പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡെലവേയിലെ വിൽമിങ്ടണിൽ ക്വാഡ് ഉച്ചകോടിക്കിടെ  ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി.

2022 മാർച്ചിൽ നടന്ന ആദ്യ വാർഷിക ഉച്ചകോടി മുതലുള്ള നിരവധി ആശയവിനിമയങ്ങൾ ഇരുപ്രധാനമന്ത്രിമാരും  അനുസ്മരിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപ്രധാന-ആഗോള പങ്കാളിത്തത്തിൽ പുരോഗതി സാധ്യമാക്കുന്നതിൽ അചഞ്ചലമായ സമർപ്പണത്തിനും നേതൃത്വത്തിനും പ്രധാനമന്ത്രി ​മോദി ജപ്പാൻ പ്രധാനമന്ത്രി കിഷിദയ്ക്കു നന്ദി പറഞ്ഞു.

 

ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപ്രധാന-ആഗോള പങ്കാളിത്തം പത്താം വർഷത്തിലാണെന്നു സൂചിപ്പിച്ച ഇരുനേതാക്കളും ബന്ധത്തിലെ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹുമുഖബന്ധം പ്രധാനമന്ത്രിമാർ അവലോകനം ചെയ്യുകയും പ്രതിരോധ-സുരക്ഷ ബന്ധങ്ങളും B2B, P2P സഹകരണങ്ങളും ഉൾപ്പെടെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.

പ്രധാനമന്ത്രി കിഷിദയ്ക്കു യാത്രയയപ്പു നൽകിയ ശ്രീ മോദി, അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങളിൽ വിജയവും സഫലീകരണവും ആശംസിച്ചു.