ഓം ശാന്തി!
ഛത്തീസ്ഗഢ് ഗവർണർ ശ്രീ രമെൻ ഡേകാ ജി, ജനകീയനും ഊർജ്ജസ്വലനുമായ സംസ്ഥാന മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ്, രാജയോഗിനി സിസ്റ്റർ ജയന്തി, രാജയോഗി മൃത്യുഞ്ജയ്, എല്ലാ ബ്രഹ്മകുമാരി സഹോദരിമാരേ, ഇവിടെ സന്നിഹിതരായ മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!
ഇന്ന് വളരെ സവിശേഷമായ ഒരു ദിവസമാണ്. ഛത്തീസ്ഗഢ് രൂപീകൃതമായിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുന്നു. ഛത്തീസ്ഗഢിനൊപ്പം ജാർഖണ്ഡും ഉത്തരാഖണ്ഡും രൂപീകൃതമായിട്ട് 25 വർഷം തികയുകയാണ്. ഇന്ന്, രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും സ്ഥാപക ദിനം ആഘോഷിക്കുകയാണ്. ഈ സവിശേഷ അവസരത്തിൽ ഈ സംസ്ഥാനങ്ങളിലെ എല്ലാവർക്കും ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. “സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം” എന്ന മന്ത്രം പിന്തുടർന്ന്, വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ദൗത്യത്തിൽ നാമെല്ലാവരും കൂട്ടായി ഏർപ്പെട്ടിരിക്കുകയാണ്.

സുഹൃത്തുക്കളേ,
വികസിത ഭാരതത്തിലേക്കുള്ള ഈ സുപ്രധാന യാത്രയിൽ, ബ്രഹ്മകുമാരീസ് പോലുള്ള ഒരു സ്ഥാപനത്തിന് വളരെ പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. പതിറ്റാണ്ടുകളായി നിങ്ങളുമായി സഹകരിക്കാൻ കഴിഞ്ഞത് എൻ്റെ ഭാഗ്യമാണ്. ഞാനിവിടെ ഒരു അതിഥിയല്ല - ഞാൻ നിങ്ങളിൽ ഒരാളാണ്. ഈ ആത്മീയ പ്രസ്ഥാനം ഒരു വലിയ ആൽമരം പോലെ വളർന്നു പന്തലിക്കുന്നതിന് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2011-ൽ അഹമ്മദാബാദിൽ നടന്ന 'ഫ്യൂച്ചർ ഓഫ് പവർ' പരിപാടി, 2012-ൽ സ്ഥാപനത്തിന്റെ 75-ാം വാർഷികാഘോഷം, 2013-ലെ പ്രയാഗ്‌രാജിലെ പരിപാടി - മൗണ്ട് അബുവിലേക്കുള്ള യാത്രയായാലും ഗുജറാത്തിലെ പരിപാടികളിൽ പങ്കെടുക്കുന്നതായാലും, അത്തരം അവസരങ്ങൾ എനിക്ക് പതിവായിരുന്നു. ഡൽഹിയിൽ വന്നതിനുശേഷവും, ആസാദി കാ അമൃത് മഹോത്സവമായാലും, സ്വച്ഛ് ഭാരത് മിഷനായാലും, ജൽ ജൻ അഭിയാനായാലും, ഞാൻ നിങ്ങളുടെ ഇടയിൽ വരുമ്പോഴെല്ലാം, നിങ്ങളുടെ ശ്രമങ്ങളെ വളരെ ആത്മാർത്ഥതയോടെ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ഇവിടെ വാക്കുകൾ കുറവാണെന്നും സേവനം കൂടുതലാണെന്നും എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഈ സ്ഥാപനവുമായുള്ള എൻ്റെ ബന്ധം തികച്ചും വ്യക്തിപരമാണ് - ജാനകി ദാദിയുടെ വാത്സല്യവും രാജയോഗിനി ദാദി ഹൃദയ മോഹിനിയുടെ മാർഗ്ഗനിർദ്ദേശവും എൻ്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ഓർമ്മകളാണ്. ഞാൻ എന്നെത്തന്നെ ഭാഗ്യവാനായി കരുതുന്നു. 'ശാന്തി ശിഖർ' എന്ന ഈ ആശയത്തിൽ, അവരുടെ ചിന്തകൾ രൂപം കൊള്ളുകയും സജീവമാകുകയും ചെയ്യുന്നത് ഞാൻ കാണുന്നു. ശാന്തി ശിഖർ – അക്കാദമി ഫോർ എ പീസ്ഫുൾ വേൾഡ്. വരും കാലങ്ങളിൽ, ലോകസമാധാനത്തിനായുള്ള അർത്ഥവത്തായ ശ്രമങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി ഈ സ്ഥാപനം മാറുമെന്ന് എനിക്ക് ഉറപ്പോടെ പറയാൻ കഴിയും. ഈ പ്രശംസനീയമായ ഉദ്യമത്തിന് നിങ്ങൾക്കും, ഇന്ത്യയിലും വിദേശത്തുമുള്ള ബ്രഹ്മകുമാരീസ് കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും എൻ്റെ ആശംസകൾ നേരുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ പാരമ്പര്യത്തിൽ ഇങ്ങനെ പറയുന്നു: ആചാരഃ പരമോ ധർമ, ആചാരഃ പരമം തപഃ। ആചാരഃ പരമം ജ്ഞാനം, ആചാരാത് കിം ന സാധ്യതേ, അതായത്, ആചാരമാണ് ഏറ്റവും വലിയ ധർമ്മം, ആചാരമാണ് ഏറ്റവും വലിയ തപസ്സ്, ആചാരമാണ് പരമമായ ജ്ഞാനം. ശരിയായ ആചാരത്തിലൂടെ എന്താണ് നേടാനാകാത്തത്? മറ്റൊരു തരത്തിൽ പറഞ്ഞാൽ, വാക്കുകൾ പ്രവൃത്തിയായി മാറുമ്പോൾ മാത്രമേ യഥാർത്ഥ പരിവർത്തനം സംഭവിക്കുകയുള്ളൂ. ഇതാണ് ബ്രഹ്മകുമാരീസ് സംഘടനയുടെ ആത്മീയ ശക്തിയുടെ ഉറവിടവും. ഇവിടെ, ഓരോ സഹോദരിയും ആദ്യം കഠിനമായ തപസ്സിനും അച്ചടക്കത്തിനും സ്വയം വിധേയയാകുന്നു. നിങ്ങളുടെ വ്യക്തിത്വം തന്നെ ലോകത്തിലും പ്രപഞ്ചത്തിലും സമാധാനത്തിനായുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ആദ്യത്തെ അഭിവാദ്യം തന്നെ ഓം ശാന്തി! എന്നാണ്: 'ഓം' ബ്രഹ്മത്തെയും പ്രപഞ്ചത്തെയും സൂചിപ്പിക്കുന്നു, 'ശാന്തി' സമാധാനത്തിനുള്ള ആഗ്രഹത്തെ പ്രതീകപ്പെടുത്തുന്നു. അതുകൊണ്ടാണ് ബ്രഹ്മകുമാരികളുടെ ചിന്തകളും ഉപദേശങ്ങളും ഓരോ വ്യക്തിയുടെയും ഉള്ളിന്റെയുള്ളിൽ സ്പർശിക്കുന്നത്.

