പൊലീസിനെക്കുറിച്ചുള്ള പൊതുജനാഭിപ്രായത്തിൽ മാറ്റം വരുത്തേണ്ടതിന്റെയും യുവജനങ്ങളിലേക്കുള്ള വ്യാപനം വർധിപ്പിക്കേണ്ടതിന്റെയും നഗര-വിനോദസഞ്ചാര പൊലീസ് സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെയും പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി
സാങ്കേതികവിദ്യയുടെ, വിശേഷിച്ചും നിർമിതബുദ്ധി, നാറ്റ്ഗ്രിഡ് സംയോജനം എന്നിവയുടെ, വിപുലമായ ഉപയോഗത്തിനു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു; ദ്വീപ് സുരക്ഷ, തീരദേശക്രമസമാധാനം, ഫോറൻസിക് അടിസ്ഥാനമാക്കിയുള്ള അന്വേഷണം എന്നിവയിലെ നവീകരണത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി
‘വിഷൻ 2047’ പൊലീസ് പ്രവർത്തനമാർഗരേഖ, ഭീകരവാദവിരുദ്ധപ്രവണതകൾ, സ്ത്രീസുരക്ഷ, ഒളിവിൽ പോയവരെ കണ്ടെത്തൽ, ഫോറൻസിക് പരിഷ്കാരങ്ങൾ എന്നിവയുൾപ്പെടെ ദേശീയ സുരക്ഷാ മുൻഗണനകളെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ സമ്മേളനത്തിന്റെ ഭാഗമാകും
ദുരന്തനിവാരണത്തിനായി കരുത്തുറ്റ തയ്യാറെടുപ്പിന്റെയും ഏകോപിത പ്രതികരണത്തിന്റെയും ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി;
ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം, പ്രകൃതിദുരന്തങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഗവണ്മെന്റിന്റെ സർവതോമുഖ സമീപനത്തിനു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു
വികസിത ഇന്ത്യ എന്ന ദേശീയ കാഴ്ചപ്പാടിനനുസൃതമായി പൊലീസ് സംവിധാനത്തെ നവീകരിക്കാനും പുനഃക്രമീകരിക്കാനും പ്രധാനമന്ത്രി പൊലീസ് നേതൃത്വത്തോട് ആഹ്വാനം ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു റായ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പൊലീസ് ഡയറക്ടർ ജനറൽമാരുടെയും ഇൻസ്പെക്ടർ ജനറൽമാരുടെയും 60-ാം അഖിലേന്ത്യാസമ്മേളനത്തിൽ പങ്കെടുത്തു. ‘വികസിത ‌ഇന്ത്യ; സുരക്ഷാതലങ്ങൾ’ എന്നതാണു മൂന്നുദിവസത്തെ സമ്മേളനത്തിന്റെ പ്രമേയം.

പ്രൊഫഷണലിസം, സംവേദനക്ഷമത, പ്രതികരണശേഷി എന്നിവ മെച്ചപ്പെടുത്തി, പൊതുജനങ്ങളിൽ, വിശേഷിച്ചും യുവാക്കൾക്കിടയിൽ, പൊലീസിനെക്കുറിച്ചുള്ള ധാരണയിൽ മാറ്റംവരുത്തേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. നഗര പൊലീസ് സംവിധാനത്തിനു കരുത്തുപകരേണ്ടതിന്റെയും വിനോദസഞ്ചാര പൊലീസിനെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെയും കോളനിവാഴ്ചക്കാലത്തെ ക്രിമിനൽ നിയമങ്ങൾക്കു പകരമായി പുതുതായി നടപ്പാക്കിയ ഭാരതീയ ന്യായസംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം, ഭാരതീയ നാഗരിക സുരക്ഷാസംഹിത എന്നിവയെക്കുറിച്ചു പൊതുജനാവബോധം വർധിപ്പിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.

