പങ്കിടുക
 
Comments

'പ്രബുദ്ധഭാരത'ത്തിന്റെ 125-ാം വാര്‍ഷികം നാം ആഘോഷിക്കുന്നു എന്നതു സന്തോഷകരമാണ്. ഇതൊരു സാധാരണ ആനുകാലിക പ്രസിദ്ധീകരണമല്ല. 1896ല്‍ സ്വാമി വിവേകാനന്ദന്‍ അല്ലാതെ മറ്റാരുമല്ല ഇത് ആരംഭിച്ചത്. അതും മുപ്പത്തിമൂന്നാം വയസ്സില്‍. രാജ്യത്ത് ഏറ്റവും ദീര്‍ഘകാലം നടന്നുവരുന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ ഒന്നാണിത്.

പ്രബുദ്ധഭാരതമെന്ന ഈ പേരിന് പിന്നില്‍ വളരെ ശക്തമായ ഒരു ചിന്തയുണ്ട്. നമ്മുടെ രാജ്യത്തിന്റെ ചൈതന്യം പ്രകടിപ്പിക്കുന്നതിനാണ് സ്വാമി വിവേകാനന്ദന്‍ ഈ പ്രസിദ്ധീകരണത്തിന് പ്രബുദ്ധ ഭാരതമെന്ന പേരിട്ടത്. 'ഉണര്‍ന്നിരിക്കുന്ന ഇന്ത്യ' സൃഷ്ടിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഭാരതത്തെ കുറിച്ച് അറിയുന്നവര്‍ക്ക് അത് ഒരു രാഷ്ട്രീയമോ അല്ലെങ്കില്‍ ഭൂമിശാസ്ത്രപരമോ ആയ ഒന്നിന് അതീതമാണെന്ന് അറിയാം. സ്വാമി വിവേകാനന്ദന്‍ ഇത് വളരെ ധൈര്യത്തോടെയും അഭിമാനത്തോടെയും പ്രകടിപ്പിച്ചു. നൂറ്റാണ്ടുകളായി ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക ബോധമായിട്ടാണ് അദ്ദേഹം ഇന്ത്യയെ കണ്ടത്. മറിച്ചുള്ള പ്രവചനങ്ങളെ മറികടന്ന് എല്ലാ വെല്ലുവിളികള്‍ക്കു ശേഷവും ശക്തമായി ഉയര്‍ന്നുവരുന്ന ഇന്ത്യ. സ്വാമി വിവേകാനന്ദന്‍ ഇന്ത്യയെ 'പ്രബുദ്ധ'മാക്കുകയോ ഉണര്‍ത്തുകയോ ചെയ്യാന്‍ ആഗ്രഹിച്ചു. ഒരു ജനതയെന്ന നിലയില്‍ നമുക്ക് മഹത്വത്തിനായി ആഗ്രഹിക്കാമെന്ന ആത്മവിശ്വാസം ഉണര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചു.

സുഹൃത്തുക്കളേ, സ്വാമി വിവേകാനന്ദന് ദരിദ്രരോട് വലിയ അനുകമ്പ ഉണ്ടായിരുന്നു. എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ദാരിദ്ര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാല്‍, ദാരിദ്ര്യം രാജ്യത്തു നിന്ന് നീക്കം ചെയ്യേണ്ടതായുണ്ട്. 'ദരിദ്ര നാരായണ'ന് അദ്ദേഹം ഏറ്റവും പ്രാധാന്യം നല്‍കി.

