പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ലോക നേതൃ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഈ സമ്മേളനത്തിന്റെ സമയം "വളരെ യുക്തിസഹമാണ്" എന്ന് പരാമർശിച്ച ശ്രീ മോദി, ഈ സമയോചിത സംരംഭത്തിന് സംഘാടകരെ അഭിനന്ദിച്ചു. കഴിഞ്ഞയാഴ്ച ചുവപ്പുകോട്ടയിൽ നിന്ന് അടുത്തതലമുറ പരിഷ്കാരങ്ങളെക്കുറിച്ച് താൻ സംസാരിച്ചതായും ഈ വേദി ഇപ്പോൾ ആ ചൈതന്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആഗോള സാഹചര്യങ്ങളെയും ഭൗമ-സാമ്പത്തിക ശാസ്ത്രത്തെയും കുറിച്ച് ഈ വേദിയിൽ വിപുലമായ ചർച്ചകൾ നടന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, ആഗോള സാഹചര്യത്തിൽ നോക്കുമ്പോൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ ശക്തി മനസ്സിലാക്കാൻ കഴിയുമെന്ന് വ്യക്തമാക്കി. ഇന്ത്യ നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്നും താമസിയാതെ, ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആഗോള വളർച്ചയിൽ ഇന്ത്യയുടെ സംഭാവന സമീപഭാവിയിൽ ഏകദേശം 20 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിദഗ്ദ്ധരുടെ വിലയിരുത്തലുകൾ ശ്രീ മോദി എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തിൽ നേടിയെടുത്ത സ്ഥൂല-സാമ്പത്തിക സ്ഥിരതയാണ് ഇന്ത്യയുടെ വളർച്ചയ്ക്കും സാമ്പത്തിക പ്രതിരോധശേഷിക്കും കാരണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ്-19 മഹാമാരി ഉയർത്തിയ കടുത്ത വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ ധനക്കമ്മി 4.4 ശതമാനമായി കുറയുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ കമ്പനികൾ മൂലധന വിപണികളിൽ നിന്ന് റെക്കോർഡ് ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്നും അതേസമയം ഇന്ത്യൻ ബാങ്കുകൾ മുമ്പെന്നത്തേക്കാളും ശക്തമാണെന്നും പണപ്പെരുപ്പം വളരെ കുറവാണെന്നും പലിശ നിരക്കുകൾ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണത്തിലാണെന്നും ഫോറെക്സ് കരുതൽ ശേഖരം ശക്തമാണെന്നും പറഞ്ഞ ശ്രീ മോദി, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്‌ഐപി) വഴി എല്ലാ മാസവും ലക്ഷക്കണക്കിന് ആഭ്യന്തര നിക്ഷേപകർ ആയിരക്കണക്കിന് കോടി രൂപ വിപണിയിൽ നിക്ഷേപിക്കുന്നുണ്ടെന്നും എടുത്തുപറഞ്ഞു.

സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനങ്ങൾ ശക്തമാകുമ്പോൾ, അതിന്റെ അടിത്തറ ശക്തമാകുമ്പോൾ, എല്ലാ മേഖലകളിലും അതിന്റെ സ്വാധീനം ദൃശ്യമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 15-ന് നടത്തിയ പ്രസംഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ആ കാര്യങ്ങൾ ആവർത്തിക്കുന്നില്ലെന്നും, സ്വാതന്ത്ര്യദിനത്തിനുശേഷമുള്ള സംഭവവികാസങ്ങൾ ഇന്ത്യയുടെ വളർച്ചാഗാഥയെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2025 ജൂൺ മാസത്തിൽ മാത്രം 22 ലക്ഷം ഔപചാരിക തൊഴിലുകൾ ഇപിഎഫ്ഒ ഡാറ്റാബേസിൽ ചേർത്തതായി ഏറ്റവും പുതിയ വിവരങ്ങൾ കാണിക്കുന്നതായും ശ്രീ മോദി എടുത്തുപറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഒരു മാസത്തിൽ ഇത്രയും വലിയ തൊഴിൽ വളർച്ച ഉണ്ടായതെന്നും അദ്ദേഹം എടുത്തുകാട്ടി.
