ആദരണീയനായ എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് മാക്രോൺ,
വിസിമാർ, വ്യവസായ പ്രമുഖരേ, നവസംരംഭകരേ,

ബോൺഷൂർ (Bonjour)!
നമസ്തേ!

'ഭാരത് ഇന്നവേറ്റ്സ്' പരിപാടിയുമായി സഹകരിക്കുന്ന എല്ലാ പങ്കാളികൾക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു. ഈ പരിപാടിയുടെ വിജയത്തിനായി ഏവർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അർപ്പിക്കുന്നു.

സുഹൃത്തുക്കളേ,

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പരസ്പരം വ്യാപാരത്തിൽ ഏർപ്പെടാറുണ്ട്, കൂടാതെ രാജ്യങ്ങൾ തമ്മിൽ തന്ത്രപ്രധാനമായ പങ്കാളിത്തങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ, പങ്കിട്ട താല്പര്യങ്ങളാൽ മാത്രമല്ല, മറിച്ച് ഒരു പങ്കിട്ട കാഴ്ചപ്പാടിലൂടെയും നയിക്കപ്പെടുന്ന ചില ബന്ധങ്ങളുണ്ട്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം അത്തരത്തിലുള്ള ഒന്നാണ്.

ഈ ബന്ധം പരസ്പരമുള്ള ബന്ധത്തിന്റെയും ദൃഢവിശ്വാസത്തിന്റെയും അടയാളമാണ്. ഇത് നവീകരണത്തെയും  പ്രചോദനത്തെയും ഒരുപോലെ ഉൾക്കൊള്ളുന്നു. പങ്കിട്ട മൂല്യങ്ങളിലും ഒപ്പം ഒരു പങ്കിട്ട കാഴ്ചപ്പാടിലുമാണ് ഇതിന്റെ അടിത്തറ പാകിയിരിക്കുന്നത്.

ഈ ബന്ധത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ടാണ്, കഴിഞ്ഞ വർഷങ്ങളിൽ നാം സംയുക്തമായി പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചതും, പുതിയ ആശയങ്ങൾക്ക് വഴികാട്ടിയായതും, ആഗോള വെല്ലുവിളികൾക്ക് പരിഹാരം കാണാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയതും.

അത് അന്താരാഷ്ട്ര സൗരസഖ്യം ആകട്ടെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി (AI) ബന്ധപ്പെട്ട ചർച്ചകൾ ആകട്ടെ, അല്ലെങ്കിൽ സുരക്ഷ മുതൽ സുസ്ഥിരത വരെ നീളുന്ന നമ്മുടെ സഹകരണമാകട്ടെ, മാനവികതയെ ബാധിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ഇരു രാജ്യങ്ങളും നിരന്തരം ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് 'ഇന്ത്യ-ഫ്രാൻസ് ഇയർ ഓഫ് ഇന്നവേഷൻ'  ആരംഭിച്ചത്. ഇന്ന്, 'ഭാരത് ഇന്നവേറ്റ്സ്' -ന്റെ തുടക്കവും ഫ്രാൻസിന്റെ പങ്കാളിത്തത്തോടെ നിർവ്വഹിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്.

ഈയൊരു അവസരത്തിൽ ഇവിടെ സന്നിഹിതനായ എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. പ്രസിഡന്റ് മാക്രോൺ, താങ്കളുടെ സമീപകാലത്തെ ഇന്ത്യൻ സന്ദർശന വേളയിൽ, ഈ നൂറ്റാണ്ടിന്റെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും ഫ്രാൻസും ഒന്നിക്കണമെന്ന് താങ്കൾ പറയുകയുണ്ടായി. ഇന്ന്, ഈ സംരംഭം ആ ദിശയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും.

