പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഔദ്യോഗിക സന്ദർശനം നടത്തി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിക്കുകയും ഔപചാരിക വരവേൽപ്പ് നൽകുകയും ചെയ്തു.

ഇരു നേതാക്കളും നടത്തിയ വിശദമായ ചർച്ചകളിൽ യു.എ.ഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി ആവർത്തിച്ചുറപ്പിക്കുകയും യു.എ.ഇ നേതൃത്വത്തോടും ജനങ്ങളോടുമുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഊർജ്ജ, ഭക്ഷ്യ സുരക്ഷയ്ക്കും നിർണായകമായ, ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതവും സു​ഗമമായ സഞ്ചാരവും ഉറപ്പാക്കുന്നതിന് അനുകൂലമായ ഇന്ത്യയുടെ വ്യക്തമായ നിലപാടും പ്രധാനമന്ത്രി അറിയിച്ചു.

നേതാക്കൾ ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാ മേഖലകളും അവലോകനം ചെയ്യുകയും ഊർജ്ജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഫിൻടെക്, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെയുള്ള ഒന്നിലധികം മേഖലകളിൽ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാകുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഉഭയകക്ഷി വ്യാപാരം പുതിയ ഉയരങ്ങളിലെത്തിക്കാൻ കാരണമായ ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) വിജയം അവർ അംഗീകരിച്ചു.

അസംസ്‌കൃത എണ്ണ, എൽ.എൻ.ജി, എൽ.പി.ജി വിതരണം എന്നിവയിലുൾപ്പെടെ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ യു.എ.ഇ ഒരു പ്രധാന പങ്കാളിയായി തുടരുന്നതിലൂടെയുള്ള ഊർജ്ജസ്വലവും വളർന്നുവരുന്നതുമായ ഉഭയകക്ഷി ഊർജ്ജ പങ്കാളിത്തത്തെ ഇരു നേതാക്കളും അഭിനന്ദിച്ചു. ഒരു സമഗ്ര ഊർജ്ജ പങ്കാളിത്തത്തിനായുള്ള പുതിയ സംരംഭങ്ങളുടെ പ്രോത്സാഹനത്തിന് നേതാക്കൾ ഏകാഭിപ്രായമറിയിച്ചു. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തന്ത്രപരമായ പെട്രോളിയം കരുതൽ ശേഖരത്തിൽ യു.എ.ഇയുടെ പങ്കാളിത്തം 30 മില്യൺ ബാരലായി വർധിപ്പിക്കുന്നതിനും ഇന്ത്യയിൽ തന്ത്രപരമായ വാതക കരുതൽ ശേഖരം സ്ഥാപിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നതിനുമായി ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡും അബുദാബി നാഷണൽ ഓയിൽ കമ്പനിയും തമ്മിൽ തന്ത്രപരമായ സഹകരണ കരാറിൽ ഏർപ്പെട്ടതിനെ അവർ സ്വാഗതം ചെയ്തു. ദീർഘകാലാടിസ്ഥാനത്തിൽ എൽ.പി.ജി വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ ഓയിൽ ലിമിറ്റഡ് (IOCL) കമ്പനിയും അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) തമ്മിൽ ഉണ്ടാക്കിയ കരാറിനെയും അവർ സ്വാഗതം ചെയ്തു.

യു.എ.ഇയിലെ സ്ഥാപനങ്ങൾ ഇന്ത്യയിൽ 5 ബില്യൺ യു.എസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇതിൽ എമിറേറ്റ്സ് ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് (ENDB) ഇന്ത്യയിലെ ആർ.ബി.എൽ ബാങ്കിൽ നടത്തുന്ന 3 ബില്യൺ യു.എസ് ഡോളറിന്റെ നിക്ഷേപവും അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ADIA) ഇന്ത്യയുടെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ & ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി (NIIF) ചേർന്ന് ഇന്ത്യയിലെ മുൻഗണനാടിസ്ഥാനത്തിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ നടത്തുന്ന 1 ബില്യൺ യു.എസ് ഡോളറിന്റെ നിക്ഷേപവും ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി ഇന്ത്യയിലെ സമ്മാൻ ക്യാപിറ്റലിൽ നടത്തുന്ന 1 ബില്യൺ യു.എസ് ഡോളറിന്റെ നിക്ഷേപവും ഉൾപ്പെടുന്നു. ഉഭയകക്ഷി തന്ത്രപരമായ നിക്ഷേപ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ, ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിൽ യു.എ.ഇയ്ക്കുള്ള സുസ്ഥിരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ പ്രതിബദ്ധതയെ ഈ നിക്ഷേപങ്ങൾ അടിവരയിടുന്നു.

സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമായി സ്ഥിരതയാർന്നതും ശക്തവുമായ ഉഭയകക്ഷി പ്രതിരോധ സഹകരണത്തെ നേതാക്കൾ അംഗീകരിച്ചു. സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപരമായ പ്രതിരോധ പങ്കാളിത്തത്തിനായുള്ള ചട്ടക്കൂടിൽ ഒപ്പുവെച്ചതിനെ അവർ സ്വാഗതം ചെയ്തു. ഇതിന് കീഴിൽ പ്രതിരോധ വ്യവസായ സഹകരണം ആഴത്തിലാക്കാനും നവീകരണം, നൂതന സാങ്കേതികവിദ്യ, പരിശീലനം, അഭ്യാസങ്ങൾ, സമുദ്ര സുരക്ഷ, സൈബർ പ്രതിരോധം, സുരക്ഷിത ആശയവിനിമയങ്ങൾ, വിവര കൈമാറ്റം എന്നിവയിലുള്ള സഹകരണത്തിനും ഇരുപക്ഷവും സമ്മതിച്ചു.

ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്ന താഴെ പറയുന്ന കൂടുതൽ രേഖകൾ പൂർത്തീകരിക്കുന്നതിനും ഇരു നേതാക്കളും സാക്ഷ്യം വഹിച്ചു:

· ഇന്ത്യാ ​ഗവൺമെന്റ് ആരംഭിച്ച മാരിടൈം ഡെവലപ്‌മെന്റ് ഫണ്ട് പദ്ധതിക്ക് കീഴിൽ ഓഫ്‌ഷോർ ഫാബ്രിക്കേഷൻ ഉൾപ്പെടെ വാഡിനാറിൽ ഒരു കപ്പൽ അറ്റകുറ്റപ്പണി ക്ലസ്റ്റർ സ്ഥാപിക്കുന്നത് സംബന്ധിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും ദുബായിലെ ഡ്രൈഡോക്‌സ് വേൾഡും തമ്മിലുള്ള ധാരണാപത്രം (MoU).

· കപ്പൽ അറ്റകുറ്റപ്പണിയിലെ നൈപുണ്യ വികസനത്തെക്കുറിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, ദുബായിലെ ഡ്രൈഡോക്‌സ് വേൾഡ്, സെന്റർ ഓഫ് എക്‌സലൻസ് ഇൻ മാരിടൈം & ഷിപ്പ് ബിൽഡിംഗ് (CEMS) എന്നിവ തമ്മിലുള്ള ത്രികക്ഷി ധാരണാപത്രം. ഇത് നൈപുണ്യമുള്ള സമുദ്ര തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനും തൊഴിൽ നൽകുന്നതിനുമുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നു. കൂടാതെ ഇന്ത്യൻ സമുദ്ര തൊഴിലാളികളുടെ കഴിവുകൾ വർധിപ്പിക്കുകയും കപ്പൽ നിർമ്മാണത്തിലും കപ്പൽ അറ്റകുറ്റപ്പണിയിലും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ഒരു കേന്ദ്രമായി ഇന്ത്യയെ മാറ്റുകയും ചെയ്യുന്നു.

· ഇന്ത്യയിലെ സി-ഡാക്കും (CDAC) യു.എ.ഇയിലെ ജി-42-ഉം (G-42) തമ്മിലുള്ള പങ്കാളിത്തത്തോടെ 8 എക്സാഫ്ലോപ്പ് സൂപ്പർ കമ്പ്യൂട്ടിംഗ് ക്ലസ്റ്റർ സ്ഥാപിക്കുന്നതിനുള്ള ടേം ഷീറ്റ്. 

മൈത്രി (MAITRI - മാസ്റ്റർ ആപ്ലിക്കേഷൻ ഫോർ ഇന്റർനാഷണൽ ട്രേഡ് ആൻഡ് റെഗുലേറ്ററി ഇന്റർഫേസ്) ഉപയോഗിച്ചുള്ള വെർച്വൽ ട്രേഡ് കോറിഡോർ പ്രവർത്തനക്ഷമമാക്കിയതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇരുപക്ഷത്തെയും കസ്റ്റംസ്, പോർട്ട് അധികാരികളെ ബന്ധിപ്പിക്കുന്ന ഈ ഡിജിറ്റൽ ചട്ടക്കൂട്, ചരക്ക് നീക്കം സുഗമമാക്കുകയും ചെലവും യാത്രാസമയവും കുറയ്ക്കുകയും ചെയ്യും. അതിലൂടെ കൂടുതൽ കാര്യക്ഷമമായ വ്യാപാര ഒഴുക്ക് സാധ്യമാക്കും.

ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് നന്ദി പറയുകയും എത്രയും വേഗം ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Shortcuts will cut you short’: PM Modi’s message for youngsters at former President Kovind’s autobiography launch

Media Coverage

‘Shortcuts will cut you short’: PM Modi’s message for youngsters at former President Kovind’s autobiography launch
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 13
August 13, 2026

Aatmanirbhar in Motion: Solar Homes, Made-in-India Containers, Record Exports & a Rising Global Footprint Under the Leadership of PM Modi