2017ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യയുടെ ചില്ലറ വ്യാപാര പണപ്പെരുപ്പം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വിദേശ വിനിമയ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014 ൽ ഇന്ത്യയുടെ സൗരോർജ പിവി മൊഡ്യൂൾ ഉൽപ്പാദനശേഷി ഏകദേശം 2.5 ജിഗാവാട്ട് ആയിരുന്നു. ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് ഈ ശേഷി ഇപ്പോൾ 100 ജിഗാവാട്ട് എന്ന ചരിത്ര നാഴികക്കല്ലിലെത്തിയെന്നാണ് - പ്രധാനമന്ത്രി പറഞ്ഞു. വാർഷിക യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി ഇപ്പോൾ 100 ദശലക്ഷം കവിഞ്ഞതോടെ ഡൽഹി വിമാനത്താവളം ആഗോള വിമാനത്താവളങ്ങളുടെ എലൈറ്റ് ഹണ്ട്-മില്ല്യൺ-പ്ലസ് ക്ലബ്ബിൽ ചേർന്നുവെന്നും ഈ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുന്ന ലോകമെമ്പാടുമുള്ള ആറ് വിമാനത്താവളങ്ങളിൽ ഒന്നായി ഇതു മാറിയെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്തു ശ്രദ്ധ നേടിയ മറ്റൊരു സംഭവവും അദ്ദേഹം സൂചിപ്പിച്ചു. എസ് & പി ഗ്ലോബൽ റേറ്റിംഗുകൾ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി, ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇതു സംഭവിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഇന്ത്യ സ്വന്തം പ്രതിരോധശേഷിയാലും ശക്തിയാലും ആഗോള ആത്മവിശ്വാസത്തിന്റെ ഉറവിടമായി തുടരുന്നു" - ശ്രീ മോദി പറഞ്ഞു.

"അവസരം നഷ്ടപ്പെടുത്തുന്നു" എന്ന തരത്തിൽ പതിവായി പ്രയോഗിക്കുന്ന വാക്യം ഉദ്ധരിച്ച്, അവസരരങ്ങൾ പിടിച്ചെടുക്കാതിരുന്നാൽ അത് എങ്ങനെ നഷ്ടമാകുമെന്ന് വ്യക്തമാക്കാൻ, ഇന്ത്യയിലെ മുൻ ഗവണ്മെന്റുകൾ സാങ്കേതികവിദ്യ, വ്യവസായ മേഖല എന്നിവയിൽ നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആരെയും വിമർശിക്കാനല്ല താൻ എത്തിയതെന്നും, എന്നിരുന്നാലും, ജനാധിപത്യത്തിൽ, താരതമ്യ വിശകലനം പലപ്പോഴും സാഹചര്യം കൂടുതൽ ഫലപ്രദമായി വ്യക്തമാക്കാൻ സഹായിക്കുമെന്നും ശ്രീ മോദി പറഞ്ഞു.