ഇന്ത്യൻ പ്രതിഭകളും യൂറോപ്യൻ മൂലധനവും തമ്മിലുള്ള ഒരു പാലമായാണ് 'ഭാരത് ഇന്നവേറ്റ്സ്' പ്ലാറ്റ്‌ഫോം ഉയർന്നുവരുന്നത്. ഇന്ത്യയിലെ യുവമനസ്സുകൾക്ക് യൂറോപ്യൻ വൈദഗ്ധ്യവുമായി ബന്ധപ്പെടാൻ അവസരം ലഭിക്കുന്ന ഒരു വേദിയാണിത്.

സുഹൃത്തുക്കളേ,

ഇന്ന്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ വലിയൊരു പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ ഒരു സ്റ്റാർട്ടപ്പ് വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഈ വിപ്ലവത്തിൽ, ഇന്ത്യയിലെ യുവാക്കൾ ഒരു പുതിയ ചിന്താഗതിയോടെ, മാനവികതയുടെ നന്മയ്ക്കായി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ്. നമ്മുടെ യുവ നവസംരംഭകർ വികസിപ്പിച്ചെടുത്ത ലോകോത്തര നിലവാരമുള്ള പരിഹാരങ്ങളെ ആഗോള വേദിയിലെത്തിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോമായി 'ഭാരത് ഇന്നവേറ്റ്സ്' വർത്തിക്കുന്നു. ഈ സംരംഭത്തിന്റെ സംഘാടനത്തിൽ ഐ.ഐ.ടി ഡൽഹി  ബോർഡ് ചെയർപേഴ്സൺ കൂടിയായ എന്റെ സുഹൃത്ത് ശ്രീ ഹരീഷ് സാൽവെ മികച്ച സംഭാവനയാണ് നൽകിയിട്ടുള്ളത്; അദ്ദേഹത്തെയും ഈ ടീമിലെ മുഴുവൻ അംഗങ്ങളെയും അവരുടെ പരിശ്രമങ്ങൾക്ക് ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

വലിയൊരു കൂട്ടം യുവ സംരംഭകരാണ് ഇന്ന് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. അവരിൽ ഇന്ത്യയുടെ ഭാവി വ്യക്തമായി കാണാൻ കഴിയും. ഇന്ത്യയിലെ യുവാക്കളുടെ ആത്മവിശ്വാസം ദർശിക്കാൻ കഴിയും. ഒരു പുതിയ ഇന്ത്യയുടെ ഊർജ്ജവും അവരിൽ ദൃശ്യമാണ്.

പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ സ്വീകരിക്കുന്ന ഒരു രാജ്യം എന്നതിലുപരി, ലോകത്തിന് പരിഹാരങ്ങൾ സംഭാവന ചെയ്യുന്ന ഒരു രാജ്യമായി ഉയർന്നുവരുന്ന ഇന്ത്യയെയാണ് നാം കാണുന്നത്. ഇവിടെ, ചിലർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വഴി ഗ്രാമീണ ജീവിതത്തിന് മാറ്റം വരുത്താൻ ശ്രമിക്കുമ്പോൾ, മറ്റു ചിലർ കർഷകരെ സഹായിക്കാൻ സാറ്റലൈറ്റ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. സ്മാർട്ട് സിറ്റികൾ, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, പുതിയ മെറ്റീരിയലുകൾ എന്നിവയിലൂടെ ചില യുവ നവസംരംഭകർ ഭാവി രൂപപ്പെടുത്തുന്നു. ഗ്രീൻ ഹൈഡ്രജൻ, ഇലക്ട്രിക് മൊബിലിറ്റി, ബാറ്ററി സാങ്കേതികവിദ്യകൾ എന്നിവയിലൂടെ സുസ്ഥിരമായ ഒരു ഭാവി ഉറപ്പാക്കാനാണ് മറ്റുള്ളവർ ശ്രമിക്കുന്നത്. അതേസമയം തന്നെ, പ്രതിരോധ-സുരക്ഷാ മേഖലകളിൽ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന നിരവധി സ്റ്റാർട്ടപ്പുകളുമുണ്ട്.