സുഹൃത്തുക്കളേ,
ലോകസമാധാനം എന്ന ആശയം ഭാരതത്തിൻ്റെ തനതായ തത്ത്വചിന്തയുടെ അവിഭാജ്യ ഘടകമാണ്. അത് ഭാരതത്തിൻ്റെ ആത്മീയബോധത്തിൻ്റെ പ്രകടനമാണ്. കാരണം, എല്ലാ ജീവജാലങ്ങളിലും ദൈവികത കാണുന്നവരാണ് നാം; പ്രപഞ്ചത്തെ ഉൾക്കൊള്ളുന്നതിനായി സ്വയം വികസിപ്പിക്കുന്നവരാണ് നാം. നമ്മുടെ പാരമ്പര്യത്തിലെ ഓരോ മതപരമായ ചടങ്ങുകളും "ലോകത്തിന് അനുഗ്രഹം ഉണ്ടാകട്ടെ! എല്ലാ ജീവജാലങ്ങൾക്കിടയിലും സന്മനസ്സുണ്ടാകട്ടെ!" എന്ന പ്രാർത്ഥനയോടെയാണ് സമാപിക്കുന്നത്. ഇത്രയും വിശാലവും ദയയുള്ളതുമായ കാഴ്ചപ്പാടും ഇത്രയും ഉന്നതമായ ചിന്തയും വിശ്വാസവും സാർവത്രിക ക്ഷേമത്തിൻ്റെ ചൈതന്യവും തമ്മിലുള്ള സ്വാഭാവികമായ സംഗമവും നമ്മുടെ നാഗരികതയിലും പാരമ്പര്യത്തിലും അന്തർലീനമാണ്. നമ്മുടെ ആത്മീയത നമ്മെ സമാധാനത്തിൻ്റെ പാഠം പഠിപ്പിക്കുക മാത്രമല്ല, അത് നേടാനുള്ള പാതയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. ആത്മസംയമനത്തിൽ നിന്ന് ആത്മജ്ഞാനവും ആത്മജ്ഞാനത്തിൽ നിന്ന് ആത്മസാക്ഷാത്കാരവും ആത്മസാക്ഷാത്കാരത്തിൽ നിന്ന് ആന്തരിക സമാധാനവും ഉണ്ടാകുന്നു. ഈ പാതയിലൂടെ സഞ്ചരിച്ച്, ശാന്തി ശിഖർ അക്കാദമിയിലെ സാധകർ ലോകസമാധാനത്തിന്റെ ഉപകരണങ്ങളായി മാറും.
സുഹൃത്തുക്കളേ,
ആഗോള സമാധാനത്തിനായുള്ള ദൗത്യത്തിൽ, പ്രായോഗിക നയങ്ങളും പ്രവർത്തനങ്ങളും പോലെ തന്നെ ചിന്തകളും പ്രധാനമാണ്. ഭാരതം ഇന്ന് ഈ ദിശയിൽ തൻ്റെ പങ്ക് ഏറ്റവും ആത്മാർത്ഥതയോടെ നിറവേറ്റാൻ ശ്രമിക്കുകയാണ്. ലോകത്ത് എവിടെയെങ്കിലും ഒരു പ്രതിസന്ധിയോ ദുരന്തമോ ഉണ്ടാകുമ്പോൾ, ഭാരതം ഒരു വിശ്വസ്ത പങ്കാളിയായി മുന്നോട്ട് വരികയും ഉടൻ തന്നെ സഹായഹസ്തം നീട്ടുകയും ചെയ്യുന്നു. ഭാരതം ലോകത്തിൻ്റെ 'ഫസ്റ്റ് റെസ്പോണ്ടർ' ആയി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ,
പരിസ്ഥിതിയുമായി ബന്ധപ്പെട്ട വെല്ലുവിളികൾക്കിടയിൽ, ലോകമെമ്പാടുമുള്ള പ്രകൃതി സംരക്ഷണത്തിനായുള്ള ഒരു മുൻനിര ശബ്ദമായി ഭാരതം ഉയർന്നുവന്നിട്ടുണ്ട്. പ്രകൃതി നമുക്ക് നൽകിയതിനെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പഠിക്കുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ. നമ്മുടെ ഗ്രന്ഥങ്ങളും നമ്മുടെ സ്രഷ്ടാവായ പ്രജാപിതാവും നമ്മെ ഇത് പഠിപ്പിച്ചിട്ടുണ്ട്. നദികളെ നാം അമ്മമാരായി കാണുന്നു, ജലത്തെ ദൈവമായി ആരാധിക്കുന്നു, സസ്യങ്ങളിൽ ദൈവികത ദർശിക്കുന്നു. ഈ വികാരത്താൽ നയിക്കപ്പെടുമ്പോൾ, പ്രകൃതിയുടെയും അതിൻ്റെ വിഭവങ്ങളുടെയും ഉപയോഗം കേവലം സ്വീകരിക്കാനുള്ള ആഗ്രഹത്താൽ നയിക്കപ്പെടുന്നതല്ല, മറിച്ച് തിരികെ നൽകാനുള്ള ഉദ്ദേശ്യത്തോടെയാണ്. ഈ ജീവിതരീതി തന്നെ സുരക്ഷിതമായ ഭാവിക്കായി ലോകത്തിന് ഒരു ഉറപ്പ് നൽകുന്നു.