മുൻ ഗവണ്മെന്റുകൾ രാജ്യത്തെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കുടുക്കിയിരുന്നെന്നും തെരഞ്ഞെടുപ്പിനപ്പുറം ചിന്തിക്കാനുള്ള കാഴ്ചപ്പാട് അവർക്കില്ലായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് വികസിത രാജ്യങ്ങളുടെ മേഖലയാണെന്ന് ആ ഗവണ്മെന്റുകൾ വിശ്വസിച്ചിരുന്നു. ആവശ്യമുള്ളപ്പോൾ ഇന്ത്യയിലേക്ക് അത് ഇറക്കുമതി ചെയ്താൽ മതിയെന്നും അവർ കരുതി. ഈ മനോഭാവം ഇന്ത്യയെ വർഷങ്ങളോളം പല രാജ്യങ്ങളുടെയും പിന്നിലാക്കി. ആവർത്തിച്ച് നിർണായക അവസരങ്ങൾ നഷ്ടപ്പെടുത്തി -ആശയവിനിമയ മേഖലയെ ഉദാഹരണമാക്കി ശ്രീ മോദി പറഞ്ഞു. ആഗോളതലത്തിൽ ഇന്റർനെറ്റ് യുഗം ആരംഭിച്ചപ്പോൾ, അക്കാലത്തെ ഗവണ്മെന്റ് അനിശ്ചിതത്വത്തിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2G യുഗത്തിൽ, നടന്ന സംഭവങ്ങൾ എല്ലാവർക്കും അറിയാമെന്നും, ഇന്ത്യയ്ക്ക് ആ അവസരം നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2G, 3G, 4G സാങ്കേതികവിദ്യകൾക്കായി ഇന്ത്യ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ സാഹചര്യം എത്രകാലം തുടരാനാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. 2014 ന് ശേഷം ഇന്ത്യ സമീപനം മാറ്റി. ഇനി ഒരവസരവും നഷ്ടപ്പെടുത്തരുതെന്നും പകരം മുന്നോട്ട് നയിക്കാൻ ഇന്ത്യ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുഴുവൻ 5G സ്റ്റാക്കും ആഭ്യന്തരമായി വികസിപ്പിച്ചെടുത്തതായി പ്രഖ്യാപിച്ച ശ്രീ മോദി, ഇന്ത്യ മേക്ക് ഇൻ ഇന്ത്യ 5G നിർമ്മിക്കുക മാത്രമല്ല, രാജ്യത്തുടനീളം ഏറ്റവും വേഗത്തിൽ അത് വിന്യസിക്കുകയും ചെയ്തുവെന്ന് സ്ഥിരീകരിച്ചു. "ഇന്ത്യയിൽ നിർമ്മിച്ച 6G സാങ്കേതികവിദ്യയിൽ ഇന്ത്യ ഇപ്പോൾ വേഗത്തിൽ പ്രവർത്തിക്കുന്നു" എന്ന് പ്രധാനമന്ത്രി പറഞ്ഞു.
50-60 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യക്കു സെമികണ്ടക്ടർ നിർമ്മാണം ആരംഭിക്കാമായിരുന്നുവെന്ന് പരാമർശിച്ച ശ്രീ മോദി, ഇന്ത്യയ്ക്ക് ആ അവസരവും നഷ്ടമായെന്നും വർഷങ്ങളോളം അത് തുടർന്നുവെന്നും അഭിപ്രായപ്പെട്ടു. ഈ സാഹചര്യം ഇപ്പോൾ മാറിയെന്നും സെമികണ്ടക്ടറുമായി ബന്ധപ്പെട്ട ഫാക്ടറികൾ ഇന്ത്യയിൽ വരാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഈ വർഷം അവസാനത്തോടെ, ആദ്യത്തെ മെയ്ഡ്-ഇൻ-ഇന്ത്യ ചിപ്പ് വിപണിയിൽ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ബഹിരാകാശ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന്, ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ വികസനങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം, 2014 ന് മുമ്പ് ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ എണ്ണത്തിലും വ്യാപ്തിയിലും പരിമിതമായിരുന്നുവെന്ന് പറഞ്ഞു. എല്ലാ പ്രധാന രാജ്യങ്ങളും ബഹിരാകാശ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്ന 21-ാം നൂറ്റാണ്ടിൽ, ഇന്ത്യയ്ക്ക് പിന്നോട്ട് പോകാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ മേഖലയിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നതായും അത് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിനായി തുറന്നിട്ടതായും ശ്രീ മോദി എടുത്തുപറഞ്ഞു. 