എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം, 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം. രാജ്യം മുഴുവൻ ഇപ്പോൾ ഉത്സവത്തിന്റെ തിരക്കിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നാമെല്ലാവരും ദീപാവലി ആഘോഷിച്ചു, ഇപ്പോൾ ധാരാളം ആളുകൾ ഛഠ് പൂജയുടെ തിരക്കിലാണ്. വീടുകളിൽ പലഹാരങ്ങൾ ഉണ്ടാക്കുന്നു. ഓരോയിടത്തും പൂജാപീഠങ്ങൾ അലങ്കരിച്ചിരിക്കുന്നു. മാർക്കറ്റുകൾ തിങ്ങിനിറഞ്ഞിരിക്കുന്നു ഭക്തിയുടെയും പാരമ്പര്യത്തിന്റെയും സംഗമം എല്ലായിടത്തും കാണാം. ഛഠ് വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകളുടെ സമർപ്പണ മനോഭാവവും ഭക്തിയും ഏവർക്കും പ്രചോദനമേകുന്നു. സുഹൃത്തുക്കളേ, ഛഠ് ഉത്സവം, സംസ്കാരം, പ്രകൃതി, സമൂഹം എന്നിവ തമ്മിലുള്ള അഗാധ ഐക്യത്തിന്റെ പ്രതിഫലനമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഛഠ് പീഠങ്ങളിൽ ഒന്നിക്കുന്നു. ഭാരതത്തിന്റെ സാമൂഹിക ഐക്യത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് ഈ ദൃശ്യം. നിങ്ങൾ രാജ്യത്തിന്റെയോ ലോകത്തിന്റെയോ ഏത് കോണിലായാലും, സൗകര്യം പോലെ ഛഠ് ഉത്സവത്തിൽ പങ്കെടുക്കുക. ഈ അതുല്യമായ അനുഭവത്തിൽ നിങ്ങൾ പങ്കാളികളാകുക. ഞാൻ ഛഠീ ദേവിയെ വണങ്ങുന്നു. എന്റെ എല്ലാ നാട്ടുകാർക്കും, പ്രത്യേകിച്ച് ബിഹാർ, ഝാർഖണ്ഡ്, പൂർവാഞ്ചൽ എന്നിവിടങ്ങളിലെ ജനങ്ങൾക്ക്, വളരെ സന്തോഷകരമായ ഒരു ഛഠ് ഉത്സവം ആശംസിക്കുന്നു.
സുഹൃത്തുക്കളേ, ഈ ഉത്സവവേളയിൽ, എന്റെ വികാരങ്ങൾ പങ്കുവെച്ചു കൊണ്ട് ഞാൻ നിങ്ങൾക്കെല്ലാവർക്കും ഒരു കത്തെഴുതി. ഉത്സവങ്ങളെ മുമ്പെന്നത്തേക്കാളും ഊർജ്ജസ്വലമാക്കിയ രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച്, ഞാൻ കത്തിൽ പ്രതിപാദിച്ചു. എന്റെ കത്തിന് മറുപടിയായി, രാജ്യത്തെ നിരവധി പൗരന്മാർ എനിക്ക് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. തീർച്ചയായും, 'ഓപ്പറേഷൻ സിന്ദൂർ' ഓരോ ഭാരതീയനെയും അഭിമാനപൂരിതനാക്കി. ഒരിക്കൽ മാവോയിസ്റ്റ് ഭീകരതയുടെ ഇരുട്ട് നിലനിന്നിരുന്ന പ്രദേശങ്ങളിൽ പോലും ഇത്തവണ സന്തോഷത്തിന്റെ വിളക്കുകൾ തെളിഞ്ഞിട്ടുണ്ട്. തങ്ങളുടെ കുട്ടികളുടെ ഭാവി അപകടത്തിലാക്കിയ മാവോയിസ്റ്റ് ഭീകരതയെ ഉന്മൂലനം ചെയ്യാൻ ജനങ്ങൾ ആഗ്രഹിക്കുന്നു.
ജി.എസ്.ടി. സമ്പാദ്യ ഉത്സവത്തെക്കുറിച്ച് ആളുകൾ വളരെ ആവേശത്തിലാണ്. ഇത്തവണ ഉത്സവകാലത്ത് മറ്റൊരു സന്തോഷകരമായ കാര്യം കൂടി കാണാൻ സാധിച്ചു. വിപണികളിൽ തദ്ദേശീയ വസ്തുക്കൾ വാങ്ങുന്നത് ഗണ്യമായി വർദ്ധിച്ചു. ആളുകൾ എനിക്ക് അയച്ച സന്ദേശങ്ങളിൽ, ഇത്തവണ അവർ വാങ്ങിയ തദ്ദേശീയ ഉൽപ്പന്നങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്.
സുഹൃത്തുക്കളേ, എന്റെ കത്തിൽ, പാചക എണ്ണയുടെ ഉപഭോഗത്തിൽ 10 ശതമാനം കുറവ് വരുത്തണമെന്ന് ഞാൻ അഭ്യർത്ഥിച്ചിരുന്നു, ആളുകൾ ഇതിനോട് വളരെ പോസിറ്റീവായി പ്രതികരിച്ചു.
