Today, North-East India is the center of India’s Act East Policy; It is becoming a bridge that connects India with South-East Asia: PM
The farmers of Barak Valley and tea garden workers have made a significant contribution to Assam’s development; the Government is continuously working for farmers’ welfare: PM
We consider border villages as the nation’s first villages; the next phase of the Vibrant Village Programme was launched from Cachar district to boost development in several Barak Valley villages as well: PM

ഭാരത് മാതാ കീ ജയ്! 

ഭാരത് മാതാ കീ ജയ്!
 
ഭാരത് മാതാ കീ ജയ്!

ബരാക് താഴ്‌വരയിലെ പ്രിയപ്പെട്ട പൗരന്മാരേ, നിങ്ങൾ ഓരോരുത്തർക്കും ഞാൻ ആദരവോടുകൂടിയ അഭിവാദ്യങ്ങളർപ്പിക്കുന്നു.

സംസ്ഥാനത്തിന്റെ ജനകീയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ സർബാനന്ദ സോനോവാൾ ജി, ഇവിടെ സന്നിഹിതരായിട്ടുള്ള സംസ്ഥാന ​ഗവൺമെന്റിലെ മന്ത്രിമാർ, ജനപ്രതിനിധികൾ, എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ.

സംസ്കാരവും ധൈര്യവും ഉത്സാഹവും നിറഞ്ഞ ബരാക് താഴ്‌വരയിലെ കുടുംബങ്ങൾക്കിടയിലേക്ക് എത്തുന്നത് എപ്പോഴും സവിശേഷമായ ഒരു അനുഭവമാണ്. 'ബരാക് താഴ്‌വരയുടെ കവാടം' എന്നാണ് സിൽചർ അറിയപ്പെടുന്നത്. ചരിത്രവും ഭാഷയും സംസ്കാരവും സംരംഭകത്വവുമെല്ലാം ഒത്തുചേർന്ന് ഒരു സവിശേഷ വ്യക്തിത്വം സൃഷ്ടിച്ച സ്ഥലമാണിത്. ഇവിടെ ബംഗാളി സംസാരിക്കപ്പെടുന്നു, അസമീസ് ഭാഷയുടെ അനുരണനങ്ങൾ കേൾക്കാം, കൂടാതെ മറ്റ് ഗോത്രവർഗ്ഗ പാരമ്പര്യങ്ങളും ഇവിടെ തഴച്ചുവളരുന്നു. ഈ വൈവിധ്യത്തെ കരുത്താക്കി മാറ്റിക്കൊണ്ട്, നിങ്ങളെല്ലാവരും സാഹോദര്യത്തോടും ഐക്യത്തോടും കൂടി ഈ പ്രദേശം മുഴുവൻ വികസിപ്പിക്കുകയാണ്. ഇതാണ് ബരാക് താഴ്‌വരയുടെ വലിയ സാധ്യത.

 