1979 മുതൽ 2014 വരെയുള്ള മുപ്പത്തിയഞ്ച് വർഷത്തിനിടെ ഇന്ത്യ നാല്പത്തിരണ്ട് ബഹിരാകാശ ദൗത്യങ്ങൾ മാത്രമേ നടത്തിയിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ ഇന്ത്യ അറുപതിലധികം ദൗത്യങ്ങൾ പൂർത്തിയാക്കിയതായി അദ്ദേഹം അഭിമാനത്തോടെ അറിയിച്ചു. ഇനിയുള്ള കാലയളവിൽ നിരവധി ദൗത്യങ്ങൾ വരാനണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷം ഇന്ത്യ സ്പേസ് ഡോക്കിംഗ് ശേഷി നേടിയിട്ടുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭാവി ദൗത്യങ്ങൾക്കുള്ള പ്രധാന നാഴികക്കല്ലാണ് ഇത്. ഗഗൻയാൻ ദൗത്യത്തിന് കീഴിൽ ഇന്ത്യ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ തയ്യാറെടുക്കുകയാണെന്നും ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ അനുഭവം ഈ ശ്രമത്തിൽ വളരെയധികം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ബഹിരാകാശ മേഖലയിക്കു പുതിയ ഉണർവു പകരുന്നതിന്, എല്ലാ നിയന്ത്രണങ്ങളിൽ നിന്നും അതിനെ മോചിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു" - ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിനായി ഇതാദ്യമായി വ്യക്തമായ നിയമങ്ങൾ കൊണ്ടുവന്നതു ചൂണ്ടിക്കാട്ടി ശ്രീ മോദിപറഞ്ഞു. ബഹിരാകാശ മേഖലയിലെ വിദേശ നിക്ഷേപം ഇതാദ്യമായി ഉദാരവൽക്കരിക്കുകയും സ്പെക്ട്രം വിഹിതം ഇതാദ്യമായി സുതാര്യമാക്കുകയും ചെയ്തതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്കായി നീക്കിവച്ചിരിക്കുന്ന 1000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖല മുൻകാലങ്ങളിൽ ഏറ്റെടുത്ത പരിഷ്കാരങ്ങളുടെ വിജയത്തിന്റെ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ... 2014 ൽ ഇന്ത്യയ്ക്ക് ഒരു ബഹിരാകാശ സ്റ്റാർട്ടപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന്, മുന്നൂറിൽ അധികം എണ്ണം ഉണ്ട്. " ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭ്രമണപഥത്തിൽ എത്തുന്ന ദിവസം വിദൂരമല്ലെന്നും പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു..
ഇന്ത്യ ക്രമേണയുള്ള മാറ്റമല്ല ലക്ഷ്യമിടുന്നത്. മറിച്ച് 'ക്വാണ്ടം ജമ്പുകൾ' പോലെ അതിവേഗത്തിലുള്ള പരിവർത്തനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നത്", ഇന്ത്യയിലെ മാറ്റങ്ങൾ നിർബന്ധത്തിനു വഴങ്ങിയോ പ്രതിസന്ധിയുടെ മുകളിലോ അല്ല നടപ്പിലാകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇവിടുത്തെ പരിഷ്കാരങ്ങൾ നമ്മുടെ രാജ്യത്തിന്റെ പ്രതിബദ്ധതയുടെയും ഉത്തമ ബോധ്യത്തിന്റെയും പ്രതിഫലനമാണെന്ന് അദ്ദേഹം സൂചിപ്പിച്ച. ഓരോ മേഖലകളെക്കുറിച്ചും ആഴത്തിലുള്ള അവലോകനങ്ങൾ നടത്തി സർക്കാർ ഒരു സമഗ്ര സമീപനം സ്വീകരിക്കുന്നുവെന്ന് അടിവരയിട്ട് ശ്രീമോദി ആ മേഖലകളിൽ പരിഷ്കാരങ്ങൾ ഓരോന്നായി നടപ്പിലാക്കി വരുന്നതായും കൂട്ടിച്ചേർത്തു.
