സാഹിബാബാദിനും ന്യൂ അശോക് നഗറിനും ഇടയിലുള്ള നമോ ഭാരത് ഇടനാഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതോടെ ഡൽഹിക്ക് ആദ്യത്തെ നമോ ഭാരത് സർവീസ് ലഭിച്ചു
ഇന്ത്യയുടെ മെട്രോ ശൃംഖല ഇപ്പോൾ 1000 കിലോമീറ്ററെന്ന ശ്രദ്ധേയ നേട്ടത്തിലെത്തി: പ്രധാനമന്ത്രി
‘മേക്ക് ഇൻ ഇന്ത്യ’ എന്നതിനൊപ്പം ലോകം ‘ഹീൽ ഇൻ ഇന്ത്യ’യും തത്വമായി സ്വീകരിക്കും: പ്രധാനമന്ത്രി
ലോകത്തിൻ്റെ ആരോഗ്യ-ക്ഷേമ തലസ്ഥാനമായി മാറുന്നതിൽ ഇന്ത്യക്കു വലിയ സാധ്യതകളുണ്ട്: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൽഹിയിൽ 12,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. പ്രാദേശിക സമ്പർക്കസൗകര്യം വർദ്ധിപ്പിക്കുകയും യാത്രാ സൗകര്യം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം. സാഹിബാബാദ് ആർആർടിഎസ് സ്റ്റേഷനിൽനിന്നു ന്യൂ അശോക് നഗർ ആർആർടിഎസ് സ്റ്റേഷനിലേക്കു നമോ ഭാരത് ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്തു.

ഇന്ന് ഡൽഹി-എൻസിആറിന് ഇന്ത്യാ ഗവൺമെൻ്റിൽ നിന്ന് സുപ്രധാനമായ സമ്മാനം ലഭിച്ചുവെന്നും ഇന്ത്യയുടെ നഗരചലനാത്മകത കൂടുതൽ വിപുലീകരിച്ചിട്ടുണ്ടെന്നും ചടങ്ങിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വികസിത ഇന്ത്യൻ നഗരങ്ങളിലെ പൊതുഗതാഗതത്തിൻ്റെ ഭാവി വ്യക്തമാക്കുന്ന നമോ ഭാരത് ട്രെയിനിൽ സാഹിബാബാദിൽ നിന്ന് ന്യൂ അശോക് നഗറിലേക്കു രാവിലെ നടത്തിയ യാത്ര അനുസ്മരിച്ച്, സന്തോഷവും പ്രതീക്ഷയും നിറഞ്ഞ നിരവധി യുവാക്കളുമായി താൻ ആശയവിനിമയം നടത്തിയതായി ശ്രീ മോദി പറഞ്ഞു. നമോ ഭാരത് പദ്ധതി പൂർത്തിയാകുന്നതോടെ ഡൽഹി-മീറഠ് പാതയിലെ ഗതാഗതത്തിൽ വലിയ മാറ്റമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി-എൻസിആറിലെ ജനങ്ങൾക്ക് അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു.