സുഹൃത്തുക്കളേ, ശുചിത്വത്തെക്കുറിച്ചും ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ചും എനിക്ക് നിരവധി സന്ദേശങ്ങൾ ലഭിച്ചു. രാജ്യത്തെ മൂന്ന് വ്യത്യസ്ത നഗരങ്ങളിൽ നിന്നുള്ള, വളരെ പ്രചോദനാത്മകമായ അത്തരം കഥകൾ, നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഛത്തീസ്ഗഡിലെ അംബികാപൂരിൽ, നഗരത്തിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള ഒരു സവിശേഷ സംരംഭം തുടങ്ങിയിട്ടുണ്ട്. അംബികാപൂരിൽ ഗാർബേജ് കഫേകൾ നടത്തുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവരുന്ന ആളുകൾക്ക് വയറുനിറയെ ഭക്ഷണം നൽകുന്ന കഫേകളാണിവ. ഒരു കിലോഗ്രാം പ്ലാസ്റ്റിക് കൊണ്ടുവരുന്നവർക്ക് ഉച്ചഭക്ഷണമോ അത്താഴമോ ലഭിക്കും, അര കിലോഗ്രാം കൊണ്ടുവരുന്നവർക്ക് പ്രഭാതഭക്ഷണം ലഭിക്കും. ഈ കഫേകൾ നടത്തുന്നത് അംബികാപൂർ മുനിസിപ്പൽ കോർപ്പറേഷനാണ്. സുഹൃത്തുക്കളേ, ബെംഗളൂരുവിലെ എഞ്ചിനീയർ കപിൽ ശർമ്മയും സമാനമായ ഒരു നേട്ടം കൈവരിച്ചിട്ടുണ്ട്. ബെംഗളൂരു തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നു, കപിൽ ഇവിടുത്തെ തടാകങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു ക്യാമ്പയിൻ ആരംഭിച്ചു. കപിലിന്റെ സംഘം ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലുമായി 40 കിണറുകളും ആറ് തടാകങ്ങളും പുനരുജ്ജീവിപ്പിച്ചു. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ, അദ്ദേഹം തന്റെ ദൗത്യത്തിൽ കോർപ്പറേറ്റുകളെയും നാട്ടുകാരെയും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. അദ്ദേഹത്തിന്റെ സംഘടന, വൃക്ഷത്തൈ നടീൽ ക്യാമ്പെയ്‌നുകളിലും പങ്കാളിയാണ്. സുഹൃത്തുക്കളേ, ദൃഢനിശ്ചയം എടുത്താൽ, മാറ്റം അനിവാര്യമായും കൊണ്ടുവരാൻ കഴിയും എന്ന് അംബികാപൂരിലെയും ബെംഗളൂരുവിലേയും ഉദാഹരണങ്ങൾ കാണിക്കുന്നു.
സുഹൃത്തുക്കളേ, മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ മറ്റൊരു ഉദാഹരണം ഞാൻ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. പർവതങ്ങളിലും സമതലങ്ങളിലും വനങ്ങൾ നിലനിൽക്കുന്നു. ഈ കാടുകൾ മണ്ണിനെ നിലനിർത്തുന്നു. സമുദ്രതീരത്തുള്ള കണ്ടൽക്കാടുകൾക്കും സമാനമായ പ്രാധാന്യമുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. ഉപ്പുരസമുള്ള സമുദ്രത്തിലും ചതുപ്പുനിലങ്ങളിലും കണ്ടൽക്കാടുകൾ വളരുന്നു. ഇത് സമുദ്ര ആവാസവ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ്. സുനാമി അല്ലെങ്കിൽ ചുഴലിക്കാറ്റുകൾ പോലുള്ള ദുരന്തങ്ങൾ വരുമ്പോൾ ഈ കണ്ടൽക്കാടുകൾ വളരെ സഹായകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
സുഹൃത്തുക്കളേ, കണ്ടൽക്കാടുകളുടെ പ്രാധാന്യം മനസ്സിലാക്കി, ഗുജറാത്ത് വനം വകുപ്പ് ഒരു പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചു. അഞ്ച് വർഷം മുമ്പ്, അഹമ്മദാബാദിനടുത്തുള്ള ധോലേരയിൽ വനംവകുപ്പ് ടീമുകൾ കണ്ടൽച്ചെടികൾ നടാൻ തുടങ്ങി, ഇന്ന്, ധോലേര തീരത്ത് 3500 ഹെക്ടറിൽ കണ്ടൽക്കാടുകൾ വ്യാപിച്ചിരിക്കുന്നു. ഈ കണ്ടൽക്കാടുകളുടെ പ്രഭാവം പ്രദേശത്തുടനീളം ദൃശ്യമാണ്. അവിടത്തെ ആവാസ വ്യവസ്ഥയിൽ ഡോൾഫിനുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഞണ്ടുകളും മറ്റ് ജലജീവികളും മുമ്പത്തേക്കാളും വർദ്ധിച്ചിട്ടുണ്ട്. കൂടാതെ, ദേശാടന പക്ഷികളും ഇപ്പോൾ വൻതോതിൽ എത്തിച്ചേരുന്നു. പരിസ്ഥിതിയിൽ നല്ല സ്വാധീനം ചെലുത്തുക മാത്രമല്ല, ധോലേരയിലെ മത്സ്യകർഷകർക്കും ഇത് ഗുണം ചെയ്യുന്നു.
സുഹൃത്തുക്കളേ, ധോലേരയ്ക്ക് പുറമേ, ഗുജറാത്തിലെ കച്ചിലും കണ്ടൽച്ചെടികളുടെ നടീൽ വലിയതോതിൽ നടക്കുന്നുണ്ട്. കോറി ക്രീക്കിൽ ഒരു 'കണ്ടൽ പഠന കേന്ദ്രം' സ്ഥാപിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, സസ്യങ്ങളുടെയും മരങ്ങളുടെയും പ്രത്യേക ഗുണമാണിത്. സ്ഥലം ഏതുതന്നെയായാലും, അവ എല്ലാ ജീവജാലങ്ങളുടെയും ക്ഷേമത്തിന് സംഭാവന ചെയ്യുന്നു. അതുകൊണ്ടാണ് നമ്മുടെ വേദങ്ങൾ പറയുന്നത് –
धन्या महीरूहा येभ्यो,
निराशां यान्ति नार्थिनः ||
അതായത്, ആരെയും ഒരിക്കലും നിരാശപ്പെടുത്താത്ത മരങ്ങളും സസ്യങ്ങളും ഭാഗ്യവാന്മാർ. നമ്മൾ എവിടെ ജീവിച്ചാലും നമ്മളും മരങ്ങൾ നടണം. ‘ ഏക് പേട് മാ കെ നാം’ എന്ന ക്യാമ്പെയ്‌ൻ മുന്നോട്ട് കൊണ്ടുപോകണം.
പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തിൽ' നമ്മൾ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ എനിക്ക് ഏറ്റവും സംതൃപ്തി നൽകുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമോ? 'മൻ കി ബാത്തിൽ' നമ്മൾ ചർച്ച ചെയ്യുന്ന വിഷയങ്ങൾ സമൂഹത്തിന് എന്തെങ്കിലും നല്ലത്, നവീനമായ എന്തെങ്കിലും ചെയ്യാൻ, ആളുകളെ പ്രചോദിപ്പിക്കുന്നു എന്നതാണ്. ഇത് നമ്മുടെ സംസ്കാരത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും പല കാഴ്ചപ്പാടുകളെയും മുന്നിൽ കൊണ്ടുവരുന്നു.
സുഹൃത്തുക്കളേ, ഏകദേശം അഞ്ച് വർഷം മുമ്പ് ഞാൻ ഈ പരിപാടിയിൽ ഭാരതത്തിലെ തദ്ദേശീയയിനം നായ്ക്കളെ കുറിച്ച് ചർച്ച ചെയ്തത് നിങ്ങളിൽ പലരും ഓർക്കുന്നുണ്ടാകും. നമ്മുടെ പരിസ്ഥിതിയോടും സാഹചര്യങ്ങളോടും എളുപ്പത്തിൽ പൊരുത്തപ്പെടുന്നതിനാൽ ഭാരതത്തിലെ തദ്ദേശീയയിനം നായ്ക്കളെ ദത്തെടുക്കാൻ ഞാൻ നാട്ടുകാരോടും നമ്മുടെ സുരക്ഷാ സേനയോടും അഭ്യർത്ഥിച്ചു. ഈ ദിശയിൽ നമ്മുടെ സുരക്ഷാ ഏജൻസികൾ പ്രശംസനീയമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ബിഎസ്എഫും സിആർപിഎഫും അവരുടെ സ്ക്വാഡുകളിൽ ഭാരതത്തിലെ തദ്ദേശീയയിനം നായ്ക്കളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ബിഎസ്എഫിന്റെ നായ പരിശീലനത്തിനുള്ള ദേശീയ പരിശീലന കേന്ദ്രം ഗ്വാളിയോറിലെ ടെകൻപൂരിലാണ്. ഇവിടെ, ഉത്തർപ്രദേശിലെ റാംപൂർ ഹൗണ്ടിനും, കർണാടകയിലെയും മഹാരാഷ്ട്രയിലെയും മുധോൾ ഹൗണ്ടിനും പ്രത്യേക ശ്രദ്ധ നൽകുന്നു. ഈ കേന്ദ്രത്തിൽ, സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും സഹായത്തോടെ നായ്ക്കളെ മികച്ച രീതിയിൽ പരിശീലിപ്പിക്കുന്നു. ഭാരതത്തിലെ തദ്ദേശീയയിനം നായ്ക്കളുടെ പരിശീലന മാനുവലുകൾ, അവയുടെ അതുല്യമായ ശക്തികൾ പുറത്തുകൊണ്ടുവരുന്നതിനായി മാറ്റിയെഴുതിയിട്ടുണ്ട്. മോൺഗ്രൽസ്, മുധോൾ ഹൗണ്ട്, കൊമ്പൈ, പാണ്ടിക്കോണ തുടങ്ങിയ ഭാരതത്തിലെ തദ്ദേശീയയിനം നായ്ക്കൾക്ക് ബെംഗളൂരുവിലെ സിആർപിഎഫിന്റെ ഡോഗ് ബ്രീഡിംഗ് ആൻഡ് ട്രെയിനിംഗ് സ്കൂളിൽ പരിശീലനം നൽകുന്നു. സുഹൃത്തുക്കളേ, കഴിഞ്ഞ വർഷം ലഖ്‌നൗവിൽ ഓൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റ് സംഘടിപ്പിച്ചു. ആ സമയത്ത്, റിയ എന്ന പേരുള്ള ഒരു നായ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. ബിഎസ്എഫ് പരിശീലിപ്പിച്ച ഒരു മുധോൾ ഹൗണ്ടാണിത്. നിരവധി വിദേശയിനങ്ങളെ പിന്തള്ളി റിയ അവിടെ ഒന്നാം സമ്മാനം നേടി.
സുഹൃത്തുക്കളേ, ബിഎസ്എഫ് ഇപ്പോൾ തങ്ങളുടെ നായ്ക്കൾക്ക് വിദേശ പേരുകൾക്ക് പകരം ഇന്ത്യൻ പേരുകൾ നൽകുന്ന പാരമ്പര്യം ആരംഭിച്ചിരിക്കുന്നു. നമ്മുടെ തദ്ദേശീയയിനം നായ്ക്കളും ശ്രദ്ധേയമായ ധൈര്യം കാണിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത പ്രദേശത്ത് പട്രോളിംഗ് നടത്തുമ്പോൾ, സിആർപിഎഫിലെ ഒരു തദ്ദേശീയയിനം നായ 8 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ഈ ദിശയിലുള്ള ശ്രമങ്ങൾക്ക് ബിഎസ്എഫിനെയും സിആർപിഎഫിനെയും ഞാൻ അഭിനന്ദിക്കുന്നു.