എൻഡിഎ ഗവൺമെന്റ് രണ്ടാം ഘട്ടത്തിൽ 300 ഇൽ അധികം ചെറിയ കുറ്റകൃത്യങ്ങൾ, കുറ്റകൃത്യങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 60 വർഷക്കാലമായി മാറ്റമില്ലാതെ തുടരുന്ന ആദായനികുതി നിയമവും ഈ സമ്മേളനത്തിൽ പരിഷ്കരിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. നിയമം ഇപ്പോൾ വളരെയധികം ലളിതമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് നിയമത്തിന്റെ വിവരണങ്ങൾ അഭിഭാഷകർക്കും ചാർട്ടേഡ് അക്കൗണ്ടന്റ് മാർക്കും മാത്രമേ ശരിയായി മനസ്സിലാക്കാൻ സാധിച്ചിരുന്നുള്ളൂ എന്നു സൂചിപ്പിച്ച ശ്രീ മോദി ഇപ്രകാരം പറഞ്ഞു, " ഇപ്പോൾ സാധാരണ നികുതി ദായകർക്ക് മനസ്സിലാകുന്ന ഭാഷയിലാണ് ആദായ നികുതി ബിൽ തയ്യാറാക്കിയിരിക്കുന്നത്. പൗരന്മാരുടെ താൽപര്യങ്ങളോടുള്ള സർക്കാരിന്റെ ആഴത്തിലുള്ള പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
കൊളോണിയൽ കാലഘട്ടം മുതലുള്ള ഷിപ്പിംഗ്, തുറമുഖ നിയമങ്ങളിലും, ഖനനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാര്യമായ ഭേദഗതികൾ കഴിഞ്ഞ മൺസൂൺ സമ്മേളനത്തിൽ കൊണ്ടുവന്നതായി ശ്രീ മോദി എടുത്തു പറഞ്ഞു. ഈ പരിഷ്കാരങ്ങൾ സമുദ്രവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും തുറമുഖ അധിഷ്ഠിത വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. കായിക മേഖലയിലും പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറെടുക്കുകയാണെന്നും, സമഗ്രമായ ഒരു കായിക സാമ്പത്തിക അവസവ്യവസ്ഥ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനായി സർക്കാർ ഒരു പുതിയ ദേശീയ കായിക നയം-ഖേലോ ഭാരത് നിതി- അവതരിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

"ഇതുവരെ നേടിയെടുത്ത ലക്ഷങ്ങളിൽ സംതൃപ്തനാകുക എന്നത് എന്റെ സ്വഭാവമല്ല. പരിഷ്കാരങ്ങൾക്കും ഇതേ സമീപനം ബാധകമാണ്, കൂടുതൽ മുന്നോട്ടു പോകാൻ സർക്കാർ ദൃഢ നിശ്ചയം ചെയ്തിരിക്കുന്നു", എന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിഷ്കാരങ്ങളുടെ സമഗ്രമായ ഒരു ശേഖരം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഈ ലക്ഷ്യപ്രാപ്തിയിലേക്ക് എത്തുന്നതിനായി ഒന്നിലധികം മേഖലകളിൽ സജീവമായ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് അദ്ദേഹം അറിയിച്ചു.. അനാവശ്യ നിയന്ത്രണങ്ങളും- നിയമങ്ങളും പിൻവലിക്കൽ, നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും ലഘൂകരണം തുടങ്ങിയ പ്രധാന നടപടികൾ സ്വീകരിച്ചു വരുന്നതായി പ്രധാനമന്ത്രി വിശദീകരിച്ചു. നടപടിക്രമങ്ങളും, ഉത്തരവുകളും ഡിജിറ്റൈസ് ചെയ്തുകൊണ്ടിരിക്കുകയാണ്. നിരവധി വ്യവസ്ഥകൾ ക്രിമിനൽ വൽക്കരിക്കപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ജി എസ് ടി ചട്ടക്കൂട്ടിൽ ഒരു പ്രധാന പരിഷ്കാരം നടപ്പിലാക്കി വരികയാണ്. ദീപാവലിയോട് ഈ പ്രക്രിയ പൂർത്തിയാകും". ജിഎസ്ടി സംവിധാനം ലളിതമാകും എന്നും വിലക്കയറ്റം കുറയുമെന്നും ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.
