ബഹുമാനപ്പെട്ട പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു,

ബഹുമാനപ്പെട്ട നെസെറ്റ് സ്പീക്കർ അമീർ ഒഹാന,

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് യെയർ ലാപീഡ്,

നെസെറ്റിലെ ബഹുമാന്യരായ അംഗങ്ങളേ,

എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ,

ഷാലോം!

നമസ്തേ!

ബഹുമാന്യരായ അംഗങ്ങളേ,

ഈ വിശിഷ്ട സഭയ്ക്ക് മുന്നിൽ നിൽക്കാൻ കഴിയുന്നത് എനിക്ക് ലഭിച്ച വലിയൊരു ഭാഗ്യവും ബഹുമതിയുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലും ഒരു പുരാതന നാഗരികതയെ അഭിസംബോധന ചെയ്യുന്ന മറ്റൊരു പുരാതന നാഗരികതയുടെ പ്രതിനിധി എന്ന നിലയിലുമാണ് ഞാൻ ഇവിടെ നിൽക്കുന്നത്. 140 കോടി ഇന്ത്യക്കാരുടെ ആശംസകളും സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും പങ്കാളിത്തത്തിന്റെയും സന്ദേശവുമായാണ് ഞാൻ വന്നിരിക്കുന്നത്.

 

ബഹുമാനപ്പെട്ട സ്പീക്കർ, താങ്കളുടെ ക്ഷണത്തിന് ഞാൻ നന്ദി പറയുന്നു. കൂടാതെ നെസെറ്റിൽ ഇന്ത്യൻ വർണ്ണങ്ങൾ പ്രകാശിപ്പിച്ചുകൊണ്ടുള്ള താങ്കളുടെ മനോഹരമായ പ്രവൃത്തിക്കും ഞാൻ നന്ദി പറയുന്നു. മൂന്ന് വർഷം മുമ്പ് താങ്കൾ നടത്തിയ ഇന്ത്യാ സന്ദർശനം ഒരു നെസെറ്റ് സ്പീക്കറുടെ ആദ്യത്തെ ഇന്ത്യാ സന്ദർശനമായിരുന്നു. ഈ ഉന്നതമായ സഭയെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് ഞാൻ, താങ്കൾക്ക് നന്ദി.

ഒമ്പത് വർഷം മുമ്പ്, ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാനുള്ള ഭാഗ്യം എനിക്കുണ്ടായി. എപ്പോഴും അടുപ്പം തോന്നിയിട്ടുള്ള ഈ മണ്ണിലേക്ക് വീണ്ടും വരാൻ കഴിഞ്ഞതിൽ ഞാൻ അതീവ സന്തോഷവാനാണ്. എല്ലാത്തിനുമുപരി, ഇന്ത്യ ഔദ്യോഗികമായി ഇസ്രയേലിനെ അംഗീകരിച്ച അതേ ദിവസമാണ് ഞാൻ ജനിച്ചത് - 1950 സെപ്റ്റംബർ 17-ന്!

ബഹുമാന്യരായ അംഗങ്ങളേ,

ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ക്രൂരമായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിക്കും ജീവിതം തകർന്നുപോയ ഓരോ കുടുംബത്തിനും വേണ്ടിയുള്ള ഇന്ത്യൻ ജനതയുടെ ആഴത്തിലുള്ള അനുശോചനം ഞാൻ അറിയിക്കുന്നു. നിങ്ങളുടെ വേദന ഞങ്ങൾ അറിയുന്നു. നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു. ഈ നിമിഷത്തിലും അതിനപ്പുറവും ഇന്ത്യ പൂർണ്ണ ബോധ്യത്തോടെ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു.

 

സാധാരണ പൗരന്മാരുടെ കൊലപാതകത്തെ ഒരു കാരണത്തിനും ന്യായീകരിക്കാൻ കഴിയില്ല. ഭീകരവാദത്തെ ന്യായീകരിക്കാൻ ഒന്നിനും കഴിയില്ല.