സുഹൃത്തുക്കളേ,

ബരാക് നദിയുടെ ഫലഭൂയിഷ്ഠമായ സമതലങ്ങൾ, ഇവിടുത്തെ തേയിലത്തോട്ടങ്ങൾ, കർഷകർ, വാണിജ്യ പാതകൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവയെല്ലാം എപ്പോഴും പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രദേശം അസമിനെ മാത്രമല്ല, വടക്കുകിഴക്കൻ മേഖലയെ മുഴുവനായും പശ്ചിമ ബംഗാളിനെയും പരസ്പരം ബന്ധിപ്പിക്കുന്നു. 21-ാംനൂറ്റാണ്ടിൽ ബരാക് താഴ്‌വരയുടെ പ്രാധാന്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നിങ്ങളുടെ അനുഗ്രഹം തേടി ഞാൻ ഇന്ന് നിങ്ങൾക്ക് മുന്നിലെത്തിയിരിക്കുകയാണ്. കുറച്ചുമുമ്പ് ബരാക് താഴ്‌വരയുടെയും വടക്കുകിഴക്കൻ മേഖലയുടെയും ബന്ധിപ്പിക്കൽ മെച്ചപ്പെടുത്തുന്നതിനായി ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. റോഡുകളാവട്ടെ, റെയിൽവേയാവട്ടെ, കാർഷിക കോളേജുകളാവട്ടെ ഈ പദ്ധതികളെല്ലാം ബരാക് താഴ്‌വരയെ വടക്കുകിഴക്കൻ മേഖലയുടെ ഒരു പ്രധാന ലോജിസ്റ്റിക്സ്-വാണിജ്യ ഹബ്ബാക്കി മാറ്റുകയാണ്. ഇത് ഇവിടുത്തെ യുവാക്കൾക്ക് തൊഴിലിനും സ്വയംതൊഴിലിനും എണ്ണമറ്റ അവസരങ്ങൾ സൃഷ്ടിക്കും. ഈ വികസന പദ്ധതികൾക്ക് നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യത്തിന് ശേഷം പതിറ്റാണ്ടുകളോളം കോൺഗ്രസ് ​ഗവൺമെന്റുകൾ വടക്കുകിഴക്കൻ മേഖലയെ, ഡൽഹിയിൽ നിന്നും അവരുടെ ഹൃദയങ്ങളിൽ നിന്നും അകറ്റി നിർത്തി. വടക്കുകിഴക്കൻ മേഖലയെ കോൺഗ്രസ് പാടേ മറന്നു. എന്നാൽ ബിജെപിയുടെ ഡബിൾ എഞ്ചിൻ ​ഗവൺമെന്റ് വടക്കുകിഴക്കൻ മേഖലയെ ബന്ധിപ്പിച്ചത് എങ്ങനെയെന്നതിനെക്കുറിച്ചാണ് ഇന്ന് എല്ലായിടത്തും സംസാരം. ഇന്ന് വടക്കുകിഴക്കൻ മേഖല ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിന്റെ കേന്ദ്രമായി മാറുകയും ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന പാലമായി മാറുകയും ചെയ്തിരിക്കുന്നു.

എന്നാൽ സുഹൃത്തുക്കളേ,

കോൺഗ്രസ് വടക്കുകിഴക്കൻ മേഖലയെ അതിന്റെ വിധിക്ക് വിട്ടുകൊടുത്തതുപോലെ തന്നെ, ബരാക് താഴ്‌വരയെ ദുരിതത്തിലാക്കുന്നതിലും കോൺഗ്രസ് വലിയ പങ്കുവഹിച്ചു. രാജ്യം സ്വതന്ത്രമായപ്പോൾ ബരാക് താഴ്‌വരയുടെ കടലിലേക്കുള്ള പ്രവേശനം ഇല്ലാതാക്കുന്ന തരത്തിൽ അതിർത്തികൾ നിശ്ചയിക്കാൻ കോൺഗ്രസ് അനുവദിച്ചു. ഒരുകാലത്ത് വ്യാപാര പാതയായും വ്യവസായ കേന്ദ്രമായും അറിയപ്പെട്ടിരുന്ന ബരാക് താഴ്‌വരയുടെ കരുത്ത് ചോർത്തിക്കളഞ്ഞു. സ്വാതന്ത്ര്യാനന്തരവും കോൺഗ്രസ് ​ഗവൺമെന്റുകൾ പതിറ്റാണ്ടുകളോളം ഭരിച്ചു. എന്നാൽ ബരാക് താഴ്‌വരയുടെ വികസനത്തിനായി കാര്യമായ ഒന്നും ചെയ്തില്ല.

 

