പങ്കിടുക
 
Comments

നമസ്‌കാരം!

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. ഹര്‍ദീപ് സിങ് പുരി ജി, ത്രിപുര മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേവ് ജി, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഭായ് ഹേമന്ത് സോറന്‍ ജി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിങ് ചൗഹാന്‍ ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാണി ജി, തമിഴ്‌നാട് മുഖ്യമന്ത്രി തിരു ഇ.കെ.പളനിസ്വാമി ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ. വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി, പരിപാടിയില്‍ പങ്കെടുക്കുന്ന ഗവര്‍ണര്‍മാരെ, മറ്റു വിശിഷ്ടാതിഥികളെ, സഹോദരീ സഹോദരന്‍മാരെ, എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍ നേരുന്നു.


പുതിയ ഊര്‍ജത്തോടെ പുതിയ ദൃഢപ്രതിജ്ഞകള്‍ അതിവേഗം സാധ്യമാക്കുന്നതിന്റെ വിശിഷ്ടമായ ഉദ്ഘാടനം നടക്കുകയാണ് ഇന്ന്. ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും വീടുകള്‍ നിര്‍മിക്കുന്നതിന് പുതിയ സാങ്കേതിക വിദ്യ ഇന്നു രാജ്യത്തിനു ലഭിക്കുകയാണ്. സാങ്കേതിക ഭാഷയില്‍ നിങ്ങള്‍ അതിനെ ലൈറ്റ് ഹൗസ് പദ്ധതിയെന്നു വിളിക്കുന്നു. ഈ ആറു പദ്ധതികള്‍ ശരിക്കും ദീപ സ്തംഭങ്ങള്‍ പോലെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ ആറു ലൈറ്റ് ഹൗസ് പദ്ധതികള്‍ രാജ്യത്തു ഭവന നിര്‍മാണത്തിനു പുതിയ ദിശ പകരും. രാജ്യത്തിന്റെ കിഴക്കു-പടിഞ്ഞാറുനിന്നും തെക്കു-വടക്കുനിന്നും എല്ലാ മേഖലകളില്‍നിന്നുമുള്ള സംസ്ഥാനങ്ങള്‍ ഒരുമിക്കുന്നതു നമ്മുടെ സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിന്റെ കരുത്തു വര്‍ധിപ്പിക്കുകയാണ്.


സുഹൃത്തുക്കളെ,
ഈ ലൈറ്റ് ഹൗസ് പദ്ധതികള്‍ രാജ്യത്തെ പ്രവര്‍ത്തന മാതൃകകള്‍ക്ക് ഉത്തമ മാതൃകകളാണ്. ഇതിനു പിന്നിലുള്ള ബൃഹത്തായ വീക്ഷണം നാം തിരിച്ചറിയേണ്ടതുണ്ട്. ഒരുകാലത്ത് കേന്ദ്ര ഗവണ്‍മെന്റിനു കീഴില്‍ ഭവന പദ്ധതികള്‍ക്ക് അര്‍ഹമായ മുന്‍ഗണന ലഭിച്ചിരുന്നില്ല. ഭവന നിര്‍മാണത്തിന്റെ വിശദാംശങ്ങളിലേക്കോ മേന്‍മയിലേക്കോ ഗവണ്‍മെന്റുകള്‍ കടന്നിരുന്നില്ല. എന്നാല്‍, പ്രവൃത്തി വികസിപ്പിക്കുമ്പോള്‍ ഈ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ എത്രത്തോളം ബുദ്ധിമുട്ടായിരിക്കും എന്നു നമുക്കറിയാം. ഇപ്പോള്‍ രാജ്യം വ്യത്യസ്തമായ സമീപനവും വേറൊരു വഴിയും സ്വീകരിച്ചിരിക്കുകയാണ്.