സുഹൃത്തുക്കളേ,
ഭാരതം, ഇപ്പോഴും, ഭാവിയോടുള്ള തൻ്റെ ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കുകയും നിറവേറ്റുകയും ചെയ്യുന്നു. 'ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്', 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' തുടങ്ങിയ ഭാരതത്തിൻ്റെ സംരംഭങ്ങൾ ലോകത്തെ ഒരുമിപ്പിക്കുന്നു. ഭൗമരാഷ്ട്രീയ അതിരുകൾക്കപ്പുറം എല്ലാ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി ഉദ്ദേശിച്ചിട്ടുള്ള 'മിഷൻ ലൈഫ്' എന്ന പദ്ധതിക്കും ഭാരതം തുടക്കം കുറിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,
സമൂഹത്തെ തുടർച്ചയായി ശാക്തീകരിക്കുന്നതിൽ ബ്രഹ്മകുമാരീസ് പോലുള്ള സ്ഥാപനങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശാന്തി ശിഖർ പോലുള്ള സ്ഥാപനങ്ങൾ ഭാരതത്തിൻ്റെ ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം നൽകുമെന്നും ഈ സ്ഥാപനത്തിൽ നിന്ന് പുറപ്പെടുന്ന ഊർജ്ജം രാജ്യത്തെയും ലോകത്തെയും കോടിക്കണക്കിന് ആളുകളെ ലോകസമാധാനമെന്ന ആശയവുമായി ബന്ധിപ്പിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. പ്രധാനമന്ത്രിയായതിന് ശേഷം ഞാൻ ലോകത്തിൻ്റെ പല ഭാഗങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്, ഒരു വിമാനത്താവളത്തിലോ പരിപാടി നടക്കുന്ന വേദിയിലോ ബ്രഹ്മകുമാരീസ് അംഗങ്ങളെ കാണാത്ത, അല്ലെങ്കിൽ അവരുടെ ആശംസകൾ എന്നെ അനുഗമിക്കാത്തതോ ആയ ഒരു രാജ്യം പോലും എൻ്റെ ഓർമ്മയിലില്ല. അങ്ങനെയൊന്ന് ഒരുപക്ഷേ ഉണ്ടായെന്നുവരില്ല. ഇത് എനിക്ക് സ്വന്തമെന്ന ഒരു തോന്നൽ നൽകുന്നു, അതോടൊപ്പം അത് നിങ്ങളുടെ ശക്തിയെക്കുറിച്ചുള്ള ഒരു ധാരണയും എനിക്ക് നൽകുന്നു, തീർച്ചയായും, ഞാൻ ശക്തിയുടെ ആരാധകനാണ്.
ഈ പുണ്യവും മംഗളകരവുമായ വേളയിൽ നിങ്ങളുടെ ഇടയിൽ സന്നിഹിതനാകാൻ എനിക്ക് അവസരം നൽകിയതിന്, ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. നിങ്ങൾ പരിപോഷിപ്പിക്കുന്ന സ്വപ്നങ്ങൾ കേവലം സ്വപ്നങ്ങളല്ല - അവ ദൃഢമായ പ്രതിജ്ഞകളായാണ് ഞാൻ എല്ലായ്പ്പോഴും അനുഭവിച്ചിട്ടുള്ളത്, നിങ്ങളുടെ പ്രതിജ്ഞകൾ തീർച്ചയായും നിറവേറ്റപ്പെടുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഈ മനോഭാവത്തോടെ, 'ശാന്തി ശിഖർ – അക്കാദമി ഫോർ എ പീസ്ഫുൾ വേൾഡിന്റെ ഉദ്ഘാടനത്തിന് ഒരിക്കൽ കൂടി എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിങ്ങൾക്ക് എല്ലാവർക്കും എൻ്റെ ഊഷ്മളമായ ആശംസകൾ.
വളരെ നന്ദി!
ഓം ശാന്തി!


