇക്കോസിസ്റ്റമായി മാറിയിരിക്കുന്നു. സ്റ്റാർട്ടപ്പുകളുടെ ഈ ഉൾക്കൊള്ളുന്ന വേഗത (inclusive momentum) ഇന്ത്യയുടെ ശേഷികളെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

 

സുഹൃത്തുക്കളെ,

ഇന്ന് രാജ്യം അതിന്റെ ഭാവി കാണുന്നത് ഈ സ്റ്റാർട്ടപ്പ് വിപ്ലവത്തിലാണ്. എന്തുകൊണ്ടാണ് സ്റ്റാർട്ടപ്പുകൾക്ക് ഇത്രയധികം പ്രാധാന്യം എന്ന് ഞാൻ നിങ്ങളോട് ചോദിച്ചാൽ, ഒരുപക്ഷേ നിങ്ങൾക്ക് ഓരോരുത്തർക്കും വ്യത്യസ്ത ഉത്തരങ്ങളുണ്ടാകും. ഇന്ത്യ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനങ്ങളുള്ള  രാജ്യമാണെന്നും അതിനാൽ സ്റ്റാർട്ടപ്പുകൾക്ക് അവസരങ്ങളുണ്ടെന്നും ചിലർ പറയും. ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും അതിനാൽ പുതിയ അവസരങ്ങൾ ഉണ്ടെന്നും മറ്റുചിലർ പറയും. ഇന്ത്യ ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും പുതിയ മേഖലകൾ ഉയർന്നുവരുന്നുണ്ടെന്നും അതിനാൽ സ്റ്റാർട്ടപ്പ് സംവിധാനം പുരോഗമിക്കുകയാണെന്നും ചിലർ അഭിപ്രായപ്പെട്ടേക്കാം. ഈ ഉത്തരങ്ങളും വസ്തുതകളും എല്ലാം  ശരിയാണ്. എന്നാൽ എന്റെ ഹൃദയത്തെ സ്പർശിക്കുന്നത് നിങ്ങളുടെ 'സ്റ്റാർട്ടപ്പ് സ്പിരിറ്റ്' ആണ്. എന്റെ രാജ്യത്തെ യുവാക്കൾ ഇന്ന് ഒരു കംഫർട്ട് സോണിൽ (comfort zone,സൗകര്യ,സുരക്ഷിത മേഖല) ജീവിതം ചെലവഴിക്കാൻ തയ്യാറല്ല. പഴകിതേഞ്ഞ  വഴികളിലൂടെ നടക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അവർക്ക് സ്വയം പുതിയ പാതകൾ വെട്ടിത്തെളിക്കണം, കാരണം അവർ തേടുന്നത് പുതിയ ലക്ഷ്യസ്ഥാനങ്ങളും പുതിയ നാഴികക്കല്ലുകളുമാണ്.

സുഹൃത്തുക്കളെ,

എങ്ങനെയാണ് പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൈവരിക്കുക? അതിനായി നാം കഠിനാധ്വാനത്തിന്റെ പാരമ്യം തന്നെ പ്രകടിപ്പിക്കണം. അതുകൊണ്ടാണ് പറയപ്പെടുന്നത്: उद्यमेन हि सिद्ध्यन्ति, कार्याणि न मनोरथैः, "ഉദ്യമേന ഹി സിദ്ധ്യന്തി, കാര്യാണി ന മനോരഥൈഃ" (ഉദ്യമത്തിലൂടെയാണ് കാര്യങ്ങൾ സിദ്ധിക്കുന്നത്, വെറും ആഗ്രഹങ്ങൾ കൊണ്ടല്ല). സംരംഭകത്വത്തിന്റെ ആദ്യ നിബന്ധന എന്നത് ധൈര്യമാണ്. ഇന്ന് നിങ്ങൾ നിൽക്കുന്ന ഈ സ്ഥാനത്തെത്താൻ, നിങ്ങൾ വലിയ ധൈര്യം കാണിച്ചിട്ടുണ്ടാകണം, ഒരുപാട് കാര്യങ്ങൾ പണയപ്പെടുത്തിയിട്ടുണ്ടാകണം. മുമ്പ്, നമ്മുടെ രാജ്യത്ത് റിസ്ക് എടുക്കുന്നത് നിരുത്സാഹപ്പെടുത്തിയിരുന്നു, എന്നാൽ ഇന്ന് റിസ്ക് എടുക്കുക എന്നത് മുഖ്യധാരയായി മാറിയിരിക്കുന്നു. മാസശമ്പളത്തിന് അപ്പുറം ചിന്തിക്കുന്നവരെ ഇന്ന് അംഗീകരിക്കുക മാത്രമല്ല, ബഹുമാനിക്കുകയും ചെയ്യുന്നു. ഒരുകാലത്ത് ഒറ്റപ്പെട്ടവയായി കരുതിയിരുന്ന ആശയങ്ങൾ ഇന്ന് ഒരു പുതിയ ശൈലിയായി മാറിക്കഴിഞ്ഞു.