സുഹൃത്തുക്കളെ,
നടപടിക്രമങ്ങളില്‍ മാറ്റമില്ലാതെ നടക്കുന്ന പല കാര്യങ്ങളും നമുക്കുണ്ട്. ഭവന പദ്ധതിയും അങ്ങനെത്തന്നെ ആയിരുന്നു. അതു മാറ്റാനുള്ള ദൃഢനിശ്ചയം നാം കൈക്കൊണ്ടു. എന്തുകൊണ്ട് നമ്മുടെ രാജ്യത്തിനു മെച്ചപ്പെട്ട സാങ്കേതിക വിദ്യ ലഭ്യമാക്കിക്കൂടാ? എന്തുകൊണ്ട് ദീര്‍ഘകാലം നിലനില്‍ക്കുന്ന വീടുകള്‍ നമുക്കിടയിലെ ദരിദ്രര്‍ക്കു ലഭിച്ചുകൂടാ? എന്തുകൊണ്ടു വീടുകള്‍ വേഗം നിര്‍മിച്ചുുകൂടാ? ചീര്‍ത്തതും മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ ഗവണ്‍മെന്റ് മന്ത്രാലയങ്ങളല്ല വേണ്ടത്. മറിച്ച് സ്റ്റാര്‍ട്ടപ്പുകളെപ്പോലെ ചുറുചുറുക്കുള്ളതും അനുയോജ്യവും ആയിരിക്കണം. അതിനാല്‍ നാം ആഗോള ഭവന നിര്‍മാണ സാങ്കേതിക വിദ്യാ ചലഞ്ച് സംഘടിപ്പിക്കുകയും ലോകത്താകമാനമുള്ള മുന്‍നിര കമ്പനികളെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തു. ലോകത്താകമാനമുള്ള 50 നൂതന നിര്‍മാണ സാങ്കേതിക വിദ്യകള്‍ ചടങ്ങില്‍ പരിചയപ്പെടുത്തപ്പെട്ടു. ഈ ആഗോള വെല്ലുവിളിയോടെ പുതിയ സാങ്കേതിക വിദ്യ കണ്ടെത്തുന്നതിനും വളര്‍ത്തിയെടുക്കാനും നമുക്കു സാധിച്ചു. ഇതേ പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടത്തില്‍ ഇന്നു മുതല്‍ ആറു ലൈറ്റ് ഹൗസ് പദ്ധതികള്‍ക്കു തുടക്കമിടുകയാണ്. ഈ ലൈറ്റ് ഹൗസ് പദ്ധതികള്‍ നൂതന സാങ്കേതിക വിദ്യയും നടപടിക്രമവും വഴിയാണു നിര്‍മിക്കപ്പെടുക. ഇതു നിര്‍മാണത്തിന് ആവശ്യമായ സമയം കുറച്ചുകൊണ്ടുവരികയും കൂടുതല്‍ കാലം നിലനില്‍ക്കുന്നതും ചെലവു കുറഞ്ഞതും സൗകര്യപ്രദവുമായ വീടുകള്‍ ദരിദ്രര്‍ക്ക് ഉറപ്പാക്കുകയും ചെയ്യും. വിദഗ്ധര്‍ക്ക് ഇക്കാര്യം അറിയാം. എന്നാല്‍ ജനങ്ങളും ഇക്കാര്യം മനസ്സിലാക്കണം. കാരണം, ഈ സാങ്കേതിക വിദ്യ ഇപ്പോള്‍ നഗരത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. ഇതു ഭാവിയില്‍ രാജ്യത്താകമാനം വികസിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.


സുഹൃത്തുക്കളെ,
ഇന്‍ഡോറില്‍ നിര്‍മിക്കപ്പെടുന്ന വീടുകള്‍ക്ക് ഇഷ്ടികകളോ ചുണ്ണാമ്പോ കൊണ്ടുള്ള ചുമരുകളല്ല ഉണ്ടാവുക, മറിച്ച് പ്രീഫാബ്രിക്കേറ്റഡ് സാന്‍ഡ്‌വിച്ച് പാനല്‍ സിസ്റ്റമാണ് ഉപയോഗിക്കുക. രാജ്‌കോട്ടില്‍ ടണലുകള്‍ ഉപയോഗപ്പെടുത്തി മോണോലിത്തിക് കോണ്‍ക്രീറ്റ് നിര്‍മാണ സാങ്കേതിക വിദ്യ ഉപയോഗിക്കും. ഫ്രഞ്ച് സാങ്കേതിക വിദ്യ നമുക്കു കൂടുതല്‍ വേഗം നേടിത്തരികയും ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലുള്ള വീടുകള്‍ യാഥാര്‍ഥ്യമാക്കിത്തരികയും ചെയ്യും. വീടുകള്‍ വേഗത്തിലും കുറഞ്ഞ ചെലവിലും നിര്‍മിക്കാന്‍ സഹായകമായ യു.എസിലെയും ഫിന്‍ലന്‍ഡിലെയും പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് ചെന്നൈയിലെ വീടുകള്‍ നിര്‍മിക്കപ്പെടുക. ജര്‍മനിയുടെ 3ഡി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് റാഞ്ചിയിലെ വീടുകളുടെ നിര്‍മാണം നടക്കുക. ഓരോ മുറികളും വെവ്വേറെ നിര്‍മിക്കപ്പെടുകയും പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യും. അഗര്‍ത്തലയില്‍ വീടുകള്‍ നിര്‍മിക്കുന്നത് ന്യൂസിലാന്‍ഡില്‍നിന്നുള്ള സ്റ്റീല്‍ ഫ്രെയിംസ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ്. ഭൂകമ്പ സാധ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ അത്തരം വീടുകളാണു നല്ലതെന്നു കരുതപ്പെടുന്നു. ലഖ്‌നൗവില്‍ കനഡയുടെ സാങ്കേതിക വിദ്യ ഉപയോഗിപ്പെടുത്തും. ഇതിന് പ്ലാസ്റ്ററോ പെയ്‌ന്റോ ആവശ്യമില്ല. മുന്‍കൂട്ടി നിര്‍മിച്ച ചുമരുകളാണ് ഉപയോഗിക്കുക. ഈ രീതി വഴി വീടുകള്‍ വേഗം നിര്‍മിക്കാന്‍ സാധിക്കും. ഓരോ സ്ഥലത്തും 12 മാസത്തിനിടെ ആയിരം വീടുകള്‍ വീതം നിര്‍മിക്കും. ഒരു മാസത്തിനകം തൊണ്ണൂറോ നൂറോ വീടുകള്‍ നിര്‍മിക്കും. ഒരു വര്‍ഷത്തിനകം ആയിരം വീടുകള്‍ നിര്‍മിക്കും. അടുത്ത ജനുവരി 26നകം ഈ പ്രവൃത്തിയില്‍ വിജയം നേടാനാണ് ഉദ്ദേശിക്കുന്നത്.

