ബഹുമാന്യരേ ,
സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച്, അവസരങ്ങളും വിഭവങ്ങളും ഏതാനും ചിലരുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നു. ലോകമെമ്പാടും, നിർണായക സാങ്കേതികവിദ്യകളെച്ചൊല്ലിയുള്ള മത്സരം ശക്തമാവുകയാണ്. ഇത് മനുഷ്യരാശിയെ ആശങ്കപ്പെടുത്തുന്ന ഒരു വിഷയമാണ്, കൂടാതെ ഇത് നവീകരണത്തിന് ഒരു തടസ്സവും സൃഷ്ടിക്കുന്നു. ഇത് പരിഹരിക്കുന്നതിന്, നമ്മുടെ സമീപനത്തിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരണം.
'ധനകാര്യ കേന്ദ്രീകൃത'ത്തിനു പകരം 'മനുഷ്യ കേന്ദ്രീകൃത'വും, കേവലം 'ദേശീയ'ത്തിനു പകരം 'ആഗോള'വും, 'എക്‌സ്‌ക്ലൂസീവ്' മോഡലുകൾക്ക് പകരം 'ഓപ്പൺ സോഴ്‌സ്' മോഡലുകൾ പിന്തുടരുന്നതുമായ സാങ്കേതിക ആപ്ലിക്കേഷനുകളെ നാം പ്രോത്സാഹിപ്പിക്കണം. ഈ കാഴ്ചപ്പാടിനെ തന്നെയാണ് എല്ലാ സാങ്കേതിക പദ്ധതികളിലും സംയോജിപ്പിക്കാൻ ഇന്ത്യ ശ്രമിച്ചിട്ടുള്ളത് .
ഇക്കാരണത്താൽ, ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ ഇന്ത്യ രേഖപ്പെടുത്തുന്നു. ബഹിരാകാശ സാങ്കേതികവിദ്യ മുതൽ കൃത്രിമബുദ്ധി വരെ, എല്ലാ മേഖലകളിലും അനുകൂലാവസ്ഥയും വിശാലമായ പങ്കാളിത്തവും ഞങ്ങൾ കാണുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ AI സമീപനം മൂന്ന് സ്തംഭങ്ങളിൽ നങ്കൂരമിട്ടിരിക്കുന്നു - തുല്യമായ പ്രാപ്യത , ജനസംഖ്യാ തോതിലുള്ള വൈദഗ്ധ്യം, ഉത്തരവാദിത്ത വിന്യാസം. ഇന്ത്യ-AI മിഷന്റെ കീഴിൽ, AI യുടെ പ്രയോജനങ്ങൾ എല്ലാ ജില്ലയിലേക്കും എല്ലാ ഭാഷയിലേക്കും എത്തുന്ന തരത്തിൽ പ്രാപ്യമായ ഉയർന്ന പ്രകടനമുള്ള കമ്പ്യൂട്ടിംഗ് ഞങ്ങൾ വികസിപ്പിക്കുന്നു. ഇത് മനുഷ്യ വികസനത്തിനായുള്ള നമ്മുടെ ശ്രമങ്ങൾക്ക് അളവും വേഗതയും നൽകും.

അതേസമയം, AI ആഗോള നന്മയ്ക്കായി ഉപയോഗിക്കുന്നുണ്ടെന്നും അതിന്റെ ദുരുപയോഗം തടയുന്നുണ്ടെന്നും നാമെല്ലാവരും ഉറപ്പാക്കണം. ഇതിനായി, ചില അടിസ്ഥാന തത്വങ്ങളിൽ അധിഷ്ഠിതമായ ഒരു ആഗോള AI കോംപാക്റ്റ് നമുക്ക് ആവശ്യമാണ്. ഫലപ്രദമായ മനുഷ്യ മേൽനോട്ടം, രൂപകൽപ്പന അനുസരിച്ച് സുരക്ഷ, സുതാര്യത, ഡീപ്ഫേക്കുകൾ, കുറ്റകൃത്യങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി AI ഉപയോഗിക്കുന്നതിലെ കർശനമായ വിലക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടണം.
മനുഷ്യജീവിതത്തെയോ സുരക്ഷയെയോ പൊതുജനവിശ്വാസത്തെയോ ബാധിക്കുന്ന AI സംവിധാനങ്ങൾ ഉത്തരവാദിത്തമുള്ളതും ഓഡിറ്റ് ചെയ്യാവുന്നതുമായിരിക്കണം. ഏറ്റവും പ്രധാനമായി, AI മനുഷ്യന്റെ കഴിവുകൾ വർദ്ധിപ്പിക്കുമെങ്കിലും, തീരുമാനമെടുക്കുന്നതിനുള്ള ആത്യന്തിക ഉത്തരവാദിത്തം എല്ലായ്പ്പോഴും മനുഷ്യരിൽ തന്നെയായിരിക്കണം.
2026 ഫെബ്രുവരിയിൽ, സർവജന ഹിതായ, സർവജന സുഖായ - എല്ലാവർക്കും ക്ഷേമം, എല്ലാവർക്കും സന്തോഷം എന്ന പ്രമേയവുമായി ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. ഈ ഉച്ചകോടിയിൽ പങ്കെടുക്കാൻ എല്ലാ G20 രാജ്യങ്ങളെയും ഞങ്ങൾ ക്ഷണിക്കുന്നു.
സുഹൃത്തുക്കളേ,
AI യുടെ ഈ യുഗത്തിൽ, 'ഇന്നത്തെ ജോലികൾ' എന്നതിൽ നിന്ന് 'നാളത്തെ കഴിവുകൾ' എന്നതിലേക്ക് നമ്മുടെ സമീപനം വേഗത്തിൽ മാറ്റണം. ദ്രുതഗതിയിലുള്ള നവീകരണത്തിന് കഴിവുകളുടെ ചലനാത്മകത വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ ഈ വിഷയത്തിൽ ഞങ്ങൾ പുരോഗതി കൈവരിച്ചു. വരും വർഷങ്ങളിൽ, ജി 20, കഴിവുകളുടെ ചലനാത്മകതയ്ക്കായി ഒരു ആഗോള ചട്ടക്കൂട് വികസിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

സുഹൃത്തുക്കളേ,
കോവിഡ് യുഗം ആഗോള വിതരണ ശൃംഖലകളുടെ ദുർബലതകൾ തുറന്നുകാട്ടി. ആ വെല്ലുവിളി നിറഞ്ഞ സമയത്തുപോലും, ഇന്ത്യ 150-ലധികം രാജ്യങ്ങൾക്ക് വാക്സിനുകളും മരുന്നുകളും നൽകി. രാഷ്ട്രങ്ങളെ വെറും വിപണികളായി കാണാൻ കഴിയില്ല; നമ്മൾ ഒരു സംവേദനക്ഷമതയുള്ളതും ദീർഘകാലത്തേക്കുള്ളതുമായ സമീപനം സ്വീകരിക്കണം.
ഇന്ത്യയുടെ സന്ദേശം വ്യക്തമാണ്:
· വികസനം സുസ്ഥിരമായിരിക്കണം,
· വ്യാപാരം വിശ്വസനീയമായിരിക്കണം,
· ധനകാര്യം ന്യായമായിരിക്കണം,
· പുരോഗതി എല്ലാവരെയും ഉൾക്കൊള്ളുന്ന അഭിവൃദ്ധി ഉറപ്പാക്കണം.
അപ്പോൾ മാത്രമേ നമുക്ക്, എല്ലാവർക്കുമായി നീതിയുക്തവും നീതിയിൽ അധിഷ്ഠിതവുമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ കഴിയൂ.
നന്ദി.


