അവസാനിപ്പിക്കാൻ ഇന്ത്യ ഇന്ന് ആഗ്രഹിക്കുന്നില്ല! ഞങ്ങൾ അവസാനിപ്പിക്കുകയോ വേഗത കുറയ്ക്കുകയോ ചെയ്യില്ല; 140 കോടി ഇന്ത്യക്കാർ കൂട്ടായി പൂർണ്ണ വേഗതയോടെ മുന്നോട്ട് പോകും: പ്രധാനമന്ത്രി
ഇന്ന്, ലോകം വിവിധ മാർഗ തടസ്സങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കുമ്പോൾ, തടഞ്ഞു നിർത്താനാകാത്ത ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നത് സ്വാഭാവികം മാത്രമാണ്: പ്രധാനമന്ത്രി
ദുർബലമായ അഞ്ച് രാജ്യങ്ങളിൽനിന്ന് ലോകത്തിലെ മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു: പ്രധാനമന്ത്രി
ഇന്ന്, ചിപ്പുകൾ മുതൽ കപ്പലുകൾ വരെ, ഇന്ത്യ സ്വയംപര്യാപ്തവും എല്ലാ മേഖലകളിലും ആത്മവിശ്വാസം നിറഞ്ഞതുമാണ്: പ്രധാനമന്ത്രി
ഇന്ന്, ഇന്ത്യയുടെ വളർച്ച ആഗോള അവസരങ്ങൾ രൂപപ്പെടുത്തുന്നു: പ്രധാനമന്ത്രി
ഇന്ന് ലോകം മുഴുവൻ ഇന്ത്യയെ വിശ്വസനീയവും ഉത്തരവാദിത്വമുള്ളതും അതിജീവനശേഷിയുള്ളതുമായ പങ്കാളിയായി കണക്കാക്കുന്നു: പ്രധാനമന്ത്രി
ലോകം, അറിയാൻ കഴിയാത്ത ഒന്നിനെ അനിശ്ചിതത്വമായി വിലയിരുത്തിയേക്കാം; എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് പുതിയ അവസരങ്ങളിലേക്കുള്ള കവാടമാണ്: പ്രധാനമന്ത്രി
എല്ലാ അപായസാധ്യതകളെയും പരിഷ്കാരമാക്കിയും, എല്ലാ പരിഷ്കാരങ്ങളെയും അതിജീവനശേഷിയാക്കിയും, അതിജീവനശേഷികളെ വിപ്ലവമാക്കിയും ഞങ്ങൾ മാറ്റി: പ്രധാനമന്ത്രി
കഴിഞ്ഞ 11 വർഷത്തിനിടയിൽ, നയവും പ്രക്രിയയും ജനാധിപത്യവൽക്കരിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിച്ചു: പ്രധാനമന്ത്രി
ഇന്ന്, സ്വന്തം തദ്ദേശീയ 4G സ്റ്റാക്കുള്ള ലോകത്തിലെ മികച്ച അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും: പ്രധാനമന്ത്രി
മാവോയിസ്റ്റ് ഭീകരത രാജ്യത്തിന്റെ യുവാക്കൾക്കെതിരായ വലിയ അനീതിയും ഗുരുതര പാപവുമാണ്; രാജ്യത്തെ യുവാക്കളെ ആ അവസ്ഥയിൽ ഉപേക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന എൻ‌ഡി‌ടി‌വി ലോക ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു. എല്ലാ പൗരന്മാർക്കും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം, എൻ‌ഡി‌ടി‌വി ലോക ഉച്ചകോടി ഉത്സവ അന്തരീക്ഷത്തിലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. "തടഞ്ഞുനിർത്താൻ ആകാത്ത ഇന്ത്യ" എന്ന സെഷന്റെ പ്രമേയത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ന് ഇന്ത്യ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ അത് തീർച്ചയായും ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ഇന്ത്യ അവസാനിപ്പിക്കുകയോ താൽക്കാലിക വിരാമമിടുകയോ ചെയ്യില്ല. 140 കോടി ഇന്ത്യക്കാർ ഒരുമിച്ച് അതിവേഗം മുന്നേറുകയാണ്"- പ്രധാനമന്ത്രി പറഞ്ഞു.

വൈവിധ്യമാർന്ന മാർഗതടസ്സങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കുന്ന ലോകത്ത്, "തടയാനാകാത്ത ഇന്ത്യ"യെക്കുറിച്ചുള്ള ചർച്ച സ്വാഭാവികവും സമയബന്ധിതവുമാണെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നതും വർത്തമാനകാലത്തെയും സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഈ വിഷയം അദ്ദേഹം ഉയർത്തിക്കാട്ടി. 2014ന് മുമ്പുള്ള കാലഘട്ടത്തെ ഓർമ്മിപ്പിച്ച്, അക്കാലത്ത് അത്തരം ഉച്ചകോടികളിൽ ആധിപത്യം പുലർത്തിയിരുന്ന ചർച്ചകളുടെ സ്വഭാവം ശ്രീ മോദി എടുത്തുകാട്ടി. ആഗോള പ്രതിസന്ധികളെ ഇന്ത്യ എങ്ങനെ നേരിടും, "ദുർബലമായ അഞ്ചിൽ ഒന്ന്" എന്ന വിഭാഗത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കും, നയപരമായ സ്തംഭനത്തിൽ രാജ്യം എത്ര കാലം കുടുങ്ങിക്കിടക്കും, വലിയ തോതിലുള്ള അഴിമതികളുടെ യുഗം എപ്പോൾ അവസാനിക്കും തുടങ്ങിയ ആശങ്കകൾ അന്ന് ഉണ്ടായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

 

സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ 2014 ന് മുമ്പ് വ്യാപകമായിരുന്നുവെന്നും, ഭീകരവാദ സ്ലീപ്പർ സെല്ലുകളുടെ ഗണ്യമായ വ്യാപനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ചർച്ചകളിൽ ആധിപത്യം പുലർത്തിയിരുന്നുവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. പണപ്പെരുപ്പത്തെക്കുറിച്ച് വിലപിക്കുന്ന "മെഹൻഗായ് ദയാൻ ഖയേ ജാത് ഹേ" പോലുള്ള ഗാനങ്ങൾ സാധാരണയായി കേട്ടിരുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. അക്കാലത്ത്, പ്രതിസന്ധികളിൽ കുടുങ്ങിയ ഇന്ത്യയ്ക്ക് ഉയർന്നുവരാൻ കഴിയില്ലെന്ന് പൗരന്മാരും ആഗോള സമൂഹവും കരുതി. കഴിഞ്ഞ പതിനൊന്ന് വർഷമായി ഇന്ത്യ എല്ലാ സംശയങ്ങളും ദൂരീകരിച്ചു, എല്ലാ വെല്ലുവിളികളെയും മറികടന്നുവെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ദുർബല സമ്പദ്‌വ്യസ്ഥയുടെ"ഫ്രജൈൽ ഫൈവ്" എന്നതിന്റെ ഭാഗമായിരുന്ന ഇന്ത്യ, ഇന്ന് അഞ്ച് മികച്ച ആഗോള സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പണപ്പെരുപ്പം ഇപ്പോൾ രണ്ട് ശതമാനത്തിൽ താഴെയാണ്, അതേസമയം വളർച്ചനിരക്ക് ഏഴ് ശതമാനത്തിൽ കൂടുതലാണ്. "ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ആത്മനിർഭർ ഭാരതിന്റെ ആത്മവിശ്വാസം എല്ലാ മേഖലകളിലും പ്രകടമാണ്". സമീപകാലത്തെ ഭീകരാക്രമണങ്ങൾക്ക് പിന്നാലെ ഇന്ത്യ ഇനി നിശബ്ദത പാലിക്കില്ലെന്നും പകരം, സർജിക്കൽ സ്‌ട്രൈക്കുകൾ, വ്യോമാക്രമണങ്ങൾ, സിന്ദൂർ പോലുള്ള ദൗത്യങ്ങൾ എന്നിവയിലൂടെ നിർണ്ണായകമായി പ്രതികരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 ലോകം ജീവിതത്തിന്റെയും മരണത്തിന്റെയും നിഴലിൽ കഴിഞ്ഞിരുന്ന കോവിഡ്-19 കാലഘട്ടത്തെ ഓർമ്മിക്കാൻ ശ്രീ മോദി സദസ്സിനോട് ആവശ്യപ്പെട്ടു. ഇത്രയുമധികം ജനസംഖ്യയുള്ള ഒരു രാജ്യം ഇത്രയും വലിയ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കുമെന്നതിനെക്കുറിച്ചുള്ള ആഗോള ഊഹാപോഹങ്ങൾ വ്യാപകമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ഊഹാപോഹങ്ങളും തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ പ്രതിസന്ധിയെ സ്വയം നേരിട്ടു. സ്വന്തമായി വാക്സിനുകൾ വേഗത്തിൽ വികസിപ്പിച്ചെടുത്തു. റെക്കോർഡ് സമയത്തിനുള്ളിൽ അവ വിതരണം ചെയ്തു. പ്രതിസന്ധിയിൽ നിന്ന് ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവന്നു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

കോവിഡ്-19 ന്റെ ആഘാതം പൂർണ്ണമായും ശമിക്കുന്നതിനു മുമ്പുതന്നെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ ഉയർന്നുവരാൻ തുടങ്ങി. യുദ്ധവാർത്തകളാണ് തലക്കെട്ടുകളിൽ നിറഞ്ഞുനിന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വളർച്ചാസാധ്യതകളെക്കുറിച്ച് ആവർത്തിച്ചു ചോദ്യങ്ങൾ ഉയർന്നുവന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ വീണ്ടും എല്ലാ ഊഹാപോഹങ്ങളും തെറ്റാണെന്ന് തെളിയിച്ചുവെന്നും അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ശ്രീ മോദി സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയുടെ ശരാശരി വളർച്ചനിരക്ക് അഭൂതപൂർവവും അപ്രതീക്ഷിതവുമായ 7.8 ശതമാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം മുമ്പ് പുറത്തിറക്കിയ ചരക്ക് കയറ്റുമതി ഡാറ്റ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 7 ശതമാനം വർധന പ്രദർശിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം ഇന്ത്യ ഏകദേശം ₹4.5 ലക്ഷം കോടി രൂപയുടെ കാർഷിക കയറ്റുമതി നേടി. പല രാജ്യങ്ങളിലെയും അസ്ഥിരമായ റേറ്റിംഗുകൾക്കിടയിൽ, 17 വർഷത്തിനുശേഷം എസ് & പി ആഗോള റേറ്റിങ് ഇന്ത്യയുടെ ക്രെഡിറ്റ് നിരക്ക്  ഉയർത്തി. ഐഎംഎഫും ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഇന്ത്യയുടെ എ ഐ മേഖലയിൽ 15 ബില്യൺ ഡോളറിന്റെ പ്രധാന നിക്ഷേപം ഗൂഗിൾ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഹരിത ഊർജ്ജം, സെമികണ്ടക്ടർ മേഖലകളിലും ഗണ്യമായ നിക്ഷേപങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