സുഹൃത്തുക്കളെ,

ഒരര്‍ഥത്തില്‍ ഈ പദ്ധതികള്‍ ഭവന നിര്‍മാണ രീതി വികസിപ്പിച്ചെടുക്കുന്നതിനുള്ള കേന്ദ്രങ്ങളായിരിക്കും. നമ്മുടെ ആസൂത്രകര്‍ക്കും ആര്‍കിടെക്റ്റുമാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതിയ സാങ്കേതിക വിദ്യ പരീക്ഷിച്ചു പഠിക്കാന്‍ അവസരം ലഭിക്കും. രാജ്യത്ത് ഈ മേഖലയിലുള്ള സര്‍വകലാശാലകളിലെയും എന്‍ജിനീയറിങ് കോളജുകളിലെയും അധ്യാപകരോടും വിദ്യാര്‍ഥികളോടും പത്തോ പതിനഞ്ചോ പേരടങ്ങുന്ന സംഘങ്ങളായി ഈ ആറു നിര്‍മാണ കേന്ദ്രങ്ങളും സന്ദര്‍ശിച്ച് ഒരാഴ്ച തങ്ങി ആഴത്തില്‍ പഠിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു.


അവിടെയുള്ള ഗവണ്‍മെന്റുകളും അവരെ സഹായിക്കണം. വികസിപ്പിച്ചെടുക്കുന്ന ഈ പൈലറ്റ് പദ്ധതി സന്ദര്‍ശിക്കാനും സാങ്കേതിക വിദ്യയെ കുറിച്ചു പഠിക്കാനും നമ്മുടെ സര്‍വകലാശാലകളിലെ ആള്‍ക്കാര്‍ തയ്യാറാകണം. ഒരു സാങ്കേതിക വിദ്യയും അന്ധമായി സ്വീകരിക്കേണ്ടതില്ല. നമ്മുടെ രാജ്യത്തിന്റെ ആവശ്യകതയ്ക്കും വിഭവലഭ്യത്ക്കും അനുസൃതമായി സാങ്കേതിക വിദ്യയ്ക്കു മാറ്റം വരുത്താന്‍ സാധിക്കുമോ എന്നു പഠിക്കാന്‍ നാം തയ്യാറാകണം. അതിന്റെ പ്രവര്‍ത്തന രീതി മാറ്റാന്‍ നമുക്കു സാധിക്കുമോ? അതിന്റെ പ്രകടന നിലവാരം മാറ്റാന്‍ നമുക്കു സാധിക്കുമോ? നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്കു പുതുമയും മൂല്യവും ചാര്‍ത്താന്‍ തീര്‍ച്ചയായും സാധിക്കുമെന്നു ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അതുവഴി കൂടുതല്‍ വേഗത്തില്‍ രാജ്യം പുതിയ ദിശയില്‍ ചരിക്കുമെന്നും ഞാന്‍ കരുതുന്നു. ഭവന നിര്‍മാണ രംഗത്തു പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നൈപുണ്യം മെച്ചപ്പെടുത്തുന്നതിനായി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നുണ്ട്. ഇതു വെല്ലുവിളി നിറഞ്ഞ ജോലിയാണ്. നാം ഇതോടൊപ്പം മനുഷ്യവിഭവ ശേഷി വികസനവും നൈപുണ്യ വികസനവും ആരംഭിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഇതേക്കുറിച്ച് ഓണ്‍ലൈനില്‍ വായിച്ചു മനസ്സിലാക്കാം. പരീക്ഷയെഴുതി സര്‍ട്ടിഫിക്കറ്റ് നേടാം. രാജ്യത്തെ ജനങ്ങള്‍ക്കു ഭവന നിര്‍മാണത്തിനായി ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയും നിര്‍മാണ വസ്തുക്കളും ലഭ്യമാക്കുന്നതിനാണ് ഇതു നടപ്പാക്കുന്നത്.