ഇന്ത്യയും ദീർഘകാലമായി ഭീകരവാദത്തിന്റെ വേദന അനുഭവിച്ചിട്ടുണ്ട്. 26/11 മുംബൈ ആക്രമണങ്ങളെയും ജീവൻ നഷ്ടപ്പെട്ട ഇസ്രയേൽ പൗരന്മാർ ഉൾപ്പെടെയുള്ള നിരപരാധികളെയും ഞങ്ങൾ ഓർക്കുന്നു. നിങ്ങളെപ്പോലെ തന്നെ, ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്തതും ഉറച്ചതുമായ 'സീറോ ടോളറൻസ്' നയമാണ് ഞങ്ങൾക്കുമുള്ളത്, അതിൽ ഇരട്ടത്താപ്പുകളില്ല.

സമൂഹങ്ങളെ അസ്ഥിരപ്പെടുത്താനും വികസനം തടയാനും വിശ്വാസം തകർക്കാനുമാണ് ഭീകരവാദം ലക്ഷ്യമിടുന്നത്. ഭീകരവാദത്തെ നേരിടുന്നതിന് ശാശ്വതവും ഏകോപിതവുമായ ആഗോള നടപടി ആവശ്യമാണ്, കാരണം ഏതൊരിടത്തുമുള്ള ഭീകരത എല്ലായിടത്തുമുള്ള സമാധാനത്തിന് ഭീഷണിയാണ്. അതുകൊണ്ടാണ് ശാശ്വത സമാധാനത്തിനും പ്രാദേശിക സ്ഥിരതയ്ക്കും കാരണമാകുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നത്.

ചില വർഷങ്ങൾക്ക് മുമ്പ്, നിങ്ങൾ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെച്ചപ്പോൾ നിങ്ങളുടെ ധീരതയെയും കാഴ്ചപ്പാടിനെയും ഞങ്ങൾ അഭിനന്ദിച്ചു. ദീർഘകാലമായി പ്രശ്നബാധിതമായ ഒരു പ്രദേശത്തിന് പുതിയ പ്രതീക്ഷ നൽകിയ നിമിഷമായിരുന്നു അത്. അന്നത്തെ അപേക്ഷിച്ച് സാഹചര്യം ഇന്ന് ഗണ്യമായി മാറി. പാത ഇന്ന് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്. എന്നിരുന്നാലും ആ പ്രതീക്ഷ നിലനിർത്തേണ്ടത് പ്രധാനമാണ്.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അംഗീകരിച്ച ഗാസ സമാധാന പദ്ധതി ഒരു പുതിയ വഴി വാഗ്ദാനം ചെയ്യുന്നു. ഈ സംരംഭത്തിന് ഇന്ത്യ തങ്ങളുടെ ഉറച്ച പിന്തുണ അറിയിച്ചിട്ടുണ്ട്. പലസ്തീൻ പ്രശ്നം പരിഹരിക്കുന്നതുൾപ്പെടെ, ഈ മേഖലയിലെ എല്ലാ ജനങ്ങൾക്കും നീതിപൂർവവും ശാശ്വതവുമായ സമാധാനം ഇത് വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

നമ്മുടെ എല്ലാ ശ്രമങ്ങളും വിവേകം, ധൈര്യം, മാനവികത എന്നിവയാൽ നയിക്കപ്പെടട്ടെ. സമാധാനത്തിലേക്കുള്ള പാത എല്ലായ്പ്പോഴും എളുപ്പമല്ല. എന്നാൽ ഈ മേഖലയിലെ ചർച്ചകൾക്കും സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഇന്ത്യ നിങ്ങളോടും ലോകത്തോടും ഒപ്പം ചേരുന്നു.

 

ബഹുമാന്യരായ അംഗങ്ങളേ,

ഇസ്രയേലിന്റെ നിശ്ചയദാർഢ്യവും ധൈര്യവും നേട്ടങ്ങളും ഇന്ത്യയിൽ വളരെയധികം ആദരം നേടുന്നു. ആധുനിക രാഷ്ട്രങ്ങൾ എന്ന നിലയിൽ നമ്മൾ പരസ്പരം ബന്ധപ്പെടുന്നതിനും വളരെ മുമ്പ് തന്നെ, രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ബന്ധങ്ങളാൽ നമ്മൾ കണ്ണിചേർക്കപ്പെട്ടിരുന്നു. 'ബുക്ക് ഓഫ് എസ്തർ' ഇന്ത്യയെ 'ഹോഡു' എന്നാണ് വിശേഷിപ്പിക്കുന്നത്. പുരാതന കാലത്ത് ഇന്ത്യയുമായുണ്ടായിരുന്ന വ്യാപാരത്തെക്കുറിച്ച് തൽമൂദ് രേഖപ്പെടുത്തുന്നു.