ജനവാസമില്ലാത്ത ദ്വീപുകൾ കൂട്ടിയിണക്കുന്നതിനു നൂതനതന്ത്രങ്ങൾ സ്വീകരിക്കാനും, NATGRID-നു കീഴിൽ സംയോജിപ്പിച്ച വിവരസഞ്ചയങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനും, പ്രായോഗിക ബുദ്ധി സൃഷ്ടിക്കുന്നതിന് നിർമിതബുദ്ധിവഴി ഈ സംവിധാനങ്ങളെ കൂട്ടിച്ചേർക്കാനും പ്രധാനമന്ത്രി സംസ്ഥാന-കേന്ദ്രഭരണപ്രദേശ പൊലീസ് സംവിധാനങ്ങൾക്കും വിശാലമായ ഭരണസംവിധാനങ്ങൾക്കും നിർദേശം നൽകി. പൊലീസ് അന്വേഷണങ്ങളിൽ ഫോറൻസിക് ഉപയോഗത്തെക്കുറിച്ചു കേസ് പഠനങ്ങൾ നടത്താൻ സർവകലാശാലകളെയും അക്കാദമിക സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫോറൻസിക് പ്രയോഗം മെച്ചപ്പെടുത്തുന്നതു ക്രിമിനൽ നീതിന്യായവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിരോധിത സംഘടനകളെ പതിവായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതിന്റെയും, ഇടതുതീവ്രവാദമുക്തപ്രദേശങ്ങളുടെ സമഗ്രവികസനം ഉറപ്പാക്കേണ്ടതിന്റെയും, തീരദേശസുരക്ഷ ശക്തിപ്പെടുത്തുന്നതിനു നൂതനമാതൃകകൾ സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു. മയക്കുമരുന്നു ദുരുപയോഗം തടയുന്നതിന് നിയമനിർവഹണം, പുനരധിവാസം, സാമൂഹ്യതലത്തിലുള്ള ഇടപെടൽ എന്നിവ ഒത്തുചേരുന്ന ഗവണ്മെന്റിന്റെ സർവതോമുഖ സമീപനം അനിവാര്യമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ദേശീയ സുരക്ഷാവിഷയങ്ങളിൽ ആഴത്തിലുള്ള വിപുലമായ ചർച്ചകൾ സമ്മേളനത്തിൽ നടക്കുന്നുണ്ട്. ‘വിഷൻ 2047’ ലക്ഷ്യമാക്കിയുള്ള പൊലീസ് പ്രവർത്തനങ്ങളുടെ ദീർഘകാല മാർഗരേഖ, ഭീകരതയെയും തീവ്രവാദത്തെയും ചെറുക്കുന്നതിനായി ഉയർന്നുവരുന്ന പ്രവണതകൾ, സ്ത്രീസുരക്ഷ വർദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തൽ, വിദേശത്തേക്കു കടന്ന ഇന്ത്യൻ കുറ്റവാളികളെ തിരികെ കൊണ്ടുവരുന്നതിനുള്ള തന്ത്രങ്ങൾ, ഫലപ്രദമായ അന്വേഷണവും പ്രോസിക്യൂഷനും ഉറപ്പാക്കുന്നതിനായി ഫോറൻസിക് ശേഷി ശക്തിപ്പെടുത്തൽ എന്നിവയെക്കുറിച്ചു ചർച്ചകൾ നടന്നു.

കരുത്തുറ്റ തയ്യാറെടുപ്പിന്റെയും ഏകോപനത്തിന്റെയും ആവശ്യകതയ്ക്കും പ്രധാനമന്ത്രി അടിവരയിട്ടു. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ നിലവിലെ സാഹചര്യം ഉൾപ്പെടെ ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം, മറ്റു പ്രകൃതിദുരന്തങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ ദുരന്തനിവാരണസംവിധാനങ്ങൾക്കു കരുത്തേകാൻ അദ്ദേഹം പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾക്കിടയിൽ ജീവൻ രക്ഷിക്കാനും നാശനഷ്ടങ്ങൾ കുറയ്ക്കുന്നത് ഉറപ്പാക്കാനും കാലേക്കൂട്ടിയുള്ള ആസൂത്രണം, തത്സമയ ഏകോപനം, അതിവേഗപ്രതികരണം, ഗവണ്മെന്റിന്റെ സർവതോമുഖസമീപനം എന്നിവ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള പാതയിൽ വികസ്വര രാഷ്ട്രത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി ക്രമസമാധാനപാലനശൈലി പുനഃക്രമീകരിക്കാനും അഭിസംബോധനയിൽ പ്രധാനമന്ത്രി പൊലീസ് നേതൃത്വത്തോട് ആഹ്വാനം ചെയ്തു.

ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥർക്കു വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രധാനമന്ത്രി സമ്മാനിച്ചു. നഗരക്രമസമാധാനപാലനത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മൂന്നു നഗരങ്ങൾക്കുള്ള പുരസ്കാരവും അദ്ദേഹം സമ്മാനിച്ചു. നഗരക്രമസമാധാനപാലനത്തിൽ നവീകരണവും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇതാദ്യമായാണ് ഈ അംഗീകാരം നൽകിയത്.

സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, ആഭ്യന്തര സഹമന്ത്രിമാർ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവർ പങ്കെടുത്തു. എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള ഡിജിപിമാരും ഐജിപിമാരും സിഎപിഎഫുകളുടെയും കേന്ദ്ര പൊലീസ് സേനകളുടെയും മേധാവികളും നേരിട്ടു പങ്കെടുത്തു. വിവിധ റാങ്കുകളിലുള്ള 700-ലധികം ഉദ്യോഗസ്ഥർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വെർച്വലായും പങ്കെടുത്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's electronics exports cross $47 billion in 2025 on iPhone push

Media Coverage

India's electronics exports cross $47 billion in 2025 on iPhone push
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 19
January 19, 2026

From One-Horned Rhinos to Global Economic Power: PM Modi's Vision Transforms India