ഇന്ന്, നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും നെറ്റിയിൽനിന്നു സിന്ദൂരം മായ്ക്കുന്നതിന്റെ അനന്തരഫലങ്ങൾ ഓരോ ഭീകരനും അറിയാം: പ്രധാനമന്ത്രി
നീതിക്കുവേണ്ടിയുള്ള അചഞ്ചലമായ പ്രതിജ്ഞയാണ് ഓപ്പറേഷൻ സിന്ദൂർ: പ്രധാനമന്ത്രി
നമ്മുടെ സഹോദരിമാരുടെ നെറ്റിയിൽനിന്നു സിന്ദൂരം മായ്ക്കാൻ ഭീകരർ ധൈര്യംകാട്ടി; അതുകൊണ്ടാണ് ഇന്ത്യ ഭീകരതയുടെ ആസ്ഥാനം നശിപ്പിച്ചത്: പ്രധാനമന്ത്രി
നമ്മുടെ അതിർത്തികളിൽ ആക്രമണം നടത്താൻ പാകിസ്ഥാൻ തയ്യാറായിരുന്നു; പക്ഷേ ഇന്ത്യ അവരുടെ കേന്ദ്രത്തിൽത്തന്നെ അവരെ ആക്രമിച്ചു: പ്രധാനമന്ത്രി
ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തെ പുനർനിർവചിച്ചു; നവമാനദണ്ഡവും സാധാരണമെന്ന പുതിയ നിലയും കൊണ്ടുവന്നു: പ്രധാനമന്ത്രി
ഇതു യുദ്ധത്തിന്റെ യുഗമല്ല; എന്നാൽ ഭീകരതയുടേതുമല്ല: പ്രധാനമന്ത്രി
​ഭീകരതയ്‌ക്കെതിരായ സഹിഷ്ണുതാരഹിതനയമാണ് മെച്ചപ്പെട്ട ലോകത്തിന്റെ ഉറപ്പ്: പ്രധാനമന്ത്രി
പാകിസ്ഥാനുമായുള്ള ഏതു ചർച്ചയും ഭീകരവാദത്തിലും പാക് അധീന കശ്മീരിലും ശ്രദ്ധ കേന്ദ്രീകരിക്കും: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുടെ ശക്തിയും സംയമനവും രാജ്യം കണ്ടതായി അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യൻ പൗരന്റെയും പേരിൽ രാജ്യത്തിന്റെ കരുത്തുറ്റ സായുധ സേനകൾക്കും, രഹസ്യാന്വേഷണ ഏജൻസികൾക്കും, ശാസ്ത്രജ്ഞർക്കും അദ്ദേഹം അഭിവാദ്യം അർപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഇന്ത്യയുടെ ധീരരായ സൈനികർ പ്രകടിപ്പിച്ച അചഞ്ചലമായ ധൈര്യം പ്രധാനമന്ത്രി എടുത്തുകാട്ടി. അവരുടെ ധീരത, അതിജീവനശേഷി, അജയ്യമായ മനോഭാവം എന്നിവ അദ്ദേഹം ഉയർത്തിക്കാട്ടി. സമാനതകളില്ലാത്ത ഈ ധീരത അദ്ദേഹം രാജ്യത്തെ ഓരോ അമ്മയ്ക്കും, സഹോദരിക്കും, മകൾക്കും സമർപ്പിച്ചു.