മെഡിറ്ററേനിയൻ കടലിനെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന സമുദ്രപാതകളിലൂടെ ജൂത വ്യാപാരികൾ സഞ്ചരിച്ചിരുന്നു. അവർ അവസരങ്ങളും അന്തസ്സും തേടിയാണ് വന്നത്. ഇന്ത്യയിൽ അവർ നമ്മളിൽ ഒരാളായി മാറി.

പീഡനമോ വിവേചനമോ ഭയപ്പെടാതെ ജൂത സമൂഹങ്ങൾ ഇന്ത്യയിൽ ജീവിച്ചു. അവർ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയും സമൂഹത്തിൽ പൂർണ്ണമായി പങ്കുചേരുകയും ചെയ്തു. ആ ചരിത്രം ഞങ്ങൾക്ക് അഭിമാനത്തിന്റെ ഉറവിടമാണ്.

ബഹുമാന്യരായ അംഗങ്ങളേ,

മഹാരാഷ്ട്രയിലെ ബെനെ ഇസ്രയേൽ, കേരളത്തിലെ കൊച്ചി ജൂതന്മാർ, കൊൽക്കത്തയിലെയും മുംബൈയിലെയും ബാഗ്ദാദി ജൂതന്മാർ, വടക്കുകിഴക്കൻ മേഖലയിലെ ബ്നേ മെനാഷെ എന്നിവർ ഇന്ത്യയെ സമ്പന്നമാക്കി. എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ഒരു ബെനെ ഇസ്രയേലി കുടുംബം - മിസ്റ്റർ ആൻഡ് മിസ്സിസ് ബെസ്റ്റ് - സ്ഥാപിച്ച ഒരു സ്കൂളുണ്ട്. അതൊരു മികച്ച വിദ്യാലയമാണ്, സ്വാഭാവികമായും അതിന്റെ പേരും ബെസ്റ്റ് സ്കൂൾ എന്നാണ്!

എഡ്വിൻ മെയേഴ്‌സ് ഇന്ത്യയുടെ ഫിലിംസ് ഡിവിഷന് രൂപം നൽകുകയും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഉന്നതനായ വ്യക്തിയായി മാറുകയും ചെയ്തു. അഹമ്മദാബാദിലെ കങ്കാരിയ മൃഗശാലയുടെ സ്ഥാപകനായിരുന്നു ഡോക്ടർ റൂബൻ ഡേവിഡ്. നടൻ ഡേവിഡ് എബ്രഹാം ച്യൂൽക്കർ അഥവാ അങ്കിൾ ഡേവിഡ് രാജ്യത്തുടനീളം സുപരിചിതനായി മാറി. ഓൾ ഇന്ത്യ റേഡിയോയ്ക്കായി വാൾട്ടർ കോഫ്മാൻ സിഗ്നേച്ചർ ട്യൂൺ രചിച്ചു. ഡേവിഡ് സാസൂൺ ഇപ്പോഴും ഇന്ത്യൻ സമൂഹത്തെ സേവിക്കുന്ന നിരവധി സ്ഥാപനങ്ങൾ നിർമ്മിച്ചു.

 

1971-ൽ പാകിസ്ഥാനുമായുണ്ടായ യുദ്ധത്തിൽ ലെഫ്റ്റനന്റ് ജനറൽ ജെ.എഫ്.ആർ. ജേക്കബ് നൽകിയ വീരോചിതമായ സംഭാവനകൾ പരക്കെ അറിയപ്പെടുന്നതാണ്. അദ്ദേഹത്തിന്റെ വിരമിക്കലിന് ശേഷം അദ്ദേഹത്തോടൊപ്പം അടുത്ത് പ്രവർത്തിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. പലപ്പോഴും ചായ കുടിച്ചിരിക്കുമ്പോൾ ഞങ്ങൾ ഇന്ത്യ-ഇസ്രയേൽ ബന്ധങ്ങളെക്കുറിച്ചും മറ്റ് പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നമായ ജീവിത ഘടനയിൽ ഇഴചേർന്ന സംഭാവനകൾ നൽകിയ എണ്ണമറ്റ മറ്റ് നിരവധി പേരുണ്ട്.