നിങ്ങളുടെ ഈ കഴിവുകൾ കാണുമ്പോൾ എനിക്ക് പറയാനുള്ളത് ഇതാണ്: ഭാരതം നവീകരണങ്ങൾ നടത്തുന്നത് വലിയ തോതിലും വേഗതയിലുമാണ്. ഭാരതം നവീകരണങ്ങൾ നടത്തുന്നത് സുസ്ഥിരമായ ഒരു ഭാവിക്ക് വേണ്ടിയാണ്. ഭാരതം നവീകരണങ്ങൾ നടത്തുന്നത് ഈ ലോകത്തിന് മുഴുവൻ വേണ്ടിയാണ്.

സുഹൃത്തുക്കളേ,

ഇന്ന് നിരവധി സംരംഭ മൂലധന നിക്ഷേപകരും (വെഞ്ച്വർ കാപ്പിറ്റലിസ്റ്റുകളും)  വ്യവസായ പ്രമുഖരും ഈ പരിപാടിയുടെ ഭാഗമായിട്ടുണ്ട്. അവരുടെ സാന്നിധ്യത്തിൽ, ഇന്ത്യയിൽ നിന്ന് എത്തിയിട്ടുള്ള ഈ യുവ പങ്കാളികളെ പ്രത്യേകം അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഇവിടെ എത്തിയിരിക്കുന്നവരെല്ലാം തന്നെ പരമ്പരാഗതമായ പാത പിന്തുടരാതിരിക്കാൻ ശ്രദ്ധിച്ചവരാണ്. പകരം, അവർ പുതിയൊരു വഴി വെട്ടിത്തുറക്കുകയും തങ്ങൾക്കായി ഒരു പുതിയ ദിശ രൂപപ്പെടുത്തുകയും ചെയ്തു. ഇവിടെ നിങ്ങൾ നൂറോ നൂറ്റിയിരുപത്തഞ്ചോ സ്റ്റാർട്ടപ്പുകളെ മാത്രമായിരിക്കാം കാണുന്നത്, എന്നാൽ ഇന്ന് ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം വരുന്ന ഇത്തരം സ്റ്റാർട്ടപ്പുകളുടെ ഒരു വലിയ നിര തന്നെയുണ്ട്. ഈ സ്റ്റാർട്ടപ്പുകൾ ഇപ്പോൾ പുതിയൊരു ഊർജ്ജത്തോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും വളർച്ചയ്ക്ക് സംഭാവന നൽകിക്കൊണ്ടിരിക്കുകയാണ്.

സുഹൃത്തുക്കളേ,

ലോകത്തെ സംബന്ധിച്ചിടത്തോളം, ഈ ദശാബ്ദം തകിടംമറിച്ചിലുകളുടെയും  ഒപ്പം വികസനത്തിന്റെയും കൂടിയാണ്. തുടരുന്ന സംഘർഷങ്ങൾക്കിടയിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ വർദ്ധിച്ചുവരുന്ന ആഘാതങ്ങൾക്കിടയിലും, അഭൂതപൂർവമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്.അങ്ങനെ,ഇന്ന് മാനവികത നേരിടുന്ന വെല്ലുവിളികൾ വളരെ വലുതാണെങ്കിലും, നമ്മുടെ മുന്നിലുള്ള അവസരങ്ങളും അത്രതന്നെ പ്രാധാന്യമുള്ളവയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്നോളജി, ബഹിരാകാശ സാങ്കേതികവിദ്യകൾ, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ എന്നിവയെല്ലാം മാനവികതയുടെ ഭാവി രൂപപ്പെടുത്താൻ പോകുന്ന സാങ്കേതികവിദ്യകളാണ്. അവ മനുഷ്യ നാഗരികതയുടെ അടുത്ത അധ്യായത്തെയാണ് പ്രതിനിധീകരിക്കുന്നത്.

