ബഹുമാനപ്പെട്ട പ്രസിഡന്റ് ലുല,
ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വിശിഷ്ട പ്രതിനിധികളെ,
മാധ്യമ സുഹൃത്തുക്കളെ,

ഏവർക്കും വന്ദനം!
"ബോവാ താർദേ!" (Boa tarde!)

പ്രസിഡന്റ് ലുലയെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.

കഴിഞ്ഞ വർഷം ബ്രസീലിൽ വെച്ച് താങ്കൾ എന്നെ എത്രത്തോളം സൗഹൃദത്തോടും ആതിഥ്യമര്യാദയോടും കൂടിയാണോ സ്വീകരിച്ചത്, അതേ സ്നേഹത്തോടെ ഞാൻ താങ്കളെ ഇന്ത്യയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. ഇത് എനിക്ക് ഏറെ സന്തോഷകരമായ കാര്യമാണ്.

 

ഇന്ത്യ-ബ്രസീൽ ബന്ധം പ്രസിഡന്റ് ലുലയുടെ ദീർഘവീക്ഷണത്തിൽ നിന്നും പ്രചോദനാത്മകമായ നേതൃത്വത്തിൽ നിന്നും പണ്ടുമുതൽക്കേ ഏറെ പ്രയോജനം നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പല സന്ദർഭങ്ങളിലും അദ്ദേഹത്തെ കാണാനുള്ള സൗഭാഗ്യം എനിക്കുണ്ടായി. ഓരോ കൂടിക്കാഴ്ചയിലും ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ ആഴമേറിയ സൗഹൃദവും അചഞ്ചലമായ വിശ്വാസവും എനിക്ക് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പ്രസിഡന്റ് ലുലയുടെ സന്ദർശനം ചരിത്രപരമായ 'എഐ ഇംപാക്ട് ഉച്ചകോടിക്ക് ' (AI Impact Summit) മാറ്റുകൂട്ടുകയും നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഉണർവ് പകരുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സൗഹൃദത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തോടുള്ള പ്രതിബദ്ധതയ്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ അറിയിക്കുന്നു.

സുഹൃത്തുക്കളെ,

ഞങ്ങളുടെ  ഇന്നത്തെ ചർച്ചകളിൽ, പൊതുവായ ലക്ഷ്യങ്ങളും അഭിലാഷങ്ങളും മുൻനിർത്തി എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിച്ചു.

ലാറ്റിൻ അമേരിക്കയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബ്രസീൽ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നമ്മുടെ ഉഭയകക്ഷി വ്യാപാരം ഇരുപത് ബില്യൺ ഡോളറിന് അപ്പുറത്തേക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ വ്യാപാരം വെറും അക്കങ്ങളുടെ മാത്രം കാര്യമല്ല, അത് പരസ്പര വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണ്. പ്രസിഡന്റ് ലുലയെ അനുഗമിക്കുന്ന വലിയ ബിസിനസ് പ്രതിനിധി സംഘം ഈ ആത്മവിശ്വാസത്തിന്റെ തെളിവാണ്.

 

ഇന്ത്യ-മെർകോസൂർ (India-MERCOSUR) വ്യാപാര കരാർ വിപുലീകരിക്കുന്നത് നമ്മുടെ സാമ്പത്തിക സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തും. സാങ്കേതികവിദ്യ, നവീകരണം (Innovation) എന്നീ മേഖലകളിലെ സഹകരണം നമ്മുടെ ഇരു രാജ്യങ്ങൾക്കും മാത്രമല്ല, മുഴുവൻ 'ഗ്ലോബൽ സൗത്തിനും' (Global South) ഏറെ പ്രാധാന്യമുള്ളതാണ്.

ബ്രസീലിൽ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനായി (Digital Public Infrastructure) ഒരു മികവിന്റെ കേന്ദ്രം (Centre of Excellence) സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൂപ്പർ കമ്പ്യൂട്ടറുകൾ, സെമികണ്ടക്ടറുകൾ, ബ്ലോക്ക്‌ചെയിൻ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനും ഞങ്ങൾ മുൻഗണന നൽകുന്നു.

"സാങ്കേതികവിദ്യ എല്ലാവരെയും ഉൾക്കൊള്ളുന്നതാകണമെന്നും അത് പങ്കിട്ട പുരോഗതിയിലേക്കുള്ള ഒരു പാലമായി വർത്തിക്കണമെന്നും" നമ്മുടെ ഇരു രാജ്യങ്ങളും ഉറച്ചു വിശ്വസിക്കുന്നു.

ഊർജ്ജ മേഖലയിലെ സഹകരണം നമ്മുടെ പങ്കാളിത്തത്തിന്റെ ശക്തമായ ഒരു സ്തംഭമാണ് . ഹൈഡ്രോകാർബണുകൾക്കൊപ്പം പുനരുപയോഗ ഊർജ്ജം, എഥനോൾ മിശ്രിതം , സുസ്ഥിര ഏവിയേഷൻ ഇന്ധനം, കൂടാതെ മറ്റ് വളർന്നുവരുന്ന നിരവധി മേഖലകളിലും ഞങ്ങൾ സഹകരണം കൂടുതൽ വേഗത്തിലാക്കുകയാണ്. ഗ്ലോബൽ ബയോഫ്യുവൽസ് അലയൻസിലെ (Global Biofuels Alliance) ബ്രസീലിന്റെ സജീവ പങ്കാളിത്തം ഹരിതവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള നമ്മുടെ പങ്കിട്ട പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചറിനായുള്ള (Coalition for Disaster Resilient Infrastructure - CDRI) സഖ്യത്തിന്റെ കോ-ചെയർ പദവി ഏറ്റെടുക്കാൻ ബ്രസീൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് ലുലയുടെ ഈ നീക്കത്തെ ഞാൻ അഭിനന്ദിക്കുന്നു. ഈ മേഖലയിലെ ബ്രസീലിന്റെ വിപുലമായ അനുഭവം സി.ഡി.ആർ.ഐ-യെ (CDRI) കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വലിയ സംഭാവന നൽകും.