ഒക്ടോബർ 31നായി ഞാൻ കാത്തിരിക്കുകയാണ്. ഇത് ഉരുക്കുമനുഷ്യനായ സർദാർ പട്ടേലിന്റെ ജന്മദിനമാണ്. ഈ ദിനത്തിൽ, ഗുജറാത്തിലെ ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം എല്ലാ വർഷവും പ്രത്യേക ആഘോഷങ്ങൾ നടത്താറുണ്ട്. ഏകതാ ദിന പരേഡും ഇവിടെ നടക്കുന്നു, ഈ പരേഡിൽ തദ്ദേശീയയിനം നായ്ക്കളുടെ ശക്തി വീണ്ടും പ്രദർശിപ്പിക്കപ്പെടും. നിങ്ങളും അതിന് സാക്ഷ്യം വഹിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികം രാജ്യം മുഴുവൻ ആഘോഷിക്കുന്നു. ആധുനിക കാലത്ത് രാജ്യത്തെ ഏറ്റവും മഹത് വ്യക്തികളിൽ ഒരാളായിരുന്നു സർദാർ പട്ടേൽ. നിരവധി ഗുണങ്ങളാൽ സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ മഹത്തായ വ്യക്തിത്വം. അദ്ദേഹം വളരെ കഴിവുള്ള വിദ്യാർത്ഥിയായിരുന്നു. ഭാരതത്തിലും ബ്രിട്ടനിലും അദ്ദേഹം പഠനത്തിൽ മികവ് പുലർത്തി. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും പ്രഗൽഭരായ അഭിഭാഷകരിൽ ഒരാളായിരുന്നു അദ്ദേഹം. നിയമരംഗത്ത് അദ്ദേഹത്തിന് കൂടുതൽ അംഗീകാരം നേടാമായിരുന്നു, പക്ഷേ ഗാന്ധിജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം പൂർണ്ണമായും തന്റെ ജീവിതം സ്വാതന്ത്ര്യ പ്രസ്ഥാനത്തിനായി സമർപ്പിച്ചു. ഖേഡ സത്യാഗ്രഹം മുതൽ ബോർസാദ് സത്യാഗ്രഹം വരെയുള്ള നിരവധി സമരങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഇന്നും ഓർമ്മിക്കപ്പെടുന്നു. അദ്ദേഹം അഹമ്മദാബാദ് മുനിസിപ്പാലിറ്റിയുടെ തലവനായിരുന്ന കാലം ചരിത്രപരമായിരുന്നു. ശുചിത്വത്തിനും നല്ല ഭരണത്തിനും അദ്ദേഹം മുൻതൂക്കം നൽകി. ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾക്ക് നാം എപ്പോഴും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും.
സുഹൃത്തുക്കളേ, ഭാരതത്തിന്റെ ഉദ്യോഗസ്ഥ ഭരണ ചട്ടക്കൂടിന് ശക്തമായ അടിത്തറ പാകിയതും സർദാർ പട്ടേൽ ആണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അദ്ദേഹം സമാനതകളില്ലാത്ത ശ്രമങ്ങൾ നടത്തി. സർദാർ സാഹിബിന്റെ ജന്മവാർഷികമായ ഒക്ടോബർ 31 ന് രാജ്യമെമ്പാടും നടക്കുന്ന റൺ ഫോർ യൂണിറ്റിയിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളേവരോടും അഭ്യർത്ഥിക്കുന്നു - ഒറ്റയ്ക്കല്ല, എല്ലാവരെയും കൂട്ടി. ഒരു തരത്തിൽ, ഇത് യുവാക്കളെ ബോധവൽക്കരിക്കാനുള്ള അവസരമായി മാറണം. റൺ ഫോർ യൂണിറ്റി ഐക്യത്തെ ശക്തിപ്പെടുത്തും. ഭാരതത്തിന്റെ ഐക്യത്തിന് ചുക്കാൻ പിടിച്ച ആ മഹാനായ വ്യക്തിക്ക് നാം നൽകുന്ന ആത്മാർത്ഥമായ ശ്രദ്ധാഞ്ജലിയാണിത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ചായയുമായുള്ള എന്റെ ബന്ധം നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. പക്ഷേ ഇന്ന് 'മൻ കി ബാത്തി'ൽ കാപ്പിയെക്കുറിച്ച് ചർച്ച ചെയ്തുകൂടെ എന്ന് ഞാൻ ചിന്തിക്കുന്നു. കഴിഞ്ഞ വർഷം നമ്മൾ 'മൻ കി ബാത്തി'ൽ അരക്കു കാപ്പിയെക്കുറിച്ച് ചർച്ച ചെയ്തത് നിങ്ങൾ ഓർക്കുന്നുണ്ടാകും. കുറച്ചു കാലം മുമ്പ് ഒഡിഷയിൽ നിന്നുള്ള നിരവധി ആളുകൾ കോരാപുട്ട് കാപ്പിയെക്കുറിച്ചുള്ള അവരുടെ ചിന്തകൾ എന്നോട് പങ്കുവെച്ചിരുന്നു. അവർ എനിക്ക് കത്തെഴുതി, 'മൻ കി ബാത്തി'ൽ കോരാപുട്ട് കാപ്പിയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിച്ചു.
സുഹൃത്തുക്കളേ, കോരാപുട്ട് കാപ്പിയുടെ രുചി അതിശയകരമാണെന്ന് ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്. മാത്രമല്ല, കാപ്പിയുടെ സ്വാദിനു പുറമേ കൃഷിയും ആളുകൾക്ക് ഗുണം ചെയ്യുന്നു. കോരാപുട്ടിൽ ചിലർ സ്വന്തം താല്പര്യത്തിൽ കാപ്പി കൃഷി ചെയ്യുന്നുണ്ട്. കോർപ്പറേറ്റ് ലോകത്ത് അവർക്ക് നല്ല ശമ്പളമുള്ള ജോലികളുണ്ടായിരുന്നു, പക്ഷേ അവർ കാപ്പിയെ വളരെയധികം ഇഷ്ടപ്പെട്ടതിനാൽ ഈ മേഖലയിലേക്ക് പ്രവേശിക്കുകയും അതിൽ വിജയം നേടുകയും ചെയ്തിട്ടുണ്ട്. കാപ്പി ജീവിതത്തെ മാറ്റിമറിച്ച നിരവധി സ്ത്രീകളുമുണ്ട്. കാപ്പി അവർക്ക് ആദരവും സമ്പത്തും നൽകിയിട്ടുണ്ട്. സത്യം പറഞ്ഞാൽ:
കോരാപുട്ട് കാപ്പി ശരിക്കും രുചികരമാണ്! ഇത് ഒഡിഷയുടെ അഭിമാനമാണ്!