ഓരോ സാങ്കേതിക വിപ്ലവവും മാനവികതയ്ക്ക് മുന്നിൽ പുതിയൊരു അവസരമാണ് തുറന്നു നൽകുന്നത്. അതോടൊപ്പം, ഓരോ അവസരവും പുതിയൊരു ഉത്തരവാദിത്തവും കൂടെക്കൊണ്ടുവരുന്നുണ്ട്. ഇന്ന് ലോകം ഉറ്റുനോക്കുന്നത് വിശ്വസനീയവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, മനുഷ്യകേന്ദ്രീകൃതവും, ആഗോള നന്മ ലക്ഷ്യമിടുന്നതുമായ സാങ്കേതികവിദ്യകളിലേക്കാണ്. ഇങ്ങനെയൊരു സമയത്ത്, 'മാനവികതയ്ക്ക് വേണ്ടിയുള്ള സാങ്കേതികവിദ്യ' , അഥവാ മനുഷ്യകേന്ദ്രീകൃതമായ നവീകരണങ്ങൾക്കാണ് ഇന്ത്യ മുൻഗണന നൽകുന്നത്.

സുഹൃത്തുക്കളേ,

ഈയൊരു മന്ത്രം തന്നെയാണ് നമ്മുടെ ഡിജിറ്റൽ വിപ്ലവത്തിന്റെ കാതലായി വർത്തിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ സത്തയെ പ്രതിഫലിപ്പിക്കുന്നതും ഇതുതന്നെയാണ്. എല്ലാവരുടെയും ക്ഷേമത്തിനും നന്മയ്ക്കും വേണ്ടിയുള്ള 'എല്ലാവർക്കും എ.ഐ' എന്നത് തന്നെയാണ് നമ്മുടെ എ.ഐ (AI) കാഴ്ചപ്പാടിന്റെയും അടിസ്ഥാന തത്വം. ഡൽഹിയിൽ നടന്ന 'എ.ഐ ഇംപാക്ട് സമ്മിറ്റിന്റെ' പ്രധാന പ്രമേയവും ഇതുതന്നെയായിരുന്നു.

സുഹൃത്തുക്കളേ,

നവീകരണവും എല്ലാവരെയും ഉൾക്കൊള്ളലും  പരസ്പരവിരുദ്ധമല്ല, മറിച്ച് പരസ്പരം പൂരകങ്ങളാണെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ട്. ഇതിനർത്ഥം, ഏതൊരു നവീകരണത്തിന്റെയും മഹത്വം അതിന്റെ മൂല്യനിർണ്ണയത്തിൽ  മാത്രമല്ല അടങ്ങിയിരിക്കുന്നത്, പകരം അത് മനുഷ്യജീവിതത്തിൽ ഉണ്ടാക്കുന്ന സ്വാധീനത്തിലാണ് അതിന്റെ യഥാർത്ഥ മഹത്വം കുടികൊള്ളുന്നത്.

ഇതാണ് 'ഭാരത് ഇന്നവേറ്റ്സ്'-ന്റെ അന്തഃസത്ത. ഇതാണ് ഇന്ത്യയുടെ കാഴ്ചപ്പാട്. ഇവിടെ സന്നിഹിതരായിരിക്കുന്ന സ്റ്റാർട്ടപ്പ് കൂട്ടായ്മകൾക്കൊപ്പം, ഇത് നിങ്ങൾക്കേവർക്കും ഒരുപോലെ വലിയൊരു പ്രചോദനമായി വർത്തിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