പുതുതലമുറ പരിഷ്കാരങ്ങൾ ഇന്ത്യയിൽ ഉടനീളം ഉത്പാദനത്തിൽ വലിയ വർദ്ധനവിന് കാരണമാകുമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. വിപണിയിലെ ആവശ്യകത ഉയരുമെന്നും, അതോടെ വ്യവസായങ്ങൾക്ക് പുതിയ ഊർജ്ജം കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ഈ പരിഷ്കാരങ്ങളുടെ ഫലമായി ജീവിതസൗകര്യവും ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പവും- സുതാര്യതയും മെച്ചപ്പെടുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
2047 ഓടെ വികസിത രാഷ്ട്രമായി മാറുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് ഗവൺമെന്റ് പരിപൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അടിവരയിട്ട് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഇന്ത്യയുടെ അടിത്തറ എന്നത് സ്വാശ്രയ ഇന്ത്യയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആത്മനിർഭർഭാരത് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങൾ, വേഗത- വലിപ്പം -സാധ്യത, എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിലയിരുത്തപ്പെടണമെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. മഹാമാരി കാലത്ത് ഇന്ത്യ ഈ മൂന്നു മാനദണ്ഡങ്ങളിലും മികവ് പ്രകടിപ്പിച്ചുവെന്ന് ശ്രീ മോദി അനുസ്മരിച്ചു. അവശ്യവസ്തുക്കളുടെ ആവശ്യകതയിൽ പെട്ടെന്ന് വർദ്ധനവ് ഉണ്ടായതായും, അതേസമയം ആഗോള വിതരണ ശ്രുംഖലകൾ സ്തംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ സാഹചര്യത്തിലാണ് അവശ്യവസ്തുക്കൾ ആഭ്യന്തരമായി തന്നെ നിർമ്മിക്കാൻ ഇന്ത്യ നിർണായകമായ നടപടികൾ സ്വീകരിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യം വലിയ അളവിൽ ടെസ്റ്റിംഗ് കിറ്റുകളും, വെന്റിലേറ്ററുകളും, വളരെ വേഗത്തിൽ ഉത്പാദിപ്പിക്കുകയും, രാജ്യത്തുടനീളം ഉള്ള ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്തതായി പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഇത് 'വേഗത' എന്ന മാനദണ്ഡത്തിലുള്ള ഇന്ത്യയുടെ അപ്രമാദിത്വം തെളിയിക്കുന്നു. രാജ്യത്തിന്റെ എല്ലാ കോണുകളിലും ഉള്ള പൗരന്മാർക്ക് ഇന്ത്യയിൽ തന്നെ നിർമ്മിച്ച, 220 കോടിയിലധികം വാക്സിനുകൾ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ടെന്നും, ഇത് ഇന്ത്യയുടെ 'വ്യാപ്തി' എന്ന മാനദണ്ഡത്തിലുള്ള പ്രകടനത്തെ വിലയിരുത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് വേഗത്തിൽ വാക്സിനേഷൻ നൽകുന്നതിനായി ഇന്ത്യ കോവിൻ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തു. ഇത് 'സാധ്യത' എന്ന മാനദണ്ഡത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു. റെക്കോർഡ് വേഗത്തിൽ വാക്സിനേഷൻ ഡ്രൈവ് പൂർത്തിയാക്കാൻ ഇന്ത്യയെ പ്രാപ്തമാക്കിയ, ആഗോളതലത്തിൽ തന്നെ സവിശേഷമായ, ഒരു സംവിധാനമാണ് കോവിൻ എന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ഊർജ്ജ മേഖലയിൽ ഇന്ത്യയുടെ വേഗത, വ്യാപ്തി, സാധ്യത എന്നിവ ലോകം മുഴുവനും കാണുന്നുണ്ടെന്ന് ശ്രീ മോദി ഊന്നി പറഞ്ഞു. 2030 ഓടെ ഇന്ത്യയുടെ മൊത്തം ഊർജ്ജശേഷിയുടെ 50% ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം നിശ്ചയിച്ചിരുന്നുവെന്നും, എന്നാൽ 2025 തന്നെ ഈ ലക്ഷ്യം കൈവരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മുൻകാലങ്ങളിൽ നിക്ഷിപ്ത സ്വാർത്ഥ താല്പര്യങ്ങളാൽ നയിക്കപ്പെട്ട ഇറക്കുമതി നയങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് എന്നും, ഇപ്പോൾ സ്വാശ്രയ ഇന്ത്യയിൽ കയറ്റുമതിയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം നമ്മുടെ രാജ്യം നാല് ലക്ഷം കോടി രൂപയുടെ കാർഷിക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടും കഴിഞ്ഞവർഷം ഉത്പാദിപ്പിച്ച 800 കോടി വാക്സിൻ ഡോസുകളിൽ 400 കോടിയും ഇന്ത്യയിൽ നിർമ്മിച്ചതാണെന്ന് ശ്രീമോദി പരാമർശിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ആറര പതിറ്റാണ്ട് ആയപ്പോഴേക്കും ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖലയിലെ കയറ്റുമതി ഏകദേശം 35,000 കോടി രൂപയിൽ എത്തിയിരുന്നു. എന്നാൽ ഇന്ന് ഈ കണക്ക് ഏകദേശം 3.25 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2014 വരെ ഇന്ത്യയുടെ വാഹന കയറ്റുമതി പ്രതിവർഷം ഏകദേശം 50,000 കോടി രൂപയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇന്ന് പ്രതിവർഷം 1.2 ലക്ഷം കോടി രൂപയുടെ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് എടുത്തു പറഞ്ഞു. മെട്രോ കോച്ചുകൾ, റെയിൽ കോച്ചുകൾ, എൻജിനുകൾ എന്നിവ കയറ്റുമതി ചെയ്യാൻ ഇന്ത്യ ഇപ്പോൾ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യ മറ്റൊരു നാഴികക്കല്ല് കൈവരിക്കാൻ ഒരുങ്ങുകയാണ്, പ്രധാനമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന പരിപാടി ഓഗസ്റ്റ് 26ന് നടക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഗവേഷണമാണ് രാജ്യ പുരോഗതിയുടെ ഒരു പ്രധാന സ്തംഭം എന്ന് അദ്ദേഹം അടിവരയിട്ടു. എന്നാൽ ഇറക്കുമതി ചെയ്യുന്ന ഗവേഷണങ്ങൾ അതിജീവനത്തിന് പര്യാപ്തമാണെങ്കിലും ഇന്ത്യയുടെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും നിറവേറ്റാൻ അതിന് കഴിയില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗവേഷണ മേഖലയിൽ വലിയ ഉത്തരവാദിത്വവും, പ്രതിബദ്ധതയും, കേന്ദ്രീകൃതമായ മനോഭാവവും ആവശ്യമാണെന്ന്, അദ്ദേഹം ഊന്നി പറഞ്ഞു. ഗവേഷണ മേഖലയുടെ വികസനത്തിനും പ്രോത്സാഹനത്തിനും ആയി സർക്കാർ വേഗത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും, അതിനാവശ്യമായ നയങ്ങളും സംവിധാനങ്ങളും തുടർച്ചയായി വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു. 2014 നെ അപേക്ഷിച്ചു ഗവേഷണ മേഖലക്ക് അനുവദിച്ച തുക ഇരട്ടിയിൽ അധികം ആയതായും, ഫയൽ ചെയ്ത പേറ്റന്റുകളുടെ എണ്ണം 17 മടങ്ങ് വർദ്ധിച്ചതായും ശ്രീ മോദി അറിയിച്ചു. ഏകദേശം 6000 ത്തോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗവേഷണ- വികസന സെല്ലുകൾ സ്ഥാപിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. "ഒരു രാഷ്ട്രം ഒരു സബ്സ്ക്രിപ്ഷൻ" സംരംഭം ആഗോള ഗവേഷണ ജേണലുകൾ വിദ്യാർത്ഥികൾക്ക് കൂടുതൽ എളുപ്പത്തിൽ പ്രാപ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 50,000 കോടി രൂപ ചിലവിൽ ഒരു ദേശീയ ഗവേഷണ ഫൗണ്ടേഷൻ രൂപീകരിച്ചിട്ടുണ്ടെന്നും, ഒരു ലക്ഷം കോടി രൂപയുടെ ഗവേഷണ- വികസന, നവീകരണ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുള്ളതായും ശ്രീ മോദി കൂട്ടിച്ചേർത്തു. സ്വകാര്യമേഖലയിൽ, പ്രത്യേകിച്ച് തന്ത്രപ്രധാന മേഖലകളിൽ പുതിയ ഗവേഷണങ്ങളെ പിന്തുണയ്ക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉച്ചകോടിയിലെ പ്രമുഖ വ്യവസായ സംരംഭകരുടെ സാന്നിധ്യത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട്, വ്യവസായത്തിന്റെയും സ്വകാര്യ മേഖലയുടെയും സജീവ പങ്കാളിത്തം നിലവിലെ കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ശുദ്ധ ഊർജ്ജം,ക്വാണ്ടം സാങ്കേതികവിദ്യ, ബാറ്ററി സ്റ്റോറേജ്, അഡ്വാൻസ് മെറ്റീരിയൽസ്, ജൈവ സാങ്കേതികവിദ്യ, തുടങ്ങിയ മേഖലകളിൽ വർദ്ധിച്ച ഗവേഷണത്തിന്റെയും നിക്ഷേപത്തിന്റെയും ആവശ്യകതയെപ്പറ്റി അദ്ദേഹം ഊന്നി പറഞ്ഞു. "ഇത്തരം ശ്രമങ്ങൾ വികസിത ഇന്ത്യ എന്ന ലക്ഷ്യം നേടുന്നത് ലേക്ക് പുതിയ ഊർജ്ജം നിറയ്ക്കും " പ്രധാനമന്ത്രി പറഞ്ഞു.
