ബഹുമാന്യനായ, 

ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ തോ ലാം, 

ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വിശിഷ്ട പ്രതിനിധികളെ, മാധ്യമ സുഹൃത്തുക്കളെ, 

നമസ്കാരം! 

സിൻ ചാവോ (Xin chào)!

പ്രസിഡന്റ് തോ ലാമിനെ ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനത്തിൽ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വിയറ്റ്‌നാം പ്രസിഡന്റായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളിൽ തന്നെ ഉന്നതതല പ്രതിനിധി സംഘത്തോടും നിരവധി ബിസിനസ്സ് നേതാക്കളോടും ഒപ്പം അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത് ഇന്ത്യ-വിയറ്റ്‌നാം ബന്ധത്തിന് അദ്ദേഹം നൽകുന്ന മുൻഗണനയെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. 

ശ്രദ്ധേയമായി, അദ്ദേഹം തന്റെ ഇന്ത്യ സന്ദർശനം ബോദ്ധ്ഗയയിൽ നിന്നാണ് ആരംഭിച്ചത്, ഇത് നമ്മുടെ ഇരു രാജ്യങ്ങളുടെയും പങ്കിട്ട സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സന്ദർശനത്തിലൂടെയും ഞങ്ങളുടെ അർത്ഥവത്തായ ചർച്ചകളിലൂടെയും, നമ്മുടെ പരസ്പര സൗഹൃദത്തെ ഞങ്ങൾ നിരവധി വ്യക്തമായ ഫലങ്ങളിലേക്ക് മാറ്റുകയാണ്.

സുഹൃത്തുക്കളെ,

ഇന്ത്യ-വിയറ്റ്‌നാം പങ്കാളിത്തത്തിൽ പൈതൃകവും വികസനവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള ബുദ്ധൻ്റെ തിരു അവശേഷിപ്പുകൾ വിയറ്റ്‌നാമിലേക്ക് കൊണ്ടുപോയപ്പോൾ, വിയറ്റ്‌നാം ജനസംഖ്യയുടെ ഏകദേശം പതിനഞ്ച് ശതമാനമായ ഒന്നരക്കോടിയിലധികം ജനങ്ങൾ ആദരവ് അർപ്പിച്ചു. നമ്മുടെ പങ്കിട്ട പൈതൃകം സംരക്ഷിക്കുന്നതിനായി, വിയറ്റ്‌നാമിലെ മൈ സൺ (My Son), ൻഹാൻ ടവേഴ്സ് (Nhan Towers) എന്നിവിടങ്ങളിലെ പുരാതന ചാം നാഗരികതയുടെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഞങ്ങൾ ഏറ്റെടുക്കുകയാണ്. ഇനി ഞങ്ങൾ ചാം നാഗരികതയുടെ കയ്യെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്യുകയും അതുവഴി വരുംതലമുറകൾക്കായി ഈ വിലപ്പെട്ട പൈതൃകം സംരക്ഷിക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,

പത്ത് വർഷം മുമ്പ്, എന്റെ വിയറ്റ്‌നാം സന്ദർശന വേളയിൽ, ആസിയാനിലെ ഇന്ത്യയുടെ ആദ്യത്തെ സമഗ്ര തന്ത്രപരമായ പങ്കാളിയായി വിയറ്റ്‌നാം മാറി. അന്നുമുതൽ, നമ്മുടെ ബന്ധങ്ങൾ ദ്രുതഗതിയിലുള്ളതും വിപുലവുമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു. നമ്മുടെ സാംസ്കാരിക ബന്ധങ്ങൾക്കൊപ്പം വ്യാപാരം, സാങ്കേതികവിദ്യ, ടൂറിസം എന്നീ മേഖലകളിലെ സഹകരണവും ശക്തമായി. 

ഈ ശക്തമായ അടിത്തറയിൽ നിന്നുകൊണ്ട്, ഇന്ന് ഞങ്ങൾ നമ്മുടെ ബന്ധത്തെ മെച്ചപ്പെടുത്തിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം എന്ന തലത്തിലേക്ക് ഉയർത്തുകയാണ്. ഞങ്ങൾ ഇനി ഞങ്ങളുടെ പങ്കാളിത്തത്തെ കൂടുതൽ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് കൊണ്ടുപോകും. സംസ്കാരം, കണക്റ്റിവിറ്റി, ശേഷി വർദ്ധിപ്പിക്കൽ എന്നിവയോടൊപ്പം സുരക്ഷ, സുസ്ഥിരത, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും നമ്മുടെ സഹകരണം പുതിയ ഉയരങ്ങളിലെത്തും.

സുഹൃത്തുക്കളെ,

ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ ദശകത്തിൽ ഇരട്ടിയായി 16 ബില്യൺ ഡോളറിലെത്തി. ഇത് 2030-ഓടെ 25 ബില്യൺ ഡോളറായി ഉയർത്താൻ ഇന്ന് ഞങ്ങൾ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. നമ്മുടെ ഔഷധ നിയന്ത്രണ അതോറിറ്റികൾ തമ്മിലുള്ള ധാരണാപത്രം വിയറ്റ്‌നാമിൽ ഇന്ത്യൻ മരുന്നുകളുടെ ലഭ്യത വർദ്ധിപ്പിക്കും. ഇന്ത്യയുടെ കാർഷിക, മത്സ്യബന്ധന, മൃഗ ഉല്പന്നങ്ങളുടെ വിയറ്റ്‌നാമിലേക്കുള്ള കയറ്റുമതി കൂടുതൽ സുഗമമാകും. വൈകാതെ തന്നെ വിയറ്റ്‌നാമിന് ഇന്ത്യൻ മുന്തിരിയും മാതളനാരങ്ങയും ആസ്വദിക്കാം, പകരമായി വിയറ്റ്‌നാമിലെ ഡുറിയാനും (durian) പോമെലോയും (pomelo) നമുക്കും ലഭിക്കും. 

