എക്‌സലൻസി,
താങ്കൾ എനിക്ക് നൽകിയ ഊഷ്മളമായ സ്വാഗതത്തിന് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. കഴിഞ്ഞ വർഷം, കസാനിൽ നമ്മൾ വളരെ അർത്ഥവത്തായ ഒരു ചർച്ച നടത്തി, അത് നമ്മുടെ ബന്ധങ്ങൾക്ക് ഒരു നല്ല ദിശാബോധം നൽകി. അതിർത്തിയിലെ സേനാ പിന്മാറ്റത്തെ തുടർന്ന് സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സ്ഥാപിക്കപ്പെട്ടു. അതിർത്തി മാനേജ്‌മെന്റിനെക്കുറിച്ച് നമ്മുടെ പ്രത്യേക പ്രതിനിധികൾ ഒരു ധാരണയിലെത്തി. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചു, അടുത്തതായി ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകളും ആരംഭിക്കുന്നുണ്ട് . നമ്മുടെ ഇരു രാജ്യങ്ങളിലെയും 2.8 ബില്യൺ ജനങ്ങളുടെ താൽപ്പര്യങ്ങളുമായി നമ്മൾ തമ്മിലുള്ള സഹകരണം ബന്ധപ്പെട്ടിരിക്കുന്നു. ഇത് എല്ലാ മനുഷ്യരാശിയുടെയും ക്ഷേമത്തിന് വഴിയൊരുക്കും. പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ നമ്മുടെ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നാം പ്രതിജ്ഞാബദ്ധരാണ്.
എക്‌സലൻസി,
എസ്‌സിഒ(Shanghai Cooperation Organization)യിലെ ചൈനയുടെ വിജയകരമായ അദ്ധ്യക്ഷപദത്തിന് ഞാൻ താങ്കളെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. ചൈന സന്ദർശിക്കാനുള്ള ക്ഷണത്തിനും ഇന്നത്തെ കൂടികാഴ്ചയ്ക്കും ഒരിക്കൽ കൂടി എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.