"ഇന്ത്യയുടെ ആധുനിക അ‌ടിസ്ഥാനസൗകര്യ യാത്രയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഇന്നത്തേത്" - ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മെട്രോ ശൃംഖല ഇപ്പോൾ 1000 കിലോമീറ്ററിൽ എത്തിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇത് ശ്രദ്ധേയമായ നേട്ടമാണെന്നും അദ്ദേഹം പ്രകീർത്തിച്ചു. 2014-ൽ രാജ്യം ഞങ്ങൾക്ക് അ‌വസരം നൽകിയപ്പോൾ, മെട്രോ സൗകര്യങ്ങളുടെ കാര്യത്തിൽ ആഗോളതലത്തിൽ ആദ്യ പത്തിൽ പോലും ഇന്ത്യ ഉണ്ടായിരുന്നില്ലെന്നും എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ മെട്രോ ശൃംഖലയുടെ കാര്യത്തിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ഗവണ്മെന്റിന്റെ നിലവിലെ ഭരണകാലത്ത് ലോകത്തിലെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖല ഇന്ത്യക്കാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2014-ന് മുമ്പ് ഇന്ത്യയുടെ മെട്രോ ശൃംഖല 248 കിലോമീറ്റർ മാത്രമായിരുന്നുവെന്നും അത് അഞ്ച് നഗരങ്ങളിൽ മാത്രമായിരുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 752 കിലോമീറ്ററിലധികം പുതിയ മെട്രോ പാത ഇന്ത്യയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടതായി അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ന്, രാജ്യത്തുടനീളമുള്ള 21 നഗരങ്ങളിൽ മെട്രോ സേവനം പ്രവർത്തനക്ഷമമാണെന്നും 1000 കിലോമീറ്ററിലധികം മെട്രോ പാത നിലവിൽ ദ്രുതഗതിയിലുള്ള വികസനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി മെട്രോയുടെ വിപുലീകരണം, രണ്ട് പുതിയ പാതകളുടെ ഉദ്ഘാടനവും തറക്കല്ലിടലും എന്നിവ ചൂണ്ടിക്കാട്ടിയ അ‌ദ്ദേഹം, ഗുഡ്ഗാവിനുശേഷം ഹരിയാനയുടെ മറ്റൊരു ഭാഗം ഇപ്പോൾ മെട്രോ ശൃംഖലയുമായി കൂട്ടിയിണക്കപ്പെടുകയാണെന്നു വ്യക്തമാക്കി. ഡൽഹി മെട്രോ ശൃംഖലയുടെ ഏറ്റവും വലിയ വിഭാഗങ്ങളിലൊന്നാണ് റിഠാല-നരേല-കുണ്ഡ്ലി ഇടനാഴിയെന്നും ഡൽഹിയിലെയും ഹരിയാനയിലെയും പ്രധാന വ്യവസായ കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധത്തിനു കരുത്തേകാനും ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താനും ഇതിനു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യാ ഗവൺമെൻ്റിൻ്റെ നിരന്തര പ്രയത്‌നത്താൽ ഡൽഹിയിലെ മെട്രോ പാതകൾ ക്രമാനുഗതമായി വർധിക്കുന്നതിൽ സന്തുഷ്ടി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, 2014ൽ ഡൽഹി-എൻസിആറിലെ മൊത്തം മെട്രോ ശൃംഖല 200 കിലോമീറ്ററിൽ താഴെയായിരുന്നുവെന്നും ഇന്ന് അത് ഇരട്ടിയിലധികമായി വർധിച്ചുവെന്നും അഭിപ്രായപ്പെട്ടു.

“കഴിഞ്ഞ ദശകത്തിൽ ഗവണ്മെന്റ് പ്രാഥമിക ശ്രദ്ധ നൽകിയത് അടിസ്ഥാനസൗകര്യ വികസനത്തിലാണ്” - ശ്രീ മോദി പറഞ്ഞു. പത്ത് വർഷം മുമ്പ്, അടിസ്ഥാനസൗകര്യ വികസനത്തിന് ഏകദേശം രണ്ടു ലക്ഷം കോടി രൂപയായിരുന്നു ബജറ്റ്. അത് ഇപ്പോൾ 11 ലക്ഷം കോടി രൂപയായി വർധിച്ചു. ആധുനിക സമ്പർക്കസൗകര്യങ്ങൾക്ക്, പ്രത്യേകിച്ച് നഗരങ്ങൾക്കുള്ളിൽ, ഒരു നഗരത്തെ മറ്റൊന്നുമായി കൂട്ടിയിണക്കുന്നതിന് ഊന്നൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നിന്ന് വിവിധ നഗരങ്ങളിലേക്ക് അതിവേഗ പാതകൾ ഇപ്പോൾ ഉയർന്നുവരുന്നുണ്ടെന്നും ഡൽഹിയെ വ്യവസായ ഇടനാഴികളുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പരാമർശിച്ചു. എൻസിആറിൽ, ഒരു വലിയ ബഹുതല ലോജിസ്റ്റിക്സ് ഹബ് വികസിപ്പിക്കുകയാണെന്നും ഡൽഹി-എൻസിആറിൽ രണ്ട് ചരക്ക് ഇടനാഴികൾ കൂടിച്ചേരുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പദ്ധതികൾ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്കും യുവാക്കൾക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും സഹായകമാണെന്ന് ശ്രീ മോദി പറഞ്ഞു. "ദരിദ്രരും ഇടത്തരക്കാരും ഉൾപ്പെടെ ഏവർക്കും മാന്യവും ഗുണനിലവാരമുള്ളതുമായ ജീവിതം ഉറപ്പാക്കാൻ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സഹായിക്കുന്നു" - അദ്ദേഹം കൂട്ടിച്ചേർത്തു.