സുഹൃത്തുക്കളേ, ലോകമെമ്പാടും ഇന്ത്യൻ കാപ്പി വളരെ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. അത് കർണ്ണാടകത്തിലെ ചിക്കമംഗളൂരുവായാലും, കൂർഗായാലും, ഹാസനായാലും. തമിഴ്‌നാട്ടിലെ പുലാനി, ഷെവറോയ്, നീലഗിരി, അണ്ണാമലൈ മേഖലകളായാലും, കർണാടക-തമിഴ്‌നാട് അതിർത്തിയിലുള്ള ബിലിഗിരി മേഖലയായാലും, കേരളത്തിലെ വയനാട്, തിരുവിതാംകൂർ, മലബാർ പ്രദേശങ്ങളായാലും, ഇന്ത്യൻ കാപ്പിയുടെ വൈവിധ്യം ശ്രദ്ധേയമാണ്. നമ്മുടെ വടക്കുകിഴക്കൻ മേഖലയും കാപ്പികൃഷിയിൽ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് എനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇത് ലോകമെമ്പാടും ഇന്ത്യൻ കാപ്പിയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നു. - അതുകൊണ്ടാണ് കാപ്പിപ്രേമികൾ പറയുന്നത്:
India’s coffee is coffee at its finest.
It is brewed in India and loved by the World.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോൾ 'മൻ കി ബാത്തിൽ' നമ്മുടെ എല്ലാവരുടെയും ഹൃദയത്തോട് ചേർന്നു നില്ക്കുന്ന ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാം. ഈ വിഷയം മറ്റൊന്നല്ല, നമ്മുടെ ദേശീയഗീതമാണ് - ഭാരതത്തിന്റെ ദേശീയഗീതമായ 'വന്ദേമാതര'ത്തെക്കുറിച്ച് ആദ്യവാക്കിൽ തന്നെ നമ്മുടെ ഹൃദയങ്ങളിൽ വികാരങ്ങളുടെ ഒരു തിരമാല ഉണർത്തുന്ന ഒരു ഗാനം. "വന്ദേമാതരം" എന്ന ഒറ്റ വാക്കിൽ വളരെയധികം ഉണർവ്വും ഊർജ്ജവും അടങ്ങിയിരിക്കുന്നു. സ്വാഭാവികമായും അത് ഭാരതമാതാവിന്റെ വാത്സല്യം നമുക്ക് പകർന്ന് തരുന്നു. ഭാരതാംബയുടെ മക്കൾ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഇത് നമ്മെ ബോധവാന്മാരാക്കുന്നു. വിഷമഘട്ടങ്ങളിൽ, 'വന്ദേമാതരം' എന്ന മന്ത്രം ചൊല്ലുന്നത് 140കോടി ഭാരതീയരുടെ മനസ്സിൽ ഐക്യത്തിന്റെ ഊർജ്ജം പകരുന്നു.
സുഹൃത്തുക്കളേ, ദേശസ്‌നേഹം, ഭാരതാംബയോടുള്ള സ്നേഹം, എന്നിവ വാക്കുകൾക്ക് അതീതമായ ഒരു വികാരമാണെങ്കിൽ, ആ അദൃശ്യമായ വികാരത്തിന് മൂർത്തമായ ശബ്ദം നൽകുന്ന ഗീതമാണ് 'വന്ദേമാതരം'. നൂറ്റാണ്ടുകളുടെ അടിമത്തത്താൽ ദുർബലമായ ഭാരതത്തിന് പുതുജീവൻ പകരാൻ ബങ്കിം ചന്ദ്ര ചതോപാധ്യായയാണ് ഇത് രചിച്ചത്. 'വന്ദേമാതരം' 19-ാം നൂറ്റാണ്ടിൽ എഴുതിയതാകാം, പക്ഷേ അതിന്റെ ആത്മാവ് ഭാരതത്തിന്റെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള അനശ്വരബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. "മാതാ ഭൂമി: പുത്രോ അഹം പൃഥ്വിയ:" - ഭൂമി അമ്മയാണ്, ഞാൻ അവളുടെ കുട്ടിയാണ് - എന്ന് പറഞ്ഞുകൊണ്ട് വേദങ്ങൾ ഭാരത നാഗരികതയുടെ അടിത്തറ പാകിയ വികാരം. 'വന്ദേമാതരം' എഴുതിയതിലൂടെ, ബങ്കിം ചന്ദ്ര മാതൃരാജ്യത്തിനും അതിന്റെ മക്കൾക്കും ഇടയിലുള്ള അതേ ബന്ധം വികാരങ്ങളുടെ ലോകത്ത് ഒരു മന്ത്രത്തിന്റെ രൂപത്തിൽ സ്ഥാപിച്ചു.
സുഹൃത്തുക്കളേ, ഞാൻ പെട്ടെന്ന് വന്ദേമാതരത്തെക്കുറിച്ച് ഇത്രയധികം സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. വാസ്തവത്തിൽ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ, നവംബർ 7 ന്, വന്ദേമാതരത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളിൽ നാം കടക്കും. 150 വർഷങ്ങൾക്ക് മുമ്പ് വന്ദേമാതരം രചിക്കപ്പെട്ടു, ഗുരുദേവ് രവീന്ദ്രനാഥ ടാഗോർ ആദ്യമായി ഇത് ആലപിച്ചത് 1896 ലാണ്.
