വഡോദരയിൽ സി-295 വിമാനങ്ങൾ നിർമിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് സമുച്ചയം സ്പാനിഷ് പ്രധാനമന്ത്രിയും പ്രധാനമന്ത്രി മോദിയും സംയുക്തമായി ഉദ്ഘാടനം ചെയ്യും
ഇന്ത്യയിലെ സൈനികവിമാനങ്ങൾക്കായുള്ള സ്വകാര്യമേഖലയിലെ ആദ്യ ഫൈനൽ അസംബ്ലി ലൈനായിരിക്കും ഇത്
അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും
പദ്ധതികൾ പ്രധാനമായും ശ്രദ്ധയേകുന്നതു റെയിൽ-റോഡ്-ജലവികസന-വിനോദസഞ്ചാര മേഖലകളിൽ

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 28നു ഗുജറാത്ത് സന്ദർശിക്കും. രാവിലെ പത്തിനു സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനൊപ്പം പ്രധാനമന്ത്രി, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) ക്യാമ്പസിൽ സി-295 വിമാനങ്ങൾ നിർമിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് സമുച്ചയം സംയുക്തമായി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, പകൽ പതിനൊന്നോടെ അദ്ദേഹം വഡോദരയിലെ ലക്ഷ്മിവിലാസം കൊട്ടാരം സന്ദർശിക്കും. വഡോദരയിൽനിന്ന് അംറേലിയിലേക്കു പോകുന്ന പ്രധാനമന്ത്രി ഉച്ചകഴിഞ്ഞ് 2.45ന് അംറേലിയിലെ ദുധാലയിൽ ഭാരത് മാതാ സരോവർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നോടെ അംറേലിയിലെ ലാഠിയിൽ 4800 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും.

പ്രധാനമന്ത്രി വഡോദരയിൽ

ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) ക്യാമ്പസിൽ സി-295 വിമാനങ്ങൾ നിർമിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനൊപ്പം പ്രധാനമന്ത്രി നിർവഹിക്കും. സി-295 പരിപാടിക്കു കീഴിൽ ആകെ 56 വിമാനങ്ങളുണ്ട്. അതിൽ 16 എണ്ണം സ്പെയിനിൽനിന്ന് എയർബസ് നേരിട്ടെത്തിക്കും. ബാക്കി 40 എണ്ണം നിർമിക്കുന്നത് ഇന്ത്യയിലാണ്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിനാണ് ഈ 40 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാനുള്ള ചുമതല. ഈ സൗകര്യം ഇന്ത്യയിലെ സൈനിക വിമാനങ്ങൾക്കായുള്ള സ്വകാര്യ മേഖലയിലെ ആദ്യത്തെ ഫൈനൽ അസംബ്ലി ലൈൻ (FAL) ആയിരിക്കും. നിർമാണംമുതൽ അസംബ്ലിയും പരിശോധനയും യോഗ്യതയുംവരെയും വിമാനത്തിന്റെ സമ്പൂർണ ജീവിതചക്രം പരിഗണിച്ചുള്ള വിതരണവും പരിപാലനവുംവരെയുമുള്ള സമ്പൂർണ ആവാസവ്യവസ്ഥയുടെ പൂർണമായ വികസനം ഇതിൽ ഉൾപ്പെടുന്നു.

ടാറ്റയെ കൂടാതെ, പ്രതിരോധ പൊതുമേഖലാ യൂണിറ്റുകളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് എന്നിവയും സ്വകാര്യ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളും ഈ പദ്ധതിക്കു സംഭാവനയേകും.

ഒക്ടോബർ 2022ലാണു വഡോദര ഫൈനൽ അസംബ്ലി ലൈനിനു (FAL) പ്രധാനമന്ത്രി തറക്കല്ലിട്ടത്.