 "ഇന്ത്യയുടെ ഇന്നത്തെ വളർച്ച ആഗോള അവസരങ്ങളെ രൂപപ്പെടുത്തുന്നു"- യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയിൽ 100 ​​ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുള്ള EFTA വ്യാപാര കരാറിനെ പ്രധാന ഉദാഹരണമായി ഉദ്ധരിച്ചു ശ്രീ മോദി പറഞ്ഞു. ഇത് വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിട്ടൺ  പ്രധാനമന്ത്രിയും അടുത്ത സുഹൃത്തുമായ കെയർ സ്റ്റാർമർ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ വ്യാവസായിക പ്രതിനിധിസംഘത്തോടൊപ്പം സമീപകാലത്ത് ഇന്ത്യയിൽ സന്ദർശനം നടത്തിയത് പരാമർശിച്ചുകൊണ്ട്, ലോകം ഇന്ത്യയിൽ കണ്ടെത്തുന്ന അവസരങ്ങളുടെ വിപുലതയെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ജി-7 രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരം അറുപത് ശതമാനത്തിലധികം വർദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. "ലോകം ഇപ്പോൾ ഇന്ത്യയെ വിശ്വസനീയവും ഉത്തരവാദിത്വമുള്ളതും സ്ഥിരതയുള്ളതുമായ പങ്കാളിയായി കാണുന്നു", ഇലക്ട്രോണിക്സ് മുതൽ ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ്, മൊബൈൽ നിർമ്മാണമേഖല എന്നിവ വരെ ഇന്ത്യയിലേക്ക് നിക്ഷേപ പ്രവാഹം ദൃശ്യമാണെന്ന് ശ്രീ മോദി സ്ഥിരീകരിച്ചു. ഈ നിക്ഷേപങ്ങൾ ഇന്ത്യയെ ആഗോള വിതരണ ശൃംഖലയുടെ നാഡീകേന്ദ്രമാക്കാൻ സഹായിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

"അജ്ഞാതമായതിന്റെ അഗ്രം" എന്ന ഉച്ചകോടിയിലെ ഒരു ചർച്ചാ വിഷയം ലോകം നേരിടുന്ന അനിശ്ചിതത്വത്തെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അവസരത്തിലേക്കുള്ള കവാടമാണെന്ന് ശ്രീ മോദി പറഞ്ഞു. നൂറ്റാണ്ടുകളായി ഇന്ത്യ അജ്ഞാതമായ പാതകളിലൂടെ സഞ്ചരിക്കാനുള്ള ധൈര്യം കാണിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. "ആദ്യപടി"എപ്പോഴും പരിവർത്തനത്തിന്റെ തുടക്കമാണെന്ന് വിശുദ്ധരും ശാസ്ത്രജ്ഞരും മാർഗദീപം കാട്ടുന്നവരും തെളിയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയിലായാലും, മഹാമാരിക്കാലത്ത് വാക്സിൻ വികസനത്തിലായാലും, വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയിലായാലും, ഫിൻടെക്, ഹരിത ഊർജ്ജ മേഖല എല്ലായിടത്തും ഇന്ത്യ എല്ലാ അപായസാധ്യതകളെയും അവസരമാക്കി. ഇന്ത്യ എല്ലാ പരിഷ്കാരങ്ങളെയും അതിജീവനശേഷിയാക്കിയും, എല്ലാ അതിജീവനശേഷിയെയും വിപ്ലവമാക്കിയും മാറ്റി. ഇന്ത്യയുടെ ധീരമായ പരിഷ്കാരങ്ങളെക്കുറിച്ച് ഐഎംഎഫ് മേധാവിയുടെ സമീപകാല പരാമർശങ്ങൾ പ്രധാനമന്ത്രി ഉദ്ധരിച്ചു. വൻതോതിൽ ഡിജിറ്റൽ ഐഡന്റിറ്റി നൽകുന്നതിന്റെ സാധ്യതയെ ആഗോള രാജ്യങ്ങൾ സംശയിച്ചെങ്കിലും, അത് തെറ്റാണെന്ന് ഇന്ത്യ തെളിയിച്ച ഒരു ഉദാഹരണം അദ്ദേഹം പങ്കുവെച്ചു. ഇന്ന്, ലോകത്തിലെ അമ്പത് ശതമാനം തത്സമയ ഡിജിറ്റൽ ഇടപാടുകളും ഇന്ത്യയിലാണ് നടക്കുന്നത്. ആഗോള ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളിൽ ഇന്ത്യയുടെ യുപിഐ ആധിപത്യം സ്ഥാപിക്കുന്നു. എല്ലാ പ്രവചനങ്ങളെയും വിലയിരുത്തലുകളെയും തിരുത്തി മറികടക്കുന്നത് ഇന്ത്യയുടെ സ്വഭാവമായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഇന്ത്യയെ തടയാൻ കഴിയാത്തതെന്ന് ശ്രീ മോദി അടിവരയിട്ടു.

"ഇന്ത്യയുടെ നേട്ടങ്ങൾക്ക് പിന്നിലെ യഥാർത്ഥ ശക്തി ജനങ്ങളാണ്". പ്രധാനമന്ത്രി പറഞ്ഞു. ഗവൺമെന്റ് പൗരന്മാരിൽ സമ്മർദ്ദം ചെലുത്തുകയോ അവരുടെ ജീവിതത്തിൽ ഇടപെടുകയോ ചെയ്യാത്തപ്പോൾ മാത്രമേ പൗരന്മാർക്ക് അവരുടെ കഴിവുകൾ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയൂ എന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഗവൺമെന്റിന്റെ അമിതമായ നിയന്ത്രണം ഒരു 'ബ്രേക്കാ'യി വർത്തിക്കുന്നു. അതേസമയം കൂടുതൽ ജനാധിപത്യവൽക്കരണം പുരോഗതിയെ ത്വരിതപ്പെടുത്തുന്നു. അറുപത് വർഷം ഭരിച്ച പ്രതിപക്ഷ പാർട്ടി നയങ്ങളുടെയും പ്രക്രിയകളുടെയും മേൽ ഉദ്യോഗസ്ഥവൽക്കരണത്തെ നിരന്തരം പ്രോത്സാഹിപ്പിച്ചതിനെ പ്രധാനമന്ത്രി വിമർശിച്ചു. ഇതിനു വിപരീതമായി, കഴിഞ്ഞ പതിനൊന്ന് വർഷമായി, തന്റെ ഗവണ്മെന്റ് നയങ്ങളുടെയും പ്രക്രിയകളുടെയും ജനാധിപത്യവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇത് ഇന്ത്യയുടെ സുഗമമായ, തടയാനാകാത്ത ഉയർച്ചയ്ക്ക് പിന്നിലെ ഒരു പ്രധാന ഘടകമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