അ‌ങ്ങേയറ്റം ദരിദ്രരായവർക്കും ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിൽ ഗവൺമെൻ്റ് ശ്രദ്ധ നൽകുന്നത് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആയുഷ്, ആയുർവേദം തുടങ്ങിയ പരമ്പരാഗത ഇന്ത്യൻ ചികിത്സാ സമ്പ്രദായങ്ങളും ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ നൂറിലധികം രാജ്യങ്ങളിലേക്ക് ആയുഷ് സംവിധാനം വ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരാഗത വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ആദ്യസ്ഥാപനം ഇന്ത്യയിൽ സ്ഥാപിക്കപ്പെടുകയാണെന്ന് ശ്രീ മോദി പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പ് അ‌ഖിലേന്ത്യ  ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ഘട്ടം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇന്ന് കേന്ദ്ര ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ടതായും ഈ നേട്ടത്തിന് ഡൽഹിയിലെ ജനങ്ങൾക്ക് പ്രത്യേക ആശംസകളേകുന്നതായും ശ്രീ മോദി പറഞ്ഞു.

“ലോകത്തിൻ്റെ ആരോഗ്യ-ക്ഷേമ തലസ്ഥാനമായി മാറുന്നതിൽ ഇന്ത്യക്കു വലിയ സാധ്യതകളുണ്ട്”-പ്രധാനമന്ത്രി പറഞ്ഞു. 'മേക്ക് ഇൻ ഇന്ത്യ'ക്കൊപ്പം 'ഹീൽ ഇൻ ഇന്ത്യ'യും ലോകം തത്വമായി സ്വീകരിക്കുന്ന ദിവസം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ ആയുഷ് ചികിത്സ ലഭ്യമാക്കുന്നതിന് പ്രത്യേക ആയുഷ് വിസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറുകണക്കിന് വിദേശ പൗരന്മാർ ഈ സൗകര്യം പ്രയോജനപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഈ ശ്രമങ്ങൾ ഡൽഹിയെ വികസനത്തിൻ്റെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.

കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ, ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്‌സേന, ഡൽഹി മുഖ്യമന്ത്രി ശ്രീമതി ആതിഷി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

പ്രാദേശിക സമ്പർക്കസൗകര്യം വർധിപ്പിക്കുന്നതിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി, സാഹിബാബാദിനും ന്യൂ അശോക് നഗറിനും ഇടയിൽ 4600 കോടി രൂപ ചിലവിട്ട 13 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഗാസിയാബാദ്-മീറഠ് നമോ ഭാരത് ഇടനാഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് ഡൽഹിയുടെ ആദ്യ നമോ ഭാരത്  സർവീസാണ്.  ഇത് ഡൽഹിക്കും മീറഠിനും ഇടയിലുള്ള യാത്ര സുഗമമാക്കുകയും സമാനതകളില്ലാത്ത സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കുമൊപ്പം അതിവേഗവും സുഖകരവുമായ യാത്രയിലൂടെ ദശലക്ഷക്കണക്കിന് യാത്രികർക്കു പ്രയോജനമേകുകയും ചെയ്യും.

