ബീഹാറിന്റെ മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന സെപ്റ്റംബര്‍ 26 ന് രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ബീഹാറിലുടനീളമുള്ള 75 ലക്ഷം സ്ത്രീകള്‍ക്ക് 10,000 രൂപ വീതം, മൊത്തം 7,500 കോടി രൂപയുടെ സാമ്പത്തികസഹായം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രധാനമന്ത്രി നേരിട്ട് കൈമാറുകയും ചെയ്യും.
സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയും സ്വയംതൊഴില്‍, ഉപജീവന അവസരങ്ങള്‍ എന്നിവയിലൂടെ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുകയുമാണ് ബീഹാര്‍ ഗവണ്‍മെന്റിന്റെ ഈ മുന്‍കൈ ലക്ഷ്യമാക്കുന്നത്. ഇതിലൂടെ സംസ്ഥാനത്തെ ഓരോ കുടുംബത്തില്‍ നിന്നും ഒരു സ്ത്രീക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയും അവര്‍ക്ക് ഇഷ്ടമുള്ള തൊഴില്‍ അല്ലെങ്കില്‍ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പ്രാപ്തമാക്കുകയും അതുവഴി സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക ശാക്തീകരണവും പരിപോഷിപ്പിക്കുകയും ചെയ്യും.
പദ്ധതി പ്രകാരം, ഓരോ ഗുണഭോക്താവിനും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി പ്രാരംഭമ ഘട്ടമായി 10,000 രൂപയുടെ ഗ്രാന്റ് ലഭിക്കും. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ 2 ലക്ഷം രൂപയുടെ വരെ അധിക സാമ്പത്തിക സഹായത്തിനുള്ള സാദ്ധ്യതയുമുണ്ടായിരിക്കും. കൃഷി, മൃഗസംരക്ഷണം, കരകൗശല വസ്തുക്കള്‍, തയ്യല്‍, നെയ്ത്ത്, മറ്റ് ചെറുകിട സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെ ഗുണഭോക്താവിന് ഇഷ്ടമുള്ള മേഖലകളില്‍ ഈ സഹായം പ്രയോജനപ്പെടുത്താം.
സാമ്പത്തിക സഹായത്തോടൊപ്പം, സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി റിസോഴ്‌സ് വ്യക്തികള്‍ അവരുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതുള്‍പ്പെടെ കമ്മ്യൂണിറ്റി നയിക്കുന്ന പദ്ധതിയാണിത്.അവരുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ പിന്തുണയ്ക്കുന്നതിനായി, സംസ്ഥാനത്ത് കൂടുതല്‍ ഗ്രാമീണ്‍ ഹാത്ത്-ബസാറുകളും വികസിപ്പിക്കും.
ജില്ല, ബ്ലോക്ക്, ക്ലസ്റ്റര്‍, ഗ്രാമം എന്നിങ്ങനെ സംസ്ഥാനത്തെ വിവിധ ഭരണനിര്‍വഹണ തലങ്ങളിലായി സംസ്ഥാനവ്യാപകമായി അവതരിപ്പിക്കപ്പെടുന്ന പരിപാടിയായ മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജനയുടെ സമാരംഭം കുറിക്കുന്ന ചടങ്ങിന് ഒരു കോടി വനിതകള്‍ സാക്ഷ്യംവഹിക്കും.