യുഎസ്എയില്‍ നിന്ന് സ്വാമി വിവേകാനന്ദന്‍ ധാരാളം കത്തുകള്‍ എഴുതി. മൈസൂര്‍ മഹാരാജാവിനും സ്വാമി രാമകൃഷ്ണാനന്ദ ജിക്കും അദ്ദേഹം എഴുതിയ കത്തുകള്‍ പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ കത്തുകളില്‍, ദരിദ്രരെ ശാക്തീകരിക്കുന്നതിനുള്ള സ്വാമി ജിയുടെ സമീപനത്തെക്കുറിച്ച് വ്യക്തമായ രണ്ട് ചിന്തകള്‍ ഉയര്‍ന്നുവരുന്നു. ഒന്നാമതായി, ദരിദ്രര്‍ക്ക് എളുപ്പത്തില്‍ ശാക്തീകരണത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെങ്കില്‍ ശാക്തീകരണം ദരിദ്രരിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. രണ്ടാമതായി, ഇന്ത്യയിലെ ദരിദ്രരെക്കുറിച്ച് അദ്ദേഹം പറഞ്ഞു, 'അവര്‍ക്ക് ആശയങ്ങള്‍ നല്‍കണം; അവരുടെ ചുറ്റുമുള്ള ലോകത്തില്‍ നടക്കുന്ന കാര്യങ്ങളിലേക്ക് അവരുടെ കണ്ണുകള്‍ തുറക്കണം, എങ്കില്‍ അവര്‍ സ്വന്തം രക്ഷയ്ക്കായി പ്രവര്‍ത്തിക്കും.'
ഈ സമീപനവുമായാണ് ഇന്ന് ഇന്ത്യ മുന്നോട്ടുപോകുന്നത്. ദരിദ്രര്‍ക്ക് ബാങ്കുകളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെങ്കില്‍ ബാങ്കുകള്‍ ദരിദ്രരിലേക്ക് എത്തിച്ചേരണം. അതാണ് ജന്‍ ധന്‍ യോജന ചെയ്തത്. ദരിദ്രര്‍ക്ക് ഇന്‍ഷുറന്‍സ് നേടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഇന്‍ഷുറന്‍സ് ദരിദ്രരിലേക്ക് എത്തണം. അതാണ് ജന സൂരക്ഷ പദ്ധതികള്‍ ചെയ്തത്. ദരിദ്രര്‍ക്ക് ആരോഗ്യ പരിരക്ഷ നേടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാം ദരിദ്രര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കണം. ആയുഷ്മാന്‍ ഭാരത് പദ്ധതി ഇതാണ് ചെയ്തത്. റോഡുകള്‍, വിദ്യാഭ്യാസം, വൈദ്യുതി, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എന്നിവ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും, പ്രത്യേകിച്ച് പാവങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഇത് ദരിദ്രര്‍ക്കിടയില്‍ അഭിലാഷങ്ങള്‍ ആളിക്കത്തിക്കുന്നു. ഈ അഭിലാഷങ്ങളാണ് രാജ്യത്തിന്റെ വളര്‍ച്ചയെ നയിക്കുന്നത്.

സുഹൃത്തുക്കളേ, സ്വാമി വിവേകാനന്ദന്‍ പറഞ്ഞു, 'ബലഹീനതയ്ക്കുള്ള പ്രതിവിധി അതിന്മേല്‍ അടയിരിക്കുകയല്ല, മറിച്ച് ശക്തിയെക്കുറിച്ച് ചിന്തിക്കുകയാണ്'. പ്രതിബന്ധങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അവയാല്‍ നശിക്കുന്നു. എന്നാല്‍ അവസരങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നമുക്ക് മുന്നോട്ടു പോകാനുള്ള വഴി ലഭിക്കും. കോവിഡ് -19 ആഗോള മഹാവ്യാധി ഉദാഹരണമായി എടുക്കുക. ഇന്ത്യ എന്തു ചെയ്തു? അത് പ്രശ്‌നം മനസ്സിലാക്കുകയും നിസ്സഹായമായി തുടരുകയുമല്ല ചെയ്തത്. ഇന്ത്യ പരിഹാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പിപിഇ കിറ്റുകള്‍ നിര്‍മിക്കുന്നതു മുതല്‍ ലോകത്തിന് ഒരു ഫാര്‍മസി ആകുന്നതുവരെ നമ്മുടെ രാജ്യം കരുത്തില്‍ നിന്നു കരുത്തിലേക്കു പോയി. ഇതു പ്രതിസന്ധിഘട്ടത്തില്‍ ലോകത്തെ പിന്തുണയ്ക്കുന്ന ഒരു സ്രോതസ്സായി മാറി. കോവിഡ് -19 വാക്സിനുകള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചു. മറ്റ് രാജ്യങ്ങളെ സഹായിക്കാനും നാം ഈ കഴിവുകള്‍ ഉപയോഗിക്കുന്നു.
സുഹൃത്തുക്കളേ, കാലാവസ്ഥാ വ്യതിയാനം ലോകം മുഴുവന്‍ നേരിടുന്ന മറ്റൊരു തടസ്സമാണ്. എന്നിരുന്നാലും, നാം പ്രശ്‌നത്തെക്കുറിച്ചു പരാതിപ്പെടുക മാത്രമല്ല ചെയ്തത്. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിന്റെ രൂപത്തില്‍ നാം ഒരു പരിഹാരം കൊണ്ടുവന്നു. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളുടെ ഉപയോഗം വര്‍ധിപ്പിക്കാനായി നാം വാദിക്കുന്നു. സ്വാമി വിവേകാനന്ദന്‍ ആഗ്രഹിച്ച പ്രബുദ്ധ ഭാരതമാണു സൃഷ്ടിക്കപ്പെടുന്നത്. ലോകത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന ഇന്ത്യയാണിത്.
സുഹൃത്തുക്കളേ, സ്വാമി വിവേകാനന്ദന് ഇന്ത്യയെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. കാരണം അദ്ദേഹത്തിന് ഇന്ത്യയിലെ യുവാക്കളില്‍ അതിയായ വിശ്വാസമുണ്ടായിരുന്നു. ഇന്ത്യയുടെ യുവാക്കളെ നൈപുണ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ശക്തികേന്ദ്രമായി അദ്ദേഹം കണ്ടു. 'എനിക്ക് ഊര്‍ജ്ജസ്വലരായ നൂറുകണക്കിന് ചെറുപ്പക്കാരെ തരൂ, ഞാന്‍ ഇന്ത്യയെ പരിവര്‍ത്തനം ചെയ്യും' എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ബിസിനസ്സ് നേതാക്കള്‍, സ്‌പോര്‍ട്‌സ് വ്യക്തികള്‍, ടെക്‌നോക്രാറ്റുകള്‍, പ്രൊഫഷണലുകള്‍, ശാസ്ത്രജ്ഞര്‍, നൂതനാശയക്കാര്‍ തുടങ്ങി നിരവധി പേരില്‍ ഇന്ന് ഈ മനോഭാവം നാം കാണുന്നു. അവര്‍ അതിര്‍ത്തികളെ ഇല്ലാതാക്കുകയും അസാധ്യമായതു സാധ്യമാക്കുകയും ചെയ്യുന്നു.