 

ബാങ്കിംഗ് മേഖലയെ ഉദാഹരണമായി ഉദ്ധരിച്ചുകൊണ്ട്, 1960-കളിൽ, ദരിദ്രർക്കും, കർഷകർക്കും, തൊഴിലാളികൾക്കും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി ബാങ്കുകളുടെ ദേശസാൽക്കരണത്തെ ന്യായീകരിച്ചിരുന്നുവെന്ന് ശ്രീ മോദി അനുസ്മരിച്ചു. എന്നാൽ വാസ്തവത്തിൽ, അന്നത്തെ ഭരണകക്ഷി ബാങ്കുകളെ ജനങ്ങളിൽ നിന്ന് അകറ്റി. ബാങ്ക് വാതിൽപ്പടിയിൽ എത്താൻ പോലും ദരിദ്രർ ഭയപ്പെട്ടിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൽഫലമായി, 2014-ൽ ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയിലധികം പേർക്കും ബാങ്ക് അക്കൗണ്ട് ഇല്ലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് കേവലം ബാങ്ക് അക്കൗണ്ടുകളുടെ അഭാവത്തിൽ മാത്രമല്ല- ജനസംഖ്യയുടെ ഒരു വലിയ വിഭാഗത്തിനും ബാങ്കിംഗ് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും പലപ്പോഴും അവരുടെ വീടും ഭൂമിയും പണയം വച്ചുകൊണ്ട് വിപണിയിൽ നിന്ന് ഉയർന്ന പലിശ നിരക്കിൽ വായ്പയെടുക്കാൻ നിർബന്ധിതരാകുകയും ചെയ്തു - ശ്രീ മോദി വ്യക്തമാക്കി. 

അമിതമായ ഉദ്യോഗസ്ഥവൽക്കരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കേണ്ടത് അനിവാര്യമാണെന്നും, ഇപ്പോഴത്തെ ഗവൺമെന്റ് ഇത് വിജയകരമായി കൈവരിച്ചിട്ടുണ്ടെന്നും എടുത്തു പറഞ്ഞ അദ്ദേഹം, ദൗത്യമെന്ന നിലയിൽ 50 കോടിയിലധികം ജൻ ധൻ അക്കൗണ്ടുകൾ തുറന്നതുൾപ്പെടെ ബാങ്കിംഗ് മേഖലയുടെ ജനാധിപത്യവൽക്കരണവും പരിഷ്കരണവും എടുത്തുകാട്ടി. ഇന്ന്, ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും കുറഞ്ഞത് ഒരു ബാങ്കിംഗ് കേന്ദ്രമെങ്കിലും ഉണ്ട്. ഡിജിറ്റൽ ഇടപാടുകൾ ഇന്ത്യയെ ആഗോളതലത്തിൽ ഏറ്റവും സാമ്പത്തികമായി ഉൾക്കൊള്ളുന്ന രാജ്യങ്ങളിലൊന്നാക്കി മാറ്റിയിട്ടുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ബാങ്കുകളിൽ നിഷ്‌ക്രിയ ആസ്തികളുടെ ഒരുവലിയ ശേഖരം സൃഷ്ടിച്ചതിന് പ്രതിപക്ഷ നേതൃത്വത്തിലുണ്ടായ ദേശസാൽക്കരണത്തെ അദ്ദേഹം വിമർശിച്ചു. ജനാധിപത്യവൽക്കരണത്തിനുള്ള തന്റെ ഗവൺമെന്റിന്റെ ശ്രമങ്ങൾ ബാങ്കുകളെ റെക്കോർഡ് ലാഭത്തിലേക്ക് കൊണ്ടുവന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ, വനിതാ സ്വയം സഹായ സംഘങ്ങൾ, ചെറുകിട കർഷകർ, കന്നുകാലി കർഷകർ, മത്സ്യത്തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, വിശ്വകർമജർ എന്നിവർക്ക് ബാങ്ക് ഗ്യാരണ്ടി ഇല്ലാതെ ലക്ഷക്കണക്കിന് കോടി രൂപയുടെ വായ്പകൾ നൽകിയിട്ടുണ്ട്.

പെട്രോളിയം, ഗ്യാസ് മേഖലയെ പരിവർത്തനത്തിന്റെ മറ്റൊരു ഉദാഹരണമായി പ്രധാനമന്ത്രി ഉദ്ധരിച്ചു. 2014 ന് മുമ്പ്, അന്ന് നിലവിലുള്ള ഉദ്യോഗസ്ഥവൽക്കരണത്തിന്റെ ചിന്തയിൽ, ഇന്ധന സബ്‌സിഡികൾ വർദ്ധിക്കുന്നത് ഒഴിവാക്കാൻ രാത്രി 8 മുതൽ രാവിലെ 8 വരെ പെട്രോൾ പമ്പുകൾ അടച്ചിടാൻ അന്നത്തെ ഗവണ്മെന്റ് തയ്യാറെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിനു വിപരീതമായി, നിയന്ത്രണങ്ങളില്ലാതെ പെട്രോൾ പമ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിലവിലെ സാഹചര്യം അദ്ദേഹം എടുത്തുകാട്ടി. ബദൽ ഇന്ധനങ്ങളിലും ഇലക്ട്രിക് വാഹന മേഖലയിലും ഇന്ത്യ ഇപ്പോൾ അഭൂതപൂർവമായ നിക്ഷേപങ്ങൾ നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

 