"പരിഷ്കരിക്കുക, പ്രകടിപ്പിക്കുക, പരിവർത്തനം ചെയ്യുക എന്നീ മന്ത്രത്താൽ, നയിക്കപ്പെടുന്ന ഇന്ത്യ, മന്ദഗതിയിലുള്ള വളർച്ചയുടെ പിടിയിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ഇപ്പോൾ സഹായിക്കുന്നു". പ്രധാനമന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന ജലത്തിലേക്ക് വെറുതെ കല്ലുകൾ എറിയുന്നത് ആസ്വദിക്കുന്ന ഒരു രാഷ്ട്രമല്ല ഇന്ത്യ, മറിച്ച് വേഗത്തിലൊഴുകുന്ന ജലപ്രവാഹങ്ങളെ വഴി തിരിച്ചുവിടാൻ ശക്തിയുള്ള രാജ്യമാണ് നമ്മുടേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചെങ്കോട്ടയിൽ നിന്നുള്ള തന്റെ പ്രസംഗത്തെ ഓർമിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഇപ്രകാരം ഉപസംഹരിച്ചു, ഇന്ത്യയ്ക്കിപ്പോൾ കാലത്തിന്റെ ഗതിയെ പോലും പുനർനിർമ്മിക്കാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു..
പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
India is the world's fastest-growing major economy and is soon set to become the third-largest globally. pic.twitter.com/vKcu48Xd1e
— PMO India (@PMOIndia) August 23, 2025
India, with its resilience and strength, stands as a beacon of hope for the world. pic.twitter.com/FOWLs7ODkk
— PMO India (@PMOIndia) August 23, 2025
Infusing new energy into India's space sector. pic.twitter.com/PgWNxbnoxi
— PMO India (@PMOIndia) August 23, 2025
We are moving ahead with the goal of a quantum jump, not just incremental change. pic.twitter.com/8qjKz5KKnD
— PMO India (@PMOIndia) August 23, 2025
For us, reforms are neither a compulsion nor crisis-driven, but a matter of commitment and conviction. pic.twitter.com/J7BOsB1UUs
— PMO India (@PMOIndia) August 23, 2025
It is not in my nature to be satisfied with what has already been achieved. The same approach guides our reforms: PM @narendramodi pic.twitter.com/ve26wDwXHr
— PMO India (@PMOIndia) August 23, 2025
A major reform is underway in GST, set to be completed by this Diwali, making GST simpler and bringing down prices. pic.twitter.com/kg1hEhtXyL
— PMO India (@PMOIndia) August 23, 2025
A Viksit Bharat rests on the foundation of an Aatmanirbhar Bharat. pic.twitter.com/nquCp1GU2U
— PMO India (@PMOIndia) August 23, 2025
'One Nation, One Subscription' has simplified access to world-class research journals for students. pic.twitter.com/wSCrguVhOI
— PMO India (@PMOIndia) August 23, 2025