സുഹൃത്തുക്കളേ,

ബിജെപിയുടെ ഡബിൾ എഞ്ചിൻ ഗവൺമെന്റ് ഈ സാഹചര്യം മാറ്റുകയാണ്. ബരാക് താഴ്‌വരയെ വീണ്ടും വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും ഒരു പ്രധാന കേന്ദ്രമാക്കി മാറ്റാൻ ഞങ്ങൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് ഈ ദിശയിൽ വളരെ വലുതും അത്യന്തം പ്രധാനപ്പെട്ടതുമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ഏകദേശം 24,000 കോടി രൂപ ചെലവ് വരുന്ന ഷില്ലോങ്-സിൽചർ അതിവേ​ഗ ഇടനാഴിയുടെ ഭൂമിപൂജ ഇന്ന് നിർവഹിക്കപ്പെട്ടു. 24,000 കോടി രൂപ - എത്രയാണ്? എത്രയാണ്? 24,000 കോടി രൂപ. എത്രയാണ്? എത്രയാണ്? എത്രയാണ് കോൺഗ്രസുകാരോട് ഒന്ന് ചോദിച്ചുനോക്കൂ, അവർക്ക് ഒരു പേപ്പറും പേനയും നൽകിയിട്ട് 24,000 കോടി എന്ന് പേപ്പറിൽ എഴുതാൻ പറയൂ, എത്ര പൂജ്യങ്ങൾ ഇടണമെന്ന് പോലും അവർക്ക് അറിയില്ല. എവിടെയാണോ കോൺഗ്രസുകാരുടെ ചിന്തകൾക്ക് പൂട്ടുവീഴുന്നത്, അവിടെ നിന്നാണ് ഞങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നത്. വടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ 'ആക്സസ് കൺട്രോൾഡ്' അതിവേ​ഗ ഇടനാഴിയായിരിക്കും ഇത്.

സുഹൃത്തുക്കളേ,

ഇതൊരു ഹൈവേ പദ്ധതി മാത്രമല്ല, വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന്റെ അവസാനമാണ്. ഈ ഇടനാഴിയിലൂടെ സിൽചർ, മിസോറാം, മണിപ്പൂർ, ത്രിപുര എന്നിവയെല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെടും. ഈ സംസ്ഥാനങ്ങൾക്ക് അപ്പുറത്ത് ബംഗ്ലാദേശും മ്യാൻമറും തുടർന്ന് തെക്കുകിഴക്കൻ ഏഷ്യയുടെ വിശാലമായ വിപണിയുമാണ് സ്ഥിതിചെയ്യുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ബരാക് താഴ്‌വര ഇന്ന് വളരെ ശോഭനമായ ഒരു ഭാവിക്ക് അടിത്തറ പാകുകയാണ്. ഇത് അസമിലെയും വടക്കുകിഴക്കൻ മേഖലയിലെ മുഴുവൻ കർഷകർക്കും ഗുണം ചെയ്യും. കൂടാതെ ഇവിടുത്തെ യുവാക്കൾക്കും ഇത് ഗുണകരമാകും. ഇത്തരത്തിലുള്ള മികച്ച കണക്റ്റിവിറ്റിയിലൂടെ ഈ മേഖലയിലുടനീളം വ്യവസായങ്ങൾ ശക്തിപ്പെടും. ടൂറിസം മേഖലയ്ക്ക് ഗുണമുണ്ടാകും. എല്ലാറ്റിലുമുപരി ഇന്ത്യയുടെ എല്ലാ കോണുകളും നിങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കപ്പെടും.

സുഹൃത്തുക്കളേ,

സിൽചറിലെ ട്രാഫിക് പ്രശ്നങ്ങൾ കാരണം നിങ്ങൾ ഏറെക്കാലമായി ബുദ്ധിമുട്ടുകയായിരുന്നു. ഇപ്പോൾ സിൽചർ ഫ്ലൈ ഓവർ വരുന്നതോടെ ഈ പ്രശ്നത്തിനും പരിഹാരമാകും. സിൽചർ മെഡിക്കൽ കോളേജ്, എൻഐടി സിൽചർ, അസം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതൊരു മികച്ച സൗകര്യമാണ്. യാത്രയ്ക്കായി ചെലവാകുന്ന അവരുടെ വിലപ്പെട്ട സമയം ലാഭിക്കാൻ ഇതിലൂടെ സാധിക്കും.