ബഹുമാന്യരായ അംഗങ്ങളേ,

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിരവധി ഇന്ത്യൻ ജൂതന്മാർ ഇസ്രയേലിലേക്ക് കുടിയേറിയപ്പോൾ ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കും ആളുകൾ കുടിയേറി. ഇന്ന് ഇന്ത്യൻ വംശജരായ ഊർജ്ജസ്വലമായ ഒരു ജൂത സമൂഹം ഇവിടെ താമസിക്കുന്നു. ലബോറട്ടറികളിലും ആശുപത്രികളിലും ക്ലാസ് മുറികളിലും യുദ്ധക്കളത്തിലും ആധുനിക ഇസ്രയേലിന്റെ നിർമ്മാണത്തിൽ അവർ പങ്കുവഹിച്ചിട്ടുണ്ട്. ഇസ്രയേൽ തങ്ങളുടെ പിതൃഭൂമിയാണെന്നും ഇന്ത്യ തങ്ങളുടെ മാതൃഭൂമിയാണെന്നും അവർ ഉറച്ചുവിശ്വസിക്കുന്നു. ഞങ്ങൾ അവരിൽ അഭിമാനിക്കുന്നു.

ബഹുമാന്യരായ അംഗങ്ങളേ,

ഈ മണ്ണുമായുള്ള ഇന്ത്യയുടെ ബന്ധം രക്തത്താലും ത്യാഗത്താലും എഴുതപ്പെട്ടതാണ്. ഒന്നാം ലോകമഹായുദ്ധസമയത്ത് നാലായിരത്തിലധികം ഇന്ത്യൻ സൈനികർ ഈ പ്രദേശത്ത് ജീവൻ ബലിയർപ്പിച്ചു. 1918 സെപ്റ്റംബറിൽ ഹൈഫയിലുണ്ടായ കുതിരപ്പടയാളി ആക്രമണം സൈനിക ചരിത്രത്തിലെ സുപ്രധാന അധ്യായമായി ഇന്നും നിലനിൽക്കുന്നു.

'ഹൈഫയിലെ ഹീറോ' എന്ന് സ്മരിക്കപ്പെടുന്ന മേജർ താക്കൂർ ദൽപത് സിംഗ് ഈ പങ്കിട്ട ചരിത്രത്തിന്റെ പ്രതീകമാണ്. എന്റെ കഴിഞ്ഞ സന്ദർശനവേളയിൽ ഇന്ത്യൻ സൈനികർക്കായുള്ള ഹൈഫ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കാൻ കഴിഞ്ഞത് എന്നെ അങ്ങേയറ്റം വൈകാരികമായി സ്പർശിച്ച ഒന്നായിരുന്നു.

ബഹുമാന്യരായ അംഗങ്ങളേ,

കഴിഞ്ഞ മാസം ലോകം അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനം ആചരിക്കുകയുണ്ടായി. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി ഹോളോകോസ്റ്റ് നിലനിൽക്കുന്നു. എന്നിട്ടും ആ കലുഷിതമായ വർഷങ്ങളിൽ പോലും ചില മാനുഷിക പ്രവൃത്തികൾ വേറിട്ടുനിന്നു. ഗുജറാത്തിലെ നവനഗർ മഹാരാജാവ്, ജാം സാഹിബ് എന്നും അദ്ദേഹം അറിയപ്പെടുന്നു, അഭയം തേടി മറ്റൊരിടവുമില്ലാതിരുന്ന ജൂത കുട്ടികൾ ഉൾപ്പെടെയുള്ള പോളിഷ് കുട്ടികൾക്ക് അഭയം നൽകി. അടുത്തിടെ മോഷാവ് നെവാറ്റിമിൽ ജാം സാഹിബിന്റെ പ്രതിമ അനാവരണം ചെയ്തതായി ഞാൻ അറിഞ്ഞു.

നന്ദി, ഈ ബഹുമതിക്കും അനുസ്മരണത്തിനും ഞാൻ നന്ദി പറയുന്നു.