പ്രധാനമന്ത്രി അംറേലിയിൽ

അംറേലിയിലെ ദുധാലയിൽ പ്രധാനമന്ത്രി ഭാരത് മാതാ സരോവർ ഉദ്ഘാടനം ചെയ്യും. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ ഗുജറാത്ത് ഗവണ്മെന്റും ഢോലകിയ ഫൗണ്ടേഷനും തമ്മിലുള്ള സഹകരണത്തിലൂടെയാണു പദ്ധതി വികസിപ്പിച്ചത്. ഢോലകിയ ഫൗണ്ടേഷൻ നവീകരിച്ച തടയണയിൽ ആദ്യം 4.5 കോടി ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയുമായിരുന്നു. ആഴം കൂട്ടുകയും വീതി കൂട്ടുകയും ബലപ്പെടുത്തുകയും ചെയ്തശേഷം ശേഷി 24.5 കോടി ലിറ്ററായി വർധിച്ചു. ഈ പുരോഗതി സമീപത്തെ കിണറുകളിലും കുഴൽക്കിണറുകളിലും ജലനിരപ്പുയർത്തി. ഇതു മികച്ച ജലസേചനസൗകര്യങ്ങളൊരുക്കി പ്രാദേശിക ഗ്രാമങ്ങളെയും കർഷകരെയും സഹായിക്കും.

ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിക്കും. സംസ്ഥാനത്തെ അംറേലി, ജാംനഗർ, മോർബി, ദേവഭൂമി ദ്വാരക, ജൂനാഗഢ്, പോർബന്ദർ, കച്ഛ്, ബോട്ടാദ് ജില്ലകളിലെ പൗരന്മാർക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടും.

2800 കോടിയിലധികം രൂപയുടെ വിവിധ റോഡുപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. NH 151, NH 151A, NH 51, ജൂനാഗഢ് ബൈപ്പാസ് എന്നിവയുടെ വിവിധ ഭാഗങ്ങൾ നാലുവരിയാക്കുന്ന പദ്ധതികളും ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു. ജാംനഗർ ജില്ലയിലെ ധ്രോൽ ബൈപാസ്‌മുതൽ മോർബി ജില്ലയിലെ ആംറൺവരെയുള്ള ശേഷിക്കുന്ന ഭാഗത്തിന്റെ നാലുവരിപ്പാതാപദ്ധതിക്കും തറക്കല്ലിടും.

ഏകദേശം 1100 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ ഭുജ്-നലിയ റെയിൽഗേജ് പരിവർത്തന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. വിപുലമായ ഈ പദ്ധതിയിൽ 24 പ്രധാന പാലങ്ങൾ, 254 ചെറിയ പാലങ്ങൾ, 3 റോഡ് മേൽപ്പാലങ്ങൾ, 30 റോഡ് അടിപ്പാലങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതു കച്ഛ് ജില്ലയുടെ സാമൂഹ്യ-സാമ്പത്തിക വികസനം മെച്ചപ്പെടുത്തുന്നതിൽ നിർണായകപങ്കു വഹിക്കും.

ജലവിതരണവകുപ്പിന്റെ 700 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി അംറേലി ജില്ലയിൽ നിർവഹിക്കും. ബോട്ടാദ്, അംറേലി, ജൂനാഗഢ്, രാജ്‌കോട്, പോർബന്ദർ ജില്ലകളിലെ 36 നഗരങ്ങളിലെയും 1298 ഗ്രാമങ്ങളിലെയും ഏകദേശം 67 ലക്ഷം ഗുണഭോക്താക്കൾക്ക് 28 കോടി ലിറ്റർ വെള്ളം അധികമായി നൽകുന്ന നവ്ഡമുതൽ ചാവണ്ഡ് വരെയുള്ള ബൃഹദ് പൈപ്പ്‌ലൈൻ, ഉദ്ഘാടനംചെയ്യുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു. ഭാവ്‌നഗർ ജില്ലയിലെ മഹുവ, തലാജ, പാലീതാന താലൂക്കുകളിലെ 95 ഗ്രാമങ്ങൾക്കു പ്രയോജനം ചെയ്യുന്ന ഭാവ്‌നഗർ ജില്ലയിലെ പാസ്‌വി ഗ്രൂപ്പ് ഓഗ്മെന്റേഷൻ ജലവിതരണപദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അദ്ദേഹം തറക്കല്ലിടും.

പോർബന്ദർ ജില്ലയിലെ മൊകർസാഗറിലെ കാർലി റീചാർജ് ജലസംഭരണിയെ ലോകോത്തര സുസ്ഥിര പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതുൾപ്പെടെ, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വികസനസംരംഭങ്ങൾക്കും പ്രധാനമന്ത്രി തറക്കല്ലിടും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
UPI reigns supreme in digital payments kingdom

Media Coverage

UPI reigns supreme in digital payments kingdom
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Assam Chief Minister meets PM Modi
December 02, 2024