 

സുഹൃത്തുക്കളേ,

അസമിലെ റെയിൽവേ കണക്റ്റിവിറ്റിക്കായി ബിജെപിയുടെ ഡബിൾ എഞ്ചിൻ ​ഗവൺമെന്റ് വ്യാപകമായി പ്രവർത്തിച്ചുവരികയാണ്. പ്രത്യേകിച്ചും, റെയിൽവേ വൈദ്യുതീകരണത്തിനാണ് ഞങ്ങൾ പ്രധാന മുൻഗണന നൽകുന്നത്. നിലവിൽ അസമിലെ 2,500 കിലോമീറ്ററിലധികം റെയിൽ ശൃംഖല വൈദ്യുതീകരിച്ചുകഴിഞ്ഞു. ഇവിടെ ഇനി വേഗതയേറിയ ട്രെയിനുകൾ ഓടും, ഇത് ബരാക് താഴ്‌വരയുടെ പാവനമായ പരിസ്ഥിതിക്കും ഗുണകരമാകും.

സുഹൃത്തുക്കളേ,

ബരാക് താഴ്‌വരയിലെ കർഷകരും ഇവിടുത്തെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളും അസമിന്റെ വികസനത്തിന് വലിയ സംഭാവനയാണ് നൽകിയിട്ടുള്ളത്. കർഷകരുടെ ക്ഷേമത്തിനായി ഡബിൾ എഞ്ചിൻ ​ഗവൺമെന്റ് തുടർച്ചയായ നടപടികൾ സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ഗുവാഹത്തിയിൽ വെച്ച് ഞാൻ 'പിഎം കിസാൻ സമ്മാൻ നിധി'യുടെ അടുത്ത ഗഡു വിതരണം ചെയ്തു. ഇതുവരെ രാജ്യത്തുടനീളമുള്ള കർഷകർക്ക് പിഎം കിസാൻ സമ്മാൻ നിധിക്ക് കീഴിൽ ലക്ഷക്കണക്കിന് കോടി രൂപ ലഭിച്ചു. അസമിലെ കർഷകർക്ക് മാത്രം ഇതിനകം 20,000 കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ട്. ഒന്ന് ചിന്തിച്ചുനോക്കൂ, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇവിടുത്തെ കർഷകരുടെ പോക്കറ്റുകളിലേക്ക് ഞങ്ങൾ 20,000 കോടി രൂപ എത്തിച്ചു. കോൺഗ്രസ് 10 വർഷം ഭരിച്ചു, പ്രധാനമന്ത്രി പോലും അസമിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എന്നിട്ടും കർഷകർക്ക് ഒറ്റ പൈസ പോലും നൽകിയില്ല. ഒറ്റ പൈസ പോലും നൽകിയില്ല! എന്നാൽ ഞങ്ങൾ 20,000 കോടി രൂപ നൽകി. ഇന്നലെ ബരാക് താഴ്‌വരയിലെ ആയിരക്കണക്കിന് കർഷകർക്കും അവരുടെ അക്കൗണ്ടുകളിൽ ഈ ഗഡു ലഭിച്ചു. തിരഞ്ഞെടുപ്പിന് ശേഷവും അതാത് സമയത്ത് അവർക്ക് ഇത് തുടർന്നും ലഭിച്ചുകൊണ്ടിരിക്കും. ഗ്രാമങ്ങളിലെ ചെറുകിട കർഷകരുടെ ചെറിയ കാർഷിക ആവശ്യങ്ങൾ നിറവേറ്റാൻ ഈ പണം വലിയ രീതിയിൽ സഹായിക്കുന്നു.

സുഹൃത്തുക്കളേ,

ബരാക് താഴ്‌വര ഇനി കൃഷിയുടെ പേരിൽ മാത്രമല്ല, കൃഷിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും പേരിലും അറിയപ്പെടും. ബരാക് താഴ്‌വരയിലെ ആദ്യത്തെ കാർഷിക കോളേജിന്റെ നിർമ്മാണം പതാർകണ്ടിയിൽ ഇന്ന് ആരംഭിക്കുകയാണ്. ഇത് കർഷകർക്ക് ഗുണം ചെയ്യും, കൂടാതെ ഇവിടുത്തെ യുവാക്കൾക്ക് കാർഷിക സ്റ്റാർട്ടപ്പുകളിൽ ഏർപ്പെടാനുള്ള പിന്തുണയും പ്രോത്സാഹനവും അവസരങ്ങളും നൽകുകയും ചെയ്യും.