 

ബഹുമാന്യരായ അംഗങ്ങളേ,

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ നേതാക്കളിൽ പലർക്കും ഇസ്രയേൽ ജനതയോട് ഒരു ആത്മബന്ധം തോന്നിയിരുന്നു. മരുഭൂമിയിൽ കൃഷി വികസിപ്പിക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളോടുള്ള അവരുടെ ആദരവിന് 1950-കളിലെ ഇന്ത്യയുടെ പാർലമെന്ററി സംവാദങ്ങൾ സാക്ഷ്യം വഹിക്കുന്നുണ്ട്. ഇസ്രയേലിലെ 'കിബ്ബറ്റ്സ്' പ്രസ്ഥാനം ആചാര്യ വിനോബ ഭാവെ, ലോകനായക് ജയപ്രകാശ് നാരായണൻ തുടങ്ങിയ നമ്മുടെ നേതാക്കളെ പ്രചോദിപ്പിച്ചു. ആദ്യം എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലും ഇപ്പോൾ ഇന്ത്യയിലുടനീളവും "ഓരോ തുള്ളിക്കും കൂടുതൽ വിളവ്"എന്ന സമീപനം കാർഷിക മേഖലയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ 2006-ലായിരുന്നു എന്റെ ആദ്യ ഇസ്രയേൽ സന്ദർശനം. പിന്നീട് 2017-ൽ പ്രധാനമന്ത്രി എന്ന നിലയിലുള്ള എന്റെ സന്ദർശന വേളയിൽ, നമ്മുടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഒരു തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തി. അന്നുമുതൽ നമ്മുടെ ഇടപെടലുകൾ അളവിലും വ്യാപ്തിയിലും വർദ്ധിച്ചു. പല മേഖലകളിലായി ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ബഹുമാന്യരായ അംഗങ്ങളേ,

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. വൈകാതെ തന്നെ നമ്മൾ ആഗോളതലത്തിൽ ആദ്യ മൂന്ന് സമ്പദ്‌വ്യവസ്ഥകളിലൊന്നാകും. അതേസമയം, ഇസ്രയേൽ നവീനാശയത്തിന്റെയും സാങ്കേതിക നേതൃത്വത്തിന്റെയും ശക്തികേന്ദ്രമാണ്. ഇത് ഭാവിയിലേക്കുള്ള പങ്കാളിത്തത്തിന് സ്വാഭാവികമായ ഒരു അടിത്തറ ഒരുക്കുന്നു.

വ്യാപാരം വിപുലീകരിക്കാനും നിക്ഷേപ പ്രവാഹം ശക്തിപ്പെടുത്താനും സംയുക്ത അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ വർഷം ഒപ്പുവെച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി നമ്മുടെ ബിസിനസ്സുകൾക്ക് ആത്മവിശ്വാസവും വ്യക്തതയും നൽകും.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യ മറ്റ് രാഷ്ട്രങ്ങളുമായി സുപ്രധാനമായ നിരവധി വ്യാപാര കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ പടിഞ്ഞാറൻ രാജ്യങ്ങളായ യൂറോപ്യൻ യൂണിയനും യുകെയുമായും കിഴക്കൻ രാജ്യങ്ങളായ യുഎഇയും ഒമാനുമായും.

സമീപ വർഷങ്ങളിൽ നമ്മുടെ ഉഭയകക്ഷി ചരക്ക് വ്യാപാരം പലമടങ്ങ് വർദ്ധിച്ചു. എന്നാൽ, ഇത് നമ്മുടെ അവസരങ്ങളുടെ പൂർണ്ണ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നില്ല. അതുകൊണ്ടാണ് അഭിലാഷകരമായ ഒരു സ്വതന്ത്ര വ്യാപാര കരാറിനായി ചർച്ചകൾ നടത്താൻ നമ്മുടെ സംഘം കഠിനമായി പരിശ്രമിക്കുന്നത്. ഇത് നമ്മുടെ വ്യാപാര ബന്ധത്തിൽ ഇതുവരെ പ്രയോജനപ്പെടുത്താത്ത വലിയ സാധ്യതകൾ തുറക്കും.

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ (IMEC), ഇന്ത്യ, ഇസ്രയേൽ, യുഎഇ, യുഎസ് എന്നിവർ ചേർന്നുള്ള 'I2U2' ചട്ടക്കൂട് തുടങ്ങിയ വിവിധ വേദികളിലും നമ്മൾ ചേർന്ന് പ്രവർത്തിക്കും. പ്രതിരോധവും സുരക്ഷയും നമ്മുടെ പങ്കാളിത്തത്തിന്റെ മറ്റൊരു പ്രധാന സ്തംഭമാണ്. കഴിഞ്ഞ വർഷം നവംബറിൽ പ്രതിരോധ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ നമ്മൾ ഒപ്പുവെച്ചു. ഇന്നത്തെ അനിശ്ചിതത്വങ്ങൾ നിറഞ്ഞ ലോകത്ത്, ഇന്ത്യയും ഇസ്രയേലും പോലുള്ള വിശ്വസ്ത പങ്കാളികൾ തമ്മിലുള്ള ശക്തമായ പ്രതിരോധ പങ്കാളിത്തത്തിന് നിർണായക പ്രാധാന്യമുണ്ട്.