 പ്രതിപക്ഷ കാലഘട്ടത്തിൽ, ഗ്യാസ് കണക്ഷൻ ലഭിക്കുന്നതിന് പോലും പാർലമെന്റ് അംഗങ്ങളുടെ ശുപാർശ കത്തുകൾ ആവശ്യമായിരുന്നെന്ന് പറഞ്ഞ ശ്രീ മോദി, അന്നത്തെ സംവിധാനത്തിലെ ഉദ്യോഗസ്ഥവൽക്കരണത്തിന്റെ വ്യാപ്തിയെ പ്രതിഫലിപ്പിച്ചു. ഇതിനു വിപരീതമായി, തന്റെ ഗവൺമെന്റ് 10 കോടിയിലധികം ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകിയതായി അദ്ദേഹം പറഞ്ഞു - അവരിൽ പലരും അത്തരമൊരു സൗകര്യം ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല. ഭരണത്തിന്റെ യഥാർത്ഥ ജനാധിപത്യവൽക്കരണം ഇതാണെന്ന് അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥ ചിന്താഗതികൾ ആധിപത്യം പുലർത്തിയിരുന്ന കാലഘട്ടത്തിൽ, പ്രതിപക്ഷം പൊതുമേഖലാ സ്ഥാപനങ്ങളെ (പി‌എസ്‌യു) സ്തംഭിപ്പിക്കാനും അവയെ പ്രവർത്തനരഹിതമാക്കാനും പൂട്ടാനും അനുവദിച്ചുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വ്യക്തിപരമായ നേട്ടമില്ലെന്ന്കരുതി, പരിശ്രമം നടത്തേണ്ടതിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുന്ന മാനസികാവസ്ഥയെ അദ്ദേഹം വിമർശിച്ചു. തന്റെ ഗവണ്മെന്റ് ഈ സമീപനം മാറ്റിയെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഇന്ന്, എൽ‌ഐ‌സി, എസ്‌ബി‌ഐ പോലുള്ള പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭക്ഷമതയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു.

 ഗവൺമെന്റിന്റെ നയങ്ങൾ ഉദ്യോഗസ്ഥവൽക്കരണത്തേക്കാൾ ജനാധിപത്യവൽക്കരണത്തിൽ വേരൂന്നിയപ്പോൾ, പൗരന്മാരുടെ മനോവീര്യം ഉയർന്നതായി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രവർത്തനങ്ങൾ നടത്താതെ പ്രതിപക്ഷ പാർട്ടി "ഗരീബി ഹഠാവോ" എന്ന് ആവർത്തിച്ച് മന്ത്രിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. അവരുടെ ഭരണത്തിൻ കീഴിൽ ദാരിദ്ര്യം ഒരിക്കലും കുറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇതിനു വിപരീതമായി, കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ തന്റെ ഗവൺമെന്റിന്റെ ജനാധിപത്യവൽക്കരണ സമീപനം 25 കോടി പൗരന്മാരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അതുകൊണ്ടാണ് രാജ്യം നിലവിലെ ഗവൺമെന്റിൽ വിശ്വാസം അർപ്പിക്കുന്നതെന്നും ഇന്ന് ഇന്ത്യയെ തടയാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.

ദരിദ്രരെയും പിന്നാക്കം നിൽക്കുന്നവരെയും സേവിക്കുന്നതിനും, പിന്നാക്ക സമുദായങ്ങൾക്ക് മുൻഗണന നൽകുന്നതിനും, അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് പൂർണ്ണ സംവേദനക്ഷമതയോടെ പ്രവർത്തിക്കുന്നതിനും സമർപ്പിതമായ ഒരു ഗവണ്മെന്റ് ഇന്ത്യയിലുണ്ടെന്ന് ശ്രീ മോദി പരാമർശിച്ചു. പ്രധാന ചർച്ചകളിൽ അത്തരം ശ്രമങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന്, സമീപകാലത്ത് നിലവിൽ വന്ന ബി‌എസ്‌എൻ‌എല്ലിന്റെ മെയ്ഡ്-ഇൻ-ഇന്ത്യ 4G സ്റ്റാക്കിനെ അദ്ദേഹം ഉദ്ധരിച്ചു. ഇത് ഒരു പ്രധാന ദേശീയ നേട്ടമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4G സ്റ്റാക്കുള്ള ആഗോളതലത്തിലെ മികച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് അദ്ദേഹം അഭിമാനത്തോടെ പ്രസ്താവിച്ചു. ഒരുകാലത്ത് പ്രതിപക്ഷം അവഗണിച്ച പൊതുമേഖലാ കമ്പനിയായ ബി‌എസ്‌എൻ‌എൽ ഇപ്പോൾ പുതിയ നാഴികക്കല്ലുകൾ കൈവരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 4G സ്റ്റാക്കിന്റെ സമാരംഭത്തോടൊപ്പം ഒരേ ദിവസം തന്നെ ഒരു ലക്ഷത്തോളം 4G മൊബൈൽ ടവറുകൾ ബി‌എസ്‌എൻ‌എൽ സജീവമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. തൽഫലമായി, മുമ്പ് അതിവേഗ ഇന്റർനെറ്റ് ലഭ്യമല്ലാത്ത വിദൂര വനങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും താമസിക്കുന്ന ദശലക്ഷക്കണക്കിന് പേർക്ക് ഇപ്പോൾ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്നു.