സുഹൃത്തുക്കളേ,

വികസന ഓട്ടത്തിൽ പിന്നിലായിപ്പോയവർക്ക് മുൻഗണന നൽകുക എന്നതാണ് ബിജെപിയുടെ നയം. അതിർത്തിപ്രദേശങ്ങളെ രാജ്യത്തെ അവസാനത്തെ ഗ്രാമങ്ങളായാണ് കോൺഗ്രസ് ​ഗവൺമെന്റുകൾ പരിഗണിച്ചിരുന്നത്. ഞങ്ങൾ അതിർത്തിഗ്രാമങ്ങളെ രാജ്യത്തെ പ്രഥമ ഗ്രാമങ്ങളായി പരിഗണിക്കുന്നു. അതുകൊണ്ടാണ് 'വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന്റെ' അടുത്ത ഘട്ടം കച്ചാർ ജില്ലയിൽ നിന്ന് തന്നെ ആരംഭിച്ചത്. ഇത് ബരാക് താഴ്‌വരയിലെ പല ഗ്രാമങ്ങളിലും പുരോഗതി ഉറപ്പാക്കും.

 

സുഹൃത്തുക്കളേ,

ഇവിടെ വലിയൊരു വിഭാഗം സഹോദരങ്ങൾ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. തേയിലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഭൂമിക്ക് മേലുള്ള അവകാശം നൽകുക എന്ന ചരിത്രപരമായ ദൗത്യം അസം ​ഗവൺമെന്റ് നിർവഹിച്ചു. ഈ കുടുംബങ്ങളുടെ ഭാവി തന്നെ മാറ്റുന്ന നിർണായക തുടക്കമാണിത്. ഭൂമിയുടെ ഉടമസ്ഥാവകാശം ലഭ്യമാക്കുന്നതിലൂടെ ഈ കുടുംബങ്ങൾക്ക് സുരക്ഷിതത്വവും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,

ദയവായി അല്പം പിന്നിലേക്ക് നിൽക്കൂ, അവിടെ ഇനി സ്ഥലമില്ല, നിങ്ങൾക്ക് ഇപ്പോൾ മുന്നോട്ട് വരാൻ കഴിയില്ല. അവരെ അല്പം ദൂരേക്ക് നിർത്തൂ, അവർക്ക് ഇനി മുന്നോട്ട് വരാൻ സാധിക്കില്ല. അസമിലെ എന്റെ സഹോദരീസഹോദരന്മാർ വളരെ വിവേകമുള്ളവരാണ്. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും വലിയൊരു കരുത്താണ്, ഞാൻ നിങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുകയാണ്.

സുഹൃത്തുക്കളേ,

ഏകദേശം 200 വർഷത്തോളമായി തേയിലത്തോട്ടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന തലമുറകളുടെ പോരാട്ടങ്ങളെ ആദരിച്ചതിന് ഹിമന്ത ജിയുടെ ​ഗവൺമെന്റിനെ ഞാൻ അഭിനന്ദിക്കുന്നു. നോക്കൂ, എന്റെ വാക്കുകൾക്കൊപ്പം മേഘങ്ങൾ പോലും ഗർജ്ജിക്കാൻ തുടങ്ങിയിരിക്കുന്നു. മുൻ ഗവൺമെന്റുകൾ അവരുടെ വിധിക്ക് വിട്ടുകൊടുത്തവരെ ഇപ്പോൾ ബിജെപി ഗവൺമെന്റ് പരിഗണിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

ഇതൊരു ഭൂമിയുടെ മേലുള്ള നിയമപരമായ അവകാശത്തിന്റെ മാത്രം കാര്യമല്ല. ഇതിലൂടെ, ഈ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ നിരവധി ക്ഷേമ പദ്ധതികളുമായി കൂടുതൽ വേഗത്തിൽ ബന്ധപ്പെടാൻ സാധിക്കും. ഭവന പദ്ധതികളോ വൈദ്യുതിയോ വെള്ളമോ ഗ്യാസ് പദ്ധതികളോ ആകട്ടെ ഈ കുടുംബങ്ങൾക്ക് ഇനി അവയുടെ പൂർണ്ണ പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളേ,