ബഹുമാന്യരായ അംഗങ്ങളേ,

ഇസ്രയേലിനെ പലപ്പോഴും സ്റ്റാർട്ട്-അപ്പ് നേഷൻ എന്ന് വിളിക്കാറുണ്ട്. സമീപ വർഷങ്ങളിൽ ഞങ്ങളുടെ യുവാക്കളുടെ നവീകരണവും സർഗ്ഗാത്മകതയും പുറത്തെടുക്കാൻ ഞങ്ങളും പരിശ്രമിക്കുന്നു. 2018-ൽ പ്രധാനമന്ത്രി നെതന്യാഹുവും ഞാനും ചേർന്ന് ഇന്ത്യയിൽ ഐ-ക്രിയേറ്റ് ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ ഉദ്ഘാടനം ചെയ്തത് ഞാൻ ഓർക്കുന്നു. അതിനുശേഷം ഇത് ഏതാണ്ട് 900 സ്റ്റാർട്ട്-അപ്പുകളെ പിന്തുണച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച, നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ലോകത്തിലെ ഏറ്റവും വലുതും ജനാധിപത്യപരവുമായ AI ഇംപാക്ട് ഉച്ചകോടിക്ക് ഞങ്ങൾ ആതിഥേയത്വം വഹിച്ചു. ഞങ്ങളുടെ ആഗ്രഹങ്ങൾ ഇസ്രയേലിന്റെ നവീകരണ ആവാസവ്യവസ്ഥയുമായി സ്വാഭാവികമായി ഒത്തുപോകുന്നു. ക്വാണ്ടം സാങ്കേതികവിദ്യകൾ, അർദ്ധചാലകങ്ങൾ, നിർമ്മിത ബുദ്ധി തുടങ്ങിയ മേഖലകളിൽ വലിയ സഹകരണ സാധ്യതകൾ ഞാൻ കാണുന്നു. ഞങ്ങളുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് അതിർത്തികൾക്കപ്പുറമുള്ള സാമ്പത്തിക ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനായി ഞങ്ങൾ ഇസ്രയേലുമായി ചേർന്ന് പ്രവർത്തിക്കുന്നു.

ബഹുമാന്യരായ അംഗങ്ങളേ,

മരുഭൂമിയിലെ ഇസ്രയേലിന്റെ കാർഷിക അത്ഭുതം ഞങ്ങളെ എത്രത്തോളം പ്രചോദിപ്പിച്ചുവെന്ന് ഞാൻ സൂചിപ്പിച്ചിരുന്നു. കൃത്യതാ ജലസേചനത്തിലും ജലപരിപാലനത്തിലും ഇസ്രയേലിന്റെ വൈദഗ്ധ്യം ഇതിനകം തന്നെ ഇന്ത്യയിലെ കാർഷിക രീതികളെ മാറ്റിമറിച്ചിട്ടുണ്ട്.

ഇന്ത്യയിലുടനീളം നമ്മൾ ഒരുമിച്ച് 43 സെന്റേഴ്സ് ഓഫ് എക്സലൻസ് സ്ഥാപിച്ചു. അവ അഞ്ച് ലക്ഷത്തിലധികം കർഷകർക്ക് പരിശീലനം നൽകി. ദശലക്ഷക്കണക്കിന് കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും പ്രയോജനം ലഭിക്കുന്നതിനായി ഈ കേന്ദ്രങ്ങളുടെ എണ്ണം 100 ആയി വർദ്ധിപ്പിക്കുക എന്ന വലിയ ലക്ഷ്യം ഇപ്പോൾ നാം നിശ്ചയിക്കണം.