ഏപ്രിൽ 22നു പഹൽഗാമിൽ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ശ്രീ മോദി, അവധിക്കാലം ആഘോഷിക്കുന്ന നിരപരാധികളായ സാധാരണക്കാരെ അവരുടെ കുടുംബങ്ങളുടെയും കുട്ടികളുടെയും മുന്നിൽ, അവരുടെ വിശ്വാസത്തെക്കുറിച്ചു ചോദ്യം ചെയ്തശേഷം ക്രൂരമായി കൊലപ്പെടുത്തിയ ഭീകരതയുടെ ഭയാനകമായ പ്രകടനമാണിതെന്നു വിശേഷിപ്പിച്ചു. ഇതു വെറും ക്രൂരതയല്ല; മറിച്ച്, രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള നീചമായ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ വ്യക്തിപരമായുള്ള അഗാധ വേദന പ്രകടിപ്പിച്ച അദ്ദേഹം, ഭീകരവാദത്തിനെതിരെ കരുത്തുറ്റ നടപടി ആവശ്യപ്പെടുന്നതിൽ രാഷ്ട്രമാകെ (എല്ലാ പൗരന്മാരും, എല്ലാ സമൂഹങ്ങളും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും, എല്ലാ രാഷ്ട്രീയ കക്ഷികളും) ഒറ്റക്കെട്ടായി നിന്നതെങ്ങനെയെന്ന് അദ്ദേഹം എടുത്തുകാട്ടി. ഭീകരരെ ഇല്ലാതാക്കാൻ ഗവണ്മെന്റ് സായുധസേനയ്ക്കു പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. രാജ്യത്തെ സ്ത്രീകളുടെ അന്തസ്സിനെ വ്രണപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഇപ്പോൾ അവർ പൂർണമായി മനസ്സിലാക്കുന്നുവെന്ന് പ്രഖ്യാപിച്ച്, എല്ലാ ഭീകരസംഘടനകൾക്കും അ​ദ്ദേഹം മുന്നറിയിപ്പു നൽകി.

“ഓപ്പറേഷൻ സിന്ദൂർ എന്നതു വെറുമൊരു പേരല്ല; മറിച്ച്, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വികാരങ്ങളുടെ പ്രതിഫലനമാണ്” - നീതിയോടുള്ള അചഞ്ചലമായ പ്രതിജ്ഞയാണിതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  അതാണു മെയ് 6-7 തീയതികളിൽ പൂർത്തീകരിക്കപ്പെട്ടതിന് ലോകം സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും ഇന്ത്യൻ സായുധ സേന കൃത്യമായ ആക്രമണം നടത്തിയതായും നിർണായകമായ പ്രഹരമേൽപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഇത്രയും ധീരമായ നീക്കം നടത്തുമെന്ന് ഭീകരർ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ലെന്നും, എന്നാൽ ‘രാഷ്ട്രം ആദ്യം’ എന്ന തത്വത്തിൽ ഐക്യപ്പെടുമ്പോൾ, ഉറച്ച തീരുമാനങ്ങൾ എടുക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ നടന്ന ഇന്ത്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ അവരുടെ അടിസ്ഥാനസൗകര്യങ്ങൾ മാത്രമല്ല, മനോവീര്യവും തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു. ബഹാവൽപൂർ, മുരിദ്കെ തുടങ്ങിയ സ്ഥലങ്ങൾ വളരെക്കാലമായി ആഗോള ഭീകരതയുടെ കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്നുവെന്നും, 9/11 യുഎസ് ആക്രമണങ്ങൾ, ലണ്ടൻ ട്യൂബ് ബോംബിങ്, ഇന്ത്യയിൽ പതിറ്റാണ്ടുകളായി നടന്ന ഭീകരാക്രമണങ്ങൾ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള പ്രധാന ആക്രമണങ്ങളുമായി അവയെ കൂട്ടിയിണക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ സ്ത്രീകളുടെ അന്തസ്സ് നശിപ്പിക്കാൻ ഭീകരർ തുനിഞ്ഞതിനാൽ, ഇന്ത്യ ഭീകരതയുടെ ആസ്ഥാനം ഇല്ലാതാക്കിയതായി അദ്ദേഹം പ്രഖ്യാപിച്ചു. ഈ ഓപ്പറേഷൻ വഴി നൂറിലധികം അപകടകാരികളായ ഭീകരരെ ഇല്ലാതാക്കാൻ കഴിഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യക്കെതിരെ പരസ്യമായി ഗൂഢാലോചന നടത്തിയ പ്രധാന വ്യക്തികൾ ഉൾപ്പെടെ, ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയവരെ അതിവേഗം നിർവീര്യമാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ കൃത്യവും ശക്തവുമായ ആക്രമണങ്ങൾ പാകിസ്ഥാനെ കടുത്ത അത് നിരാശയിലേക്കു തള്ളിവിട്ടെന്നു ശ്രീ മോദി പറഞ്ഞു. ഭീകരവാദത്തിനെതിരായ ആഗോള പോരാട്ടത്തിൽ പങ്കുചേരുന്നതിനുപകരം പാകിസ്ഥാൻ അശ്രദ്ധമായ നടപടി സ്വീകരിച്ചു.  ഇന്ത്യൻ സ്കൂളുകൾ, കോളേജുകൾ, ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ, സാധാരണക്കാരുടെ വീടുകൾ എന്നിവയ്‌ക്കെതിരെ ആക്രമണം നടത്തി. സൈനിക താവളങ്ങൾ ലക്ഷ്യമിട്ടും ആക്രമണം നടത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രോണുകളും മിസൈലുകളും ഇന്ത്യയുടെ നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് മുന്നിൽ വൈക്കോൽകൂനപോലെ തകർന്നപ്പോൾ, ഈ ആക്രമണം പാകിസ്ഥാന്റെ ദുർബലതകളെ തുറന്നുകാട്ടിയതെങ്ങനെയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആകാശത്ത് അവരെ നിർവീര്യമാക്കി. ഇന്ത്യയുടെ അതിർത്തികളിൽ ആക്രമണം നടത്താൻ പാകിസ്ഥാൻ തയ്യാറായപ്പോൾ, പാകിസ്ഥാന്റെ കേന്ദ്രത്തിൽ ഇന്ത്യ നിർണായകമായ പ്രഹരം ഏൽപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഡ്രോണുകളും മിസൈലുകളും വളരെ കൃത്യമായ ആക്രമണങ്ങൾ നടത്തി, വളരെക്കാലമായി അവർ വീമ്പിളക്കിയിരുന്ന പാകിസ്ഥാൻ വ്യോമതാവളങ്ങൾക്ക് കനത്ത നാശനഷ്ടം വരുത്തി. ഇന്ത്യയുടെ പ്രതികരണത്തിന്റെ ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ, പാകിസ്ഥാൻ പ്രതീക്ഷിച്ചതിലും വളരെ വലിയ നാശനഷ്ടങ്ങൾ നേരിട്ടു. ഇന്ത്യയുടെ ആക്രമണാത്മക പ്രത്യാക്രമണങ്ങളെത്തുടർന്ന്, വർധിച്ചുവരുന്ന പിരിമുറുക്കങ്ങളിൽനിന്ന് മോചനം നേടാൻ ആഗോള സമൂഹത്തോട് അഭ്യർഥിച്ച പാകിസ്ഥാൻ, സംഘർഷം ലഘൂകരിക്കാനുള്ള വഴികൾ തേടാൻ തുടങ്ങി. കനത്ത നഷ്ടങ്ങൾ നേരിട്ടശേഷം, മെയ് 10ന് ഉച്ചകഴിഞ്ഞ് പാകിസ്ഥാൻ സൈന്യം ഇന്ത്യയുടെ ഡിജിഎംഒയെ സമീപിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. അപ്പോഴേക്കും, ഇന്ത്യ വലിയ തോതിൽ ഭീകരരുടെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കുകയും പ്രധാന ഭീകരരെ ഇല്ലാതാക്കുകയും പാകിസ്ഥാന്റെ ഭീകര കേന്ദ്രങ്ങളെ നാശത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയ്‌ക്കെതിരായ എല്ലാ ഭീകരവാദ പ്രവർത്തനങ്ങളും സൈനിക ആക്രമണങ്ങളും അവസാനിപ്പിക്കുമെന്ന് പാകിസ്ഥാൻ അഭ്യർഥനയിൽ ഉറപ്പ് നൽകിയതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ പ്രസ്താവനയുടെ വെളിച്ചത്തിൽ, ഇന്ത്യ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും പാകിസ്ഥാന്റെ ഭീകരവാദികൾക്കും സൈനിക സ്ഥാപനങ്ങൾക്കുമെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. ഈ താൽക്കാലികനീക്കം നിഗമനമല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. വരും ദിവസങ്ങളിൽ പാകിസ്ഥാന്റെ ഓരോ നീക്കവും ഇന്ത്യ തുടർന്നും വിലയിരുത്തും. ഭാവിപ്രവർത്തനങ്ങൾ അതിന്റെ പ്രതിജ്ഞാബദ്ധതകൾക്ക് അനുസൃതമാണെന്ന് ഉറപ്പാക്കും.