സുഹൃത്തുക്കളേ, വന്ദേമാതരം എന്ന ഗീതത്തിൽ ദശലക്ഷക്കണക്കിന് നാട്ടുകാരുടെ മനസ്സിൽ ദേശസ്നേഹത്തിന്റെ അപാരമായ അലയൊലികൾ അനുഭവപ്പെട്ടു. തലമുറകളായി വന്ദേമാതരത്തിന്റെ വരികളിൽ ഭാരതത്തിന്റെ ഓജസ്സും തേജസ്സുമുള്ള ഒരു രൂപം കാണാൻ കഴിഞ്ഞിട്ടുണ്ട്.
സുജലാം, സുഫലാം, മലയജ ശീതളാം,
സസ്യശ്യാമളം, മാതരം!
വന്ദേമാതരം!
അത്തരമൊരു ഭാരതത്തെ നാം കെട്ടിപ്പടുക്കണം. ഈ ശ്രമങ്ങളിൽ വന്ദേമാതരം എപ്പോഴും നമ്മുടെ പ്രചോദനമായിരിക്കും. അതിനാൽ, 'വന്ദേമാതര'ത്തിന്റെ 150-ാം വാർഷികം നാം അവിസ്മരണീയമാക്കണം. വരും തലമുറകൾക്കായി ഈ സംസ്ക്കാരത്തെ നാം മുന്നോട്ട് കൊണ്ടുപോകണം. വരും കാലങ്ങളിൽ 'വന്ദേമാതരം'വുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ നടക്കും, രാജ്യമെമ്പാടും നിരവധി പരിപാടികൾ സംഘടിപ്പിക്കും. 'വന്ദേമാതരം'ത്തിന്റെ മഹത്വത്തെ ഉദ്ഘോഷിക്കാൻ നാം ഏവരും സ്വമേധയാ ശ്രമിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. #Vandemataram150 എന്നതിനൊപ്പം നിങ്ങളുടെ നിർദ്ദേശങ്ങൾ എനിക്ക് അയയ്ക്കുക. നിങ്ങളുടെ നിർദ്ദേശങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു, ഈ അവസരം ചരിത്രമാക്കാൻ നമുക്കെല്ലാവർക്കും ചേർന്ന് പ്രവർത്തിക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സംസ്കൃതം എന്ന് കേൾക്കുമ്പോൾ തന്നെം നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് നമ്മുടെ 'ധർമ്മഗ്രന്ഥങ്ങൾ', 'വേദങ്ങൾ', 'ഉപനിഷത്തുകൾ', 'പുരാണങ്ങൾ', ശാസ്ത്രങ്ങൾ, പുരാതന അറിവ്, ആത്മീയത, തത്ത്വചിന്ത എന്നിവയാണ്. ഒരു കാലത്ത്, ഇവയ്‌ക്കൊപ്പം, സംസ്‌കൃതം ഒരു സംസാരഭാഷയുമായിരുന്നു. ആ കാലഘട്ടത്തിൽ, പഠനങ്ങളും ഗവേഷണങ്ങളും സംസ്‌കൃതത്തിലായിരുന്നു. നാടകങ്ങളും സംസ്‌കൃതത്തിൽ അവതരിപ്പിച്ചിരുന്നു. നിർഭാഗ്യവശാൽ, അടിമത്ത കാലഘട്ടത്തിലും സ്വാതന്ത്ര്യത്തിനുശേഷവും സംസ്‌കൃതം നിരന്തരമായ അവഗണന നേരിട്ടു. ഇത് യുവതലമുറയ്ക്ക് സംസ്‌കൃതത്തോടുള്ള താൽപ്പര്യം കുറയാൻ കാരണമായി. എന്നാൽ സുഹൃത്തുക്കളേ, കാലം മാറുന്നതിന് അനുസരിച്ച് സംസ്‌കൃതഭാഷയ്ക്ക് മാറ്റം വന്നു. സംസ്കാരത്തിന്റെയും സമൂഹമാധ്യമത്തിൻ്റെയും ലോകം സംസ്കൃതത്തിന് ഒരു പുതുജീവൻ നൽകിയിട്ടുണ്ട്. ഈയിടെയായി, നിരവധി യുവാക്കൾ സംസ്കൃതവുമായി ബന്ധപ്പെട്ട രസകരമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങൾ നോക്കിയാൽ യുവാക്കൾ സംസ്കൃതത്തിലും സംസ്കൃത ഭാഷയെക്കുറിച്ചും സംസാരിക്കുന്ന നിരവധി റീലുകൾ നിങ്ങൾക്ക് കാണാൻ കഴിയും. പലരും അവരുടെ സോഷ്യൽ മീഡിയ ചാനലുകൾ വഴി സംസ്കൃതം പഠിപ്പിക്കുന്നു. അത്തരമൊരു യുവ ഉള്ളടക്ക സ്രഷ്ടാവ് ആണ് യാഷ് സലുന്ദ്കെ. ഒരു ഉള്ളടക്ക സ്രഷ്ടാവ് എന്ന നിലയിലും ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിലും യാഷ് അറിയപ്പെടുന്നു. സംസ്കൃതത്തിൽ സംസാരിച്ചുകൊണ്ട് ക്രിക്കറ്റ് കളിക്കുന്ന അദ്ദേഹത്തിന്റെ റീൽ ആളുകൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. അത് കേൾക്കൂ.