നവീകരണം ഇന്ത്യയുടെ ഡിഎൻഎയിൽ (DNA) ഉള്ളതാണ്. ആയിരക്കണക്കിന് വർഷങ്ങളായി, ഇന്ത്യ അതിന്റെ അറിവിലൂടെയും നവീകരണത്തിലൂടെയും ലോകത്തിന് പുതിയ ദിശാബോധം നൽകിയിട്ടുണ്ട്. ഗണിതശാസ്ത്രം മുതൽ ജ്യോതിശാസ്ത്രം വരെ, വൈദ്യശാസ്ത്രം മുതൽ യോഗ വരെ, ഇന്ത്യയുടെ സംഭാവനകൾ മനുഷ്യരാശിയുടെ മുഴുവൻ പുരോഗതിക്കും അടിത്തറ പാകിയിട്ടുണ്ട്. ഇന്ന്, ആ പൈതൃകത്തിന് നാം ഒരു പുതിയ വേഗതയും പുതിയ ദിശാബോധവും നൽകിയിരിക്കുകയാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ 11-12 വർഷങ്ങളായി ഇന്ത്യ നവീകരണത്തിനായി ശക്തമായ ഒരു ആവാസവ്യവസ്ഥ  കെട്ടിപ്പടുത്തിട്ടുണ്ട്. പേറ്റന്റ് ഫയലിംഗുകൾ മുതൽ ഇൻകുബേഷൻ ശൃംഖലകൾ വരെ, 'സ്റ്റാർട്ടപ്പ് ഇന്ത്യ' മുതൽ നയപരമായ പിന്തുണകൾ വരെ, ഈ യാത്ര മുഴുവൻ ഒരു മിഷൻ മോഡിലാണ് മുന്നോട്ട് പോയത്.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ് ഇന്ത്യ. എന്നിരുന്നാലും, നമ്മുടെ കാഴ്ചപ്പാട് വൻനഗരങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. നവീകരണത്തെ താഴേത്തട്ടിലേക്ക് എത്തിക്കാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്.

വിദ്യാലയങ്ങളിൽ 'അടൽ ടിങ്കറിംഗ് ലാബുകൾ'  സ്ഥാപിച്ചു, യുവാക്കളെ ഹാക്കത്തോണുകളുമായും ഇന്നവേഷൻ ചലഞ്ചുകളുമായും ബന്ധിപ്പിച്ചു വരുന്നു, രാജ്യത്തുടനീളം ഇൻകുബേറ്ററുകളും ഗവേഷണ സ്ഥാപനങ്ങളും വ്യാപിപ്പിച്ചു വരുന്നു, ഒപ്പം വനിതാ നവസംരംഭകരെ പ്രത്യേകം പുതിയ സാങ്കേതികവിദ്യകളുടെ വിപുലമായ ശ്രേണിയുമായി ബന്ധിപ്പിച്ചു വരുന്നു.

ഈ ശ്രമങ്ങളുടെയെല്ലാം ഫലമായി ഇന്ത്യ വൻതോതിലുള്ള പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇന്ന്, ഡ്രോൺ ദിദിമാർ (ഡ്രോൺ സഹോദരിമാർ) മുതൽ സ്റ്റാർട്ടപ്പുകളുടെ സ്ഥാപകർ വരെയായി നമ്മുടെ സ്ത്രീശക്തി പുതിയ വിജയഗാഥകൾ രചിക്കുകയാണ്.

സുഹൃത്തുക്കളേ,

നമ്മുടെ യുവാക്കളുടെ ഊർജ്ജം കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി, ഇന്ത്യയുടെ പ്രതിരോധ മേഖലയേയും  നവീകരണങ്ങൾക്കായി തുറന്നുനൽകിയിട്ടുണ്ട്. ഇന്ന് പ്രതിരോധ, ബഹിരാകാശ മേഖലകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

അടുത്തിടെ, ആണവോർജ്ജ മേഖലയിലും ഇന്ത്യ സുപ്രധാനമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയുണ്ടായി. ഈ പരിഷ്കാരങ്ങൾ ക്ലീൻ എനർജി (ഹരിത ഊർജ്ജം), അഡ്വാൻസ്ഡ് റിയാക്ടറുകൾ, ഫ്രോണ്ടിയർ റിസർച്ച് (ഫ്രണ്ട്‌ലൈൻ ഗവേഷണങ്ങൾ) എന്നീ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.