​ഇന്ത്യയുടെ സായുധ സേനകളായ കരസേന, വ്യോമസേന, നാവികസേന, അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്), അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവ എല്ലായ്‌പ്പോഴും ദേശീയ സുരക്ഷ ഉറപ്പാക്കി അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ സ്ഥാപിത നയമാണ് ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യയുടെ തന്ത്രപരമായ സമീപനത്തിൽ ഇതു നിർണായകമായ മാറ്റം അടയാളപ്പെടുത്തുന്നു” - അദ്ദേഹം പ്രഖ്യാപിച്ചു, ഈ ഓപ്പറേഷൻ ഒരു പുതിയ മാനദണ്ഡവും ഭീകരവാദ വിരുദ്ധ നടപടികളിൽ സാധാരണമെന്ന പുതിയ ന‌ിലയും കൊണ്ടുവന്നെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷാ സിദ്ധാന്തത്തിന്റെ മൂന്ന് പ്രധാന സ്തംഭങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു: ഒന്നാമതായി, നിർണായകമായ പ്രതികാരം- ഇന്ത്യയ്‌ക്കെതിരായ ഏതൊരു ഭീകരാക്രമണത്തിനും ശക്തവും ദൃഢവുമായ പ്രതികരണമുണ്ടാകും. ഇന്ത്യ സ്വന്തം നിബന്ധനകളിൽ തിരിച്ചടിക്കും. ഭീകര കേന്ദ്രങ്ങളെ അവരുടെ വേരുകളിൽ ലക്ഷ്യം വയ്ക്കും. രണ്ടാമത്തേത് ആണവഭീഷണിയോടു സഹിഷ്ണുത കാട്ടില്ല; ആണവ ഭീഷണികളാൽ ഇന്ത്യ ഭയപ്പെടില്ല. ഈ വ്യാജഭീഷണി മുഴക്കി പ്രവർത്തിക്കുന്ന ഭീകരരു​ടെ ഏതൊരു സുരക്ഷിത താവളവും കൃത്യവും നിർണായകവുമായ ആക്രമണങ്ങൾ നേരിടേണ്ടിവരും. മൂന്നാമത്തെ സ്തംഭം ഭീകരതയെ പിന്തുണയ്ക്കുന്നവരെയും ഭീകരരെയും വേർതിരിക്കാതിരിക്കുക എന്നതാണ്; ഭീകരരുടെ നേതാക്കളെയും അവർക്ക് അഭയം നൽകുന്ന ഗവണ്മെന്റുകളെയും പ്രത്യേക സ്ഥാപനങ്ങളായി ഇന്ത്യ ഇനി കാണില്ല. ഓപ്പറേഷൻ സിന്ദൂരിനിടെ, ലോകം വീണ്ടും പാകിസ്ഥാന്റെ അസ്വസ്ഥതയുണ്ടാക്കുന്ന യാഥാർഥ്യത്തിന് സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങുകളിൽ മുതിർന്ന പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ പരസ്യമായി പങ്കെടുത്തു. ഇത് ഭരണകൂടം സഹായിക്കുന്ന ഭീകരതയിൽ പാകിസ്ഥാന്റെ ആഴത്തിലുള്ള പങ്കാളിത്തം എടുത്തുകാട്ടുന്നു. ഏതൊരു ഭീഷണിയിൽ നിന്നും പൗരന്മാരെ സംരക്ഷിക്കാൻ ഇന്ത്യ നിർണായക നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.

യുദ്ധക്കളത്തിൽ ഇന്ത്യ തുടർച്ചയായി പാകിസ്ഥാനെ പരാജയപ്പെടുത്തിയെന്നും ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ സൈനിക ശക്തിക്ക് പുതിയ മാനം നൽകിയെന്നും പറഞ്ഞ ശ്രീ മോദി, മരുഭൂമിയിലും പർവതപ്രദേശങ്ങളിലുമുള്ള യുദ്ധങ്ങളിൽ ഇന്ത്യയുടെ ശ്രദ്ധേയമായ കഴിവ് എടുത്തുകാണിച്ചു. അതോടൊപ്പം നവയുഗ യുദ്ധത്തിലും രാജ്യം മികവു കാട്ടി. ഓപ്പറേഷനിൽ, ഇന്ത്യയിൽ നിർമ്മിച്ച പ്രതിരോധ ഉപകരണങ്ങളുടെ ഫലപ്രാപ്തി നിർണായകമായി തെളിയിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ യുദ്ധത്തിൽ കരുത്തുറ്റ ശക്തിയായി ഇന്ത്യയിൽ നിർമിച്ച പ്രതിരോധ സംവിധാനങ്ങളുടെ വരവിന് ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭീകരതയ്‌ക്കെതിരായ എല്ലാത്തരം പോരാട്ടത്തിലും ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി ഐക്യമാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഈ യുഗം യുദ്ധത്തിന്റെ യുഗമല്ലെന്നും എന്നാൽ, അത് ഭീകരതയുടെ യുഗമാകില്ലെന്നും ആവർത്തിച്ചു. “ഭീകരതയ്‌ക്കെതിരായ സഹിഷ്ണുതാരഹിതനയമാണ് മെച്ചപ്പെട്ട ലോകത്തിന്റെ ഉറപ്പ്” - അദ്ദേഹം പ്രഖ്യാപിച്ചു.