സുഹൃത്തുക്കളെ,
ആധുനിക ഭവന നിര്‍മാണ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗവേഷണവും സ്റ്റാര്‍ട്ടപ്പുകളും രാജ്യത്തു പ്രോല്‍സാഹിപ്പിക്കുന്നതിനാണ് ആശ-ഇന്ത്യ പ്രദ്ധതി നടപ്പാക്കപ്പെടുന്നത്. ഇതിലൂടെ 21ാം നൂറ്റാണ്ടില്‍ വീടുകള്‍ നിര്‍മിക്കുന്നതിനുള്ള താങ്ങാവുന്ന ചെലവിലുള്ള സാങ്കേതിക വിദ്യ രാജ്യത്തു തന്നെ വികസിപ്പിക്കും. ഈ പ്രചരണത്തിനു കീഴില്‍ അഞ്ചു മികച്ച സാങ്കേതിക വഴികള്‍കൂടി തെരഞ്ഞെടുത്തിട്ടുണ്ട്. മികച്ച കെട്ടിട നിര്‍മാണ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി ഒരു പുസ്തകവും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും- നവരീതി പ്രകാശിപ്പിക്കാനുള്ള അവസരവും എനിക്കുണ്ടായി. ഇതില്‍ സമഗ്ര സമീപനത്തോടെ ഭാഗമായ എല്ലാ സഹപ്രവര്‍ത്തകരെയും ഞാന്‍ അഭിനന്ദിക്കുന്നു.


സുഹൃത്തുക്കളെ,
നഗരങ്ങളില്‍ ജീവിക്കുന്ന ദരിദ്രരുടെയും മധ്യവര്‍ഗത്തിന്റെയും ഏറ്റവും വലിയ സ്വപ്‌നമെന്താണ്? എല്ലാവര്‍ക്കും വീട് സ്വന്തമാക്കുകയെന്ന സ്വപ്‌നമുണ്ടാകും. ചോദിച്ചുനോക്കിയാല്‍ അറിയാം, എല്ലാവര്‍ക്കും വീടുണ്ടാക്കുക എന്ന സ്വപ്‌നമുണ്ട് എന്ന്. കുട്ടികളുടെ ജീവിതം നല്ല നിലയിലാകും. അവരുടെ സന്തോഷവും സങ്കടവും കുട്ടികളെ വളര്‍ത്തലുമൊക്കെ ബന്ധപ്പെട്ടുകിടക്കുന്ന വീടുണ്ടായാല്‍ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമ്പോള്‍ വീടുണ്ടെന്ന ഉറപ്പെങ്കിലുമുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി സ്വന്തം വീടുകള്‍ സംബന്ധിച്ച ജനങ്ങളുടെ വിശ്വാസം ഒലിച്ചുപോയി. തന്റെ ജീവിതകാലം മുഴുവനുള്ള സമ്പാദ്യവും നിക്ഷേപവും നീക്കിവെച്ചാലും വീടു കിട്ടുമോ എന്ന ഉറപ്പ് ആര്‍ക്കും ഇല്ലായിരുന്നു. വീടു കടലാസില്‍ ഉറങ്ങി. വരുമാനമുണ്ടെങ്കില്‍ വീടു വാങ്ങാന്‍ സാധിക്കുമെന്ന വിശ്വാസത്തിന് ഇളക്കം തട്ടിയിരുന്നു. വില അത്രയും ഉയര്‍ന്നതാണ് എന്നതാണു കാരണം. നിയമം സഹായത്തിനെത്തുമോ എന്നതാണു തകര്‍ക്കപ്പെട്ട മറ്റൊരു വിശ്വാസം. കെട്ടിട നിര്‍മാതാവുമായി തര്‍ക്കമുണ്ടാകുമോ എന്നതും ആശങ്കയുള്ള കാര്യമായിരുന്നു. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ നിയമം തനിക്കൊപ്പം നില്‍ക്കുമോ എന്നു സാധാരണക്കാരന് ഉറപ്പില്ലാത്ത സാഹചര്യമായിരുന്നു ഭവന നിര്‍മാണ മേഖലയില്‍ ഉണ്ടായിരുന്നത്.