 

നിർണ്ണായക ധാതുക്കളേയും(Critical minerals) അപൂർവ്വ മൂലകങ്ങളെയും (Rare earths) സംബന്ധിച്ച് കൈക്കൊണ്ട തീരുമാനം, സുശക്തമായ വിതരണ ശൃംഖലകൾ  കെട്ടിപ്പടുക്കുന്നതിലേക്കുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ്.

പ്രതിരോധ മേഖലയിലെ നമ്മുടെ സഹകരണവും ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെയും തന്ത്രപരമായ യോജിപ്പിന്റെയും മികച്ച ഉദാഹരണമാണിത്. വരും വർഷങ്ങളിൽ ഈ പരസ്പര പ്രയോജനകരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നത് ഞങ്ങൾ തുടരും.

ഭാവിയിലെ ആവശ്യങ്ങൾക്കനുസൃതമായി കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളിൽ നമ്മുടെ പങ്കാളിത്തത്തിന് ഞങ്ങൾ പുതിയ മാനങ്ങൾ നൽകുകയാണ്. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള കൃഷി , പ്രിസിഷൻ ഫാമിംഗ് (Precision farming), ജൈവ വളങ്ങൾ എന്നീ മേഖലകളിലെ സഹകരണം ഇരു രാജ്യങ്ങളിലെയും ഭക്ഷ്യ സുരക്ഷയെ കൂടുതൽ ശക്തിപ്പെടുത്തും.

 

എണ്ണക്കുരുക്കൾ, പയർവർഗ്ഗങ്ങൾ, സംയോജിത കൃഷി എന്നിവയ്ക്കായി ബ്രസീലിൽ ഒരു മികവിന്റെ കേന്ദ്രം  സ്ഥാപിക്കുന്നത് ഈ ദിശയിലുള്ള സുപ്രധാനമായ ഒരു നീക്കമായിരിക്കും.

ആരോഗ്യ മേഖലയിലും ഔഷധ നിർമ്മാണ രംഗത്തും സഹകരണത്തിനുള്ള വലിയ സാധ്യതകളാണുള്ളത്. ഭാരതത്തിൽ നിന്നുള്ള ഗുണമേന്മയുള്ളതും മിതമായ നിരക്കിലുള്ളതുമായ മരുന്നുകൾ ബ്രസീലിലേക്ക് ലഭ്യമാക്കുന്നത് വർദ്ധിപ്പിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും. അതോടൊപ്പം തന്നെ, സമഗ്രമായ ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ടുകൊണ്ട് ആയുർവേദവും മറ്റ് പരമ്പരാഗത ചികിത്സാ രീതികളും ബ്രസീലിൽ കൂടുതൽ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തും.

സുഹൃത്തുക്കളെ,

ആഗോള തലത്തിൽ ഇന്ത്യയും ബ്രസീലും തമ്മിലുള്ള പങ്കാളിത്തം ശക്തവും സ്വാധീനമുള്ളതുമാണ്. ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, 'ഗ്ലോബൽ സൗത്തിന്റെ' മുൻഗണനകളും അഭിലാഷങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത് ഞങ്ങൾ തുടരും.

"ഇന്ത്യയും ബ്രസീലും ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ ഗ്ലോബൽ സൗത്തിന്റെ ശബ്ദം കൂടുതൽ ശക്തവും ആത്മവിശ്വാസമുള്ളതുമായി മാറുന്നു."

ഏതൊരു വെല്ലുവിളിയും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഭീകരവാദവും അതിനെ പിന്തുണയ്ക്കുന്നവരും മാനവികതയുടെ ശത്രുക്കളാണെന്ന കാര്യത്തിൽ ഇന്ത്യയും ബ്രസീലും യോജിച്ചു നിൽക്കുന്നു. നമ്മുടെ കാലഘട്ടത്തിലെ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് ആഗോള സ്ഥാപനങ്ങളുടെ പരിഷ്കരണം അനിവാര്യമാണെന്നും ഞങ്ങൾ സമ്മതിക്കുന്നു. ഈ ദിശയിൽ ഞങ്ങൾ തുടർന്നും ഒന്നിച്ച് പ്രവർത്തിക്കും.

ബഹുമാനപ്പെട്ട പ്രസിഡന്റ്,

താങ്കളുടെ ഈ സന്ദർശനം നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ആഴത്തിലാക്കുമെന്നും വരും വർഷങ്ങളിൽ സഹകരണത്തിന്റെ പുതിയ വഴികൾ തുറക്കുമെന്നും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.

ഒരിക്കൽ കൂടി, താങ്കളുടെ സന്ദർശനത്തിനും അചഞ്ചലമായ സൗഹൃദത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

വളരെയധികം നന്ദി.

"മുയ്തോ ഒബ്രിഗാദോ!" (Muito obrigado!)

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India clears a major nuclear milestone as Kalpakkam fast breeder reactor turns 'critical'

Media Coverage

India clears a major nuclear milestone as Kalpakkam fast breeder reactor turns 'critical'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 7
April 07, 2026

Aatmanirbhar Dreams Delivered: PM Modi’s Vision Turns Self-Reliance into Record Reality Across Defence, Energy & Nation-Building