സുഹൃത്തുക്കളെ,

ഞാൻ എപ്പോഴും റിസ്ക് എടുക്കുന്നതിൽ പ്രത്യേക ഊന്നൽ നൽകാറുണ്ട്, കാരണം അത് പണ്ടേ എന്റെ ഒരു സ്വഭാവമാണ്. ആരും ഏറ്റെടുക്കാൻ തയ്യാറാകാത്ത ജോലികൾ, തിരഞ്ഞെടുപ്പിലോ അധികാരത്തിലോ തോൽവി ഭയന്ന് പതിറ്റാണ്ടുകളായി സർക്കാരുകൾ ഒഴിവാക്കിയ കാര്യങ്ങൾ—അതായത് ആളുകൾ "വലിയ രാഷ്ട്രീയ റിസ്ക്" എന്ന് വിളിക്കുന്ന അത്തരം ജോലികൾ—ഏറ്റെടുക്കുക എന്നത് എന്റെ ഉത്തരവാദിത്തമായി ഞാൻ എപ്പോഴും കണക്കാക്കുന്നു. നിങ്ങളെപ്പോലെ തന്നെ, രാജ്യത്തിന് അനിവാര്യമായ കാര്യങ്ങൾ ആരോ ഒരാൾ ചെയ്യണമെന്നും ആരോ ഒരാൾ റിസ്ക് എടുക്കണമെന്നും ഞാൻ വിശ്വസിക്കുന്നു. അതിൽ നഷ്ടം സംഭവിച്ചാൽ അത് എന്റേതായിരിക്കും; എന്നാൽ നേട്ടം ഉണ്ടായാൽ അതിന്റെ ഗുണം എന്റെ രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്കായിരിക്കും ലഭിക്കുക.

 

സുഹൃത്തുക്കളെ,

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, നവീകരണത്തെ (innovation) പ്രോത്സാഹിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥ  രാജ്യം കെട്ടിപ്പടുത്തിട്ടുണ്ട്. കുട്ടികളിൽ നവീന ചിന്താഗതി വളർത്തിയെടുക്കുന്നതിനായി നമ്മൾ സ്കൂളുകളിൽ 'അടൽ ടിങ്കറിംഗ് ലാബുകൾ' സ്ഥാപിച്ചു. രാജ്യത്തിന്റെ പ്രശ്നങ്ങൾക്ക് നമ്മുടെ യുവാക്കൾ തന്നെ പരിഹാരം കണ്ടെത്തുന്നതിനായി നമ്മൾ 'ഹാക്കത്തോണുകൾ' ആരംഭിച്ചു. വിഭവങ്ങളുടെ അഭാവം മൂലം നല്ല ആശയങ്ങൾ ഇല്ലാതാകാതിരിക്കാൻ നമ്മൾ ഇൻകുബേഷൻ സെന്ററുകൾ (incubation centres) സൃഷ്ടിച്ചു.