സമീപ വർഷങ്ങളിൽ ബിജെപി ​ഗവൺമെന്റ് തേയിലത്തോട്ടങ്ങളിൽ നിരവധി സ്കൂളുകൾ തുറക്കുകയും കുട്ടികൾക്ക് സ്കോളർഷിപ്പുകൾ നൽകുകയും ഗവൺമെന്റ് ജോലികളിലേക്കുള്ള പാതകളൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ശ്രമങ്ങൾ തേയിലത്തോട്ടങ്ങളിലെ യുവാക്കൾക്ക് ശോഭനമായ ഭാവിയിലേക്കുള്ള വാതിലുകൾ തുറക്കുന്നു.

സുഹൃത്തുക്കളേ,

ബിജെപിയുടെ ഡബിൾ എഞ്ചിൻ ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം, നൈപുണ്യ വികസനം, ആരോഗ്യപരിരക്ഷാ സൗകര്യങ്ങൾ എന്നിവ പ്രധാന മുൻഗണനകളാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കോൺഗ്രസ് കാട്ടിയ അവഗണന മൂലം അസം ഏറെക്കാലം കഷ്ടപ്പെട്ടു. ഇന്ന് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയുടെ ഒരു പ്രധാന ഹബ്ബായി അസം ഉയർന്നുവരികയാണ്. ഇതിൽ നിന്നും ബരാക് താഴ്‌വരയ്ക്ക് വലിയ നേട്ടമുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസവും ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രമുഖ സ്ഥാപനങ്ങൾ ഇപ്പോൾ ഇവിടെ സ്ഥാപിതമായിട്ടുണ്ട്.

സുഹൃത്തുക്കളേ,

കോൺഗ്രസ് അസമിലെ യുവാക്കളെ അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും ദുഷിച്ച വലയത്തിൽ മാത്രമാണ് തളച്ചിട്ടത്. കോൺഗ്രസ് അസമിനെ 'ഭിന്നിപ്പിച്ചുഭരിക്കുക' എന്ന നയത്തിന്റെ ഒരു പരീക്ഷണശാലയാക്കി മാറ്റി. ഇന്ന് അസമിലെ യുവാക്കൾക്ക് മുന്നിൽ അവസരങ്ങൾ തുറന്നുകിടക്കുന്നു. ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലെ സുപ്രധാന ഭാഗമായി അസം മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തതലമുറ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഒരു ആവാസവ്യവസ്ഥയും പ്രതിഭാശാലികളും ഇവിടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഐഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങൾ ഇവിടെ സ്ഥാപിക്കപ്പെടുന്നു. മെഡിക്കൽ കോളേജുകളുടെയും എയിംസിന്റെയും കാൻസർ ആശുപത്രികളുടെയും കരുത്തുറ്റ ഒരു ശൃംഖല നിർമ്മിക്കപ്പെടുന്നു. സമാധാനത്തിന്റെയും പുരോഗതിയുടെയും ഈ പുതിയ യുഗം വന്നത് നിരവധി ത്യാഗങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയുമാണ്. നിലവിൽ അസമിനെ പഴയ കാലത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്ന ഓരോ ശക്തിയെയും ഉറച്ചുനിന്ന് നേരിടേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