എന്നാല്‍, നമ്മുടെ യുവാക്കള്‍ക്കിടയില്‍ അത്തരമൊരു മനോഭാവത്തെ എങ്ങനെ പ്രോല്‍സാഹിപ്പിക്കാം? പ്രായോഗിക വേദാന്തത്തെക്കുറിച്ചുള്ള തന്റെ പ്രഭാഷണങ്ങളില്‍ സ്വാമി വിവേകാനന്ദന്‍ ചില ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. തിരിച്ചടികളെ മറികടക്കുന്നതിനെക്കുറിച്ചും അവയെ പഠനത്തിന്റെ ഭാഗമായി കാണുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. ആളുകളില്‍ വളര്‍ത്തപ്പെടേണ്ട രണ്ടാമത്തെ കാര്യം: നിര്‍ഭയരായിരിക്കുക, ആത്മവിശ്വാസം നിറഞ്ഞവരായിരിക്കുക എന്നതാണ്. നിര്‍ഭയനായിരിക്കുക എന്നത് സ്വാമി വിവേകാനന്ദന്റെ സ്വന്തം ജീവിതത്തില്‍ നിന്നും നാം പഠിക്കുന്ന പാഠമാണ്. എന്തുതന്നെ ചെയ്യുമ്പോഴും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോയി. അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ധാര്‍മികതയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.
സുഹൃത്തുക്കളേ, സ്വാമി വിവേകാനന്ദന്റെ ചിന്തകള്‍ ശാശ്വതമാണ്. നാം എല്ലായ്പ്പോഴും ഓര്‍ക്കണം: ലോകത്തിനായി മൂല്യവത്തായ എന്തെങ്കിലും സൃഷ്ടിച്ചുകൊണ്ട് യഥാര്‍ഥ അമര്‍ത്യത കൈവരിക്കേണ്ടതുണ്ട്. നമ്മെത്തന്നെ അതിജീവിക്കുന്ന ഒന്ന്. പുരാണ കഥകള്‍ വിലപ്പെട്ട ചിലത് നമ്മെ പഠിപ്പിക്കുന്നു. അമര്‍ത്യതയെ പിന്തുടര്‍ന്നവര്‍ക്ക് അത് ഒരിക്കലും ലഭിച്ചിട്ടില്ലെന്ന് അവ നമ്മെ പഠിപ്പിക്കുന്നു. പക്ഷേ, മറ്റുള്ളവരെ സേവിക്കുക എന്ന ലക്ഷ്യമുള്ളവര്‍ മിക്കപ്പോഴും അമര്‍ത്യരായി. സ്വാമിജി തന്നെ പറഞ്ഞതുപോലെ, ' മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവര്‍ മാത്രമേ ജീവിക്കുന്നുള്ളൂ'. സ്വാമി വിവേകാനന്ദന്റെ ജീവിതത്തിലും ഇത് കാണാം. തനിക്കുവേണ്ടി ഒന്നും നേടാന്‍ അദ്ദേഹം പുറപ്പെട്ടില്ല. അദ്ദേഹത്തിന്റെ ഹൃദയം എപ്പോഴും നമ്മുടെ രാജ്യത്തെ ദരിദ്രര്‍ക്കുവേണ്ടിയാണു മിടിച്ചത്. ചങ്ങലകളില്‍ പെട്ട മാതൃരാജ്യത്തിനായി അദ്ദേഹത്തിന്റെ ഹൃദയം എപ്പോഴും മിടിച്ചു.