ഡൽഹി മെട്രോ നാലാം ഘട്ടത്തിൽ ജനക്പുരിക്കും കൃഷ്ണ പാർക്കിനുമിടയിൽ 1200 കോടി രൂപ ചെലവ് വരുന്ന 2.8 കിലോമീറ്റർ പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഡൽഹി മെട്രോയുടെ നാലാം ഘട്ടത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന ആദ്യ പാതയാണിത്. പടിഞ്ഞാറൻ ഡൽഹിയിലെ കൃഷ്ണ പാർക്ക്, വികാസ്പുരിയുടെ ചില ഭാഗങ്ങൾ, ജനക്പുരി തുടങ്ങിയ പ്രദേശങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഡൽഹി മെട്രോ നാലാം ഘട്ടത്തിൽ ഏകദേശം 6230 കോടി രൂപയുടെ 26.5 കിലോമീറ്റർ റിഠാല - കുണ്ഡ്‌ലി ഭാഗത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. ഈ ഇടനാഴി ഡൽഹിയിലെ റിഠാലയെ ഹരിയാനയിലെ നാഥുപുരുമായി (കുണ്ഡ്ലി) ബന്ധിപ്പിക്കും. ഇത് ഡൽഹിയുടെയും ഹരിയാനയുടെയും വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ സമ്പർക്കസൗകര്യം ഗണ്യമായി വർദ്ധിപ്പിക്കും. രോഹിണി, ബവാന, നരേല, കുണ്ഡ്ലി എന്നിവ ഉൾപ്പെടുന്ന പ്രധാന മേഖലകളിൽ പാർപ്പിട, വാണിജ്യ, വ്യാവസായിക മേഖലകളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തും. പ്രവർത്തനക്ഷമമായാൽ, വിപുലീകൃത റെഡ് ലൈനിലൂടെ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലൂടെ യാത്ര സുഗമമാകും.

ന്യൂഡൽഹിയിലെ രോഹിണിയിൽ 185 കോടി രൂപ ചെലവിൽ നിർമിക്കുന്ന കേന്ദ്ര ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിഎആർഐ) പുതിയ അത്യാധുനിക കെട്ടിടത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. അത്യാധുനിക ആരോഗ്യ പരിരക്ഷയും വൈദ്യശാസ്ത്ര അടിസ്ഥാനസൗകര്യങ്ങളും കാമ്പസ് നൽകും. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഒപിഡി ബ്ലോക്ക്, ഐപിഡി ബ്ലോക്ക്, പ്രത്യേക ചികിത്സാ ബ്ലോക്ക് എന്നിവ ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം രോഗികൾക്കും ഗവേഷകർക്കും ഒരുപോലെ, സംയോജിതവും തടസ്സമില്ലാത്തതുമായ ആരോഗ്യ പരിപാലന അനുഭവം ഉറപ്പാക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Oman, India’s Gulf 'n' West Asia Gateway

Media Coverage

Oman, India’s Gulf 'n' West Asia Gateway
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles passing of renowned writer Vinod Kumar Shukla ji
December 23, 2025

The Prime Minister, Shri Narendra Modi has condoled passing of renowned writer and Jnanpith Awardee Vinod Kumar Shukla ji. Shri Modi stated that he will always be remembered for his invaluable contribution to the world of Hindi literature.

The Prime Minister posted on X:

"ज्ञानपीठ पुरस्कार से सम्मानित प्रख्यात लेखक विनोद कुमार शुक्ल जी के निधन से अत्यंत दुख हुआ है। हिन्दी साहित्य जगत में अपने अमूल्य योगदान के लिए वे हमेशा स्मरणीय रहेंगे। शोक की इस घड़ी में मेरी संवेदनाएं उनके परिजनों और प्रशंसकों के साथ हैं। ओम शांति।"