സുഹൃത്തുക്കളെ,

ഒരുകാലത്ത് സങ്കീർണ്ണമായ നിയമപാലനങ്ങളും (compliances), അനുമതികൾക്കായുള്ള നീണ്ട കാത്തിരിപ്പും, 'ഇൻസ്പെക്ടർ രാജി'നോടുള്ള ഭയവുമായിരുന്നു നവീന ആശയങ്ങൾക്ക് മുന്നിലെ ഏറ്റവും വലിയ തടസ്സങ്ങൾ. അതുകൊണ്ടാണ് നമ്മൾ വിശ്വാസത്തിന്റെയും സുതാര്യതയുടെയും ഒരു അന്തരീക്ഷം സൃഷ്ടിച്ചത്. 'ജൻ വിശ്വാസ് ആക്ട്' പ്രകാരം 180-ലധികം വ്യവസ്ഥകളെ കുറ്റകരമല്ലാതാക്കി മാറ്റി. നിങ്ങളുടെ സമയം നിയമനടപടികളിൽ പാഴാക്കാതെ നവീന കണ്ടെത്തലുകളിൽ (innovation) ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതിലൂടെ സാധിച്ചു. പ്രത്യേകിച്ച് സ്റ്റാർട്ടപ്പുകൾക്കായി പല നിയമങ്ങളിലും നമ്മൾ സ്വയം സാക്ഷ്യപ്പെടുത്തൽ (self-certification) ഏർപ്പെടുത്തി. കമ്പനികൾ ലയിപ്പിക്കുന്നതും (mergers), പരാജയപ്പെടുന്ന പക്ഷം പ്രവർത്തനം അവസാനിപ്പിക്കുന്നതും (exits) നമ്മൾ എളുപ്പമാക്കി.

സുഹൃത്തുക്കളെ,

സ്റ്റാർട്ടപ്പ് ഇന്ത്യ വെറുമൊരു പദ്ധതിയല്ല, മറിച്ച് ഒരു "മഴവിൽ ദർശനമാണ്" (rainbow vision). വിവിധ മേഖലകളെ പുതിയ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു മാർഗ്ഗമാണിത്. പ്രതിരോധ നിർമ്മാണ മേഖല നോക്കൂ—മുമ്പ്, സ്ഥാപിതരായ വൻകിട കമ്പനികളോട് മത്സരിക്കുന്നതിനെക്കുറിച്ച് സ്റ്റാർട്ടപ്പുകൾക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നോ? iDEX-ലൂടെ തന്ത്രപ്രധാനമായ മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്ക് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനുള്ള പുതിയ വഴികൾ നമ്മൾ തുറന്നു. മുമ്പ് സ്വകാര്യ പങ്കാളിത്തത്തിന് പൂർണ്ണമായും അടച്ചിട്ടിരുന്ന ബഹിരാകാശ മേഖല ഇപ്പോൾ തുറന്നു കൊടുത്തു. ഇന്ന് ഏകദേശം 200 സ്റ്റാർട്ടപ്പുകൾ ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുകയും ആഗോള അംഗീകാരം നേടുകയും ചെയ്യുന്നു. അതുപോലെ ഡ്രോൺ മേഖല നോക്കൂ—അനുയോജ്യമായ നിയമവ്യവസ്ഥയുടെ അഭാവം മൂലം വർഷങ്ങളോളം ഇന്ത്യ ഈ രംഗത്ത് പിന്നിലായിരുന്നു. നമ്മൾ കാലഹരണപ്പെട്ട നിയമങ്ങൾ എടുത്തുമാറ്റുകയും നവീന ചിന്തകരിൽ വിശ്വാസമർപ്പിക്കുകയും ചെയ്തു.

 

സുഹൃത്തുക്കളെ,

സർക്കാർ സംഭരണങ്ങളിൽ (public procurement), ജി.ഇ.എം (GeM - Government e-Marketplace) വഴി നമ്മൾ വിപണി സാധ്യതകൾ വിപുലീകരിച്ചു. ഇന്ന് ഏകദേശം 35,000 സ്റ്റാർട്ടപ്പുകളും ചെറുകിട ബിസിനസ്സുകളും GeM-ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏകദേശം 50,000 കോടി രൂപയുടെ 5 ലക്ഷത്തോളം ഓർഡറുകൾ അവർക്ക് ലഭിച്ചു കഴിഞ്ഞു. ഒരർത്ഥത്തിൽ, സ്റ്റാർട്ടപ്പുകൾ തങ്ങളുടെ വിജയത്തിലൂടെ ഓരോ മേഖലയിലും വളർച്ചയുടെ പുതിയ വാതിലുകൾ തുറന്നുകൊണ്ടിരിക്കുകയാണ്.