സുഹൃത്തുക്കളേ, ആത്മീയവും സാമ്പത്തികവുമായ പുരോഗതി പരസ്പരവിരുദ്ധമായി സ്വാമി വിവേകാനന്ദന്‍ കണ്ടില്ല. ഏറ്റവും പ്രധാനമായി, ആളുകള്‍ ദാരിദ്ര്യത്തെ കാല്പനികവല്‍ക്കരിക്കുന്ന സമീപനത്തിന് എതിരായിരുന്നു. പ്രായോഗിക വേദാന്തത്തെക്കുറിച്ചുള്ള തന്റെ പ്രഭാഷണങ്ങളില്‍ അദ്ദേഹം പറയുന്നു, ''മതവും ലോകജീവിതവും തമ്മിലുള്ള സാങ്കല്‍പ്പിക വ്യത്യാസം അപ്രത്യക്ഷമാകണം, കാരണം വേദാന്തം ഏകത്വം പഠിപ്പിക്കുന്നു''.

സ്വാമിജി ഒരു ആത്മീയ അതികായനായിരുന്നു, വളരെ ഔന്നത്യമുള്ള ആത്മാവായിരുന്നു. എന്നിട്ടും ദരിദ്രരുടെ സാമ്പത്തിക പുരോഗതി എന്ന ആശയം അദ്ദേഹം ഉപേക്ഷിച്ചില്ല. സ്വാമിജി ഒരു സന്യാസിയായിരുന്നു. അദ്ദേഹം ഒരിക്കലും ഒരു പൈസ പോലും തേടിയില്ല. പക്ഷേ, മികച്ച സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതിന് ഫണ്ട് സ്വരൂപിക്കാന്‍ അദ്ദേഹം സഹായിച്ചു. ഈ സ്ഥാപനങ്ങള്‍ ദാരിദ്ര്യത്തിനെതിരെ പോരാടുകയും നവീനതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സുഹൃത്തുക്കളേ, സ്വാമി വിവേകാനന്ദന്‍ നല്‍കിയ അത്തരം നിരവധി നിധികളാണ് നമ്മെ നയിക്കുന്നത്. സ്വാമിജിയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ച് 125 വര്‍ഷമായി പ്രഭുദ്ധഭാരതം പ്രവര്‍ത്തിക്കുന്നു. യുവാക്കളെ ബോധവല്‍ക്കരിക്കുക, രാഷ്ട്രത്തെ ഉണര്‍ത്തുക തുടങ്ങിയ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ അവര്‍ വളര്‍ത്തിയെടുത്തു. സ്വാമി വിവേകാനന്ദന്റെ ചിന്തകളെ അനശ്വരമാക്കുന്നതിന് ഇത് വളരെയധികം സഹായിച്ചിട്ടുണ്ട്. ഭാവി പരിശ്രമങ്ങള്‍ക്ക് പ്രബുദ്ധഭാരതത്തിന് ആശംസകള്‍ നേരുന്നു. 

നന്ദി.

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
21 Exclusive Photos of PM Modi from 2021
Explore More
ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

ജനപ്രിയ പ്രസംഗങ്ങൾ

ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
Budget Expectations | 75% businesses positive on economic growth, expansion, finds Deloitte survey

Media Coverage

Budget Expectations | 75% businesses positive on economic growth, expansion, finds Deloitte survey
...

Nm on the go

Always be the first to hear from the PM. Get the App Now!
...
Social Media Corner 17th January 2022
January 17, 2022
പങ്കിടുക
 
Comments

FPIs invest ₹3,117 crore in Indian markets in January as a result of the continuous economic comeback India is showing.

Citizens laud the policies and reforms by the Indian government as the country grows economically stronger.