ബഹുമാന്യരായ അംഗങ്ങളേ,

ഇന്ത്യ-ഇസ്രയേൽ പങ്കാളിത്തത്തിന്റെ കാതൽ നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധമാണ്. 2006-ൽ ഞാൻ ആദ്യമായി ഇസ്രയേൽ സന്ദർശിച്ചപ്പോൾ ഇവിടെ വളരെ കുറച്ച് യോഗാ കേന്ദ്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് മിക്കവാറും എല്ലാ സമീപപ്രദേശങ്ങളിലും യോഗ പരിശീലിക്കപ്പെടുന്നുണ്ടെന്ന് തോന്നുന്നു!

ഇസ്രയേലിൽ ആയുർവേദത്തോടുള്ള താൽപ്പര്യവും വർദ്ധിച്ചുവരുന്നതായി ഞാൻ അറിഞ്ഞു. കൂടുതൽ കൂടുതൽ ഇസ്രയേലി യുവാക്കളെ ഇന്ത്യ സന്ദർശിക്കാൻ ഞാൻ ക്ഷണിക്കുന്നു. നമ്മുടെ സമൂഹത്തിന്റെ ചലനാത്മകതയ്ക്ക് അവർ സാക്ഷ്യം വഹിക്കുകയും ശരീരത്തിനും മനസ്സിനും സമഗ്രമായ ക്ഷേമത്തിന് എന്ത് ചെയ്യാൻ കഴിയുമെന്ന് അനുഭവിക്കുകയും ചെയ്യും.

ഇന്ത്യൻ പാർലമെന്റ് ഇസ്രയേലിനായി ഒരു പാർലമെന്ററി സൗഹൃദ ഗ്രൂപ്പ് രൂപീകരിച്ച വിവരം ഈ ഉന്നത സഭയെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളെല്ലാവരെയും ഇന്ത്യ സന്ദർശിക്കാൻ ഞാൻ ക്ഷണിക്കുന്നു, നമ്മുടെ പാർലമെന്റ് അംഗങ്ങൾ തമ്മിൽ കൂടുതൽ ആശയവിനിമയങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇസ്രയേലിലെ ഇന്ത്യൻ ആതുരശുശ്രൂഷകരും വൈദഗ്ധ്യമുള്ള തൊഴിലാളികളും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും നൽകുന്ന വലിയ സംഭാവനകളെക്കുറിച്ച് എനിക്ക് അറിയാം. ഒക്ടോബർ 7 ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ അവർ അസാമാന്യമായ ധൈര്യവും അർപ്പണബോധവും പ്രകടിപ്പിച്ചു. ഞങ്ങൾ അവരെക്കുറിച്ച് അഭിമാനിക്കുന്നു.

ജൂതയിസം നമ്മെ ഓർമ്മിപ്പിക്കുന്നത് പോലെ, "ആരാണോ ഒരാളുടെ ജീവൻ രക്ഷിക്കുന്നത്, അയാൾ ലോകത്തെ മുഴുവൻ രക്ഷിക്കുന്നു." നമ്മുടെ സഹകരണത്തിന് പിന്നിലെ മനുഷ്യബന്ധങ്ങളുടെ കരുത്താണ് അവരുടെ സേവനം പ്രതിഫലിപ്പിക്കുന്നത്. ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന മേഖലകളിൽ തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും സഞ്ചാരം ഞങ്ങൾ തുടർന്നും സുഗമമാക്കും.

ബഹുമാന്യരായ അംഗങ്ങളേ,

നാം രണ്ടും പുരാതന നാഗരികതകളാണ്. നമ്മുടെ നാഗരിക പാരമ്പര്യങ്ങൾ ദാർശനികമായ സമാനതകൾ വെളിപ്പെടുത്തുന്നതിൽ അത്ഭുതമില്ല. ഇസ്രയേലിൽ 'ടിക്കുൻ ഓലാം' എന്ന തത്വം ലോകത്തെ സുഖപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഇന്ത്യയിൽ 'വസുധൈവ കുടുംബകം' എന്നത് ലോകം ഒരു കുടുംബമാണെന്ന് ഉറപ്പിച്ചുപറയുന്നു. രണ്ട് ആശയങ്ങളും ഉത്തരവാദിത്തത്തെ കേവലമായ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നു. അനുകമ്പയോടും ധാർമ്മിക ധൈര്യത്തോടും കൂടി പ്രവർത്തിക്കാൻ അവ സമൂഹങ്ങളോട് ആവശ്യപ്പെടുന്നു.