കൂടാതെ, ഈ വർഷാവസാനത്തോടെ ഇന്ത്യ-ആസിയാൻ വ്യാപാര കരാർ (AITIGA) പുതുക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇത് ഇന്ത്യയും എല്ലാ ആസിയാൻ രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരത്തിലും നിക്ഷേപത്തിലും പുതിയ ഊർജ്ജം പകരും. നിർണ്ണായക ധാതുക്കൾ, അപൂർവ മൂലകങ്ങൾ, ഊർജ്ജ സഹകരണം എന്നിവയിലെ പുതിയ സംരംഭങ്ങളിലൂടെ ഇരുവശത്തെയും സാമ്പത്തിക സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും നമ്മൾ ഉറപ്പാക്കും.

സുഹൃത്തുക്കളെ,

കണക്റ്റിവിറ്റിയും ശേഷി വർദ്ധിപ്പിക്കലുമാണ് നമ്മുടെ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭങ്ങൾ. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യോമബന്ധം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. 

സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ഞങ്ങളുടെ സെൻട്രൽ ബാങ്കുകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇന്ത്യയുടെ യുപിഐയും (UPI) വിയറ്റ്‌നാമിന്റെ ഫാസ്റ്റ് പേയ്‌മെന്റ് സിസ്റ്റവും ഉടൻ ബന്ധിപ്പിക്കും. കൂടാതെ, ഇരു രാജ്യങ്ങളിലെയും സംസ്ഥാനങ്ങൾ തമ്മിലും നഗരങ്ങൾ തമ്മിലുമുള്ള സഹകരണം ഞങ്ങൾ ആഴത്തിലാക്കും.

സുഹൃത്തുക്കളെ,

ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിൻ്റെയും (Act East Policy) 'സാഗർ' (MAHASAGAR) വിഷന്റെയും പ്രധാന സ്തംഭമാണ് വിയറ്റ്‌നാം. ഇൻഡോ-പസഫിക് മേഖലയെക്കുറിച്ച് നമുക്ക് പൊതുവായ കാഴ്ചപ്പാടാണുള്ളത്. നമ്മുടെ പ്രതിരോധ-സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം, നിയമവാഴ്ച, സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി നമ്മൾ തുടർന്നും സംഭാവന നൽകും. വിയറ്റ്‌നാമുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യ ആസിയാനുമായുള്ള ഇടപഴകൽ കൂടുതൽ വിപുലീകരിക്കും.

ആദരണീയനെ,

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിനും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഞങ്ങളോടൊപ്പം നിന്നതിനും വിയറ്റ്‌നാമിനോട് ഞങ്ങൾ നന്ദിയുള്ളവരാണ്. 

ആഗോള അശാന്തിയുടെയും സാമ്പത്തിക വെല്ലുവിളികളുടെയും ഈ കാലഘട്ടത്തിൽ, പ്രതിഭ, സദ്ഭരണം, സാമ്പത്തിക പരിഷ്കാരങ്ങൾ എന്നിവയുടെ കരുത്തിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ട് സമ്പദ്‌വ്യവസ്ഥകളായി ഇന്ത്യയും വിയറ്റ്‌നാമും ഉയർന്നുവരുന്നു. നമ്മുടെ മെച്ചപ്പെടുത്തിയ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ നമ്മൾ പരസ്പര വളർച്ചയ്ക്ക് ഉത്തേജകമായി പ്രവർത്തിക്കും.

ബുദ്ധന്റെ വചനങ്ങൾ സൂചിപ്പിക്കുന്നത് പോലെ, "മറ്റൊരാൾക്കായി നിങ്ങൾ ഒരു വിളക്ക് തെളിച്ചാൽ, അത് നിങ്ങളുടെ സ്വന്തം പാതയെയും പ്രകാശിപ്പിക്കും." 

ഈ തത്വത്താൽ നയിക്കപ്പെട്ട്, പരസ്പരം ദർശനങ്ങളെയും ലക്ഷ്യങ്ങളെയും പിന്തുണച്ചുകൊണ്ട് വികസിത രാഷ്ട്രങ്ങളാകുക എന്ന നമ്മുടെ അഭിലാഷങ്ങൾ നമ്മൾ ഒന്നിച്ച് സാക്ഷാത്കരിക്കും. 

നമ്മൾ ഒരുമിച്ച് നടക്കും, ഒരുമിച്ച് വളരും, ഒരുമിച്ച് വിജയിക്കും.

വളരെയധികം നന്ദി.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'PM Modi Is One Of Our Greatest Friends': Netanyahu Says Israel Is 'Investing Heavily' In India Ties

Media Coverage

'PM Modi Is One Of Our Greatest Friends': Netanyahu Says Israel Is 'Investing Heavily' In India Ties
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 04
August 04, 2026

From Auto PLI to Ramsar Sites: How India is Winning on Every Front Under PM Modi