സുഹൃത്തുക്കളെ,
അത്തരം പ്രശ്‌നങ്ങളെ അതിജീവിച്ച് അവനു മുന്നോട്ടു പോകണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന ബാങ്ക് പലിശയും വായ്പ ലഭിക്കുന്നതിനുള്ള തടസ്സവും നിമിത്തം അവന്റെ സ്വപ്‌നം തകരുമെന്ന സ്ഥിതി മാറണം. സാധാരണക്കാരന്, വിശേഷിച്ച് കഠിനാധ്വാനം ചെയ്യുന്ന മധ്യവര്‍ഗ കുടുംബത്തിന്, സ്വന്തമായി വീടുണ്ടാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ കൈക്കൊണ്ട നടപടികള്‍ വഴി സാധ്യമായി എന്ന സംതൃപ്തി എനിക്കുണ്ട്. അവന് അവന്റെ വീട്ടിന്റെ ശരിയായ ഉടമസ്ഥനാകാന്‍ സാധിക്കും. ഇപ്പോള്‍ രാജ്യം ഊന്നല്‍ നല്‍കുന്നതു പാവങ്ങളുടെയും മധ്യവര്‍ഗത്തിന്റെയും ആവശ്യങ്ങള്‍ക്കാണ്. നഗരങ്ങളില്‍ കഴിയുന്നവരുടെ വികാരങ്ങള്‍ക്ക് ഇപ്പോള്‍ രാജ്യം മുന്‍ഗണന നല്‍കുന്നു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിനു വീടുകളാണു നഗരങ്ങളില്‍ നിര്‍മിക്കപ്പെട്ടത്. ലക്ഷക്കണക്കിനു വീടുകള്‍ നിര്‍മിച്ചുവരികയുമാണ്.

സുഹൃത്തുക്കളെ,

പി.എം. ആവാസ് യോജന പ്രകാരം നിര്‍മിച്ച ലക്ഷക്കണക്കിനു വീടുകള്‍ നോക്കുകയാണെങ്കില്‍ നൂതന ആശയങ്ങള്‍ക്കും നടത്തിപ്പിനും മുന്‍ഗണന നല്‍കിയതായി തെളിയും. പ്രാദേശിക ആവശ്യങ്ങള്‍ക്കും വീട്ടുടമസ്ഥന്റെ പ്രതീക്ഷകള്‍ക്കും അനുസരിച്ച് കെട്ടിട നിര്‍മാണ വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ പുതുമ കാണാന്‍ സാധിക്കും. വീടിനൊപ്പം മറ്റു പല പദ്ധതികളും പാക്കേജായി ചേര്‍ത്തിട്ടുണ്ട്. വീടു ലഭിക്കുന്ന ദരിദ്രര്‍ക്കു വെള്ളം, വൈദ്യുതി, പാചകവാതകം തുടങ്ങി അവശ്യ സൗകര്യങ്ങള്‍ പലതും ഉറപ്പാക്കുന്നുണ്ട്. സുതാര്യത ഉറപ്പാക്കുന്നതിനായി എല്ലാ കുടുംബങ്ങളെയും ജിയോ-ടാഗ് ചെയ്യുന്നുണ്ട്. ജിയോ-ടാഗിങ് ഉള്ളതിനാല്‍ എല്ലാം പിന്‍തുടര്‍ന്നു പരിശോധിക്കാന്‍ സാധിക്കും. സാങ്കേതിക വിദ്യയും പൂര്‍ണമായ തോതില്‍ ഉപയോഗിക്കപ്പെടുന്നു. വീടു നിര്‍മിക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളിലെയും ചിത്രം വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. വീടുണ്ടാക്കാന്‍ ഗവണ്‍മെന്റ് നല്‍കുന്ന ധനസഹായം നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെത്തും. സജീവമായി ഇടപെടുന്ന സംസ്ഥാനങ്ങളോടുള്ള നന്ദി ഞാന്‍ അറിയിക്കുകയാണ്. ഇതിനായി പല സംസ്ഥാനങ്ങളെയും ആദരിക്കാനുള്ള അവസരം ഇന്ന് എനിക്കു ലഭിച്ചു. മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളെ പ്രത്യേകം അനുമോദിക്കുന്നു.