ഈ പരിഷ്കരണങ്ങളുടെ വേഗത ഇവിടെയൊന്നും നിൽക്കില്ല; ഇത് നിരന്തരം മുന്നോട്ട് തന്നെ കുതിക്കും. ഇന്ത്യയിൽ നിന്ന് ഉയർന്നുവരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇനിയും പലമടങ്ങ് വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഒരു ദശാബ്ദം മുൻപ് വരെ ലോകം ഇന്ത്യയെ കണ്ടിരുന്നത് സാങ്കേതികവിദ്യകൾ സ്വീകരിക്കുന്ന  ഒരു രാജ്യമായിട്ടായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യ ഒരു സാങ്കേതികവിദ്യാ ദാതാവായി ഉയർന്നുവരികയാണ്. ഇന്ത്യ എന്ത് നവീകരണം നടത്തിയാലും, എന്ത് പരിഹാരങ്ങൾ നൽകിയാലും അത് മാനവികതയുടെ വലിയൊരു വിഭാഗത്തിന് പ്രയോജനപ്പെടുന്നു. ഇതുതന്നെയാണ് 'ഭാരത് ഇന്നവേറ്റ്സ്'-ന്റെയും ലക്ഷ്യം.

ആഗോള നവീകരണത്തിന്റെ അടുത്ത അധ്യായം ഇന്ത്യയോടൊപ്പം ചേർന്ന് ഒന്നിച്ച് രൂപപ്പെടുത്താനുള്ള ലോകത്തിനായുള്ള ഒരു ക്ഷണമാണ് 'ഭാരത് ഇന്നവേറ്റ്സ്'.

അടുത്ത മൂന്ന് ദിവസങ്ങളിലായി ഇവിടെ നടക്കുന്ന സെഷനുകൾക്കും ചർച്ചകൾക്കും ഞാൻ എന്റെ എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങൾ പങ്കാളിത്തം ആഗ്രഹിക്കുന്നു. ഞങ്ങൾ സംയുക്ത വികസനം ആഗ്രഹിക്കുന്നു. ഞങ്ങൾ സംയുക്ത ഗവേഷണം ആഗ്രഹിക്കുന്നു. ഞങ്ങൾ പങ്കിട്ടുള്ള ഉൽപ്പാദനം ആഗ്രഹിക്കുന്നു. ഒപ്പം ഞങ്ങൾ ദീർഘകാല സഹകരണവും ആഗ്രഹിക്കുന്നു.

ഇന്ന് ഇവിടെ സന്നിഹിതരായിരിക്കുന്ന ഓരോ നിക്ഷേപകരെയും, ഓരോ സർവ്വകലാശാലകളെയും, ഓരോ ഗവേഷണ സ്ഥാപനങ്ങളെയും, ഓരോ സംരംഭകരെയും ഞാൻ ഹൃദയപൂർവ്വം ക്ഷണിക്കുകയാണ്. ഇന്ത്യയിലേക്ക് വരൂ. ഞങ്ങളോടൊപ്പം ഒന്നിച്ച് പ്രവർത്തിക്കൂ. ഇന്ത്യയിൽ രൂപകൽപ്പന ചെയ്യൂ . ഇന്ത്യയിൽ വികസിപ്പിക്കൂ . ഈ ലോകത്തിന് മുഴുവൻ വേണ്ടിയുള്ള പരിഹാരങ്ങൾ സൃഷ്ടിക്കൂ.

വളരെയധികം നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Marvell to invest $250 million, double India workforce in 3 years

Media Coverage

Marvell to invest $250 million, double India workforce in 3 years
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 30
July 30, 2026

Aatmanirbhar in Action: How PM Modi Turned Vision into Export Multipliers & Safer Rails