ജൂതമതം ഹലാഖയ്ക്ക് പ്രാധാന്യം നൽകുന്നു, ഇത് നിയമത്തിലൂടെയും പ്രയോഗത്തിലൂടെയും ദൈനംദിന പെരുമാറ്റത്തെ നയിക്കുന്നു. ഹൈന്ദവ തത്വശാസ്ത്രം ധർമ്മത്തെക്കുറിച്ച് സംസാരിക്കുന്നു, അത് കടമയെയും ശരിയായ പ്രവർത്തനത്തെയും രൂപപ്പെടുത്തുന്ന ധാർമ്മിക ക്രമമാണ്. രണ്ട് പാരമ്പര്യങ്ങളിലും ധാർമ്മിക ജീവിതം നയിക്കപ്പെടുന്നത് പ്രവർത്തനത്തിലൂടെയാണ്. വിശ്വാസം പ്രകടിപ്പിക്കപ്പെടുന്നത് പെരുമാറ്റത്തിലൂടെയാണ്.

നമ്മുടെ ആഘോഷങ്ങളിലും കൗതുകകരമായ സമാനതകളുണ്ട്. നിങ്ങൾ മെഴുകുതിരികളുടെ ഊഷ്മളമായ തിളക്കത്തോടെ ഹനൂക്ക ആഘോഷിക്കുന്നു. ഏകദേശം അതേസമയത്തുതന്നെ ഞങ്ങൾ പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി വിളക്കുകളുടെ മനോഹരമായ വെളിച്ചത്തിൽ ആഘോഷിക്കുന്നു. വൈകാതെ, ഇന്ത്യ സന്തോഷവും വർണ്ണങ്ങളും നിറഞ്ഞ ഹോളി ആഘോഷിക്കും. ആ സമയത്തുതന്നെ, ഇസ്രയേൽ ആവേശത്തോടും സന്തോഷത്തോടും കൂടി പുരിം ആഘോഷിക്കും.

ബഹുമാന്യരായ അംഗങ്ങളേ,

നമ്മുടെ പങ്കിട്ട ആശയങ്ങളാണ് നമ്മുടെ ആധുനിക പങ്കാളിത്തത്തിന് കരുത്ത് നൽകുന്ന ആഴത്തിലുള്ള അടിത്തറകൾ. നമ്മൾ ചരിത്രത്താൽ രൂപപ്പെട്ടതും ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ ജനാധിപത്യ രാജ്യങ്ങളാണ്. നമ്മുടെ പങ്കാളിത്തം പങ്കിട്ട അനുഭവങ്ങളിലും പങ്കിട്ട അഭിലാഷങ്ങളിലും അധിഷ്ഠിതമാണ്. നമ്മുടെ ശക്തമായ പങ്കാളിത്തം ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുക മാത്രമല്ല, ആഗോള സ്ഥിരതയ്ക്കും സമൃദ്ധിക്കും സംഭാവന നൽകുകയും ചെയ്യുന്നു.

അനിശ്ചിതത്വങ്ങൾ നിറഞ്ഞ ലോകത്ത് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൗഹൃദം എന്നും കരുത്തിന്റെ ഉറവിടമായി തുടരുന്നുവെന്ന് നമുക്ക് ഉറപ്പാക്കാം.

ആം യിസ്രയേൽ ചായ്.

ജയ് ഹിന്ദ്.

നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
UPI completes 10 years, clocks nearly 13,000-fold rise in transaction volume

Media Coverage

UPI completes 10 years, clocks nearly 13,000-fold rise in transaction volume
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister invites citizens to share their UPI experiences as UPI completes a decade
August 25, 2026

The Prime Minister, Shri Narendra Modi recalled the transformative journey of the Unified Payments Interface (UPI), which was rolled out a decade ago and marked a major turning point in India’s digital payments journey.

Highlighting the scale and reach achieved by UPI over the past ten years, Shri Modi said that its remarkable journey is something every Indian can be proud of. The Prime Minister invited citizens to share their experiences of using UPI and how it has impacted their daily lives.

The Prime Minister posted on X:

A decade ago, UPI was rolled out, marking a major turning point in India’s digital payments journey.

The sheer scale and reach of UPI are something every Indian must be proud of.

Tell me about your UPI experience and how it impacted your life...

#10YearsOfUPI