ഇന്ത്യയുടെ വിജയത്തിന്റെ ശ്രദ്ധേയമായ ഒരു മൂന്നാം മാനത്തിന് അദ്ദേഹം ഊന്നൽ നൽകി. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കാര്യം ഊന്നിപ്പറഞ്ഞുകൊണ്ട്, വിപുലമായ സൗകര്യങ്ങൾ വിദൂര പ്രദേശങ്ങളിൽ എത്തുമ്പോൾ അവ ജീവിതങ്ങളെ പരിവർത്തനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. മോശം കാലാവസ്ഥ കാരണം രോഗിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകാൻ കഴിയാത്ത, വിദൂരപർവത പ്രദേശത്ത് താമസിക്കുന്ന ഒരു കുടുംബത്തിന് ഇപ്പോൾ അതിവേഗ കണക്റ്റിവിറ്റി അടിസ്ഥാനമാക്കിയുള്ള ഇ-സഞ്ജീവനി സേവനത്തിലൂടെ മെഡിക്കൽ കൺസൾട്ടേഷൻ നടത്താൻ ആകും എന്ന് ഇ-സഞ്ജീവനിയുടെ ഉദാഹരണം ഉദ്ധരിച്ചു പ്രധാനമന്ത്രി ചിത്രീകരിച്ചു. കൂടുതൽ വിശദീകരിച്ചുകൊണ്ട്, ഇ-സഞ്ജീവനി ആപ്പ് വഴി, വിദൂര പ്രദേശങ്ങളിലെ രോഗികൾക്ക് അവരുടെ ഫോണുകളിൽ നിന്ന് നേരിട്ട് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുമായി ബന്ധപ്പെടാൻ കഴിയുമെന്ന് ശ്രീ മോദി പറഞ്ഞു. ഇ-സഞ്ജീവനി വഴി 42 കോടിയിലധികം ഒപിഡി കൺസൾട്ടേഷനുകൾ ഇതിനകം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇന്ന് തന്നെ, രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തിലധികം ആളുകൾക്ക് ഈ പ്ലാറ്റ്‌ഫോം വഴി സഹായം ലഭിച്ചതായി ശ്രീ മോദി പറഞ്ഞു. ഇ-സഞ്ജീവനി കേവലമൊരു സേവനമല്ലെന്നും പ്രതിസന്ധിഘട്ടങ്ങളിൽ സഹായം ലഭ്യമാകുമെന്ന വിശ്വാസത്തിന്റെ പ്രതീകമാണിതെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു . പൊതു സംവിധാനങ്ങളെ ജനാധിപത്യവൽക്കരിക്കുന്നതിന്റെ പരിവർത്തനാത്മക സ്വാധീനത്തിന്റെ ശക്തമായ ഉദാഹരണമാണിതെന്ന് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു.

 

 ജനാധിപത്യത്തോടും ഭരണഘടനയോടും പ്രതിജ്ഞാബദ്ധമായ സംവേദനക്ഷമമായ ഗവൺമെന്റ്, പൗരന്മാരുടെ ജീവിത സൗകര്യത്തിനും സാമ്പത്തിക ലാഭത്തിനും മുൻഗണന നൽകുന്ന തീരുമാനങ്ങൾ എടുക്കുകയും നയങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു . 2014 ന് മുമ്പ് ഒരു ജിബി ഡാറ്റയ്ക്ക് ₹300 ചിലവാകുമായിരുന്നു, എന്നാൽ ഇപ്പോൾ അതിന് ₹10 മാത്രമേ ചെലവാകൂ. ഇത് ഓരോ ഇന്ത്യക്കാരനും ആയിരക്കണക്കിന് രൂപയുടെ വാർഷിക ലാഭം നൽകുന്നു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ, പാവപ്പെട്ട രോഗികൾ ₹1.25 ലക്ഷം കോടി ലാഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളിലെ മരുന്നുകൾ 80 ശതമാനം കിഴിവിൽ ലഭ്യമാണ്.ഇത് ഏകദേശം ₹40,000 കോടി ലാഭിക്കാൻ കാരണമാകുന്നു. കൂടാതെ, ഹൃദയത്തിൽ പിടിപ്പിക്കുന്ന സ്റ്റെന്റുകളുടെ വില കുറച്ചത് ദരിദ്രർക്കും ഇടത്തരക്കാർക്കും ലാഭിക്കാനാവുന്ന വാർഷിക തുക 12,000 കോടി രൂപയാക്കി.

സത്യസന്ധരായ നികുതിദായകർക്ക് തന്റെ ഗവൺമെന്റ് കൊണ്ടുവന്ന പരിഷ്കാരങ്ങളിൽ നിന്ന് നേരിട്ട് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ആദായനികുതിയിലും ജിഎസ്ടിയിലുമുണ്ടായ ഗണ്യമായ കുറവുകൾ എടുത്തുകാണിച്ചു.ഈ വർഷം ₹12 ലക്ഷം വരെയുള്ള വരുമാനം നികുതി രഹിതമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്ടി ബചത് ഉത്സവ് നിലവിൽ സജീവമാണെന്നും സമീപകാല വിൽപ്പന മുൻകാല റെക്കോർഡുകളെല്ലാം പിന്നിട്ടെന്നും അദ്ദേഹം പരാമർശിച്ചു. ആദായനികുതി, ജിഎസ്ടി എന്നിവയിലെ ഈ നടപടികൾ ഇന്ത്യൻ പൗരന്മാർക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ വാർഷിക ലാഭം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു

ഓപ്പറേഷൻ സിന്ദൂറിന് ലഭിച്ച വ്യാപകമായ ദേശീയ, അന്തർദേശീയ അംഗീകാരത്തെ ശ്രീ മോദി പരാമർശിച്ചു. തുടർന്ന് അദ്ദേഹം മറ്റൊരു നിർണായക വിഷയത്തിലേക്ക് ശ്രദ്ധ തിരിച്ചു - നക്സലിസവും മാവോയിസ്റ്റ് ഭീകരതയും - ഇത് ഒരു പ്രധാന സുരക്ഷാ ആശങ്ക മാത്രമല്ല, ഇന്ത്യയിലെ യുവാക്കളുടെ ഭാവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പ്രതിപക്ഷ ഭരണകാലത്ത്, നഗര നക്സലുകളുടെ ഇടപെടൽ വളരെ പ്രബലമായിത്തീർന്നതിനാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ മാവോയിസ്റ്റ് ഭീകരതയുടെ വ്യാപ്തിയെക്കുറിച്ച് അജ്ഞരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതയും അനുഛേദം 370 ഉം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ, നഗര നക്സലുകൾ പ്രധാന സ്ഥാപനങ്ങളെ കൈവശപ്പെടുത്തി, മാവോയിസ്റ്റ് അക്രമത്തെക്കുറിച്ചുള്ള ചർച്ചകളെ അടിച്ചമർത്താൻ സജീവമായി പ്രവർത്തിച്ചുവെന്നും ശ്രീ മോദി പറഞ്ഞു. അടുത്തിടെ പോലും മാവോയിസ്റ്റ് ഭീകരതയുടെ നിരവധി ഇരകൾ ഡൽഹിയിൽ എത്തിയെങ്കിലും, പ്രതിപക്ഷ സംവിധാനത്തിന്റെ ഇടപെടൽ അവരുടെ ദുരവസ്ഥയ്ക്ക് കാര്യമായ ശ്രദ്ധ ലഭിക്കാതെ പോകാൻ കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

നക്സലൈറ്റ്, മാവോയിസ്റ്റ് അക്രമങ്ങൾ ആഴത്തിൽ വേരൂന്നിയ ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന സംസ്ഥാനങ്ങളിലും ഒരുകാലത്ത് നിലനിന്നിരുന്ന ഗുരുതരമായ സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി വിവരിച്ചു. രാജ്യമെമ്പാടും ഭരണഘടന പ്രാബല്യത്തിൽ ഉണ്ടായിരുന്നപ്പോൾ, ഇത്തരം ചുവന്ന ഇടനാഴികളിൽ അതിന്റെ പേര് പറയാൻ പോലും ആരും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകൾ ഉണ്ടായിരുന്നു. എന്നാൽ ആ പ്രദേശങ്ങളിൽ അവർക്ക് യഥാർത്ഥ അധികാരമില്ലായിരുന്നു. സന്ധ്യയ്ക്കു ശേഷം പുറത്തിറങ്ങുന്നത് എത്രത്തോളം അപകടകരമായിരുന്നുവെന്ന് പ്രധാനമന്ത്രി വിവരിച്ചു. പൊതുജനങ്ങൾക്ക് സുരക്ഷ ഒരുക്കാൻ ഉത്തരവാദികളായവർ പോലും സംരക്ഷണത്തിന്റെ അകമ്പടിയോടെ സഞ്ചരിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ 50-55 വര്‍ഷക്കാലമായി മാവോയിസ്റ്റ് ഭീകരതയുടെ വിനാശകരമായ ആഘാതം ചൂണ്ടിക്കാട്ടി, നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും യുവ പൗരന്മാരും ഉള്‍പ്പെടെ ആയിരക്കണക്കിന് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് ശ്രീ മോദി പറഞ്ഞു. നക്‌സലൈറ്റുകള്‍ സ്‌കൂളുകളുടെയും ആശുപത്രികളുടെയും നിര്‍മ്മാണം തടസ്സപ്പെടുത്തിയതായും നിലവിലുള്ള സൗകര്യങ്ങള്‍ ബോംബിട്ട് നശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. തല്‍ഫലമായി, രാജ്യത്തിന്റെ വിശാലമായ ഒരു പ്രദേശവും ജനസംഖ്യയുടെ വലിയൊരു വിഭാഗവും പതിറ്റാണ്ടുകളായി വികസനം നിഷേധിക്കപ്പെട്ട നിലയിലായി. ഈ സുദീര്‍ഘമായ അവഗണന, അക്രമത്തിന്റെയും വികസന പിന്നോക്കാവസ്ഥയുടെയും ആഘാതം അനുഭവിച്ച ഗോത്ര സമൂഹങ്ങളെയും ദലിത് സഹോദരീസഹോദരന്മാരെയും സാരമായി ബാധിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു.

'മാവോയിസ്റ്റ് ഭീകരത രാജ്യത്തിന്റെ യുവാക്കള്‍ക്കെതിരായ വലിയ അനീതിയും ഗുരുതരമായ പാപവുമാണ്', അത്തരം സാഹചര്യങ്ങളില്‍ യുവ പൗരന്മാര്‍ കുടുങ്ങിക്കിടക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍, 2014 മുതല്‍, വഴിതെറ്റിയ യുവാക്കളെ മുഖ്യധാരയിലേക്ക് പുനഃസംഘടിപ്പിക്കുന്നതിന് തന്റെ ഗവണ്‍മെന്റ് പൂര്‍ണ്ണ സംവേദനക്ഷമതയോടെ പ്രവര്‍ത്തിച്ചു. ഈ ശ്രമങ്ങളുടെ ഫലങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി: 11 വര്‍ഷം മുമ്പ് 125-ലധികം ജില്ലകള്‍ മാവോയിസ്റ്റ് അക്രമത്തിന്റെ പിടിയിലായിരുന്നുവെങ്കില്‍, ഇന്ന് ആ എണ്ണം വെറും 11 ജില്ലകളായി കുറഞ്ഞു. ഇതില്‍ മൂന്നെണ്ണം മാത്രമാണ് നക്‌സല്‍ ബാധിതമായി നിലനില്‍ക്കുന്നത്.