ഇന്ന് സിൽചറിൽ നിന്ന് എനിക്ക് അസമിനെ ഒരു കാര്യം കൂടി അറിയിക്കാനുണ്ട്. നിങ്ങൾ അസമിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കി. ഇന്ന് രാജ്യത്തെ ഓരോ സംസ്ഥാനവും കോൺഗ്രസിനെ പാഠം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് ഒന്നിനുപുറകെ ഒന്നായി തിരഞ്ഞെടുപ്പുകളിൽ തോറ്റുകൊണ്ടിരിക്കുന്നു. സമീപഭാവിയിൽ തന്നെ, കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ തോൽവികളുടെ സെഞ്ച്വറി പൂർത്തിയാക്കാൻ പോവുകയാണ്. തുടർച്ചയായ തോൽവികളിൽ നിന്നുള്ള നിരാശ മൂലം, കോൺഗ്രസ് ഇപ്പോൾ രാജ്യത്തിന് തന്നെ എതിരെ ഒരു പോർമുഖം തുറന്നിരിക്കുകയാണ്. രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുന്ന തിരക്കിലാണ് കോൺഗ്രസ് നേതാക്കൾ. ഡൽഹിയിൽ ഇത്രയും വലിയൊരു AI ഉച്ചകോടി നടന്നത് നിങ്ങൾ കണ്ടു. ഇന്ന് ലോകം മുഴുവൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) വലിയ താൽപ്പര്യം പ്രകടിപ്പിക്കുമ്പോൾ ആഗോളതലത്തിൽ പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ട് ഡൽഹി വിജയകരമായി ഒരു ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. ലോകമെമ്പാടുമുള്ള നേതാക്കളും പ്രമുഖ സാങ്കേതിക കമ്പനികളും മികച്ച സാങ്കേതിക വിദഗ്ധരും ഡൽഹിയിലെത്തി. ഈ ഉച്ചകോടിയെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് 'വസ്ത്രം കീറിയുള്ള' ഒരു പ്രതിഷേധം സംഘടിപ്പിച്ചു. സ്വന്തം വസ്ത്രം കീറുന്നതല്ലാതെ മറ്റൊന്നും ഇപ്പോൾ കോൺഗ്രസിന് ബാക്കിയില്ല. മാന്യമല്ലാത്തതും അപമാനകരവുമായ ഈ പ്രതിഷേധത്തെ രാജ്യം മുഴുവൻ വിമർശിച്ചു. എന്നാൽ ഡൽഹിയിലെ കോൺഗ്രസ് രാജകുടുംബം ഈ നാണക്കേടിനെ ഒരു മെഡലായി കാണുകയും രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നവരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. രാജ്യത്തിനെതിരെ നിലകൊള്ളുന്ന ഇങ്ങനെയുള്ളൊരു കോൺഗ്രസിന് ഒരു സംസ്ഥാനത്തിനും ഗുണം ചെയ്യാൻ കഴിയില്ല, അസമിലെ യുവാക്കളുടെ ക്ഷേമത്തെക്കുറിച്ച് ഒരിക്കലും ചിന്തിക്കാനും കഴിയില്ല.

സുഹൃത്തുക്കളേ,

ഇക്കാലത്ത് ലോകമെമ്പാടും, നമ്മുടെ അയൽപക്കങ്ങളിൽ പോലും യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം, അത് നിങ്ങൾ ദിവസവും കാണുന്നതുമാണ്. യുദ്ധം സൃഷ്ടിച്ച സാഹചര്യങ്ങളിൽ നമ്മുടെ പൗരന്മാർക്ക് കഴിയുന്നത്ര കുറഞ്ഞ ബുദ്ധിമുട്ടുകൾ മാത്രമേ ഉണ്ടാകൂ എന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ ​ഗവൺമെന്റ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. യുദ്ധം നമ്മുടെ ജനങ്ങളിൽ ചെലുത്തുന്ന ആഘാതം കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. ഈ സമയത്ത് കോൺഗ്രസ് ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ദേശീയ താൽപ്പര്യമുള്ള ഈ സുപ്രധാന ദൗത്യത്തിൽ കോൺഗ്രസ് വീണ്ടും പരാജയപ്പെട്ടു. രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാനും രാജ്യത്തെ ബുദ്ധിമുട്ടുകളിൽ തളച്ചിടാനും തുടർന്ന് മോദിയെ അധിക്ഷേപിക്കാനും കോൺഗ്രസ് പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