സുഹൃത്തുക്കളെ,
ഗവണ്‍മെന്റിന്റെ ശ്രമഫലമായി നഗരങ്ങളില്‍ താമസിക്കുന്ന മധ്യവര്‍ഗക്കാര്‍ക്കു വലിയ നേട്ടം ലഭിക്കുന്നു. ആദ്യത്തെ വീടിനു നിശ്ചിത തുകയ്ക്കുള്ള വായ്പയ്ക്കു മധ്യവര്‍ഗത്തിനു പലിശയിളവുകള്‍ ലഭിക്കുന്നു. കൊറോണ പ്രതിസന്ധി നാളുകളില്‍ പോലും ഭവനവായ്പകള്‍ക്കു പലിശയിളവു നല്‍കുന്ന പ്രത്യേക പദ്ധതി ഗവണ്‍മെന്റ് ആരംഭിച്ചു. വര്‍ഷങ്ങളായി അപൂര്‍ണമായി കിടക്കുന്ന വീടുകളുള്ള മധ്യവര്‍ഗ സഹപ്രവര്‍ത്തകര്‍ക്കായി 25,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിക്കപ്പെട്ടു.


സുഹൃത്തുക്കളെ,
ഈ തീരുമാനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്കു റേര പോലുള്ള നിയമങ്ങളുടെ കരുത്തുമുണ്ട്. തങ്ങള്‍ പണം നിക്ഷേപിക്കുന്ന പദ്ധതി താമസംകൂടാതെ പൂര്‍ത്തിയാക്കപ്പെടുമെന്ന വിശ്വാസം ജനങ്ങളില്‍ പുനഃസ്ഥാപിക്കാന്‍ റേര വഴി സാധിച്ചു. ഇപ്പോള്‍ രാജ്യത്ത് അറുപതിനായിരത്തോളം റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ റേരയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ നിയമപ്രകാരം ആയിരക്കണക്കിനു പരാതികളില്‍ തീര്‍പ്പു കല്‍പിക്കപ്പെട്ടു. അതായത്, ആയിരക്കണക്കിനു കുടുംബങ്ങള്‍ വീടു സ്വന്തമാക്കുന്നതില്‍ വിജയിച്ചു.


സുഹൃത്തുക്കളെ,
എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി നടക്കുന്ന എല്ലാ രംഗത്തുമുള്ള ജോലി കോടിക്കണക്കിനു ദരിദ്ര, മധ്യവര്‍ഗ കുടുംബങ്ങളുടെ ജീവിതത്തില്‍ ഗണ്യമായ മാറ്റം വരുത്തുന്നുണ്ട്. ഈ വീടുകള്‍ പാവങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഈ വീടുകളുടെ താക്കോലിനാല്‍ പല വാതിലുകള്‍ തുറക്കപ്പെടുന്നു. വീടിന്റെ താക്കോല്‍ ലഭിക്കുന്നവര്‍ക്കു അതു വാതിലോ നാലു ചുമരുകളോ മാത്രം ഉള്‍പ്പെട്ട വീടിന്റേതല്ല. വീടിന്റെ താക്കോലിനൊപ്പം മാന്യമായി ജീവിതവും സുരക്ഷിതമായ ഭാവിയും ലഭിക്കുന്നു. സ്വത്തവകാശം സമ്പാദ്യത്തിന്റെയും ഒരാളുടെ ജീവിതത്തിന്റെ വളര്‍ച്ചയുടെയും വാതില്‍ തുറക്കുന്നു. സമൂഹത്തില്‍ അഞ്ചു മുതല്‍ 25 വരെ പേര്‍ക്കു പുതിയ വ്യക്തിത്വത്തിന്റെ വാതില്‍ അതു തുറക്കുന്നു. ആദരിക്കപ്പെടുന്നു എന്ന ബോധം പുനഃസ്ഥാപിക്കപ്പെടുന്നു. ആത്മവിശ്വാസം നിലനില്‍ക്കുന്നു. ഈ താക്കോലുകള്‍ മനുഷ്യന്റെ വികസനത്തിന്റെയും പുരോഗതിയുടെയും വാതിലുകള്‍കൂടി തുറക്കുന്നു. ഇതു കേവലം വാതിലുകളുടെ താക്കോലുകള്‍ ആണെങ്കിലും മനസ്സുകളുടെ പൂട്ടുകളും തുറക്കുന്നു. അവന്‍ പുതിയ സ്വപ്‌നങ്ങളെ താലോലിക്കാന്‍ ആരംഭിക്കുകയും പുതിയ ദൃഢനിശ്ചയവുമായി മുന്നേറുകയും ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നതിനുള്ള സ്വപ്‌നം നെയ്യുകയും ചെയ്യുന്നു. ഈ താക്കോലിന് അത്തരം ശക്തികളുണ്ട്.