സുഹൃത്തുക്കളെ,

മൂലധനമില്ലാതെ മികച്ച ആശയങ്ങൾക്ക് പോലും വിപണിയിൽ എത്താൻ കഴിയില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അതുകൊണ്ടാണ് നവീന ചിന്തകർക്ക് സാമ്പത്തിക ലഭ്യത ഉറപ്പാക്കുന്നതിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. 'ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പ്സ്' വഴി 25,000 കോടി രൂപയിലധികം നിക്ഷേപം നടത്തിക്കഴിഞ്ഞു. സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട്, ഇൻ-സ്പേസ് (IN-SPACe) സീഡ് ഫണ്ട്, നിധി (NIDHI) സീഡ് സപ്പോർട്ട് പ്രോഗ്രാം തുടങ്ങിയ പദ്ധതികൾ സ്റ്റാർട്ടപ്പുകൾക്ക് പ്രാരംഭ ധനസഹായം (seed funding) നൽകിവരുന്നു. വായ്പാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി നമ്മൾ 'ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം' ആവിഷ്കരിച്ചു; ഇതിലൂടെ ഈട് (collateral) നൽകാനില്ല എന്നത് ആശയ സഫലീകരണത്തിൻറെ പാതയിൽ ഒരു തടസ്സമാകാതിരിക്കാൻ നമ്മൾ ശ്രദ്ധിച്ചു.

സുഹൃത്തുക്കളെ,

ഇന്നത്തെ ഗവേഷണങ്ങളാണ് നാളത്തെ ബൗദ്ധിക സ്വത്തായി (intellectual property) മാറുന്നത്. ഇത് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ 'റിസർച്ച്, ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്കീം' നമ്മൾ ആരംഭിച്ചു. ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകളിൽ (sunrise sectors) ദീർഘകാല നിക്ഷേപത്തെ പിന്തുണയ്ക്കുന്നതിനായി ഒരു 'ഡീപ്പ് ടെക് ഫണ്ട് ഓഫ് ഫണ്ട്സും' നമ്മൾ രൂപീകരിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,

ഇനി നമ്മൾ ഭാവിക്കായി തയ്യാറെടുക്കണം. പുതിയ ആശയങ്ങളിൽ നമ്മൾ പ്രവർത്തിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിലും തന്ത്രപരമായ സ്വയംഭരണത്തിലും നാളെ നിർണ്ണായക പങ്ക് വഹിക്കുന്ന പല മേഖലകളും ഇന്ന് ഉയർന്നുവരുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇതിന് വ്യക്തമായ ഉദാഹരണമാണ്. എഐ വിപ്ലവത്തിൽ ഏറ്റവും മുന്നിലെത്തുന്ന രാജ്യത്തിനാകും ഏറ്റവും വലിയ നേട്ടം ലഭിക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകേണ്ടത് നമ്മുടെ സ്റ്റാർട്ടപ്പുകളാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, വരാനിരിക്കുന്ന ഫെബ്രുവരിയിൽ ആഗോള എഐ സമ്മേളനമായ 'എഐ ഇംപാക്ട് സമിറ്റ്' (AI Impact Summit) ഇവിടെ നടക്കുകയാണ്. ഇത് നിങ്ങൾക്കെല്ലാവർക്കും വലിയൊരു അവസരമാണ്. ഈ മേഖലയിലെ കമ്പ്യൂട്ടിംഗ് ചെലവ് കൂടുതലാണ് എന്നതുപോലുള്ള വെല്ലുവിളികളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. 'ഇന്ത്യ എഐ മിഷനിലൂടെ' നമ്മൾ ഇതിന് പരിഹാരങ്ങൾ നൽകുന്നു. 38,000-ത്തിലധികം ജിപിയു (GPU) കൾ നമ്മൾ സജ്ജമാക്കിയിട്ടുണ്ട്. വലിയ സാങ്കേതികവിദ്യകൾ ചെറിയ സ്റ്റാർട്ടപ്പുകൾക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് നമ്മുടെ ശ്രമം. സ്വദേശീയമായ എഐ, ഇന്ത്യൻ സർവറുകളിൽ ഇന്ത്യൻ പ്രതിഭകളാൽ തന്നെ വികസിപ്പിക്കപ്പെടുന്നുണ്ടെന്ന് നമ്മൾ ഉറപ്പാക്കുന്നു. സെമികണ്ടക്ടറുകൾ, ഡാറ്റാ സെന്ററുകൾ, ഗ്രീൻ ഹൈഡ്രജൻ തുടങ്ങി മറ്റ് പല മേഖലകളിലും സമാനമായ പരിശ്രമങ്ങൾ നടക്കുന്നുണ്ട്.

