പതിനേഴാമത് സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച്, ഏപ്രിൽ 21 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങളും അദ്ദേഹം സമ്മാനിക്കും.
പൗരന്മാരുടെ ക്ഷേമത്തിനായി ആത്മാർപ്പണം ചെയ്യാനും, പൊതുസേവനത്തിൽ പ്രതിജ്ഞാബദ്ധരാകാനും, തങ്ങളുടെ ജോലിയിൽ മികവ് പുലർത്താൻ പരിശ്രമിക്കാനും ഇന്ത്യയിലുടനീളമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഈ വർഷം, ജില്ലകളുടെ സമഗ്ര വികസനം, ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം, നവീകരണം എന്നീ വിഭാഗങ്ങളിലായി 16 അവാർഡുകൾ സിവിൽ സർവീസ് ഉദോഗസ്ഥർക്ക് പ്രധാനമന്ത്രി സമ്മാനിക്കും. ഇതിലൂടെ സാധാരണ പൗരന്മാരുടെ ക്ഷേമത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി അവർ ആദരിക്കപ്പെടും.