സുഹൃത്തുക്കളെ,

മറ്റൊരു വലിയ ചുവടു കഴിഞ്ഞ വര്‍ഷം കൊറോണ പ്രതിസന്ധിക്കിടെ വെച്ചു. അതു താങ്ങാവുന്ന ചെലവിനു വാടകയ്ക്കു ലഭിക്കുന്ന ഗൃഹ സമൂച്ചയ പദ്ധതിയാണ്. ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്കോ ഗ്രാമത്തില്‍നിന്നു നഗരത്തിലേക്കോ ജോലി ചെയ്യാനായി എത്തുന്ന നമ്മുടെ തൊഴിലാളി സഹപ്രവര്‍ത്തകരെ ഉദ്ദേശിച്ചുള്ള പദ്ധതിയാണ് ഇത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരെ കുറിച്ചു പലതും മോശമായി സംസാരിക്കുന്നതു കൊറോണ മഹാവ്യാധിക്കാലത്തു നാം കണ്ടു. അവര്‍ അപമാനിക്കപ്പെട്ടു. എന്നാല്‍, കൊറോണ പ്രതിസന്ധിക്കിടെ തൊഴിലാളികളെല്ലാം മടങ്ങിയപ്പോള്‍ അവര്‍ ഇല്ലാതെ കച്ചവടം മുന്നോട്ടു കൊണ്ടുപോകാനും വ്യവസായങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും എത്ര ബുദ്ധിമിട്ടാണെന്നു മനസ്സിലാവുകയും മടങ്ങിവരാന്‍ അവരോടു കൂപ്പുകൈകളോടെ അപേക്ഷിക്കേണ്ടിവരികയും ചെയ്തു. മറ്റൊരു കാരണവശാലും തിരിച്ചറിയപ്പെടാതെ പോകുമായിരുന്ന തൊളിലാളികളുടെ കഴിവിനെ ബഹുമാനിക്കാന്‍ കൊറോണ പ്രതിസന്ധി നിര്‍ബന്ധിതമാക്കി. നഗരങ്ങളില്‍ താങ്ങാവുന്ന ചെലവില്‍ വാടക വീടുകള്‍ തൊഴിലാളി സമൂഹത്തിനു ലഭിക്കുന്നില്ലെന്നു നമുക്കറിയാം. തത്ഫലമായി എത്രയോ തൊഴിലാളികള്‍ ചെറിയ മുറികളില്‍ കഴിയേണ്ടിവരുന്നു. ഇത്തരം സ്ഥലങ്ങളില്‍ ജലം, വൈദ്യുതി, ശൗചാലയം, ശുചിത്വമില്ലായ്മ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അധ്വാനം രാജ്യ സേവനമായി സമര്‍പ്പിക്കുന്ന ഈ സഹപൗരന്‍മാര്‍ മാന്യമായി ജീവിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്. ഈ ചിന്തയോടെ ചെലവുകുറഞ്ഞ വാടക വീടുകള്‍ വ്യവസായ ലോകവുമായും മറ്റു നിക്ഷേപകരുമായും ചേര്‍ന്നു നിര്‍മിക്കുന്നതിനു ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നു. ജോലി ചെയ്യുന്ന സ്ഥലത്തു തന്നെ ഇത്തരം വീടുകള്‍ നിര്‍മിക്കുന്നതിനായി ശ്രമിക്കുന്നുണ്ട്.


സുഹൃത്തുക്കളെ,
റിയല്‍ എസ്‌റ്റേറ്റ് മേഖലയെ പ്രചോദിപ്പിക്കാന്‍ ഇതോടൊപ്പം പല തീരുമാനങ്ങളും കൈക്കൊള്ളുന്നുണ്ട്. വീടു വാങ്ങുന്നവരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി വീടുകള്‍ക്കുള്ള നികുതി ഗണ്യമായി കുറച്ചു. നേരത്തേ എട്ടു ശതമാനം വായ്പയാണു ചെലവു കുറഞ്ഞ വീടുകള്‍ക്ക് ഈടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അതു കേവലം ഒരു ശതമാനമാണ്. നിലവാരമുള്ള വീടുകള്‍ക്കു നേരത്തേ 12 ശതമാനം നികുതി ഈടാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ നല്‍കേണ്ടത് അഞ്ചു ശതമാനം ജി.എസ്.ടി. മാത്രമാണ്. മേഖലയിലെ അടിസ്ഥാന സൗകര്യത്തിനും ഗവണ്‍മെന്റ് അംഗീകാരം നല്‍കിയതിനാല്‍ കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കും.