കഴിഞ്ഞ ദശകത്തില്‍ ആയിരക്കണക്കിന് നക്‌സലൈറ്റുകള്‍ കീഴടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മോദി കഴിഞ്ഞ 75 മണിക്കൂറിനുള്ളില്‍ 303 നക്‌സലൈറ്റുകള്‍ ആയുധം താഴെ വെച്ച് കീഴടങ്ങിയതായുള്ള തല്‍സമയ സ്ഥിതിവിവരക്കണക്കുകളും പങ്കുവെച്ചു. ഇവര്‍ സാധാരണ കലാപകാരികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു - ചിലര്‍ 1 കോടി, 15 ലക്ഷം, 5 ലക്ഷം എന്നിങ്ങനെ ഗവണ്മെന്റ് ഇനാം പ്രഖ്യാപിച്ചിരുന്നവരായിരുന്നു.
 അവരില്‍ നിന്ന് വലിയൊരു ആയുധശേഖരം കണ്ടെടുത്തു. ഈ വ്യക്തികള്‍ ഇപ്പോള്‍ വികസനത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരികയാണെന്നും അവര്‍ തെറ്റായ പാതയിലാണെന്ന് പരസ്യമായി സമ്മതിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ചാണ് അവര്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നക്‌സലിസത്തിന്റെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന ഛത്തീസ്ഗഢിലെ ബസ്തറില്‍ നിന്നുള്ള സംഭവങ്ങള്‍ ഒരുകാലത്ത് പതിവായി വാര്‍ത്താ തലക്കെട്ടുകളില്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞ മോദി, എന്നാല്‍ ഇന്ന് ബസ്തറിലെ ഗോത്ര യുവാക്കള്‍ സമാധാനത്തിന്റെയും പുരോഗതിയുടെയും പ്രതീകമായ ബസ്തര്‍ ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നുണ്ടെന്ന് അവരുടെ പരിവര്‍ത്തനത്തെപറ്റി ചൂണ്ടിക്കാട്ടി പറഞ്ഞു. ഈ ദീപാവലിയില്‍ മാവോയിസ്റ്റ് ഭീകരതയില്‍ നിന്ന് മോചിതരായ പ്രദേശങ്ങള്‍  സന്തോഷത്തിന്റെ വിളക്കുകള്‍ തെളിച്ച് ആഘോഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നക്‌സലിസത്തില്‍ നിന്നും മാവോയിസ്റ്റ് അക്രമത്തില്‍ നിന്നും ഇന്ത്യ പൂര്‍ണ്ണമായും മുക്തമാകുന്ന ദിവസം വിദൂരമല്ലെന്ന് ഇന്ത്യന്‍ ജനതയ്ക്ക് ഉറപ്പ് നല്‍കിയ മോദി, അത് ഗവണ്‍മെന്റിന്റെ ഉറപ്പാണെന്നും കൂട്ടിച്ചേര്‍ത്തു.

വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ യാത്ര വെറുമൊരു വളര്‍ച്ചയുടെ പിന്തുടരല്‍ മാത്രമല്ല; വികസനം അന്തസ്സുമായി കൈകോര്‍ത്ത് മുന്നേറണം. അവിടെ വേഗതയിലും പൗരന്മാരോടുള്ള ബഹുമാനവും തുല്യമാകണം, നൂതനാശയങ്ങള്‍ കാര്യക്ഷമത മാത്രമല്ല, സഹാനുഭൂതിയും അനുകമ്പയും കൂടി ലക്ഷ്യമാക്കണം.

ഈ മനോഭാവത്തോടെയാണ് ഇന്ത്യ പുരോഗമിക്കുന്നത്'-  പ്രധാനമന്ത്രി പറഞ്ഞു. ഈ ദര്‍ശനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ എന്‍ഡിടിവി ലോക ഉച്ചകോടി പോലുള്ള വേദികളുടെ സുപ്രധാന പങ്ക് അംഗീകരിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു. രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള അവസരത്തിന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. 

ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ, ഓസ്ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി  ടോണി ആബട്ട്, ബ്രിട്ടൺ മുന്‍ പ്രധാനമന്ത്രി  ഋഷി സുനക് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's electronics exports cross $47 billion in 2025 on iPhone push

Media Coverage

India's electronics exports cross $47 billion in 2025 on iPhone push
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM pays homage to Parbati Giri Ji on her birth centenary
January 19, 2026

Prime Minister Shri Narendra Modi paid homage to Parbati Giri Ji on her birth centenary today. Shri Modi commended her role in the movement to end colonial rule, her passion for community service and work in sectors like healthcare, women empowerment and culture.

In separate posts on X, the PM said:

“Paying homage to Parbati Giri Ji on her birth centenary. She played a commendable role in the movement to end colonial rule. Her passion for community service and work in sectors like healthcare, women empowerment and culture are noteworthy. Here is what I had said in last month’s #MannKiBaat.”

 Paying homage to Parbati Giri Ji on her birth centenary. She played a commendable role in the movement to end colonial rule. Her passion for community service and work in sectors like healthcare, women empowerment and culture is noteworthy. Here is what I had said in last month’s… https://t.co/KrFSFELNNA

“ପାର୍ବତୀ ଗିରି ଜୀଙ୍କୁ ତାଙ୍କର ଜନ୍ମ ଶତବାର୍ଷିକୀ ଅବସରରେ ଶ୍ରଦ୍ଧାଞ୍ଜଳି ଅର୍ପଣ କରୁଛି। ଔପନିବେଶିକ ଶାସନର ଅନ୍ତ ଘଟାଇବା ଲାଗି ଆନ୍ଦୋଳନରେ ସେ ପ୍ରଶଂସନୀୟ ଭୂମିକା ଗ୍ରହଣ କରିଥିଲେ । ଜନ ସେବା ପ୍ରତି ତାଙ୍କର ଆଗ୍ରହ ଏବଂ ସ୍ୱାସ୍ଥ୍ୟସେବା, ମହିଳା ସଶକ୍ତିକରଣ ଓ ସଂସ୍କୃତି କ୍ଷେତ୍ରରେ ତାଙ୍କର କାର୍ଯ୍ୟ ଉଲ୍ଲେଖନୀୟ ଥିଲା। ଗତ ମାସର #MannKiBaat କାର୍ଯ୍ୟକ୍ରମରେ ମଧ୍ୟ ମୁଁ ଏହା କହିଥିଲି ।”