സുഹൃത്തുക്കളേ,

കോൺഗ്രസിന് അസമിനെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ യാതൊരു കാഴ്ചപ്പാടുമില്ല. അതുകൊണ്ടുതന്നെ, വ്യാജ റീലുകളുടെ ഒരു വ്യവസായം തന്നെ തുടങ്ങിയതുപോലെ കിംവദന്തികളെയും അസത്യങ്ങളെയും വഞ്ചനയെയും അവർ തങ്ങളുടെ ആയുധമാക്കി മാറ്റിയിരിക്കുകയാണ്. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനം ഉൾക്കൊള്ളാൻ കഴിയാത്ത ലോകശക്തികളുടെയും രാജ്യത്തിന്റെ പുരോഗതിയിൽ അതൃപ്തിയുള്ള വിദേശ ശക്തികളുടെയും പാവയായി കോൺഗ്രസ് നിർഭാഗ്യവശാൽ മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് അസമിലെ ഓരോ പൗരനും ഓരോ യുവാവും കോൺഗ്രസിനെതിരെ ജാഗ്രത പാലിക്കേണ്ടത്.

സുഹൃത്തുക്കളേ,

അസമും ബരാക് താഴ്‌വരയും ഇപ്പോൾ വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും പേരിലാണ് ബരാക് താഴ്‌വര അറിയപ്പെടുന്നു. വികസനത്തിന്റെ പുതിയ കേന്ദ്രമായി ബരാക് താഴ്‌വര അംഗീകരിക്കപ്പെടുന്ന ദിവസം വിദൂരമല്ല.

സുഹൃത്തുക്കളേ,

ഞങ്ങളെ അനുഗ്രഹിക്കാനായി ഇത്രയധികം ആളുകൾ ഇവിടെ എത്തിയിരിക്കുന്നു. രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്നവരും സാധ്യതകൾ തിരയുന്നവരും ഇന്ന് ബരാക് താഴ്‌വരയിലെ ഈ കാഴ്ച കാണുമ്പോൾ - നാളെ ബോഡോ കമ്മ്യൂണിറ്റിയുടെയും തേയിലത്തോട്ടം തൊഴിലാളിസമൂഹത്തിന്റെയും കാഴ്ചകൾ കൂടി കാണുമ്പോൾ - ഈ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് അവർക്ക് വ്യക്തമാകും. അനുഗ്രഹം നൽകാനായി ഇത്രയുമധികം ആളുകൾ എത്തിയതിൽ ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഒപ്പം എല്ലാ വികസന പദ്ധതികൾക്കും ഒരിക്കൽ കൂടി നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു. എന്നോടൊപ്പം പറയൂ-

ഭാരത് മാതാ കീ ജയ്!

വന്ദേ മാതരം!

വന്ദേ മാതരം!

വന്ദേ മാതരം!

വന്ദേ മാതരം!

വന്ദേ മാതരം!

വന്ദേ മാതരം!

വന്ദേ മാതരം!

വന്ദേ മാതരം!

വന്ദേ മാതരം!

വന്ദേ മാതരം!

വന്ദേ മാതരം!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Follower to leader: India's AI application shifts reshape tech landscape

Media Coverage

Follower to leader: India's AI application shifts reshape tech landscape
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates Mr. Péter Magyar on election victory in Hungary
April 13, 2026

Prime Minister Shri Narendra Modi today extended his heartiest congratulations to Mr. Péter Magyar and the Tisza Party on their resounding election victory.

The Prime Minister remarked that India and Hungary are bound by a deep-rooted friendship, shared values, and enduring mutual respect. Shri Modi stated that he looks forward to working closely with Mr. Magyar to further strengthen bilateral cooperation between the two nations and advancing the vital India-EU Strategic Partnership for the shared prosperity and well-being of the people of both regions.

The Prime Minister wrote on X:

"Heartiest congratulations to Mr. Péter Magyar and the Tisza Party on your resounding election victory. India and Hungary are bound by deep-rooted friendship, shared values and enduring mutual respect. I look forward to working closely with you to further strengthen our bilateral cooperation and to advance the vital India-EU Strategic Partnership for the shared prosperity and well-being of our peoples.

@magyarpeterMP "