സുഹൃത്തുക്കളെ,

നമ്മൾ മുന്നോട്ട് കുതിക്കുമ്പോൾ നമ്മുടെ ലക്ഷ്യം വെറുമൊരു പങ്കാളിത്തത്തിൽ മാത്രം ഒതുങ്ങരുത്. ആഗോള നേതൃത്വമാണ് നമ്മുടെ ലക്ഷ്യം. പുതിയ ആശയങ്ങളിൽ പ്രവർത്തിക്കുക, പ്രശ്നങ്ങൾക്ക് പരിഹാരം കാണുക. കഴിഞ്ഞ ദശകങ്ങളിൽ ഡിജിറ്റൽ സ്റ്റാർട്ടപ്പുകളിലും സേവന മേഖലയിലും (services sector) നമ്മൾ ശ്രദ്ധേയമായ വിജയം കൈവരിച്ചു. ഇപ്പോൾ നമ്മുടെ സ്റ്റാർട്ടപ്പുകൾ നിർമ്മാണ മേഖലയിൽ (manufacturing) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മൾ പുതിയ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കണം. ലോകത്തിലെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നമ്മൾ നിർമ്മിക്കണം. തനതായ ആശയങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് സാങ്കേതികവിദ്യയിൽ നമ്മൾ നേതൃസ്ഥാനം ഏറ്റെടുക്കണം. ഭാവി നിങ്ങളുടേതാണ്. നിങ്ങളുടെ ഓരോ പരിശ്രമത്തിലും സർക്കാർ ഒപ്പമുണ്ടാകുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. നിങ്ങളുടെ കഴിവിൽ എനിക്ക് അടിയുറച്ച വിശ്വാസമുണ്ട്. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും നവീനതയുമാണ് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നത്. കഴിഞ്ഞ പത്ത് വർഷം രാജ്യത്തിന്റെ ശേഷികൾ തെളിയിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന പത്ത് വർഷത്തിനുള്ളിൽ പുതിയ സ്റ്റാർട്ടപ്പ് ട്രെൻഡുകളിലും സാങ്കേതികവിദ്യകളിലും ഇന്ത്യ ലോകത്തെ നയിക്കണം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.

ഒരിക്കൽ കൂടി നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു. ഏവർക്കും നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi urges people to take 9 pledges on health, saving water, others

Media Coverage

PM Modi urges people to take 9 pledges on health, saving water, others
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister receives phone call from President Emmanuel Macron, discusses situation in West Asia and maritime security
April 16, 2026

The Prime Minister, Shri Narendra Modi, received a phone call from the President of France, Emmanuel Macron.

During the conversation, the two leaders discussed the prevailing situation in West Asia. They agreed on the urgent need to restore safety and ensure freedom of navigation in the Strait of Hormuz.

Both leaders reiterated their commitment to continue close cooperation in advancing peace and stability in the region and beyond.

The Prime Minister wrote on X;

“Received a phone call from my dear friend President Emmanuel Macron. We discussed the situation in West Asia and agreed on the need to urgently restore safety and freedom of navigation in the Strait of Hormuz.

We will continue our close cooperation to advance peace and stability in the region and beyond.

@EmmanuelMacron”