(AUDIO BYTE OF YASH’s SANSKRIT COMMENTARY)
സുഹൃത്തുക്കളേ, കമല, ജാൻഹവി എന്ന രണ്ട് സഹോദരിമാരുടെ പ്രവർത്തനങ്ങളും മികച്ചതാണ്. അവർ ആത്മീയത, തത്ത്വചിന്ത, സംഗീതം എന്നിവയെക്കുറിച്ചുള്ള ഉള്ളടക്കങ്ങൾ ഉണ്ടാക്കുന്നു. മറ്റൊരു യുവാവിന് ഇൻസ്റ്റാഗ്രാമിൽ "സംസ്കൃത ഛത്രോഹം" എന്ന പേരിൽ ഒരു ചാനൽ ഉണ്ട്. ഈ ചാനൽ നടത്തുന്ന യുവാക്കൾ സംസ്കൃതവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുക മാത്രമല്ല, സംസ്കൃതത്തിൽ നർമ്മ വീഡിയോകൾ നിർമ്മിക്കുകയും ചെയ്യുന്നു. യുവാക്കൾ സംസ്കൃതത്തിലും ഈ വീഡിയോകൾ ആസ്വദിക്കുന്നു. നിങ്ങളിൽ പലരും സമഷ്ടിയുടെ വീഡിയോകൾ കണ്ടിരിക്കാം. സമഷ്ടി തന്റെ ഗാനങ്ങൾ സംസ്കൃതത്തിൽ വ്യത്യസ്ത രീതികളിൽ അവതരിപ്പിക്കുന്നു. മറ്റൊരു യുവാവാണ് ഭാവേഷ് ഭീമനാഥാനി. ഭാവേഷ് സംസ്കൃത ശ്ലോകങ്ങളെക്കുറിച്ചും ആത്മീയ തത്ത്വചിന്തയെക്കുറിച്ചും തത്വങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
സുഹൃത്തുക്കളേ, ഭാഷ ഏതൊരു നാഗരികതയുടെയും മൂല്യങ്ങളും പാരമ്പര്യങ്ങളും വഹിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളായി സംസ്കൃതം ഈ കടമ നിറവേറ്റിയിട്ടുണ്ട്. ചില യുവാക്കൾ ഇപ്പോൾ സംസ്കൃതത്തോടുള്ള കടമ നിറവേറ്റുന്നത് കാണുന്നത് സന്തോഷകരമായ കാര്യമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോൾ ഞാൻ നിങ്ങളെ ഒരു ഫ്ലാഷ്ബാക്കിലേക്ക് കൊണ്ടുപോകാം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം സങ്കൽപ്പിക്കുക! ആ സമയത്ത്, സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ഭാരതത്തിലുടനീളം ചൂഷണത്തിന്റെ എല്ലാ പരിധികളും ബ്രിട്ടീഷുകാർ ലംഘിച്ചിരുന്നു, ഹൈദരാബാദിലെ ദേശസ്‌നേഹികളായ ജനങ്ങളുടെ മേൽ നടന്ന അടിച്ചമർത്തൽ അതിലും ഭയാനകമായിരുന്നു. ക്രൂരനും നിർദ്ദയനുമായ നൈസാമിന്റെ ക്രൂരതകൾ സഹിക്കാൻ അവർ നിർബന്ധിതരായി. ദരിദ്രർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, ഗോത്ര സമൂഹങ്ങൾക്കും എതിരായ അതിക്രമങ്ങൾക്ക് അതിരുകളില്ലായിരുന്നു. അവരുടെ ഭൂമി പിടിച്ചെടുത്തു, കനത്ത നികുതി ചുമത്തി. ഈ അനീതിക്കെതിരെ പ്രതിഷേധിച്ചവരുടെ കൈകൾ പോലും വെട്ടിമാറ്റി.
സുഹൃത്തുക്കളേ, ഈ പ്രതിസന്ധി ഘട്ടത്തിൽ, ഇരുപത് വയസ്സുള്ള ഒരു യുവാവ് ഈ അനീതിക്കെതിരെ നിലകൊണ്ടു. ഇന്ന്, ഒരു പ്രത്യേക കാരണത്താലാണ് ഞാൻ ഈ യുവാവിനെക്കുറിച്ച് ചർച്ച ചെയ്യുന്നത്. പേര് വെളിപ്പെടുത്തുന്നതിന് മുമ്പ്, അദ്ദേഹത്തിന്റെ ധീരതയെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാം. സുഹൃത്തുക്കളേ, നൈസാമിനെതിരെ ഒരു വാക്ക് പറയുന്നത് പോലും കുറ്റകൃത്യമായി കണക്കാക്കപ്പെട്ടിരുന്ന അക്കാലത്ത്, ഈ യുവാവ് സിദ്ദിഖി എന്ന നൈസാമിന്റെ ഉദ്യോഗസ്ഥനെ പരസ്യമായി വെല്ലുവിളിച്ചു. കർഷകരുടെ വിളകൾ കണ്ടുകെട്ടാൻ നൈസാം സിദ്ദിഖിയെ അയച്ചിരുന്നു. എന്നാൽ അടിച്ചമർത്തലിനെതിരായ ഈ പോരാട്ടത്തിൽ, ആ യുവാവ് സിദ്ദിഖിയെ കൊന്നു. അറസ്റ്റിൽ നിന്നും രക്ഷപ്പെടാനും അദ്ദേഹത്തിന് കഴിഞ്ഞു. നൈസാമിന്റെ സ്വേച്ഛാധിപത്യ പോലീസിൽ നിന്ന് രക്ഷപ്പെട്ട്, ആ യുവാവ് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള അസമിലേക്ക് പലായനം ചെയ്തു.