പാകിസ്ഥാൻ സൈന്യവും ഗവണ്മെന്റും ഭീകരവാദദത്തെ തുടർച്ചയായി പരിപോഷിപ്പിച്ചെന്നു ശ്രീ മോദി പറഞ്ഞു. അത്തരം പ്രവർത്തനങ്ങൾ ഒടുവിൽ പാകിസ്ഥാന്റെ പതനത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ അതിജീവനത്തിനായി പരിശ്രമിക്കുകയാണെങ്കിൽ, അത് ഭീകരരുടെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കണം. സമാധാനത്തിലേക്ക് മറ്റ് മാർഗങ്ങളില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭീകരതയും ചർച്ചകളും ഒരുമിച്ചു കൊണ്ടുപോകാനാകി‌ല്ല. ഭീകരതയും വ്യാപാരവും സമാന്തരമായി കൊണ്ടുപോകാൻ കഴിയില്ല. രക്തത്തിനും വെള്ളത്തിനും ഒരുമിച്ച് ഒഴുകാനാകില്ല എന്ന് പ്രസ്താവിച്ച്, ഇന്ത്യയുടെ ഉറച്ച നിലപാട് അദ്ദേഹം ഊട്ടിയുറപ്പിച്ചു. പാകിസ്ഥാനുമായുള്ള ഏത് ചർച്ചയും ഭീകരവാദത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പാകിസ്ഥാനുമായുള്ള ഏത് ചർച്ചയും പാക് അധിനിവേശ കശ്മീരിനെ (പി‌ഒ‌കെ) കേന്ദ്രീകരിച്ചായിരിക്കുമെന്നുമുള്ള ഇന്ത്യയുടെ ദീർഘകാല നയം അദ്ദേഹം ആഗോള സമൂഹത്തെ അഭിസംബോധന ചെയ്ത് ആവർത്തിച്ചു.

ബുദ്ധപൂർണ്ണിമയുടെ വേളയിൽ, പ്രധാനമന്ത്രി ശ്രീബുദ്ധന്റെ ഉപദേശങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചു. സമാധാനത്തിലേക്കുള്ള പാത ശക്തിയാൽ നയിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വം സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും പുരോഗമിക്കണമെന്ന് പറഞ്ഞ അദ്ദേഹം, ഓരോ ഇന്ത്യക്കാരനും അന്തസ്സോടെ ജീവിക്കാനും വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനും കഴിയുമെന്ന് വ്യക്തമാക്കി. സമാധാനം നിലനിർത്തണമെങ്കിൽ ഇന്ത്യ ശക്തമായിരിക്കണമെന്നും ആവശ്യമുള്ളപ്പോൾ ആ ശക്തി പ്രയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സമീപകാല സംഭവങ്ങൾ ഇന്ത്യയുടെ തത്വങ്ങൾ സംരക്ഷിക്കുന്നതിൽ ദൃഢനിശ്ചയം പ്രകടമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉപസംഹരിക്കവേ, ഇന്ത്യൻ സായുധ സേനയുടെ വീര്യത്തെ അദ്ദേഹം വീണ്ടും അഭിവാദ്യം ചെയ്യുകയും ഇന്ത്യയിലെ ജനങ്ങളുടെ ധൈര്യത്തിനും ഐക്യത്തിനും വേണ്ടിയുള്ള ആഴത്ത‌ിലുള്ള ആദരം പ്രകടിപ്പിക്കുകയും ചെയ്തു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Give mothers, sisters their due rights’: PM Modi pushes for women's reservation from the ramparts of Red Fort

Media Coverage

‘Give mothers, sisters their due rights’: PM Modi pushes for women's reservation from the ramparts of Red Fort
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 16
August 16, 2026

Aatmanirbhar Ambitions Meet Global Alliances: The Modi Doctrine in Action