ആദരണീയ പ്രസിഡൻ്റ്,
ഇന്ത്യയിലേക്ക് താങ്കളേയും താങ്കളുടെ പ്രതിനിധി സംഘത്തെയും ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഇന്ന് നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ ഒരു ചരിത്ര ദിനമാണ്. ഇന്ത്യ-ഫിലിപ്പീൻസ് ബന്ധത്തെ ഒരു തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് നാം ഉയർത്തുകയാണ്. ഇത് നമ്മുടെ ബന്ധങ്ങൾക്ക് പുതിയ ആക്കം കൂട്ടുകയും പ്രതിരോധ, സുരക്ഷാ മേഖലകളിലെ നമ്മുടെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വ്യാപാരം, പ്രതിരോധം, സമുദ്ര സഹകരണം, ആരോഗ്യ സംരക്ഷണം, സുരക്ഷ, ഭക്ഷ്യസുരക്ഷ, വികസന പങ്കാളിത്തം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും നമ്മുടെ ബന്ധങ്ങൾ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ന് നമ്മൾ അടുത്ത അഞ്ച് വർഷത്തേക്കുള്ള ഒരു കർമ്മ പദ്ധതി സ്ഥാപിക്കുന്നു എന്നത് വളരെയധികം സംതൃപ്തി നൽകുന്ന കാര്യമാണ്.
ആദരണീയ പ്രസിഡൻ്റ്,
2027 ജൂലൈ വരെ, ഫിലിപ്പീൻസ്, ആസിയാനിൽ ഇന്ത്യയുടെ കൺട്രി കോർഡിനേറ്ററായി സേവനമനുഷ്ഠിക്കുകയാണ്. 2026 ൽ, താങ്കൾ ആസിയാന്റെ അധ്യക്ഷ സ്ഥാനവും ഏറ്റെടുക്കും. ഫിലിപ്പീൻസിന്റെ നേതൃത്വത്തിൽ ഇന്ത്യ-ആസിയാൻ ബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
ആദരണീയ പ്രസിഡൻ്റ്,
ഇപ്പോൾ നമ്മൾ ഒരുമിച്ച് ഇരിക്കുമ്പോൾ, മിക്കവാറും എല്ലാ പ്രധാന വിഷയങ്ങളെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു. അതിനാൽ, അവ അനാവശ്യമായി ആവർത്തിക്കാനോ പുനരവതരിപ്പിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് നമുക്ക് സഹായകമാകുന്ന പ്രാരംഭ പരാമർശങ്ങൾക്കായി ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു.