സുഹൃത്തുക്കളെ,
വര്‍ഷങ്ങളായി നടപ്പാക്കിവരുന്ന പരിഷ്‌കാരങ്ങള്‍ വഴി കെട്ടിട നിര്‍മാണ പെര്‍മിറ്റ് റാങ്കിങ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 185ല്‍നിന്ന് 27 ആയി ഉയര്‍ന്നു. കെട്ടിട നിര്‍മാണം സംബന്ധിച്ച അനുമതി തേടുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം രണ്ടായിരത്തിലേറെ നഗരങ്ങളിലേക്കു വികസിപ്പിച്ചു. പുതുവല്‍സരത്തില്‍ രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇതു നടപ്പാക്കുന്നതിനായി നാം ഒരുമിച്ചു പ്രയത്‌നിക്കണം.


സുഹൃത്തുക്കളെ,
അടിസ്ഥാന സൗകര്യം, നിര്‍മാണം എന്നീ മേഖലകളിലും വിശേഷിച്ച് ഭവന നിര്‍മാണ മേഖലയിലും നടത്തുന്ന നിക്ഷേപം സമ്പദ്‌വ്യവസ്ഥയുടെ കരുത്തു വര്‍ധിപ്പിക്കുന്നു. വലിയ അളവു സ്റ്റീലും സിമന്റും കെട്ടിട നിര്‍മാണ വസ്തുക്കളും ഉപയോഗിക്കുന്നത് ഈ മേഖലയെ ആകെ ഉത്തേജിപ്പിക്കുന്നു. ഇതു വഴി ആവശ്യക്കാര്‍ വര്‍ധിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഗവണ്‍മെന്റ് തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തിവരികയാണ്. എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഗ്രാമങ്ങളില്‍ രണ്ടു കോടി വീടുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഗ്രാമങ്ങളില്‍ വീടു നിര്‍മിക്കുന്ന ജോലി വേഗത്തിലാക്കേണ്ടതുണ്ട്. നഗരങ്ങളില്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതു വീടുകളുടെ നിര്‍മാണവും വിതരണവും വേഗത്തിലാക്കും. രാജ്യം വേഗം കുതിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ നാമെല്ലാം ഒരുമിച്ചു വേഗത്തില്‍ നീങ്ങേണ്ടിയിരിക്കുന്നു. നിശ്ചിത ദിശയില്‍ വേണം നാം സഞ്ചരിക്കാന്‍. ലക്ഷ്യം കൈമോശം വരാതെ മുന്നോട്ടു നീങ്ങുകയും വേഗത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും വേണം. ഈ ദൃഢനിശ്ചയത്തോടെ ഈ ആറു ലൈറ്റ്ഹൗസുകള്‍ നമ്മുടെ പുതു തലമുറയ്ക്കും സാങ്കേതിക വിദ്യാര്‍ഥികള്‍ക്കും എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കും വളരെയധികം ഉപയോഗപ്രദമാകണം എന്നാണ് എന്റെ ആഗ്രഹം.
ഇത്തരം പ്രധാന പദ്ധതികള്‍ എല്ലാ സര്‍വകലാശാലകളും കോളജുകളും പഠനവിധേയമാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ സന്ദര്‍ശിച്ച് അതെങ്ങനെയാണു സംഭവിക്കുന്നത് എന്നു മനസ്സിലാക്കണം. എങ്ങനെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നു? അക്കൗണ്ടിങ് എങ്ങനെയാണു ചെയ്യുന്നത്? ഇതു വിദ്യാഭ്യാസത്തില്‍ വലിയ സാധ്യതയായി മാറും. അതിനാല്‍, ഈ ലൈറ്റ് ഹൗസുകളില്‍നിന്നു പരമാവധി വെളിച്ചം നേടാനും തങ്ങളുടെ പങ്കു നല്‍കാനും എല്ലാ യുവ എന്‍ജിനീയര്‍മാരെയും ടെക്‌നീഷ്യന്‍മാരെയും, വിശേഷിച്ച് രാജ്യത്ത് ഉള്ളവരെ, ഞാന്‍ ക്ഷണിക്കുകയാണ്. എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍. അടുത്ത ആറ് ലൈറ്റ്ഹൗസുകള്‍ക്ക് ശുഭാശംസകള്‍. വളരെയധികം നന്ദി.


കുറിപ്പ്: ഇതു പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണ്. അദ്ദേഹം പ്രസംഗിച്ചത് ഹിന്ദിയിലാണ്. 

ഇന്ത്യയുടെ ഒളിമ്പ്യൻ‌മാരെ പ്രചോദിപ്പിക്കുക! #Cheers4India
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
India's core sector output in June grows 8.9% year-on-year: Govt

Media Coverage

India's core sector output in June grows 8.9% year-on-year: Govt
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ജൂലൈ 31
July 31, 2021
പങ്കിടുക
 
Comments

PM Modi inspires IPS probationers at Sardar Vallabhbhai Patel National Police Academy today

Citizens praise Modi Govt’s resolve to deliver Maximum Governance