സുഹൃത്തുക്കളേ, ഞാൻ പറയുന്ന മഹത് വ്യക്തി കൊമരം ഭീം ആണ്. ഒക്ടോബർ 22 ന് അദ്ദേഹത്തിന്റെ ജയന്തി ആഘോഷിച്ചു. കൊമരം ഭീം അധികകാലം ജീവിച്ചിരുന്നില്ല; അദ്ദേഹം 40 വയസ്സുവരെയേ ജീവിച്ചിരുന്നുള്ളൂ, പക്ഷേ ജീവിച്ചിരുന്നകാലത്ത് അദ്ദേഹം എണ്ണമറ്റ ആളുകളുടെ, പ്രത്യേകിച്ച് ഗോത്ര സമൂഹത്തിന്റെ ഹൃദയങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ചു. നൈസാമിനെതിരെ പോരാടുന്നവർക്ക് അദ്ദേഹം പുതിയ ശക്തി പകർന്നു. തന്ത്രപരമായ കഴിവുകൾക്കും അദ്ദേഹം പേരുകേട്ടവനായിരുന്നു. നൈസാമിന്റെ ശക്തിക്ക് അദ്ദേഹം ഒരു പ്രധാന വെല്ലുവിളി ആയിരുന്നു. 1940ൽ, നൈസാമിന്റെ ആളുകൾ അദ്ദേഹത്തെ വധിച്ചു. അദ്ദേഹത്തെക്കുറിച്ച് കഴിയുന്നത്ര പഠിക്കാൻ ഞാൻ യുവാക്കളോട് അഭ്യർത്ഥിക്കുന്നു.
കൊമരം ഭീംജിക്ക് എന്റെ വിനീതമായ ശ്രദ്ധാഞ്ജലികൾ, അദ്ദേഹം ജനങ്ങളുടെ ഹൃദയങ്ങളിൽ എന്നെന്നും നിലനിൽക്കും.
സുഹൃത്തുക്കളേ, അടുത്ത മാസം 15 ന് നമ്മൾ 'ഗോത്ര അഭിമാന ദിനം' ആഘോഷിക്കും. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷിക ദിനമാണിത്. ഭഗവാൻ ബിർസ മുണ്ടയ്ക്ക് ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കും വേണ്ടി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ അതുല്യമാണ്. ഝാർഖണ്ഡിലെ ഭഗവാൻ ബിർസ മുണ്ടയുടെ ഗ്രാമമായ ഉളിഹാട്ടു സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടത്തെ മണ്ണ് നെറ്റിയിൽ തൊട്ട് ഞാൻ ആദരാഞ്ജലി അർപ്പിച്ചു. ഭഗവാൻ ബിർസ മുണ്ടയെയും കൊമരം ഭീമിനെയും പോലെ, നമ്മുടെ ആദിവാസി സമൂഹത്തിൽ നിന്നുള്ള മറ്റ് നിരവധി മഹാന്മാർ ഉണ്ടായിട്ടുണ്ട്. അവരെക്കുറിച്ച് വായിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'നായി നിങ്ങളിൽ നിന്ന് എനിക്ക് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നു. ഈ സന്ദേശങ്ങളിൽ നമുക്ക് ചുറ്റുമുള്ള കഴിവുള്ള ആളുകളെ കുറിച്ച് പലരും പരാമർശിക്കുന്നു. നമ്മുടെ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിൽപോലും നൂതന ആശയങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് അറിയുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. സേവന മനോഭാവത്തിലൂടെ സാമൂഹിക പരിവർത്തനം നടത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ നിങ്ങൾക്ക് അറിയാമെങ്കിൽ, ദയവായി എന്നെ അറിയിക്കുക. എല്ലായ്പ്പോഴും എന്നപോലെ നിങ്ങളുടെ സന്ദേശങ്ങൾക്കായി ഞാൻ കാത്തിരിക്കും. അടുത്ത മാസം, പുതിയ വിഷയങ്ങളുമായി 'മൻ കി ബാത്തി'ന്റെ മറ്റൊരു അദ്ധ്യായത്തിൽ നാം വീണ്ടും ഒത്തുകൂടും. അതുവരെ, ഞാൻ നിങ്ങളോട് വിട പറയുന്നു. നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി. നമസ്‌കാരം.
PM @narendramodi extends Chhath Mahaparv greetings, saying the festival reflects the deep unity of culture, nature and society. #MannKiBaat pic.twitter.com/6jhIMdJI0H
— PMO India (@PMOIndia) October 26, 2025
Unique initiatives in Ambikapur and Bengaluru are redefining change. Have a look! #MannKiBaat pic.twitter.com/VC0vwoGKyj
— PMO India (@PMOIndia) October 26, 2025
Gujarat's mangrove revolution has brought dolphins back! #MannKiBaat pic.twitter.com/XcMHqqZC3s
— PMO India (@PMOIndia) October 26, 2025
Glad to see our security forces increase the number of indigenous breed dogs in their contingents. #MannKiBaat pic.twitter.com/lrSObGSzLg
— PMO India (@PMOIndia) October 26, 2025
Sardar Patel has been one of the greatest luminaries of the nation in modern times. He made unparalleled efforts for the unity and integrity of the country. #MannKiBaat pic.twitter.com/1IQN4UGIkZ
— PMO India (@PMOIndia) October 26, 2025
India's coffee is coffee at its finest. It is brewed in India and loved by the world. #MannKiBaat pic.twitter.com/6LahJvtv3N
— PMO India (@PMOIndia) October 26, 2025
'Vande Mataram' ignites boundless emotion and pride in every Indian's heart. #MannKiBaat pic.twitter.com/D2C7AtkPsa
— PMO India (@PMOIndia) October 26, 2025
On social media, we can see many reels featuring young people speaking in and about Sanskrit. Many even teach Sanskrit through their social media channels. #MannKiBaat pic.twitter.com/oRjjvfevWp
— PMO India (@PMOIndia) October 26, 2025
These days, many young people are doing very interesting work to popularise Sanskrit. #MannKiBaat pic.twitter.com/D4iFuLUfxt
— PMO India (@PMOIndia) October 26, 2025
Komaram Bheem Ji left an indelible mark on the hearts of countless people, especially the tribal community. He instilled new strength in those fighting against the Nizam's atrocities. #MannKiBaat pic.twitter.com/FUyCHpMHRm
— PMO India (@PMOIndia) October 26, 2025
Tributes to Bhagwan Birsa Munda. #MannKiBaat pic.twitter.com/wjPisUeZrw
— PMO India (@PMOIndia) October 26, 2025


